Saturday, April 5, 2008

മതത്തിന്റെ സ്വഭാവപരിണാമം

പ്രശസ്ത ജര്‍മന്‍ പണ്ഡിതനായ മാക്സ് മുള്ളര്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള ഒട്ടേറെ ആധികാരിക ഗവേഷണപഠനങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുമതത്തിലെ ആരാധനാസമ്പ്രദായത്തെ പുരോഹിതര്‍ നിയന്ത്രിച്ചിരുന്ന രീതിയെ വിമര്‍ശനാത്മകമായി അദ്ദേഹം വിശകലനംചെയ്തിട്ടുണ്ട്. ഫ്യൂഡല്‍ സാമൂഹ്യബന്ധങ്ങള്‍ക്ക് താങ്ങായിനിന്ന മതാചാരങ്ങള്‍ക്ക് ആശയപരമായ ശക്തിപകര്‍ന്നുകൊടുത്തത് പുരോഹിതരായിരുന്നുവെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. നിലവിലുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശദീകരിക്കാനും പുതിയവയെ സൃഷ്ടിക്കാനുമുള്ള അധികാരം അവരുടെ കൈയിലായിരുന്നു. അതായത് മതവ്യവസ്ഥയെ സൃഷ്ടിച്ചതും നിയന്ത്രിച്ചതും അവരായിരുന്നുവെന്നര്‍ഥം. ഫ്യൂഡല്‍വര്‍ഗത്തിന്റെ അധികാരം നിലനിര്‍ത്താനും പുരോഹിതവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുമുള്ള ഉപകരണമായി അവര്‍ മതവ്യവസ്ഥയെ വാര്‍ത്തെടുത്തു. മതവിശ്വാസികള്‍ മതവ്യവസ്ഥയുടെ സംരക്ഷകരായ പുരോഹിതരുടെ ആജ്ഞാനുവര്‍ത്തികളായി മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. അങ്ങനെ നിലവില്‍വന്ന മതവ്യവസ്ഥ വിശ്വാസമായി, പ്രത്യയശാസ്ത്രമായി. മഠങ്ങളും സെമിനാരികളും മദ്രസകളുമൊക്കെ മതവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യയശാസ്ത്ര ഉല്‍പ്പാദനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്തു.

വിശ്വാസികളെ മതവ്യവസ്ഥയ്ക്കുള്ളില്‍ തളച്ചിട്ടത് ആരാധനാസമ്പ്രദായമാണ്. അതിലൂടെയാണ് പുരോഹിതരും മതാധ്യക്ഷന്മാരും അവരുടെ അധികാരം നിലനിര്‍ത്തി പോന്നത്. ആരാധനയ്ക്ക് ആവശ്യമായ അറിവും അവരില്‍ നിക്ഷിപ്തമായിരുന്നു. ഈ വ്യവസ്ഥയെ ചോദ്യംചെയ്യുകയും ഒരു ബദല്‍ ആരാധനാസമ്പ്രദായം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് മതപരിഷ്കാരത്തിന്റെ ഭാഗമായി നവോത്ഥാനംചെയ്യാന്‍ ശ്രമിച്ചത്. വിഗ്രഹാരാധനയെ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്ത റാംമോഹന്‍ റായ് എല്ലാ മതവ്യവസ്ഥയും കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി. കാപട്യമാകാന്‍ കാരണം മതവ്യവസ്ഥകള്‍ പുരോഹിതരുടെയും മതാധ്യക്ഷന്മാരുടെയും താല്‍പ്പര്യങ്ങളില്‍നിന്നാണ് ഉടലെടുത്തത് എന്നതാണ്. വ്യക്തിക്ക് നിരക്കാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രാവര്‍ത്തികമാക്കിയതും അവര്‍തന്നെ.
വിഗ്രഹാരാധനയിലും പൌരോഹിത്യത്തിലും അധിഷ്ഠിതമായ മതാചാരങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളാണ് നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തത്. ബംഗാളിലും പഞ്ചാബിലും മഹാരാഷ്ട്രയിലും കേരളത്തിലുമൊക്കെ അത് സംഭവിച്ചു. ഈ എല്ലാ പ്രദേശങ്ങളിലും നവോത്ഥാന മനുഷ്യര്‍ വിഗ്രഹാരാധനയെ തിരസ്കരിച്ചു. മലയാളത്തിലെ നവോത്ഥാന നോവലായ 'ഇന്ദുലേഖ'യിലെ നായകനായ മാധവന്‍ ദൈവാരാധനയ്ക്ക് അമ്പലത്തിന്റെ പ്രസക്തിയെന്താണെന്ന് ആരായുന്നതായി കാണാം. 'ഇനി അമ്പലങ്ങളെ ചുട്ടുകരിക്കാം' എന്ന് വി ടി ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ട്. നാരായണഗുരുസ്വാമികള്‍ വിഗ്രഹങ്ങളെ അമ്പലങ്ങളില്‍നിന്ന് പുറന്തള്ളുകയും ചെയ്തു. നവോത്ഥാനത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒരുപക്ഷേ എം ടി വാസുദേവന്‍നായരുടെ 'നിര്‍മാല്യ'ത്തിലെ അമ്പലവും വെളിച്ചപ്പാടും.

