Thursday, April 22, 2010

ഓഹരി വില്‍പ്പനയ്ക്ക് കരുത്തന്‍ താക്കീത്

ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിച്ച് സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കേണ്ടിവന്നത് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടിതശക്തിയുടെ വിജയമാണ്. ബിഎസ്എന്‍എല്‍ സംഘടനകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഒഴിവായി. ജീവനക്കാരുടെ വിആര്‍എസ്, ബിഎസ്എന്‍എല്‍ ഓഹരി വിറ്റഴിക്കല്‍, ബിഎസ്എന്‍എല്ലിന്റെ പശ്ചാത്തലസൌകര്യങ്ങള്‍ സ്വകാര്യ മേഖലയുമായി പങ്കിടല്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുമുണ്ട്. ബിഎസ്എന്‍എല്‍ മൊബൈല്‍ ശൃംഖല ശക്തിപ്പെടുത്താന്‍ രണ്ട് കോടി ലൈനുകള്‍ കൂടി അനുവദിക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഒരു കോടി ലൈനുകള്‍ ഉടന്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് ഐതിഹാസികമായ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ഒത്തുതീര്‍പ്പിന് കേന്ദ്ര യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന്റെയും പൊതുമേഖലയെ തകര്‍ക്കുന്നതിന്റെയും ലക്കുകെട്ട പാച്ചിലിലാണ്. ബാങ്കിങ് മേഖലയിലെ നരസിംഹം കമ്മിറ്റി, ഇന്‍ഷുറന്‍സ് രംഗത്തെ മല്‍ഹോത്ര കമ്മിറ്റി തുടങ്ങിയ നിരവധി ഉദാഹരണങ്ങള്‍. എയര്‍ ഇന്ത്യയെയും വാക്സിന്‍ നിര്‍മാണ മേഖലയിലെയും സര്‍ക്കാര്‍ ഇടപെടല്‍ പാര്‍ലമെന്ററി സമിതി അന്വേഷിച്ച് സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിനുണ്ടാക്കിയ കഷ്ടനഷ്ടങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. ഇന്ത്യന്‍ എയര്‍ലൈന്‍സ്- എയര്‍ ഇന്ത്യ ലയനത്തിനുശേഷം, ഗള്‍ഫ് റൂട്ടുകള്‍ സ്വകാര്യകമ്പനികള്‍ക്കായി ഒഴിഞ്ഞുകൊടുത്തതുമൂലം എയര്‍ ഇന്ത്യയുടെ സാമ്പത്തികഭദ്രത തകര്‍ന്നെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. കല്‍ക്കരിഖനിയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ കോള്‍ ഇന്ത്യയിലെ ഏഴര ലക്ഷം തൊഴിലാളികള്‍ സമരപാതയിലാണ്. കേന്ദ്ര ഗവമെന്റിന്റെ ഈദൃശനടപടികള്‍ പൊതുമേഖലയുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇതിന്റെയെല്ലാം ഭാഗംതന്നെയാണ് ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരണ നീക്കം.

ബിഎസ്എന്‍എല്ലിന്റെ ഭാവി തീരുമാനിക്കാന്‍ സാം പിത്രോദയെയും ദീപഖ് പരേഖിനെയുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയോഗിച്ചിരുന്നത്. പ്രത്യേകിച്ച് പഠനങ്ങള്‍ നടത്താതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബിഎസ്എന്‍എല്ലിന്റെ 30 ശതമാനം ഓഹരി വില്‍ക്കാനും നടത്തിപ്പിനായി തന്ത്രപ്രധാനമായ പങ്കാളിയെ കണ്ടെത്താനും കോപ്പര്‍ കേബിളുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനും വ്യാപകമായ ഔട്ട്സോഴ്സിങ്ങിനും ബിഎസ്എന്‍എല്‍ പൊതുസ്വത്ത് പ്രത്യേകം കമ്പനി ഉണ്ടാക്കി കൈമാറാനുമാണ് ശുപാര്‍ശ ചെയ്തത്. കമ്പനിയുടെ ചെയര്‍മാന്‍ സര്‍ക്കാരുദ്യോഗത്തിന് പുറത്തുള്ള വ്യക്തിയായിരിക്കണമെന്നും കമ്പോളത്തിലെ ഉയര്‍ന്ന വില നല്‍കി പ്രൊഫഷണലുകളെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 9.3 കോടി മൊബൈല്‍ ടെന്‍ഡര്‍ റദ്ദു ചെയ്യണമെന്നുമുണ്ട്. ഇന്ത്യയിലെ ഈ പടുകൂറ്റന്‍ സ്ഥാപനത്തെ സ്വകാര്യ കോര്‍പറേറ്റ് മേഖലയ്ക്കു സമര്‍പ്പിക്കാനുള്ള തിരക്കഥയാണ് ഈ റിപ്പോര്‍ട്ട്.

