അഭയാര്‍ത്ഥിത്വവും പ്രവാസവും ലോകവ്യാപകമായ ഒരു പ്രതിഭാസമാണ്. മലയാളിയുടെ കുടിയേറ്റങ്ങള്‍ക്ക്, രാജ്യാന്തരമായ ചില സമാനതകളുണ്ടായിരിക്കെ തന്നെ സവിശേഷവും വ്യത്യസ്തവുമായ ചില കാരണങ്ങളും പശ്ചാത്തലങ്ങളുമുണ്ടെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അക്രമങ്ങളോ യുദ്ധങ്ങളോ വിഭജനങ്ങളോ നിര്‍ബന്ധിത നാടുകടത്തലുകളോ അല്ല പൊതുവെ മലയാളികളില്‍ വലിയൊരു വിഭാഗത്തെയും പ്രവാസികളാക്കി മാറ്റിയത്. നാട്ടിലെ തൊഴില്‍ ലഭ്യതാരാഹിത്യവും പുതിയ വിജ്ഞാനങ്ങള്‍ സ്വാംശീകരിച്ചെടുക്കുന്നതിലും അപരിചിതമായ പരിസരങ്ങളോട് പൊരുത്തപ്പെടുന്നതിലും മലയാളി കാണിക്കുന്ന അസാധാരണമായ മികവുമാണ് പലപ്പോഴും അവരുടെ ലോകവ്യാപനത്തിന്റെ ഗതിവേഗത്തെ ത്വരിതപ്പെടുത്തുന്നത്.
പല നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പ്രധാനമായും ജോലി ആവശ്യാര്‍ത്ഥം മലയാളികള്‍ കുടിയേറിപ്പാര്‍ത്തു പോരുന്നു. സ്വന്തം നാട്ടില്‍ പണി ചെയ്യാത്തവരെന്നും മിണ്ടിയാല്‍ കൊടി പിടിക്കുന്നവരെന്നും അധിക്ഷേപിക്കപ്പെടുന്ന മലയാളികള്‍ അന്യനാട്ടില്‍ ചെന്നാല്‍ എന്ത് അടിമപ്പണിയും പരാതി കൂടാതെ ചെയ്തുകൊള്ളുമെന്നാണ് പൊതു നിരീക്ഷണം. ഇത്തരത്തിലുള്ള സാമാന്യബോധത്തെ തന്നെയാണ് മലയാള സിനിമയും പിന്തുടരുന്നത്. ചില്ലറ അപവാദങ്ങളില്ലെന്നല്ല. എഴുപതുകളോടെ സജീവമായിത്തീര്‍ന്നതും പിന്നീട് കേരളത്തിലെ സാമ്പത്തിക-സാമൂഹ്യ-സാംസ്ക്കാരിക-കുടുംബ ജീവിതത്തെ കൂടിയ തോതില്‍ സ്വാധീനിക്കുകയും നിര്‍ണയിക്കുകയും ചെയ്തതുമായ ഗള്‍ഫ് കുടിയേറ്റത്തെയും മലയാള സിനിമ സമീപിച്ചത് ഇതേ അര്‍ദ്ധ കാപട്യബോധത്തോടെയാണ്.
ശ്രീനിവാസന് കഥയും തിരക്കഥയുമെഴുതി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പ്(1989), ഗള്‍ഫ് മലയാളി കേരളത്തിലനുഭവിക്കുന്ന ദുരിതങ്ങളെ യഥാതഥമെന്നോണം അവതരിപ്പിച്ച് വന്‍ വാണിജ്യവിജയവും ജനപ്രിയതയും കൈവരിച്ച ഒരു സിനിമയാണ്. ഏഴു വര്‍ഷക്കാലയളവില്‍ ഒരിക്കല്‍ പോലും ലീവില്‍ വരാതെ ചോര നീരാക്കി, അറബിയുടെ ആട്ടും തുപ്പും സഹിച്ച് ഗള്‍ഫില്‍ പണിയെടുത്ത് കുടുംബക്കാരെ കര കയറ്റിയതിനു ശേഷം നാട്ടില്‍ ചെറിയ ബിസിനസു ചെയ്ത് സ്ഥിരതാമസമാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുരളി(മോഹന്‍ലാല്‍) വള്ളുവനാടന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. കേരളീയരുടെ ഗള്‍ഫ് പ്രവാസം ആരംഭിച്ച് ഏതാണ്ട് രണ്ടു മൂന്നു പതിറ്റാണ്ട് കഴിഞ്ഞതിനു ശേഷമുണ്ടായ ഈ സിനിമയെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളിസമൂഹം എപ്രകാരമാണ് മലയാളി സമൂഹത്തെ തന്നെ വ്യാഖ്യാനിക്കുന്നത്, അവരെങ്ങിനെയാണ് മറുനാടന്‍ മലയാളിയെ(കളെ) പൊതുവെയും പ്രത്യേകിച്ച് ഗള്ഫുകാരെയും പരിഗണിക്കുന്നത്, പ്രവാസി മലയാളി കേരള സമൂഹത്തെ ഏതു വിധത്തിലാണ് സമീപിക്കുന്നത് എന്നീ നിര്‍ണായക നിലപാടുകളുടെ ജനപ്രിയബോധ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും.
കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളികള്‍ അധ്വാനിക്കാന്‍ വിമുഖരാണെന്നും തട്ടിപ്പുകാരാണെന്നുമാണ് മലയാളികളെന്നതുപോലെ ഗള്‍ഫുകാരനും വരവേല്പ്പിലൂടെ അനുഭവിച്ചറിയുന്നത്. എന്‍ ആര് ഇ അക്കൌണ്ടില്‍ നീക്കിയിരിപ്പുണ്ടായിരുന്ന തുകയെടുത്തു മുരളി വാങ്ങിയ റൂട്ടോടു കൂടിയ ബസ് സര്‍വീസില്‍ ജാമ്യത്തുക പോലും മേടിക്കാതെയാണ് ഡ്രൈവറെയും കണ്ടക്ടറെയും നിയമിക്കുന്നത്. റൂട്ടോടു കൂടിയ ബസായതുകൊണ്ട് മുമ്പ് ഈ ബസില്‍ ജോലി ചെയ്തിരുന്നവര്‍ എപ്രകാരം പിരിഞ്ഞുപോയി എന്നു വിശദീകരിക്കപ്പെടുകയോ ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഡ്രൈവറായി ചാത്തുട്ടി(ഇന്നസെന്റ്)യും കണ്ടക്ടറായി വല്‍സ(ജഗദീഷ്)നും നിയമിക്കപ്പെടുന്നത്, മുരളിയുടെ ജ്യേഷ്ഠനായ അബ്കാരി കുമാരന്റെ(ജനാര്ദനന്) ശുപാര്‍ശയെത്തുടര്‍ന്നാണ്. ക്ലീനറായി മുരളിയുടെ ആത്മസുഹൃത്ത് ഹംസ(മാമുക്കോയ)യും നിയമിതനാവുന്നു. അബ്കാരി ബിസിനസാണ് നല്ലതെന്ന കുമാരേട്ടന്റെയും ഹോട്ടലാണ് മെച്ചമെന്ന വല്ല്യേട്ടനായ നാരായണന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്)യും ഉപദേശങ്ങള്‍ തള്ളിക്കൊണ്ടാണ് മുരളി ബസ് വാങ്ങുന്നത്.
രണ്ട് ജ്യേഷ്ഠന്മാര്, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെല്ലാം ഒന്നിച്ചു തന്നെയാണ് താമസം. മുരളി തിരിച്ചുവരുന്ന ദിവസം അവനെ സല്ക്കരിക്കാന് അവര്‍ മത്സരിക്കുന്നതും അവന്റെ സമ്പാദ്യം തങ്ങള്‍ക്ക് ഗുണപരമായ തരത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതും വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കുടുംബം എന്നത് പ്രവാസിയുടെ ചോര ഊറ്റിയെടുക്കുന്ന ഒരു ഇത്തിക്കണ്ണിവ്യവസ്ഥയാണെന്ന് മലയാളിക്കും ഗള്‍ഫുകാരനും ഒരേ പോലെ ബോധ്യപ്പെടുന്ന തരത്തിലാണ് അവരെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ധിക്കാരിയായ ഡ്രൈവറും മോഷ്ടാവായ കണ്ടക്ടറും ചേര്‍ന്ന് മുരളി എന്ന 'മുതലാളി'യെ തകര്‍ക്കുന്നു. ബ്രേക്ക് ഇന്‍സ്പെക്ടറും(ശ്രീനിവാസന്) തൊഴിലാളി നേതാവായ പ്രഭാകരനും(മുരളി) യാത്രക്കാരിയായ രമ(രേവതി)യും എല്ലാം അവനെ ദ്രോഹിക്കുന്നതില്‍ പിന്നിലല്ല. കേരളം ജീവിത യോഗ്യമായ ഒരു സമൂഹമേ അല്ല എന്നാണ് സിനിമ എത്തിച്ചേരുന്ന നിഗമനം. ഗള്‍ഫുകാരാ മൂരാച്ചി, ഇത് കേരളമാണേ സൂക്ഷിച്ചോ എന്നാണ് തൊഴിലാളി സമരത്തിന്റെ ഭാഗമായി ബസ് വഴിയില്‍ തടഞ്ഞിടുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യമെങ്കില്‍, ഗള്‍ഫില്‍ പോയി നാലു കാശുണ്ടാക്കിപ്പോരും, അറിയാത്ത ബിസിനസില്‍ പോയി ചാടും എന്നാണ് പ്രശ്നപരിഹാര ചര്‍ച്ചക്കിടെ ബസ് മുതലാളിമാരുടെ സംഘടനാനേതാവ് നടത്തുന്ന പരിഹാസം. ഇതിനെതുടര്‍ന്ന് മലയാളികളെക്കുറിച്ചും ഗള്‍ഫുകാരോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും വേദനയോടെയും കോപത്തോടെയും നായകന് നടത്തുന്ന ആക്രോശങ്ങളാണ് പ്രേക്ഷകന് താദാത്മ്യപ്പെടാനായി അവശേഷിക്കുന്നത്.
