Thursday, June 12, 2008

സൌമ്യമായൊരു ഓര്‍മ്മയായി പാലാ

ഒരു പുരുഷായസ്സു മുഴുവനും മലയാളകവിതയ്ക്കായി സമര്‍പ്പിച്ച മഹാകവിയെയാണ് പാലാ നാരായണന്‍നായരുടെ വേര്‍പാടിലൂടെ നഷ്ടമായത്. 1935ല്‍ കവിതയെഴുതാന്‍ തുടങ്ങിയ പാലാ 96-ാം വയസ്സിന്റെ അവശതകളിലും തൂലിക താഴെവച്ചില്ല. മലയാളത്തിന്റെ മണ്ണിനോടും പ്രകൃതിയോടും പച്ചപ്പിനോടും പ്രത്യേക പ്രണയമുണ്ടായിരുന്നു, കവിക്ക്. ഐക്യകേരളത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുന്ന സന്ദര്‍ഭത്തില്‍തന്നെ 'കേരളം'എന്ന കവിതയെഴുതി തന്റെ നിലപാട് പരസ്യമായി അദ്ദേഹം പ്രഖ്യാപിച്ചു. ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവര്‍ക്കൊപ്പം ഒരേ കാലത്താണ് പാലായും മലയാളത്തില്‍ സാന്നിധ്യം തെളിയിക്കുന്നത്. വ്യത്യസ്തമായ വഴികളാണ് പിന്തുടര്‍ന്നതെങ്കിലും കാല്‍പ്പനികവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സമാനതകളിലൂടെ സഞ്ചരിച്ചെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാകവിത്രയത്തിന്റെ വഴികളിലൂടെ തലയെടുപ്പോടെ നടക്കാനാണ് പാലാ ശ്രമിച്ചത്. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും സ്വാധീനം ചില കവിതകളില്‍ കാണാമെങ്കിലും തന്റേതായ ഇടം മലയാളസാഹിത്യത്തില്‍ കരസ്ഥമാക്കാന്‍ പാലായ്ക്ക് കഴിഞ്ഞിരുന്നു. ജീവിതത്തിന്റെ പീഡാനുഭവങ്ങളും പിന്നിട്ട വഴിത്താരകളിലെ സമ്പന്നമായ സൌഹൃദങ്ങളും മനുഷ്യന്റെ വേദനകളെ സംബന്ധിച്ച് എഴുതുന്നതിന് കവിയെ പ്രേരിപ്പിച്ചിരുന്നു.

ആദ്യ കവിതയായ ‘ആ നിഴല്‍’ 1928 ല്‍ പ്രസിദ്ധീകരിച്ചു. 1935 ല്‍ പ്രസിദ്ധീകരിച്ച ’പൂക്കള്‍‘ ആണ് ആദ്യ കവിതാസമാഹാരം. അടിമ, നിര്‍ദ്ധനന്‍, കേരളം വളരുന്നു( എട്ട് ഭാഗം), പാലാഴി, പൌര്‍ണമി, ശിശുഗാനങ്ങള്‍ , മേഘ സഞ്ചാരം, അമൃതകല, അന്ത്യപൂജ, കുഞ്ഞിക്കവിതകള്‍, ആലിപ്പഴം, കസ്‌തൂര്‍ബ, ശാന്തി , വൈഖരി, വിളക്കു കൊളുത്തൂ, പുലരി, സുന്ദരകാണ്ഡം തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍.

ദീര്‍ഘമായ കാവ്യജീവിതത്തിനിടയില്‍ പാലായ്ക്ക് ലഭിക്കാത്ത അവാര്‍ഡുകള്‍ ചുരുക്കമാണ്. രണ്ടായിരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട മഹാകവിയുടെ ഓര്‍മകള്‍ക്കുമുമ്പില്‍ വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.

