"കവിയെയും കലാകാരനെയും അഭിഭാഷകനെയും ഭിഷഗ്വരനെയും എല്ലാം മുതലാളിത്തം അതിന്റെ ശമ്പളംപറ്റുന്ന കൂലിവേലക്കാരാക്കി മാറ്റും'' എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ക്രിക്കറ്റിലെ താരദൈവങ്ങളെപ്പോലും വെറും കൂലി അടിമകളും കമ്പോളത്തില്‍ വിലപേശി വില്‍ക്കുന്ന ചരക്കുകളുമാക്കി തീര്‍ത്തിരിക്കുന്നു. സച്ചിനും ഗാംഗുലിയും ധോണിയും യുവരാജുമെല്ലാം മൂലധനത്തിന് വിലക്കെടുക്കാവുന്ന ചരക്കുകളും ക്രിക്കറ്റ് കൊള്ളലാഭം കൊയ്യാവുന്ന ചൂതാട്ടവുമായിത്തീര്‍ന്നിരിക്കുന്നു.
ആഗോളവല്‍ക്കരണത്തിന്റെ പ്രത്യേകത ചൂതാട്ടസ്വഭാവമുള്ള ധനമൂലധനത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപ്തിയും അതിദ്രുത വ്യാപനവുമാണ്. ഓഹരിവിപണിയും ചരക്കുവിപണിയിലെ അവധിവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടവുമെല്ലാം ഈ അനിയന്ത്രിതമായ ചൂതാട്ടത്തിന്റെ അനേകം മേഖലകളില്‍ ചിലതാണ്. ചൂതാട്ടമൂലധനം പുതുതായി സമ്പത്ത് ഉല്‍പ്പാദിപ്പിക്കാതെ, തൊഴില്‍ സൃഷ്ടിക്കാതെ, വിയര്‍പ്പൊഴുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പ് ഊറ്റിയെടുത്ത് ലാഭം കൊയ്യുകയാണ്. ഐപിഎല്ലില്‍ നടക്കുന്നതും അതാണ്. വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പ് ഓഹരികളുണ്ടാകുന്നതും അങ്ങനെയാണ്.
ഐപിഎല്ലിലേക്ക് ശതകോടികളാണ് ഒഴുകുന്നത്. ഈ പണപ്പുളപ്പിന്റെ ഹുങ്കിലാണ് 'ഐപിഎല്ലില്‍ മാന്ദ്യമില്ല' എന്ന് ലളിത് മോഡി പ്രഖ്യാപിച്ചത്. മാന്ദ്യത്തെ വെല്ലുന്ന ഈ പണക്കൊഴുപ്പിന്റെ സ്രോതസ്സുകള്‍ ഏതൊക്കെയാണ്? പണം വരുന്ന വഴി ഏതാണ്?
മൌറീഷ്യസും ബഹാമസും പോലുള്ള 'നികുതിരഹിത സ്വര്‍ഗ' പാതകളിലൂടെയാണ് കള്ളപ്പണം ഐപിഎല്ലിലേക്ക് ഒഴുകുന്നത്. ചില ടീമുകള്‍ക്കു പിന്നിലുള്ള കമ്പനികള്‍ മൌറീഷ്യസിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയും മൌറീഷ്യസും തമ്മിലുള്ള ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറിന്റെ മറവില്‍ നികുതിവെട്ടിക്കലാണ് ഉദ്ദേശ്യം. ഇന്ത്യയില്‍ കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഉണ്ട്. മൌറീഷ്യസില്‍ ഇതില്ല. അതുകൊണ്ട് ഇരട്ടനികുതിയുടെ പ്രശ്നം വരുന്നില്ല. എന്നാല്‍, മൌറീഷ്യസില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ കൊടുക്കേണ്ട നികുതികൂടി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇതറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മൌനം പാലിക്കുന്നു. ഇങ്ങനെയൊഴുക്കുന്ന പണംമുടക്കി നടത്തുന്ന ഐപിഎല്ലിന് സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യങ്ങള്‍ വേറെയുമുണ്ട്. മിക്ക സംസ്ഥാന സര്‍ക്കാരുകളും വിനോദനികുതി ഒഴിവാക്കിക്കൊടുത്തിരിക്കുന്നു. സുരക്ഷാ സബ്സിഡിയും മറ്റും ഇതിനു പുറമെയാണ്. ഫ്ളഡ്ലൈറ്റില്‍ രാവ് പകലാക്കാന്‍ ധൂര്‍ത്തടിക്കുന്ന വൈദ്യുതിയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. വൈദ്യുതിക്ഷാമംമൂലം ജനകോടികള്‍ ഇരുട്ടില്‍ത്തപ്പുന്ന രാജ്യത്താണ് ഈ ദ്രോഹം. ഐപിഎല്ലിലെ നികുതിയിളവ് കൊടുക്കുമ്പോള്‍ത്തന്നെയാണ് പെട്രോളിനും ഡീസലിനും പുതിയ നികുതി ചുമത്തി വിലക്കയറ്റം ആളിക്കത്തിക്കുന്നത്.
