Wednesday, April 7, 2010

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

മലയാള മനോരമ നല്ലതു പറയുന്നുണ്ടെങ്കില്‍ ഞാന്‍ മനസ്സിലാക്കും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞത് ഇഎംഎസ്സാണ്. ഒരു കമ്യൂണിസ്റ്റ് അപകടകാരിയല്ലാതാവുകയും വ്യവസ്ഥാനുകൂലിയാവുകയും ചെയ്യുമ്പോള്‍ മുഖ്യധാരാമാധ്യമങ്ങളുടെ പരിലാളനയും പരിഗണനയും അയാള്‍ക്ക് കിട്ടുമെന്ന വ്യക്തമായ ബോധമാണ് ഇ എം എസ്സിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതി മുതല്‍ രണ്ടുദശകത്തോളം കേരളത്തില്‍ നിറഞ്ഞുനിന്ന നക്സലിസം എന്നറിയപ്പെട്ട ഇടതുപക്ഷ സാഹസികതയുടെ നിശിതവിമര്‍ശകനായ ഇ എം എസ്സിന്റെ ഈ പ്രയോഗം വിപുലമായ ഒരു വായനക്ക് വിധേയമാക്കാനാണ് മലയാള മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന മുന്‍കാല നക്സലൈറ്റ് കെ അജിതയുടെ ഓര്‍മക്കുറിപ്പുകള്‍ (ചോരപൂത്ത കാട്ടിലൂടെ വീണ്ടും) ശരാശരി വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

1970 കളുടെ ഒടുവില്‍ കലാകൌമുദി ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് ഡി സി ബുക്സ് പുസ്തക രൂപത്തിലിറക്കുകയും ചെയ്ത അജിതയുടെ “ഓര്‍മക്കുറിപ്പുകളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഓര്‍മക്കുറിപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അജിതക്ക് പറയാനില്ലെന്നിരിക്കെ മനോരമ വീണ്ടും എന്തിനാണ് അജിതക്കുവേണ്ടി ഒരു കണ്‍ഡക്ടഡ് ടൂര്‍ സംഘടിപ്പിച്ചത്? നക്സലൈറ്റ് മുന്നേറ്റങ്ങളുടെ വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്യുകയും രക്തസാക്ഷി എ വര്‍ഗീസും അജിതയും ഉള്‍പ്പെടെയുള്ള നക്സലൈറ്റ് നേതാക്കളെ അപഹസിക്കുകയും ചെയ്ത മനോരമയുടെ വിനോദയാത്രക്കുള്ള വെള്ള ഇന്നോവ വണ്ടിയില്‍ കയറുംമുമ്പ് എന്തുകൊണ്ട് അജിത രണ്ടാമതൊന്ന് ചിന്തിച്ചില്ല? അറുപതുകളുടെ ഒടുവില്‍ തലശ്ശേരിയെയും മാനന്തവാടിയെയും പുല്‍പ്പള്ളിയെയും മാത്രമല്ല, കേരളത്തെയാകെ പിടിച്ചുകുലുക്കിയ നക്സലൈറ്റ് മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി സി അച്ചുതമേനോനും ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയയും നിയോഗിച്ച പൊലീസുകാരുടെ കോംബിങ് ഓപ്പറേഷനില്‍ പങ്കാളികളായിരുന്ന മലയാള മനോരമയുടെ കൂടെത്തന്നെ നാല്‍പ്പത്തിരണ്ടുവര്‍ഷത്തിനുശേഷം ഒരു യാത്ര നടത്താന്‍ അജിത എന്തുകൊണ്ട് ഒരു നിമിഷം പോലും അറച്ചുനിന്നില്ല? ആശയപരമായ ഭിന്നിപ്പുള്ളവര്‍ പോലും അംഗീകരിക്കുന്ന സാഹസികതയുടെയും ധീരതയുടെയും പര്യായമായ അജിതക്ക് കേരളത്തിലെ വലതുപക്ഷത്തിന്റെ ഏറ്റവും മുനകൂര്‍ത്ത ആയുധമായ മനോരമയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എന്താണ് പ്രേരണ? നാല്‍പ്പതുവര്‍ഷം മുമ്പ് ഭരണകൂടത്തിന്റെ മാത്രമല്ല, മനോരമയുടെ കൂടി ഇരയായിരുന്നു (അന്നത്തെ നക്സലൈറ്റ് ക്രൈം ത്രില്ലറിലെ നായകന്‍ പൊലീസ് ആണ്) താനെന്ന് എന്തുകൊണ്ട് അജിത ഇപ്പോള്‍ മറന്നുപോകുന്നു?

