Thursday, December 10, 2009

ലങ്കാവാസത്തിനുശേഷം, രാമന്‍ സീതയ്ക്കെപ്പടി?

സീതാദേവി സ്വയംവരം ചെയ്ത ത്രേതായുഗത്തിലെ ശ്രീരാമന്‍, അവളെ നിഷ്കരുണം കാട്ടിലുപേക്ഷിച്ചപ്പോള്‍ ആ സാധുസ്ത്രീയെയും മക്കളെയും സംരക്ഷിച്ചത് ആദിവാസികളാണ്. രാമായണം മറന്ന ഒരുവലിയ പാഠമാണിത്. ഹിന്ദുത്വം ഇന്ന് തങ്ങളുടെ മതപ്രത്യയശാസ്ത്രതലത്തില്‍ കൊണ്ടാടുന്ന ഇതിഹാസകാവ്യമായ രാമായണത്തിന്റെ ആദിവാസി പാഠഭേദങ്ങളെ വെളിച്ചത്തുകൊണ്ടുവരികയും അവയെ കൃത്യമായി വിശകലനം ചെയ്യുകയുമാണ് ഡോ. അസീസ് തരുവണ തന്റെ 'വയനാടന്‍ രാമായണം' എന്ന കൃതിയില്‍. സമീപകാലത്ത് മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ള മൌലികഗ്രന്ഥങ്ങളില്‍ ഒന്നായ 'വയനാടന്‍ രാമായണം', ഒട്ടേറെ രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങള്‍ നമ്മുടെ സാംസ്കാരിക സംവാദമണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. രാമായണംപോലെ ഇത്രയേറെ വൈവിധ്യമാര്‍ന്ന പാഠങ്ങളുണ്ടായിട്ടുള്ള ഒരു സാഹിത്യകൃതി ലോകസാഹിത്യത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. റോമിലാ ഥാപ്പര്‍, തന്റെ ഒരു ഗവേഷണപ്രബന്ധത്തില്‍ ഇരുപത്തിയെട്ടോളം ഇന്ത്യന്‍ രാമായണത്തെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വയനാടന്‍ രാമായണങ്ങളും ലോകത്തിലെ വിവിധ ഭാഷകളിലുണ്ടായിട്ടുള്ള രാമായണങ്ങളും ഥാപ്പറുടെ ഗവേഷണപരിധിക്കുള്ളില്‍ വരുന്നില്ല. ഒരു സാഹിത്യകൃതിക്ക് അനേകം പാഠാന്തരങ്ങള്‍ ഉണ്ടാവുന്നത്, ആ കൃതിയുടെ ബഹുസ്വരതയാര്‍ന്ന വായനാത്മകത (readability) യുടെ തെളിവാണെന്നും അത് ഒരു കൃതിയുടെ കേന്ദ്രപാഠം (theme) എന്ന ആശയത്തെ റദ്ദ്ചെയ്യുന്നതാണെന്നും ദെറിദ തന്റെ 'Deference' എന്ന ആശയം വ്യക്തമാക്കിക്കൊണ്ട് വിശദീകരിക്കുന്നുണ്ട് (On Grammatology). രാമായണത്തിന്റെ 'അടിസ്ഥാനസങ്കല്‍പ്പം', 'ഇതിവൃത്തപരമായ കെട്ടുറപ്പ്' തുടങ്ങിയ സാമ്പ്രദായികമായ സാഹിത്യസങ്കല്‍പ്പങ്ങളാണ്, ദെറിദയുടെ ഉത്തരാധുനിക പരികല്‍പ്പനയുടെ സൈദ്ധാന്തികമൂര്‍ച്ചയില്‍ മുറിഞ്ഞുവീഴുന്നത്. എന്നാല്‍ ഡോ. അസീസ് തരുവണയുടെ രാമായണ പാഠഭേദഗങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ തുറന്നിടുന്നത് കേവലം സാഹിത്യപരമായ സംവാദമണ്ഡലങ്ങളല്ല. അതിനപ്പുറം, ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട കൃത്യമായ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പല ധാരണങ്ങളും കൂടുതല്‍ ഉറപ്പിക്കാന്‍ ഈ ഗ്രന്ഥം സഹായകമാവുന്നു. പ്രശസ്ത ചരിത്രകാരനായ ഡി ഡി കൊസാംബി, തന്റെ മിത്തും യാഥാര്‍ഥ്യവും , സംസ്കാരവും സംസ്കൃതിയും തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നടത്തുന്ന ശാസ്ത്രീയമായ പാഠപാരായണ (textual studies) ങ്ങളില്‍ പ്രശ്നവല്‍ക്കരിക്കുന്നതും പ്രശസ്ത ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷി തന്റെ സംസ്കാരപഠനങ്ങളില്‍ വിശകലനം ചെയ്യുന്നതുമായ വിഷയങ്ങളെ സമ്പുഷ്ടമാക്കാന്‍ സഹായകമായ പല വിഷയങ്ങളിലേക്കും അസീസ് തരുവണയുടെ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്.

