Tuesday, August 5, 2008

വിലക്കയറ്റവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും

ആണവക്കരാറും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വവും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടന ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ പ്രതിസന്ധി വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഉദാരവത്ക്കരണ - ആഗോളവത്ക്കരണ നയങ്ങള്‍ക്കു തുടക്കമിട്ടതിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും തീഷ്ണമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്. പണപ്പെരുപ്പത്തിന്റെ നിരക്ക് സര്‍വ്വ നിരീക്ഷകരേയും ഞെട്ടിപ്പിച്ചുകൊണ്ട് തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെട്രോളിയം വിലവര്‍ദ്ധനവിന്റെ ആഘാതം പൊതുവിലനിലവാരത്തില്‍ പ്രതിഫലിച്ചുകഴിഞ്ഞതിനുശേഷം തുടര്‍ന്നുവരുന്ന ആഴ്ചകളില്‍ പണപ്പെരുപ്പനിരക്ക് കുറയും എന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുന്നു. വിലനിലവാരം കുതിച്ചുയരുന്നതിന്റെ നേരെ എതിര്‍ദിശയിലാണ് ഓഹരിവിലകളുടെ സഞ്ചാരം. ഇന്ത്യന്‍ ഓഹരി വിപണി അഭൂതപൂര്‍വ്വമായ തകര്‍ച്ചയെ നേരിടുകയാണ്. വിദേശനാണയ കമ്പോളത്തില്‍ ഇന്ത്യന്‍ രൂപയുടെ നിലയും പരുങ്ങലിലായിരിക്കുകയാണ്. രൂപയുടെ വിനിമയമൂല്യം ഇടിയാന്‍ ആരംഭിച്ചിരിക്കുന്നു. സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കിലും ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വ്യവസായ വളര്‍ച്ച ഏതാണ്ട് നിലച്ച മട്ടാണ്.

വിലക്കയറ്റത്തിന്റെയും, പൊതുസാമ്പത്തിക തകര്‍ച്ചയുടെയും അന്തരീക്ഷം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴിലാളികളേയും, കൃഷിക്കാരേയും മറ്റ് ചെറുകിട ഉത്പാദകരേയും ആയിരിക്കും എന്നത് സുവിദിതമാണ്. ഒരു തരത്തില്‍ നോക്കിയാല്‍ വിലക്കയറ്റം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉടമകള്‍ തമ്മില്‍ അരങ്ങേറുന്ന ഒരു മത്സരഓട്ടമാണ് എന്നു പറയാം. ഈ മത്സരഓട്ടത്തില്‍ ഏതെല്ലാം സാധനങ്ങളുടെയും കൂടുതല്‍ ഉയരുന്നത് അവയുടെ ഉടമകളാവും നേട്ടം കൊയ്യുക. വിലകള്‍ കേവലമായോ, ആപേക്ഷികമായോ കുറയുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഉടമസ്ഥര്‍ അഥവാ ഉത്പാദകര്‍ പിന്നോട്ടടിക്കപ്പെടും എന്ന കാര്യവും ഏറെക്കുറെ തീര്‍ച്ചയാണ്. ഉദാഹരണത്തിനു കൂലിയുടെ കാര്യമെടുക്കാം. തൊഴിലാളികളുടെ അധ്വാനശേഷി വില്‍ക്കുമ്പോള്‍ അവര്‍ക്കു ലഭിയ്ക്കുന്ന പ്രതിഫലമാണ് കൂലി. പൊതുവിലനിലവാരം കൂടുന്ന മുറയ്ക്കു കൂലിയില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനം കുറയുന്നു എന്നാണ്; അവരുടെ വാങ്ങല്‍ കഴിവും, ജീവിതനിലവാരവും ഇടിയുന്നു എന്നാണ്. അതുകൊണ്ടാണ് വിലക്കയറ്റത്തെ ഒളിപ്പിച്ചുവെച്ച നികുതിയായും പോക്കറ്റടിയായും മറ്റും പലരും വിശേഷിപ്പിക്കുന്നത്.