ഫെബ്രുവരി 28ന് മലയാള മനോരമയുടെ സണ്‍ഡേ സപ്ളിമെന്റില്‍ അജിതയുടെ യാത്രയുടെ ലഘുവിവരണം നല്‍കിയ ശേഷമാണ് വാരികയില്‍ ഇപ്പോള്‍ ചോരപൂത്ത കാടുകളിലൂടെ വീണ്ടും എന്ന ഓര്‍മക്കുറിപ്പുകള്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു വരുന്നത്. മലയാള മനോരമ വാരികയെ പൈങ്കിളിയെന്ന് തള്ളിക്കളയുന്ന മനോരമ പത്രത്തിന്റെ വായനക്കാരില്‍ ഒരു ചെറുവിഭാഗത്തെക്കൂടി വാരികയിലേക്ക് വലിച്ചടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ‘ഭാഗമായിക്കൂടി ഇതിനെ കാണണം.

പൊലീസിന്റെ നിരന്തരമായ വേട്ടയാടലുകള്‍ക്കിരയാവുകയും— ഒമ്പതാണ്ട് നീണ്ട ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്ത അജിതയെപ്പോലൊരു വിപ്ളവകാരി മനോരമ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ-ഉപരിമധ്യവര്‍ഗ സെന്‍സിബിലിറ്റിയുടെ ‘ഭാഗമായി മാറുന്ന ചരിത്രഘട്ടം—വിശകലനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. 1982ല്‍ യാക്കൂബ് എന്ന നക്സലൈറ്റ് സഖാവിനെ വിവാഹം ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കാനെത്തിയ മനോരമ ഫോട്ടോഗ്രാഫറെ ആട്ടിയിറക്കാനുള്ള ധീരത അജിത കാട്ടിയിരുന്നു. എക്കാലവും ‘ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനുള്ള ആശയോപാധിയായി നിലകൊള്ളുന്ന മനോരമ പോലുള്ള മുഖ്യധാരാമാധ്യമങ്ങള്‍ വിരിക്കുന്ന തണലിലല്ല, തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് വിളിച്ചുപറയാനുള്ള ചങ്കുറപ്പുണ്ടായിരുന്നു അന്നത്തെ അജിതക്ക്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ശിഥിലമായപ്പോള്‍ ഇനി കമ്യൂണിസത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ് കെ വേണു സ്വന്തം പാര്‍ടി പിരിച്ചുവിടുകയായിരുന്നു. അമീബയുടെ ജൈവപ്രക്രിയപോലെ ഭിന്നിച്ചുപോയ നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പിരിച്ചുവിടാന്‍ പാകത്തിലൊരു പാര്‍ടിയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നൊന്നും അജിതയുടെ മനസ്സില്‍ വിപ്ളവത്തിന്റെ കനലുകള്‍ കെട്ടിരുന്നില്ല. കെ വേണു 1996ല്‍ കൊടുങ്ങല്ലൂരില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയായപ്പോഴും ഇടതുപക്ഷ ആദര്‍ശങ്ങളെ തള്ളിപ്പറയാന്‍ അജിതക്ക് കഴിഞ്ഞിരുന്നില്ല. പൊലീസിനെ കണ്ടതോടെ തലകറങ്ങി വീഴുകയും പിന്നീട് മാപ്പുസാക്ഷിയാവുകയും ചെയ്ത ഫിലിപ്പ് എം പ്രസാദ് സായിബാബ ഭക്തനും പ്രേതങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളുമായി (അവലംബം: 2010 മാര്‍ച്ച് 27 ലക്കം മലയാള മനോരമ വാരിക) മാറിയപ്പോഴും അജിത നക്സലൈറ്റ് പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടിക്ക് തയ്യാറായ അജിതയില്‍ അന്നത്തെ കേരളം കണ്ടത് നെറികേടുകളോട് നിര്‍ഭയം കലഹിക്കുന്ന നിശ്ചയദാര്‍ഢ്യമാണ്. നക്സലിസത്തിന് രാഷ്ട്രീയമായ തിരിച്ചടി നേരിട്ട എണ്‍പതുകളുടെ തുടക്കത്തില്‍ സാംസ്കാരികവേദി ജനകീയ വിചാരണയും തെരുവുനാടകങ്ങളും ലഘുലേഖകളും പോസ്റ്റര്‍ പ്രചാരണങ്ങളുമായി മലയാളിയുടെ സാംസ്കാരിക അവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് അമ്മ മന്ദാകിനിയും അജിതയും യാക്കൂബും ഉള്‍പ്പെട്ട അജിത ഗ്രൂപ്പ് അതിലൊന്നും ഭാഗഭാക്കായിരുന്നില്ല. എങ്കിലും ആള്‍ബലം കുറഞ്ഞ ഈ വിഭാഗം തങ്ങളാല്‍ കഴിയുന്ന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു.