രാമായണത്തിന് ആയിരക്കണക്കിന് വ്യത്യസ്തമായ പാഠങ്ങളുണ്ടെന്ന ഡോ. കെ എന്‍ പണിക്കരുടെ നിരീക്ഷണത്തില്‍ അതിശയോക്തി ഉണ്ടാവാനിടയില്ല. കാരണം, ഇന്ത്യയുടെ ഓരോ പ്രാദേശിക സംസ്കാരത്തിലും വാമൊഴിയായി നിലനിന്ന പല രാമായണങ്ങളും രേഖപ്പെടുത്താതെ പോയതിനാല്‍ നമുക്കിന്ന് അത് ലഭ്യമല്ല. വടക്കെ ഇന്ത്യയിലെ രാംലീലയും മിക്കവാറും എല്ലാ പ്രദേശങ്ങളിലും ജനപ്രിയതയുള്ള നിരവധി നാടോടി നൃത്തങ്ങളും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട് ഡോ. കെ എന്‍ പണിക്കര്‍. ഇത്തരം രാമായണങ്ങള്‍ 'വാല്മീകി രാമായണത്തിന്റെ പാഠഭേദങ്ങളല്ലെന്നും അവ മിക്കവാറും സ്വതന്ത്രമായ പറയലുകളാണെന്നും' (telling) പ്രശ്സത പണ്ഡിതനായ എ കെ രാമാനുജന്‍ അഭിപ്രായപ്പെട്ടതായി ഡോ. പണിക്കര്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നാടോടി സാഹിത്യത്തിലും വൈദേശിക വാങ്മൊഴി രൂപങ്ങളിലും നിലനില്‍ക്കുന്ന രാമായണങ്ങള്‍, രാമാനുജന്‍ അഭിപ്രായപ്പെടുന്നതുപോലെ, സ്വതന്ത്ര രാമായണങ്ങളല്ല, സ്പഷ്ടമായും രാമായണ (വാല്മീകി) ത്തിന്റെ പാഠഭേദങ്ങള്‍ തന്നെയാണ് എന്നതാണ്, ഈ പാഠഭേദങ്ങളുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

എന്തുകൊണ്ട് പാഠഭേദങ്ങള്‍

നാടോടി സാഹിത്യവും ക്ളാസിക്കല്‍ സാഹിത്യവും തമ്മിലുള്ള ബന്ധത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ക്രിസ്റ്റഫര്‍കാഡ്വെല്ലിന്റെ 'മിഥ്യയും യാഥാര്‍ഥ്യ' വും 'ഭൌതികത്തിലെ പ്രതിസന്ധി തുടങ്ങിയ ഗ്രന്ഥങ്ങളില്‍, രണ്ടുതരം സാംസ്കാരിക ധാരകളെ (High stream and Low stream ) വിഭാവനം ചെയ്യുന്നുണ്ട്. ഭൌതിക ശാസ്ത്രത്തെ വിശകലനം ചെയ്യുന്ന രണ്ടാമത്തെ ഗ്രന്ഥത്തിന്റെ അവസാനഭാഗങ്ങളില്‍ ഇതിന്റെ പ്രധാന നിരീക്ഷണങ്ങള്‍ കാണാം.

