Tuesday, April 15, 2008

വിമോചനസമരത്തിന്റെ ബാക്കിപത്രം

വിമോചനസമരം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ഡോ. തോമസ് ഐസക് രചിച്ച "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" എന്ന ഗ്രന്ഥമാണ് പുതിയ സന്ദര്‍ഭം. ഇതുവരെ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ പ്രസിദ്ധീകരണം. ഒരു ഗവേഷണഗ്രന്ഥത്തിനുണ്ടാകേണ്ട രണ്ട് പ്രധാന സ്വഭാവങ്ങള്‍ പുതിയ വസ്തുക്കളെ അനാവരണംചെയ്യുകയും പുതിയ ഗവേഷണമേഖലകള്‍ തുറന്നുവയ്ക്കുകയുമാണ്. അമേരിക്കന്‍ ഭരണകൂടം കേരളരാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഇതുവരെ ലഭ്യമല്ലാത്ത തെളിവുകള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ മുഖ്യസംഭാവനയാണ്. അതിനോടൊപ്പംതന്നെ എന്തുകൊണ്ട് വിമോചനസമരത്തിന് ജനപിന്തുണ ലഭിച്ചു എന്നതിന് വിശദീകരണം നല്‍കുകയുംചെയ്യുന്നു. ഈ രണ്ടു മേഖലയിലും ഇനിയും ഏറ്റെടുക്കേണ്ട ഗവേഷണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാമൂഹ്യ സാമ്പത്തികനയങ്ങളോടും ഭരണനടപടികളോടുമുള്ള പ്രതികരണമായിരുന്നു വിമോചനസമരം എന്നതാണല്ലോ പൊതുവിലുള്ള ധാരണ. കാര്‍ഷികബന്ധങ്ങളില്‍ വരുത്തിയ മാറ്റങ്ങളും വിദ്യാഭ്യാസപരിഷ്കാരവും ഭരണസമ്പ്രദായത്തില്‍ വികേന്ദ്രീകരണത്തിന് നല്‍കിയ ഊന്നലുമൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സുപ്രധാനമായ ആദ്യകാല കാല്‍വയ്പുകള്‍ നിലവിലുണ്ടായിരുന്ന അധികാരബന്ധങ്ങളെ അസന്തുലിതമാക്കാന്‍ പര്യാപ്തമായിരുന്നു എന്നതിന് സംശയില്ല. പക്ഷേ, മന്ത്രിസഭ എന്തുചെയ്തു എന്നതിനേക്കാള്‍ എന്തുചെയ്യാന്‍ കഴിഞ്ഞില്ല എന്നത് കൂടുതല്‍ പ്രാധാന്യമുള്ളതാണ്. രണ്ടുകൊല്ലത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് ഭാവിയുടെ വാഗ്ദാനം മാത്രമായിരുന്നു. കേരളസമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നേക്കും എന്നതിന്റെ സൂചന. അത്തരമൊരു പരിവര്‍ത്തനത്തിന് തടയിടാനുള്ള ശ്രമമായിരുന്നു വിമോചനസമരം.

