Tuesday, April 29, 2008

ചെകുത്താനും കടലിനും നടുവില്‍

സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്നത് ദൈവനിന്ദയാണെന്നു നമ്മെ പഠിപ്പിച്ചവര്‍ ഇന്നിപ്പോള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയാണ്, കുറ്റവാളികളെ ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടാതിരിക്കാനായി കോടികള്‍ ചിലവഴിക്കുകയാണ്.

ഏകദേശം 30 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് യു എസ് ഫെഡറല്‍ റിസര്‍വ് Bear Stearns നെ കരകയറ്റിയത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള കടാശ്വാസത്തിന്റെ ഇരട്ടിയോളം വരുമിത്. നവലിബറല്‍ നയങ്ങളുടെയും സ്വതന്ത്ര കമ്പോളത്തിന്റെയും പ്രത്യയശാസ്ത്ര വിശാരദന്മാര്‍ കടാശ്വാസ പദ്ധതിയെ വിശേഷിപ്പിച്ചത് സാമ്പത്തിക ഭ്രാന്ത് അല്ലെങ്കില്‍ തിരുത്താനാവാത്ത തെറ്റ് എന്നാണ്. Bear Stearns നെ രക്ഷപെടുത്തിയതിനെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരു വിധം മയത്തിലാണ് വിമര്‍ശിച്ചത്. Bear Stearns എന്നത് ലോകത്തിലെ ഏറ്റവും വലിയ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നും കടപ്പത്രങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന ദല്ലാള്‍ കമ്പനിയുമാണല്ലോ.

ഒന്നോര്‍ത്തു നോക്കൂ..

തകരുന്നതിന് ഒന്നു രണ്ടു ആഴ്ചകള്‍ക്ക് മുമ്പ് നൂറുകണക്കിന് കോടി ഡോളറുകള്‍ ബോണസ്സായി വിതരണം ചെയ്ത വാള്‍സ്ട്രീറ്റിലെ ഒരു ചെറിയ കമ്പനിയെയാണ് 1,19,520 കോടി രൂപ മുടക്കി കര കയറ്റിയിരിക്കുന്നത്. ഈ രാജ്യത്തിലെ ദശലക്ഷക്കണക്കിന് ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നല്‍കിയ (നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള) 60,000 കോടി രൂപയുടെ കടാശ്വാസത്തിന്റെ ഇരട്ടി വരുമിത്. ഓരോ മുപ്പത് മിനിട്ടിലും ഓരോ കര്‍ഷകന്‍ കൃഷിനാശവും നിരാശയും മൂലം സ്വയം ജീവനൊടുക്കുന്ന ഒരു രാജ്യമാണല്ലോ നമ്മുടേത്. ഈ എഴുതിത്തളളല്‍ മൂലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് ആരംഭിക്കുന്നതു പോലുമില്ല.

മറുവശത്ത് , തങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്തു കൂട്ടിയ, ലോകം മുഴുവന്‍ വിസ്ഫോടകമായ മൈനുകള്‍ വിതറിയ കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു പറ്റം തെമ്മാടികള്‍ക്ക് ഒരു ജീവിതത്തില്‍ ( പല ജീവിതങ്ങളിലെയോ?) ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വായ്പാ ഇളവ് ലഭിച്ചിരിക്കുന്നു. ഈ വമ്പന്‍ സഹായം ലഭിക്കുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് ഈ കമ്പനി വിതരണം ചെയ്ത ബോണസ്സ് തിരിച്ചടക്കേണ്ടതില്ലത്രെ. അതുകൊണ്ടാവാം സ്വതന്ത്രവിപണിയുടെ ശക്തനായ വക്താവും റോജര്‍ ഹോള്‍ഡിഗ്‌സ് എന്ന കമ്പനിയുടെ സി‌ഇ‌ഓ യുമായ ജിം റോജേര്‍സ് പറഞ്ഞത്, “ഇത് ധനികര്‍ക്കയുള്ള സോഷ്യലിസം” (It is Socialism for the rich) ആണെന്ന് അദ്ദേഹം പറയുന്നത് ഫെഡറല്‍ റിസര്‍വ് ചെയ്യുന്നത് നികുതി ദായകന്റെ പണമെടുത്ത് ഒരു പറ്റം Bear Stearns വ്യാപാരികളുടെ Maseratis(ആഡംബര കാര്‍) വാങ്ങാനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നാണ്. നൂറു കണക്കിന് ബില്യന്‍ ഡോളറുകളാണ് ഈ കുഴപ്പത്തില്‍ നിന്നും വാള്‍സ്ട്രീറ്റിനെ ഒട്ടാകെ കര കയറ്റാനായി ചിലവഴിക്കുന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നു. ആഗോള കമ്പോളത്തിന്റെ അപ്പസ്തോലന്മാര്‍ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. കപട അവകാശവാദങ്ങള്‍ മാറ്റി വച്ച് അവര്‍ക്ക് യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കേണ്ടി വരുന്നു.

ആസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്‍സാസില്‍ അദ്ധ്യാപകനായ പ്രൊഫസര്‍ ജെയിംസ് ഗാല്‍ബ്രെയിത്ത് ജൂണിയര്‍ കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തില്‍ വിശ്വസിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂന്നു അടിസ്ഥാനപ്രമാണങ്ങള്‍ വളരെ നന്നായി സംഗ്രഹിച്ചിട്ടുണ്ട്. ഒന്ന്: സാര്‍വദേശീയമാണ് എല്ലാ വിജയങ്ങളും . രണ്ട്: എല്ലാ പരാജയങ്ങളും ദേശീയമാണ്. മൂന്ന്: കമ്പോളം വിമര്‍ശനങ്ങള്‍ക്കതീതമാണ്.(One: all successes are global. Two: all failures are national. Three: the market is beyond reproach.)

കഴിഞ്ഞ ഒരു ദശകത്തിലധികമായി നമ്മെ ആവര്‍ത്തിച്ച് വിശ്വസിപ്പിച്ചുകൊണ്ടിരുന്നത് ഇവിടെ നാം നേടിയ എല്ലാ നേട്ടങ്ങളും ഉണ്ടായത് കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തെ നാം രണ്ട് കൈയും നീട്ടി സ്വീകരിച്ചതു കൊണ്ടാണെന്നാണ്. ഇവിടെ ദൃശ്യമായ എല്ലാ കുഴപ്പങ്ങക്കും കാരണമാകട്ടെ നമ്മുടെ ദേശീയമായ ജഡത്വവും (national inertia and corruption) അഴിമതിയും മൂലവും. തീര്‍ച്ചയായും കമ്പോളം അത്തരം എല്ലാ മുറിവുകളെയും ഉണക്കും ! സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് ദൈവനിന്ദയായി കരുതപ്പെട്ടു. എന്നാല്‍ നമ്മുടെ രാജ്യത്തില്‍ ഈ കുഴപ്പങ്ങളെല്ലാം വിതച്ച രാഷ്ട്രങ്ങളാവട്ടെ, ബാങ്കുകളെ ദേശസാല്‍ക്കരിക്കുകയാണ്, കള്ളനെയും കൊള്ളക്കാരനെയും ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടപ്പെടാതിരിക്കാനായി കോടികള്‍ നിര്‍ബാധം ഒഴുക്കുകയാണ്.