നാടോടി സാഹിത്യമാണ് ക്ളാസിക്കല്‍ സാഹിത്യത്തിന്റെ മുഖ്യസ്രോതസ്സുകളെ സംഭാവന ചെയ്യുന്നത് എന്ന നിരീക്ഷണമാണ് കോഡ്വെല്ലിന്റെ പഠനങ്ങളെ ശ്രദ്ധേയമാക്കുന്നത്. പ്രാഗ്സമൂഹങ്ങളിലെ പ്രായേണ മത-അധികാരനിരക്ഷേപവും വന്യസുന്ദരങ്ങളുമായ (rustic and lovely) കഥകള്‍, ഗീതങ്ങള്‍, ചൊല്ലുകള്‍, ഭാവനകള്‍, ആശയങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുകയും അവയ്ക്ക് സുഘടിതമായ രൂപം നല്‍കുകയും അവയെ ബൃഹദാഖ്യാന (Grand Narratives) മാക്കി വികസിപ്പിക്കുകയുമാണ് ക്ളാസിക് കര്‍ത്താക്കള്‍ ചെയ്യുന്നത്. എന്നാല്‍, മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിന് വിലയേറിയ സംഭാവന ചെയ്ത പണ്ഡിതനായിരുന്നെങ്കിലും കാഡ്വെല്ലിന്റെ പഠനങ്ങള്‍ക്കും സങ്കല്‍പ്പനങ്ങള്‍ക്കും മുഖ്യമായ ഒരു പരിമിതിയുണ്ടായിരുന്നു. നാടോടി സാഹിത്യവും ക്ളാസിക് അഥവാ 'Higher stream'' (ഉദാത്ത ധാര) ഉം തമ്മിലുള്ള വര്‍ഗപരമായ വൈരുധ്യാത്മക ബന്ധത്തെ വിശകലനം ചെയ്യാന്‍ കാഡ്വെല്ലിന് കഴിയുന്നില്ല. നാടോടിധാരകള്‍ ക്ളാസിസത്തിന്റെ വളര്‍ച്ചക്ക് അടിസ്ഥാനപരമായ സ്രോതസ്സ് സംഭാവന നല്‍കുന്നതിനെക്കുറിച്ചേ, കാഡ്വെല്‍ നിരീക്ഷിക്കുന്നുള്ളൂ. ഉദാത്തധാരകള്‍ അഥവാ ഉത്തമര്‍ണസാഹിത്യം (elito literature) നിലവില്‍ വന്നുകഴിഞ്ഞാല്‍, അത് നാടോടി സാഹിത്യത്തെ അതിന്റെ നിഷ്ക്കളങ്കതലത്തില്‍നിന്നും മാറ്റിമറിക്കുന്ന വര്‍ഗപരമായ രാസവിദ്യയെ (class chemistry) വിശകലനം ചെയ്യാന്‍ കാഡ്വെല്ലിയന്‍ സമീപനം മാര്‍ക്സിസ്റ്റുകള്‍ക്ക് സഹായകമല്ല.

ഇതിന്റെ പരിമിതികള്‍ പരിഹരിച്ച്, മുഖ്യ-അധമ സാഹിത്യധാരകള്‍ തമ്മിലുള്ള ബന്ധത്തെ വൈരുധ്യാത്മകമായി വിശകലനം ചെയ്യുന്നതിനുള്ള സാംസ്കാരിക വിമര്‍ശന മാതൃക മുന്നോട്ടുവയ്ക്കുന്നത് അന്റോണിയോ ഗ്രാംഷിയാണ്. കീഴാളത്വം എന്ന വിഷയത്തെ പ്രശ്നവല്‍ക്കരിക്കുന്ന ഗ്രാംഷിയുടെ ചില ആനുഷംഗിക (രമൌമഹ) നിരീക്ഷണങ്ങളിലാണ് ഇതുള്ളത്.

