Sunday, April 6, 2008

പുത്തന്‍ തലമുറ ബാങ്കുകള്‍; വരേണ്യതയും വഞ്ചനയും

ഇന്ത്യന്‍ ബാങ്കിങ്ങിന്റെ ഏറ്റവും ശ്രേഷ്ഠമായ സവിശേഷത അതിന്റെ വൈവിധ്യതയും ദേശസാല്‍ക്കരണത്തോടെ കൈവരിച്ച ജനകീയതയുമാണ്. വരുമാനമുള്ള ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് തൊഴിലും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനായി വായ്പ നല്‍കുകയെന്നതാണ് ബാങ്കിന്റെ സാമൂഹ്യധര്‍മം. ഐആര്‍ഡിപി, സ്വയം തൊഴില്‍ വായ്പ, മുന്‍ഗണനാ വായ്പ തുടങ്ങിയവയൊക്കെ സാമൂഹ്യ അസമത്വങ്ങള്‍ ലഘൂകരിക്കാനുള്ള ബാങ്കിങ് ഉപകരണങ്ങളായിരുന്നു. ബാങ്കുകള്‍ നാടിന്റെ ഖജനാവാണ്. ഖജനാവ് കാക്കുന്നവര്‍ സത്യസന്ധരും നീതിബോധമുള്ളവരുമാകണം. 1990കളില്‍ ജന്മമെടുത്ത ന്യൂ ജനറേഷന്‍ ബാങ്കുകളുടെ സാന്നിധ്യത്തോടെ മുന്‍പറഞ്ഞ ലക്ഷ്യത്തെ തകിടംമറിക്കുന്ന സംസ്കാരമാണ് ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ഉരുത്തിരിഞ്ഞു വരുന്നത്.

100 കോടി രൂപ മൂലധനം സമാഹരിക്കുന്ന ആര്‍ക്കും സ്വകാര്യബാങ്കു തുടങ്ങാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് ന്യൂ ജനറേഷന്‍ ബാങ്കുകള്‍ (ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‍സിസ് ബാങ്ക്, സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഡിബിഐ) പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാരിന്റെ പരോക്ഷ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുമേഖലാ സംരംഭങ്ങളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐഡിബിഐ, യുടിഐ എന്നീ സ്ഥാപനങ്ങള്‍ 100 കോടി രൂപ മുടക്കി സ്വകാര്യബാങ്ക് തുടങ്ങിയത്. സാമ്പത്തിക പരിഷ്കാരങ്ങളെ വ്യവസ്ഥാപിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിലാഷമായിരുന്നു ഈ തീരുമാനത്തിന് വഴിതെളിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാലപ്പഴക്കംകൊണ്ട് സമാഹരിച്ച സല്‍പ്പേരും വിശ്വസ്തതയും ഫണ്ടും വിനിയോഗിക്കുക എന്ന ഗൂഢതന്ത്രവും ഈ നീക്കത്തിന്റെ പിന്നിലുണ്ടായിരുന്നു.

എന്നാല്‍, പിന്നീട് സ്വകാര്യബാങ്കുകളില്‍ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ന്യൂ ജനറേഷന്‍ ബാങ്കുകളെല്ലാം വളരെ പെട്ടെന്ന് വിദേശ കുത്തകകളുടെ വരുതിയിലായി. പൊതുമേഖലയെന്നു തെറ്റിദ്ധരിക്കുന്ന ബാങ്കുകള്‍ നിലനില്‍ക്കുകയും ബാക്കി സ്വകാര്യ ബാങ്കുകളെല്ലാം തകര്‍ന്നുവീഴുകയുംചെയ്തു. ചിലതാകട്ടെ രോഗശയ്യയിലാണ് കഴിയുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് ഉത്തമ മാതൃകയായി രൂപം കൊണ്ട ഗ്ലോബല്‍ ട്രസ്‌റ്റ് ബാങ്ക് ചുരുങ്ങിയ നാള്‍ക്കകം തകര്‍ന്നുപോയതും ടൈംസ് ബാങ്ക് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അടച്ചുപൂട്ടേണ്ടി വന്നതും ഈ ബാങ്കിനൊന്നും ദീര്‍ഘായുസ്സില്ല എന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണ്.

