Tuesday, April 22, 2008

കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത്

സാന്തിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബ്രയിന്‍ ആന്‍ഡ് കോഗ്നിഷന്‍ ഡയറക്ടറും സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സസ് വകുപ്പിലെ പ്രൊഫസറുമാണ് ഡോ. വിളയന്നൂര്‍ രാമചന്ദ്രന്‍ എന്നറിയപ്പെടുന്ന ഡോ. വി എസ് രാമചന്ദ്രന്‍. അച്ഛന്‍ പാലക്കാട്ടുകാരനാണ്. ജനനം ചെന്നൈയില്‍. ഭരണഘടനാ ശില്‍പ്പികളിലൊരാളായ അല്ലാഡി കൃഷ്ണസ്വാമി അയ്യങ്കാരുടെ കൊച്ചുമകനാണ്. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് എംഡി നേടി. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍നിന്ന് പിഎച്ച്ഡി എടുത്തു. സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ 'ഫാന്റംസ് ഇന്‍ ദ ബ്രയിന്‍' 'എമര്‍ജിങ് മൈന്‍ഡ്' എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍സൈക്ളോപ്പീഡിയ ഓഫ് ഹ്യൂമന്‍ ബിഹേവിയറി'ന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ്. ന്യൂസ് വീക് മാഗസിന്‍ അടുത്ത നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെടുന്ന നൂറു പേരില്‍ ഒരാളായി ഈ അമ്പത്തേഴുകാരനെ തെരഞ്ഞെടുത്തിട്ടുണ്ട്.

പത്മഭൂഷണ്‍ ജേതാവായ ഡോ. രാമചന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എകെജി ഹാളില്‍ ഡോക്ടര്‍മാരും കലാകാരന്മാരും പണ്ഡിതരും വിദ്യാര്‍ഥികളും അടങ്ങുന്ന നിറഞ്ഞ സദസ്സുമായി തന്റെ കാഴ്ചപ്പാടുകള്‍ പങ്കിട്ടു. അതിന്റെ സംക്ഷിപ്തം.

ശാസ്ത്രത്തെ ഒരു വശത്തും കല, തത്വശാസ്ത്രം, മാനവികശാസ്ത്രം എന്നിവയെ മറുവശത്തും നിര്‍ത്തുന്നതു ശരിയല്ലെന്നാണ് ഡോ. വി എസ് രാമചന്ദ്രന്‍ പറയുന്നത്. ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത് എന്താണ്? കാഴ്ചക്കാരനെ ഒരു പ്രത്യേക അനുഭൂതി തോന്നത്തക്കവിധത്തില്‍ ഒരു ചിത്രം ഉണ്ടാകുന്നത് എങ്ങനെയാണ്? സംവേദനത്തിന്റെ വ്യാകരണം കണ്ടുപിടിച്ച് അതിനെ ഉദ്ദീപിപ്പിക്കുകയാണ് കലാകാരന്‍ ചെയ്യുന്നത്.

മഞ്ഞ കൊക്കില്‍ ചുവന്ന പുള്ളിയുള്ള കടല്‍ക്കാക്കയുടെ കുഞ്ഞ് ഈ കൊക്കു കാണുമ്പോള്‍ സന്തോഷത്തോടെ ഭക്ഷണത്തിനു വായ പൊളിക്കത്തക്ക രീതിയിലാണ് മസ്തിഷ്കത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ കൊക്കിനുപകരം ഒരു മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകള്‍ ഇട്ട് കാണിച്ചാല്‍ അത് അത്യധികം സന്തോഷത്തോടെ പ്രതികരിക്കും. ഇതുതന്നെയാണ് കലാസ്വാദനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ കടല്‍ക്കാക്കകള്‍ ഒരു ആര്‍ട്ഗ്യാലറി തുടങ്ങിയാല്‍ മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകളുള്ള ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. വലിയ വില കൊടുത്ത് ഇതേ പക്ഷികള്‍ വാങ്ങുകയും അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

