Monday, April 7, 2008

വിശ്വാസ്യതയുടെ പ്രതിസന്ധി

ഒരു ദശകത്തിനു മുന്‍പ് ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായ അവസരത്തില്‍ അതിന്റെ അപകടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്നതിനെക്കുറിച്ചായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത്. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും താരതമ്യേന അജ്ഞാതമായിരുന്ന തായ്‌ലാന്റ് എന്ന ചെറിയ രാജ്യത്ത് ആരംഭിച്ച കുഴപ്പം ക്രമേണ ഈ രാജ്യം സ്ഥിതിചെയ്യുന്ന പ്രദേശമായ തെക്കുകിഴക്കന്‍ ഏഷ്യയുമായി വലിയ ബന്ധങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ വ്യാപിക്കുകയാണുണ്ടായത്.

ഇന്ന് മറ്റൊരു തരത്തിലുള്ള വ്യാപനത്തിന് അല്ലെങ്കില്‍ പടര്‍ന്ന് പിടിക്കലിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഇത് വിവിധ രാജ്യങ്ങളിലേയ്ക്കുള്ള പടര്‍ന്ന് പിടിക്കലല്ല. മറിച്ച് ഒരു വിപണിയില്‍ നിന്നും മറ്റൊരു വിപണിയിലേക്കുള്ള പടര്‍ന്ന് പിടിക്കലാണ്. വില പെരുപ്പിച്ച് കാണിച്ച് വീടുകള്‍ ഈടായി സ്വീകരിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കപ്പെട്ട നിലവാരം കുറഞ്ഞ ഭവനവായ്പകളുടെ (sub prime loans) പിന്‍ബലത്തില്‍ പുറത്തിറക്കിയതും, മതിപ്പ് (rating) നിശ്ചയിക്കുന്ന ഏജന്‍സികള്‍ BBBമൈനസ് എന്ന വളരെ താഴ്ന്ന ഗ്രേഡിംഗ് നല്‍കിയതുമായ, കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകൊല്ലം മുമ്പ് ആരംഭിച്ച കുഴപ്പങ്ങള്‍ ഇന്നിപ്പോള്‍ കുത്തക സ്ഥാപനങ്ങളുടെ ബോണ്ടുകള്‍, വാഹന വായ്പകള്‍, ക്രെഡിറ്റ്കാര്‍ഡുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വായ്പകള്‍ എന്നിവയിലേയ്ക്കും പടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

നിങ്ങള്‍ ഒരിയ്ക്കലും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത, 300 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടക്കുന്ന, ലേല-നിരക്ക്-കടപ്പത്രങ്ങളുടെ (Auction Rate Securities) വിപണി പെട്ടെന്ന് തകര്‍ന്നതു കാരണം മിച്ചിഗന്‍ സംസ്ഥാനം വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്നതിനായുള്ള ഒരു വലിയ പദ്ധതി ഈയിടെ നിറുത്തലാക്കുകയുണ്ടായി.

വീട് വാങ്ങുന്ന ഒരു നിശ്ചിത വിഭാഗം ജനങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിസന്ധി സാമ്പത്തിക മേഖലയെ ഇത്ര കണ്ട് താറുമാറാക്കുന്ന ഒരവസ്ഥ എന്തുകൊണ്ടാണ് ഉണ്ടായത് ?

ആത്യന്തികമായി ഇത് കേവലം ഒരു ഭവന വായ്പാ പ്രതിസന്ധി മാത്രമായിരുന്നില്ല എന്നതുതന്നെ കാരണം. ഇത് വിശ്വാസ്യതയുടെ പ്രതിസന്ധിയാണ്.

ഇങ്ങനെയുള്ള ഒരു വിലയിരുത്തലില്‍ കുറെയൊക്കെ നാടകീയത ഉള്ളതായി തോന്നുമെന്ന് എനിക്കറിയാം. എന്നിരുന്നാലും ഞാന്‍ ലേല-നിരക്ക്-കടപ്പത്രങ്ങള്‍ക്ക് (Auction Rate Securities) അടുത്തിടെ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വിവരിക്കാം.

സങ്കീര്‍ണ്ണങ്ങളായ ഇടപാടുകള്‍

ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന പല നവീന സാമ്പത്തിക ഇടപാടുകളേയും പോലെ Auction Rate Securities കളും അത്ര വലിയ മുതല്‍മുടക്കില്ലാതെ തന്നെ മെച്ചപ്പെട്ട ആദായം ലഭിക്കും എന്ന പ്രതീതി ഉണ്ടാക്കുന്ന വളരെ സങ്കീര്‍ണ്ണങ്ങളായ ഇടപാടുകളാണ്.