സ്നേഹമൂര്‍ത്തിയായ കവി: ഒ എന്‍ വി

പാലാ നാരായണന്‍നായര്‍ എന്ന സ്നേഹമൂര്‍ത്തിയായ കവി ഓര്‍മയിലേക്ക് പിന്‍വാങ്ങുമ്പോള്‍, ഒടുക്കത്തെ പക്ഷിയും പറന്നകന്ന സന്ധ്യാകാശത്ത് നോക്കിയിരിക്കുന്ന അനുഭവമാണെനിക്ക്. 1911 എന്ന വര്‍ഷത്തിലാണ് മൂന്ന് പ്രമുഖ കവികള്‍ ഇവിടെ ജനിച്ചത്- ചങ്ങമ്പുഴയും വൈലോപ്പിള്ളിയും പാലായും. ഇന്ത്യയുടെ (കേരളത്തിന്റെയും) ചരിത്രത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ദശകങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. മൂവരും ചേര്‍ന്ന് സമ്പന്നമാക്കിയത് മലയാള കവിതയിലെ ഒരു സുവര്‍ണ കാല്‍പ്പനികയുഗത്തെയാണ്. എങ്കിലും അവര്‍ തമ്മില്‍ സ്വരത്തിലും ശൈലിയിലും മാത്രമല്ല, ജീവിതസമീപനത്തിലും എന്തൊരന്തരം!- എന്ന് നമുക്കത്ഭുതം തോന്നാം. ചങ്ങമ്പുഴയുടെ 'ബാഷ്പാഞ്ജലി' പോലെതന്നെ, എന്റെ തലമുറയിലെ കാവ്യാസ്വാദകരെ അത്യധികം ആഹ്ലാദിപ്പിച്ച ഒരു കവിതാസമാഹാരമായിരുന്നു പാലായുടെ 'പൂക്കള്‍'. തെല്ലുവ്യത്യാസം മാത്രമുള്ള വര്‍ണങ്ങളില്‍ ഒരേതരം പൂക്കള്‍. ചങ്ങമ്പുഴയും പാലായും ജീവിതവ്യഗ്രതകളാല്‍ പട്ടാളക്യാമ്പുകളില്‍ സേവനത്തിന് പോയവര്‍ - ചങ്ങമ്പുഴ, പുണെയിലും പാലാ രണ്ടാം ലോകമഹായുദ്ധത്തിന്റെ കിഴക്കന്‍ മേഖലയിലും - എന്നാല്‍, ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കവിതയായി ഞങ്ങള്‍ ഇഷ്ടംകൊണ്ട് പാടിനടന്ന കവിത, വൈലോപ്പിള്ളിയുടെ 'ആസ്സാം പണിക്കാര്‍' ! - ഒരേ കാലഘട്ടം ഈ മൂന്ന് കവികളിലൂടെ വിടര്‍ത്തിയ കാവ്യപുഷ്പങ്ങള്‍ എത്രമേല്‍ വ്യത്യസ്തമായിരുന്നു. കൂട്ടത്തില്‍, വള്ളത്തോള്‍കവിതയിലെ ദേശാഭിമാനം - കേരളത്തെച്ചൊല്ലിയുള്ള അഭിമാനം പ്രത്യേകിച്ചും - ഒരു തുടര്‍ജ്വാലയായി പാലായുടെ കവിതയില്‍ നാം കാണുന്നു. ഉപജീവനത്തിനുവേണ്ടി കേരളം വെടിഞ്ഞുപോകുന്നവരിലൂടെയും കേരളം വളരുകയാണെന്ന് പാലായാണ് നമ്മെ ഓര്‍മിപ്പിച്ചത്. 'പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്നെഴുതിയ കവി പില്‍ക്കാലത്തായിരുന്നെങ്കില്‍ 'പശ്ചിമസമുദ്രത്തെ കേറിയും കടന്നും ചെന്ന് ' എന്നെഴുതുമായിരുന്നു എന്ന് പറയുവാന്‍ തോന്നുന്നു. പ്രവാസിയുടെ ദുഃഖത്തിന്റെ കയ്‌പുനീര്‍ അദ്ദേഹം കോരിക്കുടിച്ചതാണ് - പക്ഷേ, അത് മധുരപാനീയമായി മാറുന്നു ആ കവിതകളില്‍. എന്നും സ്നേഹംകൊണ്ട് ദുഃഖങ്ങളെയും ദുരിതങ്ങളെയും അതിജീവിക്കാന്‍ ശ്രമിച്ച കവിയാണ് അദ്ദേഹം.