വിദേശികള്‍ ഉടമസ്ഥരായതോടെ ന്യൂ ജനറേഷന്‍ ബാങ്കുകളുടെ സാമൂഹ്യ കാഴ്ചപ്പാട് നഷ്ടപ്പെട്ടു. ഇവിടത്തെ മണ്ണിനോടും മനുഷ്യരോടുമുളള അനുകമ്പ ഇല്ലാതായി. തീര്‍ച്ചയായും കുബേരന്മാരെയും വമ്പന്‍ നിക്ഷേപകരെയും ഈ ബാങ്കുകള്‍ വന്ദിക്കും; പരിചരിക്കും. കോര്‍പറേറ്റുകള്‍ക്കും ക്രീമിലെയര്‍ ഇടപാടുകാര്‍ക്കും വിശിഷ്ടമായ സേവനം പ്രദാനംചെയ്യും. എല്ലാവിധ ആധുനിക ബാങ്കിങ് സൌകര്യവും ഇത്തരക്കാര്‍ക്ക് നല്‍കുകയുംചെയ്യും. ടെസ്‌റ്റ് ട്യൂബ് ശിശുക്കളെ വളര്‍ത്തുന്നതുപോലെ ചുരുക്കം വരുന്ന ഇടപാടുകാര്‍ക്ക് വിശിഷ്ടമായ സേവനം നല്‍കുന്നതും കുഗ്രാമങ്ങളിലടക്കം ശാഖ തുടങ്ങി എല്ലാവരെയും പരിചരിക്കുന്ന ഇന്ത്യന്‍ മാസ് ബാങ്കിങ്ങും തമ്മിലുളള താരതമ്യത്തിന് ഒരു സാധൂകരണവുമില്ല.

കണ്ണഞ്ചിപ്പിക്കുന്ന പരസ്യ വാചകത്തില്‍ മോഹിച്ചെത്തുന്നവരെ ഊരാക്കുടുക്കിലാക്കുന്ന ശൈലി നവസ്വകാര്യ ബാങ്കുകളുടെ സ്ഥിരം സ്വഭാവമാണ്. മറ്റ് ബാങ്കില്‍ പോയി ചെക്ക് ബുക്ക് വാങ്ങിപ്പിച്ച് തുകപോലും പൂരിപ്പിക്കാതെ ചെക്ക് ഒപ്പിട്ടുകൊടുത്തവര്‍ ഇന്ന് കണ്ണീര്‍ക്കയത്തിലാണ് വിരാജിക്കുന്നത്. ചെക്കിലെ തുകയേക്കാള്‍ വലുതാണ് ഇവര്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്. ചൂണ്ടയെറിയുന്നവരുടെ ലക്ഷ്യം മത്സ്യത്തെ വളര്‍ത്തി വലുതാക്കലല്ല എന്നു തിരിച്ചറിയാത്തവര്‍ ഈയാംപാറ്റകളെപ്പോലെ വീണ്ടും കെണിയിലകപ്പെടുന്നു. ദുരഭിമാനംമുതല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളുടെ ഏജന്റ് സ്വന്തം സൌഹൃദക്കാരനായതുവരെയുള്ള വിവിധ കാരണങ്ങളാല്‍ പലരും നഷ്ട-കഷ്ടതകളുടെ ദുരിതകഥ പുറത്തുപറയാതെ കടിച്ചമര്‍ത്തുന്നു.

ഡയറക്ടറിയില്‍നിന്നും ഇന്‍കം ടാക്സ് ഓഫീസില്‍ നിന്നും ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടെലിഫോണിലൂടെ ജോലി വാഗ്ദാനംചെയ്യുന്നത് മറ്റൊരു ചതിക്കുഴിയാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നം വിറ്റഴിക്കലാണ് സുപ്രധാന ജോലി. സ്വകാര്യ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് തുക തിരിച്ചു കിട്ടും എന്നതിന് ഒരു ഗ്യാരന്റിയുമില്ല. വാഗ്ദാന ലംഘനം നടത്തിയതിന് കോടിക്കണക്കിന് ഡോളര്‍ പിഴയടയ്ക്കേണ്ടിവന്ന സ്ഥാപനമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കമ്പനിയടക്കമുളള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍.

