Tuesday, April 20, 2010

മുഡ, മുഡ... ത്വാ, ത്വാ

ജക്കാര്‍ത്ത നഗരത്തിലെ തിരക്കേറിയ തെരുവ്. ഇളനീര്‍ കുടിക്കാന്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് മലയാളിസുഹൃത്തുക്കള്‍ കേരളത്തിലെ സ്വന്തം പറമ്പുകളില്‍ തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ലെന്ന പരിഭവം നിരത്തിയത്. തേങ്ങയിടല്‍യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചതടക്കമുള്ള കാര്യങ്ങള്‍ അവര്‍ സൂചിപ്പിക്കുകയുമുണ്ടായി. രഘുനാഥ് ആനന്ദ് മഷേല്‍ക്കര്‍ നേച്ചര്‍ ഇന്ത്യയില്‍ എഴുതിയ കുറിപ്പും അവരുടെ സ്മൃതിപഥത്തിലെത്തി. 16 കോടി തെങ്ങുകളുള്ള കേരളത്തില്‍ നാളികേരമിടാന്‍ എന്തെങ്കിലും മറ്റുമാര്‍ഗം തേടേണ്ടതല്ലേ എന്നായിരുന്നു അതില്‍. കേരളംപോലെ കേരംതിങ്ങുന്ന ഇന്തോനേഷ്യയിലെ തേങ്ങാവിശേഷങ്ങളിലേക്കായി എന്റെ അന്വേഷണം. ഇളനീരും തേങ്ങയും അവയുടെ ഉല്‍പ്പന്നങ്ങളും കൊപ്രയും ചകിരിയും ചിരട്ടയുമെല്ലാം സുഹൃത്തുക്കള്‍ എടുത്തിട്ടു. കള്ളുപോലുള്ള ലഹരിപാനീയത്തിന്റെ കൌതുകങ്ങളും നിറഞ്ഞു.

ഇന്തോനേഷ്യയില്‍ തെങ്ങുകയറ്റക്കാരായ കുരങ്ങന്മാരുണ്ടെന്ന കഥ കേട്ടിരുന്നുവെന്ന് ഞാന്‍ അറിവു വിളമ്പിയപ്പോള്‍, അവര്‍ രസകരമായ കുറേ കാര്യങ്ങള്‍ ചേര്‍ത്തുവച്ചു. പലേംബാങ്ങില്‍ പോയപ്പോള്‍ അത്തരം ചില 'തെങ്ങുകയറ്റക്കാരെ'യും കണ്ടു. തായ്ലന്‍ഡിലും മലേഷ്യയിലും ഇത് കുറച്ചുകൂടി വിപുലമായ നിലയില്‍ പരീക്ഷിക്കുന്നണ്ടത്രേ. ചെറിയ പറമ്പുകളിലെന്നപോലെ വലിയ തോട്ടങ്ങളിലും കുരങ്ങന്മാരെ ഉപയോഗപ്പെടുത്തുന്നു.

സുമാത്ര, കെലന്ദന്‍, ലാംപുങ് തുടങ്ങിയ മേഖലകളില്‍ കുരങ്ങനെ ബൈക്കിലും സൈക്കിളിലും കയറ്റിപ്പോകുന്ന ഉടമകള്‍ ഏറെയുണ്ട്. തേങ്ങയുടെ എണ്ണം ഏറുകയും ഈ രംഗത്ത് പണിയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്തപ്പോഴാണ് പുതിയ വഴി കണ്ടെത്തിയത്. തെങ്ങുകയറ്റക്കാര്‍ക്ക് ചില മേഖലകളില്‍ പെണ്ണിനെ കിട്ടാത്ത സ്ഥിതിയുണ്ട്. മരത്തില്‍നിന്നേല്‍ക്കുന്ന തഴമ്പ് ശരീരത്തിനൊപ്പം ജീവിതത്തിലും വിനയാകുകയാണ്.