ARS കള്‍ ഉപയോഗിച്ച് പണം കടമെടുക്കുന്നവര്‍ക്ക് , പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ന്യൂജേഴ്സിയിലേയും മിച്ചിഗണിലേയും ഉന്നത വിദ്യാഭ്യാസ വായ്പാ അതോറിറ്റി പോലുള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്, നിക്ഷേപകര്‍ സാധാരണ ആവശ്യപ്പെടുന്ന താരതമ്യേന ഉയര്‍ന്ന പലിശനിരക്ക് അവര്‍ക്ക് നല്‍കാതെ തന്നെ അവരില്‍നിന്നും ദീര്‍ഘകാലത്തേയ്ക്ക് വായ്പകള്‍ സ്വീകരിക്കുവാന്‍ സഹായകരമായ ഒരു മാര്‍ഗ്ഗമായാണ് കരുതപ്പെടുന്നത്.അതേയസമയം, നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ARS കള്‍ രൊക്കം പണത്തിന് (Ready Cash) സമമായതും, ആവശ്യപ്പെടുമ്പോള്‍ സുലഭമായി ലഭിക്കുന്നതും, ബാങ്കുനിക്ഷേപങ്ങളേക്കാള്‍ കൂടിയ പലിശ നല്‍കുന്നതുമായ ആസ്തികളായും കരുതപ്പെട്ടിരുന്നു.

കരുതപ്പെട്ടിരുന്ന എന്ന പദത്തിന് ഈ സന്ദര്‍ഭത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.

കൃത്യമായും നല്ലരീതിയിലും നടത്തപ്പെടുന്ന ലേലങ്ങളില്‍ വച്ച്, (മിക്കപ്പോഴും ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരം ലേലങ്ങള്‍ നടത്തപ്പെടുന്നുണ്ട്) നിക്ഷേപകര്‍ക്ക് തങ്ങളുടെ പക്കലുള്ള ARS കളെ അവയെ വാങ്ങുവാനായി കാത്തുനില്‍ക്കുന്നവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവയെ രൊക്കം പണത്തിന് തുല്യമായി കരുതിവന്നത്. Auction Rate Securities കളെ വാങ്ങുവാന്‍ താത്പര്യമുള്ളവരുടെ അഭാവത്തില്‍ ലേലങ്ങള്‍ പാരജയപ്പെടുവാനുള്ള സാധ്യതകളും തത്വത്തില്‍ എല്ലായ്പ്പോഴും നിലനിന്നിരുന്നു, എന്നാല്‍ ഇത് ഒരിക്കലും സംഭവിക്കില്ലാ എന്നാണ് കരുതപ്പെട്ടിരുന്നത്.

ഒരു ലേലം പരാജയപ്പെടുകയാണെങ്കില്‍ കടപ്പത്രം പുറത്തിറക്കിയ സ്ഥാപനം നിക്ഷേപകര്‍ക്ക് നല്‍കേണ്ട പലിശയുടെ നിരക്ക് ഗണ്യമായി ഉയരും. കഴിഞ്ഞ ആഴ്ച തുറമുഖ അതോറിറ്റിയുടെ ഒരു ലേലം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആ സ്ഥാപനം നല്‍കേണ്ട പലിശനിരക്ക് 4.3ല്‍ നിന്ന് 20 ശതമാനമായി വര്‍ദ്ധിക്കുകയുണ്ടായി. ഇത്തരമൊരു ശിക്ഷണ നടപടിക്കുള്ള വകുപ്പ് നിലനില്‍ക്കുമ്പോഴും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വായ്പ സ്വരൂപിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം Auction Rate Securities കള്‍ മെച്ചപ്പെട്ട ഒന്നായി തന്നെയാണ് കണക്കാക്കപ്പെട്ടിരുന്നത്. കാരണം ലേലങ്ങളുടെ പരാജയം ഒരിയ്ക്കലും സംഭവിക്കില്ല എന്നും അതുകൊണ്ട് ശിക്ഷണ നടപടിയുടെ ഭാഗമായി ഒരിയ്ക്കലും ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടിവരില്ല എന്നുമുള്ള വിശ്വാസം തന്നെ.