പത്തും ഇരുപതും കൊല്ലം കഴിഞ്ഞ് പോളിസി കാലാവധിയാകുന്ന സമയത്ത് ഈ കമ്പനികള്‍ നാട്ടിലുണ്ടാകുമെന്നുപോലും ആര്‍ക്കും ഉറപ്പില്ല. കാരണം പണം മുഴുവന്‍ നിക്ഷേപിക്കുന്നത് ഓഹരി മാര്‍ക്കറ്റിലാണ്. അതിനാല്‍ തന്നെ പണം തിരിച്ചുകിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല. കിട്ടിയാല്‍ കിട്ടി; പോയാല്‍ പോയി ! 50 ശതമാനം വരെ കമീഷന്‍ കൊടുക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഏജന്‍സി കമീഷന്‍ കൂടുന്നതിന് അനുസരിച്ച് അടച്ച നിക്ഷേപം തിരിച്ചു ലഭിക്കുന്നതിന്റെ സാധ്യതയും കുറയുമെന്ന് നിക്ഷേപകന്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും. പലര്‍ക്കും ഈ ജോലി ഒരു ഇടക്കാല സംരംഭമാണ്. ഇരകളെ ഉപയോഗിച്ചു തന്നെ വേട്ട നടത്തുന്നതിന്റെ ഒന്നാന്തരം പ്രയോഗമാണ് ന്യൂ ജനറേഷന്‍ സ്ഥാപനങ്ങള്‍ സാമ്പത്തിക മേഖലയില്‍ നിര്‍വഹിച്ചുവരുന്നത്.

എന്നാല്‍, പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ വിശ്വസനീയത പണയപ്പെടുത്തി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി വില്‍പ്പനക്കാരാകുന്നത് തരം താഴ്ന്ന നടപടിയാണെന്നുമാത്രമല്ല, അസ്സല്‍ ചതിയുമാണ്. ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ ജീവനക്കാര്‍ തുച്ഛമാണ്. ഔട്ട് സോഴ്സിങ് ഏജന്റുമാരുടെ കരാര്‍ പണിക്കാരാണ് ദൈനംദിനജോലി ചെയ്തുതീര്‍ക്കുന്നത്. ബാങ്കിങ് പോലെ അതീവ രഹസ്യം സൂക്ഷിക്കേണ്ടതും വിശ്വസ്തത വച്ചുപുലര്‍ത്തേണ്ടതുമായ ജോലി പുറംകരാര്‍ ഏജന്‍സി മുഖാന്തരം നിര്‍വഹിക്കുന്നത് വലിയ കൃത്രിമങ്ങള്‍ക്ക് കാരണമായേക്കുമെന്ന വിമര്‍ശനത്തെ ബാങ്കുടമകള്‍ പുച്ഛിച്ചുതള്ളി. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ക്ക് കരുത്തേകി. എന്നാല്‍, ബാങ്ക് രഹസ്യം ചോര്‍ത്തിയതിനും വ്യാജരേഖയുണ്ടാക്കി പണാപഹരണം നടത്തിയതിനും 22 ഔട്ട് സോഴ്സിങ് കമ്പനികളെ റിസര്‍വ് ബാങ്ക് കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇതില്‍ 14 കമ്പനികള്‍ ഐസിഐസിഐ ബാങ്കിന്റെയും 8 കമ്പനികള്‍ എച്ച്ഡിഎഫ്‌സിബാങ്കിന്റെയും അംഗീകൃത പുറംകരാര്‍ ഏജന്‍സികളായിരുന്നു.

ഇന്ത്യന്‍ ബാങ്കിങ് ചട്ടങ്ങളും നാട്ടിലെ നിയമവ്യവസ്ഥയും ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് സ്വീകാര്യമല്ല. അതുകൊണ്ടാണ് ഇവര്‍ കൃഷിവായ്പയും വിദ്യാഭ്യാസ വായ്പയും ചെറുകിട വായ്പകളും കൊടുക്കാത്തത്. മാത്രവുമല്ല വായ്പാ തിരിച്ചടവിനായി സ്വന്തമായ പീനല്‍കോഡും ശിക്ഷാ വ്യവസ്ഥയും നടപ്പാക്കുന്നതായി കാണാം. നിരന്തരം പരാതി വന്നപ്പോഴാണ് ക്രിമിനല്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്ന ഐസിഐസിഐ ബാങ്കിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ബാങ്കുകാര്‍ക്കിടയില്‍ ഈ ബാങ്കുകള്‍ 'ഗുണ്ടാബാങ്ക്' എന്നറിയപ്പെടുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്.

