Tuesday, April 27, 2010

ആര്‍ക്കു വേണ്ടിയാണ് ഉമ്മഞ്ചാണ്ടീ സര്‍ക്കാരുകള്‍?

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാരിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന കാലം മാറി...

ഉമ്മഞ്ചാണ്ടി, മാതൃഭൂമി 26 ഏപ്രില്‍ 2010

പുതിയ കാലഘട്ടത്തില്‍ ജീവിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുകയാണ് ഉമ്മഞ്ചാണ്ടി. “നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കി, സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാ‍ലഘട്ടത്തിലാണു നാം ജീവിക്കുന്നത്.“എന്നും അദ്ദേഹം അരുളിച്ചെയ്യുന്നു.

കുഴപ്പമൊന്നുമില്ല. നവ ലിബറല്‍ നയങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാരുകള്‍ എല്ലാ മേഖലയില്‍ നിന്നും പിന്‍‌വാങ്ങുകയും, പൊതുസ്ഥാപനങ്ങള്‍ നശിക്കുകയും, സ്വകാര്യ മേഖലയ്ക്കനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ അത്തരം നയങ്ങളുടെ സ്‌തുതിപാഠകര്‍ക്ക് ഇതൊക്കെയെ പറയാന്‍ പറ്റൂ...അദ്ദേഹമതു പറയട്ടെ...

എന്നാലിത് ആരോടാണ് അദ്ദേഹം പറയുന്നത്?

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കേണ്ടി വരുന്നതും, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കേണ്ടി വരുന്നതും, സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കേണ്ടി വരുന്നതും, (കിട്ടിയാല്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ പറ്റിക്കഴിയേണ്ടി വരുന്നതും) ഈ നാട്ടിലെ സാധാരണക്കാരനായിരിക്കും. അവനോടാണ് ഉമ്മഞ്ചാണ്ടി പച്ചമലയാളത്തില്‍ പറയുന്നത് നിനക്കിനി സര്‍ക്കാരില്ല എന്ന്. സംരംഭകരും നിക്ഷേപകരും ഉള്ളപ്പോള്‍ നിനക്കെന്തിനാണൊരു സര്‍ക്കാര്‍ എന്ന് ചോദിക്കുന്നത് ?

നിനക്കിനി സര്‍ക്കാരില്ല എന്ന് പറയുന്നവര്‍ ഉദ്ദേശ്യിക്കുന്നത് ഇനി ആര്‍ക്കും സര്‍ക്കാരില്ല എന്നാണോ?

അല്ലെന്ന് കണക്കുകള്‍ തെളിയിക്കും.

“2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു. എല്ലാംകൂടി 3, 03,260 കോടി രൂപ. ഇതില്‍നിന്ന് നാം കയറ്റുമതി കടം കുറവ് വരുത്തിയാല്‍ തന്നെ 200,000 കോടി രൂപ വരും. 2008-09ല്‍ ഈ തുക 3,00,000 കോടി കവിഞ്ഞു. ഇതു വെറും ചുരുങ്ങിയ തോതിലുള്ള കണക്കുകൂട്ടലാണ്. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ സബ്‌സിഡികളും നിരക്ക് ഇളവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ കൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.“

ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ഇതിന്റെ അര്‍ഥം, രണ്ടുവര്‍ഷത്തില്‍ ഓരോദിവസവും നാം കോര്‍പറേറ്റുകള്‍ക്ക് 700 കോടി രൂപ വീതം നല്‍കിയെന്നാണ്. 1991നുശേഷമുള്ള കണക്കെടുത്താല്‍ തുക എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക(ലക്ഷം കോടികള്‍ക്ക് അപ്പുറത്തുള്ള തുക പറയാന്‍ ഏതു പദമാണ് ഉപയോഗിക്കേണ്ടത്). ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനോ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനോ പൊതുജനാരോഗ്യമേഖലയിലോ വിദ്യാഭ്യാസരംഗത്തോ മുടക്കാനോ പണം ചോദിക്കുക-കിട്ടില്ല. എന്നാല്‍ കോര്‍പറേറ്റ് ലോകത്തിനുള്ള സൌജന്യമായി മണിക്കൂറില്‍ 30 കോടി രൂപവീതം നല്‍കാന്‍ പണമുണ്ട്.

(നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം - പി.സായ്‌നാഥ്)

ഇനി മറ്റൊരു കണക്ക് പരിശോധിച്ചാലോ?

“2010-11 ബജറ്റിലൂടെ കോര്‍പ്പറേറ്റുകള്‍ തട്ടിയെടുത്ത ഇളവുകള്‍ നിരവധിയാണ്. കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് പ്രത്യക്ഷനികുതിയില്‍ ഏതാണ്ട് 80,000 കോടിരൂപയുടെ സൌജന്യം ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 66,000 കോടിയായിരുന്നു. എക്സൈസ് നികുതിയില്‍ മറ്റൊരു 1,70,765 കോടിരൂപയും കസ്‌റ്റംസ് ഡ്യൂട്ടി വകയില്‍ 2,49,021 കോടിയും ഇളവു കിട്ടി. മൊത്തം 5,00,000 കോടിരൂപ.“

(യൂണിയന്‍ ബജറ്റിന്റെ അണിയറ ശില്പികള്‍ )

ഇനി സാധാരണക്കാരനു ലഭിക്കുന്നതോ?

യു.പി.എ. ഭരണം ഏതാനും വ്യവസായികള്‍ക്ക് 5 വര്‍ഷം കൊണ്ട് 13 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ ഇതേകാലത്ത് 90% ഇന്ത്യക്കാരുടെ മുഴുവന്‍ സബ്‌സിഡികളും ചേര്‍ത്താല്‍ മൂന്നുലക്ഷം കോടിയേ ഉള്ളുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അഥവാ ദേശീയ വരുമാനത്തിന്റെ 6.3 ശതമാനം (2009-10 ലെ ധനകമ്മിക്കുതുല്യം) വീതം, വ്യവസായ കുത്തകകള്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് വരവുവെയ്ക്കുന്നു. ശതകോടീശ്വരന്മാര്‍ പെരുകുന്നത് കച്ചവടം ചെയ്തിട്ടല്ല, ഭരണദല്ലാള്‍മാര്‍വഴി ഖജനാവ് കുത്തിവിഴുങ്ങിയിട്ടാണെന്ന് സാരം.

(നികുതിരഹിത കോര്‍പ്പറേറ്റ് ഭരണം )

ഉമ്മഞ്ചാണ്ടി നിക്ഷേപകര്‍, സംരംഭകര്‍, സമ്പത്ത് എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ലേ?

സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല എന്ന് ഉമ്മഞ്ചാണ്ടി അതിനടുത്ത പാരഗ്രാഫില്‍ അഭിമാനിക്കുന്നു. വായിച്ചാല്‍ തോന്നുക സര്‍ക്കാര്‍ എല്ലാ മേഖലയില്‍ നിന്നും പിന്‍‌വാങ്ങിയതുകൊണ്ടാണ് ഇന്ത്യ കുലുങ്ങാതിരുന്നത് എന്നാണ്. സംരംഭകരും നിക്ഷേപകരും ഒക്കെ ചേര്‍ന്ന് കുലുങ്ങാതെ പിടിച്ച് നിര്‍ത്തിയെന്നും.

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം?

ഇന്ത്യയില്‍ വിനിമയ നിയന്ത്രണമുണ്ട്. ക്യാപിറ്റല്‍ അക്കൌണ്ട് കണ്‍‌വര്‍ട്ടബിലിറ്റി പൂര്‍ണ്ണമായിട്ടില്ല. നിരവധി വലിയ ദേശസാല്‍കൃത ബാങ്കുകളുണ്ട് വിദേശ ബാങ്കുകളുടെ പ്രവര്‍ത്തനം പരിമിതമാണുതാനും.