മതം വിശ്വാസമാണ്, പ്രത്യയശാസ്ത്രമാണ്. ദ്വിമുഖസാമൂഹ്യഭൂമികയുള്ള പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ അതിന്റെ സംഘടിതവും ജനകീയവുമായ സ്വാധീനത്തെ ഫലപ്രദമായി നേരിടാന്‍ നവോത്ഥാനത്തിനായില്ല. നവോത്ഥാനം ഇന്ത്യയില്‍ ദുര്‍ബലമായിരുന്നു. വളരെ ചെറിയ ഒരു വിഭാഗത്തില്‍മാത്രമേ അതിന്റെ സ്വാധീനം എത്തുകയുണ്ടായുള്ളൂ. ജ്ഞാനോദയം മിക്കവാറും സംഭവിക്കുകയും ഉണ്ടായില്ല. അതുകൊണ്ട് പുരോഹിതരുടെ സ്വാധീനവും മതാധ്യക്ഷരുടെ അധികാരവും ഒരുപരിധിവരെ ചോദ്യംചെയ്യപ്പെട്ടെങ്കിലും അവരുടെ സ്വാധീനത്തിന്റെ ഒരു വലിയ മേഖല സമൂഹത്തില്‍ നിലനിന്നു. ആ മേഖലയിലാണ് മതാത്മകതയും പൌരോഹിത്യസ്വാധീനവും തഴച്ചുവളരുന്നത്. ആ ഇടം സംരക്ഷിക്കാനും വികസിപ്പിക്കാനും സാംസ്കാരിക പ്രതിസന്ധിയില്‍ അകപ്പെട്ടുകഴിയുന്ന മധ്യവര്‍ഗം സഹായിക്കുകയും ചെയ്യുന്നു.

ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമാണ്. വികസിത മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യന്റെ എല്ലാ വ്യവഹാരവും ചരക്കായി മാറുന്നു; വിശ്വാസമടക്കം. മതം ഇന്ന് ഒരു വ്യാപാരവസ്തുവാണ്. ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതസ്ഥാപനങ്ങളെല്ലാംതന്നെ വ്യാപാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തീര്‍ഥാടനം വിനോദസഞ്ചാരമായി പുനര്‍ നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് ആവശ്യമായ സൌകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ, സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ വളരെ വലിയ മുതല്‍മുടക്ക് നടന്നുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടനത്തിനുപോകുന്നത് വിശ്വാസികളായി കൊള്ളണമെന്നില്ല. വിനോദസഞ്ചാരികളാകാം. ഏതായാലും തീര്‍ഥാടകരുടെ സംഖ്യ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്ക്. ശബരിമലയും തിരുപ്പതിയും ഗുരുവായൂരും കാശിയും വേളാങ്കണ്ണിയുമൊക്കെ അഖിലേന്ത്യാ പ്രാധാന്യമുള്ള തീര്‍ഥാടകകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം വളര്‍ന്നുവന്ന കച്ചവട സാധ്യത ചില്ലറയൊന്നുമല്ല. ലാലുപ്രസാദ് യാദവിനുപോലും മതവിശ്വാസത്തില്‍ താല്‍പ്പര്യം ജനിച്ചിരിക്കുന്നു. മതാത്മകതയ്ക്കുപിറകില്‍ ഇന്നു പ്രവര്‍ത്തിക്കുന്നത് 19-ാംനൂറ്റാണ്ടിലെ, നവോത്ഥാന കാലഘട്ടത്തിലെ ശക്തികള്‍മാത്രമല്ല, മതം ഇന്നൊരു വ്യാപാരവസ്തുവാണ്. പുരോഹിതരും മതാധ്യക്ഷരും അതിന്റെ ഉപാസകന്മാര്‍ മാത്രം.

