Wednesday, April 28, 2010

'ബദല്‍' പിറക്കുന്നതിങ്ങനെ!

ഉഴുതുണ്ടു വാഴ്വാരേ വാഴ്വാര്‍,
മറ്റെല്ലാം തൊഴുതുണ്ടു പിന്‍ശെല്‍പവര്‍

(തിരുക്കുറല്‍)

ഉഴുതുണ്ടു ജീവിക്കുന്നവര്‍ മാത്രമാണ് ജീവിക്കുന്നത്.
മറ്റെല്ലാവരും തൊഴുതുണ്ട് പിന്നാലെച്ചെല്ലുന്നവരാണ് .

ഒട്ടും ചോറുണ്ണാതെ ഒരു ദിസവം കടന്നുപോയാല്‍ മനസാ അവശരാകുന്നവരാണ് നമ്മളൊക്കെ. അല്പമൊക്കെ ശാരീരികവും കുറച്ചൊക്കെ സാംസ്കാരികവുമാണ് അത്തരമൊരു സാഹചര്യത്തില്‍ നമുക്കനുഭവപ്പെടുന്ന തൃപ്‌തിപോരായ്‌മ. എന്നിട്ടും പാടമായ പാടമൊക്കെ നികത്തിയപ്പോഴൊന്നും കേരളത്തിലെ പൊതുസമൂഹം കാര്യമായി ഇടപെട്ടില്ല. കാരണം എന്തും പണം കൊടുത്തുവാങ്ങാമെന്ന ഉപഭോക്തൃസമൂഹത്തിന്റെ അഹന്ത നമ്മെ കീഴടക്കിയിരുന്നു. കര്‍ഷകന്റെ നിവൃത്തികേടാണ് ഈ മാറ്റത്തിന്റെ കാതലെന്ന് പൊതുവേ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുകൊണ്ടുകൂടിയാണ് ഈ പരിവര്‍ത്തനം എളുപ്പമായത്. വലിയൊരു പരിസ്ഥിതി ദുരന്തത്തിന് തുടക്കമിട്ടുകൊണ്ട് അങ്ങനെ പാടങ്ങള്‍ മണ്‍മറഞ്ഞു.

നെല്ലിന് വിലയില്ല. കൃഷിയെന്ന തൊഴിലിന് മാന്യതയുമില്ല. വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയെങ്കിലും ഇത്തിരി നെല്ല് വളര്‍ത്താമെന്നുവെച്ചാല്‍ കര്‍ഷകത്തൊഴിലാളികളെ കിട്ടാന്‍ പ്രയാസം. രാവിലെ തൊട്ട് വൈകും വരെ കുനിഞ്ഞ് ഒരേ നില്‍പ്പില്‍ ഓരോ ഞാറായി നട്ടുപോകുന്ന നൂറ്റാണ്ടുകളായി തുടരുന്ന പ്രാകൃതമായ കൃഷിരീതി. മണ്ണിലുതിര്‍ന്ന കടുകുമണികള്‍ പെറുക്കുന്നതിലും പ്രയാസമാണ് ഒരു പിടി നെല്ല് വിളയിക്കാനുള്ള അധ്വാനം. പട്ടിണി കിടന്നാലും ഇത്തരം കഷ്ടപ്പാട് സഹിക്കാന്‍ ഇന്നാരും തയ്യാറല്ല. കഷ്ടപ്പെട്ട് ജോലിക്കാരെ സംഘടിപ്പിച്ചാല്‍ത്തന്നെ കൂലിച്ചിലവും എല്ലാം കൂടി വിപണിയില്‍നിന്ന് അരി വാങ്ങുന്നതിനേക്കാള്‍ നഷ്‌ടം. മണ്ണിന് അമിത രാസവളപ്രയോഗത്താല്‍ ഫലപുഷ്‌ടി കുറഞ്ഞതുകൊണ്ട് വിളവു തീരെ കുറവും. കേരളത്തിന്റെ കാര്‍ഷികവും പരിസ്ഥിതിപരവും ഒപ്പം സാമൂഹ്യവുമായ ഒരു പ്രശ്‌നം ഇങ്ങനെയാണ് ഉദ്ഭവിച്ചത്. അന്യസംസ്ഥാനത്തുനിന്ന് അരി വരുത്തണം എന്ന സാങ്കേതികമായ ബുദ്ധിമുട്ടിനപ്പുറം ഭൂമിമാഫിയ എന്ന അപകടകാരിയായ ചെകുത്താന്റെ കടന്നുവരവിന് അവസരമായി എന്നതാണ് കേരളത്തിന്റെ അരിപ്രശ്‌നത്തിലുള്ള കാതലായ വിഷയം.

