Wednesday, January 20, 2010

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം

ആഗോള സാമ്പത്തികപ്രതിസന്ധിക്ക് പിന്നില്‍ ബഹുമുഖമായ കാരണങ്ങളുണ്ട്. ‘synchronised extensive excess’ (ഒരേസമയം വ്യാപകമായുണ്ടായ അമിതത്വം) എന്ന് പൊതുവില്‍ അവയെ എന്ന് നിര്‍വചിക്കാം എന്നു തോന്നുന്നു. വിവിധ രാഷ്ട്രങ്ങളിലെ മോണിറ്ററി അതോറിറ്റികള്‍ വിലയുടെ കയറ്റിറക്കങ്ങളില്‍ (price movements ) മാത്രം തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതു വഴി പണപ്പെരുപ്പത്തെ ഒരു നിര്‍ദ്ദിഷ്ട സീമയ്ക്കുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തതാണ് ആഗോള സമ്പദ്‌വ്യവസ്ഥയിലാകെ - അമേരിക്കയില്‍ വിശേഷിച്ചും‍, ഒപ്പം മറ്റു രാജ്യങ്ങളിലും - കാണപ്പെട്ട അധിക ലിക്വിഡിറ്റിക്കു കാരണം. ഈ പ്രക്രിയയ്ക്കിടയില്‍ അവര്‍ റിയല്‍ എസ്റ്റേറ്റ് പോലെയുള്ള ഭൌതിക ആസ്തികളിലും ഓഹരികള്‍ പോലുള്ള ധനകാര്യ ആസ്തികളിലും ഉണ്ടായ വിലവര്‍ദ്ധനവിനെ അവഗണിക്കുകയായിരുന്നു.

അതിനനുബന്ധിയായി അമിതമായ ധനകാര്യവല്‍ക്കരണം (Financialization*)നടക്കുകയുണ്ടായി. സേവന, ചരക്ക് മേഖലകളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച ധനമേഖല കൈവരിക്കുകയുണ്ടായി. ഒരു വിധത്തില്‍, ധനത്തിന്റെ വളര്‍ച്ച എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ഇന്ധനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നേടുന്നതിനുള്ള മാര്‍ഗം എന്നതിനേക്കാള്‍ ലക്ഷ്യം തന്നെയായി മാറി.

വ്യാപകമായ അമിതത്വം (Extensive excesses)