വിമോചനസമരവും എന്തു നേടി എന്നതല്ല എന്തു നേടാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പ്രാധാന്യമര്‍ഹിക്കുന്നത്. നേടിയത് മന്ത്രിസഭയെ അട്ടിമറിച്ചു എന്നതാണ്. പക്ഷേ, വിമോചനസമരത്തിന്റെ അന്തിമമായ ലക്ഷ്യം അതായിരുന്നില്ല. കമ്യൂണിസത്തെ കേരളത്തില്‍നിന്ന് നിര്‍മാര്‍ജനംചെയ്യുക എന്നതായിരുന്നു യഥാര്‍ഥ ലക്ഷ്യം. അമേരിക്കന്‍ കുരിശുയുദ്ധക്കാര്‍ മുതല്‍ മന്നത്ത് പത്മനാഭന്‍വരെയുള്ളവരുടെ അന്തിമ ഉദ്ദേശ്യം അതായിരുന്നു. അവരെല്ലാം പരസ്യമായി പ്രഖ്യാപിച്ച ലക്ഷ്യം. പക്ഷേ ആ 'വിമോചനം' യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കന്‍ ചാരസംഘത്തിനോ കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ നേതൃത്വത്തിനോ കഴിഞ്ഞില്ല. അധികം വൈകാതെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ മടങ്ങിയെത്തി. ഇന്ന് കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയശക്തിയായി വളര്‍ന്നുവരുകയും ചെയ്തിരിക്കുന്നു. അതായത് വിമോചനസമരത്തിന്റെ പ്രഖ്യാപിതലക്ഷ്യം നേടാന്‍ കഴിയാതെപോയി എന്നര്‍ഥം. അങ്ങനെയെങ്കില്‍ വിമോചനസമരം കമ്യൂണിസ്റ്റ് മന്ത്രിസഭയെ സ്ഥാനഭ്രംശം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കമ്യൂണിസ്റ്റ് സ്വാധീനത്തെയും പൊതുസ്വീകാര്യതയെയും പ്രതികൂലമായി ബാധിച്ചില്ല എന്നുവേണം വിലയിരുത്താന്‍. ഈ അര്‍ഥത്തില്‍ വിമോചനസമരം ഒരു വിജയമായിരുന്നില്ല. അതുകൊണ്ട് കേരളരാഷ്ട്രീയത്തിലോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലോ വിമോചനസമരത്തിന് പ്രാധാന്യമില്ലെന്ന് അര്‍ഥമാക്കുന്നില്ല. വിമോചനസമരം കേരള രാഷ്ട്രീയാവബോധത്തിന്റെ വളര്‍ച്ചയില്‍ ഒരു വിള്ളലേല്‍പ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്. ജനാധിപത്യപ്രക്രിയയ്ക്ക് ഒരു തിരിച്ചടിയുമായി. കേരളത്തില്‍ വലതുപക്ഷവല്‍ക്കരണത്തിന് സാമൂഹ്യാടിത്തറ സൃഷ്ടിക്കുകയും ധൈഷണിക മൂലധനം സമാഹരിക്കുകയുംചെയ്തു. അതുകൊണ്ടുതന്നെ വിമോചനസമരത്തെ കേരള രാഷ്ട്രീയത്തില്‍ സുപ്രധാനമായ ഒരു ചരിത്രമുഹൂര്‍ത്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളം കണ്ട ഏറ്റവും നല്ല മന്ത്രിസഭയായിരുന്നു 1957ലേത് എന്നത് കമ്യൂണിസ്റ്റ് വിരുദ്ധര്‍പോലും സമ്മതിക്കുന്നതാണ്. എല്ലാ മന്ത്രിസഭാംഗങ്ങളും പ്രഗത്ഭരും ഭരണപാടവമുള്ളവരുമായിരുന്നു. എങ്കിലും മന്ത്രിസഭയ്ക്കെതിരായി ഒരു വലിയ ജനസമൂഹത്തെ അണിനിരത്താന്‍ വിമോചനസമരത്തിന് സാധിച്ചു. ഇതെങ്ങനെ കഴിഞ്ഞു എന്നതാണ് തോമസ് ഐസക്കിന്റെ ഗവേഷണപ്രമേയം. സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ ഇതുവരെയും തൃപ്തികരമായി നിര്‍വഹിക്കാത്ത ഒരു കര്‍ത്തവ്യമാണിത്. ഏകദേശം മുപ്പത്തഞ്ചു കൊല്ലംമുമ്പ് ജോര്‍ജ് ലിറ്റ എന്ന ഗവേഷണവിദ്യാര്‍ഥി ഈ അന്വേഷണം ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആരംഭിക്കുകയുണ്ടായെങ്കിലും അതിനുശേഷം അധികമൊന്നും മുന്നോട്ടുപോകുകയുണ്ടായില്ല. വിമോചനസമരം എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ വീണ്ടും ഉന്നയിക്കപ്പെട്ടിരിക്കുന്നതിന്റെ സാംഗത്യവും അതുതന്നെ.

ഇത്രയും വലിയൊരു ജനവിഭാഗത്തെ എങ്ങനെ വിമോചനസമരത്തിന്റെ കാലാള്‍പ്പടയാക്കി തെരുവിലിറക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഇ എം എസ് നല്‍കുന്ന ഉത്തരം ഇപ്രകാരമാണ്.

'ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി രണ്ടു വാക്കുകളില്‍ മാത്രമടങ്ങുന്ന ഒരു ചെറുവാചകമാണ്- നുണപറഞ്ഞിട്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയുംപറ്റി എല്ലാംതന്നെ വെള്ളം കൂട്ടാതെ തനി കള്ളം പറഞ്ഞുപരത്തിയിട്ടാണ് അവര്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നത്'.