കേരളത്തിലെ നെല്‍കൃഷിയുടെ നാശത്തെ, ഭൂമിമാഫിയയുമായി ബന്ധപ്പെടുത്തിയും അയല്‍ സംസ്ഥാനങ്ങളിലുണ്ടാവുന്ന കാര്‍ഷികരംഗത്തെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലുമാണ് വിലയിരുത്തേണ്ടത്. 40 വര്‍ഷം മുന്‍പ് കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വ്യാപ്തി ആകെ കൃഷിയിടത്തിന്റെ 64 ശതമാനമായിരുന്നത് ഇന്ന് വെറും 10 ശതമാനമാണ്. കേരളത്തിലെ ഒട്ടുമിക്ക ഫ്ളാറ്റുകളും പാടം നികത്തി പണികഴിപ്പിക്കപ്പെട്ടവയാണ്. കേരളത്തില്‍ സ്ഥിരതാമസമില്ലാത്ത മലയാളികളും ഇവിടത്തെ സുഖകരമായ പ്രകൃതിയും കാലാവസ്ഥയും കണ്ട് മോഹിച്ചെത്തുന്ന ധനികരായ അന്യസംസ്ഥാനക്കാരും ഈ ഫ്ളാറ്റുടമകളില്‍ വലിയൊരു വിഭാഗമുണ്ട്. സ്വന്തം മണ്ണ് മലയാളിക്ക് അന്യമാവുന്ന കാലം വിദൂരമല്ല. ഒരു ദശകം മുന്‍പുവരെ കേരളം ആവശ്യമുള്ള അരിയുടെ 50 ശതമാനം ഉത്പാദിപ്പിച്ചിരുന്നു. ഇന്നത് വെറും പതിനാല് ശതമാനമാണ്. ബാക്കി അരി വരുന്നത് തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, എന്നിവിടങ്ങളില്‍ നിന്നാണ്.

ഭൂമിയില്‍ മൂന്നില്‍ രണ്ട് പേരുടെ ഭക്ഷണവും ഏഷ്യാക്കാരുടെ തീന്‍കിണ്ണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവുമാണ് അരി. ലോകത്തെ ഓരോ വര്‍ഷത്തെയും അരിയുത്പാദം ശരാശരി 800 ദശലക്ഷം ടണ്ണാണ്. ഈ ഭക്ഷ്യവിളയുടെ കൃഷിക്ക് 130 ദശലക്ഷം വര്‍ഷത്തെ ചരിത്രവുമുണ്ട്. നെല്ല് ആദ്യം ഒരു പുല്ലായിരുന്നു. വരിനെല്ലെന്ന കാട്ടുപുല്ലിനെ നെല്ലെന്ന കതിര്‍ക്കനമുള്ള നാട്ടുസസ്യമാക്കി മനുഷ്യന്‍ മെരുക്കിയടുത്തത് ആയിരക്കണക്കിന് തലമുറകളുടെ കാര്‍ഷികാധ്വാനം കൊണ്ടാണ്. ശാസ്‌ത്രം ഈ പ്രക്രിയയെ ഡൊമസ്‌റ്റിക്കേഷന്‍ എന്ന് വിളിക്കുന്നു. അതായത് എത്രയോ നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെ സംഭാവനയാണ് ഈ ഭക്ഷ്യോത്പന്നം. വരണ്ട മണ്ണിലും മുട്ടൊപ്പം വെള്ളത്തിലും ഉപ്പുനീരില്‍ വരെയും വളരാന്‍ കെല്‍പ്പുള്ള അന്നത്തിന്റെ ഈ അദ്ഭുതച്ചെടി ധാരാളം മഴ കിട്ടുന്ന കേരളക്കരക്ക് പ്രകൃതി സമ്മാനിച്ച ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിളയാണ്.