പലപ്പോഴും അമിതമായ ധനവല്‍ക്കരണം, ഒരു ചെറുന്യൂനപക്ഷത്തിനു മാത്രം ഗുണകരമായ രീതിയില്‍ സമ്പത്തിന്റെ പുനര്‍ വിതരണത്തിനു കാരണമായി. അസമത്വം വര്‍ദ്ധിക്കുന്നതിനും അത് വഴി തെളിച്ചു. ഉദാഹരണത്തിന്, അമേരിക്കയില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ തൊഴിലിന്റെ പങ്ക് മൂലധനത്തിന്റെ പങ്കിനെ അപേക്ഷിച്ച് തുലോം ചെറുതായിരുന്നു. അസമത്വം വര്‍ദ്ധിച്ചത് ‘മൊത്തം ഡിമാന്‍ഡിനെ ’ കൂടുതല്‍ അസ്‌ഥിരമാക്കുകയുമായിരുന്നു. അമിതമായ ധനവല്‍ക്കരണത്തെത്തുടര്‍ന്ന് ഇടപാടുകളുടെ (ട്രാന്‍സാക്ഷനുകളുടെ) എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ദ്ധനയും, excessive leverage ഉം (അമിതമായ തരത്തില്‍ മറ്റുള്ളവരുടെ പണമെടുത്ത് ‘കളിക്കലും’), അമിതമായ റിസ്ക് എടുക്കലും ഉണ്ടായി. excessive leverage എന്നു പറയുന്നത് മറ്റൊന്നുമല്ല സ്വന്തം പണത്തേക്കാള്‍ മറ്റുള്ളവരുടെ പണം ഉപയോഗിച്ച് ബിസിനസ്സ് നടത്തുക എന്നതാണത്. അമിതമായ തരത്തില്‍ റിസ്ക് എടുക്കല്‍ ഉണ്ടാകുന്നത് വ്യക്തികളോ സ്ഥാപനങ്ങളോ തങ്ങള്‍ക്ക് ലാഭത്തിന്റെ വിഹിതം ലഭിക്കുമെന്നും നഷ്ടത്തിന്റെ പങ്ക് വഹിക്കേണ്ടെന്നുമുള്ള ചിന്താഗതി വെച്ചുപുലര്‍ത്തുമ്പോഴാണ്; പ്രത്യേകിച്ചും അവരുടെ പ്രതിഫലം ഹ്രസ്വകാല ലാഭത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടുമെന്നിരിക്കെ. ഇത്തരം അമിതത്വത്തിനു (excesses)കാരണമായ നിരവധി ഘടകങ്ങളുണ്ട്. വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന വില (costs of regulation) അത്തരം നിയന്ത്രണങ്ങള്‍കൊണ്ടുണ്ടാകുന്ന പ്രയോജനത്തേക്കാള്‍ കുറവാണെന്ന വിശ്വാസവും, നിലവില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മൂലധന പര്യാപ്‌തതയെ(prescribed regulatory capital) മറികടക്കുന്നതിനും അങ്ങനെ ഷെയര്‍ഹോള്‍ഡര്‍ വില ഉയര്‍ത്തിക്കാണിക്കുന്നതിനുമായി നടത്തിയ അമിതമായ നൂതനവല്‍ക്കരണവും (Innovations) ഇതില്‍പ്പെടും. ഇത്തരം നൂതനവല്‍ക്കരണങ്ങളുടെ മറ്റൊരുദ്ദേശ്യം നിയന്ത്രണങ്ങളെ മറികടക്കുന്നതിനായി കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുക എന്നതായിരുന്നു. മറ്റൊരു കാരണം ധനകാര്യമാര്‍ക്കറ്റുകളുടെ വിവിധ ഘടകങ്ങള്‍ തമ്മിലും, രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന തരത്തിലുമുള്ള അമിതമായ നെറ്റ്‌വര്‍ക്കിംഗ് ആണ്. ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നത് വിഷമകരമാക്കി. ഇത്തരത്തിലുള്ള അമിതമായ നെറ്റ്‌വര്‍ക്കിംഗ് (സംവിധാനം) വമ്പന്‍ സാമ്പത്തിക സമുച്ചയങ്ങളുടെ (large conglomerates - A group of diverse companies under common ownership and run as a single organization) ശക്തിയെ അരക്കിട്ടുറപ്പിക്കുകയും അങ്ങിനെ അവ തകരാതിരിക്കാന്‍ മാത്രം വലുതാണെന്നു വരുകയും ചെയ്തു. കൂടുതല്‍ പ്രധാനമായ കാര്യം അവര്‍ തകര്‍ന്നാല്‍ സാമ്പത്തിക വ്യവസ്ഥയ്‌ക്കുമേല്‍ ഉണ്ടാകുന്ന പ്രഭാവത്തെക്കുറിച്ച് തികഞ്ഞ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ തങ്ങള്‍ തകരാതിരിക്കാന്‍ മാത്രം വലുതാണെന്നു സ്വയം വിശ്വസിക്കുകയും ആവശ്യത്തില്‍ക്കവിഞ്ഞ റിസ്ക് എടുക്കുകയും ചെയ്തു. ഇത്തരം അമിതത്വങ്ങളുടെ കൂടെ ധനത്തിന്റെ അമിതമായ ആഗോളവല്‍ക്കരണവും നടന്നു. ധനകാര്യസ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കെ നിയന്ത്രണങ്ങളാകട്ടെ രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങി. ഈ പ്രതിസന്ധി അമേരിക്കയില്‍ നിന്നും യു.കെയില്‍ നിന്നും വ്യാപാരം, ധനകാര്യം, (മാര്‍ക്കറ്റ്) സെന്റിമെന്റ് എന്നിങ്ങനെയുള്ള വിവിധ ചാനലുകളിലൂടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.