ഇന്നിപ്പോള്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന്റെ കാരണം ആഗോള ഘടകങ്ങള്‍ ആണ് എന്നു ആരോപിക്കേണ്ടി വരുന്നത് എന്തായാലും അത്ര സുഖകരമല്ല. ആഭ്യന്തരമായ പരാജയം? നോക്കൂ..നമ്മള്‍ ഇപ്പോള്‍ അവിടേക്ക് പോകണ്ട..ഇത് തെരെഞ്ഞെടുപ്പ് വര്‍ഷമാണ് . ഒന്നിനു പിറകെ ഒന്നായി മന്ത്രിമാര്‍ , കപില്‍ സിബലാണ് ഏറ്റവും ഒടുവിലത്തെ ആള്‍, ആഗോള ഘടകങ്ങള്‍ ആണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യദൌര്‍ലഭ്യത്തിന്റേയും കാരണമെന്ന് നമ്മോട് പറയുന്നു. ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല. ഇതിനേക്കാള്‍ ഒക്കെ രസകരം ലോകബാങ്കും ഐ‌എം‌എഫും ഭക്ഷ്യക്ഷാമത്തെയും അത് സൃഷ്ടിച്ചേക്കാവുന്ന ലഹളകളേയും കുറിച്ച് നല്‍ക്കുന്ന മുന്നറിയിപ്പാണ്. സംഗതികള്‍ ഇത്രത്തോളമെത്തിച്ചതില്‍ അവര്‍ക്കുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലല്ലോ. ഇപ്പോള്‍ ധനകാര്യമന്ത്രി പി ചിദംബരം ആഹ്വാനം ചെയ്യുന്നത് വിലക്കയറ്റത്തെക്കുറിച്ച് ഒരു ആഗോള അഭിപ്രായസമന്വയം ഉണ്ടാകണം എന്നാണ്. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ സാമൂഹ്യസംഘര്‍ഷങ്ങള്‍ ഒരു ആഗോള പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കും, അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര ഭക്ഷ്യമന്ത്രി മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്ക് (മുഖമില്ലാത്ത) ആഗോള ഘടകങ്ങളെ കുറ്റപ്പെടുത്താതിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ശരദ് പവാര്‍ പ്രശ്നങ്ങളുടെ അടിവേര് കണ്ടെത്തിയിരിക്കുന്നത് നമ്മുടെ ഇടയില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ചപ്പാത്തി കഴിക്കുന്നതു കൊണ്ടാണ് ഗോതമ്പിനു ദൌര്‍ലഭ്യം അനുഭവപ്പെടുന്നതത്രെ(DNA page 1, April 2, 2008).വളരെ രസകരമായ വിശദീകരണം, പക്ഷെ അതിനൊരു കുഴപ്പമുണ്ട്. ഡയറ്റില്‍ വരുത്തുന്ന മാറ്റം(dietary change) ഉപഭോഗ സ്വഭാവത്തെ (consumption pattern) സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ് എങ്കിലും അത് സംഭവിക്കുക ദശകങ്ങള്‍ കഴിയുമ്പോഴാണ്. അല്ലാതെ ഒരു സുപ്രഭാതത്തിലല്ല.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഗോതമ്പിനോട് അത്യാര്‍ത്തി രൂപപ്പെട്ടു എന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല.( ദക്ഷിണെന്ത്യക്കാര്‍ ഗോതമ്പിനോടുള്ള അഭിനിവേശം മൂത്ത് തങ്ങളുടെ ഭാവി ഉപയോഗത്തിനായി വന്‍‌തോതില്‍ ശേഖരിച്ച് വച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ശരദ് പവാര്‍ പറയുന്നത് ശരിയാകൂ.)

ആരൊക്കെയോ പൂഴ്ത്തിവക്കുന്നുണ്ട്, അതു തീര്‍ച്ചയാണ്. പക്ഷെ അതു വടക്കും തെക്കുമുള്ള പൊതു ജനമല്ല. കുറച്ചു കാലമായി കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ ഉള്‍പ്പെടെയുള്ള വന്‍‌കിട വ്യാപാരികള്‍ രംഗത്തുണ്ട്. നമ്മുടെ പഴയ കാര്‍ഷികോല്പാദന വിപണന സമിതി നിയമത്തെ (Agricultural Produce Marketing Committees’ Act) ശ്വാസം മുട്ടിച്ച് കൊന്നാണ് നാം ഇതിന് വഴിയൊരുക്കിയത്. കരാര്‍ കൃഷിക്കും കുത്തക കൃഷിക്കും വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് നാം. അതിനിടെ ഇപ്പോള്‍ ഉയര്‍ന്ന മിനിമം സംഭരണ വില( Minimum Support Prices (MSP) ലഭ്യമാണ് എന്നും മറ്റുമുള്ള അധരവ്യായമങ്ങള്‍ വെറും നാട്യമാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു. വാസ്തവത്തില്‍, ഉല്പാദകര്‍ സ്വകാര്യ വ്യാപാരികളുടെ അടുത്തേക്ക് നിര്‍ബ്ബന്ധപൂര്‍വം നയിക്കപ്പെടുകയാണ്. ഇന്നിപ്പോള്‍ പഴയതിലും കുറവ് സംഭരണ കേന്ദ്രങ്ങളേ ഉള്ളൂ. വളരെ വൈകി മാത്രം നടക്കുന്ന സംഭരണവും സംഭരണ വില നല്‍കുന്നത് വച്ചു താമസിപ്പിക്കുന്നതും സര്‍ക്കാര്‍ സംഭരണത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. അങ്ങനെ സംഭരണം ദുര്‍ബലമാവുന്നതിന് ന്യായീകരണമായി നാം പറയുന്നത് കമ്പോളം നമ്മുടെ കര്‍ഷകരുടെ കാര്യം ഭംഗിയായി ശ്രദ്ധിക്കുന്നതുകൊണ്ട് അവരുടെ സ്ഥിതിയിപ്പോള്‍ മെച്ചമാണെന്നും അവര്‍ സര്‍ക്കാരിന് തങ്ങളുടെ ഉല്പന്നങ്ങള്‍ നല്‍കാന്‍ തല്പരരല്ല എന്നുമാണ്.