Folklore has always been tied to the culture of the dominant class and in its own way, has drawn from it the motifs which have then become inserted into combination with the precious tradition...' (Prison notes)

രണ്ടു പ്രധാന ആശയങ്ങളാണ് ഗ്രാംഷി ഇവിടെ പ്രശ്നവല്‍ക്കരിക്കുന്നത്. ഒന്ന്, ഫോക്ലോര്‍ എക്കാലവും ഒരു അധിനിവേശ വര്‍ഗത്തിന്റെ സംസ്കാരവുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. രണ്ട്, സംസ്കാരത്തിന്റെ പൊതുപാരമ്പര്യത്തില്‍ പിന്നീടുള്‍ച്ചേരുന്ന ഘടകങ്ങളില്‍ പ്രധാനം അതിന്റെ പ്രാഗ് മാതൃകകളാണ്. തുടര്‍ന്ന് ഗ്രാംഷി നടത്തുന്ന നിരീക്ഷണത്തില്‍ ശ്രദ്ധേയമിതാണ്;

'Folklore is representing essentially oppositional culture'

(പരസ്പരവിരുദ്ധമായ സംസ്കാരത്തെയാണ് ഫോക്ലോര്‍ പ്രതിനിധാനം ചെയ്യുന്നത്). ഫോക്ലോര്‍ മേഖലയില്‍ ഇടപെടുന്ന കേരളത്തിലെ മിക്ക ബുദ്ധിജീവികളും ഗവേഷകരും തിരിച്ചറിയാത്ത, മാര്‍ക്സിസ്റ്റ് സാംസ്കാരിക വിമര്‍ശനത്തിന്റെ കാതലായ തലമാണ് മേല്‍ പരാമര്‍ശിച്ച ഗ്രാംഷിയന്‍ നിരീക്ഷണം.

വയനാടന്‍ രാമായണങ്ങളടക്കമുള്ള ഫോക്ലോര്‍ സംസ്കൃതി, ക്ളാസിക് കൃതികളുടെ മതാത്മകതയും പാഠപരതയും സ്പര്‍ശിക്കാത്ത, 'ശുദ്ധവും നിഷ്കളങ്കുമായ'തും ക്ളാസിക് ധാരകള്‍ക്ക് സമാന്തരമായി ഒഴുകുന്നതുമായ ബഹുസ്വരതയുടെ ഉദാത്ത മാതൃകകളാണെന്ന, വര്‍ഗനിരപേക്ഷമായ ധാരണയാണ്, ഫോക്ലോറുമായി ബന്ധപ്പെട്ട് കേരളത്തിലും ലോകത്താകെയും നിലനില്‍ക്കുന്ന പൊതുബോധനിര്‍മിതമായ സാംസ്കാരിക സങ്കല്‍പ്പം. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യര്‍ രൂപകല്‍പ്പനചെയ്ത, 'പൌരസ്ത്യവാദ' (orientalism)ത്തിന്റെ പുത്തന്‍ പതിപ്പുകളാണിവ. ഡോ. കെ എന്‍ പണിക്കരുടെ നിരീക്ഷണത്തിലും ഇതിന്റെ അലയൊലിയുണ്ട്. ഡോ. കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നു:

"വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരുദാഹരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയാണ്.'' ബഹുസ്വരത എന്ന സങ്കല്പത്തെ, ഗ്രാംഷി സങ്കല്പനം ചെയ്ത, അധീശവര്‍ഗത്തിന്റെ സംസ്കാര (Hegemonic Culture) ത്തില്‍നിന്നും വേറിട്ട ഒന്നായിട്ടാണ് ഡോ. പണിക്കരും വിഭാവനം ചെയ്യുന്നത്. രാമാനുജന്‍ (മുന്നൂറ് രാമായണങ്ങള്‍) നടത്തിയ നിരീക്ഷണത്തിലെയും മുഖ്യ ദൌര്‍ബല്യം ഇതാണ്. ആദിവാസി രാമായാണങ്ങള്‍, ഗ്രാംഷിയന്‍ പരികല്പന പ്രകാരം, അധിനിവേശ സംസ്കാരവുമായി കെട്ടുപിണഞ്ഞു വളരുന്നതാണെങ്കില്‍ അവ നിശ്ചയമായും പാഠഭേദങ്ങള്‍ തന്നെയാണ്. ഒരു വര്‍ഗവിഭജിത സമൂഹത്തിലെ നാടോടി കീഴാള സാഹിത്യ രൂപങ്ങളെല്ലാംതന്നെ, ആ സമൂഹത്തിലെ അധീശവര്‍ഗത്തിന്റെ സംസ്കാരവുമായി കെട്ടുപിണഞ്ഞു വളരുമ്പോള്‍, ആദ്യം പറഞ്ഞ സാഹിത്യരൂപങ്ങളുടെ ഉള്ളടക്കത്തെ നിര്‍ണയിക്കുന്നത്, രണ്ടാമതു പറഞ്ഞ സംസ്കാരവുമായി അതിനുള്ള വൈരുധ്യാത്മക ബന്ധമാണ്. അധീശവര്‍ഗത്തിനെതിരായ കീഴാളവര്‍ഗങ്ങളുടെ പ്രതികരണങ്ങള്‍, പ്രത്യയശാസ്ത്രബോധരൂപങ്ങള്‍, അധീശവര്‍ഗവുമായുള്ള പൊരുത്തപ്പെടലുകള്‍, അനുകരണങ്ങള്‍, താദാത്മ്യ ശ്രമങ്ങള്‍, കീഴ്പ്പെടലുകള്‍, അതീജീവനയത്നങ്ങള്‍ എന്നിവയാണ് നാടോടി സാഹിത്യങ്ങളുടെ ഉള്ളടക്കത്തെയും സൃഷ്ടിപരതയെയും നിര്‍ണയിക്കുന്നത്. അതായത്, ഉപരിവര്‍ഗസംസ്കാരത്തോടുള്ള ഏറ്റുമുട്ടലുകള്‍ മാത്രമല്ല ഐക്യപ്പെടലും ഉള്‍പ്പെടുന്നതാണ് നാടോടി സാഹിത്യത്തിന്റെ പാഠത്തെ നിര്‍ണയിക്കുന്നത് എന്നര്‍ഥം.

അനേകായിരം രാമായണങ്ങള്‍, ക്ളാസിക് രാമായണങ്ങളുടെ, പാഠഭേദങ്ങളല്ലെന്നും അവ സ്വതന്ത്രമായ 'പറയലുകള്‍' (telling) ആണെന്നും പറയുന്ന മിക്ക ഫോക്ലോറിസ്റ്റുകളും ഉത്തരം പറയേണ്ട ഒരു വിഷയമുണ്ട്. എന്തുകൊണ്ടാണ് ഇത്തരം 'സ്വതന്ത്രമായ പറയലുകളി'ല്‍ ചില പൊതുവായ ഘടകങ്ങള്‍ ഇളക്കമില്ലാതെ നിലനില്‍ക്കുന്നത് എന്നത്. രണ്ട്, രാമായണത്തിന്റെ പൂര്‍വപാഠവുമായി ബന്ധമില്ലാത്തതാണ് അഥവാ സ്വതന്ത്രമായ രചനകളാണ് ഇവയെങ്കില്‍ ഇത്തരമൊരു സ്വതന്ത്ര പറയലുകളുടെ അനേകായിരം രചനകള്‍ക്ക് പ്രചോദനമെന്താണ്? ഒരു രാജ്യത്തുമാത്രമല്ല, വിവിധ രാജ്യങ്ങളിലും രാമായണ കഥ നിലനില്‍ക്കുന്നുണ്ട്. ഇവയിലെല്ലാം കഥാപാത്രങ്ങള്‍ രാമനും സീതയും രാവണനും ഒക്കെത്തന്നെയണ്. ഓരോന്നിലും ഇവരുടെ പരസ്പര ബന്ധങ്ങളില്‍ വ്യത്യസ്തത കാണുമെങ്കിലും കൃതികളുടെ പേര് രാമായണം എന്നാണല്ലോ. എന്തുകൊണ്ട് ഇത്തരം രാമായണങ്ങളില്‍ കൂടുതലും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായി? എന്തുകൊണ്ട് അമേരിക്കയിലും ഇംഗ്ളണ്ടിലും ഉണ്ടായില്ല? എന്തുകൊണ്ട് അനേകം രാമായണങ്ങള്‍ ഉണ്ടായി എന്ന ചോദ്യത്തിനുത്തരം പറയാന്‍ പരമ്പരാഗത ഫോക്ലോറിസ്റ്റുകള്‍ക്ക് കഴിയില്ല. ഇതൊരു യാദൃച്ഛിക സംഭവമായിട്ടേ അവര്‍ക്കു വിഭാവനം ചെയ്യാന്‍ കഴിയൂ. അതുപോലെതന്നെ വിഭിന്ന രാമായണങ്ങളില്‍ ഇളക്കമില്ലാത്ത പൊതുഘടന നിലനില്‍ക്കുന്നത് എന്തുകൊണ്ട് എന്നതും പ്രധാന വിഷയമാണ്. ഇവിടെയാണ് ഫോക്ലോറിനെക്കുറിച്ച് ഗ്രാംഷി നടത്തിയ നിരീക്ഷണം പ്രസക്തമാവുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗപരമായി ആധിപത്യം ചെലുത്തുന്ന ബ്രാഹ്മണ-ക്ഷത്രിയ വര്‍ഗങ്ങളുടെ രാഷ്ട്രീയാധിപത്യവുമായി ബന്ധപ്പെട്ടാണ് രാമായണം എന്ന ഇതിഹാസകാവ്യത്തെ നാം വിലയിരുത്തേണ്ടത്.