കഥകളിലും ചിത്രങ്ങളിലും ശാസ്ത്രലേഖനങ്ങളിലും ആഗ്രഹപ്രകടനങ്ങള്‍മാത്രമായിരുന്ന സങ്കല്‍പ്പം യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവരികയായിരുന്നു. ഇസബെല്ലാ ബേര്‍ഡിനെപോലുള്ളവര്‍ 1919 ആഗസ്ത് 22ന്റെ ലക്കം 'സയന്‍സി'ല്‍ എഴുതിയ മനോഹരമായ കുറിപ്പ് പ്രതീക്ഷയുടെ തീരങ്ങളിലേക്ക് നടന്നടുക്കാന്‍ പിന്നെയും കാലമെടുത്തു. അത്തിപ്പഴം അടര്‍ത്താന്‍ ഈജിപ്തുകാര്‍ കുരങ്ങന്മാരെ ഉപയോഗപ്പെടുത്തിയത് പഴയ ചരിത്രം. ചില ഫലങ്ങള്‍ പറിക്കാന്‍ മധ്യകാല മനുഷ്യര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുകയായിരുന്നു. ആ മരത്തിന്മേലിരിക്കുന്ന കുരങ്ങന്മാരെ കല്ലെറിയും. ദേഷ്യംവരുന്ന അവര്‍ ഫലമടക്കമുള്ള ചില്ല ഒടിച്ച് തിരിച്ചെറിയുകയാണു പതിവ്്.

കെലന്ദനലിലെ പരിശീലനകേന്ദ്രം

ഇളനീരും തേങ്ങയും കുരങ്ങന്മാര്‍ക്ക് എങ്ങനെ തിരിച്ചറിയാനാകും എന്ന എന്റെ ആരായലിന് രസകരങ്ങളായ കുറേ വസ്തുതകളായിരുന്നു മറുപടി. കെലന്ദനിലും മറ്റും അവയ്ക്ക് പരിശീലനകേന്ദ്രങ്ങളുണ്ട്. തായ്ലന്‍ഡിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ആദ്യം ആരംഭിച്ചത്. അധികം ഉയരമില്ലാത്ത മരങ്ങള്‍ ബന്ധിപ്പിച്ച് മുളകൊണ്ടുള്ള പ്ളാറ്റ്ഫോം. അതിന്മേല്‍ ഇളയതും മൂത്തതുമായ തേങ്ങ. കുരങ്ങന്റെ അരയില്‍ കെട്ടിയ ചരട് നിയന്ത്രണത്തിനുള്ള ഉപാധിയായി ഉടമയുടെ കൈയില്‍. ഇളനീര്‍ പറിക്കാന്‍ മുഡ മുഡ എന്നു പറയും. മൂത്തതേങ്ങയാണെങ്കില്‍ നിര്‍ദേശം ത്വാ, ത്വാ എന്നാകും. തെങ്ങിന്റെ ബിരുദ പഠനക്കാര്‍ക്ക് പ്രതീകാത്മക ഹോസ്റ്റല്‍ സൌകര്യവുമുണ്ട്.

പസാമന്‍ നിബിഡവനങ്ങളില്‍നിന്നുള്ള പന്നിവാലന്‍ കുരങ്ങന്മാരെയാണ് തേങ്ങയിടാന്‍ പരിശീലിപ്പിക്കുക. ആരോഗ്യത്തിനും ബുദ്ധികൂര്‍മതയ്ക്കും പേരുകേട്ടവയാണ് അവ. പഡാംങ്പരിയാമനിലെ ബെറൂക് വിഭാഗത്തെയും ചെറിയതോതില്‍ ഉപയോഗപ്പെടുത്തുന്നു. മനുഷ്യരുടെ നല്ല സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന ഇവ സ്ത്രീകളുടെ തലയില്‍നിന്ന് പേനെടുക്കുന്നുപോലുമുണ്ട്.

കാട്ടില്‍നിന്നു പിടിക്കുന്ന കുരങ്ങന് 12 ലക്ഷം ഇന്തോനേഷ്യന്‍ രൂപവരെ വില നല്‍കണം. ഒരുവയസ്സുള്ളവയെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. ദിവസം മൂന്നുവട്ടം എന്ന തോതില്‍ എട്ടുമാസം. പിന്നെ അവയ്ക്ക് പാലും മുട്ടയുമടക്കമുള്ള നല്ല ഭക്ഷണം. ഒരു നേരത്തെ നിര്‍ബന്ധിത കുളി.