പൊതുവിലനിലവാരം ഉയരുന്നതിലും ഉയര്‍ന്ന നിരക്കില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ത്താന്‍ കഴിയുന്നവര്‍ വിലക്കയറ്റത്തിന്റെ മത്സരഓട്ടത്തില്‍ വിജയിക്കുകയും മറ്റുള്ളവരുടെ ചെലവില്‍ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യും. വിപണികളെ വരുതിയില്‍ നിര്‍ത്താനുള്ള കുത്തകശക്തിയും, ഭരണകൂടപിന്തുണയും ഉള്ള കോര്‍പ്പറേറ്റ് ഭീമന്മാരും, പൂഴ്ത്തിവെയ്പുകാരും, കരിഞ്ചന്തക്കാരുമായിരിക്കും സ്വാഭാവികമായും ഈ പ്രക്രിയയുടെ ഗുണഭോക്താക്കള്‍. വിലക്കയറ്റത്തിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധി മുറുകുകയും, ഉത്പാദനം ഇടിയുകയും, തൊഴിലില്ലായ്മ പെരുകുകയും ചെയ്യുമ്പോള്‍ അതിന്റെ പ്രത്യാഘാതവും പേറേണ്ടിവരുക തൊഴിലാളികളും, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരിക്കും.

ഇന്നു രാജ്യം നേരിടുന്ന വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ജീവിത ദുരിതങ്ങളുടെയും ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കേണ്ടത്? ഈ ചോദ്യത്തിനു ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും, പൊതുസാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാവാന്‍ സാധ്യതയുള്ള അഥവാ അവയുടെ പരിഹാരത്തിനു ഉപകരിക്കേണ്ട എല്ലാ സ്ഥൂലതല (Macro) സാമ്പത്തിക അധികാരങ്ങളും ഭരണഘടന പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സമ്പദ്ഘടനയുടെ സ്ഥിതിയേയും ഗതിയേയും നിര്‍ണയിക്കുന്ന ഈ അധികാരങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഇംഗിതമനുസരിച്ചു യാതൊരു ലോഭവുമില്ലാതെ എടുത്തു പ്രയോഗിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ തങ്ങളുടെ സാമ്പത്തിക അധികാര പ്രയോഗത്തിന്റെ വിപരീത പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനോ പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനോ കേന്ദ്രത്തില്‍ അധികാരം കയ്യാളുന്നവര്‍ തയ്യാറല്ല. മറിച്ചു വിലക്കയറ്റത്തിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും ഭാരം സംസ്ഥാന സര്‍ക്കാരുകളുടെയും, ജനങ്ങളുടെയും ചുമലില്‍ കെട്ടിവച്ച് തടിതപ്പാനാണ് നോക്കുന്നത്. കേന്ദ്രത്തെ അപേക്ഷിച്ച് ജനസമാന്യത്തോട് ഏറ്റവും അടുത്ത തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ ഇത് വലിയ ധര്‍സസങ്കടത്തിലാണ് പെടുത്തുക. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വവും, അതിന്റെ അധികഭാരവും ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