കഴിഞ്ഞ 60 കൊല്ലങ്ങളില്‍ കേരളത്തില്‍ എത്ര ദേവാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു എന്നതിന് കണക്കുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഏറ്റവുമധികം 'വികസനം' സംഭവിച്ചിട്ടുള്ളത് ആരാധനാലയങ്ങളുടെ എണ്ണത്തിലാണ്. അമ്പലങ്ങളും പള്ളികളും സ്ഥാപിക്കുന്നതിന് കൊളോണിയല്‍ ഭരണകാലത്ത് ചില നിയമങ്ങളുണ്ടായിരുന്നു. ഇന്നത് പാലിക്കുന്നില്ല; നിയമം നിലനില്‍ക്കുന്നു എങ്കില്‍ക്കൂടി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അമ്പലവും പള്ളിയും നിര്‍മിക്കാം. പുതിയ അമ്പലങ്ങളും പള്ളികളും തെരുവുകളില്‍പ്പോലും പ്രത്യക്ഷപ്പെടുന്നു. അമ്പലങ്ങള്‍ ഇന്ന് വ്യാപാര കേന്ദ്രങ്ങളാണ്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തില്‍ വന്ന മാറ്റങ്ങള്‍ ഉദാഹരണം. പുതിയ ഫ്ലാറ്റുകളും വില്ലകളും ഗുരുവായൂരിന്റെ തീര്‍ത്ഥാടന വിനോദകേന്ദ്ര സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

മതത്തിന്റെ വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട മറ്റൊരു വശമാണ് ആള്‍ദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും അനുദിനം വര്‍ധിച്ചുവരുന്ന പ്രചാരം. ഇവയൊന്നും ഇന്ന് ആത്മീയസ്ഥാപനങ്ങളല്ല. വലിയ കച്ചവടസാമ്രാജ്യങ്ങളാണ്. ലാഭത്തിനുവേണ്ടി മാത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അധിപന്മാരാണ് ആള്‍ദൈവങ്ങളില്‍ പലരും. സാമൂഹ്യസേവനം എന്ന മറയ്ക്കു പിന്നിലാണ് വ്യവസായം നടക്കുന്നത് എന്നതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരികയില്ല. ആള്‍ദൈവങ്ങള്‍ നിയന്ത്രിക്കുന്ന പല സ്ഥാപനങ്ങളിലും കൊല്ലും കൊലയും അഴിമതിയും നടക്കുന്നത് മതവിശ്വാസത്തെ വ്യവസായവല്‍ക്കരിക്കുന്നതിന്റെ അനന്തരഫലമാണ്. മതസ്ഥാപനങ്ങളിലെ ആന്തരികമായ സാമ്പത്തിക താല്‍പ്പര്യങ്ങളാണ് ഈ സംഘട്ടനങ്ങള്‍ക്ക് കാരണമാകുന്നത്.
എല്ലാ മതങ്ങള്‍ക്കിടയിലും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവണതകള്‍ സമൂഹത്തില്‍ പല വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് മതപരമായ സാമൂഹ്യവേര്‍തിരിവ്. മതാത്മകത പൊതുമണ്ഡലത്തെ കീഴ്‌പെടുത്തുകയും തല്‍ഫലമായി വ്യക്തികള്‍ പൊതുസംസര്‍ഗത്തില്‍ മതപരമായ തിരിച്ചറിവുള്ളവരായി മാറുകയും ചെയ്യുന്നു. ജനങ്ങള്‍ പൌരന്മാരല്ലാതെ, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാകുന്നു. ഈ വേര്‍തിരിവില്‍നിന്ന് സംജാതമാകുന്ന അടുത്ത ഘട്ടമാണ് വര്‍ഗീയത.