എന്നാല്‍ ഒരിയ്ക്കലും സംഭവിക്കുകയില്ല എന്ന് കരുതിയിരുന്നത് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ലേലങ്ങളുടെ ഒരു ശൃംഖലതന്നെ പരാജയപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്ന് കടപ്പത്രങ്ങള്‍ വിറ്റ് എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിവരുന്ന രൊക്കം പണം കണ്ടെത്താമെന്ന് കരുതിയ നിക്ഷേപകര്‍ പണം ലഭിക്കാതെയും കടപ്പത്രം പുറത്തിറക്കിയ സ്ഥാപനങ്ങള്‍ അവ നല്‍കേണ്ട പലിശനിരക്ക് ഉയര്‍ന്നതിനാലും പ്രതിസന്ധിയിലായി.

ARS വിപണിയുടെ തകര്‍ച്ച പ്രതിഫലിപ്പിക്കുന്നത് ഇത്തരം കടപ്പത്രങ്ങള്‍ പുറത്തിറക്കിയ സ്ഥാപനങ്ങളിലെ പുതിയ കുഴപ്പങ്ങളെയല്ല. തുറമുഖ അതോറിറ്റിയുടെ ഒരു മാസം മുമ്പുണ്ടായിരുന്ന ശക്തമായ സാമ്പത്തിക സ്ഥിതിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. മറിച്ച് ഇത് മൊത്തത്തിലുള്ള സാമ്പത്തിക തകര്‍ച്ച കൂടുതല്‍ മേഖലകളിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്നതിന്റെ ലക്ഷണമാണ്.

ARS കളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് സംഭവിച്ചേയ്ക്കാവുന്ന നഷ്ടത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയിട്ടുള്ള കമ്പനികള്‍ക്ക് ഈ വിപണിയുടെ തകര്‍ച്ച കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒട്ടുമിക്കവയും അടുത്തിടെ തകര്‍ന്നടിഞ്ഞ സബ്‌പ്രൈം ഭവനവായ്പകളുമായി ബന്ധപ്പെട്ട പലനിക്ഷേപങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കി ഇപ്പോള്‍തന്നെ വന്‍ പ്രതിസന്ധിയെ നേരിടുന്നതിനാല്‍ ഇവയുടെ പക്കല്‍ മറ്റു വിപണികളിലെ നിക്ഷേകര്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടങ്ങളെ പരിഹരിക്കുന്നതിനാവശ്യമായ പണം ഉണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുകയാണ്.

നിക്ഷേപകരുടെ വിശ്വാസത്തിന് ഉലച്ചില്‍ തട്ടുന്നു

എന്നാല്‍ ഏറ്റവും പ്രധാനമായ കാര്യം ഇത്തരത്തില്‍ അനുദിനം വ്യാപിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി നിക്ഷേപകര്‍ക്കും സമ്പദ്ഘടനയിലുള്ള വിശ്വാസത്തെതന്നെ ഉലച്ചിരിക്കുന്നു എന്നതാണ്. ഭ്രമിപ്പിക്കുന്ന നവീന സാമ്പത്തിക ഉപകരണങ്ങള്‍ (Financial Instruments) പ്രതീക്ഷിക്കുന്ന രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക എന്ന ഉറപ്പുകളെയൊന്നും ജനങ്ങള്‍ ഇനി വിശ്വസിക്കുകയില്ല. റേറ്റിങ്ങ് ഏജന്‍സികള്‍ വളരെ ഉയര്‍ന്ന AAA ഗ്രേഡിങ്ങ് നല്‍കിയിരുന്ന സബ്‌പ്രൈം ഭവനവായ്പയുമായി ബന്ധപ്പെട്ട കടപ്പത്രങ്ങള്‍ സുരക്ഷിതങ്ങളായവയെന്നു കരുതി അവയില്‍ നിക്ഷേപിച്ചവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. പിന്നെ ARS കള്‍ രൊക്കം പണത്തിനെ പോലെതന്നെ സുരക്ഷിതമാണെന്ന് നിക്ഷേപകര്‍ എന്തിനു വിശ്വസിക്കണം.

വിശ്വാസത്തകര്‍ച്ച സംഭവിക്കുന്നു എന്നത് നമ്മുടെ നാശത്തെക്കുറിച്ച് നാം തന്നെ നടത്തുന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന് സമമാണ്. Auction Rate Securities കള്‍ രൊക്കം പണത്തിനു തുല്യമാണെന്ന് വിശ്വസിക്കാത്ത നിക്ഷേപകര്‍ ഇവയില്‍ മുതല്‍ മുടക്കുവാന്‍ ഇനി മുന്നോട്ടു വരികയില്ല. ഇത് ഈ നിക്ഷേപങ്ങളുടെ സ്ഥിതി കൂടുതല്‍ മോശമാകുന്നതിന് കാരണമാകും.

