Sunday, March 8, 2009

സാര്‍വദേശീയ മഹിളാദിനം ഓർമ്മപ്പെടുത്തുന്നത്

പുരോഗമന മഹിളാപ്രസ്ഥാനങ്ങള്‍ക്ക് പോരാട്ടത്തിന്റെ ആവേശം പകരുന്ന ദിനമാണ് മാര്‍ച്ച് 8. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീകള്‍ ലോകമെങ്ങും ഭരണാധികാരി വര്‍ഗത്തോട് 'ഞങ്ങളും മനുഷ്യരാണ്, തുല്യാവകാശം തന്നേതീരൂ' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിനമാണ് സാര്‍വദേശീയ മഹിളാദിനം.

ഓരോ വര്‍ഷവും നിലവിലുളള സാമൂഹ്യസാഹചര്യത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ സാര്‍വദേശീയ വനിതാദിനം സാര്‍ഥകമാക്കുന്നത്. ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത്. ഇത്തവണ ഐക്യരാഷ്‌ട്രസഭ നിര്‍ദേശിച്ച വിഷയവും ഏറെ പ്രസക്തമാണ്- 'അധിനിവേശത്തിനെതിരെ സ്‌ത്രീ പ്രതിരോധം'. സാമ്രാജ്യത്വ അധിനിവേശം ലോകജനതയെ പട്ടിണിയിലേക്കും അശാന്തിയിലേക്കും നയിക്കുമ്പോള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പില്ലാതെ രക്ഷപ്പെടാന്‍ മറ്റ് പോംവഴികളില്ല.

മുതലാളിത്തം സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ജനതയെ പിടിച്ചുലയ്‌ക്കുമ്പോള്‍ അതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ വര്‍ഷത്തെ മാര്‍ച്ച് 8 വേദിയാക്കുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇത്തവണ മാര്‍ച്ച് 8ന്റെ പ്രചാരണപരിപാടി നടത്തുന്നത്.

(1) ഭക്ഷ്യസുരക്ഷിതത്വം സംബന്ധിച്ച പ്രശ്നങ്ങള്‍
(2) തൊഴില്‍ സുരക്ഷിതമാക്കി സ്‌ത്രീകളുടെ സാമ്പത്തികസുസ്ഥിരത ഉറപ്പാക്കുക
(3) ഭീകരതയ്‌ക്കും വര്‍ഗീയവാദത്തിനുമെതിരെ അണിചേരുക.

ഈ വിപത്തുകളെല്ലാം സാമ്രാജ്യത്വ അധിനിവേശത്തിന്റെ പരിണതഫലമായതിനാല്‍ ആത്യന്തികമായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി ദിനാചരണം മാറുന്നു. ലോകമാകെ പടരുന്ന മുതലാളിത്ത സംസ്‌ക്കാരവും ഉപഭോഗാര്‍ത്തിയും കേരളത്തെയും ഗ്രസിച്ചിരിക്കുകയാണ്. ലിംഗപരമായ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതലാളിത്ത ജീര്‍ണതയുടെ പുതിയ മുഖമാണ്. കൌമാരപ്രായത്തിലുളള കുട്ടികള്‍ എത്രമാത്രം അരക്ഷിതരാണെന്ന് അടുത്തയിടെ ഉണ്ടായ ആത്മഹത്യകളും റാഗിങ്ങും കൊലപാതകങ്ങളും തെളിയിക്കുന്നു. കുടുംബത്തില്‍പോലും സുരക്ഷിതത്വമില്ലാതായിരിക്കുന്നു. മുതലാളിത്തത്തിന്റെ ജീര്‍ണിച്ച തുരുത്തുകളായി, രാഷ്‌ട്രത്തിന്റെ പൊതുധാരയില്‍നിന്ന് വേറിട്ട യൂണിറ്റുകളായി കഴിയുന്ന കുടുംബങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ടല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. അതിനാല്‍ സാര്‍വദേശീയ മഹിളാദിനം സാമൂഹ്യസാമ്പത്തികരാഷ്‌ട്രീയ മേഖലകളിലേക്ക് സ്‌ത്രീകളെ വന്‍തോതില്‍ അണിനിരത്താനുളള മുന്നൊരുക്കങ്ങളുടെ നാളായി മാറ്റാം. ആത്മഹത്യകളും ലിംഗപരമായ അതിക്രമങ്ങളും വിവേചനങ്ങളുമില്ലാത്ത ഒരു സമൂഹസൃഷ്‌ടിക്കായി നാം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഒന്നുകൂടി കരുത്തു പകരാം.

