Tuesday, July 7, 2009

ഫിലിം ഫെസ്റ്റിവല്‍

"ഢാ..''

ഉച്ചമയക്കത്തിലായിരുന്ന അനുചരന്‍ വേലായുധങ്കുട്ടിയെ റപ്പായി മൊതലാളി എഴുന്നേല്‍പ്പിച്ചു. കാര്യം മനസ്സിലാകാതെ വേലായുധങ്കുട്ടി പകച്ചു.

"എന്തൂട്റാ..വരാല് പോലെ പെട്യ്ക്കണത്..?''

വാചകത്തില്‍ വേലായുധങ്കുട്ടി അപകടം മണത്തു. മൊതലാളി വെറുതെ ഒന്നും പറയാറില്ല. തൊഴിലാളി വര്‍ഗത്തെ നിഷ്ക്കരുണം ചൂഷണം ചെയ്യാനുള്ള മൊതലാളിയുടെ നീചനീക്കമാണ് ഇതിന്റെ പിന്നില്‍. യഥാര്‍ഥ അജന്‍ഡ പുറത്ത്ചാടാനിരിക്കുന്നതേയുള്ളു.

ഒരു പോരാളിയുടെ തീവ്രഭാവത്തോടെ വേലായുധങ്കുട്ടി ചോദിച്ചു.

"എന്തൂട്ട്നാ?''

എട്ടു മണിക്കൂര്‍ അധ്വാനം കഴിഞ്ഞുള്ള എട്ടു മണിക്കൂര്‍ വിശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തന്നെ ലോകത്തിലെ ഒരു മുതലാളി വര്‍ഗത്തിനും വിളിച്ചുണര്‍ത്താനാവില്ലെന്ന് വേലായുധങ്കുട്ടി ഭാവം കൊണ്ടറിയിച്ചു.

റപ്പായി അത് പുല്ലു പോലെ തള്ളി.

"കുളിച്ച് റെഡിയാവ്ടാ. പുവ്വാം.''

വശീകരിച്ച് വശത്താക്കുക എന്ന ആധുനിക മാനേജ്മെന്റ് തന്ത്രമാണ് ഇത്. ഭീഷണിയും വെല്ലുവിളിയും മുതലാളിത്തം അവസാനിപ്പിച്ചു. ചിരിച്ചുകൊണ്ട് കഴുത്തറുക്കാനാണ് അവര്‍ക്കിപ്പോള്‍ താല്‍പ്പര്യം.

എങ്കിലും കുളിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍ വേലായുധങ്കുട്ടിക്ക് പിടികിട്ടിയില്ല.

"എന്തൂട്നാ മൊതലാളി ഇപ്പോ കുളിക്ക്ണെ?''

"നീ കുളിക്ക്ട കന്നാലി, പണീണ്ട്റ.''

പണിക്കുമുമ്പ് കുളീണ്ടാവാറില്ലല്ലോ? പണിക്കു ശേഷമാണല്ലൊ ആ ആചാരം. വിരോധാഭാസയുക്തി മൊതലാളി പ്രയോഗിക്കുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വേലായുധങ്കുട്ടി പിന്നേം ചോദ്യം ചെയ്തു.

"എന്തൂട്ട്നാന്ന്?''

"ഇവന്‍ന്തടാ കോഴ്യാ? കൊല്ലാന്‍ പിടിച്ചാലും വളത്താമ്പിടിച്ചാലും പെടക്കണെ?. നല്ല കാര്യത്തിനാണ്‍ടാ.''

എന്നാല്‍ ആ നല്ല കാര്യം അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളു. ചതി മുതലാളിത്തത്തിന്റെ ജനിതകമന്ത്രമാണ്.

"പറ..മൊതലാളി..കേക്കട്ടെ.''

"ഡാ..ന്റ കല്യാണം കഴിഞ്ഞതിന്റെ നാല്‍പതാം വര്‍ഷാണ്‍ടാ ഇന്ന്. മ്മക്കൊന്ന് ആഘോഷിക്കണ്ട്റാ.''