വിലക്കയറ്റത്തിന്റെ പ്രശ്നത്തെ കുറച്ചുകൂടി വിശദമായി പരിശോധിക്കുന്നതിന് ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്. വിലക്കയറ്റത്തെ ഒരു സൂക്ഷ്മതല (Micro) അഥവാ പ്രാദേശിക പ്രശ്നമായി കണാന്‍ ഉച്ചക്കിറുക്കുള്ളവര്‍ക്കേ കഴിയൂ. ഒരു ഗ്രാമപഞ്ചായത്തിനേയോ, നഗരസഭയെയോ, സംസ്ഥാനത്തേയോ അതിന്റെ ഉത്തരവാദിത്വം കെട്ടിയേല്‍പ്പിക്കാനും ആവില്ല. വിലക്കയറ്റത്തിനു കാരണമായി സാമ്പത്തികശാസ്ത്രം ചൂണ്ടികാണിക്കുന്ന ഘടകങ്ങള്‍ എല്ലാംതന്നെ സ്ഥൂലതലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സൂക്ഷ്മതലത്തില്‍ അവ അപ്രസക്തമാണ് എന്നുതന്നെ പറയാം. ഉദാഹരണത്തിന് പണത്തിന്റെ ലഭ്യത അഥവാ പ്രദാനം വിലനിലവാരത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. പണലഭ്യതയെ തീരുമാനിക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും റിസര്‍വ് ബാങ്കിലും, കേന്ദ്രസര്‍ക്കാരിലും നിക്ഷിപ്തമാണ്. പണലഭ്യതയുടെ പൊന്നുരുക്കുന്നിടത്ത് സംസ്ഥാനങ്ങള്‍ക്കു സ്ഥാനമില്ലതന്നെ. ഇത് തന്നെയാണ് പൊതുവില നിലവാരത്തെ നിശ്ചയിക്കുന്ന മറ്റു ഏതാണ്ടെല്ലാ ഘടകങ്ങളുടെയും സ്ഥിതി. ഇതുതന്നെയാണ് സ്വാഭാവികമായും പണപ്പെരുപ്പത്തിന്റെ പരിഹാരമാര്‍ഗ്ഗങ്ങളുടെ കാര്യവും. പണപ്പെരുപ്പത്തിന് ഒരു ഗ്രാമത്തില്‍, അഥവാ നഗരത്തില്‍ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തു മാത്രമായി പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ കേരളത്തില്‍ മാത്രം എല്ലാ വിലകളും പൊതുവെ കുറഞ്ഞിരിക്കുന്ന ഒരു സ്ഥിതി ഉണ്ടാവാന്‍ കഴിയില്ലല്ലൊ. അഥവാ ഉണ്ടായാല്‍തന്നെ സ്ഥായിയായി നില്‍ക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ വിലക്കയറ്റത്തിനു ദേശീയമായ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണുള്ളത്. ദേശീയനയങ്ങളുടെ ഫലമായുണ്ടാകുന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ദേശീയ ഗവണ്‍മെന്റിന്റെ തലത്തില്‍ തന്നെ പരിഹാരവും കാണണം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ജനങ്ങളുമായി കൂടുതല്‍ അടുത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ തലം എന്ന നിലയ്ക്കു സംസ്ഥാനത്തിനു ജനങ്ങളുടെ ദുരിതം വെറുതെ കണ്ടുനില്‍ക്കാനോ നിസ്സംഗത നടിക്കാനോ കഴിയില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ആകെ ചെയ്യാന്‍ കഴിയുക ആശ്വാസ നടപടികള്‍ സ്വീകരിക്കുകയാണ്.

പൊതുനിലവാരം കുറച്ചു കൊണ്ടുവരാനല്ല മറിച്ച് ഉയര്‍ന്ന വിലകളുടെ ആഘാതത്തില്‍ നിന്നും സാധാരണജനങ്ങളെ രക്ഷപ്പെടുത്താനുള്ള ഇടപെടലാണ് പലപ്പോഴും സംസ്ഥാനങ്ങള്‍ ചെയ്യുക. കമ്പോളവില നല്‍കി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സബ്സിഡി നല്‍കി വിലകുറച്ചു സാധാരണക്കാര്‍ക്കു നല്‍കുന്നത് ഇത്തരമൊരു പ്രവര്‍ത്തനമാണ്. റേഷന്‍കടകള്‍, മാവേലിസ്റോറുകള്‍, നീതിസ്റോറുകള്‍, കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ തുടങ്ങിയവയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് ഉയര്‍ന്ന വിലകളുടെ ഭാരം ഏറ്റെടുക്കുകയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കേന്ദ്രം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ ഭാരം സംസ്ഥാനം ഏറ്റെടുക്കുകയാണ്. സ്വാഭാവികമായും വിലക്കയറ്റത്തിന്റെ ഇന്നത്തെ അന്തരീക്ഷത്തില്‍ സാധാരണ ജനങ്ങള്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ചു നല്‍കാനുള്ള സംസ്ഥാനത്തിന്റെ ചിലവ് ഗണ്യമായി വര്‍ധിക്കും.