*****

കെ കെ ശൈലജ

(അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഓരോ വര്‍ഷവും നിലവിലുളള സാമൂഹ്യസാഹചര്യത്തിലെ സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ സാര്‍വദേശീയ വനിതാദിനം സാര്‍ഥകമാക്കുന്നത്. ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത്. ഇത്തവണ ഐക്യരാഷ്‌ട്രസഭ നിര്‍ദേശിച്ച വിഷയവും ഏറെ പ്രസക്തമാണ്- 'അധിനിവേശത്തിനെതിരെ സ്‌ത്രീ പ്രതിരോധം'. സാമ്രാജ്യത്വ അധിനിവേശം ലോകജനതയെ പട്ടിണിയിലേക്കും അശാന്തിയിലേക്കും നയിക്കുമ്പോള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പില്ലാതെ രക്ഷപ്പെടാന്‍ മറ്റ് പോംവഴികളില്ല.

പാവപ്പെട്ടവൻ said...

ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത്

ഇതില്‍ ഒരു തിരുത്ത് ആവിശ്യമല്ലേ ?

അസ്തിത്വപരമായ , സാംസ്കാരികമായ ഒരു സ്വാതന്ത്ര്യം-പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത് .ഇതില്‍ മേല്‍ പറഞ്ഞ എല്ലാം വരുന്നില്ലേ ?
ഭക്ഷ്യസുരക്ഷിതത്വം, തൊഴില്‍ സുരക്ഷിതത്വം ഇത് ഇന്ത്യ മഹാ രാജിയത്തെ ആബാല ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ സഗൌരവമായി ഇന്നു ചര്‍ച്ച ചെയ്യപെടുന്ന ഒന്നാണ്.

ഐക്യരാഷ്‌ട്രസഭ എന്നാ അമേരിക്കന്‍ സ്റ്റാമ്പിനു സാമ്രാജ്യത്വ അധിനിവേശത്തെ കുറിച്ച് പറയുവാന്‍ എന്ത് യോഗ്യത.
ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ജനാതിപത്യ പരമായ ഏതെങ്കിലും വിജയ ഉണ്ടങ്കില്‍ അവിടേക്കു മയക്കു മരുന്നും,ആയുതങ്ങളും ,ഭീകതയും കയറ്റി അയക്കുന്ന അമേരിക്കന്‍ തീരുമാനത്തിന്‍റെ നടത്തിപ്പു കാരായിയുള്ള ഐക്യരാഷ്‌ട്രസഭക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനുമായി എന്തു ബാധ്യത .അഭിവാദ്യങ്ങള്‍

Sriletha Pillai said...

It's a pity that there are only 46 women members in 496 strong parliament ,that too when 49% of total population is women.

വര്‍ക്കേഴ്സ് ഫോറം said...

പാവപ്പെട്ടവൻ
മഹിളാദിനാചരണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു ചെറിയ ലേഖനം കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐക്യരാഷ്‌ട്രസഭ എന്ന അമേരിക്കന്‍ സ്റ്റാമ്പ് പോലും സാമ്രാജ്യത്വ അധിനിവേശത്തെ കുറിച്ച് പറയുന്നു എന്നത് നമ്മൾ ഉയർത്തുന്ന സാമ്രാജ്യത്വ വിരുദ്ധ സമരം എത്രയോ ശരിയാണെന്നല്ലേ സൂചിപ്പിക്കുന്നത്?

നാം ഈ അവസരത്തിൽ ഏറ്റെടുക്കേണ്ട കടമകളെക്കുറിച്ചൊരു പോസ്റ്റ് കൂടി ഉടൻ ഇടുന്നുണ്ട്, ഇംഗ്ലീഷിൽ.

മൈത്രേയി

പാർലമെന്റിലെ സ്ത്രീകളുടെ പ്രാതിനിധ്യം പരിതാപകരമാണെന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33ശതമാനം സീറ്റുകൾ സംവരണം ചെയ്തത് സമൂഹത്തിൽ സൃഷ്‌ടിപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതിന് നാം സാക്ഷികളാണ്. ഈ വിഷയത്തിൽ പ്രതിബദ്ധത തെളിയിച്ചവരെ ജനപ്രതിനിധികളാക്കുന്നതിൽ ശ്രദ്ധിക്കുക, വേറെ കുറുക്കുവഴികളില്ല.

വര്‍ക്കേഴ്സ് ഫോറം said...

പാവപ്പെട്ടവൻ

ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടങ്ങളാണ് പല വര്‍ഷങ്ങളിലും നടന്നിട്ടുളളത് എന്നതിൽ വസ്തുതാപരമായ പിശകില്ല എന്നു മാത്രമല്ല സാർവദേശീയ മഹിളാദിനം മാർച്ച് 8 ന് ആചരിക്കുന്നതിലേക്ക് വഴിവച്ചതു തന്നെ അത്തരമൊരു സമരമാണ്

“On March 8, 1917, Russian women went on strike for “Peace, Bread and Land”. With two million Russian soldiers dead and dismal work and living conditions at home, Russian women kicked off a wave of food riots, political strikes, and demonstrations that would end in the Russian Revolution. During World War II, women took to the streets on March 8 to demonstrate against fascist forces that were on the rise throughout Europe. ”

http://pww.org/article/view/14733

വര്‍ക്കേഴ്സ് ഫോറം said...

എ. ആര്‍ സിന്ധു എഴുതിയ ആംഗലേയ ലേഖനം ഇവിടെ