1947ലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിലെ ഓഫീസറായിരുന്ന അദ്ദേഹത്തിന്റെ സൌമ്യവും പ്രശാന്തവുമായ സാന്നിധ്യം അനുഭവിക്കാന്‍ കൊതിച്ച് കോളേജ് ക്ലാസുകള്‍ കഴിഞ്ഞ് ഞാനാ ഓഫീസില്‍ പലപ്പോഴും എത്തുമായിരുന്നു. പിന്നെ, കേരള സാഹിത്യ അക്കാദമി രൂപീകൃതമായപ്പോള്‍, അതിന്റെ ആദ്യത്തെ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതും പാലാ സാറായിരുന്നു. ആ ജോലിയും കഴിഞ്ഞ് അദ്ദേഹം കോളേജ് അധ്യാപകനുമായി. 'കേരളം വളരുന്നു', എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഒമ്പത് ഭാഗങ്ങളായി പുറത്തുവന്നു. കേരളത്തെ സംബന്ധിക്കുന്നതൊന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല എന്നതിന്റെ തെളിവാണാ കാവ്യസമുച്ചയം. ഇന്ന് 'കേരളം വളരുന്നു' എന്നുകേട്ടാല്‍ നാം പെട്ടെന്ന് 'പാലാ' എന്ന കവിയെ ഓര്‍ക്കുന്നു - തിരിച്ചും. 'നിര്‍ധനന്‍' എന്ന കാവ്യത്തില്‍ അദ്ദേഹത്തിന്റെ മനസ്സിനെ എന്നാളും മഥിച്ചിരുന്ന നിസ്വവര്‍ഗസങ്കടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. തന്റേതായ ഒരു വലിയ സമ്പത്ത് മലയാളകവിതയുടെ ഈടുവയ്പില്‍ സമര്‍പ്പിച്ച് തികഞ്ഞ ചാരിതാര്‍ഥ്യത്തോടും സഫലതാബോധത്തോടും ആ കവി - ആ വലിയ മനുഷ്യന്‍ - പടിയിറങ്ങി ഓര്‍മകളുടെ ചക്രവാളത്തിലേക്ക് പോയി മറ്റൊരു യശോജന്മം നേടിയിരിക്കുന്നു. മലയാള ദേശത്തെയും മലയാണ്മയെയും സ്നേഹിക്കുന്ന ഏത് വ്യക്തിക്കും എന്നും സമാരാധ്യനായി അദ്ദേഹം ജീവിക്കും.

കവിതയുടെ അമൃതകല : പ്രഭാവര്‍മ

ഒരു കവിയുടെ അന്ത്യം എന്നതിനേക്കാള്‍ ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് ഇത്. മഹാകവിത്രയത്തിനു തൊട്ടുപിന്നാലെ കടന്നുവന്ന് നമ്മുടെ കാവ്യസംസ്കാരത്തിന്റെ ഓജസ്സും തേജസ്സും നിലനിര്‍ത്തിയ കവികളുടെ ഒരു നിരയുണ്ടായിരുന്നു നമുക്ക്. ആ നിരയിലെ അവസാനത്തെ വ്യക്തിത്വംകൂടി നമ്മെ വിട്ടുപോയിരിക്കുകയാണ് ഇപ്പോള്‍. ചങ്ങമ്പുഴ, വൈലോപ്പിള്ളി, പാലാനാരായണന്‍നായര്‍. ഇവര്‍ മൂവരും ഒരേവര്‍ഷമാണ് ജനിച്ചത്. 1911ല്‍. ഒരുമിച്ചാണ് കാവ്യരംഗത്തേക്കു കടന്നുവന്നത്. ഒരേ ഘട്ടത്തിലാണ് കവിതയില്‍ വളര്‍ന്നുവന്നത്. ചങ്ങമ്പുഴ ആദ്യംപോയി. വൈലോപ്പിള്ളി പിന്നീട്. ഇപ്പോഴിതാ പാലായും.

ഒരു കാവ്യകാലഘട്ടത്തിന്റെ അസ്തമയം ഇവിടെ പൂര്‍ണമാവുകയാണ്. കേരളീയതയായിരുന്നു പാലായുടെ മുഖമുദ്ര. അത് കാവ്യവിഷയത്തില്‍ മാത്രമല്ല, കവിതയുടെ രൂപഘടനയെ നിര്‍ണയിച്ച വാക്കുകളുടെ തെരഞ്ഞെടുപ്പില്‍വരെ പ്രകടമായിരുന്നു. കേരളീയതയെ ഒരു വികാരമായി അദ്ദേഹം മനസ്സിലേക്ക് ആവാഹിച്ചു. ആഗോളവല്‍ക്കരണത്തിന്റെ അധിനിവേശകാലത്തും പാലാക്കവിതയെ പ്രസക്തമാക്കി നിര്‍ത്തുന്നത് ഈ കേരളീയതയാണ്.