സാധാരണ തൊഴിലാളികള്‍ക്കെന്നപോലെ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കുരങ്ങന്മാര്‍ക്ക് ഭക്ഷണം വിളമ്പും. എല്ലാ ഞായറാഴ്ചയും അവധിയാണ്. ഒരുമാസം തുടര്‍ച്ചയായി പണിയെടുത്താല്‍ ഒരാഴ്ച വിട്ടുനില്‍ക്കാം. മികവു പുലര്‍ത്താത്തവയെ ഈ ഇടവേളയില്‍ വീണ്ടും പരിശീലനത്തിനയക്കും. മിക്ക കുരങ്ങന്മാരും കാലുകൊണ്ടാണ് തേങ്ങ പിരിച്ചിടുക. അത് ഏറെ സുരക്ഷിതവും വേഗമുള്ളതുമാണ്. കാല്‍ തെന്നിയാല്‍ കൈകൊണ്ട് പിടിച്ചുനില്‍ക്കാമല്ലോ. താഴെ വീണ തേങ്ങകള്‍ പെറുക്കിക്കൂട്ടാനും കുട്ടയിലാക്കാനും വാഹനങ്ങളിലേക്ക് എത്തിക്കാനും വാനരന്മാര്‍ സഹായിക്കും. ചില കുറുമ്പന്മാര്‍ തെങ്ങിന്‍ മണ്ടയില്‍ത്തന്നെ വിശ്രമിക്കുന്ന പതിവുമുണ്ട്. അവിടെയുള്ള കീടങ്ങളെയും മറ്റു ജീവികളെയും തിന്നുന്നവയെയും കാണാം. പിന്നെ താഴെയിറക്കാന്‍ ഉടമയോ പരിശീലകനോ പഴം കാണിച്ച് താഴേയ്ക്കു വിളിക്കും.

ഒരു തെങ്ങില്‍ക്കയറിയാല്‍ ഇറങ്ങാതെതന്നെ പണി മുഴുമിപ്പിക്കുകയാണ് വാനരത്തൊഴിലാളികളുടെ രീതി. 1200 തേങ്ങവരെ ഇടുന്ന വിദഗ്ധര്‍ അക്കൂട്ടത്തിലുണ്ടാവും. 100 തേങ്ങയ്ക്ക് 5000 രൂപയാണ് ഉടമയ്ക്കുള്ള കൂലി. ചിലയിടങ്ങളില്‍ പത്തുശതമാനം എന്ന നിരക്കുമുണ്ട്. പ്രസവത്തോടെ സ്ത്രീത്തൊഴിലാളികള്‍ ചാട്ടത്തില്‍ പിന്നോക്കംപോവുമത്രേ. കുരങ്ങന്മാര്‍ ചത്താല്‍ അവയ്ക്കിടയില്‍നിന്നുതന്നെ പ്രസവിക്കാത്ത പുതിയവയെ എത്തിക്കുന്നു.

തെങ്ങുകയറ്റ ഉത്സവം

ഉലാകന്‍ പ്രവിശ്യയിലാണ് കുരങ്ങന്‍ ഉടമകള്‍ ഏറെയുള്ളത്. മുപ്പതിലധികം. അവിടത്തെ തെങ്ങുകയറ്റ ഉത്സവം ഏറെ വിദേശികളെ ആകര്‍ഷിക്കുന്നതാണ്. മണിപ്രൈസിനൊപ്പം വിജയിയുടെ ഉടമയ്ക്ക് ആടിനെയും നല്‍കും. ഏതോ പാരമ്പര്യചടങ്ങിന്റെ ഭാഗമായാണ് ആടുസമ്മാനം. ഹാവായിയില്‍നിന്ന് മടങ്ങുകയായിരുന്ന ചില ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ ജക്കാര്‍ത്ത വിമാനത്താവളത്തിലെ സൌഹൃദസംഭാഷണത്തിനിടെ അവര്‍ വെളിപ്പെടുത്തിയത്, ടൂറിസംവികസനത്തിന് കുരങ്ങന്റെ തെങ്ങുകയറ്റം കാഴ്ചയായി ഉപയോഗിക്കുന്നതിന്റെ അനുഭവമാണ്. ഹാവായിയില്‍ ആ രംഗം കാണാന്‍ വിനോദസഞ്ചാരികളും യാത്രികരും ഒരു ഡോളര്‍ നല്‍കണം.