കമ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര നുണപ്രചാരണമായിരുന്നെന്നും, ഇന്നും ആണെന്നും, ഉള്ളതിന് സംശയമില്ല. പക്ഷേ, ഈ നുണപ്രചാരണത്തിന് ജനങ്ങള്‍ എന്തുകൊണ്ട് ചെവികൊടുത്തു എന്നത് വിശദീകരണം അര്‍ഹിക്കുന്നു. സാമൂഹ്യ-മനഃശാസ്ത്രപരമായ വിശദീകരണവും വിശകലനവും അര്‍ഹിക്കുന്ന ഈ മേഖലയെക്കുറിച്ച് പഠനങ്ങളുണ്ടായിട്ടില്ലെന്ന് പറയാം. മന്ത്രിസഭ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. ഇവയില്‍ പ്രധാനപ്പെട്ടതായി കണക്കാക്കേണ്ടത് സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കിവയ്ക്കുന്നവരുടെയും സാമൂഹ്യാധികാരം കൈയാളുന്നവരുടെയും മനസ്സില്‍ ഉണര്‍ത്തിയ ഭീതിയെയാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്നത് അവരുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയം അവരെ കര്‍മോത്സുകരാക്കി. അവര്‍ നേതൃത്വം കൊടുത്ത വിമോചനപ്രസ്ഥാനം ഈ ചെറിയ വിഭാഗത്തിന്റെ ഭീതിയെ സാമൂഹ്യഭീതിയായി മാറ്റുകയാണ് ചെയ്തത്. ഈ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിഞ്ഞതായിരുന്നു വിമോചനസമരത്തിന്റെ വിജയം. താല്‍പ്പര്യം സമ്പന്നരുടേത്. അത് സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയത് പാവപ്പെട്ടവരും സാധാരണക്കാരും. സമ്പന്നരുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍വേണ്ടി സാധാരണക്കാര്‍ നടത്തിയ പ്രതിരോധമായിരുന്നു വിമോചനസമരം.

ബൂര്‍ഷ്വാസി തങ്ങളുടെ താല്‍പ്പര്യങ്ങളെ സമൂഹത്തിന്റെ താല്‍പ്പര്യമായി മാറ്റുന്ന പ്രക്രിയയെ മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെയായിരുന്നു കേരളത്തിലെ സമ്പന്നവര്‍ഗം തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി ജനങ്ങളെ അണിനിരത്തിയത്. സമ്പന്നരുടെ ഭീതിയെ ഒരു സാമൂഹ്യപ്രതിഭാസമാക്കി മാറ്റാന്‍ ഏറ്റവുമധികം സഹായിച്ചത് ജാതിമതാവബോധമായിരുന്നു. സഭാധ്യക്ഷന്മാരും സമുദായനേതാക്കന്മാരും ഈ അവബോധത്തെ തന്ത്രപൂര്‍വം ഉപയോഗിക്കുകയുംചെയ്തു. അതുവരെയും വളരെയേറെ സ്വാധീനമൊന്നുമില്ലായിരുന്ന മതപുരോഹിതന്മാരും ജാതിനേതാക്കളും 'കേരളസിംഹ'ങ്ങളും 'ഭാരതകേസരി'കളുമായി. അവരെ അങ്ങനെ വളര്‍ത്തിയെടുത്തത് ഈ പ്രസ്ഥാനത്തിന്റെ വൈകാരികതയാണ്.

വിമോചനസമരത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ജാതിമത അവബോധവുമായുള്ള ബന്ധത്തിന്റെ ശക്തമായ ഉദാഹരണമാണ്. അതിനെക്കുറിച്ച് തോമസ് ഐസക് ഇപ്രകാരം പറയുന്നു.