പുറത്തുനിന്ന് അരി വാങ്ങുന്നതിലെ ലാഘവം വൈകാതെ വെറും പഴങ്കഥയാവും. അയൽ സംസ്ഥാനങ്ങളിലൂടെ ഇന്ന് യാത്ര ചെയ്‌താല്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ വാങ്ങിയശേഷം കുറ്റികള്‍ നാട്ടി പ്ളോട്ട് തിരിച്ചിട്ട പാടങ്ങള്‍ പത്ത് കിലോമീറ്ററില്‍ ഒരെണ്ണം എന്ന തോതിലെങ്കിലും കാണാം. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് തമിഴ് നാട്ടിലെയും ആന്ധ്രയിലേയും കര്‍ണ്ണാടകയിലേയും കൃഷിസ്ഥലത്തിന്റെ വ്യാപ്‌തി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഈ സംസ്ഥാനങ്ങളിലെ ശേഷിക്കുന്ന കൃഷിക്കാരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന പരാതി ഇതാണ്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും പലതരം ഫാൿടറികളിലേക്ക് വണ്ടികള്‍ വന്ന് തൊഴിലാളികളെ കൊണ്ടുപോകുന്നതിനാല്‍ കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാനില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൂടി നടപ്പായതോടെ ശേഷിക്കുന്ന തൊഴിലാളികളും ഈ തൊഴില്‍മേഖലയില്‍നിന്ന് പിന്‍മാറി. ഇതിനൊക്കെ പുറമേ തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലേയുമൊക്കെ കൃഷിക്കാരുടെ അടുത്ത തലമുറ ജോലിക്കാരും ബിസിനസ്സുകാരുമായി പാരമ്പര്യത്തൊഴില്‍ വിട്ടുപോവുകയാണ്. അടുത്ത പത്ത് വര്‍ഷം കൊണ്ട് തമിഴ്‌നാടിനും കര്‍ണ്ണാടകക്കും ആന്ധ്രക്കും പുറത്തുകൊടുക്കാന്‍ അരി ഉണ്ടാവുകയില്ല എന്ന് ചുരുക്കം.

കേരള സര്‍ക്കാര്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടികളെടുക്കുന്നുണ്ടെങ്കിലും ഈ നയം അതിന്റെ ലക്ഷ്യം നേടാത്തതിനുകാരണം വാസ്തവത്തില്‍ പഞ്ചായത്തുകളുടെ വികസനസമീപനത്തിലെ തിരുത്താന്‍ പ്രയാസമുള്ള ചില ബോധ്യങ്ങളാണ്. വികസനമെന്നാല്‍ എന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതിന്റെ വിലയാണ് നാം നല്‍കേണ്ടിവരുന്നത്. കര്‍ഷകഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ പോലും റോഡും കെട്ടിടങ്ങളും പണിയാനാണ് ഏറ്റവുമധികം പണം ചിലവിടാറുള്ളത്. കേരളത്തില്‍ ആകെ ചിലവാക്കുന്ന പഞ്ചായത്ത് പദ്ധതിവിഹിതത്തിന്റെ 60-70 ശതമാനം ഇത്തരം പ്രവര്‍ത്തികള്‍ക്കു വേണ്ടി ചിലവിടുന്നു.

കുട്ടനാട്ടില്‍ യാതൊരു പരിസ്ഥിതി ബോധവുമില്ലാതെ പണിത റോഡുകളാണ് പല പ്രദേശങ്ങളിലും നീരൊഴുക്കുകളെ തടഞ്ഞ് ഭൂമി കൃഷിയോഗ്യമല്ലാതാക്കി മാറ്റിയത്. ഈ ദുരന്തത്തിന്റെ ചെറിയ മാതൃകകള്‍ ഓരോ കേരളീയഗ്രാമത്തിലും കാണാം. ഒരു പാടത്തുകൂടി അശാസ്‌ത്രീയമായി, നീരൊഴുക്കുകളെ പരിഗണിക്കാതെ ഒരു റോഡ് വരുന്നതോടെ പരിസ്ഥിതിപരവും സാമ്പത്തികവുമായ ഒരു മാറ്റം ഭൂമിക്ക് സംഭവിക്കുന്നു. നീര്‍വാര്‍ച്ച കുറയുന്നു. പാടങ്ങള്‍ അങ്ങനെ കൃഷിയോഗ്യമല്ലാതാവുന്നു. ഉടമസ്ഥന് ഈ ഭൂമി ഉപകാരമില്ലാത്ത ചതുപ്പായി പരിണമിക്കുന്നു. ഉടന്‍തന്നെ, ആര്‍ക്കും വേണ്ടാതെ കിടന്ന ഭൂമിക്ക് വില നിശ്ചയിക്കാന്‍ ഭൂമിമാഫിയയുടെ വാമനന്‍മാര്‍ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷരാവുന്നു. തൊട്ടടുത്തുകൂടി റോഡ് പോകുന്നു എന്നതും വിലപേശലിന് സാധ്യത കൂട്ടുന്നു. വില്‍പ്പനയും തൊട്ടുപിന്നാലെ തന്നെ ഘട്ടം ഘട്ടമായുള്ള മണ്ണിട്ട് നികത്തലും നടക്കുന്നു. വൈകാതെ കെട്ടിടങ്ങള്‍ ഉയരുന്നു.