സര്‍ക്കാരിന്റെ ഈ സൌജന്യങ്ങളുടെ പിന്‍ബലത്തില്‍ ഐപിഎല്ലിലൂടെ ശതകോടികളുടെ ലാഭംകൊയ്യുന്നത് ആരൊക്കെയെന്ന് നോക്കാം.
വിവിധ ടീമുകളുടെ ഉടമസ്ഥരായ മുകേഷ് അംബാനിയെയും വിജയ് മല്യയെയുംപോലുള്ള ആഗോള അതിസമ്പന്നരും പ്രീതി സിന്റയെയും ഷാരൂഖ്ഖാനെയും പോലുള്ള ബോളിവുഡ് ധനാഢ്യരുമാണ് ഗുണഭോക്താക്കള്‍. ഭക്ഷ്യ സബ്സിഡിയും ക്ഷേമച്ചെലവുമെല്ലാം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ധനാഢ്യരുടെ ഐപിഎല്‍ ആറാട്ടിന് സര്‍ക്കാര്‍ സഹായം വഴിഞ്ഞൊഴുകുന്നത്. ജനസംഖ്യയില്‍ 77 ശതമാനം ദിവസം 20 രൂപയില്‍ താഴെ വരുമാനംകൊണ്ട് ദുരിതം തിന്നുമ്പോഴാണ് ഐപിഎല്ലില്‍ 3000 കോടി രൂപ രണ്ട് ടീമിന് ലേലത്തുകയായി ലഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍ അധിവസിക്കുന്ന ഇന്ത്യയിലാണ് ഈ മാമാങ്കത്തിനായി 20000 കോടി രൂപ ഒഴുകുന്നത്. അര മണിക്കൂറില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് നടക്കുന്ന നഗ്നമായ ഈ പണക്കൊഴുപ്പിന്റെ പ്രദര്‍ശനത്തെ അശ്ളീലമെന്നല്ലാതെ എന്താണ് വിളിക്കുക?
കുബേരന്മാരുടെ ഇന്ത്യയും കുചേലന്മാരുടെ ഇന്ത്യയും തമ്മിലും തിളങ്ങുന്ന ഇന്ത്യയും വിശക്കുന്ന ഇന്ത്യയും തമ്മിലുള്ള മൂര്‍ച്ഛിക്കുന്ന വൈരുധ്യത്തെയാണ് ഐപിഎല്‍ വൈകൃതം തുറന്നുകാട്ടുന്നത്. ആഗോളവല്‍ക്കരണകാലത്തെ ഭിന്നമുഖങ്ങളില്‍ ഒന്നുതന്നെയാണിത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതലുള്ളത് കച്ചവടവും ഏറ്റവും കുറച്ച് കാണുന്നത് ക്രിക്കറ്റുമാണ്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ 94 ബ്രാന്‍ഡാണ് പരസ്യം ചെയ്യപ്പെടുന്നതെന്ന് 'ബിസിനസ് ലൈന്‍' റിപ്പോര്‍ട്ടുചെയ്യുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലോഞ്ച് ചെയ്തതുതന്നെ ഐപിഎല്ലിലൂടെയായിരുന്നു. ഐപിഎല്‍ വിവാദം ധനസ്രോതസ്സുകളിലേക്കുള്ള അന്വേഷണമായി വളരുകയും ടീമിന്റെ ഉടമസ്ഥരെ നിയമം അന്വേഷിച്ചെത്തുകയുംചെയ്താല്‍ ഐപിഎല്‍ എന്ന ബ്രാന്‍ഡിനെ അത് ബാധിക്കുമെന്നും കോര്‍പറേറ്റ് ലോകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അവരുടെ ഉല്‍ക്കണ്ഠ വിവാദം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നല്ല, ഐപിഎല്‍ ബ്രാന്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ്. കച്ചവടം കളിക്കുമേല്‍ ആധിപത്യം നേടിക്കഴിഞ്ഞുവെന്നര്‍ഥം.