"ജൂണ്‍ അവസാനത്തോടെയാണ് സ്ത്രീകള്‍ സമരത്തില്‍ സജീവമാകാന്‍ തുടങ്ങിയത്. പള്ളിയില്‍ പ്രാര്‍ഥനയും കഴിഞ്ഞ് ജപമാലയുമായിട്ടാണ് ബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ സമരത്തിലേക്ക് നീങ്ങിയത്. പലയിടത്തും പിക്കറ്റിങ്ങിന് നേതൃത്വം നല്‍കാന്‍ അറിയപ്പെടുന്ന നേതാക്കളുടെ ഭാര്യമാരും ഉണ്ടായിരുന്നു. വിമോചനസമരത്തിലെ ഫോട്ടോകളിലെ സ്ത്രീസാന്നിധ്യം വിസ്മയിപ്പിക്കുന്നതാണ്. മതാന്ധതയും ഭക്തിപാരവശ്യവും ഇടകലര്‍ന്നുള്ള ഒരു പ്രത്യേക വികാരത്താല്‍ തള്ളിനീക്കപ്പെട്ട ഈ സ്ത്രീസഞ്ചയത്തിനെ നേരിടുന്നതിന് പൊലീസ് നിസ്സഹായമായിരുന്നു.''

ഈ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാരാണ് വിമോചനസമരത്തിന്റെ അണികളായത്. ജാതിമത പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിനുള്ളില്‍ തളിച്ചിടപ്പെട്ടവര്‍.

വിമോചനസമരത്തിന് മധ്യവര്‍ഗത്തിന്റെയും പിന്തുണ ലഭിച്ചു. അതിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബുദ്ധിജീവികളുടെയും സാംസ്കാരികനായകന്മാരുടെയും സ്വാധീനമായിരുന്നു. കമ്യൂണിസ്റ്റുവിരുദ്ധ സംഘടനയായ കോണ്‍ഗ്രസ് ഫോര്‍ കള്‍ച്ചറല്‍ ഫ്രീഡത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുപറ്റം ബുദ്ധിജീവികള്‍ രംഗത്തുവന്നു. എം ഗോവിന്ദനും സി ജെ തോമസുമായിരുന്നു പ്രമുഖര്‍. കമ്യൂണിസ്റ്റിതര ആധുനികതയും മാനവികതയും ഉയര്‍ത്തിപ്പിടിച്ച ഇവര്‍ “പള്ളിയെയും വര്‍ഗീയവാദികളെയും പിന്‍തിരിപ്പന്മാരെയും ജര്‍മന്‍ സംഘടനയെയും അമേരിക്കന്‍പണം പറ്റുന്ന പ്രസാധകരെയുമാണ് ” കൂട്ടുപിടിച്ചതെന്നത് ഒരു വിരോധാഭാസമാണ്. ഇവരെ സഹായിക്കാന്‍ കേരളത്തിലെ പത്രങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയുംചെയ്തു. തല്‍ഫലമായി കേരളത്തിലെ പൊതുമണ്ഡലം കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണംകൊണ്ട് മുഖരിതമായി. ജാതിമതമേധാവികളും സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും അടങ്ങിയ ഒരു കൂട്ടായ്മ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം ഏറ്റെടുത്തു. തോമസ് ഐസക് പറയുന്നപോലെ “വിമോചനസമരമാസങ്ങളിലെ കൊടുമ്പിരിക്കൊണ്ട കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണം മലയാളിയുടെ സാമൂഹ്യമനസ്സില്‍ ഒരു മസ്തിഷ്കപ്രക്ഷാളനംതന്നെ നടത്തുന്നതിന് പര്യാപ്തമായിരുന്നു.”

ഈ പ്രക്ഷോഭത്തിന് ആവശ്യമായ സാമ്പത്തികസഹായം എവിടെനിന്ന് ലഭിച്ചുവെന്നതിന് അടുത്തിടവരെ തെളിവുകളുണ്ടായിരുന്നില്ല. കേരളത്തില്‍ അമേരിക്കന്‍ ചാരന്മാരുടെ ഇടപെടലുകള്‍ക്ക് തെളിവായി ഉണ്ടായിരുന്നത് പാട്രിക് മൊയ്‌നിഹാന്റെ പ്രസ്താവന മാത്രമായിരുന്നു. തോമസ് ഐസക്കിന്റെ ഗവേഷണത്തിന്റെ ഫലം കേരളത്തിലേക്ക് അമേരിക്കന്‍പണം ഒഴുകിയതിന്റെയും സാമ്രാജ്യത്വ ഇടപെടലുകളുടെയും തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു എന്നതാണ്. ഡോ. ജോര്‍ജ് തോമസിന് കേരളധ്വനി നടത്താന്‍ കൊടുത്ത പണത്തില്‍ അടങ്ങിനില്‍ക്കുന്നതല്ല അമേരിക്കയുടെ കൈകടത്തല്‍ എന്നത് വ്യക്തമാണ്. അമേരിക്കയില്‍നിന്നുവന്ന പണം ആര്‍ക്കൊക്കെ കിട്ടിയെന്നതും എങ്ങനെയൊക്കെ ചെലവഴിച്ചുവെന്നതും ഇനിയും പുറത്തുവരാനിരിക്കുന്നു.