വടക്കാഞ്ചേരിയില്‍ സംഭവിക്കുന്നത്

വികസനമെന്ന് നാം വിളിക്കുന്ന പ്രക്രിയ അങ്ങനെ ഭൂമിമാഫിയക്ക് ഒത്താശ ചെയ്യലായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തിന്റെ വികസന അജണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തില്‍ മുണ്ടകനും വിരിപ്പും പുഞ്ചക്കൃഷിയും കൂടി കണക്കെടുത്താല്‍ 4278 ഹെക്ടര്‍ കൃഷി ചെയ്യാവുന്ന നെല്‍പ്പാടമുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതില്‍ പകുതിയോളം കൃഷി നടന്നിരുന്നില്ല. 2008-ലാണ് ബ്ളോക്ക് പഞ്ചായത്ത് ഈ തരിശുനിലങ്ങളില്‍ മുഴുവന്‍ കൃഷിയിറക്കാനുള്ള തീരുമാനം തത്വത്തിലെടുത്തത്. കേരളത്തിലെ ഒരു പഞ്ചായത്തില്‍ ഒരു വര്‍ഷം വികസനകാര്യങ്ങള്‍ക്കായി ആകെ ചെലവാക്കപ്പെടുന്നത് ശരാശരി ഒരു കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചിലവേറിയ പദ്ധതികളിലൊന്നായി, രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ മുതല്‍മുടക്കുമായി നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചു. ഇത് ആകെ പദ്ധതിച്ചിലവിന്റെ അന്‍പത് ശതമാനം വരും. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ കേരളത്തിന്റെ ചരിത്രമെടുത്താല്‍ ഇത്രയും പദ്ധതിവിഹിതം കൃഷിക്കുവേണ്ടി നീക്കിവെച്ച മറ്റൊരു പഞ്ചായത്തിനെ കാണുകയില്ല. ജലവും മണ്ണും വ്യക്തിപരമായ ഉടമസ്ഥതക്കപ്പുറം ഒരു സമൂഹത്തിന്റെ പൊതുസ്വത്താണെന്ന ചിന്തയിലേക്കുള്ള ഒരു ചെറിയ കാല്‍വെയ്പ്പാണിത്.

ഇതിന്റെ ഫലമായി 9 ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 120 പാടശേഖരങ്ങളിലും കൃഷിയിറക്കാന്‍ ശ്രമം നടക്കുന്നു. പഞ്ചായത്ത് പാടശേഖരസമിതികള്‍ക്ക് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടും ഓരോ കര്‍ഷകര്‍ക്കും പഞ്ചായത്തിന്റെ ഈടില്‍ ബാങ്കുകളില്‍നിന്ന് നേടിക്കൊടുക്കുന്ന വായ്‌പയും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സൌകര്യം ചെയ്‌തിട്ടും ആദ്യമൊന്നും പല കര്‍ഷകരും കൃഷിയിറക്കാന്‍ തയ്യാറായില്ല. കാരണം കുറച്ച് വര്‍ഷങ്ങള്‍ വെറുതേ കിടന്നാല്‍ നെല്‍പ്പാടം കരയാക്കി മാറ്റി വില്‍ക്കാനെളുപ്പമാണെന്ന കണക്കുകൂട്ടലിലായിരുന്നു പലരും കഴിഞ്ഞിരുന്നത്. മുണ്ടൂരില്‍ കൃഷി ചെയ്യാന്‍ കൂട്ടാക്കാതിരുന്ന കര്‍ഷകന്റെ തരിശുനിലം കയ്യേറി പാടശേഖരസമിതി കൃഷിയിറക്കിയപ്പോള്‍ കോടതി പോലും കൂടെനിന്നു.

വടക്കാഞ്ചേരിയില്‍ 10 വര്‍ഷം മുന്‍പ് ശരാശരി ഭൂമിവില സെന്റിന് പതിനായിരം രൂപയായിരുന്നു. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ ഇവിടേയും കൃഷി തളരുകയും ഭൂമിവില ആകാശത്തോളം ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമത് ഏക്കറിന് ഒരു ലക്ഷത്തോളം രൂപയായിരുന്നു. എന്നാലീവര്‍ഷം പഞ്ചായത്തില്‍ ഭൂമി കച്ചവടം കാര്യമായി നടന്നിട്ടില്ല. ഇവിടെ നടക്കുന്ന കാര്‍ഷിക മുന്നേറ്റത്തിനും ഈ മാറ്റത്തില്‍ പരോക്ഷമായി പങ്കുണ്ട്.

പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി കാര്‍ഷികജോലികള്‍ യന്ത്രസഹായത്തോടെ ചെയ്യാന്‍ ഗ്രീന്‍ ആര്‍മിയെ രംഗത്തിറക്കി. ഈ സംഘത്തില്‍ വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്തിലെ കര്‍ഷകരും വീട്ടമ്മമാരും യുവാക്കളും തൊഴിലാളികളുമുണ്ട്. ഗ്രീന്‍ ആര്‍മിക്ക് യൂണിഫോമും തൊപ്പിയും പട്ടാളച്ചിട്ടയുമുണ്ട്. കാര്‍ഷികജോലികള്‍ക്ക് അങ്ങനെ പ്രൊഫഷണല്‍ സ്വഭാവം ലഭിക്കുന്നു. സ്‌ത്രീകളുടെ വലിയ പങ്കാളിത്തവും ഈ കാര്‍ഷികദൌത്യസേനയെ പാരമ്പര്യകൃഷിയുടെ ആചാരനിഷ്ഠമായ ഘടനയില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. സ്‌ത്രീകള്‍ നെല്‍വിത്ത് വിതച്ചാല്‍ വിള നന്നാവില്ലെന്നും പ്രകൃതി പിണങ്ങുമെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ അങ്ങനെ പ്രസക്തി നഷ്‌ടപ്പെട്ട് താനേ മാഞ്ഞുപോകുന്നു.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസമിതി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കൃഷിയിലെ യന്ത്രവത്കരണത്തിന് പച്ചക്കൊടി കാട്ടി. മാറുന്ന കാലത്തിന്റെ പൊരുളറിഞ്ഞ ഈ പുതിയ രാഷ്‌ട്രീയനിലപാട് വടക്കാഞ്ചേരിയിലെ കര്‍ഷകത്തൊഴിലാളികളുടെ ജോലിസുരക്ഷയേയും ഗൌരവമായി പരിഗണിച്ചു. ഗ്രീന്‍ ആര്‍മിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആദ്യപരിഗണന തൊഴിലാളികള്‍ക്കു തന്നെ നല്‍കി.

മുഴുവന്‍ നിലങ്ങളും കൃഷിക്കൊരുങ്ങുമ്പോള്‍ ജലസേചനം മറ്റൊരു വെല്ലുവിളിയായിരുന്നു. മിക്കവാറും ജലസ്രോതസ്സുകള്‍ വര്‍ഷങ്ങളായി ഒഴുക്ക് തടസ്സപ്പെട്ട് നിലക്കുകയോ വറ്റിപ്പോവുകയോ ചെയ്തിരുന്നു. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കണമെന്ന പരക്കെയുള്ള— ആഗ്രഹത്തെ മുന്‍നിര്‍ത്തി വടക്കാഞ്ചേരിയില്‍ ജലസേചനക്കനാലുകളുടെ നവീകരണം തൊഴിലുറപ്പുസേനയെ ഏല്‍പ്പിച്ചു. കേരളത്തില്‍ത്തന്നെ ആദ്യമായി അങ്ങനെ തൊഴിലുറപ്പുസേന കാര്‍ഷിക പ്രവര്‍ത്തിയില്‍ നേരിട്ട് ബന്ധപ്പെട്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ വന്‍കിട കൃഷിക്കാര്‍ കുറവായതിനാല്‍ ഓരോ പഞ്ചായത്തിനും കൃഷിയെ ഒരു പൊതുമണ്ഡലമായിക്കണ്ട് തൊഴിലുറപ്പ് സേനയെ പാടശേഖരങ്ങളിലും മറ്റും നിലവിലുള്ള നിയമങ്ങള്‍ക്കകത്തുനിന്നുതന്നെ കൃഷിയില്‍ നിയോഗിക്കാം എന്ന് ഇതോടെ വ്യക്തമായി.