എന്തുകൊണ്ട് ഇത്തരം excesses ഉണ്ടായി?

(എ) നിയന്ത്രണരഹിതമായ മാര്‍ക്കറ്റുകളോടുള്ള പ്രത്യയശാസ്‌ത്രപരമായ ആഭിമുഖ്യം

(ബി) ആഗോള അസന്തുലിതാവസ്‌ഥ : അമേരിക്കപോലുള്ള രാജ്യങ്ങളുടെ നിരന്തരമായി തുടരുന്ന വലിയ തോതിലുള്ള കറന്റ് അക്കൌണ്ട് കമ്മിയും, ചൈന പോലുള്ള രാജ്യങ്ങളുടെ തത്തുല്യമായ മിച്ചവും. ഡോളര്‍ ആഗോള റിസര്‍വ് കറന്‍സിയായി തുടരുന്നു എന്നത് ഇതിനെ സഹായിച്ചു.

(സി) ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ആയി മാറണമെന്നാഗ്രഹിച്ച യൂ എസ്, യൂ കെ തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിക്കുവാനായി ധനകാര്യ മേഖലയുടെ നിയന്ത്രണം ഏറ്റവും ദുര്‍ബലപ്പെടുത്തി.

(ഡി) ധനകാര്യ മേഖലയുടെ ഏറ്റവും ശക്തരും സമ്പന്നരുമായവരുടെ ലോബികള്‍ റെഗുലേറ്ററി അതോറിറ്റികള്‍ പിടിച്ചടക്കി.

(ഇ) വലുപ്പം കൊണ്ടും ആഗോള സമ്പദ്‌വ്യവസ്ഥയിലെ നിര്‍ണ്ണായക സ്ഥാനം കൊണ്ടും പ്രാമുഖ്യമുള്ള യൂ എസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഐ എം എഫ് തുടങ്ങിയ ബഹുകക്ഷി ( മള്‍ട്ടിലാറ്ററല്‍ വാച്ച്ഡോഗുകളുടെ) ധനകാര്യ സ്ഥാപനങ്ങളുടേയും പ്രത്യയശാസ്‌ത്രത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും മേലുള്ള പ്രകടമായ സ്വാധീനം.

ഭാവി പ്രത്യാഘാതങ്ങള്‍

മേല്‍ വിവരിച്ച പ്രകാരം തികച്ചും അഭൂതപൂര്‍വവും ഭീമവുമായ മോണിറ്ററി നടപടികള്‍ സ്വീകരിച്ചതിന് ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിലും ഭാവിയില്‍ അവ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒന്നാമതായി, വലിയ തോതില്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ലിക്വിഡിറ്റി ഇന്‍‌ജൿറ്റ് ചെയ്യുന്നത് ( പണലഭ്യത അധികരിക്കുക) മൂലം പണപ്പെരുപ്പം സംബന്ധിച്ച അനുമാനങ്ങളും പണപ്പെരുപ്പം തന്നെയും കുതിച്ചുയരാന്‍ ഇടവരുത്താം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇത്തരം പിന്‍‌വാങ്ങലുകളുടെ വ്യാപ്തിയും, സമയവും, രീതിയും എല്ലാം യഥോചിതമായിരിക്കണം.

രണ്ടാമതായി, സര്‍ക്കാര്‍ മാന്ദ്യത്തില്‍ നിന്നും കരകയറാനായി നല്‍കുന്ന ഉത്തേജക (സ്റ്റിമുലസ്) പാക്കേജുകള്‍ പൊതുകടം വര്‍ദ്ധിപ്പിക്കുയാണ്. ഇവയെല്ലാം തിരിച്ചു നല്‍കേണ്ടവയായതിനാല്‍ നികുതി ദായകനുമേല്‍ ഭാവിയില്‍ അധികഭാരം അടിച്ചേല്‍‌പ്പിക്കപ്പെടുമെന്നതിനു സംശയമില്ല.