തദ്ദേശീയവും വംശീയവും ഗോത്രപരവും ഒക്കെയായ തനിമ അധിനിവേശത്തിന്റെ ശക്തികളെ ചെറുക്കാനുള്ള സ്വത്വാധിഷ്ഠിത പോരാട്ടങ്ങളുടെ ഊര്‍ജഖനിയാണ് എന്നത് ആധുനികകാലത്തിന്റെ കണ്ടെത്തലാണ്. സ്വന്തം മണ്ണില്‍ അടിയുറച്ചുനിന്നുകൊണ്ടും സ്വന്തം സംസ്‌കൃതിയുടെ പൂര്‍വസ്‌മൃതികള്‍ ഉണര്‍ത്തിക്കൊണ്ടും മാത്രമേ അധിനിവേശസംസ്കാരത്തിന്റെ ഭാവുകത്വപരമായ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാനാകൂ എന്നത് പുതിയ കണ്ടെത്തലാണ്. എന്നാല്‍, ഈ പുതിയ കണ്ടെത്തല്‍ പാലാ നാരായണന്‍നായര്‍ പണ്ടേ നടത്തിയിരുന്നു. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് 'കേരളം വളരുന്നു' എന്ന കാവ്യപരമ്പര. കേരളത്തിന്റെയും മലയാളത്തിന്റെയും ആത്മാവുതേടി നടത്തുന്ന ഒരു അന്വേഷണമാണ് അത്. തിരു-കൊച്ചിയും മലബാറും ഉള്‍പ്പെട്ട ഐക്യകേരളം രാഷ്ട്രീയസ്വപ്നമായി കേരളജനതയുടെ മനസ്സിലേക്കു കടന്നുവരുന്നതിനും മുമ്പുതന്നെ കാവ്യസ്വപ്നമായി പാലായുടെ മനസ്സില്‍ മുളപൊട്ടിയിരുന്നു. അന്നേ പാലാ കേരളത്തെക്കുറിച്ച് പാടിത്തുടങ്ങി. ഐക്യകേരളം യാഥാര്‍ഥ്യമായതിനുശേഷവും അദ്ദേഹം കേരളത്തെക്കുറിച്ച് പാടി. കേരളത്തെക്കുറിച്ച് എത്ര പാടിയാലും മതിവരാത്ത മനസ്സായിരുന്നു പാലായുടേത്. അദ്ദേഹം സ്വയം പാടുകയായിരുന്നില്ല. കേരളം അദ്ദേഹത്തെക്കൊണ്ട് പാടിക്കുകയായിരുന്നു. അത് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.

"പാടുന്നുവെന്നോ; ശരിയല്ല കേരളം
പാടിക്കയാണെന്നെയാനന്ദവീണയില്‍'' എന്ന് അല്ലെങ്കില്‍ എഴുതുമായിരുന്നില്ലല്ലോ പാലാ.

'ഭാരതനാട്ടിന്നകത്തും പുറത്തുമായ്
പാരം നടന്നു ഞാന്‍ കണ്ട ഭൂഭംഗികള്‍
കുന്നിച്ചുവെച്ചാലുമാവില്ല, നമ്മുടെ
കുന്നലനാടിനെ കീഴടക്കീടുവാന്‍'

എന്നും അദ്ദേഹം എഴുതി. 'സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന് എഴുതിയ ഇക്‍ബാലിന്റെ പാതയിലായിരുന്നു ആ സഞ്ചാരം. ജീവശ്വാസത്തില്‍വരെ മലയാളിത്തം കൊണ്ടുനടന്നിരുന്ന കേരളീയതയുടെ മഹാകവിയായിരുന്നു മറ്റെന്തിലുമുപരി പാലാ.

'കേരളം വളരുന്നു' എന്ന കാവ്യാവലി അന്ന് പരിചിതമല്ലാത്ത ഒരു പരീക്ഷണമായിരുന്നു കാവ്യരംഗത്ത്. കേരളത്തിന്റെ ബാഹ്യപ്രകൃതിയുടെ വര്‍ണനയില്‍ ഒതുങ്ങിനില്‍ക്കാതെ കേരളീയതയുടെ ആന്തരികമായ ആത്മസത്തയെ അന്വേഷിച്ചുകണ്ടെത്തുന്നതിലേക്കുകൂടി വ്യാപരിച്ചു ആ കാവ്യാന്വേഷണം. കേരളത്തിന്റെ ഓരോ മണ്‍തരിയെയും സ്നേഹിച്ചു പാലാ. മലയാണ്‍മയുടെ ഓരോ ജീവകണത്തെയും സ്വാംശീകരിച്ചു പാലാ.