അതായത് ഉമ്മഞ്ചാണ്ടി നിനക്കില്ലെന്ന് സാധാരണക്കാരനോട് പറയുന്ന സര്‍ക്കാര്‍, അതിന്റെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെടുത്തിയിട്ടില്ലായിരുന്നു എന്നതാണ് കുലുങ്ങാതിരുന്നതിനു കാരണം. ഇനി സര്‍ക്കാരില്ല എന്നു പറയുന്നവര്‍ തന്നെ സര്‍ക്കാര്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രം കുലുങ്ങാതെ പോയതിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കും?

അത്തരമൊരു നിയന്ത്രണം തുടരണമെന്നും, സര്‍ക്കാരുകള്‍ പിന്‍‌വാങ്ങരുതെന്നും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നത് ആരായിരുന്നു എന്നും ഇപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് ആരാണ് എന്നും ഓര്‍മ്മിക്കുക.

ഉമ്മഞ്ചാണ്ടി പറയുന്ന തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന്റെ കാര്യവും രസാവഹമാണ്.

തൊഴില്‍ ഒരു രീതിയിലും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുന്നു. ഹയര്‍ ആന്‍ഡ് ഫയര്‍! ഇതിനായി തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ലാഭം കുറയുമെന്ന് തോന്നിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ ആദ്യം ചെയ്തത് തൊഴിലാളികളെ പിരിച്ചു വിടുക എന്നതായിരുന്നു.

ഇതൊക്കെയാണ് ഉമ്മഞ്ചാണ്ടി പറയുന്നതും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍. ഇതു പോലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത നിരവധി അവകാശവാദങ്ങള്‍ ‘എന്തിനീ ഹര്‍ത്താല്‍‘ എന്ന ഉമ്മഞ്ചാണ്ടിയുടെ ലേഖനത്തിലുണ്ട്. അതൊരു ഹര്‍ത്താല്‍ വിരുദ്ധലേഖനമായതു കൊണ്ട് ഹര്‍ത്താലിനെക്കുറിച്ച് കൂടി അല്പം പറയാതെ പോകുന്നത് ശരിയല്ലല്ലോ.

പ്രതിഷേധമോ, ഹര്‍ത്താലോ, പൊതുപണിമുടക്കോ ഒന്നും അതില്‍ തുടങ്ങി അതില്‍ തീരുന്ന ഒന്നല്ലെന്നും ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ വിവിധ രൂപങ്ങളാണെന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഉമ്മഞ്ചാണ്ടി കുലുങ്ങാതിരുന്ന ഇന്ത്യയെക്കുറിച്ച് അവകാശവാദമുന്നയിക്കുമ്പോള്‍ അതിനു കാ‍രണക്കാരായ ഇടതുപക്ഷം അന്ന് നടത്തിയ പോരാട്ടത്തെക്കുറിച്ചുള്ള പഴയ ചില കഥകള്‍ അസ്ഥാനത്താവില്ല..

ഇടതുപക്ഷ പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും പരിഷ്‌ക്കാര അജണ്ടയും ദിശയും മാറിയില്ല. പൊതുമിനിമം പരിപാടി അവര്‍ മറന്നു. എന്‍.ഡി.എ.സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെ യു.പി.എ.യും തുടര്‍ന്നു. ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. വിദേശപ്രത്യക്ഷനിക്ഷേപം വര്‍ദ്ധിപ്പിക്കാനും, നിയമനം ഒഴിവാക്കി ഔട്ട്സോഴ്സിംഗ് നടപ്പാക്കാനും സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണാധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും പെന്‍ഷന്‍ ഫണ്ടും പ്രൊവിഡണ്ട് ഫണ്ടും ഓഹരി കമ്പോളത്തിലേക്ക് തുറന്നുവിടാനും വാശിപിടിച്ചു. പണിമുടക്കും പ്രചാരണവുമായി ഇടതുപക്ഷവും അവര്‍ക്കു പിന്തുണയുമായി 61 എം.പി.മാര്‍ ലോൿസഭയിലും പോരാടിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തെ മെരുക്കാന്‍ യു.പി.എ. ഏകോപനസമിതി തലങ്ങും വിലങ്ങും യോഗം ചേര്‍ന്നു. അവരുദ്ദേശ്യിക്കുന്ന രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് ഇടതുപക്ഷം സമ്മതിച്ചില്ല.