'കരയുന്ന' കുരങ്ങന്‍

തൊഴിലെടുക്കാന്‍ കുരങ്ങന്മാരെ വാണിജ്യപരമായിത്തന്നെ സജ്ജമാക്കുന്നതിനെക്കുറിച്ച് ശാസ്ത്രകല്‍പ്പിത കഥാകാരന്മാരും സഞ്ചാരികളും ഏറെ പറഞ്ഞുവച്ചിട്ടുണ്ട്. അവയില്‍ ചിലതില്‍ പന്നിവാലന്‍ വാനരന്മാരെ പ്രത്യേകം പരാമര്‍ശിച്ചതായും കാണാം. ഇളം തവിട്ടുനിറമുള്ള അവ അനുസരണശീലത്തിനും പേരുകേട്ടവയാണ്. അപൂര്‍വ സസ്യജാലങ്ങളുടെ ശേഖരണത്തിന് യാത്രപുറപ്പെട്ട റോബര്‍ട്ട് ഫോര്‍ച്യൂണ്‍ ഈജിപ്തിലെ പനനൊങ്ക് ഇടാന്‍ കുരങ്ങന്മാരെ ഒരുക്കിനിര്‍ത്തിയതായി എഴുതിയിട്ടുണ്ട്. ആഫ്രിക്കയിലെ മൂന്നുതരം കുരങ്ങന്മാരെ വിവരിച്ച ഓല്‍ഫെര്‍ട് ഡാപ്പെര്‍, ബാരിസ് വിഭാഗത്തെ മനുഷ്യരോട് ചില സാദൃശ്യങ്ങളുള്ളവയായാണ് വിലയിരുത്തിയത്. ഇളംപ്രായത്തിലേ അവയെ മനുഷ്യരെപ്പോലെ പരിശീലനത്തിന് അയക്കുകയാണ്. അടിമകള്‍ക്കു സമാനമായ ചില സഹായങ്ങള്‍ക്ക് അവ മടിക്കാറുമില്ല. കൌതുകവും വിസ്മയവും കോര്‍ത്തിണക്കിയ ഒട്ടേറെ സൂത്രപ്പണികള്‍ പുറത്തെടുക്കുന്ന അവ വീണാല്‍ 'കരയുക'പോലും ചെയ്യുമത്രേ! വസ്ത്രങ്ങള്‍ ധരിക്കുന്നവയും അക്കൂട്ടത്തിലുണ്ട്. സ്ത്രീകളുടെ കുളിരംഗം ആസ്വദിക്കുന്ന 'ലോല'ന്മാരെയും ഇത്തരം വിഭാഗങ്ങളില്‍ കാണാമെന്നത് വേഗം വിശ്വാസത്തിലെടുക്കാനാവില്ലെങ്കിലും പൂര്‍ണമായും തള്ളിക്കളയാനുമാവില്ല. ബാസ്കറ്റ് ബോള്‍ കളിക്കുന്ന വാനരപ്പടയെക്കുറിച്ചും നിറഞ്ഞ കഥകളുണ്ട്.