"ഇവിടെ പിറക്കുന്ന കാട്ടു പുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും'' എന്ന് അദ്ദേഹമെഴുതി.

"ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍'' എന്നും എഴുതി.

കാട്ടുകല്ലില്‍പ്പോലും സനാതനമായ ഒരു ചൈതന്യത്തെ ആവാഹിച്ചുറപ്പിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനു സ്വന്തമായിരുന്നു.

നാലുദിക്കിലേക്കും കണ്ണുതുറന്നിരിക്കുന്ന കാവ്യവ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു പാലാ. പൊള്ളിക്കുന്ന സമകാലിക സംഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍, പ്രത്യയശാസ്ത്ര ചിന്തകള്‍, ശാസ്ത്രനേട്ടങ്ങള്‍ തുടങ്ങി എന്തും ഏതും അദ്ദേഹത്തിന്റെ കവിതയ്ക്കു വിഷയമായി.

തന്റെ കൂട്ടുകാരനായ ചങ്ങമ്പുഴയുടെ മരണത്തെക്കുറിച്ചും തന്റെ വിശ്വാസങ്ങളുടെ നായകനായ ഗാന്ധിജിയുടെ മരണത്തെക്കുറിച്ചും പാലാ കവിതയെഴുതിയിട്ടുണ്ട്. മനുഷ്യന്‍ ചന്ദ്രനിലെത്തിയതിനെക്കുറിച്ചും വിയറ്റ്നാംയുദ്ധത്തെക്കുറിച്ചും കവിതയെഴുതിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പാലാ എഴുതിയത് ഇറാഖില്‍ അമേരിക്കയുടെ പാവഭരണകൂടം സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെതിരെയുള്ള രോഷം പ്രസരിക്കുന്ന കവിതയായിരുന്നു. ഇങ്ങനെ നോക്കിയാല്‍ വിഷയവൈവിധ്യത്തിന്റെ സമൃദ്ധി ആ കാവ്യലോകത്തു കാണാം.

സ്വാതന്ത്ര്യലബ്‌ധിക്കു മുമ്പേതന്നെ കവിതയെഴുതിത്തുടങ്ങിയ പാലാ സ്വാതന്ത്ര്യലബ്‌ധി ആത്യന്തികമായ വിമോചനത്തിനു വഴിതെളിക്കുമെന്നു വിശ്വസിച്ച വ്യക്തിയാണ്. ആ വിശ്വാസം ആ കവിതകളില്‍ പ്രതിഫലിച്ചുനിന്നു. എന്നാല്‍, സ്വാതന്ത്ര്യലബ്‌ധിക്കുശേഷമുള്ള കപടരാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ആ സ്വപ്നത്തിന്റെ കുമിളകളെ തകര്‍ക്കുന്നതായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. അപ്പോള്‍ നിശിതവിമര്‍ശനത്തിന്റെ കൂരമ്പുകളുള്ള രാഷ്ട്രീയ കവിതകള്‍ എഴുതാനും പാലാ തയ്യാറായി.

"മോചനം പരതന്ത്ര ജീവിതത്തിനേക്കാളും മോശം'' എന്ന് അദ്ദേഹം കവിതകളിലൂടെത്തന്നെ പറഞ്ഞുവച്ചു. "നയവും നലവും വിട്ടു'' ഭരിക്കുന്നവരെ തുറന്നുകാണിക്കാന്‍ പാലാ കവിതയെ ആയുധമാക്കി. സ്വാതന്ത്ര്യം തുറുങ്കായി മാറുന്നെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, പാലായുടെ കാവ്യവ്യക്തിത്വം അതിന്റെ സമസ്ത ചൈതന്യദീപ്തികളോടെയും തിളങ്ങിനില്‍ക്കുന്നത് അദ്ദേഹത്തിന്റെ 'അമൃതകല'യിലാണ്. മൃതിയുടെ അന്ധകാരസാഗരങ്ങള്‍ നീന്തി അമൃതത്വത്തിന്റെ പ്രകാശതീരങ്ങളിലെത്താന്‍ മനസ്സിനു കെല്‍പ്പുതരുന്ന വിലപ്പെട്ട കാവ്യമാണ് 'അമൃതകല'.