ഏറ്റവുമധികം അധ്വാനം വേണ്ടിവരുന്ന കൃഷിയായ നെല്‍കൃഷിയില്‍ യന്ത്രവത്കരണവും സാങ്കേതികവിദ്യയുടെ ഉപയോഗവും കൊണ്ട് ചിലവുചുരുക്കാനും കായികക്ളേശം അങ്ങേയറ്റം കുറക്കാനും സാധിച്ചു. പകലന്തിയോളം കുനിഞ്ഞുനിന്ന് നെല്‍പ്പാടത്ത് ജോലി ചെയ്യുകയും ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ നിവരാന്‍ വയ്യാത്ത വിധം ശരീരം വളഞ്ഞുപോവുകയും ചെയ്യുന്ന കര്‍ഷകത്തൊഴിലാളിയുടെ ദുരിതചിത്രം ഏത് തൊഴിലില്ലായ്‌മാ വാദത്തിന്റെ പേരിലായാലും ഇനി പഴയതുപോലെ തുടരണമെന്ന് കരുതുന്നത് ഒരര്‍ത്ഥത്തില്‍ ക്രൂരത തന്നെയാണ്.

ഇതിന് ബദലായി മാറുന്ന ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനരീതി പറയാം.പാടത്ത് വിത്തെറിഞ്ഞ് മുളപ്പിച്ച് വീണ്ടും ഞാറുപറിച്ചുനടുന്നതുപോലുള്ള ഇരട്ടിപ്പണികള്‍ ഒഴിവാക്കി ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ മാറ്റ് നഴ്‌സറി എന്നറിയപ്പെടുന്ന പായപോലെ ചുരുട്ടിയെടുക്കാവുന്ന ഞാറ്റടി തയ്യാറാക്കി. ഞാറുനടീല്‍ യന്ത്രത്തില്‍ ഈ ഞാറ്റുപായകളിറക്കിവെച്ച് ഒരു കണ്ടത്തിന്റെ എല്ലാ ഭാഗത്തും ഒരു ചാല്‍ ഓടിച്ചതോടെ ആ കണ്ടത്തിലെ നടീല്‍ പൂര്‍ത്തിയായി. ഒരേക്കര്‍ പാടം നടാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി ടീമിന് ശരാശരി ഒന്നര മണിക്കൂര്‍ മതി. അപ്പോള്‍ ഇടനേരത്തെ ചായക്ക് സമയമാകുമ്പോഴേക്കും ആദ്യത്തെ ഒരേക്കര്‍ ജോലി തീര്‍ന്നിരിക്കുന്നു. ഒരേക്കര്‍ നട്ടുതീര്‍ക്കുന്നതിന് കര്‍ഷകന്‍ ഗ്രീന്‍ ആര്‍മിക്ക് നല്‍കേണ്ടത് 3000 രൂപയാണ്. ഒരു ദിവസം മൂന്നര ഏക്കര്‍ നട്ടുതീര്‍ക്കാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി സംഘത്തിന് കഴിയുന്നു. അപ്പോള്‍ അഞ്ചുപേരുടെ ഒരു ദിവസത്തെ വരുമാനം 10,500 രൂപ. ഇതില്‍നിന്ന് ഒരു പങ്ക് ഓരോ തൊഴിലാളിക്കുമുള്ള പെന്‍ഷന്‍ ഫണ്ടിലേക്കും ഇന്‍ഷുറന്‍സ് നിധിയിലേക്കും മാറ്റിവെക്കപ്പെടുന്നു. നടീല്‍ ഉപകരണത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായും വരുമാനത്തിന്റെ ഒരംശം സൂക്ഷിക്കുന്നു. അതെല്ലാം കിഴിച്ച് ഒരു ഗ്രീന്‍ ആര്‍മി അംഗത്തിന് ഒരു ദിവസം കിട്ടുന്ന വരുമാനം ശരാശരി 350 മുതല്‍ 500 രൂപ വരെയാണ്. കൃഷിപ്പണി ഉപേക്ഷിച്ച് സിമന്റുപണിക്കും മണല്‍വാരാനും പോയ തൊഴിലാളികള്‍ക്ക് ഇനി മടങ്ങിവരാം!

കളകളെ നശിപ്പിക്കാനായി കോണോവീഡര്‍ എന്ന യന്ത്രവുമായും വിളവെടുപ്പിന് സമയമാകുമ്പോള്‍ അതിന്റെ കൊയ്ത്തുയന്ത്രങ്ങളുമായും ഗ്രീന്‍ ആര്‍മി വീണ്ടും വയലിലിറങ്ങുന്നു. കൊയ്യുന്നതോടൊപ്പം നെല്ലും വൈക്കോലും വേര്‍തിരിച്ച് നെല്ല് പ്രത്യേകം ചാക്കുകളില്‍ നിറക്കുന്നതും കൊയ്ത്തു യന്ത്രത്തിന്റെ ജോലിയാണ്. മറുവശത്ത് ബെയ്‌ലിംഗ് യന്ത്രങ്ങള്‍, വൈക്കോലിനെ 30 കിലോ വീതമുള്ള കെട്ടുകളാക്കി മാറ്റുന്നു.