സ്വന്തം നാട്ടില്‍ അധ്വാനിക്കാതിരിക്കുകയും വിശ്വസ്തത കാട്ടാതിരിക്കുകയും അനാവശ്യമായി സമരം ചെയ്യുകയും ചെയ്യുന്നവരാണ് മലയാളികള്‍ എന്ന വലതുപക്ഷ പ്രചാരണത്തെയാണ് മറ്റു നിരവധി സിനിമകളിലുമെന്നതുപോലെ വരവേല്‍പ്പും പിന്തുടരുന്നത്. ഈ സിനിമയുടെ അഭൂതപൂര്‍വമായ വിജയം ഈ ആശയത്തെ നല്ലൊരു പങ്ക് ജനങ്ങളും അംഗീകരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിട്ടുമെടുക്കാം. ഇതേ ആശയഗതി പിന്തുടരുന്ന നിരവധി സിനിമകള്‍ അതിനു മുമ്പും പിമ്പുമായി മലയാളത്തിലിറങ്ങുകയും വിജയം വരിക്കുകയും ചെയ്തിട്ടുമുണ്ട്. പില്ക്കാലത്ത്, കേരള സമൂഹത്തിന്റെ വികസനമുരടിപ്പിന്റെ കാരണം വരവേല്‍പ്പില്‍ ചിത്രീകരിച്ചതുപോലെ തന്നെയാണെന്ന് ചിത്രത്തിന്റെ പേരെടുത്തു പറഞ്ഞുകൊണ്ട് ഉന്നത ഭരണാധികാരികളടക്കമുള്ളവര്‍ പല തവണ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തിനു മേല്‍ പ്രതീതി യാഥാര്‍ത്ഥ്യം നേടുന്ന വിജയങ്ങള്‍ക്ക് മികച്ച ഉദാഹരണമായി വരവേല്‍പ്പും ചിത്രമിറങ്ങിയതിനു ശേഷമുള്ള ഇരുപതു വര്‍ഷത്തെ ചരിത്രവും പരിണമിച്ചിരിക്കുന്നു.
2007ലിറങ്ങിയ അറബിക്കഥ(ഡോ.ഇക്ബാല്‍ കുറ്റിപ്പുറം/ലാല്‍ജോസ്)യിലെ നായകനായ ക്യൂബ മുകുന്ദന്(ശ്രീനിവാസന്) ദുബായില്‍ വെച്ച് പരിചയപ്പെടുകയും പരിചയപ്പെട്ട ഉടനെ പ്രണയത്തിലാവുകയും ചെയ്ത ചൈനീസ് യുവതിയായ ഷുമിനോട് എന്തെങ്കിലും സംസാരിക്കാന്‍ അയാള്‍ക്കാവുന്നില്ല. കാരണം അയാള്‍ക്ക് മലയാളമല്ലാതെ ഒരു ഭാഷയും അറിയില്ല എന്നതു തന്നെ. സിദ്ധാര്‍ത്ഥനെ(ജയസൂര്യ) ദ്വിഭാഷിയായി വെച്ചുകൊണ്ടാണ് അയാള്‍ ഷുമിനോട് സംസാരിക്കുന്നത്. കേരളത്തിലെ പാര്‍ടി നേതാക്കളെക്കുറിച്ച് ഷുമിന്‍ കേട്ടിട്ടുണ്ടോ എന്ന് അവളോട് ചോദിക്കാന്‍ ക്യൂബ മുകുന്ദന് ആവശ്യപ്പെടുന്നു. നിങ്ങള്‍ ചൈനാക്കാര്‍ പുഴുക്കളെ തിന്നാറുണ്ടല്ലേ എന്നാണ് സിദ്ധാര്ത്ഥന് ചോദിക്കുന്നത്. അപ്പോള്‍ ചൈനാക്കാര്‍ തിന്നാറുള്ള വിവിധയിനം പുഴുക്കളുടെ പേരുകള്‍ അവള് സന്തോഷത്തോടെ വിവരിക്കുന്നു. ഉടനെ സിദ്ധാര്ത്ഥന് അതിനെ ക്യൂബ മുകുന്ദനു വേണ്ടി പരിഭാഷപ്പെടുത്തുന്നു. ഇ എം എസ്, എ കെ ജി, നായനാര്‍, കൃഷ്ണപ്പിള്ള എന്നിവരെയൊക്കെ അവിടെയെല്ലാവര്‍ക്കും പരിചയമാണെന്നാണ് ഷുമിന്‍ പറഞ്ഞത് എന്നാണ് സിദ്ധാര്ത്ഥന് ക്യൂബമുകുന്ദനെ വിശ്വസിപ്പിക്കുന്നത്. ചൈനീസ് ഭാഷയില്‍ മലയാളികളായ നേതാക്കളുടെ പേരുകള്‍ തനിക്ക് മനസ്സിലാകാത്ത വണ്ണമാണ് ഷുമിന്‍ ഉച്ചരിക്കുക എന്ന് വിശ്വസിക്കുന്ന മുകുന്ദന് എത്ര മാത്രം വിഡ്ഢിയും വിവരദോഷിയുമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.
