Thursday, January 1, 2009

ദാവീദിന്റെ നക്ഷത്രം

മരണമേ മരണമേ നിന്നെ ഞാനറിവതി-
ല്ലീ ബോംബ് കണ്മുന്നില്‍ ഛേദിച്ച കാലുകള്‍ ,
കബന്ധങ്ങളെന്‍ നേര്‍ക്ക് ചിതറും വരെ.
ഒരുമുഖം പോലും കാണ്മതില്ലിവിടെ ഞാന്‍
മായുന്ന, മറയുന്ന നിലവിളികള്‍ മാത്രമോ ?

വേദനയുമെന്തെന്ന് ഞാനറിഞ്ഞീലയാ
പിഞ്ചു കരങ്ങളെന്‍ കൈ മുറുക്കും വരെ.
അരുതരുതു മകളേ, ചോദ്യങ്ങള്‍ നിറച്ചൊരാ
കണ്‍കളെന്‍ നേര്‍ക്കു നീ നീട്ടരുതേ
മൗനനിശ്വാസവും ധാരണാപത്രങ്ങള്‍
നിറയ്ക്കുവാന്‍ വയ്യാത്ത കീശയില്‍
വരളുന്ന പേനയും മാത്രമേയുള്ളെന്‍ കൈകളില്‍ .

മറുകൈയ്യില്‍ വച്ചവളെന്‍ നേര്‍ക്ക് നീട്ടുവത്
മുത്തശ്ശിതന്‍ വീടിന്‍ താക്കോലതത്രെ
എങ്കിലും കുഞ്ഞേ നിന്‍ ഭ്രാതാക്കളെപ്പൂട്ടിയോരീ
തുറുങ്കിന്നെനിക്കു തുറക്കുവാന്‍ വയ്യല്ലോ.
പൈതൃക സ്മരണകളെയുണര്‍ത്തുവാനാശിച്ച്
സ്വപ്നങ്ങളാണവര്‍ എയ്യുന്നതാ മതിലിന്നുമപ്പുറം.

ഊഷരഭൂമിയില്‍ കൂരകള്‍ പണിഞ്ഞോരു
കരവിരുതുകാരന്റെ പൊന്‍മകളത്രെയിവള്‍
കുടിയേറ്റമലകളുടെ സ്ഥിതിവിവരഗണിതം
തെറ്റിച്ചൊരപരാധിയായിരിക്കാമയാള്‍
ചുറ്റികയല്ലാക്കൈകളിലതായുധമെന്നു
നിനച്ചും കൊന്നതാവാമവര്‍ .
സ്വനപേടകം തകര്‍ത്തന്നാ വെടിയുണ്ട
ഭിത്തിയില്‍ ചേര്‍ക്കവെ മൗനമായ് വീണയാള്‍

ആ മകളിന്നു പഠിക്കുവതീ ഗണിതം:
ഏഴു പൊട്ടിത്തെറികളെയെട്ടു ജഡങ്ങളാ-
ലിരട്ടിപ്പതിന്നു സമം നാലു കരാറുകള്‍
ഏഴ് കോപ്റ്ററുകള്‍ ഗുണം എട്ട് ഗ്രാമങ്ങള്‍
സമം നിശ്ശബ്ദമായൊരു രണ്ടാം നക്ബയും*.
ഞങ്ങള്‍ തന്‍ ജനിമൃതിനിരക്കുകള്‍ കുറച്ചാല്‍
കിട്ടുവതൊരു കടല്‍, പിന്നെ ഗ്രാമങ്ങളും
ഒരു ദേശ,മധികം രണ്ട് ജനത സമം ...

... ഇല്ലില്ലവള്‍ക്കേങ്ങലടക്കാനാവുന്നില്ല
വിപ്ലവ സമീകരണങ്ങളവള്‍ക്കിനിയുമജ്ഞാതം
ഉത്തരങ്ങള്‍ക്കായ് പരതും വിരലാലവള്‍
കടലാസിന്‍ തുമ്പുകള്‍ തെരുതെരെ കീറവെ
കുപ്പമാടങ്ങളില്‍ അഗ്നിവര്‍ഷിക്കും
ദാവീദിന്‍ നക്ഷത്രം** നഭസ്സിലുയരുന്നു

കാണുക :
പിതൃവാല്‍സല്യത്തിന്നോര്‍മ്മകള്‍ പെറുക്കി-
യവള്‍ കിണര്‍വെള്ളമേന്തി യുദ്ധഭൂ താണ്ടവെ
പിതൃഘാതകന്‍ പത്രവുമായ് കടല്‍ത്തീരമാസ്വദിപ്പതും.
പിന്നോട്ട് പിന്നോട്ടവള്‍ ചിന്തകള്‍ തെറുക്കവെ
വിഘടിച്ച് കൈയ്യേറും വംശസന്ദിഗ്ധതയില്‍
പിന്നോട്ട് മാത്രം ചിന്തിക്കും ജനതയും.