വെങ്കലശില്‍പം

ചോളസാമ്രാജ്യകാലത്തെ വെങ്കലശില്‍പ്പങ്ങള്‍ കാണിച്ചുകൊണ്ട് ഡോ. വി എസ് രാമചന്ദ്രന്‍ പറഞ്ഞു. പാശ്ചാത്യകലയില്‍ റിയലിസം മുന്‍പന്തിയില്‍ നിന്ന കാലത്ത് ചോളസാമ്രാജ്യകാലത്തെ ചില വെങ്കലശില്‍പ്പങ്ങള്‍ കണ്ട് ബ്രിട്ടീഷുകാര്‍ അത്ഭുതംകൂറിയിട്ടുണ്ട്. ഇത്ര വലിയ സ്തനങ്ങളോ? ഇത്രയും ഒതുങ്ങിയ അരക്കെട്ടോ, അങ്ങനെയങ്ങനെ. എന്നാല്‍ ശരീരശാസ്ത്രപ്രകാരം ശരിയായില്ലെങ്കിലും അല്‍പ്പം അതിഭാവുകത്വം കാണിക്കല്‍തന്നെയാണ് കലയുടെ ശക്തി. പാര്‍വതിയെയും മറ്റു ദേവിമാരെയും ചിത്രീകരിക്കുന്നത് ശരാശരി സ്ത്രീരൂപഭാവങ്ങളില്‍ നിന്ന് ശരാശരി പുരുഷരൂപം കുറച്ച് സ്ത്രീഭാവത്തെ പെരുപ്പിച്ചു കാണിക്കുമ്പോഴാണ് അത് യഥാര്‍ഥ സ്ത്രീയേക്കാള്‍ കൂടുതല്‍ സ്ത്രീത്വമുള്ളതായി തോന്നുക.

കാണുന്നത് അതുപോലെ ചിത്രീകരിക്കുന്നതല്ല കല. 'സത്യം വെളിപ്പെടുത്തുന്ന നുണയാണ് കല'യെന്ന് വിഖ്യാത ചിത്രകാരന്‍ പിക്കാസോ പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ കാരിക്കേച്ചര്‍ വരയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൂക്ക് വലുതാക്കിയാണ് വരയ്ക്കുക. കാരിക്കേച്ചര്‍ യഥാര്‍ഥ നിക്സനേക്കാള്‍ കൂടുതല്‍ നിക്സനെ ഓര്‍മിപ്പിക്കുന്നു. നിറങ്ങളും എല്ലാ പൂര്‍ണതയുമുള്ള ഒരു ഫോട്ടോ കാണുമ്പോള്‍ ഉണ്ടാകുന്നതേക്കാള്‍ മനുഷ്യനെ ആഹ്ളാദിപ്പിക്കാന്‍ ഈ കാരിക്കേച്ചറുകള്‍ക്കും പെയിന്റിങ്ങിനുമൊക്കെ കഴിയുന്നത് അതുകൊണ്ടാണ്. മൂക്കോ കഷണ്ടിയോ ഒക്കെ പെരുപ്പിച്ചു കാണിച്ചാല്‍ ഒരാളുടെ കാരിക്കേച്ചറായി. ഈ പെരുപ്പിക്കല്‍ കൂടിപ്പോയാല്‍ അതൊരു കോമാളിയുടെ ചിത്രമാകുമെന്നും രാമചന്ദ്രന്‍ പറയുന്നു.

നൂറില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ചില അക്കങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കുമൊക്കെ നിറങ്ങളുണ്ടെന്നു തോന്നും. രണ്ട് എന്ന അക്കത്തിന് അവര്‍ക്ക് പച്ച നിറമാകാം, അഞ്ചിന് ചുവപ്പായും തോന്നാം. ഇതിനെ 'സിനസ്തേഷ്യ' എന്നാണ് വിളിക്കുന്നത്. കവികളിലും കലാകാരന്മാര്‍ക്കുമിടയില്‍ സിനസ്തേഷ്യ ഉള്ളവര്‍ പല മടങ്ങ് കൂടുതലാണ്. തലച്ചോറില്‍ നിറം തിരിച്ചറിയുന്ന കേന്ദ്രവും അക്കത്തിന്റെ രൂപം തിരിച്ചറിയുന്ന കേന്ദ്രവും അടുത്തടുത്താണ്. സിനസ്തേഷ്യ ഉള്ളവരില്‍ ഈ കേന്ദ്രങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധിപ്പിച്ചിരിക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മസ്തിഷ്കത്തിലെ സംവേദനത്തിന്റെ പല കേന്ദ്രങ്ങളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ പരസ്പരബന്ധമുള്ളതുകൊണ്ടാകാം ഒന്നിനെ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മറ്റൊന്നുമായി ബന്ധിപ്പിച്ച് മനോഹരങ്ങളായ രൂപകങ്ങള്‍ ഉണ്ടാക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നത്. ഷേക്സ്പിയര്‍ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ 'ജൂലിയറ്റ് സൂര്യനാണ്' എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ജൂലിയറ്റിനെ സൂര്യനായിത്തന്നെയാണ് ഷേക്സ്പിയര്‍ കാണുന്നത്. കുറഞ്ഞ തോതിലാണെങ്കിലും ഇത്തരം കഴിവ് ഉള്ളതുകൊണ്ടാണ് നമുക്കും കല ആസ്വദിക്കാന്‍ കഴിയുന്നത്.