ചൂടാക്കിയ ഇളനീര്‍

ഇന്തോനേഷ്യന്‍ നാളികേരപുരാണം അറിയാനുള്ള താല്‍പ്പര്യമാണ് അവരുടെ ദേശീയ മിഷന്‍ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ. സുറിന്‍ ഹങ്കഗാമയെ കാണാന്‍ പ്രേരിപ്പിച്ചത്. കൃഷിമേഖലയ്ക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തെ 'തേങ്ങാമനുഷ്യന്‍' എന്നാണ് ചിലര്‍ കളിയാക്കി വിളിക്കുന്നത്. 2003 മേയില്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര നാളികേര ഉച്ചകോടിയെക്കുറിച്ച് സുറിന്‍ വാചാലനായി. ഇന്ത്യക്കു പുറമെ തായ്ലന്‍ഡ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള കാര്‍ഷിക ശാസ്ത്രജ്ഞരും സംഘാടകരുമായിരുന്നു പ്രതിനിധികള്‍. തേങ്ങാ അനുബന്ധ വ്യവസായത്തിന്റെ പ്രശ്നങ്ങളും സമീപകാല മുന്നേറ്റങ്ങളുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഓട്ടോമൊബൈല്‍ ലൂബ്രിക്കന്റുകളായി വെളിച്ചെണ്ണ ഉപയോഗിക്കാമോ എന്ന നിര്‍ദേശം ഉയര്‍ന്ന കൊച്ചി ഉച്ചകോടി, തെങ്ങിന്‍തടിയുടെ നിര്‍മാണസാധ്യതയും ഊന്നുകയുണ്ടായി. ഭക്ഷണത്തിന് വരുമാനത്തിന്റെ 50 ശതമാനം മാറ്റിവയ്ക്കുന്ന മധ്യപൂര്‍വദേശം കേന്ദ്രീകരിച്ച് തേങ്ങാവിഭവങ്ങള്‍ക്ക് കമ്പോളം കണ്ടെത്താനുള്ള അന്വേഷണങ്ങളും ചില പ്രബന്ധങ്ങള്‍ മുന്നോട്ടുവച്ചു. ബാങ്കോക്കില്‍നിന്നുള്ള സസ്യയെണ്ണ ഗവേഷകന്‍ പി സിന്‍ചായിശ്രീ കൌതുകകരമായ കണ്ടെത്തലാണ് പ്രതിനിധികളോട് പങ്കുവച്ചത്. ഇളനീര്‍ ചൂടാക്കിയാല്‍ മധുരം ഏറുമെന്നും നല്ല മണം ഉണ്ടാകുമെന്നുമായിരുന്നു ആ കണ്ടെത്തല്‍.

കൊപ്രാവ്യവസായത്തില്‍ ഫിലിപ്പീന്‍സിനു താഴെ തിളങ്ങുന്ന സ്ഥാനമാണ് ഇന്തോനേഷ്യക്ക്. ആ രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിക്കൊടുക്കുന്ന മേഖല. ചിരട്ടയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളിലും പിറകിലല്ല. മനോഹരങ്ങളായ ശില്‍പ്പങ്ങള്‍ വിരിയിക്കുന്നതോടൊപ്പം കൊതുകുനിവാരണികളിലും ചന്ദനത്തിരികളിലും ചിരട്ടഭസ്മം പ്രധാന ഘടകമാണ്. എന്നാല്‍, കയര്‍വ്യവസായം അത്രയേറെ മുന്നേറിയിട്ടില്ല.

തുഅക്

കഠിന മദ്യങ്ങള്‍ക്ക് ഔദ്യോഗിക പ്രോത്സാഹനം ഇല്ലാത്ത ഇന്തോനേഷ്യയില്‍ തെങ്ങ്-പന പാനീയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതിനൊപ്പമാണ് ബിന്‍ടാങ്ക് ബീറുകള്‍. അവ ഏതു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും മാളുകളില്‍നിന്നും കിട്ടും. ബിന്‍ടാങ്ക് പേര് അന്വര്‍ഥമാക്കുംവിധം ലളിതമദ്യത്തിലെ നക്ഷത്രംതന്നെ.

ഗ്രാമത്തിന്റെ മുഖഛായയുള്ള പ്രദേശങ്ങളിലാണ് തുഅക് കുടി പ്രധാനമായും. അതൊരു ഉത്സവത്തിന്റെ പ്രതീതിയുളവാക്കുന്ന സാമൂഹ്യ കൂടിച്ചേരല്‍കൂടിയാണ്. വാറുങ് മേഖലയിലേക്ക് സമീപഗ്രാമങ്ങളും കൊച്ചുകൊച്ചുപട്ടണങ്ങളും ഒഴുകിയെത്തും. പാരമ്പര്യത്തിന്റെ ചില സങ്കല്‍പ്പങ്ങള്‍ കൂട്ടിക്കെട്ടിയതാണ് കൂട്ടക്കുടി. അരിയും മധുരിക്കും ഉരുളക്കിഴങ്ങും ചേര്‍ത്തുള്ള പാനീയം രണ്ടുതരത്തിലുണ്ട്. മധുരമുള്ളതും കുറച്ച് കടുപ്പമേറിയതും.