"നമ്മള്‍ രണ്ടുപേരും മത്യാ, നായിക വേണ്ടേ?'

"കൊള്ളാല്ലടാ..നായികേ?. വേണ്ടട്ടാ. മൊതലാളി മൊതലാളി തന്ന്യാ..''

"ആഹ്ളാദംകൊണ്ട് പറഞ്ഞുപോയതാണ്. വേദനിച്ചെങ്കില്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പു തരൂ മൊതലാളീ..'

"വേണ്ട്റ. ഇന്നത്തേക്ക് പൊറുത്തടാ..ആഘോഷം രാത്യ്രാടാ. അതിനൊള്ളതൊക്കെ മേടിച്ചിട്ട്ണ്ട്റാ. നീ കണ്ടിട്ട്ല്ലേ രണ്ട് കിടിലമ്പൂവങ്കോഴീനെ?. അവള് അതിനെ പൂശീടാ.കൊറച്ച് വറുത്ത്, കൊറച്ച് പാല് പിഴിഞ്ഞ്. മീമ്പറ്റിച്ചതും വറത്തതുമുണ്ടെടാ. ഇതൊക്കെ വയറ്റീച്ചെന്നാ ദഹിക്കണ്ട്റാ. അതിന് വയറ്റില് ആസിഡ് വേണ്ട്റാ. ബാടാ..ഒന്ന് പൂശീട്ട് വരാടാ..''

വേലായുധങ്കുട്ടി ക്ഷിപ്രം കുളിച്ചെത്തി. മുതലാളിക്ക് ഉറ്റതോഴനായി പിന്നാലെ നിന്നു.

"മൊതലാളീ ഓട്ടോക്ക് പുവ്വാം. ഒരന്തസ്സ് വേണ്ടേ..?''

"വേണ്ട്റ.. റപ്പായീട കാശുമൊടക്കി നീ അങ്ങനെ അന്തസ് ഒണ്ടാക്കണ്ട്റ. നിനക്ക് മാനക്കേടൊണ്ടെങ്കി നിന്റെ കാശ് മൊടക്കി നീ ഓട്ടോക്ക് പോരെ. ഞാന്‍ ബസ്സിന് വന്നോളാടാ.''

"..ന്നാലും മൊതലാളി''

"..വഴങ്ങണ്ല്ലടാ.''

റപ്പായി മുതലാളിയും വേലായുധങ്കുട്ടിയും ബസ്സില്‍ കയറി. കണ്ടക്റ്റര്‍ വന്നപ്പോള്‍ റപ്പായി മുണ്ട് മാറ്റി അടിവസ്ത്രത്തിന്റെ പോക്കറ്റില്‍നിന്നും കാശെടുത്തു. യാത്രക്കാര്‍ക്ക് അതൊരു കാഴ്ചയായി. അവര്‍ ഇഞ്ചിഞ്ച് ആസ്വദിച്ചു. കൂട്ടത്തില്‍ രണ്ടു യുവതികളും ഇതാസ്വദിക്കുന്നതായി ഭാവിച്ചപ്പോള്‍ വേലായുധങ്കുട്ടിയിലെ യുവാവ് തലപൊക്കി. പക്ഷെ തല പൊങ്ങുന്നില്ല. അപ്പോഴാണ് മനസ്സിലായത് ലജ്ജകൊണ്ട് അത് താണിരിക്കുകയാണെന്ന്.

വേലായുധങ്കുട്ടി സ്വല്‍പം ഉച്ചത്തില്‍ തന്നെ ചോദിച്ചു.

'ഛേ..എന്തൂട്ടാ മൊതലാളി ഈ കാട്ട്ണെ.''

"ഡാ..അതിനൊന്നും കാട്ടീല്ലല്ലഡാ.''

യാത്രക്കാര്‍ സകുടുംബം ചിരിച്ചു. യുവതികളും. അവസാനം നിസ്സഹായനായി വേലായുധങ്കുട്ടിയും.