ആഗോളവല്‍ക്കരണത്തിനു മുമ്പും കളി കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് വാണിജ്യതാല്‍പ്പര്യങ്ങള്‍ പരിപൂര്‍ണമായി ആധിപത്യം സ്ഥാപിക്കുകയും ലാഭം തേടുന്ന ബിസിനസ് രൂപങ്ങളിലൊന്ന് മാത്രമായി കളി പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയുംചെയ്യുന്നു. ഈ അനിയന്ത്രിതമായ കച്ചവടവല്‍ക്കരണം ക്രിക്കറ്റിനെ കൊല്ലും എന്ന ആധി അസ്ഥാനത്തല്ല.
90കളില്‍ ഉദാരവല്‍ക്കരണാനന്തര കാലത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ഒത്തുകളി' വിവാദം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ക്രിക്കറ്റിലേക്ക് ഒഴുകിയെത്തിയ മൂലധനമാണ് വാതുവയ്പിന്റെയും ഒത്തുകളിയുടെയും ഇരുണ്ട അധോലോകങ്ങളിലേക്ക് ക്രിക്കറ്റിനെ അധഃപതിപ്പിച്ചത് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. തങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ക്രിക്കറ്റ് പ്രേമികളുടെ നിരാശയും രോഷവും ഇന്ത്യാ ഉപഭൂഖണ്ഡത്തിലാകെ ക്രിക്കറ്റിന് സൃഷ്ടിച്ച വിശ്വാസപ്രതിസന്ധി ഏറെക്കാലം നീണ്ടുനിന്നു. അതിന്റെ മുറിവുകള്‍ മാറുംമുമ്പേ ഐപിഎല്‍ അധമവ്യാപാരത്തിന്റെ പിന്നാമ്പുറക്കഥകള്‍ പുറത്തുവരുമ്പോള്‍ അത് ക്രിക്കറ്റിനുതന്നെ അപരിഹാര്യമായ ആഘാതമേല്‍പ്പിക്കുന്നു.
അമേരിക്കയില്‍ ബേസ്ബോള്‍ ലീഗിനെ പിടിച്ചുലച്ച 1919ലെ ബ്ളാക്ക് സോക്സ് വിവാദം അമേരിക്കന്‍ ബേസ് ബോളിന്റെ വിശ്വാസ്യതയ്ക്ക് ഏറെ പരിക്കേല്‍പ്പിച്ചു. അതുപോലെയോ അതില്‍ കൂടുതലോ ഐപിഎല്‍ ചൂതാട്ടത്തിന്റെ ഭൂതം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുമെന്ന ആശങ്കകള്‍ അവഗണിക്കാവുന്നതല്ല. രഞ്ജി ട്രോഫി, ദുലിപ് ട്രോഫി, ദിയോധര്‍ ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയെല്ലാം പ്രാധാന്യം ഐപിഎല്ലിന്റെ വരവോടെ ഇല്ലാതായി. ഐപിഎല്‍ ഏതാനും ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശതാരങ്ങളുമായി മത്സരിക്കാനുള്ള അവസരം നല്‍കുന്നുവെന്നത് ശരിതന്നെ. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റ് തന്നെ തകരുകയും ഇന്ത്യന്‍ ടീമിലേക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുമുള്ള പ്രവേശനത്തിന്റെ വരേണ്യകവാടം ഐപിഎല്‍ മാത്രമായിത്തീരുകയും ചെയ്യുന്നതും ക്രിക്കറ്റെന്നാല്‍ ട്വന്റി ട്വന്റി മാത്രമാകുന്നതും വിനാശകരമായിരിക്കും.