"ഇതെന്റെ ദേശം, ഇതെന്റെ ഭൂമി" യെ-
ന്നേഴുവയസ്സിന്റെയാര്‍ജ്ജവം പറയുന്നു
അതുപാടുവാനവള്‍ക്കദ്ധ്യാപകര്‍ വേണ്ട
അതുപാടുവാനവള്‍ ചരിത്രം പഠിക്കേണ്ട
വിപ്ലവത്തിന്റെ ഗണിതങ്ങളറിയേണ്ട
മതിയവള്‍ക്കീ മതില്‍ക്കെട്ടുമീ വാനവും, പിന്നെ
അഭയാര്‍ത്ഥി ക്യാമ്പില്‍ പൊലിയുമീ പ്രാണനും

പൈതൃകങ്ങളുടെ താക്കോലുമായ് നിന്നു നീ
തിരയുന്നതെന്തെന്‍ മകളേ നീയിനി ?
ഉത്തരങ്ങള്‍ക്കല്ല, വരളുമെന്‍ പേനയില്‍
നിറയ്ക്കുവാനാശിക്കുമാര്‍ജ്ജവത്തിന്‍ മഷി !


* നക്ബ (Nakba): ദുരന്തത്തിന്റെ ദിനം എന്ന് ഫലസ്തീനികള്‍ വിളിക്കുന്ന മെയ് 15, 1948. യുദ്ധപരാജയത്തെ തുടര്‍ന്നുള്ള ഫലസ്തീനിയന്‍ ജനതയുടെ കൂട്ടപ്പലായനത്തെയും നഗര,ഗ്രാമങ്ങളുടെ കൂട്ട നശീകരണത്തെയും കുറിക്കുന്നതുമായ ദിവസം. ഇസ്രയേലുകാര്‍ വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യദിനമായി കരുതുന്നതും നക്ബയെത്തന്നെ.

** ദാവീദിന്റെ നക്ഷത്രം (David's Star): ജൂതരുടെ മതചിഹ്നമായ ആറുകോണ്‍ നക്ഷത്രം. പ്രാചീന ഇസ്രായീല്യരുടെ രാജാവായ ദാവീദിന്റെ പരിചമേല്‍ ഉണ്ടായിരുന്ന ചിഹ്നം. സംരക്ഷകനായ ദൈവത്തെ കുറിക്കുന്നു. ജൂതരെ തിരിച്ചറിയാന്‍ നാറ്റ്സികള്‍ ഉപയോഗിച്ചിരുന്ന ചാപ്പ കൂടിയായിരുന്നു ഇത്. ഇന്ന്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന വിമാനങ്ങള്‍ക്കും മിസൈല്‍ സിസ്റ്റങ്ങള്‍ക്കുമൊക്കെ പലപ്പോഴും ദാവീദുമായി ബന്ധമുള്ള പേരുകള്‍ ഇടുന്നു.

*

Remi Kanazi എഴുതിയ A Poem for Gaza എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മരണമേ മരണമേ നിന്നെ ഞാനറിവതി-
ല്ലീ ബോംബ് കണ്മുന്നില്‍ ഛേദിച്ച കാലുകള്‍ ,
കബന്ധങ്ങളെന്‍ നേര്‍ക്ക് ചിതറും വരെ.
ഒരുമുഖം പോലും കാണ്മതില്ലിവിടെ ഞാന്‍
മായുന്ന, മറയുന്ന നിലവിളികള്‍ മാത്രമോ ?

പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് Remi Kanazi എഴുതിയ A Poem for Gaza എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ ഇവിടെ പ്രസിദ്ധീകരിക്കുന്നു. പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍

Unknown said...

കൊട്ടാന്‍ രണ്ടു കൈകള്‍ വേണമെന്നും, പലസ്‌തീനുണ്ടാവുന്നതിനും മുമ്പ് ഇസ്രയേലുണ്ടായിരുന്നുവെന്നും. എത്നിക് ക്ലെന്‍‌സിങ്ങും കടന്നുകയറ്റവും ചെറുത്ത് അത്രേം വിരോധികളുടെ ഇടയില്‍ ആ മൂലയ്ക്ക് തെല്ലും പതറാതെ ചെറുത്തു നില്‍‌ക്കാന്‍ ഇസ്രേലികള്‍ പെടുന്ന പാടൊന്നും "കവികള്‍" കാണുന്നില്ല.

എന്തിനേറേ കവിത്വം? നമ്മുടെ ഭാരതത്തിന്റെ കാര്യം തന്നെ പോരേ ഉദാഹരണം?

Anonymous said...

ഏവൂരാന്റെ ഇസ്രായേല്‍ ഏത് ഇസ്രായേല്‍?

Anonymous said...

ഇതെന്റെ ദേശം, ഇതെന്റെ ഭൂമി" യെ-
ന്നേഴുവയസ്സിന്റെയാര്‍ജ്ജവം പറയുന്നു
അതുപാടുവാനവള്‍ക്കദ്ധ്യാപകര്‍ വേണ്ട
അതുപാടുവാനവള്‍ ചരിത്രം പഠിക്കേണ്ട
വിപ്ലവത്തിന്റെ ഗണിതങ്ങളറിയേണ്ട
മതിയവള്‍ക്കീ മതില്‍ക്കെട്ടുമീ വാനവും, പിന്നെ
അഭയാര്‍ത്ഥി ക്യാമ്പില്‍ പൊലിയുമീ പ്രാണനും


really touching

മൂര്‍ത്തി said...

അബ്രഹാമിന്റെ സന്തതികള്‍ എന്ന പോസ്റ്റും നോക്കാം.