ഇതെല്ലാം സമ്പദ്ഘടനയ്ക്ക് ദോഷകരമായിത്തീരൂം എന്ന് പ്രത്യേകം പറയേണ്ടതില്ല. 1930 ലും 1931 ലും അമേരിക്കയെ പിടിച്ചുകുലുക്കിയ ബാങ്കിംഗ് പ്രതിസന്ധിയുടെ ഒരു ആവര്‍ത്തനമായാണ് ഇന്നത്തെ സംഭവവികാസങ്ങളെ ഞാന്‍ കാണുന്നത്.

ARS കളില്‍ മുടക്കിയ പണം തിരിച്ചെടുക്കാനാകാതെ നിരാശരായ നിക്ഷേപകര്‍ എല്ലാം നഷ്ടപ്പെട്ട് അടച്ചുപൂട്ടിയ ബാങ്കുകള്‍ക്കു മുന്നില്‍ രോഷാകുലരായി തടിച്ചുകൂടിനില്‍ക്കുന്ന ജനങ്ങളെപ്പോലെ ക്യാമറകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്‍ ഈ രണ്ടു സംഭവങ്ങളുടെയും പിന്നിലുള്ള തത്വശാസ്ത്രം ഒന്നുതന്നെയാണ്. ഇതിന്റെയൊക്കെ പ്രത്യാഘാതമായി വായ്പ ആവശ്യമായി വരുന്നവര്‍ക്ക് അത് ലഭിക്കാതിരിക്കുകയും സമ്പദ്ഘടനയ്ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുന്നു.

വായ്പാ പ്രതിസന്ധി എത്ര ഗൌരവമായ പ്രശ്നമായി മാറിയിരിക്കുന്നു എന്നതിന് ലളിതമായ ഒരു തെളിവാണ് ഫെഡറല്‍ റിസര്‍വ് അതിന്റെ നിയന്ത്രണത്തിലുള്ള പലിശനിരക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായി വെട്ടിക്കുറച്ചിട്ടും നിരവധി സ്ഥാപനങ്ങളുടേയും കുടുംബങ്ങളുടേയും വായ്പയെടുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്ന വസ്തുത.

സാമ്പത്തിക പ്രതിസന്ധിയാകട്ടെ വീണ്ടും പടര്‍ന്നുപിടിക്കുകയാണ്. ഏത് വിപണിയായിരിക്കും ഈ പടര്‍ന്നുപിടിക്കലിന്റെ അടുത്ത ഇര?

*

പോള്‍ ക്രൂഗ്‌മാന്‍ എഴുതിയ A Crisis of Faith എന്ന ലേഖനത്തിന്റെ പരിഭാഷ.

ലേഖനത്തിനും ചിത്രത്തിനും കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ്/ഹിന്ദു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു ദശകത്തിനു മുന്‍പ് ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായ അവസരത്തില്‍ അതിന്റെ അപകടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്നതിനെക്കുറിച്ചായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത്. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും താരതമ്യേന അജ്ഞാതമായിരുന്ന തായ്‌ലാന്റ് എന്ന ചെറിയ രാജ്യത്ത് ആരംഭിച്ച കുഴപ്പം ക്രമേണ ഈ രാജ്യം സ്ഥിതിചെയ്യുന്ന പ്രദേശമായ തെക്കുകിഴക്കന്‍ ഏഷ്യയുമായി വലിയ ബന്ധങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ വ്യാപിക്കുകയാണുണ്ടായത്. ഇന്ന് മറ്റൊരു തരത്തിലുള്ള വ്യാപനത്തിന് അല്ലെങ്കില്‍ പടര്‍ന്ന് പിടിക്കലിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഇത് വിവിധ രാജ്യങ്ങളിലേയ്ക്കുള്ള പടര്‍ന്ന് പിടിക്കലല്ല. മറിച്ച് ഒരു വിപണിയില്‍ നിന്നും മറ്റൊരു വിപണിയിലേക്കുള്ള പടര്‍ന്ന് പിടിക്കലാണ്.

പോള്‍ ക്രൂഗ്‌മാന്‍ എഴുതിയ A Crisis of Faith എന്ന ലേഖനത്തിന്റെ പരിഭാഷ.