ക്യൂബ മുകുന്ദന് അടക്കമുള്ള സാമാന്യ മലയാളികള്‍ മടിയരും വിവരദോഷികളും കാലാനുസൃതമായ യന്ത്രവല്‍ക്കരണത്തെ തുരങ്കം വെക്കുന്നവരുമാണ് എന്നാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മേലനങ്ങി ഒരു പണിയും എടുത്ത് ശീലമില്ലാതെ ഡയറി കക്ഷത്തില്‍ വെച്ച് രാവിലെ സമരത്തിനിറങ്ങുന്ന ഒരു ഇത്തിക്കണ്ണി രാഷ്ട്രീയക്കാരനായിട്ടു തന്നെയാണ് ക്യൂബ മുകുന്ദനെയും ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് നിവൃത്തിയില്ലാതെ ഗള്ഫിലെത്തിയപ്പോഴും ആദ്യഘട്ടത്തില്‍ ഭാരമുള്ള ജോലികളെടുക്കാന്‍ മടിയായതിനെ തുടര്‍ന്നയാള്‍ കഷ്ടപ്പെടുകയാണ്. നിരവധി കഷ്ടപ്പാടുകള്‍ക്കു ശേഷമാണ് കൂലി തരുന്ന മുതലാളിയുടെ സങ്കല്പമനുസരിച്ചുള്ള തൊഴിലാളിയായി അയാള്‍ പരിണമിക്കുന്നത്. ഗള്‍ഫില്‍ പോയതിനു ശേഷം അയാളനുഭവിക്കുന്ന കടുത്ത പീഡനങ്ങളോടാകട്ടെ ഫലപ്രദമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കക്കൂസില്‍ പോയി ആരും കാണാതെ മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് തൃപ്തിയടയുകയാണയാള്‍ ചെയ്യുന്നത്.
തൊഴിലാളി, തൊഴില്‍, അധ്വാനം, അവകാശം, കൂലി, തൊഴില്‍ സുരക്ഷിതത്വം, സംഘടന, സമരം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മലയാളികള്‍ കടന്നു പോന്ന ചരിത്ര കാലഘട്ടത്തിന്റെ പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് അവര്‍ നടത്തുന്ന പ്രതികരണങ്ങളെ ക്രൂരമായി പരിഹസിക്കുന്ന ആഖ്യാനമാണ് അറബിക്കഥയെ ഏതര്‍ത്ഥത്തിലും ഒരു വലതുപക്ഷ ആശയപ്രചാരണമാണെന്ന് സമര്‍ത്ഥിക്കാന്‍ നമ്മെ സഹായിക്കുന്നത്. ലോകത്തെ മറ്റ് രാജ്യങ്ങളില്‍ എന്തിന്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ വരെ ജനാധിപത്യവിരുദ്ധവും അനാരോഗ്യകരവുമായ തൊഴില്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതുകൊണ്ട് കേരളത്തിലെ തൊഴിലാളികളുടെ അവകാശബോധം അവസാനിപ്പിക്കണം എന്ന വലതുപക്ഷ ആഗ്രഹമാണ് ക്യൂബമുകുന്ദന് എന്ന അധ്വാനിക്കാന്‍ മടിയുള്ള മലയാളി കമ്യൂണിസ്റ്റുകാരന് ഗള്‍ഫിലെ കടുത്ത അടിമ സാഹചര്യത്തില്‍ കുടുങ്ങി പ്പോയതിനെ തുടര്‍ന്ന് മാറിത്തീര്‍ന്ന് കേരളത്തെ നന്നാക്കാനിറങ്ങുന്നതായ കഥാപരിണാമത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.
മുതലാളിത്തത്തിലേക്കുള്ള പരിണാമം മുഴുവനായി പൂര്‍ത്തീകരിക്കാത്തതുകൊണ്ട് ഇന്നും അര്‍ദ്ധ നാടുവാഴിത്ത/ജാതിമേധാവിത്വ സമൂഹമായി തുടരുന്ന കേരളീയ അവബോധത്തിന്റെ ലക്ഷണങ്ങള്‍ മറുനാടന്‍ മലയാളികളോടുള്ള സമീപനത്തില്‍ വ്യക്തമാണ്. 'അന്യന്റെ തിണ്ണ നിരങ്ങുന്നവന്‍' തുടങ്ങിയ നാടുവാഴിത്ത ആക്ഷേപ പദങ്ങള്‍ ഇന്നും നമ്മുടെ സാഹിത്യ സമീപനങ്ങളെയും പൊതുബോധത്തെയും നിയന്ത്രിക്കുന്നത് ഈ പഴഞ്ചന്‍ സമീപനത്തിന്റെ തുടര്‍ച്ചയാണ്. ഗള്‍ഫ് മലയാളി ഒരു പരിഹാസ്യ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന അനവധി സിനിമകള്‍ മലയാളത്തിലിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. മലയാളിയുടെ ലോകവ്യാപനത്തെ പ്രവര്‍ത്തനക്ഷമമായ ഒരു സാമ്പത്തിക ചംക്രമണ വ്യവസ്ഥയായി പ്രയോജനപ്പെടുത്താന്‍ മലയാള സിനിമാവ്യവസായത്തിന് സാധിക്കാത്തതും ഇതേ കാരണം കൊണ്ടു തന്നെ.