കര്‍ഷകന് അവന്റെ ഉല്പന്നങ്ങള്‍ അവനിഷ്ടമുള്ളപ്പോള്‍, അവനിഷ്ടപ്പെട്ട വിലയ്ക്ക്, അവനിഷ്ടപ്പെട്ട ആളുകള്‍ക്ക് വില്‍ക്കുവാനുള്ള അവകാശം ലഭിച്ചിരിക്കുന്നു എന്നു കൊട്ടിഘോഷിച്ചുകൊണ്ടാണ് നാം വളരെ ആഘോഷപൂര്‍വമാണ് ഇന്നത്തെ ഈ കൂട്ടക്കുഴപ്പത്തില്‍ എത്തിച്ചേര്‍ന്നത്. വാസ്തവത്തില്‍, ദുരിതക്കയത്തിലകപ്പെട്ട ദശലക്ഷക്കണക്കിന് കര്‍ഷകര്‍, കഴിഞ്ഞ കുറെ സീസണുകളിലായി തങ്ങളുടെ ഉല്പന്നങ്ങള്‍ പൊട്ടവിലക്ക് വിറ്റു വരുകയാണ്. ഓരോ കര്‍ഷകന്റെയും വിലപേശല്‍ശേഷി എന്നൊക്കെ പറയുന്നത് ഒരു വലിയ മിഥ്യയല്ലാതെ മറ്റെന്താണ്?

മൊത്തം സംഭരണം കുറഞ്ഞിരിക്കുന്നു. മിനിമം സംഭരണ വില(MSP) യേക്കാള്‍ കമ്പോളവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ഇതു പ്രതീക്ഷിക്കാവുന്നതാണ്. മിനിമം സംഭരണ വില(MSP) ഉയര്‍ത്തിയ ശേഷവും ഈ സ്ഥിതി തുടരുകയാണ്. കടക്കെണിയിലായ ചില കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഉല്പന്നങ്ങള്‍ക്ക് ചില വ്യാപാരികള്‍ ഉയര്‍ന്ന മിനിമം സംഭരണ വില(MSP) അവകാശപ്പെട്ട ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചെറുകിട വ്യാപാരികളും വലിയ കുഴപ്പത്തിലാണ്. വന്‍സ്രാവുകള്‍ (big boys) ഇവിടെ എത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മതിയായ ഭക്ഷ്യധാന്യം രാജ്യത്തുണ്ടെങ്കിലും അത്ര സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് അവ ലഭ്യമല്ലാത്തത്.

കേന്ദ്രം സംസ്ഥാനങ്ങളോട് പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കണമെന്നു ആവശ്യപ്പെടുന്നത് തന്നെ ആഭ്യന്തരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുകയാണ്. എന്നാല്‍ നാളിതുവരെ ഏതെങ്കിലും വന്‍‌കിട പൂഴ്ത്തി വയ്പ്പുകാരനോ ഊഹക്കച്ചവടക്കാരനോ എതിരെ നടപടി എടുത്തു കണുന്നില്ല. ഇവയില്‍ അനേകായിരം ദല്ലാളുകളിലൂടെ രാജ്യമാകെ വ്യാപിച്ചിരിക്കുന്ന വന്‍‌കിട കോര്‍പ്പറേഷനുകളും ഉള്‍പ്പെടും. ചെറുകിട വ്യാപാരികളില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചില്ലറ റെയിഡുകള്‍ കാര്യമായ ഫലം ചെയ്യില്ല.