“വസന്തത്തിന്റെ ഇടിമുഴങ്ങിയ’ നാളുകളില്‍ വയനാടന്‍ കാടുകളില്‍ ഉന്മൂലന സിദ്ധാന്തത്തിന്റെ വെടിമുഴക്കിയ പതിനെട്ടുകാരിയായ അജിത നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം മലയാള മനോരമയുടെ ഫ്രെയിമിലേക്ക് ഒതുങ്ങിപ്പോവുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ഇവിടെ സ്വാഭാവികമായും ഉയരുന്നത്. അതറിയണമെങ്കില്‍ മലയാള മനോരമ എന്ന പത്രം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ തങ്ങളുടെ വളര്‍ച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്തി എന്ന ചരിത്രത്തിലൂടെ കണ്ണോടിക്കണം. 1968ലെ നക്സലൈറ്റ് കലാപങ്ങളെ പൈങ്കിളിക്കഥയാക്കി വിറ്റഴിച്ച് വടക്കന്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ മനോരമയ്ക്ക് കഴിഞ്ഞു; ഒപ്പം നക്സലൈറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ജനവിരുദ്ധമാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനും.

അറുപതുകളുടെ മധ്യംവരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും— മാത്രം സ്വാധീനമുണ്ടായിരുന്ന മലയാള മനോരമ മലബാറില്‍ വേരുറപ്പിക്കുന്നത് നക്സലൈറ്റ് കലാപങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്രൈം ത്രില്ലറായി അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്നത് ചരിത്രം. വടക്കന്‍ കേരളത്തില്‍ മാതൃഭൂമിക്കുണ്ടായിരുന്ന കുത്തക തകര്‍ക്കാന്‍ മനോരമ കണ്ടെത്തിയ മാര്‍ഗം നക്സലൈറ്റ് കലാപങ്ങളെ ഒരു ജനപ്രിയ വ്യവഹാര രൂപമാക്കുക എന്നതായിരുന്നു. വയനാട്ടിലെ ഭൂവുടമകളുടെ സംരക്ഷകരായ പൊലീസിനെ നായക സ്ഥാനത്തും ഭൂവുടമാവ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്ന നക്സലൈറ്റുകളെ വില്ലന്റെ സ്ഥാനത്തും അവരോധിച്ചുകൊണ്ടായിരുന്നു വാര്‍ത്തകളുടെ പ്രയോഗം. വില്ലന്റെ പരാജയവും നായകന്റെ അനിവാര്യവിജയവും മനോരമ ആഘോഷിക്കുകയും ചെയ്തു. ക്രൈം ത്രില്ലര്‍ വായിക്കുന്ന ലാഘവത്തോടെ വായനക്കാര്‍ മനോരമയിലെ ഫീച്ചറുകളും സചിത്രലേഖനങ്ങളും വായിച്ചു തള്ളിയപ്പോള്‍ പൊതുമണ്ഡലത്തില്‍ ഈ നക്സലൈറ്റ് കലാപത്തെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദത്തിനുള്ള സാധ്യതയാണ് എന്നെന്നേക്കുമായി അടഞ്ഞുപോയത്. കലാപങ്ങള്‍ പരാജയപ്പെട്ട ശേഷം മനോരമ പ്രസിദ്ധീകരിച്ച സ്തോഭജനകമായ കഥകളും ചിത്രങ്ങളും കുപ്രസിദ്ധങ്ങളാണ്.