മരണവേള, ജനനം, സുന്നത്തുകര്‍മം, പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ നടത്തുന്ന ചടങ്ങുകള്‍, കൊയ്ത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടെല്ലാം തുഅക് ഉത്സവങ്ങളുണ്ടാകും. നമ്മുടെ നാട്ടില്‍ ബാലാമ പുല വേളകളില്‍ ആളുകള്‍ മാറിനില്‍ക്കുന്നതുപോലെ, ആര്‍ത്തവകാലത്ത് സ്ത്രീകളും മരണം നടന്ന വീടുകളിലെ പുരുഷന്മാരും തുഅക് നിര്‍മാണത്തില്‍ പങ്കെടുക്കാറില്ല.

തുഅക് ഷാപ്പുകളില്‍ വിവിധതരം ഭക്ഷണങ്ങളും കിട്ടും. അവയ്ക്ക് 'ഭക്ഷണപ്രിയരുടെ സ്വര്‍ഗം' എന്ന പേരു വീണത് അങ്ങനെ. ബാലി മേഖലയില്‍ അരികൊണ്ടുള്ള പലതരം വിഭവങ്ങള്‍ ഇലയിലാണ് വിളമ്പുക. ഭംഗിയുള്ള വ്യത്യസ്തങ്ങളായ കുപ്പികള്‍ കുടിക്ക് സൌന്ദര്യാത്മക പശ്ചാത്തലമൊരുക്കുന്നു. ഇവയ്ക്കു പുറമെ നീണ്ട മുളകൊണ്ടുള്ള പാനപാത്രങ്ങളും കാണാം.

*
അനില്‍കുമാര്‍ എ വി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ജക്കാര്‍ത്ത നഗരത്തിലെ തിരക്കേറിയ തെരുവ്. ഇളനീര്‍ കുടിക്കാന്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് മലയാളിസുഹൃത്തുക്കള്‍ കേരളത്തിലെ സ്വന്തം പറമ്പുകളില്‍ തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ലെന്ന പരിഭവം നിരത്തിയത്. തേങ്ങയിടല്‍യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചതടക്കമുള്ള കാര്യങ്ങള്‍ അവര്‍ സൂചിപ്പിക്കുകയുമുണ്ടായി. രഘുനാഥ് ആനന്ദ് മഷേല്‍ക്കര്‍ നേച്ചര്‍ ഇന്ത്യയില്‍ എഴുതിയ കുറിപ്പും അവരുടെ സ്മൃതിപഥത്തിലെത്തി. 16 കോടി തെങ്ങുകളുള്ള കേരളത്തില്‍ നാളികേരമിടാന്‍ എന്തെങ്കിലും മറ്റുമാര്‍ഗം തേടേണ്ടതല്ലേ എന്നായിരുന്നു അതില്‍. കേരളംപോലെ കേരംതിങ്ങുന്ന ഇന്തോനേഷ്യയിലെ തേങ്ങാവിശേഷങ്ങളിലേക്കായി എന്റെ അന്വേഷണം. ഇളനീരും തേങ്ങയും അവയുടെ ഉല്‍പ്പന്നങ്ങളും കൊപ്രയും ചകിരിയും ചിരട്ടയുമെല്ലാം സുഹൃത്തുക്കള്‍ എടുത്തിട്ടു. കള്ളുപോലുള്ള ലഹരിപാനീയത്തിന്റെ കൌതുകങ്ങളും നിറഞ്ഞു.

krishnakumar513 said...

ചിത്രങ്ങള്‍?

krishnakumar513 said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

നല്ല വിവരങ്ങള്‍ .
ഇവിടെ തന്നതിന് നന്ദി.

Mohamed Salahudheen said...

ശരിയാ, ചിത്രങ്ങളില്ലാത്തത് കുറവായി