നിക്ഷേപകനറിയാതെ അവരുടെ അക്കൌണ്ടിലെ പണം ഓഹരിമാര്‍ക്കറ്റില്‍ വിന്യസിച്ച ന്യൂ ജനറേഷന്‍ ബാങ്കിന്റെ നടപടി ഈയിടെ വലിയ വാര്‍ത്തയായി. ഇത്തരം തോന്ന്യാസങ്ങള്‍ കാണിച്ചാലും തങ്ങളെ സംരക്ഷിക്കാന്‍ രക്ഷകരുണ്ടെന്ന അഹങ്കാരമാണ് ന്യൂ ജനറേഷന്‍ ബാങ്കുകളെ ഭരിക്കുന്നത്. സുപ്രീം കോടതി വിമര്‍ശിച്ചാലും ഹൈക്കോടതി ശാസിച്ചാലും കണ്‍സ്യൂമര്‍ ഫോറം പിഴയിട്ടാലും ഈ ബാങ്കുകള്‍ ശൈലി മാറ്റാത്തത് കേന്ദ്ര ഭരണാധികാരികളുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കുന്നതിനാലാണ്. അതിന്റെ തെളിവാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചവരുടെ ലിസ്‌റ്റില്‍ ഐസിഐസിഐ ബാങ്ക് മേധാവി കെ വി കമ്മത്തിന്റെ പേരും കടന്നുകൂടിയത്. തട്ടിപ്പും ഗുണ്ടാ പ്രവര്‍ത്തനവും നടപ്പാക്കി ഇന്ത്യന്‍ ബാങ്കിങ് സംസ്കാരത്തിന് വികൃതമാനങ്ങള്‍ നിര്‍മിക്കുന്നതിനാണോ ഈ ബഹുമതി!

ഇന്ത്യയില്‍ നടപ്പാക്കുന്ന ബാങ്കിങ് പരിഷ്കാരങ്ങള്‍ ആദ്യം പരീക്ഷിച്ചുനോക്കിയത് 1980 കളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്. അവിടെയും പൊതുമേഖലാ ബാങ്കുകളെ ആദ്യം സ്വകാര്യവല്‍ക്കരിച്ചു; പിന്നെ വിദേശവല്‍ക്കരിച്ചു. വിദേശി ഉടമസ്ഥനായപ്പോള്‍ ബാങ്കുകളുടെ വായ്പാനയം മാറ്റി. കൃഷിക്കും വ്യവസായത്തിനും വായ്പ നല്‍കുന്നതിനു പകരം ഓഹരി കമ്പോളത്തിലേക്കും റിയല്‍ എസ്റേറ്റിലേക്കും വായ്പകള്‍ ഒഴുകി. ഒരു നാള്‍ ഓഹരികമ്പോളം എട്ടുനിലയില്‍ പൊട്ടി. വിദേശികള്‍ രായ്ക്കുരാമാനം സ്ഥലം വിട്ടു. ജീവിതകാല സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുകിട്ടാതായി. രോഷാകുലരായ ജനം നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തി. കലാപവും അരാജകത്വവും നിത്യസംഭവമായി മാറി. ബാങ്കിങ് സംവിധാനം തകര്‍ന്നതോടെ രാജ്യവും തരിപ്പണമായി. അങ്ങനെ നിരവധി രാജ്യങ്ങളെ കുത്തുപാളയെടുപ്പിച്ച ജനവിരുദ്ധനയമാണ് എന്‍ഡിഎയും യുപി എയും ആര്‍ത്തിപൂണ്ട് ഇവിടെ നടപ്പാക്കി വരുന്നത്. ഇന്ത്യയിലെ എല്ലാ ബാങ്കുകളെയും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ സംസ്കാരത്തിലേക്ക് പറിച്ചുനടുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. ബാങ്കു ലയനങ്ങളും ബാങ്കിങ് പരിഷ്കരണവും ബാങ്കുകളുടെ ജനകീയത അറുത്തുമാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.

