Sunday, April 11, 2010

വർഗരാഷ്‌ട്രീയം ഉയർത്തെഴുന്നേൽക്കുന്നുവോ?

ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളെയും ബാധിക്കുന്ന 5 പ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മൂന്നു ദശകങ്ങള്‍ക്കിടയില്‍ ആദ്യമായി ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് മാര്‍ച്ച് 5ന് ദേശവ്യാപകമായി നടത്തിയ നിയമലംഘന(ജയില്‍ നിറക്കല്‍) പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ സ. കെ.എന്‍. രവീന്ദ്രനാഥുമായി ബാങ്ക് വര്‍ക്കേഴ്സ് ഫോറം ടീം നടത്തിയ അഭിമുഖം


ചോദ്യം: 2009 സെപ്തംബര്‍ 14ന് ഡെല്‍ഹിയില്‍ ചേര്‍ന്ന 9 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത കണ്‍വെന്‍ഷനാണ് പ്രധാനപ്പെട്ട 5 ആവശ്യങ്ങളെ അധികരിച്ച് യോജിച്ച ദേശീയപ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയത്.

വിലക്കയറ്റം തടയുക.
തൊഴില്‍ നഷ്ടങ്ങള്‍ ഇല്ലാതാക്കുക.
പൊതുമേഖലഓഹരിവില്‍പ്പന നിര്‍ത്തുക.
തൊഴില്‍ നിയമലംഘനങ്ങള്‍ക്കറുതി വരുത്തുക.
അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തുക.

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധ ദിനവും, ഡിസംബര്‍ 16ന് പാര്‍ലമെന്റ് ധര്‍ണ്ണയും, കഴിഞ്ഞ് മൂന്നാംഘട്ട പരിപാടി എന്ന നിലക്കാണ് മാര്‍ച്ച് 5ന്റെ നിയമലംഘന/സത്യാഗ്രഹ സമരപരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയത്. ഇത് തികച്ചും തൊഴിലാളികള്‍ക്കിടയില്‍ ആവേശം പകരുന്ന മുന്നേറ്റമാണ്. ഈ പശ്ചാത്തലത്തില്‍ ഈ മുന്നേറ്റത്തെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായി വ്യാഖ്യാനിക്കാന്‍ കഴിയുമോ ? അതൊ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമുണ്ടായിട്ടുള്ള താത്കാലിക ഐക്യം മാത്രമാണോ ?

ഉത്തരം: എക്കാലത്തും ഐക്യം ഉണ്ടാകുന്നത് സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടാണ്. അത് താത്കാലികമായിരിക്കുമോ, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മുന്നേറ്റമാകുമോ എന്നെല്ലാം തീരുമാനിക്കുന്നത് ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ തീവ്രതയുടെ അടിസ്ഥാനത്തിലാണ്. ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള 5 ആവശ്യങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായും സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും എന്നു കാണാന്‍ കഴിയും. താത്കാലികമായ ചില പ്രഖ്യാപനങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന രീതിയിലല്ല കാര്യങ്ങളുടെ കിടപ്പ്. നിരന്തരമായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ സംഘടനാ നേതൃത്വങ്ങളുടെയും, തൊഴിലാളികളുടെയും ബോധത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റത്തിന്റെ തോതനുസരിച്ചാണ് അത് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മുന്നേറ്റമായി മാറാന്‍ പോകുന്നത്.