ബസ്സിറങ്ങി മൊതലാളിയും വേലായുധങ്കുട്ടിയും പൂശാന്‍ കയറി. സ്കോര്‍ 2-2ല്‍ നിര്‍ത്തി ഇടവേളക്ക് പിരിഞ്ഞു. ഇടവേളക്ക് ശേഷവും ഇരുവരും ഈരണ്ട് ഗ്ളാസടിച്ചതോടെ മല്‍സരം 4-4ല്‍ കലാശിച്ചു.

"ബേണോടാ..''

" ഞാന്‍ തോറ്റു മൊതലാളി.''

"ബേണ്ട്റ..തോക്കണ്ട്റ. കാശെന്റേല്ലേ. നീ ജയിച്ചോടാ..''

"എന്നെ ഇങ്ങനെ സ്നേഹിക്കല്ലെ മൊതലാളി. മൊതലാളിക്കൊന്നും തോന്നരുത്. ഞാനൊരു കാര്യം പറയാം''

"പറയ്ടാ..''

"കാശിങ്ങനെ മിസ്യൂസ് ചെയ്യരുത്.''

"അതെന്തൂട്ട്റാ..?''

"സത്യത്തില്‍ ഞാന്‍ ബഹുമാനിക്കുന്നത് മൊതലാളിയിലെ ഈ നിരക്ഷരനെയാണ്.''

"വേണ്ട്റാ. അഭിനയിക്കണ്ട്റ.''

അപ്പോഴാണ് വേലായുധങ്കുട്ടിക്ക് പുതിയ ഒരാശയം മുളപൊട്ടിയത്.

"മൊതലാളി എനിക്കൊരാഗ്രഹം.''

"പറയ്ടാ..''

"സാധിച്ചു തരണം.''

"സാധിച്ചുതന്നില്ലെങ്കി നീയെന്നെ തിന്ന്വോ..'

"മൊതലാളിയെ ഭക്ഷിക്കാന്‍ കിട്ടിയാല്‍ അതൊരു മഹാഭാഗ്യമായി ഞാന്‍ കാണും''

"ഡയലോഗെറക്കണ്ട്റാ. കാര്യമ്പറ.''

"മൊതലാളിയുടെ വെഡിങ് ആനിവേഴ്സറിയായിട്ട് ഈ തൊഴിലാളിക്കൊരാഗ്രഹം. പറയട്ടെ?''

"നീട്ടണ്ട്റ. പറയ്ടാ..''

"നമുക്കൊരു സിനിമ കാണാം..''

"സില്‍മേ.?''

"അഭ്രപാളിയിലെ കവിത.''

"കാശെത്രയാവോടാ..?''

"ഇന്നത്തെ ദിവസത്തേക്കെങ്കിലും പിശുക്കനാവാതിരിക്കൂ. പ്ളീസ്. ഫോര്‍ ദ ടൈം ബീയിങ്.''

"ഡാ.. ഇത് ബെശര്‍ത്തൊണ്ടാക്ക്ണ്താ..നിനക്ക് താളിക്കാനൊള്ളതല്ല.''

"എന്നാലും മൊതലാളി പുവ്വാം. കാശില്ലെങ്കി എന്റെ പറ്റിലെഴുതിക്കോ.''

"എന്ത് സില്‍മേടാ?''

"മൊതലാളി അതൊരു അത്യുജ്വല സിനിമയാണ്. വെള്ളിത്തിരയില്‍ ഒരു വിശ്വോത്തര കാവ്യം.'

"നോട്ടീസ് വായിക്കണ്ട്റ. അതില് ഡാന്‍സെണ്ട്റാ?''

"ഡാന്‍സില്ല.''

"ഇടീണ്ട്റാ..?''

"ഇടീല്ല.''

"പിന്നെ എന്തൂട്ട് കുന്തോണ്‍ടാ അതിലൊള്ളത്?'