കുതിരയുടെ ചിത്രം

മസ്തിഷ്കത്തിന് ഒരു സമയത്ത് ഒരു പ്രവൃത്തിയില്‍ മാത്രമേ ശ്രദ്ധിക്കാന്‍ കഴിയൂ. ഒരു ഫോട്ടോയിലെ ഒരുപാട് വിശദാംശങ്ങള്‍ പലപ്പോഴും ശ്രദ്ധ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതിനു പകരം ഒരു രൂപത്തിന്റെ സത്തയെ വെളിപ്പെടുത്തുന്ന ഏറ്റവും കുറച്ചു വരകള്‍ കൊണ്ടുള്ള ഒരു ചിത്രം കൂടുതല്‍ സംവേദനക്ഷമമാകുകയും ചെയ്യുന്നു.

കുറച്ചാണ് കൂടുതല്‍ (ലെസ് ഈസ് മോര്‍) എന്ന കലയിലെ തത്വത്തിന്റെ അടിസ്ഥാനം ഇതാണ്. ഓട്ടിസവും ബുദ്ധിമാന്ദ്യവുമുള്ള നദിയ എന്ന ഏഴു വയസ്സുകാരിക്ക് കുറച്ചു വരകള്‍ ഉപയോഗിച്ചു മനോഹരമായി ചിത്രം വരയ്ക്കാന്‍ കഴിയും. അവളുടെ തലച്ചോറിന്റെ വലതുവശത്തുള്ള കലാപരമായ അനുപാതങ്ങളുടെ കേന്ദ്രം പ്രവര്‍ത്തനക്ഷമമാണ്. പക്ഷേ ഓട്ടിസം എന്ന രോഗംമൂലം തലച്ചോറിന്റെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങളും അവള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ശ്രദ്ധ മുഴുവന്‍ മസ്തിഷ്കത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കാന്‍ അവള്‍ക്കു കഴിയുന്നു. അവള്‍ വരച്ച കുതിരയുടെ ചിത്രം ഡാവിഞ്ചി വരച്ച കുതിരയുടെ ചിത്രത്തേക്കാള്‍ മനോഹരമായി തോന്നുന്നത് അതുകൊണ്ടാണെന്ന് ഉദാഹരണസഹിതം രാമചന്ദ്രന്‍ സമര്‍ഥിക്കുന്നു.

-തയ്യാറാക്കിയത് ലേഖ എസ് കുമാര്‍, കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചിത്രം വരയ്ക്കുമ്പോഴോ ശില്‍പ്പമുണ്ടാക്കുമ്പോഴോ കലാകാരന്റെ മസ്തിഷ്കത്തില്‍ സംഭവിക്കുന്നത് എന്താണ്? കാഴ്ചക്കാരനെ ഒരു പ്രത്യേക അനുഭൂതി തോന്നത്തക്കവിധത്തില്‍ ഒരു ചിത്രം ഉണ്ടാകുന്നത് എങ്ങനെയാണ്? സംവേദനത്തിന്റെ വ്യാകരണം കണ്ടുപിടിച്ച് അതിനെ ഉദ്ദീപിപ്പിക്കുകയാണ് കലാകാരന്‍ ചെയ്യുന്നത്.മഞ്ഞ കൊക്കില്‍ ചുവന്ന പുള്ളിയുള്ള കടല്‍ക്കാക്കയുടെ കുഞ്ഞ് ഈ കൊക്കു കാണുമ്പോള്‍ സന്തോഷത്തോടെ ഭക്ഷണത്തിനു വായ പൊളിക്കത്തക്ക രീതിയിലാണ് മസ്തിഷ്കത്തിന്റെ രൂപകല്‍പ്പന. എന്നാല്‍ കൊക്കിനുപകരം ഒരു മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകള്‍ ഇട്ട് കാണിച്ചാല്‍ അത് അത്യധികം സന്തോഷത്തോടെ പ്രതികരിക്കും. ഇതുതന്നെയാണ് കലാസ്വാദനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഈ കടല്‍ക്കാക്കകള്‍ ഒരു ആര്‍ട്ഗ്യാലറി തുടങ്ങിയാല്‍ മഞ്ഞക്കുഴലില്‍ മൂന്നു ചുവന്ന വരകളുള്ള ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. വലിയ വില കൊടുത്ത് ഇതേ പക്ഷികള്‍ വാങ്ങുകയും അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യും.

സാന്തിയാഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ബ്രയിന്‍ ആന്‍ഡ് കോഗ്നിഷന്‍ ഡയറക്ടറും സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സസ് വകുപ്പിലെ പ്രൊഫസറുമായ ഡോ. വിളയന്നൂര്‍ രാമചന്ദ്രന്‍ എന്നറിയപ്പെടുന്ന ഡോ. വി എസ് രാമചന്ദ്രന്‍ തിരുവനന്തപുരത്ത് ഡോക്ടര്‍മാരും കലാകാരന്മാരുമൊക്കെ അടങ്ങുന്ന സദസ്സിനു മുന്നില്‍ പങ്ക് വെച്ച ചിന്തകളെക്കുറിച്ച് ഒരു കൊച്ചു കുറിപ്പ്.