വേണ്ടത്ര ഉത്പാദനക്ഷമമായ വ്യവസായ-വാണിജ്യ വ്യവസ്ഥ വികസിച്ചുവരാതിരിക്കുകയും കാര്‍ഷിക മേഖല ഏതാണ്ട് മുഴുവനായി തകരുകയും ചെയ്തതിന്റെ ഫലമായി രൂക്ഷമായിത്തീര്‍ന്ന കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കുന്നതും കേരളീയ ജീവിതത്തെ അഗാധമായ പ്രതിസന്ധിയില്‍ കുടുങ്ങാതെ താങ്ങിനിര്‍ത്തുന്നതും ഗള്‍ഫ് മലയാളികളാണ്. നാടുവാഴിത്ത മനസ്ഥിതിയില്‍ നിന്ന് ഇനിയും പുറത്തുകടക്കാത്തതിനാല്‍ ആധുനികജീവിത രീതിയെ സംശയത്തോടെ സമീപിക്കുന്ന സാമാന്യ മലയാളിയുടെ വിഭ്രാന്തിയെ മറികടന്നു കൊണ്ട് കേരളീയ ജീവിതത്തെ നല്ലൊരളവോളം ആധുനികവത്ക്കരിച്ചതും ഗള്‍ഫുകാരാണ്. കോണ്‍ക്രീറ്റ് വീടുകള്‍, വാഹനങ്ങള്‍, ടെലിവിഷന്‍, വാഷിംഗ് മെഷീന്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വിദ്യുച്ഛക്തി, നൂതനമായ ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം വ്യാപകമായതില്‍ ഗള്‍ഫുമലയാളികള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.
ഇത്തരം ആധുനിക ജീവിത സൌകര്യങ്ങളെ ഉപയോഗിക്കുകയും എന്നാലതിന്റെ ചരിത്രപരമായ അനിവാര്യതയെ പരിഹസിക്കുകയും ചെയ്യുന്ന ഒരു ഇരട്ടത്താപ്പ് മലയാളി ഭാവുകത്വത്തില്‍ വളര്‍ച്ച പ്രാപിച്ചതായി കാണാം. അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമ മുതല്‍ ഈയടുത്ത് പടര്‍ന്നു പിടിച്ച കട്ടന്‍ചായ/പരിപ്പു വട വിവാദം വരെ ഈ വ്യാജ അവബോധത്തിന്റെ നിദര്‍ശനങ്ങളാണ്. വിദ്യുച്ഛക്തി എത്തിയാല്‍ ഗ്രാമം നശിക്കും എന്ന അസംബന്ധമാണ് കലാസൌന്ദര്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഒരിടത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടത്. പാടവരമ്പിലൂടെ ടേപ്പ് റിക്കാര്‍ഡര്‍ തൂക്കി നടക്കുന്ന ഗള്ഫുകാരന് മുതല്‍ പ്രതിശ്രുതവധുവിനോട് മൊബൈല്‍ ഫോണിന്റെ മാഹാത്മ്യത്തെക്കുറിച്ച് വാചാലനാവുന്ന വരന് വരെ നിരവധി സിനിമകളില്‍ ആധുനികതയുടെ ചാലകശക്തികളായ പ്രവാസി അപഹസിക്കപ്പെട്ടു.
ഭൂപരിഷ്ക്കരണത്തെത്തുടര്‍ന്നും കര്‍ഷക-തൊഴിലാളി മുന്നേറ്റത്തെത്തുടര്‍ന്നും ക്ഷയിച്ചുപോയ നാടുവാഴിത്തത്തിന്റെ തറവാട്ടകങ്ങള്‍ പുത്തന്‍ പണക്കാരനായ ഗള്ഫുകാരന് വാങ്ങുന്നതും വില ചോദിക്കുന്നതും വളരെയധികം മലയാള സിനിമകളില്‍ അപഹസിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വര്‍ഗ-വംശ-മത-ജാതി മേന്മാവാദങ്ങളും അധീശവ്യവസ്ഥയും മൂലം തരം താഴ്ത്തപ്പെട്ടവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സധൈര്യം കടന്നുവരുന്നതിനെ ഭീതിയോടെയും പകയോടെയും ചിത്രീകരിക്കുന്ന ഈ കഥാഗതികള്‍ സിനിമ പൊതുവെ പുലര്‍ത്തി വരുന്ന വരേണ്യപക്ഷപാതിത്വത്തെ വെളിപ്പെടുത്തുന്നു. അതോടൊപ്പം, 'അന്യനെ' ശത്രു പക്ഷത്തു നിര്‍ത്തി അന്തിമപരിഹാരത്തിനുള്ള കാഹളം മുഴക്കുന്ന വംശീയ-ദേശീയ ആധിപത്യവാശികളും ഇവിടെ പ്രകടമാണ്.
രണ്ട്
ഞാനുണ്ട് മഴ മരുഭൂമിയില്‍.ഇവിടെ ജലനാര്‍പ്പുകള്‍ ഭൂഗര്‍ഭത്തില്‍.ചെവിചേര്ത്തുവെച്ചാല് കേള്‍ക്കാമിളക്കം തരിവള കിലുക്കം.മഴ വീട്ടിലുറങ്ങും കാറ്റസ്തമിക്കുംഎവിടെയും ഉപ്പു മണക്കും.ഇരുകര തുളുമ്പി മണല്‍ക്കുന്നുകള്‍ നടക്കും.മഴയെന്നെ കണ്ട നാള് മറന്നിരിക്കും.കുട മാത്രമാണിന്ന് തോഴന്.