"ജീവിതം, മൊതലാളി ജീവിതം. ഓരോ ഫ്രെയിമിലും ജീവിതം തളം കെട്ടിക്കിടക്കുകയാണ്. സത്യത്തിന്റെ മുന്നിലേക്ക് നമ്മളെ പിടിച്ചിറക്കുകയാണ് മൊതലാളി.'

"എന്തിനാണ്‍ടാ അത്. വഴ്ക്കണ്‍ഡാ..മ്മക്ക് തനിച്ചെറങ്ങാമ്പറ്റൂല്ലടാ..''

"വാ മൊതലാളീ..ഇതൊരു പുതിയ അനുഭവമായിരിക്കും''

മുതലാളിയും വേലായുധങ്കുട്ടിയും തിയറ്ററിലെത്തി.

"..ഡാ..ഇബ്ട ആരേം കാണ്ണില്ലടാ..കച്ചോടം പൂട്ട്യാ.?''

"ഇതാണ് മൊതലാളി നല്ല സിനിമയുടെ ദുരന്തം. നമ്മുടെ സമൂഹം അധഃപതിച്ചു. നമ്മളെങ്ങോട്ടാണ് പോകുന്നത്?''

"വേണ്ട്റ.നൊലോളിക്കണ്ട്റ. മ്മക്ക് എന്താ വെച്ചാ ചെയ്യാടാ. നീ പോയ് ടിക്കറ്റെടുക്ക്.''

മുതലാളിയും വേലായുധങ്കുട്ടിയും കൂടി തിയറ്ററില്‍ കടന്നു.

സര്‍വെ റിപ്പോര്‍ട്ടനുസരിച്ച് ആകെ പതിനൊന്നു പേര്‍. അതില്‍ മൂന്ന് മുഴുത്താടി. രണ്ട് അരത്താടി. ഒരു കുറ്റിത്താടി.

"ഡാ..മ്മളെ കേറ്റ്വോടാ.''

" എന്താ മൊതലാളി?'

"..മ്മക്ക് താടീല്ലല്ലാടാ.''

വെളിച്ചം കെട്ടു.

വെള്ളിത്തിരക്ക് ജീവന്‍വെച്ചു. ജീവിതം വരുന്നതും കാത്ത് റപ്പായി മൊതലാളി ഇരുന്നു.

ആദ്യം വന്നത് ദോശക്കുള്ള അരീം ഉഴുന്നുമാണ്. നായിക അത് വെള്ളത്തിലിടുന്നതാണ് രംഗം.

ശബ്ദമില്ല.

"എന്തൂട്ട്റാ..അവള് മിണ്ടണില്ലല്ലാ.''

"അരി വെള്ളത്തിലിടുമ്പോ ആരാ മിണ്ടുന്നത് മൊതലാളി..സിനിമ ജീവിതഗന്ധിയാണ്.''

ക്യാമറ അരി, കലം, നായികയുടെ മുഖം എന്ന മട്ടില്‍ പലതവണ ഉഴിഞ്ഞു.

"ഡാ..അരി കുതിരണ വരെ കാത്തിരിക്കണോടാ..''

"പോര മൊതലാളി. അരച്ച് ദോശയുണ്ടാക്കുന്നത് വരെ കാത്തിരിക്കണം.''

"അത് വരെ അവ്ള് മിണ്ടൂല്ലേടാ?''

"അത് കഴിഞ്ഞ് അവള്‍ ദോശ കഴിക്കും. അപ്പോള്‍ എരിവിന്റെ ഒരു ല്‍ല്‍ ശബ്ദം കേള്‍ക്കാം''

"അപ്പളും അവള് മിണ്ടൂല്ലേടാ?''

"ശബ്ദമെന്തിനാ മൊതലാളി. ആ മുഖത്തെ നവരസങ്ങള്‍ ശ്രദ്ധിക്കു''

"ദോശക്കെന്തിനാണ്‍ടാ നവരസം? ചമ്മന്തി പോര്ടാ?''

"പതുക്കെ. മൊതലാളിയുടെ നിലവാരത്തകര്‍ച്ച പ്രേക്ഷകരറിയും.''