2009-ല്‍ ഇത്തരം 100 തൊഴിൽ ദിനങ്ങള്‍ ഓരോ ഗ്രീന്‍ ആര്‍മി തൊഴിലാളിക്കും ലഭിച്ചു. ഇപ്പോള്‍ ആരംഭിച്ച കോള്‍പ്പാടങ്ങളിലെ കൊയ്ത്ത് തീരുന്നതോടെ ഈ സീസണില്‍ ഇതുവരെ ലഭിച്ച ആകെ തൊഴില്‍ദിനങ്ങളുടെ എണ്ണം 160 ആകും. ഒരു പരമ്പരാഗത കര്‍ഷകത്തൊഴിലാളിക്ക് സ്വപനം കാണാന്‍ പറ്റാത്തതാണ് ഈ കണക്കുകള്‍. വര്‍ഷത്തില്‍ ഓരോ ഹരിതസേനാംഗത്തിനും 200 തൊഴില്‍ദിനം എന്നതാണ് ഈ കാര്‍ഷികസേനയുടെ സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തെ ശരാശരി നെല്ലുത്പാദനം ഹെക്ടറില്‍ 2.4 ടണ്ണാണെന്നിരിക്കെ ഈ കാര്‍ഷികകൂട്ടായ്‌മക്ക് യന്ത്രവത്കരണത്തിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിലെ പാടശേഖരങ്ങളില്‍ ഹെൿടറില്‍നിന്ന് ശരാശരി ആറു മുതല്‍ എട്ട് ടണ്‍ വരെ വിളവ് നേടാനായി.

വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് കൃഷിയുടെ തുടര്‍പ്രവര്‍ത്തനമെന്ന നിലക്ക് ഇപ്പോള്‍ തുടങ്ങിവെച്ചിട്ടുള്ള പഞ്ചായത്തിന്റെ മുഴുവന്‍ നീര്‍ത്തടവികസനത്തിനുള്ള ബൃഹത്പദ്ധതി പാടങ്ങള്‍ക്ക് ഊടും പാവുമിടുന്ന നീരൊഴുക്കുകളെ വീണ്ടെടുക്കുമെന്നും അതോടെ പാടംനികത്തല്‍ പ്രായോഗികമായിത്തന്നെ അസാധ്യമാവുമെന്നും ഈ ഗ്രാമത്തിന്റെ ഭരണസാരഥികള്‍ സ്വപ്നം കാണുന്നു.

കൃഷിയുടെയും വികസനത്തിന്റെയും രാഷ്‌ട്രീയം തിരിച്ചറിയുന്ന ഈ ഇടപെടല്‍ കേരളത്തിന്റെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നു. നെല്‍കൃഷി തിരിച്ചുവരുന്നു എന്ന ആഘോഷപൂര്‍വ്വമായ ആവേശത്തിനപ്പുറത്താവണം ഈ യത്നം വിലയിരുത്തപ്പെടേണ്ടത്. ഭൂമി ആരുടേതാണ് എന്ന ചോദ്യം വീണ്ടും ചോദിക്കാന്‍ സമയമായിരിക്കുന്നു.