ഭാവനയുടെ ഹിരണ്‍മയ അനന്ത വിഹായസ്സിനെയും യാഥാര്‍ഥ്യത്തിന്റെ മൃണ്‍മയമായ ഭൂവിതാനത്തെയും തന്റെ കാവ്യകലകൊണ്ട് ബന്ധിപ്പിച്ച കവിയാണ് പാലാ നാരായണന്‍നായര്‍. ഭാവാത്മകവും ഗാനാത്മകവുമായ കേവലകവിതയില്‍ തുടങ്ങി ധ്വന്യാത്മകവും ദാര്‍ശനികവുമായ അതീതകവിതകളിലേക്കു വളര്‍ന്ന ഒരു കാവ്യവ്യക്തിത്വത്തിന്റെ അനുക്രമവികാസമാണ് പോയപതിറ്റാണ്ടുകളില്‍ കേരളം കണ്ടത്. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കാവ്യബോധത്തെയും നവീകരിച്ചു ശക്തിപ്പെടുത്തിയ കുലപര്‍വതസമാനമായ ഒരു വ്യക്തിത്വമാണ് ശൂന്യതയിലേക്ക് പിന്‍വാങ്ങുന്നത്. എങ്കിലും അദ്ദേഹം കവിതയിലൂടെ ഉണര്‍ത്തിയെടുത്ത വെളിച്ചം മലയാളക്കരയുടെ വരുംകാലങ്ങളെ ദീപ്തമാക്കിക്കൊണ്ടേയിരിക്കും.

പാലായുടെ 'അമൃതകല'