(വി മുസഫര്‍ അഹമ്മദിന്റെ തോഴന് എന്ന കവിതയില്‍ നിന്ന്)
പ്രവാസിയായ മലയാളിയുടെ നൈതികവും ധാര്‍മികവുമായ പ്രതിസന്ധി അപൂര്‍വമായെങ്കിലും മലയാള സിനിമയില്‍ ആവിഷ്ക്കരിക്കപ്പെട്ടപ്പോള്‍ നമ്മളതിനെ അവഗണിക്കുകയും ചെയ്തു. ആദര്‍ശങ്ങളെ മുഴുവനായി തീറെഴുതിക്കൊടുത്ത്, പണം എറിഞ്ഞ് പണം വാരുന്നവരുടെ പിണിയാളായിത്തീരുക എന്ന പുതിയ മനുഷ്യന്റെ പാത സ്വീകരിക്കാത്തതുകൊണ്ടാണ് നാസറുദ്ദീന്‍ (ഗര്‍ഷോം/1998/പി ടി കുഞ്ഞുമുഹമ്മദ്) നാട്ടിലായാലും ഗള്‍ഫിലായാലും പരാജയങ്ങള്‍ മാത്രം സംഭവിച്ചത്. രാജ്യം വെട്ടിമുറിച്ച് എളുപ്പത്തില്‍ പ്രശ്നപരിപാരം നടത്തിയ രാഷ്ട്രീയ കുറുക്കുവഴികള്‍ക്കിടയില്‍ താന്‍ പരാജയപ്പെട്ടുപോയതോര്‍മിച്ചുകൊണ്ട് മഹാത്മാഗാന്ധി നാസറുദ്ദീന്റെ(മുരളി) ധാരണയില്‍ അയാളോട് സമഭാവപ്പെടുന്നത് ഈ അര്‍ത്ഥത്തിലാണ് പ്രസക്തമായത്. സ്വന്തം മണ്ണില്‍ നടന്ന് കൊതി തീരാത്തവന് എന്ന നൈരാശ്യബോധമാണ് ഗള്‍ഫിലാവുമ്പോഴും പിന്നീട് നാട്ടിലെത്തി ഇവിടെയൊരു ജീവിതം കരുപ്പിടിപ്പിക്കാനാവുമോ എന്ന് പരിശ്രമിച്ച് പരാജയപ്പെടുമ്പോഴും നാസറുദ്ദീനെ അലട്ടുന്നത്. അയാളുടെ ധാരണകളിലെന്നോണം ഗള്‍ഫ് വെയിലിന്റെ തീക്ഷ്ണതകളാല്‍ നിറം മങ്ങിയും കേരളം പച്ചപ്പ്, മഴ, നനഞ്ഞ മണ്ണ് എന്നിങ്ങനെ ഹരിതാഭയോടെയും കുളിര്‍മയോടെയുമാണ് ഛായാഗ്രഹണത്തില്‍ വെളിവാകുന്നത്.
നാട്ടില്‍ ഉപജീവനത്തിന് ഒരു മാര്‍ഗവും കാണാതെ പന്ത്രണ്ടു വര്‍ഷം തകര ഷീറ്റടിച്ച ലേബര്‍ക്യാമ്പുകളില്‍ പാര്‍ത്ത്, കൊടും ചൂടില്‍ കൂലിപ്പണിയെടുത്തും പരിചയക്കാര്‍ക്കിടയില്‍ പോലും അപമാനിതനായും വേണ്ടത്ര പണമൊന്നും സമ്പാദിക്കാനാവാതെയും ആണ് അയാള്‍ തന്റെ സങ്കല്പങ്ങളിലെ കേരളത്തിലേക്ക് തിരിച്ചു വരുന്നത്. ഈ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഒരു പാട് മാറിപ്പോയ കേരളീയ ജീവിതത്തിന് അയാളെയോ അയാള്‍ക്ക് ഇവിടത്തെ ജീവിതത്തെയോ ഉള്‍ക്കൊള്ളാനാവുന്നില്ല. പരാജിതനും ഇവിടെ നില്‍ക്കക്കള്ളിയില്ലാതായവനുമായ അയാള്‍ തിരിച്ച് നാടുവിടുന്നതിന്റെ അനിവാര്യതയിലാണ് ഗര്‍ഷോം പൂര്‍ത്തിയാവുന്നത്. ഓര്‍മ്മകളുടെയും പ്രതീക്ഷകളുടെയും മധുരം വറ്റിയ നിറങ്ങള്‍ ഒലിച്ചുപോയ തെരഞ്ഞെടുപ്പുകളില്ലാത്ത ആ വഴിത്താരയില്‍ അയാള്‍ അലച്ചിലിന്റെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരുന്നു. ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും സ്നേഹങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട തെണ്ടിയായ സാധാരണ മനുഷ്യന് എന്ന സ്വത്വം മുഴുവനായി ആന്തരീകരിച്ചുകൊണ്ട്.