ഈ സവര്‍ണവിഭാഗങ്ങള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്, സാംസ്കാരിക സ്വാംശീകരണ പ്രക്രിയ (acculturation) യിലൂടെയാണ്. കീഴാളജനതയുടെ സാംസ്കാര രൂപങ്ങളില്‍ പലതിനെയും സ്വാംശീകരിച്ചും തങ്ങളുടെ വര്‍ഗസംസ്കാരം കീഴാളരിലേക്ക് പ്രക്ഷേപിച്ചുമാണ് ഈ പ്രക്രിയ നടക്കുന്നത്. ഗ്രാംഷി ഉപദര്‍ശിച്ച അധിനിവേശ സംസ്കാരം നിലനില്‍ക്കുന്ന പ്രക്രിയയാണിത്. ഇന്ത്യയില്‍ സവര്‍ണര്‍ ഇതര ജനവിഭാഗങ്ങളുമായി രൂപപ്പെടുത്തിയ സാംസ്കാരിക ബാന്ധവങ്ങളുടെ ഫലമായിട്ടാണ്, രാമായണത്തിന്റെ കഥകള്‍ അവരിലേക്ക് സംക്രമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവ 'സ്വതന്ത്രമായ പറയലുകള'ല്ല. അങ്ങനെ സ്വതന്ത്രമായ പറയലുകളാണെങ്കില്‍ രാമായണങ്ങളിലെല്ലാം തന്നെ ചില കേന്ദ്ര പാഠങ്ങള്‍ ആവര്‍ത്തിച്ചുവരാന്‍ പാടില്ലായിരുന്നു. പാഠങ്ങളില്‍ ഭേദം നിലനിര്‍ത്തുമ്പോഴും ചില മൂല്യസംഹിതകള്‍ ഇളക്കമില്ലാതെ നിലനില്‍ക്കുന്നുണ്ടെന്ന് ഇവയുടെ പാഠവിശകലനം വെളിപ്പെടുത്തുന്നുണ്ട്. ഡോ. അസീസ് തരുവണയുടെ ഗ്രന്ഥത്തില്‍നിന്നുതന്നെ ഇത് വ്യക്തമാക്കാം.