ആഗോളപ്രതിസന്ധിയുടെ പ്രശ്നമെടുത്താല്‍ “വീണ്ടെടുപ്പായി” എന്നൊരു വാദം ഐ.എം.എഫ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടു ചേരിയിലാണ്. വീണ്ടെടുപ്പായി എന്നുപറഞ്ഞ് Bail out പാക്കേജുകള്‍ പിന്‍വലിക്കാനാണ് ഐ.എം.എഫ് നിര്‍ദ്ദേശം. അങ്ങിനെ ചെയ്താല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും എന്നാണ് പോള്‍ ക്രൂഗ്മാനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ലോകമാകെ സര്‍ക്കാരുകള്‍ 15 ലക്ഷം കോടി ഡോളറാണ് പൊളിഞ്ഞ സ്ഥാപനങ്ങളെ കരകയറ്റാന്‍ ചിലവിട്ടത് എന്നാണ് കണക്ക്. ഇത് ആത്യന്തികമായി രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെ ബാധിച്ചിരിക്കയാണ്. പല രാജ്യങ്ങളും കമ്മി ബജറ്റിന്റെ പ്രശ്നം നേരിടുകയാണ്. ഏറ്റവുമൊടുവില്‍ ഗ്രീസ് ഏപ്രില്‍ മേയ് മാസങ്ങളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകള്‍ കൊടുത്തു തീര്‍ക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ്. സഹായിക്കാന്‍ എത്തുന്ന ഐ.എം.എഫ്ഉം മറ്റും ചിലവ് ചുരുക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ്. ആദ്യം വേജ് ഫ്രീസ് ആണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനെതിരെ ഗ്രീസില്‍ എല്ലാ വിഭാഗം തൊഴിലാളികളുടെയും പ്രക്ഷോഭം നടക്കുകയാണ്. ഇന്ന് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയാണ്. സ്ഥാപനങ്ങള്‍ തകരുമ്പോള്‍ സര്‍ക്കാരുകള്‍ Bail out മായി വരും. സര്‍ക്കാരുകള്‍ തന്നെ സാമ്പത്തികപ്രതിസന്ധിയിലാകുമ്പോള്‍ ആരു Bail out ചെയ്യും ? ഇത് മുതലാളിത്ത പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനയാണ്. നമ്മുടെ രാജ്യത്തും പ്രശ്നം ആഴത്തിലുള്ളതാണ്. കമ്മി കുറക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് പൊതു ചെലവുകളില്‍ നിന്ന് പിന്‍മാറുകയാണ്. സര്‍ക്കാരിന് Enabler Roll മാത്രം മതിയെന്നാണ് വിവക്ഷ. ഇപ്പോഴത്തെ ബജറ്റില്‍ തന്നെ ഭക്ഷ്യ സബ്സിഡിയും, വളം സബ്സിഡിയും ഗണ്യമായി വെട്ടിക്കുറച്ച നടപടി ഏറ്റവും നല്ല ഉദാഹരണമാണ്. കാര്‍ഷിക മേഖല വിപരീത വളര്‍ച്ച പ്രകടമാക്കുകയും, കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ബജറ്റു നിര്‍ദ്ദേശങ്ങള്‍ വരുന്നത് എന്നത് കാര്‍ഷിക പ്രതിസന്ധിയും, വിലക്കയറ്റവും രൂക്ഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൊതുവിതരണരംഗത്ത് “കൂപ്പണ്‍” സമ്പ്രദായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഉയര്‍ന്നുവരുന്ന നാനാതരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അതിനോട് ഒരു പൊതുസമീപനം സ്വീകരിച്ചുകൊണ്ടു മാത്രമെ തോഴിലാളിവര്‍ഗ്ഗത്തിന് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയന്‍ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഭൌതിക സാഹചര്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ചോദ്യം : നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ നിരന്തരമായി നടത്തിക്കൊണ്ടിരുന്ന ചെറുത്തുനില്‍പ്പ് ഇപ്പോഴത്തെ വിപുലമായ ഐക്യത്തിന് സഹായകരമായിട്ടില്ലെ? എങ്കിലും ഒരു ദിവസത്തെ പണിമുടക്കിനപ്പുറം ഉയര്‍ന്ന സമര രൂപങ്ങളിലേക്ക് മാറാന്‍ കഴിയാത്തത് ദൌര്‍ബ്ബല്യമല്ലെ ?

ഉത്തരം : ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ പല സെക്ടറുകളിലും, ചില സംസ്ഥാനങ്ങളിലും വിപുലമായ ഐക്യത്തിന് ഇതിനു മുന്‍പും ഇടയാക്കിയിട്ടുണ്ട്. കൂടുതല്‍ ഉയര്‍ന്ന രൂപങ്ങളിലേക്ക് പോകാന്‍ കഴിയാതിരുന്ന ദൌര്‍ബ്ബല്യങ്ങളെക്കുറിച്ചല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുളള ഐക്യപ്രസ്ഥാനത്തില്‍ ഗുണപരമായി ഇടപെട്ടുകൊണ്ട് ശക്തമായ മുന്നേറ്റങ്ങള്‍ക്ക് സാഹചര്യമൊരുക്കുവാന്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയണം. ഭാഗികമായ വലിയ പണിമുടക്കിനേക്കാള്‍ ശക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള സമ്പൂര്‍ണ്ണ ഐക്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. അത് മൂന്നാംഘട്ട പ്രക്ഷോഭത്തില്‍ എത്തിനില്‍ക്കുന്നു എന്നതും ശുഭപ്രതീക്ഷയോടെ നോക്കിക്കാണേണ്ട കാര്യമാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഐക്യത്തിന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള തൊഴിലാളികളുടെ യോജിപ്പ് നല്ല സന്ദേശമാണ് നല്‍കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ എച്ച്.എം.ടി യുടെ എല്ലാ യൂണിറ്റുകളിലും എല്ലാ സംഘടനകളും ഒരുമിച്ചുനിന്ന് നടത്തുന്ന മുന്നേറ്റം ശ്രദ്ധിക്കുക. മാര്‍ച്ച് രണ്ടിന് കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് മേഖലയിലും, പെടോളിയം മേഖലയിലും ഉയര്‍ന്നുവന്ന യോജിച്ച പ്രക്ഷോഭവും സെക്ടറല്‍ യൂണിറ്റിയുടെ ദൃഷ്ടാന്തമാണ്.

ചോദ്യം : മാര്‍ച്ച് 5ന്റെ ട്രേഡ് യൂണിയന്‍ ഐക്യം തൊഴിലാളികള്‍ക്കിടയില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന വിധം കേരളത്തില്‍ പോലും പ്രചരണം ശക്തമാക്കാന്‍ കഴിഞ്ഞില്ല എന്ന ഒരാക്ഷേപമുണ്ട്. സി.ഐ.ടി.യു ഇക്കാര്യത്തില്‍ തൃപ്തരാണോ ?