മതത്തിന്റെ സാമൂഹ്യ ഉപയോഗം ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന്. പുതിയ നിക്ഷേപമണ്ഡലങ്ങള്‍ തേടുന്ന മൂലധനം മതത്തെയും മതവ്യവസ്ഥയെയും അതിന്റെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി മതവും മതവ്യവഹാരങ്ങളും കൂടുതല്‍ ശക്തമാകാനും കൂടുതല്‍ സംഘടിതമായ മതവ്യവസ്ഥകള്‍ രൂപംകൊള്ളാനും ഇടയുണ്ട്. ഈ പുതിയ വ്യവസ്ഥയുടെ കാര്യകര്‍ത്താക്കളായി ആള്‍ദൈവങ്ങളും പുരോഹിതരും സഭാധ്യക്ഷരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു.

-ശ്രീ.കെ എന്‍ പണിക്കര്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ന് മതത്തിന്റെ സ്വഭാവവും സ്വാധീനവും നവോത്ഥാന കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമാണ്. വികസിത മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ മനുഷ്യന്റെ എല്ലാ വ്യവഹാരവും ചരക്കായി മാറുന്നു; വിശ്വാസമടക്കം. മതം ഇന്ന് ഒരു വ്യാപാരവസ്തുവാണ്. ദേവാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതസ്ഥാപനങ്ങളെല്ലാംതന്നെ വ്യാപാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തീര്‍ഥാടനം വിനോദസഞ്ചാരമായി പുനര്‍ നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് ആവശ്യമായ സൌകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ, സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ വളരെ വലിയ മുതല്‍മുടക്ക് നടന്നുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടനത്തിനുപോകുന്നത് വിശ്വാസികളായി കൊള്ളണമെന്നില്ല. വിനോദസഞ്ചാരികളാകാം. ഏതായാലും തീര്‍ഥാടകരുടെ സംഖ്യ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്ക്. ശബരിമലയും തിരുപ്പതിയും ഗുരുവായൂരും കാശിയും വേളാങ്കണ്ണിയുമൊക്കെ അഖിലേന്ത്യാ പ്രാധാന്യമുള്ള തീര്‍ഥാടകകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം വളര്‍ന്നുവന്ന കച്ചവട സാധ്യത ചില്ലറയൊന്നുമല്ല. ലാലുപ്രസാദ് യാദവിനുപോലും മതവിശ്വാസത്തില്‍ താല്‍പ്പര്യം ജനിച്ചിരിക്കുന്നു. മതാത്മകതയ്ക്കുപിറകില്‍ ഇന്നു പ്രവര്‍ത്തിക്കുന്നത് 19-ാംനൂറ്റാണ്ടിലെ, നവോത്ഥാന കാലഘട്ടത്തിലെ ശക്തികള്‍മാത്രമല്ല, മതം ഇന്നൊരു വ്യാപാരവസ്തുവാണ്. പുരോഹിതരും മതാധ്യക്ഷരും അതിന്റെ ഉപാസകന്മാര്‍ മാത്രം.

ശ്രീ.കെ.എന്‍.പണിക്കര്‍ എഴുതിയ ലേഖനം.

താരാപഥം said...

വര്‍ദ്ധിച്ചുവരുന്ന മതാധിപത്യം അപകടമാണ്‌. ഇന്ത്യയില്‍ മാത്രമാണ്‌ ഇതുള്ളത്‌ എന്ന ഒരു തോന്നല്‍ ഇത്‌ വായിച്ചപ്പോള്‍ ഉണ്ടായി. നല്ല ആത്മീയ ചിന്ത മതാധിപത്യത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. അന്ധമായ വിശ്വാസം ഇല്ലാതെയാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌ എന്നു തോന്നുന്നു.