മൂന്നാമതായി, അസന്തുലിതവസ്ഥ പരിഹരിക്കാനുള്ള മദ്ധ്യ-ദീര്‍ഘകാല പ്രക്രിയകളെ സംബന്ധിച്ചിടത്തോളം, സ്റ്റിമുലസിന്റെ സ്വഭാവം (nature of stimulus) വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, തദ്ദേശീയ ചോദനം (domestic demand) വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് യൂ എസ് നല്‍കുന്ന സ്റ്റിമുലസ് വളരെ കുറഞ്ഞ സമ്പാദ്യ നിരക്കു മാത്രമുള്ള ഒരു രാജ്യം സമ്പാദ്യശീലം പ്രോത്‌സാഹിപ്പിക്കുവാന്‍ നല്‍കുന്ന സ്റ്റിമുലസിനു കടകവിരുദ്ധമായിരിക്കും.

നാലാമതായി, സര്‍ക്കാര്‍ നല്‍കുന്ന ഉത്തേജക (സ്റ്റിമുലസ് ) പാക്കേജുകളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ചെലവുകളോ, ചില മേഖലകള്‍ക്ക് നിരന്തരമായി നല്‍കുന്ന സഹായങ്ങളൊ ഉണ്ടെങ്കില്‍ അവ പിന്‍‌വലിക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പ്രതിസന്ധിയെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, അവയെ സാമാന്യം നന്നായി കൈകാര്യം ചെയ്യുകയും ഉണ്ടായി. എന്നാല്‍ പ്രശ്നം പരിഹരിക്കാനായി ഇതിന്റെ ഭാരം ജനങ്ങളുടെ ഇടയില്‍ വിതരണം ചെയ്യുന്നത് ആശാസ്യമണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

ചുരുക്കത്തില്‍, ഇതൊരു ആഗോള പ്രതിസന്ധിയാണ്, ഇത് പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടത് ദേശീയമായാണ് , ഇതുകൊണ്ടുള്ള ഗുണമോ ലോകവ്യാപകമായി അനുഭവപ്പെടും. എന്നാല്‍ ഇതുമൂലം ഭാവിയില്‍ അനുഭവിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഓരോ രാഷ്‌ട്രവും ഒറ്റയ്ക്കൊറ്റയ്ക്ക് അനുഭവിച്ച് തീര്‍ക്കേണ്ടി വരും !

സ്റ്റിമുലസ് പാക്കേജുകള്‍ പിന്‍‌വലിക്കുന്ന സമയം വളരെ കരുതലോടെ തീരുമാനിക്കേണ്ടതാണ്. സമയമാവും മുമ്പെ അവ പിന്‍‌വലിച്ചാല്‍ അത് മാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കുന്ന പ്രക്രിയയേയും വളര്‍ച്ചാ നിരക്കിനെയും ദോഷകരമായി ബാധിക്കും. അതുപോലെ പാക്കേജുകള്‍ പിന്‍‌വലിക്കുന്ന സമയം അനാവശ്യമായി വൈകിച്ചാല്‍ അത് പണപ്പെരുപ്പത്തിനു തിരികൊളുത്തുക മാത്രമല്ല മദ്ധ്യ കാല വളര്‍ച്ചാ നിരക്കിനെ പിറകോട്ടടിപ്പിക്കുകയും ചെയ്യും. ഇതൊരു സവിശേഷ പ്രതിസന്ധിയാണ്. മുന്‍‌കാലങ്ങളില്‍ ഇത്തരം പ്രതിസന്ധികളുണ്ടാവുമ്പോള്‍ ഉപയോഗിച്ച സങ്കേതങ്ങള്‍ ഉപയോഗിച്ചാല്‍ ഇപ്പോഴത്തെ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധികളെ നേരിടാനാവില്ല. ഇത്തരം പ്രതിസന്ധികളെ നേരിട്ട മുന്‍‌കാല അനുഭവങ്ങള്‍ ഇല്ലാത്താതിനാല്‍ തന്നെ പാക്കേജുകള്‍ പിന്‍‌വലിക്കുമോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളോ അവ പരിഹരിക്കാനുള്ള റെഡി‌മെയ്‌ഡ് ഉത്തരങ്ങളോ നമ്മുടെ കയ്യില്‍ ഇല്ല തന്നെ.