അറേബ്യയില്‍ നിലനില്‍ക്കുന്നതായി മലയാളിയുടെ സാമാന്യബോധം വിശ്വസിക്കുന്ന 'പ്രാകൃത'മായ നീതിന്യായ-നിര്‍വഹണ വ്യവസ്ഥയെക്കുറിച്ചുള്ള ഭീതി അരക്കിട്ടുറപ്പിക്കുന്നതാണ് പെരുമഴക്കാല(2004/ടി എ റസാക്ക്/കമല്‍)ത്തിന്റെ ഇതിവൃത്തം. പാലക്കാട്ടെ കല്‍പ്പാത്തി എന്ന 'വിശുദ്ധ ബ്രാഹ്മണ' ഗ്രാമത്തില്‍ താമസിക്കുന്ന ഗംഗ(കാവ്യ മാധവന്)യുടെ ഭര്‍ത്താവ് രഘുരാമ അയ്യര്‍ (വിനീത്) സൌദി അറേബ്യയിലെ ജോലി സ്ഥലത്തു വെച്ച് കൊല്ലപ്പെടുന്നു. സഹപ്രവര്‍ത്തകനായ അക്ബറാ(ദിലീപ്)ണ് കൊലക്ക് കാരണക്കാരന്‍ എന്ന് കണ്ടെത്തി അയാളെ തൂക്കിക്കൊല്ലാന്‍ സൌദി ശരീ അത്ത് കോടതി വിധിക്കുന്നു. അക്ബറിന്റെ നിരപരാധിയായ പത്നി റസിയ(മീരാ ജാസ്മിന്) ബേപ്പൂരിലെ വീട്ടില്‍ അനാഥത്വവും പേറി തീ തിന്നു കഴിയുന്നു. തന്റെ ഭര്‍ത്താവിനെ കൊന്നയാളോട് താന്‍ ക്ഷമിച്ചു എന്ന് ഗംഗ എഴുതിക്കൊടുത്താല്‍ അക്ബറിന് ശിക്ഷാവിമുക്തനാവാം എന്നറിഞ്ഞതിനെ തുടര്‍ന്ന് റസിയ അവളെ സമീപിക്കുകയും നിര്‍ബന്ധങ്ങള്‍ക്കും വിലക്കുകള്‍ക്കും ആലോചനകള്‍ക്കും യാചനകള്‍ക്കുമൊടുവില്‍ അവളപ്രകാരം ചെയ്യുകയും അക്ബര്‍ ജയില്‍ മോചിതനായി തിരിച്ചുവരികയുമാണ്.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍(1980/എം ടി വാസുദേവന്‍ നായര്‍, ആസാദ്) ഗള്‍ഫ് പ്രവാസത്തെക്കുറിച്ച് എല്ലായ്പോഴും കേരളത്തില്‍ നിലനിന്നു പോരുന്ന ആകര്‍ഷണത്തിന്റെയും പൊലിമയുടെയും മറുപുറം തുറന്നുകാട്ടുന്നതില്‍ വളരെ മുമ്പു തന്നെ വിജയം വരിച്ച സിനിമയാണ്. പാസ്പോര്‍ടും വിസയുമില്ലാതെ കള്ളലോഞ്ചിലാണ് രാജഗോപാല്‍(സുകുമാരന്‍) ദുബായിലെ ഫുജൈറ കടപ്പുറത്തെത്തുന്നത്. തീരത്തുനിന്നകലെ കടലിലേക്കെടുത്തു ചാടി നീന്തിയാണ് അയാള്‍ മറ്റു നിരവധി ഭാഗ്യാന്വേഷികളെപ്പോലെ കര പിടിക്കുന്നത്. സമ്പന്നവും മനോഹരവുമായ 'പേര്‍സ്യ' പ്രതീക്ഷിച്ചെത്തുന്ന അയാള്‍ അക്കാലത്തെ ദുബായ് പ്രദേശം കണ്ട് അന്തം വിടുന്നത് ഇപ്പോഴത്തെ അത്യന്താധുനിക ദുബായ് കണ്ടവര്‍ക്ക് കൌതുകവും അത്ഭുതവും മാത്രമല്ല, യാഥാര്‍ത്ഥ്യബോധവും പകര്‍ന്നു നല്‍കും.
സിലോണിലും മലയയിലും പിന്നീട് ഗള്‍ഫിലും അഭയം തേടിയ പതിനായിരക്കണക്കിന് മലയാളികളുടെ അത്യധ്വാനവും അനാഥത്വവുമാണ് കേരളത്തെ പ്രതിസന്ധികളില്‍ താഴ്ന്നുപോകാതെ സംരക്ഷിച്ചുനിര്‍ത്തിയതും നിര്‍ത്തുന്നതും എന്ന യാഥാര്‍ത്ഥ്യബോധം പ്രകടിപ്പിക്കാന്‍ വിസമ്മതിക്കുന്ന പൊതു മലയാളി സമൂഹത്തിന്റെ വഞ്ചനാപരവും തിരസ്കാരപൂര്‍ണവുമായ നിലപാടുകള്‍ തന്നെയാണ് മലയാള സിനിമയുടെയും മുഖമുദ്ര. രാഷ്ട്രീയമായി സത്യസന്ധമല്ലാത്ത മലയാള സിനിമയുടെ ഭാവുകത്വത്തെ നാട്ടിലും പുറത്തുമുള്ള മലയാളി ബഹിഷ്ക്കരിക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങളിലൊന്നും മറ്റൊന്നല്ല.