'അമൃതകല' എന്ന കവിതയാണ് പാലാ നാരായണന്‍നായരുടെ മാസ്റ്റര്‍പീസ് എന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ളയെ ആത്മഹത്യയിലേക്ക് നയിച്ച ഭഗ്നപ്രണയംപോലൊരു പ്രേമകഥ ഈ സൃഷ്ടിക്ക് പിന്നിലുണ്ട്. ഹൃദയം പൊട്ടിത്തകര്‍ന്നിട്ടും പാലാ പിടിച്ചുനിന്നത് കവിതയിലുള്ള ആത്മസമര്‍പ്പണത്താലായിരുന്നു. "സംസ്‌ക്കാരോജ്വലമായ പൌരുഷമുള്ളതുകൊണ്ടാണ് കയറിനെയോ വിഷത്തെയോ പാലാ ആശ്രയിക്കാതിരുന്നത്. തകര്‍ന്ന ഹൃദയത്തിന്റെ ചോരയൊലിക്കുന്ന ശകലങ്ങളെ വീണ്ടും കൂട്ടിയിണക്കാന്‍ കവിതാ ദേവതയെ ഉപാസിച്ച ഈ കവിക്ക് ഏതു കാട്ടുതീയിലും ഏതു പ്രളയത്തിലും ഏതു കൊടുങ്കാറ്റിലും തന്റേതായ കാഴ്ചപ്പാടിലുറച്ചുനില്‍ക്കാന്‍ കഴിയും''-മഹാകവി ജി പാലായുടെ അന്നത്തെ മനോനിലയെക്കുറിച്ച് പറഞ്ഞു. ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു പാലായുടെ പ്രണയകഥയിലെ നായിക. തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയായിരുന്ന ആ അപ്സരകന്യക പാലായുടെ ഹൃദയത്തില്‍ കടന്നുകൂടി വാസമുറപ്പിച്ചു. ആരാലും വേര്‍പ്പെടുത്താന്‍ കഴിയാത്തവിധം ഒന്നായിപ്പോയ രണ്ടാത്മാക്കള്‍. കോളേജ് വിദ്യാഭ്യാസത്തിന് പോകേണ്ടി വന്നപ്പോള്‍ ആ പെണ്‍കൊടിയ്ക്ക് തന്റെ പ്രണയനാഥനോട് വിടചൊല്ലേണ്ടി വന്നു. വലിയൊരു കുടുംബത്തിന്റെ ഭാരംമുഴുവന്‍ തലയില്‍ പേറിയിരുന്ന ആ യുവാവിന് സ്വയം ശപിച്ചുകൊണ്ട് സ്വന്തം ആത്മാവിലേക്ക് തല പൂഴ്ത്താനേ കഴിയുമായിരുന്നുള്ളു. അതേ സമയം, കൊടിയ പ്രാരാബ്ധങ്ങള്‍ ഭഗ്നപ്രണയത്തെച്ചൊല്ലി ശോകഗാനവും പാടി അലയാന്‍ പാലായ്ക്ക് സാവകാശം നല്‍കിയുമില്ല. വേദന കടിച്ചമര്‍ത്തി ജീവിതമെന്ന വണ്ടി മുന്നോട്ടു ഉന്തിക്കൊണ്ടുപോകാതെ നിവൃത്തിയുണ്ടായിരുന്നില്ലല്ലോ.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബോംബുകളുടെയും ഷെല്ലുകളുടെയും നടുവില്‍ ഭയാശങ്കകള്‍ തീണ്ടാതെ പട്ടാളജീവിതം നയിക്കാന്‍ സഹായിച്ചത് പ്രിയപ്പെട്ടവളുടെ ഓര്‍മകളായിരുന്നു. കവിയുടെ ആത്മാവിന്റെ അന്തര്‍ധാരയായി ആ മൂന്നു നാലു വര്‍ഷക്കാലം ആ ഗാനബിന്ദു തുടിച്ചുകൊണ്ടിരുന്നു. വ്രണിത ഹൃദയത്തിന് ഒരു തൈലലേപനം പോലെയായിരുന്നു ആ ഓര്‍മകളെന്ന് പാലാ അനുസ്മരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണിറിയുന്നത് തന്റെ കാമുകി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായിത്തീര്‍ന്നിരിക്കുന്നുവെന്ന്. എല്ലാ വേദനകളും ആത്മാവിലൊതുക്കി പാലാ മറവിയെ പുല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ നഷ്ടപ്പെട്ടതിനെച്ചൊല്ലി മാഴ്‌കാന്‍ അദ്ദേഹത്തിന് ഏറെ സാവകാശമുണ്ടായിരുന്നില്ല. പാലാ പ്രശസ്ത കവിയായി. കുടുംബനാഥനായി. ഉന്നത ഉദ്യോഗസ്ഥനായി. ഒടുവില്‍ തന്റെ പഴയ കാമുകി പാലായുടെ മുന്നില്‍ വന്നണയുകയും ചെയ്തു. അതിന്റെ ഒരു പ്രത്യേക വഴിത്തിരിവില്‍നിന്നായിരുന്നു 'അമൃതകല'യുടെ ആവിര്‍ഭാവമെന്ന് പാലാ വെളിപ്പെടുത്തിയിട്ടുണ്ട്. പാലാ നാരായണന്‍നായര്‍ കവിത്വത്തിന്റെ പരമസീമ കയറി അമൃതകലയെ ചുംബിക്കുകയാണ് ഈ കവിതയില്‍ എന്ന് ഒരു നിരൂപകന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് വെറുതെയല്ല. ലളിത കോമളപദാവലികള്‍ ചങ്ങമ്പുഴയില്‍നിന്നാണ് പാലായ്‌ക്ക് ലഭിച്ചതെന്ന് പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ചങ്ങമ്പുഴയുടെ ആദ്യ കവിതാസമാഹാരമായ 'ബാഷ്പാഞ്ജലി' പുറത്തിറങ്ങിയ 1935ല്‍ തന്നെയാണ് ലളിതകോമളപദവിലയനത്തില്‍ കിടപിടിക്കുന്ന പാലായുടെ 'പൂക്കള്‍' എന്ന പ്രഥമകൃതിയും പുറത്തിറങ്ങിയതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഭാഷയിലെ 'കേകേയന്‍' : സാംജി ടി വി പുരം

മഹാകവിത്രയത്തിനുശേഷം 1935ലാണ് പാലായും ചങ്ങമ്പുഴയും രംഗത്തെത്തുന്നത്-'പൂക്കള്‍', 'ബാഷ്പാഞ്ജലി' എന്നീ കൃതികളുമായി. പാലായെപ്പോലെ മലയാളത്തില്‍ ഇത്രയും സുദീര്‍ഘമായി കാവ്യരംഗത്ത് പരിലസിച്ച വേറെ ആരുമില്ല. മലയാള ഭാഷ രൂപപ്പെട്ടതിന് ശേഷം ആരാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്കവിത എഴുതിയത്. സംശയം വേണ്ട, അത് മഹാകവി പാലാ നാരായണന്‍നായരാണ്. വള്ളത്തോളിന്റെ ഉത്തമപാരമ്പര്യം അവകാശപ്പെടാവുന്ന ഏകകവിയും പാലായാണ്. 95-ാം വയസ്സിനുശേഷവും അദ്ദേഹം അനുസ്യൂതം കവിതാരചന നിര്‍വഹിച്ചിരുന്നു. ഭാഷയിലെ 'കേകേയനാ'യിരുന്നു അദ്ദേഹം. കേകവൃത്തത്തെ ഇത്രത്തോളം സമ്പന്നമാക്കിയ കവി വേറെയില്ല. പല മലയാള സാഹിത്യകാരന്മാരും പട്ടാളത്തില്‍ പോയിട്ടുണ്ടെങ്കിലും യുദ്ധത്തില്‍ പങ്കെടുത്ത ഏക മലയാള കവി പാലായായിരുന്നു. ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ട് ബര്‍മയിലെ കൊടുങ്കാടുകളില്‍ ഇരുന്ന് രാത്രികാലങ്ങളില്‍ എഴുതിത്തീര്‍ത്ത കാവ്യപുസ്തകങ്ങളാണ് അടിമ, നിര്‍ധനന്‍, പടക്കളം എന്നിവ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ രാഘവന്‍ അന്ന് പട്ടാളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനത്താലാണ് മഹാകവി നിര്‍ധനന്‍ എഴുതിയത്.

നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു പാലാ. ഒരിക്കല്‍ കവിയുടെ വീട്ടില്‍ ഒരു സംഭവമുണ്ടായി. ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കവി. വിശാലമായ പുരയിടത്തിലെ ഒരു വൃക്ഷത്തില്‍ കുറേ കാക്കകള്‍ ഒരു മരംകൊത്തിയെ സംഘം ചേര്‍ന്ന് കൊത്തുന്നത് കവി കണ്ടു. വയോവൃദ്ധനായ കവിക്ക് കസേരയില്‍നിന്ന് എഴുന്നേല്‍ക്കുവാനോ പുറത്തേക്ക് നടക്കുവാനോ സാധ്യമായിരുന്നില്ല. അപ്പോഴാണ് ഞാനവിടെ ചെല്ലുന്നത്. ഉടന്‍ എന്നോട് ആജ്ഞാപിച്ചു, എളുപ്പം ചെന്ന് മരംകൊത്തിയെ രക്ഷപ്പെടുത്തുവാന്‍. ഞാന്‍ ഓടിച്ചെന്ന് മരംകൊത്തിയെ എടുത്ത് കവിയുടെ അടുക്കലെത്തി. അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന മകന്‍ ശ്രീകുമാറിനോട് മഞ്ഞള്‍ കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞു. കവി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മഞ്ഞള്‍ പുരട്ടി മരംകൊത്തിയെ പരിചരിച്ചു. എങ്കിലും അധികം താമസിയാതെ മരംകൊത്തി ജീവനറ്റ് വീണു. കവിയിരുന്ന് കരയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മനുഷ്യനെയും പ്രകൃതിയെയും പക്ഷിമൃഗാദികളെയും മഹാകവി ഒരുപോലെ സ്നേഹിച്ചിരുന്നു. അദ്ദേഹം മലയാളികള്‍ക്ക് മഹാകവിയും എനിക്ക് ഗുരുനാഥനുമാണ്.

(മഹാകവിയുടെ റൈറ്ററും സഹചാരിയുമായിരുന്നു ശ്രീ സാംജി ടി വി പുരം‍).

മലയാളികളുടെ പ്രിയപ്പെട്ട മഹാകവിയുടെ ഓര്‍മകള്‍ക്കുമുമ്പില്‍ വര്‍ക്കേഴ്സ് ഫോറം ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

*
കടപ്പാട്: വിവിധ മലയാള പത്രങ്ങള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു പുരുഷായസ്സു മുഴുവനും മലയാളകവിതയ്ക്കായി സമര്‍പ്പിച്ച മഹാകവിയെയാണ് പാലാ നാരായണന്‍നായരുടെ വേര്‍പാടിലൂടെ നഷ്ടമായത്. 1935ല്‍ കവിതയെഴുതാന്‍ തുടങ്ങിയ പാലാ 96-ാം വയസ്സിന്റെ അവശതകളിലും തൂലിക താഴെവച്ചില്ല. മലയാളത്തിന്റെ മണ്ണിനോടും പ്രകൃതിയോടും പച്ചപ്പിനോടും പ്രത്യേക പ്രണയമുണ്ടായിരുന്നു,

ദീര്‍ഘമായ കാവ്യജീവിതത്തിനിടയില്‍ പാലായ്ക്ക് ലഭിക്കാത്ത അവാര്‍ഡുകള്‍ ചുരുക്കമാണ്. രണ്ടായിരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട മഹാകവിയുടെ ഓര്‍മകള്‍ക്കുമുമ്പില്‍ വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.