"ചരിത്രം കുറിച്ച ഈ കുട്ടികള്‍ക്കു മുന്നില്‍ സല്യൂട്ട് ചെയ്യുന്നു.''
1954ല്‍ ഒരുസംഘം കുട്ടികള്‍ ചേര്‍ന്ന് ലോകത്തെ അത്ഭുതപ്പെടുത്തി 'ന്യൂസ്പേപ്പര്‍ ബോയ്' എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ ബ്ലിറ്റ്സ് പത്രം എഴുതിയ വാക്കുകളാണിവ.
മലയാളത്തിലെ ആദ്യ നിയോ-റിയലിസ്റ്റ് ചിത്രമെന്ന വിശേഷണമുള്ള ന്യൂസ്പേപ്പര്‍ ബോയിയുടെ സംവിധായകന് തൃശൂര്‍ സ്വദേശി പി രാമദാസ് ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2007ലെ ജെ.സി.ദാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനായി. അടൂര്‍ ഗോപാലകൃഷ്ണന് ചെയര്‍മാനായും കെ ജി ജോര്‍ജ്, കെ ആര് മോഹനന്, മുരളി, ഡോ. ഓമനക്കുട്ടി, ടി രാധാമണി, ഡോ. വി വേണു എന്നിവര്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ്.
മലയാളത്തിലെ ഏറ്റവും വലിയ സിനിമാബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്കാരം അര്‍ഹതയുള്ള കൈകളില്‍ത്തന്നെയാണ് അര്‍പ്പിക്കപ്പെടുന്നത്. പരീക്ഷണവൈഭവംകൊണ്ടും മൂല്യവിചാരങ്ങള്കൊണ്ടും അര നൂറ്റാണ്ടുമുമ്പ് പി. രാമദാസ് കാണിച്ച ധൈര്യം ഇന്നത്തെ മലയാള സിനിമാശില്പ്പികളില് ഭൂരിപക്ഷവും കാണിക്കുന്നില്ലെന്നതുകൊണ്ടു തന്നെ 54 വര്‍ഷം മുമ്പ് എടുത്ത ഈ ചിത്രം ഇന്ന് കൂടുതല്‍ പ്രസക്തമായിത്തീരുന്നു എന്നു കാണാം.
ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് കുട്ടികള്‍ മാത്രം വേഷമിട്ട 'ന്യൂസ്പേപ്പര്‍ ബോയ്' പി രാമദാസ് കഥയെഴുതി സംവിധാനം ചെയ്തത്. തൃശൂരിലെ മഹാത്മ സ്മാരക സംഘം എന്ന യുവജനസംഘടനയുടെ കലാവിഭാഗമായ ആദര്‍ശ കലാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സിനിമ നിര്‍മിച്ചത്. ഫ്ളാഷ് ബാക്കിലൂടെ ആദ്യമായി കഥപറഞ്ഞ ഈ ചിത്രം ജീവിതാവകാശങ്ങള്ക്കുവേണ്ടി യാചിക്കുന്ന ഒരു പത്രവില്‍പ്പനക്കാരനായ കുട്ടിയുടെ കഥ പറയുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ക്കും നിരുത്സാഹപ്പെടുത്തലുകള്‍ക്കും ഒടുവില്‍ സധൈര്യം ചിത്രമെടുത്തപ്പോള്‍ സംവിധായകന് രണ്ട് കാര്യങ്ങളിലാണ് ഉന്നംവച്ചത്.
ഒന്ന്: യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാണിക്കുന്ന ജീവിതകഥയാവണം അവതരിപ്പിക്കേണ്ടത്.രണ്ട്: കച്ചവടക്കണ്ണോടെയാകരുത് സിനിമയെ സമീപിക്കേണ്ടത്.
ഏറെ ത്യാഗം സഹിച്ച് സിനിമ പൂര്‍ത്തിയാക്കിയെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. 1975 ല്‍ 'നിറമാല' എന്നൊരു ചിത്രംകൂടിയെടുത്തുവെങ്കിലും വെള്ളിത്തിരയിലെ മിന്നുന്ന താരപ്രഭയില്‍ പി രാമദാസിനെ പിന്നെ കണ്ടില്ല. ചലച്ചിത്രോത്സവങ്ങളുടെ വരവോടെയാണ് രാമദാസും ന്യൂസ്പേപ്പര്‍ ബോയും വീണ്ടും സജീവമായി കടന്നുവന്നത്. രാമദാസിനെ ആദരിക്കാനും 'ന്യൂസ്പേപ്പര്‍ ബോയ്' പ്രദര്‍ശിപ്പിക്കാനും അത് കാണാനും ആളുണ്ടായി. ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് ഒരു ഗവേഷണവിഷയം തന്നെയായി.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ ലോകസിനിമയില്‍നിന്ന് ഉത്തേജനം നേടി മലയാളത്തിലെ ആദ്യത്തെ നവ യാഥാര്‍ഥ്യ സിനിമ നിര്‍മിക്കുകയും സംവിധാനംചെയ്യുകയും ചെയ്ത വ്യക്തിയാണ് രാമദാസെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഈ ചിത്രം മലയാളസിനിമയില്‍ മാറ്റത്തിന്റെ കാഴ്ചയും കേള്‍വിയുമായി. കേരളത്തിന്റെ സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് പ്രതികരിച്ച ആദ്യ സിനിമയായിരുന്നു ഇതെന്നും അടൂര്‍ പറഞ്ഞു.