വര്‍ഗീസും അജിതയുമടക്കമുള്ള നക്സലൈറ്റ് നേതാക്കളെ അക്രമികളും കൊള്ളക്കാരുമായാണ് അന്ന് മനോരമ ചിത്രീകരിച്ചത്. വിപ്ളവപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം നല്‍കിയ കുന്നിക്കല്‍ നാരായണനെയും മന്ദാകിനിയെയും കുറിച്ച് മനോരമ അന്നെഴുതിയത് ഇങ്ങനെ:

"രണ്ടാം ലോകയുദ്ധം ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ദൃഷ്ടിയില്‍ ജനകീയ യുദ്ധമായി മാറിയ കാലഘട്ടത്തിലാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വന്ന മന്ദാകിനി എന്ന ഗുജറാത്തി യുവതി ശ്രീ കുന്നിക്കല്‍ നാരായണനുമായി പരിചയപ്പെട്ടത്.....ഏറെക്കാലം കഴിയും മുമ്പ് അവര്‍ പ്രണയബദ്ധരായി.. പിന്നീട് വിവാഹം നടന്നു. എന്നാല്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ക്ക് തരപ്പെട്ടില്ല.''’’

വിപ്ളവപ്രവര്‍ത്തനമാണ് ഈ ദമ്പതികളുടെ ജീവിതം തകര്‍ത്തതെന്നാണ് ഇത്തരം വാര്‍ത്തകള്‍ വഴി മനോരമ സ്ഥാപിക്കാന്‍ ശ്രമിച്ചത്.

1968ല്‍ അജിതയെക്കുറിച്ച് മനോരമ എഴുതിയത് ഇങ്ങനെ:

"കലാപകാരികളുടെ ഏറ്റവും പ്രമുഖനായ നേതാവെന്ന നിലയില്‍ അറിയപ്പെടുന്ന കുന്നിക്കല്‍ നാരായണന്റെ പുത്രി അജിത പതിനെട്ടുകാരിയായ സുന്ദരിയാണ്....വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ വളരെ ബുദ്ധിമതിയായിരുന്നു. എന്നാല്‍ വിപ്ളവ സ്വഭാവത്തിന്റെ യാതൊരു ലാഞ്ഛനയും അന്ന് കണ്ടില്ല.''’’

അജിതയെ കലാപകാരികളുടെ റാണിയായും കൂസലില്ലാത്തവളായും തട്ടിക്കയറുന്നവളായും ചിത്രീകരിക്കുന്നു മനോരമ. സുന്ദരിയെന്ന് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന അജിതയെ ഒരു പ്രദര്‍ശന വസ്തുവാക്കുന്നതിനായിരുന്നു മനോരമക്ക് വ്യഗ്രത. ബ്ളൌസിനും ഇരുണ്ട തവിട്ടു നിറത്തിലുള്ള പാന്റിനും മേല്‍ വിളറിയ നീലപ്പൂക്കളുള്ള ഹാഫ് സാരി ചുറ്റിയ സുന്ദരിയെന്നാണ് വാര്‍ത്തകളില്‍ അജിതയെ പരാമര്‍ശിക്കുന്നത്. അജിതയും സംഘവും പൊലീസ് കസ്റ്റഡിയിലായ ശേഷം വന്ന വാര്‍ത്ത ഇങ്ങനെ:
“"ജനക്കൂട്ടത്തിന്റെ ആഗ്രഹമനുസരിച്ച് അജിതയെ പൊലീസ് ഒരു സ്റ്റൂളിന് മേല്‍ കയറ്റി പ്രദര്‍ശിപ്പിച്ചു പിന്നീട് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയ ശേഷവും പല തവണ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ അജിതയെ വരാന്തയിലിറക്കി പ്രദര്‍ശിപ്പിക്കേണ്ടിവന്നു.''’’

നക്സലൈറ്റ് കലാപങ്ങളെ ഇങ്ങനെ കച്ചവടച്ചരക്കാക്കിയ മനോരമയും പൊലീസും അന്യോന്യം സഹായിച്ചിരുന്നുവെന്ന് രക്തസാക്ഷി എ വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ( എ തോമസുമായുള്ള അഭിമുഖം കാണുക.)