യൂണിയനുകളെയും ഇടതുപക്ഷത്തെയും വളഞ്ഞുപിടിച്ചാക്രമിക്കാന്‍ നിരവധി ശക്തികള്‍ സംഘം ചേര്‍ന്നു. ഉമ്മഞ്ചാണ്ടി പറയുന്ന പോലെ “കാലത്തിനൊപ്പം മാറാന്‍ കൂട്ടാക്കാത്തവർ, മാറ്റത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവർ, പഴകിദ്രവിച്ച സമത്വവാദ ദര്‍ശനങ്ങളുടെ തടവുകാര്‍“ എന്നൊക്കെ അവര്‍ ആക്ഷേപിച്ചു. സമരങ്ങള്‍ തോല്‍ക്കുമെന്നും തോറ്റുകഴിഞ്ഞുവെന്നും അവര്‍ പ്രചരിപ്പിച്ചു നോക്കി. നാല്പതോളം പണിമുടക്കുകൾ, എണ്ണമറ്റ ധര്‍ണ്ണകൾ, റാലികൾ, പൊതുയോഗങ്ങൾ, പദയാത്രകൾ, ലഘുലേഖകൾ, പത്രകുറിപ്പുകൾ, കുടുംബയോഗങ്ങള്‍ - വിശ്രമരഹിതമായി ഇടതുപക്ഷം പോരാടി.

അങ്ങിനെയൊക്കെയാണു സാര്‍ ഇന്ത്യ കുലുങ്ങാതിരുന്നത്..പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒരു പ്രസക്തിയുമില്ലെന്ന് തലയിൽ ആൾ താമസമുള്ള ആർക്കെങ്കിലും എങ്ങനെയാണ് സാർ പറയാനാവുക?

ജനവിരുദ്ധങ്ങളായ നയങ്ങള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്ന, അതിനുവേണ്ടി പ്രചരണം നടത്തുന്നവര്‍ തങ്ങളുടെ ജനവിരുദ്ധതയ്ക്ക് മറയിടാന്‍ വേണ്ടി മാത്രമാണ് ജനങ്ങളുടെ പ്രതിഷേധപ്രകടനങ്ങളെ ജനവിരുദ്ധമായി ചിത്രീകരിക്കുന്നത്. നയങ്ങളിലെ ജനവിരുദ്ധതയാണ് ഹര്‍ത്താലുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കും കാരണമാകുന്നത്. ഹര്‍ത്താലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ ശരിക്കും എതിര്‍ക്കുന്നത് എല്ലാ തരം സമരരൂപങ്ങളെയും ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്കു വേണ്ടത് സമരങ്ങളില്ലാതെ, എതിര്‍പ്പുകളില്ലാതെ തങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഉതകുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം. അതൊരുക്കിക്കൊടുക്കുവാന്‍ നമുക്ക് ബാധ്യതയില്ലല്ലോ.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ജനവിരുദ്ധങ്ങളായ നയങ്ങള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്ന, അതിനുവേണ്ടി പ്രചരണം നടത്തുന്നവര്‍ തങ്ങളുടെ ജനവിരുദ്ധതയ്ക്ക് മറയിടാന്‍ വേണ്ടി മാത്രമാണ് ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളെ ജനവിരുദ്ധമായി ചിത്രീകരിക്കുന്നത്. നയങ്ങളിലെ ജനവിരുദ്ധതയാണ് ഹര്‍ത്താലുകള്‍ക്കും, പണിമുടക്കുകള്‍ക്കും, മറ്റു പ്രതിഷേധസമരങ്ങള്‍ക്കും കാരണമാകുന്നത്. ഹര്‍ത്താലിനെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ ശരിക്കും എതിര്‍ക്കുന്നത് എല്ലാ തരം സമരരൂപങ്ങളെയും ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്കു വേണ്ടത് സമരങ്ങളില്ലാതെ, എതിര്‍പ്പുകളില്ലാതെ തങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ ഒരു തടസ്സവും ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ ഉതകുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം. അതൊരുക്കിക്കൊടുക്കുവാന്‍ നമുക്ക് ബാധ്യതയില്ലല്ലോ.