ബഹുരാഷ്ട്ര കുത്തകകള്‍ തദ്ദേശീയ വ്യവസായങ്ങളെയും സമ്പദ് വ്യവസ്ഥയെയും വിഴുങ്ങുന്നതുപോലെ ഐപിഎല്‍ ആഭ്യന്തര ക്രിക്കറ്റിനെ വിഴുങ്ങുകയാണ്. ഏതാനും നഗര ടീമുകളില്‍ ഒരു സംഘം തദ്ദേശീയ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നതിനേക്കാള്‍ പ്രധാനം പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ശക്തിപ്പെടുത്തലും ആധുനിക പശ്ചാത്തല സൌകര്യങ്ങള്‍ വിപുലീകരിക്കലുമാണ്. ഇതിലൂടെ ഇന്ത്യ 'എ' പോലെ രണ്ടോ മൂന്നോ നിര ടീമുകളെ വാര്‍ത്തെടുത്ത് വിദേശ പര്യടനത്തിന് അയക്കുന്നതിലൂടെയും മറ്റും അന്താരാഷ്ട്ര മത്സര പരിചയം നേടിക്കൊടുക്കാവുന്നതാണ്. ഐപിഎല്‍ പോലുള്ള കച്ചവടങ്ങളിലൂടെയും മറ്റും ലോകത്തിലെ ഏറ്റവും കായിക സ്ഥാപനങ്ങളിലൊന്നായിട്ടും ബിസിസിഐക്ക് ഇന്ത്യയിലെ ക്രിക്കറ്റിന്റെ പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഏറെയൊന്നും കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൌളിങ്ങിന് സഹായിക്കുന്ന മികച്ച പിച്ചുകള്‍പോലും ഇന്ത്യയില്‍ ഇന്നും അന്യമാണ്. ഡല്‍ഹിയില്‍ ഈയിടെ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം പിച്ച് മോശമായതിനാല്‍ ഉപേക്ഷിക്കേണ്ടിവന്ന സംഭവം ഓര്‍മിക്കുക.
ദ്രുതലാഭം തേടുന്ന ധനമൂലധനത്തിന്റെ ദ്രുതചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും അതിന്റെ ആസക്തികളെ തൃപ്തിപ്പെടുത്താനും അതിവേഗ ട്വന്റി ട്വന്റികള്‍ക്ക് കഴിയുമെങ്കിലും ക്രിക്കറ്റിന്റെ സാങ്കേതികത്തികവിന് ശൈലീഭദ്രതയ്ക്കും അത് പോറലേല്‍പ്പിക്കുകയും പ്രതിഭയെ പ്രലോഭിപ്പിച്ച് പാഴാക്കുകയും ചെയ്യുന്നു. പ്രതിഭാസമ്പന്നനായ ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ക്ളര്‍ക്ക് താന്‍ ഐപിഎല്ലിലേക്കില്ല എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
ഐപിഎല്‍ ക്രിക്കറ്റിനെ വിഴുങ്ങുന്ന ചൂതാട്ടമാണെന്ന് തരൂര്‍-സുനന്ദ-മോഡി ത്രയം മുഖ്യകഥാപാത്രങ്ങളായ വിവാദത്തിലൂടെ തെളിഞ്ഞു. പാര്‍ലമെന്റില്‍ ഏറെക്കുറെ ഏകകണ്ഠമായി ഉയര്‍ന്ന അഭിപ്രായം ഈ ചൂതാട്ടം അവസാനിപ്പിക്കണമെന്നായിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ഐപിഎല്ലിന്റെ സംക്ഷിപ്തവും മൂര്‍ച്ചയേറിയതുമായ നിര്‍വചനമാണ്. 'കള്ളപ്പണത്തിന്റെ മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ടം'. ഈ കള്ളച്ചൂതിന് മൂലധനശക്തികള്‍ ഉപയോഗിക്കുന്നത് ക്രിക്കറ്റ് ഒരു പുതിയ മതവും വിശ്വാസവും താരങ്ങളെ ദൈവങ്ങളായും കാണുന്ന കോടിക്കണക്കിന്ന് ആരാധകരുടെ ഉന്മാദത്തോളമെത്തുന്ന ക്രിക്കറ്റ് പ്രണയത്തെയാണ്. ആരാധകരുടെ പോക്കറ്റ് കൊള്ളയടിച്ചും അവരുടെ ക്രിക്കറ്റ് പ്രണയം മുതലെടുത്തും കൊള്ളലാഭം പെരുപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തിന്റെ ഈ വൈകൃതം തുറന്നുകാണിക്കപ്പെടണം. എന്നാല്‍, ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഈ ചൂതാട്ടത്തിന്റെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങുന്ന അന്വേഷണമുണ്ടാകില്ലെന്ന് സംയുക്ത സഭാസമിതി അന്വേഷണമെന്ന ഇടതുപക്ഷ ആവശ്യം നിരാകരിച്ചതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ശരദ് പവാര്‍, പ്രഭുല്‍ പട്ടേല്‍, സി പി ജോഷി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ കേന്ദ്രമന്ത്രിമാരും രാജീവ് ശുക്ളയെപ്പോലുള്ള കോണ്‍ഗ്രസ് എംപിമാരും നരേന്ദ്ര മോഡി, വസുന്ധരരാജെ സിന്ധ്യ, അരു ജയ്റ്റ്ലി തുടങ്ങിയ ബിജെപി നേതാക്കളും വിജയ് മല്യ, മുകേഷ് അംബാനി തുടങ്ങിയ കോര്‍പറേറ്റ് പ്രഭുക്കളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളായ ഈ ചൂതാട്ടത്തിന്റെ അണിയറരഹസ്യങ്ങള്‍ പുറംലോകം അറിയാതെപോയാല്‍ അത്ഭുതപ്പെടേണ്ട.
അധികാരരാഷ്ട്രീയവും ഗ്ളാമറും കോര്‍പറേറ്റ് ധനശക്തിയും ആവോളം ചേര്‍ത്ത് പാകപ്പെടുത്തിയ ഐപിഎല്‍ ചൂതാട്ടത്തിന്റെ പിച്ചില്‍ റണ്ണൊഴുകുന്നതിനേക്കാള്‍ കൂടുതലായി ലാഭവും വിവാദങ്ങളും ഒഴുകുന്നത് അവസാനിക്കുമെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ഒരു ചെറിയ ഇടവേള-എ ഷോര്‍ട്ട് കമേഴ്സ്യല്‍ ബ്രേക്ക്-ഉണ്ടായേക്കാമെന്നു മാത്രം.
*
എം ബി രാജേഷ് എംപി കടപ്പാട്: ദേശാഭിമാനി
Friday, April 23, 2010
ക്രിക്കറ്റിനെ കൊല്ലുന്ന വിപണി വൈകൃതം
Subscribe to:
Post Comments (Atom)
3 comments:
"കവിയെയും കലാകാരനെയും അഭിഭാഷകനെയും ഭിഷഗ്വരനെയും എല്ലാം മുതലാളിത്തം അതിന്റെ ശമ്പളംപറ്റുന്ന കൂലിവേലക്കാരാക്കി മാറ്റും'' എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണകാലത്തെ മുതലാളിത്തം ക്രിക്കറ്റിലെ താരദൈവങ്ങളെപ്പോലും വെറും കൂലി അടിമകളും കമ്പോളത്തില്‍ വിലപേശി വില്‍ക്കുന്ന ചരക്കുകളുമാക്കി തീര്‍ത്തിരിക്കുന്നു. സച്ചിനും ഗാംഗുലിയും ധോണിയും യുവരാജുമെല്ലാം മൂലധനത്തിന് വിലക്കെടുക്കാവുന്ന ചരക്കുകളും ക്രിക്കറ്റ് കൊള്ളലാഭം കൊയ്യാവുന്ന ചൂതാട്ടവുമായിത്തീര്‍ന്നിരിക്കുന്നു.
ആഗോളവല്‍ക്കരണത്തിന്റെ പ്രത്യേകത ചൂതാട്ടസ്വഭാവമുള്ള ധനമൂലധനത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപ്തിയും അതിദ്രുത വ്യാപനവുമാണ്. ഓഹരിവിപണിയും ചരക്കുവിപണിയിലെ അവധിവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടവുമെല്ലാം ഈ അനിയന്ത്രിതമായ ചൂതാട്ടത്തിന്റെ അനേകം മേഖലകളില്‍ ചിലതാണ്. ചൂതാട്ടമൂലധനം പുതുതായി സമ്പത്ത് ഉല്‍പ്പാദിപ്പിക്കാതെ, തൊഴില്‍ സൃഷ്ടിക്കാതെ, വിയര്‍പ്പൊഴുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പ് ഊറ്റിയെടുത്ത് ലാഭം കൊയ്യുകയാണ്. ഐപിഎല്ലില്‍ നടക്കുന്നതും അതാണ്. വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പ് ഓഹരികളുണ്ടാകുന്നതും അങ്ങനെയാണ്.
വിപണിയുടെ കളിയാണത്. സമയംകൊല്ലിക്കളി. കാശുകാരുടെ മാത്രം കളി.
Why don't I see Karatji and gang asking for Pawar and Patel to be removed with the same enthusiasm they used to Tharoor. No, don't tell me, I know his political opportunism does not allow him to do that.
Why party was silent all this time when it saw the naked display of money in IPL games? Yes, I know this is reasonable because people will automatically brand party as backward and opposes every *good* thing. People always wait till a crisis to realize how corrupt it all through was. The fact is that the system is so corrupt that 90% of all what is happening is totally nonsense, some generation later people will look back and see how corrupt and unequal the whole system was.
Post a Comment