പൊലീസ് ക്യാമ്പില്‍ തന്നെയായിരുന്നു മനോരമക്കാര്‍. പൊലീസിനൊപ്പം തന്നെയാണ് മനോരമ ലേഖകനും ഫോട്ടോഗ്രാഫറും നീങ്ങിയത്. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന പൊലീസ് ഭാഷ്യം അന്ന് മനോരമ ഏറ്റുപിടിച്ചപ്പോള്‍ നക്സലൈറ്റുകളും അത് ഏറ്റു പാടുകയായിരുന്നു.
തൃശ്ശിലേരിയില്‍വച്ച് വര്‍ഗീസിനെ വെടിവെച്ച് കൊന്നശേഷം കയ്യില്‍ തോക്ക് പിടിപ്പിച്ചതിന്റെ ഫോട്ടോ മനോരമയാണ് പ്രസിദ്ധീകരിച്ചത്. പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചവശനാക്കിയശേഷം വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് അന്നേ പറഞ്ഞ ഏകപത്രം ദേശാഭിമാനിയും ഏക പാര്‍ടി സിപിഐ എമ്മുമാണ്. എന്നാല്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് സ്ഥാപിക്കാണ് നക്സലൈറ്റുകള്‍ ശ്രമിച്ചത്. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് സ്ഥാപിക്കുന്ന മുഖപ്രസംഗം അന്ന് സിപിഐ എം എല്‍ പ്രസിദ്ധീകരണമായ ലിബറേഷനില്‍ വരികയും ചെയ്തു. വര്‍ഗീസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഇഎംഎസ്സും കെ പി ആര്‍ ഗോപാലനും ആവശ്യപ്പെട്ടപ്പോള്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് വാദിച്ച ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയ ഉയര്‍ത്തിക്കാട്ടിയത് ലിബറേഷന്‍ വാരികയായിരുന്നു.

വര്‍ഗീസിന്റെ കൊലപാതകം റിപ്പോര്‍ട് ചെയ്ത ദേശാഭിമാനി പറഞ്ഞ സത്യം പിന്നീട് 1997ല്‍ മനോരമക്കും അംഗീകരിക്കേണ്ടി വന്നു. വര്‍ഗീസിനെ വെടിവെച്ചുകൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ വേണ്ടി വന്നു ഈ സത്യം മനോരമക്ക് വര്‍ഷങ്ങള്‍ക്കുശേഷം പറയാന്‍. 1998ല്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ അതും ആഘോഷമാക്കുകയും മനുഷ്യാവകാശത്തിന്റെ ചാമ്പ്യനാവാന്‍ ശ്രമിക്കുകയും ചെയ്തു മനോരമ. എന്നാല്‍ വര്‍ഗീസിനെ മര്‍ദിച്ച് ജീവഛവമാക്കിയ ശേഷം വെടിവെച്ചുകൊന്നതാണെന്നതിന്റെ തെളിവുനശിപ്പിക്കാന്‍ മനോരമയും കൂട്ടുനിന്നു എന്ന് തെളിയിക്കാന്‍ ആ പത്രത്തിന്റെ പഴയകാല പേജുകള്‍ തന്നെ ധാരാളമായിരുന്നു.