****


വി.എം. ദീപ, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതിന് ബദലായി മാറുന്ന ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനരീതി പറയാം.പാടത്ത് വിത്തെറിഞ്ഞ് മുളപ്പിച്ച് വീണ്ടും ഞാറുപറിച്ചുനടുന്നതുപോലുള്ള ഇരട്ടിപ്പണികള്‍ ഒഴിവാക്കി ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ മാറ്റ് നഴ്‌സറി എന്നറിയപ്പെടുന്ന പായപോലെ ചുരുട്ടിയെടുക്കാവുന്ന ഞാറ്റടി തയ്യാറാക്കി. ഞാറുനടീല്‍ യന്ത്രത്തില്‍ ഈ ഞാറ്റുപായകളിറക്കിവെച്ച് ഒരു കണ്ടത്തിന്റെ എല്ലാ ഭാഗത്തും ഒരു ചാല്‍ ഓടിച്ചതോടെ ആ കണ്ടത്തിലെ നടീല്‍ പൂര്‍ത്തിയായി. ഒരേക്കര്‍ പാടം നടാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി ടീമിന് ശരാശരി ഒന്നര മണിക്കൂര്‍ മതി. അപ്പോള്‍ ഇടനേരത്തെ ചായക്ക് സമയമാകുമ്പോഴേക്കും ആദ്യത്തെ ഒരേക്കര്‍ ജോലി തീര്‍ന്നിരിക്കുന്നു. ഒരേക്കര്‍ നട്ടുതീര്‍ക്കുന്നതിന് കര്‍ഷകന്‍ ഗ്രീന്‍ ആര്‍മിക്ക് നല്‍കേണ്ടത് 3000 രൂപയാണ്. ഒരു ദിവസം മൂന്നര ഏക്കര്‍ നട്ടുതീര്‍ക്കാന്‍ അഞ്ചുപേരടങ്ങിയ ഒരു ഗ്രീന്‍ ആര്‍മി സംഘത്തിന് കഴിയുന്നു. അപ്പോള്‍ അഞ്ചുപേരുടെ ഒരു ദിവസത്തെ വരുമാനം 10,500 രൂപ. ഇതില്‍നിന്ന് ഒരു പങ്ക് ഓരോ തൊഴിലാളിക്കുമുള്ള പെന്‍ഷന്‍ ഫണ്ടിലേക്കും ഇന്‍ഷുറന്‍സ് നിധിയിലേക്കും മാറ്റിവെക്കപ്പെടുന്നു. നടീല്‍ ഉപകരണത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായും വരുമാനത്തിന്റെ ഒരംശം സൂക്ഷിക്കുന്നു. അതെല്ലാം കിഴിച്ച് ഒരു ഗ്രീന്‍ ആര്‍മി അംഗത്തിന് ഒരു ദിവസം കിട്ടുന്ന വരുമാനം ശരാശരി 350 മുതല്‍ 500 രൂപ വരെയാണ്. കൃഷിപ്പണി ഉപേക്ഷിച്ച് സിമന്റുപണിക്കും മണല്‍വാരാനും പോയ തൊഴിലാളികള്‍ക്ക് ഇനി മടങ്ങിവരാം!

Radha said...

"വികസനമെന്നാല്‍ എന്ത് എന്ന അടിസ്ഥാനപരമായ ചോദ്യത്തിനുത്തരം പറയാതെ ഒഴിഞ്ഞുമാറുന്നതിന്റെ വിലയാണ് നാം നല്‍കേണ്ടിവരുന്നത്. കര്‍ഷകഭൂരിപക്ഷമുള്ള പഞ്ചായത്തുകള്‍ പോലും റോഡും കെട്ടിടങ്ങളും പണിയാനാണ് ഏറ്റവുമധികം പണം ചിലവിടാറുള്ളത്. കേരളത്തില്‍ ആകെ ചിലവാക്കുന്ന പഞ്ചായത്ത് പദ്ധതിവിഹിതത്തിന്റെ 60-70 ശതമാനം ഇത്തരം പ്രവര്‍ത്തികള്‍ക്കു വേണ്ടി ചിലവിടുന്നു."
വളരെ ശ്രദ്ധേയമായ നിരീക്ഷണം.

ഷൈജൻ കാക്കര said...

നല്ലൊരു ബദ്ദൽ... അഭിനന്ദങ്ങൾ...

തുടക്കം മുതൽ ഒടുക്കം വരെ യന്ത്രസഹായം. തൊഴിൽ പോകുന്നില്ല, തൊഴിലിന്റെ ഭാവം മാത്രമെ മാറുന്നുള്ളു.

കാർഷിക അഭിവൃദ്ധിക്ക്‌ പണം മുടക്കണമെന്ന ഒരു മാറിയ ചിന്താ രീതി. പണം മുടക്കുമ്പോൾ കൃഷിയുടെ അടിസ്ഥാന വികസനത്തിനാവണം മുൻതൂക്കം. കുടിവെള്ള പ്രശ്നവും പരിഹരിക്കപ്പെടും.

സബ്സിഡി നൽകുമ്പോൾ കേരളത്തിലെ ഉല്പന്നങ്ങൾക്കായി നിജപ്പെടുത്തുക. നമ്മുടെ നികുതി പണംകൊണ്ട്‌ നമ്മുടെ കർഷകരെ നക്കി കൊല്ലല്ലെ.

കൂടുതൽ വായനയ്‌ക്ക്‌....

http://georos.blogspot.com/2010/02/blog-post.html

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!

Eccentric said...

ugran post...very informative..