1. സീത അതിസുന്ദരിയായ സ്ത്രീയാണ്. അവളെ ശ്രീരാമനും രാവണനും അതിയായി മോഹിച്ചു.
2. സീത രാവണന്റെ നാട്ടില്‍ (ലങ്ക) ഏറെക്കാലം താമസിച്ചു.
3. രാമന്‍ സീതയെ വീണ്ടെടുത്തു.
4. രാമന്‍ സീതയെ പരിത്യജിച്ചു.
5. രാമന്‍ സീതയെ സംശയിച്ചു.
6. പരിത്യക്തയായ സീതയെ വാല്‍മീകി ഏറ്റെടുത്തു.
7. സീതയ്ക്ക് രണ്ടു പുത്രന്മാര്‍ ഉണ്ടായി.
8. രാമന്‍ സീതയെ തിരികെ വിളിക്കുന്നു.
9. സീത രാമനെ ഉപേക്ഷിച്ച് ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്തു.

നൂറുകണക്കിനു രാമായണങ്ങളില്‍ ഏതാണ്ടു പൊതുവായി നില്‍ക്കുന്ന ഈ പ്രധാന ഘടകങ്ങള്‍, 'സ്വതന്ത്ര പറയലുകളില്‍' ഇളക്കം തട്ടാതെ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, രാമന്‍, സീത, രാവണന്‍, ലക്ഷ്മണന്‍, ഹനുമാന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ സാന്നിധ്യം തന്നെ പൊതുഘടകമായി ഇവയില്‍ വര്‍ത്തിക്കുന്നു. സവര്‍ണ വിഭാഗങ്ങള്‍ വയനാടിന്റെ ദേശ-രാഷ്ട്രീയ ഘടനയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണു-ശിവ സാന്നിധ്യം. രാമായണ ഭേദങ്ങളില്‍ കാണുന്ന പൊതുവായ കേന്ദ്രപാഠ സാന്നിധ്യം സവര്‍ണരുടെ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍നിന്നും രാമായണങ്ങളില്‍ വൈവിധ്യമില്ലെന്ന് വിവക്ഷയില്ല. സവര്‍ണവര്‍ഗത്തോടുള്ള പ്രതിഷേധങ്ങളും സാംസ്കാരിക ചെറുത്തുനില്‍പ്പു ശ്രമങ്ങളും ആണ് വിവിധ രാമായണങ്ങളെ പ്രചോദിപ്പിക്കുന്ന രണ്ടാമത്തെ ഘടകം. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീതയെ സംരക്ഷിക്കുന്നതിലും ലവകുശന്മാരെക്കൊണ്ട് രാമനെ പിടിച്ചുകെട്ടിക്കുന്നതിലും സീതയുടെ കണ്ണുനീര്‍ വീണ് സരസ്സുകളും മറ്റും സൃഷ്ടിക്കുന്നതിലും വാല്മീകിയെ ആദര്‍ശവല്‍ക്കരിക്കുന്നതിലും (അടിയരാമായണം) സീതയെ ആദിവാസിക്കുടിലിലേക്ക് ആനയിക്കുന്നതിലും (വയനാടന്‍ സീതായനം) സീതയുടെ അന്തര്‍ധാനം ചിത്രീകരിക്കുന്നതിലും (മിക്ക രാമായണങ്ങളും) ആദിവാസി രാജാവായ ബാണാസുരനെ അവതരിപ്പിക്കുന്നതിലും (വയനാടന്‍ നാടോടിക്കഥ) എല്ലാം തന്നെ സവര്‍ണമിത്തുകളോടും സംസ്കാരത്തോടും ശക്തമായി കലഹിക്കുന്ന ഗോത്രവര്‍ഗജനതയുടെ മനസ്സ് കാണാം. ഇങ്ങനെ സ്വതന്ത്രമായി പാഠഭേദങ്ങള്‍ രൂപവത്കരിക്കുമ്പോഴും അവ, ചില പാരമ്പര്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഉദാഹരണം, ഉഷ-അനിരുദ്ധന്‍ പ്രണയകഥയില്‍ ശ്രീകൃഷ്ണ സാന്നിധ്യം ശ്രദ്ധേയമാണ്. അധിനിവേശ സംസ്കാരത്തിന്റെ സാന്നിധ്യമില്ലാതെ കീഴാളര്‍ക്ക് അവരുടെ നാടോടിസംസ്കാരം രൂപപ്പെടുത്താന്‍ കഴിഞ്ഞിരിക്കാം. എന്നാല്‍ അങ്ങനെ രൂപപ്പെട്ടതെല്ലാം, അധീശവര്‍ഗത്തിന്റെ സാംസ്കാരികവത്കരണ (acculturation) പ്രകിയയില്‍ വംശനാശം വരികയോ, സവര്‍ണസംസ്കൃതിയായി പരിവര്‍ത്തിക്കപ്പെടുകയോ, വിസ്മരിക്കപ്പെടുകയോ, സവര്‍ണസംസ്കൃതിയുമായി കൂടിക്കലര്‍ന്ന് ഗ്രാംഷി പറയുമ്പോലെ, (there is nothing and fragmentary than folklore) പരസ്പര വിരുദ്ധമായി സാംസ്കാരികവത്കരിക്കപ്പെടുകയോ ചെയ്തിരിക്കുകയാണ്.