പക്ഷേ, വിമോചനസമരത്തിന്റെ ”നിര്‍മിതി”യില്‍ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നത് ഈ ഗ്രന്ഥം വ്യക്തമായി സമര്‍ഥിക്കുന്നു. പക്ഷേ, ഈ യാഥാര്‍ഥ്യം ആരെയും ഞെട്ടിപ്പിക്കാനിടയില്ല. കാരണം കമ്യൂണിസത്തിനെതിരായ അമേരിക്കയുടെ ഇടപെടലിന് സാക്ഷ്യംവഹിക്കുന്ന രാജ്യങ്ങളുടെ ഒരു വലിയ പട്ടികതന്നെയുണ്ട്. ഗ്വാട്ടിമാല, ബ്രിട്ടീഷ് ഗയാന, ചിലി, വിയറ്റ്നാം, നിക്കരാഗ്വ തുടങ്ങിയ നീണ്ടപട്ടിക. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ അനുഭവം അര്‍ഥവത്താകുന്നത്. കമ്യൂണിസ്റ്റ്വിരുദ്ധ ബുദ്ധിജീവികളും ജാതിമത മേധാവികളും കേരളത്തില്‍ പ്രതിലോമരാഷ്ട്രീയത്തിന്റെ വക്താക്കളായി സജീവമാണിന്ന്. സാമ്രാജ്യത്വത്തിന്റെ ഇടപെടലിന് അവര്‍ കൂട്ടുനില്‍ക്കുകയാണെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

-Dr.കെ എന്‍ പണിക്കര്‍

അവശ്യം സന്ദര്‍ശിച്ചിരിക്കേണ്ട സൈറ്റ്

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ

5 comments:

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ഡോ. തോമസ് ഐസക് രചിച്ച "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" എന്ന ഗ്രന്ഥമാണ് പുതിയ സന്ദര്‍ഭം. ഇതുവരെ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ പ്രസിദ്ധീകരണം. ഒരു ഗവേഷണഗ്രന്ഥത്തിനുണ്ടാകേണ്ട രണ്ട് പ്രധാന സ്വഭാവങ്ങള്‍ പുതിയ വസ്തുക്കളെ അനാവരണംചെയ്യുകയും പുതിയ ഗവേഷണമേഖലകള്‍ തുറന്നുവയ്ക്കുകയുമാണ്. അമേരിക്കന്‍ ഭരണകൂടം കേരളരാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഇതുവരെ ലഭ്യമല്ലാത്ത തെളിവുകള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ മുഖ്യസംഭാവനയാണ്. അതിനോടൊപ്പംതന്നെ എന്തുകൊണ്ട് വിമോചനസമരത്തിന് ജനപിന്തുണ ലഭിച്ചു എന്നതിന് വിശദീകരണം നല്‍കുകയുംചെയ്യുന്നു. ഈ രണ്ടു മേഖലയിലും ഇനിയും ഏറ്റെടുക്കേണ്ട ഗവേഷണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാമൂഹ്യ സാമ്പത്തികനയങ്ങളോടും ഭരണനടപടികളോടുമുള്ള പ്രതികരണമായിരുന്നു വിമോചനസമരം എന്നതാണല്ലോ പൊതുവിലുള്ള ധാരണ. കാര്‍ഷികബന്ധങ്ങളില്‍ വരുത്തിയ മാറ്റങ്ങളും വിദ്യാഭ്യാസപരിഷ്കാരവും ഭരണസമ്പ്രദായത്തില്‍ വികേന്ദ്രീകരണത്തിന് നല്‍കിയ ഊന്നലുമൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സുപ്രധാനമായ ആദ്യകാല കാല്‍വയ്പുകള്‍ നിലവിലുണ്ടായിരുന്ന അധികാരബന്ധങ്ങളെ അസന്തുലിതമാക്കാന്‍ പര്യാപ്തമായിരുന്നു എന്നതിന് സംശയില്ല. പക്ഷേ, മന്ത്രിസഭ എന്തുചെയ്തു എന്നതിനേക്കാള്‍ എന്തുചെയ്യാന്‍ കഴിഞ്ഞില്ല എന്നത് കൂടുതല്‍ പ്രാധാന്യമുള്ളതാണ്. രണ്ടുകൊല്ലത്തില്‍ ചെയ്യാന്‍ ശ്രമിച്ചത് ഭാവിയുടെ വാഗ്ദാനം മാത്രമായിരുന്നു. കേരളസമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നേക്കും എന്നതിന്റെ സൂചന. അത്തരമൊരു പരിവര്‍ത്തനത്തിന് തടയിടാനുള്ള ശ്രമമായിരുന്നു വിമോചനസമരം.
പ്രൊഫസര്‍ കെ.എന്‍.പണിക്കര്‍ എഴുതിയ ലേഖനം.