1970 ഫെബ്രുവരി 20ന് പുറത്തിറങ്ങിയ മനോരമ പത്രം, വെടിയേറ്റ് മലര്‍ന്ന് കിടക്കുന്ന വര്‍ഗീസിന്റെ ചിത്രത്തോടൊപ്പം കൊടുത്ത അടിക്കുറിപ്പ് ഇങ്ങനെ: 'കലാപനേതാവിന്റെ ദയനീയ അന്ത്യം: തിരുനെല്ലി വനത്തില്‍ പൊലീസിന്റെ വെടിയുണ്ടയേറ്റു വറുഗീസ് മരിച്ചുകിടക്കുന്നു'. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതല്ല, പിടിച്ചു കൊണ്ടുപോയി കൊന്നതാണെന്ന് മനസ്സിലാവാന്‍ ഇതേ പത്രത്തിന്റെ അഞ്ചാംപേജില്‍ ആവശ്യത്തിന് തെളിവുണ്ട്. ഒന്നാം പേജില്‍ മലര്‍ന്നു കിടക്കുന്ന വര്‍ഗീസ് അഞ്ചാംപേജില്‍ കമിഴ്ന്നാണ് കിടക്കുന്നത്. കൈയില്‍ തോക്കേന്തിയ വറുഗീസ് പൊലീസിന്റെ വെടിയേറ്റുവീണപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ പടം. കമിഴ്ന്നു കിടക്കുന്ന വര്‍ഗീസിന്റെ ഇടതുകൈയില്‍ നീളം കൂടിയ തോക്കും വ്യക്തമായി കാണാം. വെടിയേറ്റു മലര്‍ന്നു കിടക്കുന്ന വര്‍ഗീസിന്റെ കയ്യില്‍ തോക്കു പിടിപ്പിക്കാനും അതിന്റെ പടമെടുക്കാനും പൊലീസിനൊപ്പം മനോരമ പ്രതിനിധികളും ഉണ്ടായിരുന്നുവെന്ന് വ്യക്തം. പൊലീസും പൊലീസിനൊപ്പം ആഴ്ചകളോളം നക്സല്‍ വേട്ടയില്‍ പങ്കാളികളായ മനോരമ പ്രതിനിധികളും വര്‍ഗീസ് വധത്തിന്റെ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് 1998 നവംബര്‍ അഞ്ചിന് പി പി അബൂബക്കര്‍ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഏഴാം തീയതി വര്‍ഗീസിന്റെ മലര്‍ന്നുകിടക്കുന്ന ചിത്രം വീണ്ടും നല്‍കി മനോരമ അടവുമാറ്റി. ആ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'വര്‍ഗീസിന്റെ ജഡം പൊലീസ് മലര്‍ത്തിക്കിടത്തിയ നിലയില്‍.'

മനോരമയുടെ ഭൂതകാലവിക്രിയകള്‍ ദേശാഭിമാനി തുറന്നു കാട്ടിയപ്പോള്‍ ആ പത്രത്തിന്റെ ചരിത്രത്തിലെങ്ങുമില്ലാത്ത ഒരു സംഭവം കൂടിയുണ്ടായി. 'ഓളങ്ങള്‍ അടങ്ങാത്ത ഓര്‍മകള്‍' എന്ന പേരില്‍ മനോരമയുടെ ലേഖകരും ഫോട്ടോഗ്രാഫറും പഴയ നക്സല്‍വേട്ട അയവിറക്കുന്ന പരമ്പര പെട്ടെന്ന് നിര്‍ത്തി.

വര്‍ഗീസിന്റെ മരണത്തില്‍ മനോരമയ്ക്കുള്ള ആഹ്ളാദവും വാര്‍ത്തയില്‍ പ്രകടമാണ്. കുറിച്യരെയും അടിയന്മാരെയും മറ്റും വിപ്ളവത്തിന് പാകപ്പെടുത്തി വന്ന വറുഗീസ് സന്ധ്യക്ക് കൊല്ലപ്പെട്ടുവെന്ന് രാത്രി കുറെ വൈകീട്ട് പൊലീസ് പ്രഖ്യാപിച്ചപ്പോള്‍ കേട്ടവരെല്ലാവര്‍ക്കും ആശ്വാസം വീണു. ഭീകരമായ കൊലയും കൊള്ളയും നടത്തിയ അയാളെപ്പറ്റി അതുവരെ പ്രചരിപ്പിച്ചിരുന്ന ധീരസാഹസിക കഥകള്‍ക്ക് ഇന്നലെ വൈകുന്നേരം 6.55ന് പൊലീസിന്റെ തോക്കില്‍ നിന്ന് ചാടിയ വെടിയുണ്ട പൂര്‍ണവിരാമമിടുകയും ചെയ്തു. വയനാടന്‍ മലകളില്‍ വിപ്ളവത്തിന്റെ വീരേതിഹാസം രചിച്ച് ധീരനാവാന്‍ വെമ്പിയ ആ മുന്‍ മാര്‍ക്സിസ്റ്റ് അങ്ങനെ ദയനീയമാംവിധം കൊല്ലപ്പെട്ടു.(മലയാള മനോരമ-1970 ഫെബ്രുവരി 20ന്റെ ഒന്നാം പേജ്)
അടിയോരുടെ പെരുമന്‍ എന്നു പുകഴ്പെറ്റ വര്‍ഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നറിയാമായിരുന്നിട്ടും ആ വിവരം പൂഴ്ത്തിവച്ച് പൊലീസിന്റെ പക്ഷം പിടിച്ച മനോരമയ്ക്കൊപ്പമാണ് ഇപ്പോള്‍ അജിത. ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പൊലീസിന്റെ വെടിയുണ്ടക്ക് ഇരയാവേണ്ടി വരികയും ചെയ്ത രക്തസാക്ഷിയുടെ ഓര്‍മകളോടുപോലും നീതി പുലര്‍ത്താനാവുന്നില്ല പുതിയ അജിതയ്ക്ക്. നാല്‍പ്പത്തിരണ്ട് കൊല്ലംകൊണ്ട് മാറ്റം വന്നതാര്‍ക്ക്, മനോരമക്കോ അജിതക്കോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ ചോദ്യത്തിന് സിപിഐ എം എല്‍ നേതാവും പ്രമാദമായ കേണിച്ചിറ മഠത്തില്‍ മത്തായിയെ കൊലപ്പെടുത്തിയ നക്സലൈറ്റ് സ്ക്വാഡിന്റെ കമാന്‍ഡറുമായിരുന്ന കുന്നേല്‍ കൃഷ്ണന്‍ അടുത്ത പോസ്റ്റില്‍ ഉത്തരം നല്‍കുന്നുണ്ട്.