Unknown said...

ബ്രിട്ടീശുകാര്‍ക്കെതിരെ സമരം ചെയ്തു എത്ര ബുദ്ധിമാന്മാരായ കുട്ടികള്ടെ വിദ്യാഭ്യാസം നശിച്ചു, എത്ര നല്ല വക്കീലന്മാര്‍ വെറും ഏഴാം കൂളികലായി എത്ര ഡോക്ടര്മാര് കഞ്ഞി ഡോക്ട്ടര്മാരായി. ആ ഗാന്ധിയെ എന്റെ കയ്യില്‍ കിട്ടിയാ ( മനോരമ ഒരു ഘട്ടം വരെ ഗാന്ധി എന്നായിരുന്നു എഴുതിയിരുന്നത്, ബ്രിട്ടീഷുകാര്‍ പോകും എന്നായപ്പോ മഹാത്മജി ആയി)
ഫ്രാന്‍സില്‍ നാലഞ്ചു കൊല്ലം മുമ്പ് 'വിഡ്ഢി ജനം' പ്രതികരിച്ചു, ആയിരത്തോളം വാഹനങ്ങള് ‍ അഗ്നിക്കിരയായി. അതിനു പിന്നില്‍ ഏതോ പോളിറ്റ് ബ്യൂറോ ഉണ്ട്,ഉണ്ട്..തീര്‍ച്ച.
പിന്നെ വിമോചന സമരത്തില്‍ ബസ്സ് കത്തിച്ചതും വെടിവെപ്പും സര്‍ക്കാരിനെ തന്നെ കലാപം നടത്തി അട്ടിമറി ച്ച്ചതും ഒന്നും ഇതുപോലെ അല്ല. അത് ജനാധിപത്യം സംരക്ഷിക്കാന്‍. അല്ലെങ്കില് ഇവിടെ ചോന്ന ചട്ടി ഇട്ടു എല്ലാരും നടക്കേണ്ടി വന്നേനെ.

Irshad said...

ഇടതുപക്ഷ സമരങ്ങളെ മറന്നതു കൊണ്ടല്ല, തികട്ടി വരുന്ന പഴയ സമരാഭാസങ്ങളുടെ ഓര്‍മകളാണ് ഇടതുപക്ഷ സമരങ്ങളെ പരിഹസിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. കേവലം അഞ്ചു വര്‍ഷത്തിനിപ്പുറം ശരിയായി മാറുന്ന, രാഷ്ട്രീയക്കാര്‍ പടുത്തുയര്‍ത്തിയ എത്ര സമരാഭാസങ്ങള്‍ കേരളം കണ്ടു കഴിഞ്ഞു. ഏ.ഡീ.ബി വായ്പയും, കരിമണല്‍ ഖനനങ്ങളൂം, ബി.ഓ.ടി പാതകളും, സ്വാശ്രയ വിദ്യാഭ്യാസവുമൊക്കെയടങ്ങിയ പഴയ സമരങ്ങളുടെ പരിണതി ഒന്നോര്‍ത്തു നോക്കുക. സമരത്തെ അനുകൂലിച്ചവര്‍ വിഡ്ഢികളായെന്നല്ലാ‍തെ എന്തു സംഭവിച്ചു? സമരം ചെയ്യിച്ചു അധികാരത്തിലെത്തിയവര്‍ തന്നെ സമരത്തെ മറന്നു പോയാല്‍, ഇവയൊക്കെ വെറും നാട്യങ്ങളെന്നു ജനങ്ങള്‍ കരുതിയാല്‍ തെറ്റു പറയാനാവുമോ?