റപ്പായി മൊതലാളി മിണ്ടിയില്ല.

നായിക നായകനെ കാണുന്നു. മിണ്ടാട്ടമില്ല.

"ഡാ..ഇത് നാക്കില്ലാത്തവരുടെ സില്‍മേണാടാ.''

"അവര്‍ വികാരങ്ങള്‍ പങ്കുവെക്കുകയാണ്.''

"ഡാ..ഇത്തിരി ഒച്ചേണ്ടാക്കി പങ്കു വെക്കാമ്പറയ്ടാ..കാര്യങ്ങ്ള് മ്മക്കും അറിയണ്ട്റാ.

"എല്ലാ വികാരങ്ങള്‍ക്കും ഭാഷയില്ല മൊതലാളി. തീവ്രമായ ഇഷ്ടത്തിന്റെ ഭാഷ മൌനമാണ്.''

"..ന്നാ ചത്താപ്പോര്ടാ.''

ഇടവേളയായി. വെളിച്ചം വന്നു. ഇപ്പോള്‍ അവശേഷിക്കുന്ന പ്രേക്ഷകര്‍ മൂന്ന്. റപ്പായി, വേലായുധങ്കുട്ടി, പിന്നെ ഒരപരിചിതന്‍.

ഇടവേളക്കു ശേഷം കളി തുടര്‍ന്നു.

"ഡാ..ഇനീങ്കെലും മിണ്ടോടാ?''

വേലായുധങ്കുട്ടി ഉറക്കമായി.

വിധിയെ പഴിച്ച്, പഴഞ്ഞി മുത്തപ്പനേയും പ്രാര്‍ഥിച്ച് റപ്പായി ഇരുന്നു.

സിനിമ തീര്‍ന്നപ്പോള്‍ അപരിചിതന്‍ വന്നു. മുടി വളര്‍ത്തിയ ഒരാള്‍. തന്നെപ്പോലെ ചതി പറ്റിയതാവും എന്ന് കരുതി റപ്പായി മൊതലാളി അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ റപ്പായി മുതലാളി ഞെട്ടിപ്പോയി.

മോസ്ക്കോ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഏക പ്രേക്ഷകനായി റപ്പായി മൊതലാളിയെ തെരഞ്ഞെടുത്തു.

*
എം എം പൌലോസ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

"ഢാ..''

ഉച്ചമയക്കത്തിലായിരുന്ന അനുചരന്‍ വേലായുധങ്കുട്ടിയെ റപ്പായി മൊതലാളി എഴുന്നേല്‍പ്പിച്ചു. കാര്യം മനസ്സിലാകാതെ വേലായുധങ്കുട്ടി പകച്ചു.

"എന്തൂട്റാ..വരാല് പോലെ പെട്യ്ക്കണത്..?''

വാചകത്തില്‍ വേലായുധങ്കുട്ടി അപകടം മണത്തു. മൊതലാളി വെറുതെ ഒന്നും പറയാറില്ല. തൊഴിലാളി വര്‍ഗത്തെ നിഷ്ക്കരുണം ചൂഷണം ചെയ്യാനുള്ള മൊതലാളിയുടെ നീചനീക്കമാണ് ഇതിന്റെ പിന്നില്‍. യഥാര്‍ഥ അജന്‍ഡ പുറത്ത്ചാടാനിരിക്കുന്നതേയുള്ളു.

ഒരു പോരാളിയുടെ തീവ്രഭാവത്തോടെ വേലായുധങ്കുട്ടി ചോദിച്ചു.

"എന്തൂട്ട്നാ?''

എം എം പൌലോസിന്റെ നര്‍മ്മ ഭാവന

Haree said...