-ശ്രീ.ടി നരേന്ദ്രന്‍, കടപ്പാട്‌: ദേശാഭിമാനി

അധികവായനയ്ക്ക്

Banking by inclusion: old wine in new bottle

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ നടപ്പാക്കുന്ന ബാങ്കിങ് പരിഷ്കാരങ്ങള്‍ ആദ്യം പരീക്ഷിച്ചുനോക്കിയത് 1980 കളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്. അവിടെയും പൊതുമേഖലാ ബാങ്കുകളെ ആദ്യം സ്വകാര്യവല്‍ക്കരിച്ചു; പിന്നെ വിദേശവല്‍ക്കരിച്ചു. വിദേശി ഉടമസ്ഥനായപ്പോള്‍ ബാങ്കുകളുടെ വായ്പാനയം മാറ്റി. കൃഷിക്കും വ്യവസായത്തിനും വായ്പ നല്‍കുന്നതിനു പകരം ഓഹരി കമ്പോളത്തിലേക്കും റിയല്‍ എസ്റേറ്റിലേക്കും വായ്പകള്‍ ഒഴുകി. ഒരു നാള്‍ ഓഹരികമ്പോളം എട്ടുനിലയില്‍ പൊട്ടി. വിദേശികള്‍ രായ്ക്കുരാമാനം സ്ഥലം വിട്ടു. ജീവിതകാല സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുകിട്ടാതായി. രോഷാകുലരായ ജനം നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തി. കലാപവും അരാജകത്വവും നിത്യസംഭവമായി മാറി. ബാങ്കിങ് സംവിധാനം തകര്‍ന്നതോടെ രാജ്യവും തരിപ്പണമായി. അങ്ങനെ നിരവധി രാജ്യങ്ങളെ കുത്തുപാളയെടുപ്പിച്ച ജനവിരുദ്ധനയമാണ് എന്‍ഡിഎയും യുപി എയും ആര്‍ത്തിപൂണ്ട് ഇവിടെ നടപ്പാക്കി വരുന്നത്. ഇന്ത്യയിലെ എല്ലാ ബാങ്കുകളെയും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ സംസ്കാരത്തിലേക്ക് പറിച്ചുനടുകയാണ് ഭരണാധികാരികളുടെ ലക്ഷ്യം. ബാങ്കു ലയനങ്ങളും ബാങ്കിങ് പരിഷ്കരണവും ബാങ്കുകളുടെ ജനകീയത അറുത്തുമാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.

ശ്രീ.ടി നരേന്ദ്രന്‍ എഴുതിയ ലേഖനം.

Anonymous said...

അപ്പളേയ് ഒരു സംശയം. പുത്തന്‍ തലമുറ ബാങ്കുകള്‍ കാണിക്കുന്ന തെമ്മാടിത്തം എന്തു കൊന്ടു ഇടത് പാര്‍ട്ടികള്‍ പോലുള്ളവര്‍ ഭരിക്കുന്ബോള്‍ എതിര്ക്കുന്നില്ല..? ഇവനെയൊക്കെ മൂക്കു കയര്‍ ഇടാന്‍ ധൈര്യം കാണിക്കാതെ ചുമ്മാ വിടു വാ അടിക്കുന്നതെന്തിനാ...?

Anonymous said...

ഇന്ത്യയില് banking മേഖലയില് customer service എന്താണ് എന്ന് കുറച്ചു നാളത്തേക്ക് എങ്കിലും സാധാരണക്കാരനു മനസ്സിലായതു private banks വന്നതില് പിന്നെയാണ്.

Anonymous said...

Thani idiot employeesilne vechu kontu natathiyathinal aanu pothumekala bankukale janaghal veriukkan kaaranam. hire and fire system pothumekalayil knotuvannal mathrame employees oru paadam padikkoo. Upabhokathavine kuranghu kalippikkunna ee idiotukalil ninnum ulla oru valiya mochanam aayirunnu private bankukal.......