വിലക്കയറ്റം സംസ്ഥാന ഖജനാവിന്റെ ചെറുതല്ലാത്ത ഒരു ഭാഗം കാര്‍ന്നുതിന്നും എന്നര്‍ത്ഥം. ഇതിനു പുറമെ വിലക്കയറ്റംമൂലം ഭരണ-വികസനച്ചെലവുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവിന്റെ അധികഭാരവും സംസ്ഥാനം പേറേണ്ടിവരും. വികസന പ്രവര്‍ത്തികള്‍ക്കുവേണ്ടി ഒരു വര്‍ഷം മുന്‍പു തയ്യറാക്കിയ എസ്റ്റിമേറ്റു തുകയില്‍ 30 മുതല്‍ 50 ശതമാനം വര്‍ധനവു വരുത്തേണ്ട ഗതികേടിലാണ് സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്നത്. സിമന്റിന്റെയും, കമ്പിയുടെയും, മറ്റ് നിര്‍മ്മാണ സാമഗ്രികളുടെയും വില വര്‍ദ്ധനവാണ് ഇതിനു കാരണം. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത, യാത്രാച്ചെലവുകള്‍ തുടങ്ങി എല്ലാ ചെലവിനങ്ങളിലും വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചെലവിലെ ഈ വര്‍ധനവിനു ആനുപാതികമായി വരവു വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധനകാര്യ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കില്ല എന്നാണ് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധങ്ങളുടെ ഒരു വലിയ ന്യൂനത. വരുമാനം ഉണ്ടാക്കാനുള്ള അധികാരത്തില്‍ മുന്തിയ പങ്കും ഭരണഘടനപ്രകാരം കേന്ദ്രത്തിനു അവകാശപ്പെട്ടതാണ്. ഇങ്ങനെ കേന്ദ്രം സമാഹരിക്കുന്ന വിഭവങ്ങളില്‍ നിന്നുള്ള സംസ്ഥാനങ്ങളുടെ ഓഹരി കിട്ടിയിട്ടുവേണം സംസ്ഥാനങ്ങള്‍ക്കു അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വങ്ങളും വിഭവവസമാഹരണത്തിനുള്ള അധികാരങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേടു എല്ലാവരും അംഗീകരിക്കുന്ന ഒരു പ്രതിഭാസമാണ്, ഈ പൊരുത്തക്കേടിനുള്ള പരിഹാരം എന്ന നിലയ്ക്കാണ് ഭരണഘടനാശില്‍പികള്‍ ഓരോ അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ധനകാര്യകമ്മീഷനെ നിയമിക്കാന്‍ ഭരണഘടനയില്‍ തന്നെ വ്യവസ്ഥചെയ്തിരിക്കുന്നത്. പക്ഷെ, കേന്ദ്രം നേരിട്ടു നിയമിക്കുന്ന ധനകാര്യകമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഓഹരി അവയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഉയര്‍ത്താന്‍ തയ്യാറായിട്ടില്ല. മറിച്ച് ധനകാര്യകേന്ദ്രീകരണത്തിനു കൂട്ടുനില്‍ക്കുകയാണ് ധനകാര്യകമ്മീഷനുകള്‍ പൊതു വെ ചെയ്തുവന്നിട്ടുള്ളത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധി യും കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധങ്ങള്‍ കൂടുതല്‍ അസമവും അസന്തുലിതവും ആക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

*
ഡോ. കെ.എന്‍.ഹരിലാല്‍

അധിക വായനയ്ക്ക്

Public distribution system and social exclusion

Ration cut aimed at destroying PDS: Patnaik

Undermining a fine system?

A successful system under threat

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നു രാജ്യം നേരിടുന്ന വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ജീവിത ദുരിതങ്ങളുടെയും ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കേണ്ടത്? ഈ ചോദ്യത്തിനു ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനും, പൊതുസാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാവാന്‍ സാധ്യതയുള്ള അഥവാ അവയുടെ പരിഹാരത്തിനു ഉപകരിക്കേണ്ട എല്ലാ സ്ഥൂലതല (Macro) സാമ്പത്തിക അധികാരങ്ങളും ഭരണഘടന പ്രകാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?

ഡോ.കെ.എന്‍.ഹരിലാല്‍ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.

keralainside.net said...

Your post is being listed by www.keralainside.net.
Under appropriate category. When ever you write new blog posts , please submit your blog post category details to us. Thank You..

Anonymous said...

If the central pay commission is implemented and state govt forced to implement here it is going to be more difficult. The only way is to reduce govt expenditure, which may not be possible even Jayalalitha who took a tough decision faced an electoral defeat and none would dare to make enemy with organised sector. In fact the pension and salary for govt employees are eating a lot of state govt money. Due to advance of medical technology now pensioners live more than the period in which they served govt, and govt is forced to pay more than what they earned as salary.

The state govt may discard education sector altogether and introduce pay clinics in Govt Hospitals for those who can affoard. Still situation is grave, but states cannot be given the powers of central govt, as it may lead to misuse and inefficiency and end up in chaos.

No populist govt can give any solution for this, as the decisions are tough and none would dare to make it.