തിരു.പുരം ധന്യ/രമ്യയില്‍ യഥാക്രമം ‘മധ്യവേനല്‍’, ‘ഡോ. പേഷ്യന്റ്’ എന്നീ ചിത്രങ്ങളാണ് ഓടുന്നത്. ‘മധ്യവേനല്‍’ സാമാന്യം തരക്കേടില്ലെന്ന് പറഞ്ഞു കേട്ടു / ‘ഡോ. പേഷ്യന്റ്’ സഹിക്കാന്‍ പറ്റാത്തത്രയും ബോറെന്ന് കണ്ടും കൊണ്ടും അറിഞ്ഞു. പക്ഷെ, ‘മധ്യവേനലി’ന് ആളില്ലാത്തതിനാല്‍ ഷോയില്ല! മറ്റേതിന് ഷോയുണ്ട് താനും! (മാര്‍ക്കറ്റിംഗിന്റെ അഭാവവുമുണ്ട്... എന്നാലും ഇറങ്ങി മൂന്നു ദിവസം തികയും മുന്‍പേ ഫസ്റ്റ് ഷോ പോലും ഇല്ലാണ്ടായാലോ!)

തിയേറ്ററിലെ അവസ്ഥ വിവരിച്ചതു കണ്ടപ്പോള്‍ അതാണ് ഓര്‍ത്തു പോയത്.
--

Anonymous said...

തിയേറ്ററുകള്‍ ഇപ്പോള്‍ ബാറായും ഉപയോഗിക്കപ്പെടുന്നു, ഈയിടെ ഞാന്‍ പാര്‍ഥാസ്‌ തിയേറ്ററില്‍ ഒരു നൂണ്‍ ഷോക്കു പോയി റിസര്‍വ്ഡ്‌ ടിക്കറ്റാണെടുത്തതു അധ്വാനിക്കുന്ന ജനവിഭാഗത്തോടൊപ്പം സിനിമ കാണാമെന്നു കരുതി

പക്ഷെ തിയേറ്ററാകെ ഒരു മദ്യ മണം , മൂത്രപ്പുരയുടെതായിരിക്കുമെന്നു കരുതി പടം തുടങ്ങിക്കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു ബാച്ചു സംഘടിച്ചു വന്നു ബാഗും ഒക്കെയായി കോളേജു കുട്ടികള്‍ ആയിരിക്കുമെന്നു കരുതി കുറെ കഴിഞ്ഞപ്പോള്‍ ബാഗുകള്‍ തുറക്കുന്നു സോഡകള്‍ ചീറ്റുന്നു പ്ളാസ്റ്റിക്‌ ഗ്ളാസുകള്‍ നിറയുന്നു രണ്ടു മൂന്നു സെറ്റായി മദ്യപാനം തക്ര്‍തിയായി നടക്കുന്നു സിനിമ ആരും കാണുന്നില്ല ഇണ്റ്റര്‍ വെല്‍ ആയപ്പോള്‍ തറയിലാകെ പ്ളാസ്റ്റിക്‌ ഗ്ളാസുകളും ഛര്‍ദ്ദിലും ആരും ചോദിക്കാനുമില്ല പറയാനുമില്ല

സര്‍ക്കാര്‍ തിയേറ്റര്‍ ശ്രീയിലും ഇതു തന്നെ ഗതി അതു പിന്നെ സംഘടിതമല്ല ഏകാന്ത പഥികരാണു, പടം തുടങ്ങിയാല്‍ ഒരു ക്വാര്‍ട്ടര്‍ പുറത്തെടുക്കുന്നു കോളാ സോഡ മിക്സാക്കി സാവധാനം കഴിക്കുന്നു

സിനിമയുടെ നില്വാരത്തകര്‍ച്ചയാണു ഇതിനൊക്കെ പ്രധാന കാരണം

പൌലോസ്‌ ഒരു വീ കേ എന്‍ കഥ അനുകരിച്ചതാണു ഈ നര്‍മ്മം, അതിനാല്‍ അല്‍പ്പം റീഡബിലിറ്റി ഉണ്ട്‌

Unknown said...

a very wonderful gay story. Muthalali had to watch a movie, but still could not get Velayudhan, the working class hero. And finally Muthalali kisses the Russian man and goes to Russia. What a cathartic ending. What a charm.

Affiliates said...

NILAVARA THAKARCHA...NOT GOOD STORY...