Saturday, April 26, 2008

വിധിയും വാര്‍ത്തയും

സുപ്രിംകോടതി 2008 ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച ഒരു വിധി അതീവ ശ്രദ്ധേയമായിരുന്നു. സ്ത്രീപീഡനങ്ങള്‍ക്ക് പുതിയ നിര്‍വചനം മുന്നോട്ടുവെച്ചുവെന്നതാണ് അതിന്റെ ആദ്യ പ്രാധാന്യം. ഭാര്യയുടെ കറുത്ത നിറത്തെ നിരന്തരം കളിയാക്കി അവരെ ആത്മഹത്യയിലേക്ക് നയിച്ച ഭര്‍ത്താവിന് രണ്ടുവര്‍ഷം തടവാണ് കോടതി വിധിച്ചത്. നിറവിവേചനം പ്രകടിപ്പിച്ച ഭര്‍ത്താവിനുള്ള ശിക്ഷയെന്നതുപോലെ ഇത് സമൂഹത്തിനുള്ള മുന്നറിയിപ്പുമാണ്.

വിധിന്യായത്തിനൊപ്പം ചില ശ്രദ്ധേയ നിരീക്ഷണങ്ങളും സുപ്രിംകോടതി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഭാര്യയായാല്‍പോലും കറുത്തനിറത്തിന്റെ പേരില്‍ അപഹസിക്കുന്നത് കടുത്ത മാനസികപീഡനമാണെന്നതാണ് അതിലൊന്ന്. സ്വന്തം ഭാര്യയുടെ നിറത്തെക്കുറിച്ചുള്ള പരാമര്‍ശം മാനസികപീഡനമാവില്ലെന്ന ഭര്‍ത്താവിന്റെ വാദം തിരസ്കരിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ അഭിപ്രായപ്രകടനങ്ങള്‍.

മാനസികമായ സമ്മര്‍ദങ്ങള്‍ ശാരീരിക പീഡനങ്ങളെക്കാള്‍ ഭീകരമാണെന്നും കോടതി കണ്ടെത്തി. ജാതിപരവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരെ ശ്രദ്ധകാട്ടിയതുപോലെ ഇപ്പോള്‍ നിറപ്രശ്നത്തിലും കോടതി അഭിപ്രായം പറഞ്ഞിരിക്കയാണ്.

വെളുപ്പ് സൌന്ദര്യവും കറുപ്പ് വൈരൂപ്യവുമെന്ന പരിചിത സങ്കല്‍പമാണ് ഇന്ത്യന്‍ മനസ്സുകളെപ്പോലും ഭരിക്കുന്നത്. വര്‍ണവിവേചന (അപ്പാര്‍ത്തീഡ്)ത്തിനെതിരെ പ്രതിഷേധത്തിന്റെ കൊടിക്കൂറയുയര്‍ത്തുന്നിടത്താണ് ഇതെന്നോര്‍ക്കണം. നമ്മുടെ സിനിമകളില്‍പോലും വെളുപ്പിനെ പലമട്ടില്‍ പ്രകീര്‍ത്തിക്കുകയാണ്. ചലച്ചിത്രഗാനങ്ങളാകട്ടെ കറുപ്പിനെ എല്ലാ വരികളിലും കുരിശില്‍ക്കയറ്റുന്നു. ഇന്ത്യയിലെ സൌന്ദര്യവര്‍ധകോല്‍പന്ന കമ്പോളം 800 കോടിയുടേതാണെന്നുകൂടി ഓര്‍ക്കണം.

'നിറത്തിലെ തെറ്റുതിരുത്തല്‍' എന്ന് സാമൂഹ്യനിരീക്ഷകര്‍ വര്‍ഗീകരിച്ച ഉപാധികള്‍ ഇന്ത്യയിലാകെ പ്രചാരം നേടുകയാണ്. ലേപനങ്ങളും തെറാപ്പികളും ഇതിന്റെ ഭാഗവുമാണ്.

ഇതോട് ചേര്‍ത്തുവെക്കേണ്ടതാണ് ഗാര്‍ഹികപീഡനം മുന്‍നിര്‍ത്തിയുള്ള ഒരു പഠനം. ഗൃഹഭിത്തികള്‍ക്കകത്ത് നേരിടുന്ന ക്രൂരമായ പീഡനങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും ഏറെ പരിതാപകരമായ അവസ്ഥയിലാക്കിയിരിക്കുന്നുവെന്നാണ് ഒരു പഠനം അടിവരയിടുന്നത്. ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്ത് നടത്തിയ പഠനമാണ് ശ്രദ്ധേയങ്ങളായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്.15 നും 49നുമിടയില്‍ പ്രായമുള്ള 69072 സ്ത്രീകളിലും 12 മുതല്‍ 35വരെ മാസം പ്രായമുള്ള കുട്ടികളിലും നടത്തിയ അന്വേഷണമാണ് പുതിയ നിഗമനങ്ങള്‍ തുറന്നിട്ടുള്ളത്. ഗാര്‍ഹികപീഡനങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീകളില്‍ രോഗസാധ്യതകള്‍ ഏറെയാണെന്ന് പഠനം കണ്ടെത്തുന്നു. ഇത്തരം ക്രൂരതകള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ശരീരഭാരത്തില്‍ വലിയ കുറവ് വരുന്നതായും തെളിവു ലഭിച്ചു.