പുതിയ സാമാന്യ സ്ഥിതി (‘New normalcy’)

പ്രതിസന്ധി സംജാതമാകുന്നതിനു മുമ്പുള്ള നിയമ-സ്ഥാപന-നയ ചട്ടക്കൂടില്‍ മടങ്ങിയെത്തുന്നതിനെ സാമാന്യ സ്ഥിതി പ്രാപിച്ചു എന്ന് വിശേഷിപ്പിക്കാം. ഈ സമീപനമനുസരിച്ച് വളര്‍ച്ചയും തകര്‍ച്ചയും (boom and bust) സാമ്പത്തിക പ്രക്രിയയുടെ സാമാന്യ ഘടകങ്ങളാണ്. ഓരോ പ്രതിസന്ധിക്കും ചില വ്യതിരിക്ത സവിശേഷതകള്‍ ഉണ്ടാകുമെങ്കിലും പ്രതിസന്ധികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

സ്വതന്ത്ര കമ്പോളത്തിന്റെ സൌമ്യപ്രകൃതമെന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം നിലനില്‍ക്കേണ്ടിയിരിക്കുന്നു. ഇതൊരു തീവ്ര നിലപാടാണ്.

മുതലാളിത്തത്തിന്റെ ഹൃദയ ഭൂമിയിലാണ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് എന്നതിനാല്‍ ഇത് മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കും, ഒരു പുതിയ സോഷ്യലിസ്റ്റ് ആഗോള സാമ്പത്തിക ക്രമം ഉണ്ടായേ തീരൂ എന്നത് ഇതിനു നേര്‍വിപരീതമായ നിലപാടാണ്.

ഈ രണ്ട് വിരുദ്ധ നിലപാടുകള്‍ക്കുമിടയിലെ മദ്ധ്യപാതയാണ് കൂടുതല്‍ പേരും പിന്തുടരുന്നത്. അവര്‍ പറയുന്നു. “ലോകം എന്തായാലും പഴയ സാമാന്യ സ്ഥിതിയിലേക്ക് (old normalcy)പോകില്ല, കാരണം അത് പ്രതിസന്ധികളെ സൃഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞു കഴിഞ്ഞു, അതിനാല്‍ സൃഷ്‌ടിക്കപ്പെടേണ്ടത് പുതിയൊരു സാമാന്യ സ്ഥിതിയാണ്. ”

*****

വൈ വി റെഡ്ഡി

* (Financialization is a term that describes an economic system or process that attempts to reduce all value that is exchanged (whether tangable, intangeable, future or present promises, etc.) either into a financial instrument or a derivitive of a financial instrument. വിക്കിപീഡിയയില്‍ നിന്ന്)

(2009 നവംബര്‍ 30 ന് ന്യൂ ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ശ്രീ വൈ വി റെഡ്ഡി നടത്തിയ എസ് രംഗനാഥന്‍ മെമ്മോറിയല്‍ ലെൿചറില്‍ നിന്ന്. കടപ്പാട് : ദി ഹിന്ദു)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2009 നവംബര്‍ 30 ന് ന്യൂ ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ശ്രീ വൈ വി റെഡ്ഡി നടത്തിയ എസ് രംഗനാഥന്‍ മെമ്മോറിയല്‍ ലെൿചറില്‍ നിന്ന്.