“ഇതിഹാസവും കല്‍പ്പിതകഥകളും ഉള്‍ച്ചേര്‍ന്ന പാക്കനാരുടെ കഥയ്ക്ക് ‘ഫിലിമാറ്റിക് ട്രീറ്റ്മെന്റ്‘ നല്‍കിക്കഴിഞ്ഞു. ഇനി തിരക്കഥയാക്കാം. സിനിമയാക്കണമെന്നുണ്ട്. ഇല്ലെങ്കിലും വിരോധമില്ല.“
ജെ സി ദാനിയേല്‍ അവാര്‍ഡ് നേടിയ സന്തോഷത്തോടെ അയ്യന്തോളിലെ വാടകവീട്ടിലിരുന്ന് പുതിയ സംരംഭത്തെക്കുറിച്ച് പി രാമദാസ് സംസാരിച്ചു.
രാമദാസ് അങ്ങനെയാണ്. ജീവിക്കാന്‍ വക്കീല്‍ ജോലി. കലാപ്രതിഭയുടെ വിലാസം. സിനിമയില്‍ വല്ലപ്പോഴും. സിനിമയെടുത്തതിന്റെ കടം വീട്ടാന്‍ ഭൂസ്വത്ത് വിറ്റതിന്റെ കഥ അദ്ദേഹം ഇങ്ങനെ പറയുന്നു.
“ന്യൂസ്പേപ്പര്‍ ബോയിയുടെ കൊച്ചി രാജ്യത്തെ വിതരണക്കാര്‍ക്ക് കൊടുക്കാന്‍ ചേറൂര് ഏവനൂരില് ഭാഗത്തിനുകിട്ടിയ ഏവനൂര് കൊട്ടാരം വിറ്റു.തിരുവിതാംകൂറിലെ വിതരണക്കാരനു കൊടുക്കാന്‍ വൈക്കത്തുണ്ടായിരുന്ന 50 സെന്റ് തെങ്ങിന് പറമ്പ്. സിനിമയ്ക്ക് ചിലവായത് 1.75 ലക്ഷം. സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ കിട്ടിയത് 30, 000 രൂപ. പക്ഷെ ആ സിനിമക്ക് മാദ്ധ്യമങ്ങളും മറ്റും നല്കിയ ശ്രദ്ധ ചെറുതായിരുന്നില്ല. പറയുന്നത് അല്പം അഹങ്കാരമാണെന്നു തോന്നാം, പക്ഷെ ന്യൂസ്പേപ്പര്‍ ബോയിയില്‍ ഞങ്ങള്‍ ഉപയോഗിച്ച എഡിറ്റിംഗ് രീതിയും ഷോട്ട്സുകളുമാണ് ഇന്നും പല സിനിമകളിലും കാണുന്നത്.“
ശ്രീ. രാമദാസിന് വര്‍ക്കേഴ്സ് ഫോറത്തിന്റെ അഭിനന്ദനങ്ങള്‍.
അധിക വായനയ്ക്ക്
Newspaper Boy:' a flashback to the Fifties
കടപ്പാട്: ദേശാഭിമാനി, ഹിന്ദു, വിക്കിപീഡിയ
1 comment:
"ചരിത്രം കുറിച്ച ഈ കുട്ടികള്‍ക്കു മുന്നില്‍ സല്യൂട്ട് ചെയ്യുന്നു.''
1954ല്‍ ഒരുസംഘം കുട്ടികള്‍ ചേര്‍ന്ന് ലോകത്തെ അത്ഭുതപ്പെടുത്തി 'ന്യൂസ്പേപ്പര്‍ ബോയ്' എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ ബ്ലിറ്റ്സ് പത്രം എഴുതിയ വാക്കുകളാണിവ.
ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2007ലെ ജെ.സി.ദാനിയേല്‍ പുരസ്കാരത്തിന് അര്‍ഹനായ, മലയാളത്തിലെ ആദ്യ നിയോ-റിയലിസ്റ്റ് ചിത്രമെന്ന വിശേഷണമുള്ള ന്യൂസ്പേപ്പര്‍ ബോയിയുടെ സംവിധായകന് തൃശൂര്‍ സ്വദേശി പി രാമദാസിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ഹ്രസ്വമായ ഒരു കുറിപ്പ്.
Post a Comment