അമേരിക്കന്‍ ജേണല്‍ ഓഫ് എപിഡിമിയോളജിയില്‍ 2008 മാര്‍ച്ച് 26 ന് പ്രസിദ്ധീകരിച്ച പഠനം, പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ കുട്ടികളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഗാര്‍ഹികപീഡനവും പോഷകാഹാരക്കുറവും തമ്മിലും അഭേദ്യമായ ബന്ധമുണ്ടെന്നും പഠനം പറയുന്നു. ഇതിന് സാക്ഷ്യംവഹിക്കുന്ന കുട്ടികളാകട്ടെ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെവലിച്ചിഴക്കപ്പെടുകയുമാണ്. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ രക്തഘടനയില്‍പോലും വ്യത്യാസങ്ങള്‍ ഉണ്ടാക്കുമത്രേ! മാനസികപീഡനങ്ങള്‍ ഊര്‍ജത്തിന്റെ ചെലവിടലിലും സ്വാധീനം ചെലുത്തുകയാണ്.

സുപ്രിംകോടതിവിധിയും രണ്ടാമതുപറഞ്ഞ പഠനത്തെക്കുറിച്ച വാര്‍ത്തയും അതീവ പ്രാധാന്യമുള്ളവയാണ്. സ്ത്രീപീഡനത്തെയും വിവേചനത്തെയും സംബന്ധിക്കുന്ന ചില പുനര്‍നിര്‍വചനങ്ങള്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുകയാണവ.

2008 ഏപ്രില്‍ ആദ്യയാഴ്ച ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം ഇന്ത്യന്‍ സമൂഹത്തിന്റെയാകെ തലകുനിപ്പിക്കുന്നതാണ്. ബാര്‍വാഡാ പൊലീസ്സ്റ്റേഷന്‍ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ചിക്കന്‍പോക്സ് പടരാന്‍ കാരണമായി എടുത്തുകാട്ടിയ രണ്ട് വിധവകളെ ഗ്രാമീണര്‍ മലം തീറ്റിക്കുകയായിരുന്നു. മനായിദിഹ് ഗ്രാമത്തിലെ രശ്മിദേവിയും സാംമ്രിയുമാണ് ക്രൂരതക്കിരയായത്. ധന്‍ബാദിന് പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് മനായിദിഹ്. സാംമ്രി ദേശസാല്‍കൃതബാങ്കിലെ തൂപ്പുകാരിയാണ്. ഇരുവരുമാണ് ചിക്കന്‍പോക്സ് പടരാന്‍ കാരണമെന്ന അന്ധവിശ്വാസം സംരക്ഷിക്കാനായിരുന്നു മലംതീറ്റിക്കല്‍ ശിക്ഷ. ഇതിനും മൂന്നുദിവസം മുമ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മറ്റൊരു വിധവയെ സവര്‍ണര്‍ നഗ്നയാക്കി നടത്തിക്കുകയുമുണ്ടായി.

രശ്മിദേവിയും സാംമ്രിയും ഗ്രാമത്തിന്റെ ശാപമാണെന്നും അവരുടെ വൈധവ്യമാണ് ചിക്കന്‍പോക്സ് പടരാന്‍ കാരണമെന്നുമായിരുന്നു ശിക്ഷ നടപ്പിലാക്കിയവരുടെ വാദം. സംഭവത്തില്‍ പൊലീസ് കാര്യമായി ഇടപെടാതിരുന്നതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

ശ്രീ. അനില്‍കുമാര്‍ എ വി. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്.

അധിക വായനയ്ക്ക്

A nation possessed

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സുപ്രിംകോടതി 2008 ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ച ഒരു വിധി അതീവ ശ്രദ്ധേയമായിരുന്നു. സ്ത്രീപീഡനങ്ങള്‍ക്ക് പുതിയ നിര്‍വചനം മുന്നോട്ടുവെച്ചുവെന്നതാണ് അതിന്റെ ആദ്യ പ്രാധാന്യം. ഭാര്യയുടെ കറുത്ത നിറത്തെ നിരന്തരം കളിയാക്കി അവരെ ആത്മഹത്യയിലേക്ക് നയിച്ച ഭര്‍ത്താവിന് രണ്ടുവര്‍ഷം തടവാണ് കോടതി വിധിച്ചത്. നിറവിവേചനം പ്രകടിപ്പിച്ച ഭര്‍ത്താവിനുള്ള ശിക്ഷയെന്നതുപോലെ ഇത് സമൂഹത്തിനുള്ള മുന്നറിയിപ്പുമാണ്.

Rajeeve Chelanat said...

കോടതികള്‍ക്ക് നീതിയും ന്യായവും അറിയാമെന്നത് അല്പം ആശ്വാസമേകുന്ന കാര്യം തന്നെയാണ്. പക്ഷേ അതൊരു കീഴ്‌വഴക്കമാക്കാതിരിക്കാനുള്ള ‘വകതിരിവ്’ അവര്‍ക്ക് ആവശ്യത്തിലുമധികമുണ്ടുതാനും.

അഭിവാദ്യങ്ങളോടെ