ഇതിനിടെ, ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നു വരുന്നതും ആഴത്തില്‍ വേരൂന്നുന്നതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. ( ഓര്‍ക്കുക, അവരുടെ കടന്നു വരവ് കുറഞ്ഞ വിലകള്‍ ഉറപ്പാക്കുമെന്നാണല്ലോ ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നത്. ഇന്നിപ്പോള്‍ മൊത്ത വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം നോക്കിയാല്‍ ആരും അന്തം വിടും.)

ഊഹക്കച്ചവടത്തിനും വിലക്കയറ്റത്തിനും വഴി വയ്ക്കുമെന്നറിഞ്ഞു കൊണ്ടു തന്നെ നാം ചരക്കുകളുടെ അവധി വ്യാപാരത്തെ (commodities futures market ) ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടു വന്നു. ഒരോ ചെറുകിട വ്യാപാരിക്കും ഇതിനെക്കുറിച്ച് പറയാന്‍ ഒട്ടേറെയുണ്ടെന്നുള്ളത് വളരെ രസകരമായി തോന്നാം-പക്ഷെ നമ്മുടെ മാദ്ധ്യമങ്ങളില്‍ അവയൊന്നും പ്രത്യക്ഷപ്പെടുകയില്ലല്ലോ? വാസ്തവത്തില്‍, ലോകമാകമാനം മാര്‍ക്കറ്റുകള്‍ തകരുമ്പോള്‍, കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നത് ധാന്യങ്ങളിലാണ്. അവരുടെ കണക്കു കൂട്ടലുകള്‍ ശരിയാണ് താനും.

പരിഷ്ക്കാരത്തിന്റെ നാളുകളില്‍ നാം ദശലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരെ ഭക്ഷ്യവിളകളുടെ കൃഷിയില്‍ നിന്നും നാണ്യവിളകളുടെ കൃഷിയിലേക്ക് തള്ളിവിട്ടു. ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ഇക്കാലയളവില്‍ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. എന്നു മാത്രവുമല്ല, 2002 ലും 2003 ലും നാം ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യം കയറ്റി അയയ്ക്കുകയും ചെയ്തു. രസകരമായ വസ്തുത, ഇവിടുത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ നിന്നും വസൂലാക്കിയതിലും വില കുറച്ചാണ് നാം അതേ ധാന്യങ്ങള്‍ കയറ്റി അയച്ചത് എന്നതാണ്. കയറ്റി അയക്കാന്‍ കഴിയുമാറ് നമ്മുടെ ധാന്യ ശേഖരം അത്രയേറെ വലുതാണ് എന്നായിരുന്നു അവകാശവാദം . നമ്മുടെ ധാന്യശേഖരം അനുദിനം വളര്‍ന്നത് ധാന്യങ്ങള്‍ കുമിഞ്ഞു കൂടിയതുകൊണ്ടായിരുന്നില്ല , വാസ്തവത്തില്‍ ദരിദ്രനാരായണന്മാരുടെ പൂര്‍ത്തീകരിക്കപ്പെടാത്ത വിശപ്പാണവിടെ ധാന്യശേഖരമായി കുമിഞ്ഞു കൂടിയത്. ദരിദ്രരുടെ വാങ്ങല്‍ശേഷി തകര്‍ന്നു തരിപ്പണമായിരുന്നു.

ഭരണാധികാരികള്‍ധാന്യശേഖരത്തിലെ മിച്ചത്തെക്കുറിച്ചുള്ള വ്യാജ കഥകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. അങ്ങനെ ഭാരിച്ച സബ്‌സിഡി നല്‍കി കയറ്റി അയയ്ക്കപ്പെട്ട നമ്മുടെ ധാന്യ ശേഖരം യൂറോപ്പിലെ കന്നുകാലികള്‍ക്ക് തീറ്റയായി മാറുകയായിരുന്നു.

ഇപ്പോഴത്തെ കുഴമറിച്ചിലില്‍ ഒട്ടും ആശ്ചര്യമില്ല. നമ്മള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ എത്തുമെന്ന് ഉത്സാ പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സൂചിപ്പിച്ചപോലെ, നാം കുറച്ചു കാലമായി സ്വീകരിച്ചു വരുന്ന നടപടികളുടെ ആഘാതങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ (plummeting net per capita availability of foodgrain) യില്‍ കാണാം. 1991ല്‍ 510 ഗ്രാം ആയിരുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ 2005ല്‍ 422 ഗ്രാം ആയി. നമ്മുടെ സമൂഹത്തിലെ മുകള്‍തട്ടിലുള്ള 20 ശതമാനം പേര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അവസ്ഥയിലാണെന്നതുകൊണ്ട് താഴെത്തട്ടിലുള്ളവര്‍ അവര്‍ കുറച്ച് വര്‍ഷം മുന്‍പ് കഴിച്ചിരുന്നതിലും വളരെ കുറച്ച് മാത്രമാണ് ഭക്ഷിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം.

ദരിദ്രവിഭാഗങ്ങളുടെ ഭക്ഷ്യ ഉപഭോഗത്തിലെ കുത്തനെയുള്ള കുറവ് പൊതുവിതരണ സമ്പ്രദായം പടിപടിയായി ഇല്ലാതാക്കുന്നതുമായി ചേര്‍ത്ത് വായിക്കണം. ഒരു വശത്ത് പൊതുവിതരണ സമ്പ്രദായം വെട്ടിച്ചെറുതാക്കപ്പെടുന്നു. മറുവശത്ത്, ബി.പി.എല്‍ കാര്‍ഡ് ആവശ്യമുള്ള ദശലക്ഷങ്ങള്‍ക്ക് അത് നിഷേധിക്കുന്നു. മുംബൈയില്‍ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 0.28 ശതമാനം പേര്‍ക്ക് മാത്രമാണ് ബി.പി.എല്‍ കാര്‍ഡ് ഉള്ളത്. ഇപ്പോഴാകട്ടെ കാര്‍ഡ് ഉള്ളവര്‍ക്ക് തന്നെ വിതരണം നിലച്ചതിനാല്‍ ധാന്യങ്ങള്‍ വാങ്ങാനുമാകുന്നില്ല.

മറ്റൊന്നു കൂടി, നമ്മുടെ കൃഷിമേഖലയെ വിരലിലെണ്ണാവുന്ന കോര്‍പ്പറേഷനുകള്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിലകള്‍ നിയന്ത്രിക്കുന്ന അസ്ഥിരമായ ആഗോള വിപണിയുമായി ബന്ധപ്പെടുത്തുവാനുള്ള ഒരു അവസരവും നാം പാഴാക്കിയിട്ടില്ല. ഇന്ത്യക്കകത്തും അവരുടെ സ്വാധീനം അതിവേഗം വര്‍ദ്ധിച്ചുവരികയുമാണ്. അവരുടെ നിയന്ത്രണം വയലും തോട്ടവാതിലും മുതല്‍ അന്തിമ ഉല്പന്നത്തിന്റെ വിലയും വില്പനയുംവരെയുള്ള കാര്യങ്ങളിലേക്ക് അനുദിനം നീളുകയുമാണ്.

അതിനിടയില്‍ ഓരോ ബജറ്റും ധനികരുടെ ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന “വളര്‍ച്ച”യെന്ന പ്രക്രിയയെ മുന്നോട്ട് കൊണ്ടു പോകുകയാണ്. ഉന്നതര്‍ക്കുള്ള നികുതി ഒഴിവുകള്‍, ഗവര്‍മ്മെണ്ട് ചിലവിലെ വെട്ടിക്കുറയ്ക്കല്‍ ഇവയെല്ലാം താഴെത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