പഴയ ശത്രു നാല്‍പ്പത്തി രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അജിതയുടെ മിത്രമായി വരുമ്പോള്‍ മാര്‍ക്സിന്റെ വിഖ്യാതമായ വാചകം നമുക്ക് മുന്നിലേക്ക് എത്തുന്നു: History repeats itself, first as a tragedy, second as a farce.(ചരിത്രം ആവര്‍ത്തിക്കും; ആദ്യം ദുരന്തമായും, പിന്നെ പ്രഹസനമായും)

*
എന്‍.എസ്. സജിത് കടപ്പാട് : ദേശാഭിമാനി വാരിക
nssajithഅറ്റ് gmail.com

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാള മനോരമ നല്ലതു പറയുന്നുണ്ടെങ്കില്‍ ഞാന്‍ മനസ്സിലാക്കും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞത് ഇഎംഎസ്സാണ്. ഒരു കമ്യൂണിസ്റ്റ് അപകടകാരിയല്ലാതാവുകയും വ്യവസ്ഥാനുകൂലിയാവുകയും ചെയ്യുമ്പോള്‍ മുഖ്യധാരാമാധ്യമങ്ങളുടെ പരിലാളനയും പരിഗണനയും അയാള്‍ക്ക് കിട്ടുമെന്ന വ്യക്തമായ ബോധമാണ് ഇ എം എസ്സിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതി മുതല്‍ രണ്ടുദശകത്തോളം കേരളത്തില്‍ നിറഞ്ഞുനിന്ന നക്സലിസം എന്നറിയപ്പെട്ട ഇടതുപക്ഷ സാഹസികതയുടെ നിശിതവിമര്‍ശകനായ ഇ എം എസ്സിന്റെ ഈ പ്രയോഗം വിപുലമായ ഒരു വായനക്ക് വിധേയമാക്കാനാണ് മലയാള മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന മുന്‍കാല നക്സലൈറ്റ് കെ അജിതയുടെ ഓര്‍മക്കുറിപ്പുകള്‍ (ചോരപൂത്ത കാട്ടിലൂടെ വീണ്ടും) ശരാശരി വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

*free* views said...

Now I got what is definition of Communist: Anybody who says or do anything that is aligned with the parliamentary ambitions of CPI[M] is a communist, it does not matter if you are Naxal, even George Bush can be one.

Those crying out loud about Manorama writing about Ajitha should take deep hard look at what CPI[M] did by support Manmohan Singh and Chidambaram's government, not to forget Soniaji.

Shameless opportunism thy name is .........

Unknown said...

Freeviews, bit busy..will reply you together,later.

Unknown said...

Now I got what is definition of hypocrite: Freeviews

Those crying out loud about Manorama writing about Ajitha should take deep hard look at what CPI[M] have been doing by fighting insurgents in Karshmir. Its state secretary Tharigami's life itself is under threat. They fought against Khalistan in Punjab and lost several comrades, all these along with main stream parties like congress and Bjp.
So what ?
The stupidity of Freeviews would say, see CPM is/was with congress and Bjp in the fight against Khalistan and Kashmir insurgents, and they are allies forever!! Pity you freeviews.

Unknown said...

The poignancy in the photo of Ajitha in the custody of Indian policemen is not lost. A young girl in the hands of the Indian police!