ഉത്തരം : ആക്ഷേപത്തില്‍ ശരിയില്ലാതില്ല. എന്നാല്‍ തീരുമാനത്തിന്റെ അഭാവമല്ല. അതു നടപ്പാക്കിവരുമ്പോള്‍ വേണ്ടത്ര താഴോട്ട് എത്തുന്നില്ല എന്ന കുറവ് സി.ഐ.ടി.യു തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ “സാമ്പത്തികമാത്ര വാദ”ത്തിന്റെ (economism) പുതിയ പ്രവണതകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. പഴയ തലമുറയിലെ തൊഴിലാളികളുടെ പ്രതിബദ്ധത, ആ തോതില്‍ പുതിയ തലമുറയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ലോകസാഹചര്യം തന്നെ അങ്ങിനെയാണ്. വിപ്ളവം വിജയിപ്പിച്ച റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇന്നത്തെ പിന്‍മുറക്കാര്‍ക്ക് ആ തൊഴിലാളിവര്‍ഗ്ഗ അവബോധം ഇന്ന് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ ? അതുകൊണ്ട് തൊഴിലാളി സംഘടനകള്‍ക്കിടയിലുള്ള ഈ പ്രത്യയശാസ്ത്ര പ്രതിസന്ധി അടിയന്തരമായി പരിഹരിച്ചു പോകേണ്ടതുണ്ട്. അതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും നടന്നുവരികയാണ്. തൊഴിലാളികള്‍ക്കിടയിലുള്ള വിപുലമായ യോജിപ്പ് “പ്രശ്നാധിഷ്ഠിതമാകുമ്പോള്‍” കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വര്‍ഗ്ഗരാഷ്ട്രീയത്തിന് ഉയര്‍ന്നുവരാന്‍ കഴിയും. ആ സാഹചര്യത്തില്‍ മാത്രമെ ഇന്നുള്ള പോരായ്മകള്‍ പൂര്‍ണ്ണമായും പരിഹരിച്ച് മുന്നേറാന്‍ കഴിയു.

ചോദ്യം : മാര്‍ച്ച് 5ന്റെ പ്രക്ഷോഭത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കപ്പുറം വിവിധ മേഖലകളിലെ ദേശീയ ഫെഡറേഷനുകളെയും, ധനകാര്യമേഖലയിലെ തൊഴിലാളിസംഘടനകളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയിലെ യു.എഫ്.ബി.യു ഈ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിരുന്നു. ഈ ഘടകങ്ങളെയടക്കം ദേശീയ ഐക്യവേദിയില്‍ പങ്കാളികളാക്കേണ്ടതല്ലെ ?

ഉത്തരം : ഈ വിഷയം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ നേതൃത്വം തീരുമാനിക്കേണ്ടതാണ്. ഇപ്പോള്‍ ഇത്തരം ഫെഡറേഷനുകളെ ഐക്യവേദിയില്‍ ഘടകങ്ങളാക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കിടയില്‍ സമവായം ഉണ്ടായിട്ടില്ല എന്നറിയുന്നു. എന്നിരുന്നാലും പ്രക്ഷോഭപരിപാടികളുമായി എല്ലാ വിഭാഗം തൊഴിലാളികളേയും സഹകരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഭാവി പരിപാടികളില്‍ ഈ കുറവ് പരിഹരിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

ചോദ്യം : ട്രേഡ് യൂണിയനുകള്‍ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും മുന്നേറാന്‍ കഴിയുന്ന ഒരു ആഗോളസാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന് അവസരത്തിനൊത്തുയരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടൊ ?

ഉത്തരം : തീര്‍ച്ചയായും. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം അവസരത്തിനൊത്തുയരുന്നതിന്റെ ഒരു ചെറിയ തുടക്കമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും, അതു മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളും, അതു നേടിയെടുക്കാന്‍ സ്വീകരിക്കുന്ന പ്രക്ഷോഭ മാര്‍ഗ്ഗങ്ങളും. ഇത് ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പായി തൊഴിലാളികള്‍ക്കിടയില്‍ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വൈരുദ്ധ്യം ദേശീയതലത്തിലും ട്രേഡ് യൂണിയനുകളുടെ കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കും, പ്രക്ഷോഭങ്ങള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകയാണ്. അതിന് ശരിയായ ദിശാബോധം നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കും.

*****

അഭിമുഖം തയ്യാറാക്കിയത് സി.ജെ.നന്ദകുമാര്‍, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളെയും ബാധിക്കുന്ന 5 പ്രധാന ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മൂന്നു ദശകങ്ങള്‍ക്കിടയില്‍ ആദ്യമായി ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് മാര്‍ച്ച് 5ന് ദേശവ്യാപകമായി നടത്തിയ നിയമലംഘന(ജയില്‍ നിറക്കല്‍) പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ സ. കെ.എന്‍. രവീന്ദ്രനാഥുമായി ബാങ്ക് വര്‍ക്കേഴ്സ് ഫോറം ടീം നടത്തിയ അഭിമുഖം