ഒരു സമൂഹത്തിലെ സാംസ്കാരികമായി ആധിപത്യം ചെലുത്തുന്ന വര്‍ഗവുമായി വൈരുധ്യാത്മകവും ചരിത്രപരവുമായി ബന്ധപ്പെട്ടാണ്, അവിടുത്തെ നാടോടി സാഹിത്യം വികസിക്കുന്നതെന്നതാണ് മാര്‍ക്സിയന്‍ സാംസ്കാരികവിശകലനത്തിന്റെ അടിത്തറ. അധിനിവേശ സംസ്കാരത്തിന്റെ ശക്തിക്കും വ്യാപ്തിക്കുമനുസരിച്ചായിരിക്കും നാടോടി സംസ്കാരത്തിന്റെയും സാഹിത്യങ്ങളുടെയും പാഠങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. രാമായണത്തിന് ഒട്ടേറെ ആദിവാസിഭേദങ്ങളുണ്ടെങ്കിലും അതിലൊന്നിലും സീതക്ക് ഒരു പുത്രി ജനിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രാമ-ലക്ഷ്മണ ബന്ധത്തിന്റെ ദാര്‍ഢ്യം, രാമന്റെ രാജ്യപദവി തുടങ്ങിയ വിഷയങ്ങളിലും വാല്മീകി ആശ്രമത്തിന്റെ ക്ഷേത്രവല്‍ക്കരണം, സ്വഭാവം തുടങ്ങിയവയിലും ബ്രാഹ്മണമൂല്യങ്ങളും പുരുഷ കേന്ദ്രീകൃതാനുശീലങ്ങളും പാരമ്പര്യവും ഇളക്കം തട്ടാതെ നിലനില്‍ക്കുന്നുണ്ട്.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സീതാദേവി സ്വയംവരം ചെയ്ത ത്രേതായുഗത്തിലെ ശ്രീരാമന്‍, അവളെ നിഷ്കരുണം കാട്ടിലുപേക്ഷിച്ചപ്പോള്‍ ആ സാധുസ്ത്രീയെയും മക്കളെയും സംരക്ഷിച്ചത് ആദിവാസികളാണ്. രാമായണം മറന്ന ഒരുവലിയ പാഠമാണിത്. ഹിന്ദുത്വം ഇന്ന് തങ്ങളുടെ മതപ്രത്യയശാസ്ത്രതലത്തില്‍ കൊണ്ടാടുന്ന ഇതിഹാസകാവ്യമായ രാമായണത്തിന്റെ ആദിവാസി പാഠഭേദങ്ങളെ വെളിച്ചത്തുകൊണ്ടുവരികയും അവയെ കൃത്യമായി വിശകലനം ചെയ്യുകയുമാണ് ഡോ. അസീസ് തരുവണ തന്റെ 'വയനാടന്‍ രാമായണം' എന്ന കൃതിയില്‍. സമീപകാലത്ത് മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ള മൌലികഗ്രന്ഥങ്ങളില്‍ ഒന്നായ 'വയനാടന്‍ രാമായണം', ഒട്ടേറെ രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങള്‍ നമ്മുടെ സാംസ്കാരിക സംവാദമണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു.