Tuesday, April 13, 2010

വിലയ്ക്കുവാങ്ങാം മാധ്യമങ്ങളെ

മിക്കവാറും എല്ലാ മാധ്യമചര്‍ച്ചകളിലും സംവാദങ്ങളിലും പറഞ്ഞു കേള്‍ക്കുന്ന വിശേഷണമാണ് 'ജനാധിപത്യത്തിന്റെ നെടും തൂണുകളിലൊന്നാണ് മാധ്യമം' എന്നത്. വിശദീകരണങ്ങള്‍ തുടര്‍ന്നങ്ങനെ പടര്‍ന്നുകയറുകയായി. 'തൂണ്' എന്ന ഇമേജ് പൌരാണികമായ ഒരു കഥയിലേക്ക് /മിത്തിലേക്ക് കടക്കാന്‍ പ്രേരണയുണ്ടാക്കുന്ന സൂചകമാണ്. നരസിംഹരൂപം പൂണ്ട്, മഹാവിഷ്ണു ഹിരണ്യ കശിപുവിനെ വധിച്ച കഥയാണു സൂചിതം.

ബ്രഹ്മാവില്‍നിന്നാണ് ഹിരണ്യന്‍ അപാരമായ വരബലം നേടുന്നത്. രാത്രിയോ പകലോ, അകത്തോ പുറത്തോ, ആകാശത്തോ ഭൂമിയിലോവെച്ചു വധിക്കപ്പെട്ടുകൂടാ. ആയുധങ്ങള്‍കൊണ്ടോ സൃഷ്ടികര്‍ത്താക്കളാലോ മനുഷ്യനാലോ മൃഗങ്ങളാലോ അപായപ്പെടാന്‍ പാടില്ല (ഭാഗവതം). "ഹിരണ്യായ നമ:'' എന്നു ചൊല്ലാന്‍ കൂട്ടാക്കാതിരുന്ന വിഷ്ണുഭക്തനായ മകന്‍ പ്രഹ്ളാദനുവേണ്ടിയാണ് സ്ഥിതി കര്‍ത്താവ് എല്ലാ ഉറപ്പുകളെയും അതിജീവിക്കുന്ന സംഹാരരൂപംമാ നരസിംഹ രുപം കൈക്കൊണ്ടത്. സ്ഥലകാലാതീതമായ ഒരന്തരീക്ഷ (virtual reality) ത്തില്‍ ഹിരണ്യനാശം സംഭവിക്കുന്നു.

മതപരമോ പൌരാണികമോ ആയ അര്‍ത്ഥവിവക്ഷകള്‍ തല്‍ക്കാലം നില്‍ക്കട്ടെ. നാലാം തൂണില്‍നിന്ന് അവിചാരിതമായ ഏതു നിമിഷത്തിലും സംഹാരശക്തികള്‍ ചാടിവീഴാം എന്നത് ഒരു വര്‍ത്തമാനകാല യാഥാർത്ഥ്യമാകുന്നു. അധികാരം, രാഷ്‌ട്രീയം, മതം, ധനം തുടങ്ങിയ കല്ലുകളാല്‍ കെട്ടി ഉയര്‍ത്തപ്പെട്ട തൂണാണ് മാധ്യമം; ഉറപ്പും ബലവും ഉയരവുമുള്ള സ്ഥാപനം. അതില്‍ അദൃശ്യവും അപ്രമേയവുമായ സംഹാരാത്മകത ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

മത്സ്യം മുതല്‍ കലിവരെയുള്ള ദശാവതാരങ്ങള്‍ക്ക് ഭക്തിയുടെയും ഉപാസനയുടെയും വ്യാഖ്യാനങ്ങള്‍ നിരവധിയാണ്. പരിണാമസിദ്ധാന്തത്തിന്റെ കഥാവിഷ്‌ക്കാരമായും പ്രസ്‌തുത അവതാര ശൃംഖല വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം ശ്രീകൃഷ്ണന്‍ ആയുധമെടുക്കാതെ ലക്ഷ്യം സാധിക്കുന്ന ആധുനിക നയതന്ത്രജ്ഞതയുടെ പ്രതീകമാണ്. ആയുധം അപ്രസക്തവും ആശയം സര്‍വശക്തവും ആയിത്തീരുന്ന കാലത്തിന്റെ പ്രതിനിധി.

ഇത്തരം അവസ്ഥകള്‍ സംക്രമിക്കുന്നത് കലിയുഗത്തിലേക്കാണെന്നതും പുരാണപാഠംതന്നെ. ഇരുണ്ടതും സര്‍വ്വവിനാശകരവുമായ കാലമാണത്. ഇന്നത്തെ മാധ്യമമുഖം കലികാലത്തിന്റേതാണ്. അവിടെ ഫീച്ചറുകളും വാര്‍ത്തകളും അഭിമുഖങ്ങളും തമാശകളും സത്യാസത്യങ്ങള്‍ തിരിച്ചറിയാനാവാത്ത സമസ്യകള്‍ സൃഷ്ടിക്കുന്നു. ആ അസമയങ്ങളില്‍ സത്യം കൊലചെയ്യപ്പെടുന്നു.

കലിസ്വത്വത്തിന്റെ മുഖം എപ്രകാരമെന്ന് നിര്‍വചിക്കുക തുലോം ദുഷ്കരമാണ്. കാമക്രോധ ലോഭമോഹ മദമാത്സര്യങ്ങളുടെ ആകാരമായി കലിയെ ഉണ്ണായിവാര്യര്‍ നളചരിതം ആട്ടക്കഥയില്‍ അവതരിപ്പിക്കുന്നു. ഇന്നത്തെ മുഖ്യധാരാ മാധ്യമരൂപവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു?

ഹിരണ്യകഥാഖ്യാന സന്ദര്‍ഭത്തില്‍ സൂചിപ്പിച്ച virtual reality ആണ് പ്രിന്റ് - ഇലക്ട്രോണിക് മീഡിയകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കാല്‍പനികതയും ക്രിയാത്മകതയും ചേര്‍ന്ന ഒരു ലോകം. virtual ന് നിഘണ്ടുനല്‍കുന്ന അര്‍ഥം ഇവിടെ പോരാതെ വരും; 'കാല്‍പനികാ ഭ്രമികത' എന്നോ മറ്റോ തല്‍ക്കാലം പറയാം. സ്ഥലകാലങ്ങളുടെ വേരുകള്‍ അറുത്തുകളയുന്ന പ്രതിഭാസമാണത്.

വാര്‍ത്തകളുടെ ലോകം കാണുക. ജേര്‍ണലിസം ഇന്ന് വമ്പിച്ച ഒരു വ്യവസായവും കച്ചവടവുമാണ്. എത്ര ആകര്‍ഷകമായി ഉല്‍പാദിപ്പിച്ച് എത്രയധികം വില്‍ക്കാം എന്നതാണ് ഇവിടെ മുഖ്യപ്രശ്നം. അതിന്റെ ഫലമാണ് സെന്‍സേഷണല്‍ ജേര്‍ണലിസം. വൈചാരിക ജീര്‍ണതയില്‍നിന്നാണ് ഈ വൈകാരിക 'ജീര്‍ണലിസം' മുളപൊട്ടുന്നത്. വാര്‍ത്തകളുടെ വില്‍പനവരെ അത് എത്തിയിരിക്കുന്നു.

ഒന്നിന്റെയും യഥാര്‍ത്ഥ സത്ത അവതരിപ്പിക്കാന്‍ മീഡിയക്ക് കഴിയാതെ പോകുന്നു. ഒരു സംഭവം എവിടെനിന്ന് എങ്ങനെ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കാഴ്ച വ്യത്യസ്തമാകുമല്ലോ. അവതാരകരുടെ മനസ്സിലിരിപ്പിന്റെയും കൂടികലര്‍പ്പോടെയാണ് വാര്‍ത്തകളുണ്ടാകുന്നത്. മനസ്സ് മൂലധന ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നതുമാണ്. തദനുസൃത പക്ഷപാതം വാര്‍ത്തകളില്‍ കലരാതെ നിവൃത്തിയില്ല. കാല്‍പനികാഭ്രമികത എത്ര സങ്കീര്‍ണമാകുന്നുവെന്നു നോക്കുക. ഇതിനിടയിലാണ് വാര്‍ത്താ വില്‍പന.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടന്ന വാര്‍ത്താക്കച്ചവടത്തെ സംബന്ധിച്ച് ഒരു അന്വേഷണാത്മക ഫീച്ചര്‍ out look വാരിക (2009 ഡിസംബര്‍ 21) യിലുണ്ട്. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ടികളില്‍ പെട്ടവര്‍ പണംകൊടുത്ത് പത്രത്താളുകളും ചാനല്‍ സമയങ്ങളും കൈപ്പിടിയിലൊതുക്കിയതിന്റെ ചരിത്രം വെളിച്ചത്തുവന്നിരിക്കുന്നു. മീഡിയാ പാക്കേജുകളായി വാര്‍ത്ത വിറ്റു. അല്ലെങ്കില്‍ സൃഷ്ടിച്ചു. ടൂര്‍ പാക്കേജ് എന്നു കേട്ടിട്ടുണ്ട്. വിമാനത്തിലോ ട്രെയിനിലോ വിനോദയാത്ര ചെയ്യുന്നതിന് ദിവസക്കണക്കില്‍ കൃത്യമായ തുക മുന്‍കൂറായി പ്രഖ്യാപിക്കുന്നു. പണത്തിന്റെ ശക്തിയനുസരിച്ച് ഇഷ്ടമുള്ളത്രയും ദിവസം ബുക്ക്ചെയ്യാം. ഇതുപോലെ ഇലക്ഷന്‍ സമയത്ത് രാഷ്‌ട്രീയക്കാര്‍ പത്രസ്ഥലം വാങ്ങി. മുന്‍ പേജു വാര്‍ത്തകള്‍പോലും ഇങ്ങനെ നിര്‍മിക്കപ്പെട്ടു. പണം കുറവുള്ള വന്‍ പ്രാദേശിക പേജിലേക്കൊതുങ്ങി. ആന്ധ്രയിലെ വാറംഗല്‍ നിയോജക മണ്ഡലത്തില്‍ തോറ്റ സ്ഥാനാര്‍ത്ഥി പി കോദണ്ഡ രാമറാവു ഇക്കാര്യത്തില്‍ പരിതപിക്കുന്നു (ഔട്ട് ലുക്ക് പേജ് 32).

പാക്കേജില്‍ കയറിപ്പറ്റാന്‍ പണമില്ലാത്തതിനാലാവാം റാവു ഒരു കുറുക്കുവഴി കണ്ടെത്തി. 'ഈ നാട് ' പത്രത്തിന്റെ ഒരു പ്രാദേശിക ലേഖകനെ വശത്താക്കി. മൂന്നുദിവസം അര പേജ് വീതം കോദണ്ഡാനുകൂല വാര്‍ത്തകള്‍ വര്‍ണചിത്രങ്ങളോടുകൂടി വന്നു. പക്ഷേ രക്ഷപെട്ടില്ല ലക്ഷങ്ങള്‍ ചെലവഴിച്ച് വാര്‍ത്തകളുണ്ടാക്കാന്‍ കഴിഞ്ഞതിനാലാണ് തെലുങ്കാനാ രാഷ്‌ട്രീയസമിതി സ്ഥാനാര്‍ത്ഥി വാറംഗലില്‍ ജയിച്ചതെന്ന് റാവു പറയുന്നു. ആന്ധ്രയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാണ് ഈനാട് (90 ലക്ഷം കോപ്പികള്‍). അതിന്റെ തലവന്‍, രാമോജിറാവു വാര്‍ത്താ കച്ചവടത്തെ നിഷേധിക്കുന്നു. പരസ്യങ്ങളും വാര്‍ത്തകളും തിരിച്ചറിഞ്ഞ് എങ്ങനെ കൈകാര്യംചെയ്യണമെന്നതിനുള്ള വകതിരിവ് അവര്‍ക്കുണ്ടത്രേ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെടുന്ന (ഒരു കോടി നാലുലക്ഷം) പത്രമാണ് 'പഞ്ചാബ് കേസരി'. കേസരിയുടെ 'മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് വാര്‍ത്തകള്‍ നന്നായി വിറ്റുവെന്ന് രഹസ്യമായി സമ്മതിക്കുന്നു. ഈ വകയില്‍ ഇലക്ഷന്‍ കാലത്ത് പത്രസ്ഥാപനം 12 കോടിയോളം രൂപ ലാഭമുണ്ടാക്കിയത്രേ.

ഒരു ലേഖകന്‍ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രേരണ നിമിത്തം അഭിമുഖമോ ഫീച്ചറോ എഴുതുന്നു എന്നു കേട്ടാല്‍ വലിയ അമ്പരപ്പൊന്നും തോന്നേണ്ടതില്ല. പരസ്യവും എഡിറ്റോറിയലും ചേര്‍ന്ന അഡ്വര്‍ടോറിയലുകള്‍ (Advertisement + Editorial = Advertorial) കുറച്ചുകാലമായി മീഡിയകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയം കൊയ്‌ത വ്യവസായികളോ വ്യാപാര പ്രമുഖരോ ഒക്കെ പത്രത്താളുകളില്‍ പ്രത്യേക പരിവേഷത്തില്‍ പ്രതിഷ്ഠിതരാവുന്നു. ബീനാകണ്ണനിലൂടെ ശീമാട്ടി, കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയിലൂടെ വി ഗാര്‍ഡ്, കല്യാണരാമനിലൂടെ കല്യാണ്‍സില്‍ക്‌സ്... അങ്ങനെ നീളുന്നു നിര. സത്യവും അസത്യവും തിരിച്ചറിയാനാവാത്ത ഹിരണ്യ സമയത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മേല്‍പറഞ്ഞവ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഒക്ടോബറിലെ ഇലക്ഷന്‍ കാലത്ത് ഹരിയാനാ മുഖ്യമന്ത്രി പണവുമായി ഒരു പത്രസ്ഥാപനത്തെ സമീപിച്ച കാര്യവും ഔട്ട്‌ലുക്കിലുണ്ട്. തനിക്കെതിരെ നിരന്തരമായി തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അടിസ്ഥാനരഹിതമായ വാര്‍ത്താവതരണം അതോടെ അവസാനിച്ചുവത്രെ. എതിര്‍ കക്ഷികളില്‍നിന്നു വാങ്ങിയ പണം പ്രസ്‌തുത പത്രസ്ഥാപനം തിരിച്ചുകൊടുത്തുകൊണ്ടാണിത് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു. ലോകസഭാ ഇലക്ഷന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇടതുപക്ഷത്തിന് അംഗബലം കുറയുകയും കേന്ദ്ര ഗവണ്‍മെന്റിനുമേലുണ്ടായിരുന്ന സ്വാധീനത ഇല്ലാതാവുകയും ചെയ്‌തു. ഇന്നത്തെ ലോകസഭാംഗങ്ങളില്‍ മുന്നൂറിലധികംപേര്‍ കോടീശ്വരന്മാരാണത്രേ. പണംകൊടുത്ത് മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഇമേജ് ഇവരുടെ വിജയത്തിനു കാരണമായിട്ടുണ്ട് എന്നതിലും തര്‍ക്കമുണ്ടാവാനിടയില്ല. കോടിയധിപന്മാര്‍ ആര്‍ക്കുവേണ്ടി ശബ്ദിക്കും, എന്തിനുവേണ്ടി പ്രവര്‍ത്തിക്കും?... കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു പലതും വിശ്വസിച്ചുപോവുന്ന ജനം-ആകാശത്തും ഭൂമിയിലുമല്ലാത്ത സ്ഥലം രാത്രിയോ പകലോ അല്ലാത്ത നേരത്തും സംഭവിക്കുന്നവ തിരിച്ചറിയാനിടയില്ല.

പണവും അധികാരവുമുള്ളവര്‍ക്ക് മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാം എന്ന സ്ഥിതി എങ്ങനെ സംജാതമായി. സര്‍വതിനെയും കച്ചവടച്ചരക്കാക്കുന്ന ലാഭാധിഷ്ഠിത മുതലാളിത്ത വ്യവസ്ഥിതിയെന്ന് ഒറ്റ വാചകത്തില്‍ ഉത്തരം പറയാം. മത്സരഓട്ടമാണെന്നും, ഒന്നാമതെത്താന്‍ വേണ്ടിയുള്ള കുതിപ്പ്. സ്ഥാപനങ്ങള്‍ വര്‍ധിച്ചു. ആളെണ്ണം ഏറി, പരസ്യവരുമാനം എന്ന അപ്പക്കഷണംകൊണ്ട് വിശപ്പടങ്ങില്ല. അതുകൊണ്ട് പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണം. രാഷ്‌ട്രീയക്കാരും മതാധികാരികളും ഇമേജ് ക്രിയേഷന് മാധ്യമങ്ങളെ സമീപിക്കുന്നു. നിര്‍ബന്ധിക്കുന്നു. പണത്തിനു കണക്കില്ല. അണ്‍ അക്കൌണ്ടബിൾ മണി-നികുതി കൊടുക്കാതെ കുമിച്ചുകൂടുന്ന കള്ളപ്പണം യഥേഷ്ടം ചെലവാക്കാം. മാധ്യമസ്ഥാപനങ്ങളെയും ജേര്‍ണലിസ്റ്റുകളെയും വിലയ്ക്കെടുക്കാം. ഈ അവസ്ഥ സമൂഹത്തിനുനേരെ ഇന്നുവെച്ചിരിക്കുന്നു. മാധ്യമക്കണ്ണിന്റെ കാഴ്ചശക്തി ഇല്ലാതാക്കിയിരിക്കുന്നു.

കേരളത്തിലെ മാധ്യമസിന്‍ഡിക്കേറ്റ് മേല്‍ വിവരിച്ച അവസ്ഥയുടെ ഉല്‍പന്നമാണ്. ഒരേതരത്തില്‍ ലീഡ് ന്യൂസുകളവതരിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ന്യായമായും സംശയിക്കാം. ഇടതുപക്ഷ ഗവണ്‍മെന്റിനെയും പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെയും താറടിക്കുക എന്നത് നിരന്തരം സംഭവിക്കുന്നു. ഇടയ്ക്കു കിട്ടുന്ന കൊലപാതക അധോലോക ക്രൈമുകളും കൂടിയാവുമ്പോള്‍ സംഗതി ബഹുജോര്‍. പോള്‍ മുത്തൂറ്റുവധം കഴിഞ്ഞപ്പോള്‍ ചെറിയൊരു ഇടവേള വന്നു. വലിയതാമസമുണ്ടായില്ല. ഭാസ്കര കാരണവര്‍ വധം കിട്ടി. സുന്ദരിയായ മരുമകള്‍ ഷെറിനെ ചുറ്റി കഥകളങ്ങനെ കൊഴുത്തു. ഡിസംബര്‍ ആദ്യം മുതല്‍ ലഷ്കര്‍ ഭീകരന്‍ നസീര്‍ മുന്‍ പേജുകള്‍ പിടിച്ചടക്കി. പിന്നാലെ വന്ന സൂഫിയ മദനി പൊലീസ് ചോദ്യം ചെയ്യലില്‍ എന്തെല്ലാം വിവരങ്ങള്‍ വെളിപ്പെട്ടു എന്നതുവരെ ആഘോഷമായി റിപ്പോര്‍ട്ടുചെയ്തു.

ഡിസംബര്‍ 10ന് പാര്‍ലമെന്റില്‍ തെലുങ്കാന സംസ്ഥാന രൂപീകരണം മന്ത്രി ചിദംബരം പ്രഖ്യാപിച്ചു. ആന്ധ്ര മുഴുവന്‍ ഇളകിമറിയുകയാണ് സര്‍വരാഷ്‌ട്രീയ പാര്‍ടികളും പ്രതിസന്ധിയിലായിരിക്കുന്നു. രണ്ടുദിവസംപോലും തികച്ച് മലയാളം മാധ്യമങ്ങളില്‍ ആ സംഭവപരമ്പരകള്‍ നിലനിന്നില്ല. ഡിസംബര്‍ 11 മിക്കവാറും എല്ലാ പത്രങ്ങളിലും തെലുങ്കാനാ സംഘര്‍ഷം മുഖ്യ വാര്‍ത്തയായി വന്നു. സ്ഫോടന പരമ്പര വാര്‍ത്തയ്ക്കും മുന്‍ പേജില്‍ ഇടം കിട്ടി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രത്തില്‍ മൂന്നാമതൊരു വാര്‍ത്ത ഏഴുകോളത്തില്‍ നിരന്നു. 'സിപിഐ (എം)യോഗസ്ഥലത്തുനിന്ന് കാര്‍ എടുക്കാന്‍ ചെന്ന സ്‌ത്രീക്കുനേരെ ആക്രമണം എന്നതായിരുന്നു തലവാചകം. തലശ്ശേരിയില്‍ ഇ എം എസ് ദിനാചരണ പൊതുയോഗത്തിനിടയില്‍ സംഭവിച്ചതാണ്. സ്റ്റേജിനു ചേര്‍ന്ന് പൊതുസ്ഥലത്ത് കാര്‍പാര്‍ക്ക് ചെയ്തതിനുശേഷം ബ്യൂട്ടി പാര്‍ലറില്‍ പോയി മടങ്ങിയെത്തിയ ഷഹരിയ എന്ന യുവതിയാണ് നായിക. ഏതു പാര്‍ടിയുടേതായാലും ശരി പൊതുയോഗം നടക്കുന്ന സ്ഥലത്തുനിന്ന് വാഹനമിറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അസ്വാരസ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. അതെങ്ങനെയുമാകട്ടെ സമ്മേളനസ്ഥലത്തുവെച്ച് സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെങ്കില്‍ തെറ്റുതന്നെ. രണ്ടുമണിക്കൂര്‍ സമയം ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചതായി പത്രംതന്നെ സമ്മതിക്കുന്ന യുവതി സമീപത്തുള്ള സ്റ്റേജും സമ്മേളനത്തിനുള്ള ഒരുക്കങ്ങളും കണ്ടുകാണുകയില്ലായിരിക്കും. ചുറ്റുപാടുകളെക്കുറിച്ചുള്ള അജ്ഞത ഭൂഷണമായ ഒരുകാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കാം. ഏതായാലും തെലുങ്കാനയ്ക്കും തടിയന്റവിടയ്ക്കും കിട്ടിയതിനേക്കാള്‍ പ്രാധാന്യം ഷഹരിയക്ക് കിട്ടി. എക്സ്ക്ളൂസീവോ, സ്കൂപ്പോ ആയ സംഗതികള്‍ പലപ്പോഴും ഇങ്ങനെ പ്രധാന സംഭവങ്ങളില്‍നിന്ന് ജനശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ഉതകുന്നവയാണ്.

മേല്‍പറഞ്ഞ വാര്‍ത്ത സിപിഐ (എം)നെ താറടിക്കുക എന്ന പരോക്ഷ ഫലംകൂടി ഉണ്ടാക്കുന്നുണ്ട്. പിണറായി വിജയന്‍, ആഭ്യന്തരവകുപ്പുമന്ത്രി കോടിയേരി, കേരളാ പൊലീസ് എന്നിവയാണിപ്പോള്‍ ശരവ്യം. ഒക്കെ മോശമാകണം; പഞ്ചായത്തു തെരഞ്ഞെടുപ്പ് വരുന്നു.

കൃത്യമായ ചിന്തയോ ഓര്‍മത്തുടര്‍ച്ചകളോ ആവശ്യപ്പെടുന്നില്ല ഇന്നത്തെ മീഡിയ. ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ജനമനസ്സ് തട്ടിക്കളിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അയാര്‍ഥമായ അന്തരീക്ഷം നിലനിര്‍ത്തുക. വെളിച്ചംകാണാതെ നിഴലുമാത്രം കാണാന്‍ ഇടവരുത്തുക. തൂണില്‍നിന്നു സംഹാരമൂര്‍ത്തി പുറത്തുചാടിയ വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഏതു സത്യവും മറയ്ക്കാം, മറക്കാം. പണമുണ്ടാക്കാം. എന്തും വിലയ്ക്കുവാങ്ങാം.

****

ഡോ. മാത്യു ജെ മുട്ടത്ത്, കടപ്പാട് : ചിന്ത വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കൃത്യമായ ചിന്തയോ ഓര്‍മത്തുടര്‍ച്ചകളോ ആവശ്യപ്പെടുന്നില്ല ഇന്നത്തെ മീഡിയ. ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ജനമനസ്സ് തട്ടിക്കളിക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അയാര്‍ഥമായ അന്തരീക്ഷം നിലനിര്‍ത്തുക. വെളിച്ചംകാണാതെ നിഴലുമാത്രം കാണാന്‍ ഇടവരുത്തുക. തൂണില്‍നിന്നു സംഹാരമൂര്‍ത്തി പുറത്തുചാടിയ വെര്‍ച്വല്‍ റിയാലിറ്റിയില്‍ ഏതു സത്യവും മറയ്ക്കാം, മറക്കാം. പണമുണ്ടാക്കാം. എന്തും വിലയ്ക്കുവാങ്ങാം.

*free* views said...

The role media plays to promote corporate, imperialist, rich interests is ridiculous and if you open your eyes to see it, very shameful. There are so many easy ways to manipulate a news, importance given, language used, comparison with negative incidents before. Sad that media is playing a villain role, instead of being the torch bearers of truth, as people expect.

For a bloodless revolution, it is is absolutely necessary to have support of a couple of popular media giants. Now if they are giants with money, why will they support a revolution, it is rare.

Social media is another way to influence the masses about the reality of this world, but that media also has the same problem of media, but to a lesser extent.

PS: I recently read an article in Wall street journal and it had a line like this "country is not doing enough for liberalization - this is against wishes of people". Haaaa how did they measure people's wishes? 60% people in this country do not have electricity and majority cannot read and write, they will not know what is liberalization. If people are going to rule this country based on the intelligent opinions of the rich and middle class then .............

Offtopic: Some people say governments should look at long term, poor who does not have food on table do not care shit about long term. If he has enough knowledge and can vote for a policy he will vote for a policy that puts food on his table today. [I am not saying governments should make policies based on short term, at times conflicting, interests of everyone. What I am saying is that dams and power plants that *might* be good for future might not be what people living there want and this should be taken into account]

Mohamed Salahudheen said...

ഏതു പാര്‍ടിയുടേതായാലും ശരി പൊതുയോഗം നടക്കുന്ന സ്ഥലത്തുനിന്ന് വാഹനമിറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അസ്വാരസ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്.
എല്ലാ പാര്ട്ടിയും ഇങ്ങനെയാണോ- സംശയമുണ്ട്. പോട്ടേ, പത്രക്കാരെ സംബന്ധിച്ച പരാമര്ശങ്ങളെല്ലാം ഇന്നലത്തെ പത്രംപോലെ സത്യം. അതു മാറാനും പോവുന്നില്ല. പ്രതിബദ്ധത പ്രതിബന്ധമാണിവരില് ഭൂരിപക്ഷത്തിനുമിപ്പോള്.