ഫസല്‍ ബിനാലി.. said...

Pakshe ithu ennaanaavo addeham pinvalikkuka..?
ithinu munpu ADB vaypayekkurichum mattum ezhuthiya pusthakangal oru suprabhaadathil kadakalil ninnu engo poyi maranjirunnu...

Anonymous said...

എന്തോക്കെയായാലും ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ 'സുത്യര്‍ഹമായി' ഭരിക്കുന്നണ്ടല്ലോ! അതു കണ്ടാ മതി.

സമരം ചെയ്യാന്‍ മാത്രം അറിയുന്ന ഒരു വര്‍ഗ്ഗം. എല്ലാ കുറ്റവും കേന്ദ്രത്തിനു്. ഇനിയെങ്ങാനും കേന്ദ്രഭരണം കിട്ടിയാല്‍ പറയും 'ഈ' പ്രശ്നങ്ങളോക്കെ ആഗോളപ്രശ്നമാണെന്നു്.

പഴയകാര്യങ്ങളുടെ പോസ്റ്റ്മാര്‍ട്ടം നടത്താതെ ഇപ്പോള്‍ കേരള ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കു ആറുതി വരുത്താന്‍ എന്തേങ്കിലും ചെയ്യാന്‍ കഴിവുള്ളവര്‍ ഇപ്പോഴത്തെ മന്ത്രി സഭയില്‍ ഉണ്ടോ?

പ്രിയ said...
This comment has been removed by the author.
പ്രിയ said...

വെറുതെ നുണപറഞ്ഞും സമുദായങ്ങളെ ഉപയോഗിച്ചും എല്ലാം ഒരു വിമോചനസമരം ഉണ്ടാക്കി എന്നാണെങ്കില് കമ്മ്യൂണിസം ഉണ്ടാക്കിയെടുക്കാന് നേരത്തും ഇതേ ജനങ്ങളെ തന്നെ അല്ലെ ഉപയോഗിച്ചത്. അന്ന് ജനങ്ങള് എല്ലാം മനസിലാക്കി ആയിരുന്നോ ഇറങ്ങിതിരിച്ചത് ?

"കമ്യൂണിസ്റ്റ്വിരുദ്ധ ബുദ്ധിജീവികളും ജാതിമത മേധാവികളും കേരളത്തില്‍ പ്രതിലോമരാഷ്ട്രീയത്തിന്റെ വക്താക്കളായി സജീവമാണിന്ന്. സാമ്രാജ്യത്വത്തിന്റെ ഇടപെടലിന് അവര്‍ കൂട്ടുനില്‍ക്കുകയാണെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല."

ചരിത്രപരമായ മണ്ടത്തരങ്ങള് ചികഞ്ഞിട്ടും ചികഞ്ഞിട്ടും മതിവരുന്നില്ലേ? കാലഹരണപ്പെട്ടതിനെ പറ്റി എന്നതിനാവോ എന്തോ എങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്?ഈ സാമ്രാജ്യതവും മറ്റും കമ്മ്യുണിസ്റ്റ് തത്ത്വത്തില് ഇപ്പൊ ഉണ്ടോ ആവോ? വിക്രമന് പറഞ്ഞതിനെ ഒന്നെടുത്തു പറഞ്ഞെക്കണേ. വലതു പക്ഷം മെച്ചമെന്നല്ല.പക്ഷെ എല്ലാം കണക്കാണെന്ന് മാത്രം.