കെട്ടിപ്പൊക്കിയവയൊക്കെ തകര്‍ന്നുവീണുകൊണ്ടിരിക്കുമ്പോഴും ചില യഥാര്‍ത്ഥവിശ്വാസികള്‍ ഒരു രണ്ടാം വരവിനായി കാത്തിരിക്കുകയാണ്. “വിലവര്‍ദ്ധന ദൌര്‍ലഭ്യത്തെ പ്രതിഫലിപ്പിക്കുന്നു, എന്നാല്‍ എവിടെയാണോ ആവശ്യമുള്ളത് അവിടെക്ക് സാധനങ്ങള്‍ വേഗത്തില്‍ എത്തിച്ചുകൊണ്ട് ദൌര്‍ലഭ്യത്തെ നേരിടുകവഴിയാണ് സ്വതന്ത്രവിപണി മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ക്ഷേമ പദ്ധതി എന്ന നിലക്ക് കാര്യക്ഷമമായിരിക്കുക. പക്ഷെ സര്‍ക്കാരുകള്‍ സ്വതന്ത്രവിപണിയെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുകയാണ്.”എന്നാണൊരു മുഖപ്രസംഗം വിലപിക്കുന്നത്.

അതെ , ഒരു ആഗോള പകര്‍ച്ചവ്യാധിക്കായി നമുക്ക് തയ്യാറാകാം.

*

-ശ്രീ. പി. സായ്‌നാഥ് എഴുതിയ Between a rock and a hard place എന്ന ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: ഹിന്ദു ദിനപ്പത്രം.

അധികവായനയ്ക്ക്

ഉത്സ പട്നായിക്കിന്റെ ചില പഠനങ്ങള്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്നത് ദൈവനിന്ദയാണെന്നു നമ്മെ പഠിപ്പിച്ചവര്‍ ഇന്നിപ്പോള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയാണ്, കുറ്റവാളികളെ ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടാതിരിക്കാനായി കോടികള്‍ ചിലവഴിക്കുകയാണ്.

ഏകദേശം 30 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് യു എസ് ഫെഡറല്‍ റിസര്‍വ് Bear Stearns നെ കരകയറ്റിയത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള കടാശ്വാസത്തിന്റെ ഇരട്ടിയോളം വരുമിത്. നവലിബറല്‍ നയങ്ങളുടെയും സ്വതന്ത്ര കമ്പോളത്തിന്റെയും പ്രത്യയശാസ്ത്ര വിശാരദന്മാര്‍ കടാശ്വാസ പദ്ധതിയെ വിശേഷിപ്പിച്ചത് സാമ്പത്തിക ഭ്രാന്ത് അല്ലെങ്കില്‍ തിരുത്താനാവാത്ത തെറ്റ് എന്നാണ്. Bear Stearns നെ രക്ഷപെടുത്തിയതിനെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരു വിധം മയത്തിലാണ് വിമര്‍ശിച്ചത്. Bear Stearns എന്നത് ലോകത്തിലെ ഏറ്റവും വലിയ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നും കടപ്പത്രങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന ദല്ലാള്‍ കമ്പനിയുമാണല്ലോ.

ശ്രീ.പി.സായ്‌നാഥ് എഴുതിയ “between a rock and a hard place" എന്ന ലേഖനത്തിന്റെ പരിഭാഷ.

Rajeeve Chelanat said...

വളരെ പ്രസക്തമായ ലേഖനവും പരിഭാഷയും.

“നമ്മുടെ ധാന്യശേഖരം അനുദിനം വളര്‍ന്നത് ധാന്യങ്ങള്‍ കുമിഞ്ഞു കൂടിയതുകൊണ്ടായിരുന്നില്ല , വാസ്തവത്തില്‍ ദരിദ്രനാരായണന്മാരുടെ പൂര്‍ത്തീകരിക്കപ്പെടാത്ത വിശപ്പാണവിടെ ധാന്യശേഖരമായി കുമിഞ്ഞു കൂടിയത്.“ - എത്ര ശരിയായ നിരീക്ഷണം.

കണ്ടാലും പഠിക്കാത്തവര്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ അറിയണം. അപ്പോഴും കുഴപ്പം, കൊണ്ടറിയേണ്ടിവരുന്നവര്‍ മുകള്‍ത്തട്ടിലുള്ളവരാകില്ല മിക്കപ്പോഴും എന്നതു മാത്രമാണ്.

അഭിവാദ്യങ്ങളോടെ