-ജി. പി. രാമചന്ദ്രന്
4 comments:
പല നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പ്രധാനമായും ജോലി ആവശ്യാര്‍ത്ഥം മലയാളികള്‍ കുടിയേറിപ്പാര്‍ത്തു പോരുന്നു. സ്വന്തം നാട്ടില്‍ പണി ചെയ്യാത്തവരെന്നും മിണ്ടിയാല്‍ കൊടി പിടിക്കുന്നവരെന്നും അധിക്ഷേപിക്കപ്പെടുന്ന മലയാളികള്‍ അന്യനാട്ടില്‍ ചെന്നാല്‍ എന്ത് അടിമപ്പണിയും പരാതി കൂടാതെ ചെയ്തുകൊള്ളുമെന്നാണ് പൊതു നിരീക്ഷണം. ഇത്തരത്തിലുള്ള സാമാന്യബോധത്തെ തന്നെയാണ് മലയാള സിനിമയും പിന്തുടരുന്നത്. ചില്ലറ അപവാദങ്ങളില്ലെന്നല്ല. എഴുപതുകളോടെ സജീവമായിത്തീര്‍ന്നതും പിന്നീട് കേരളത്തിലെ സാമ്പത്തിക-സാമൂഹ്യ-സാംസ്ക്കാരിക-കുടുംബ ജീവിതത്തെ കൂടിയ തോതില്‍ സ്വാധീനിക്കുകയും നിര്‍ണയിക്കുകയും ചെയ്തതുമായ ഗള്‍ഫ് കുടിയേറ്റത്തെയും മലയാള സിനിമ സമീപിച്ചത് ഇതേ അര്‍ദ്ധ കാപട്യബോധത്തോടെയാണ്.
ശ്രീ.ജി.പി.രാമചന്ദ്രന്റെ ലേഖനം.
നല്ലൊരു ലേഖനം. വസ്തുതകള്‍ ചോര്‍ന്നുപോകാതെ വിവരിച്ചിരിക്കുന്നു. അഭിനന്ദനങങള്‍.
മലയാളികള്‍ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും വിയര്ത്തുപണിയും
നല്ല കാശു കിട്ടുമെങ്കില്‍.
അത് മലയാളിയുടെ മാത്രം പ്രത്യേകതയൊന്നുമല്ല.
എല്ലാ നാട്ടുകാരും അങ്ങിനെ തന്നെ.
ഓരോ നാട്ടിലും നിലനില്‍ക്കാവുന്ന ഒരു ശമ്പള നിലവാരമുണ്ട്
അത് അവിടുത്തെ പ്രാദേശീക സമ്പദ്ഘടനയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിലെ തൊഴിലാളികള്‍ക്ക് തുച്ഛ്വരുമാനംകൊണ്ട്
ഈ സംസ്ഥാനത്ത് മുഴുവന്‍ സോഷ്യല്‍ കമ്മിറ്റ്മെന്റോടും കൂടെ ജീവിക്കാനാവില്ല.
അതുകൊണ്ടാന് അവന് നാടിവിടേണ്ടിവരുന്നത്.
ഇവിടെ കുടിയേറുന്ന അന്യനാട്ടുകാരന്
ഈ സോഷ്യല്‍ കമ്മിറ്റ്മെന്റിനുള്ള സാധ്യതയില്ലാത്തതിനാലാണ്
കേരളം ലാഭകരമാകുന്നത്.
അവന്റെ വരുമാനം അവന് അളക്കുന്നത്
അവന്റെ നാട്ടിലെ ജീവിതതോതിന്റെ അടിസ്ഥാനത്തിലാണ്.
മലയാളിയും അങ്ങിനെതന്നെയാണല്ലോ.
നമ്മുടെ ജനകീയാസൂത്രണത്തിന്റെ പഴയ നേതാവ് ഗുലാത്തി
( ജനകീയാസൂത്രണ പരിഷ്കാരങ്ങള്‍ക്ക് ഈ.എം.എസ് ക്ഷണിച്ചുകൊണ്ടുവന്ന മഹാന് ) കണ്ടുപിടിച്ചത് കൂലി കൂടുതലായതുകൊണ്ടാണ് കേരളത്തില്‍ കൃഷി വികസിക്കാത്തതെന്നാണ്.
ഒരു വലതുപക്ഷചിന്തകന്റെ യുക്തി.
വളരെ ഉള്‍കാഴ്ചകളും കനമുള്ള യാഥാര്‍ഥ്യങ്ങളും നല്കിയ പോസ്റ്റ്.
ബ്ലോഗുകളിലും ഗള്ഫുകാരന് ഉണ്ടാക്കുന്ന പ്രതീതികള്‍ വ്യത്യസ്തമല്ല. ബ്ലോഗുക്കള്ക്ക് എഡിറ്റര്‍ ഇല്ലാത്ത കാരണം പലപ്പോഴും ഹീനമായ മനസിലിരുപ്പുകള്‍ പുറത്തു വരും.
ഗള്‍ഫ്കാരുടെ അത്രതന്നെ യാതന അനുഭവിക്കുന്ന ഒരു വിഭാഗം, ഏതാണ്ട് ഗള്‍ഫ് മലയാളികളുടെ ജനസംഖ്യയുടെ മൂക്കാല്‍ ഭാഗത്തോളം വരുന്ന ഗള്ഫുകാര് നാട്ടില്‍ ഇട്ടേച്ചു പോകുന്ന അവരുടെ പത്നിമാരാണു. വിരഹവേദനയ്ക്കും മറ്റു മനക്ലേശങ്ങള്ക്കും പുറമെ അവരെ ബ്ലോഗുകളില്‍ അവതരിപ്പിക്കുന്നത് ഏറ്റവും മോശമായ രീതിയിലാണു. അതിനു ഒരു ഹീനമായ ഉദാഹരണം ഈ ബ്ലോഗില്‍(ലിസിമോളുടെ സ്വന്തം ജോജോ അച്ചായന്) കാണാം.
ഞങ്ങളുടെ പ്രതികരണം ഇവിടെയും.
Keep up the good work, folks!!
Post a Comment