ടെന്‍ഡര്‍വില മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലാണെന്ന ആരോപണമുയര്‍ത്തിയാണ് നാലര കോടി മൊബൈല്‍ സ്വിച്ചുകള്‍ വാങ്ങാനുള്ള കരാര്‍ പൊളിച്ചത്. ടെന്‍ഡര്‍ വിലയിലും കുറച്ച് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് നടത്തിയ ശ്രമം ക്രമവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചാണ് 9.3 കോടി വാങ്ങാനുള്ള സമീപകാലത്തെ കരാര്‍ തകര്‍ത്തത്. രണ്ടും ഇടങ്കോലിട്ട് പൊളിച്ചത് കേന്ദ്രസര്‍ക്കാരാണ്. ഇന്ത്യയിലെ മിക്ക ടെലികോം കമ്പനികളും വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഹുവായ് കമ്പനിയുടെ ഉപകരണങ്ങള്‍ രാജ്യരക്ഷയ്ക്ക് ഭീഷണിയാണെന്ന വിചിത്രമായ കണ്ടെത്തലും ഇതിന് കാരണമാക്കി.

പൊതുമേഖലയോട് നഗ്നമായ വിവേചനം കാട്ടി സ്വകാര്യ കമ്പനികളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്ന നയമാണ് ടെലികോം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. എയര്‍ടെല്‍ (മിത്തല്‍), ഐഡിയ (ബിര്‍ള), റിലയന്‍സ് (അംബാനി), ടാറ്റാ ടെലി സര്‍വീസ് (ടാറ്റ), വൊഡാഫോ (ബ്രിട്ടീഷ് കമ്പനി) തുടങ്ങിയ ഇന്ത്യന്‍ - ബഹുരാഷ്ട്ര കുത്തകകളോട് മത്സരിച്ച് മൊബൈല്‍രംഗത്ത് ബിഎസ്എന്‍എല്‍ കുതിക്കുന്ന സന്ദര്‍ഭത്തിലാണ് മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള ആദ്യകരാര്‍ വെട്ടിച്ചുരുക്കിയത്. തുടര്‍ന്നിങ്ങോട്ട് തലപൊക്കാന്‍ ബിഎസ്എന്‍എല്‍ നടത്തിയ ഓരോ ശ്രമത്തെയും കേന്ദ്രം പരാജയപ്പെടുത്തി. കമ്പനിവല്‍ക്കരണ ഘട്ടത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയും, നാട്ടിലെ നിയമങ്ങള്‍ അനുസരിച്ച് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കുകയും, ഐടിഎസ് ഓഫീസര്‍മാരുടെ ലയനം ഉള്‍പ്പെടെ മാനേജ്മെന്റ് സംവിധാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ബിഎസ്എന്‍എല്ലിനെ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ കഴിയും. ഈ യാഥാര്‍ഥ്യം മൂടിവച്ചാണ് ഓഹരിവില്‍പ്പനയും പിരിച്ചുവിടലും സ്വകാര്യവല്‍ക്കരണവും പിത്രോദ കമ്മിറ്റി നിര്‍ദേശിച്ചത്.

ഈ സാഹചര്യത്തിലാണ് മൂന്നുലക്ഷം വരുന്ന ഓഫീസര്‍മാരും ജീവനക്കാരും ബിഎസ്എന്‍എല്‍ വില്‍പ്പനയ്ക്കെതിരെ പണിമുടക്കാരംഭിച്ചത്. സമരത്തിന്റെ അത്യുജ്വലമായ തുടക്കം കേന്ദ്ര ഗവമെന്റിനുള്ള താക്കീതായി മാറി. അതിന്റെ ഫലമായി താല്‍ക്കാലിക ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയ്യാറായെങ്കിലും വരും നാളുകളില്‍ ഓഹരി വില്‍പ്പനയ്ക്കുള്ള ഏതുമാര്‍ഗവും തേടും എന്നതില്‍ സംശയമില്ല. ജീവനക്കാരുടെ ഐക്യം കാത്തുസൂക്ഷിച്ചും വിശാലമായ സമരമുന്നണിയില്‍ അണിചേര്‍ന്നും പോരാട്ടം തുടരേണ്ടതുണ്ട്.

*
കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിച്ച് സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കേണ്ടിവന്നത് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടിതശക്തിയുടെ വിജയമാണ്. ബിഎസ്എന്‍എല്‍ സംഘടനകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഒഴിവായി. ജീവനക്കാരുടെ വിആര്‍എസ്, ബിഎസ്എന്‍എല്‍ ഓഹരി വിറ്റഴിക്കല്‍, ബിഎസ്എന്‍എല്ലിന്റെ പശ്ചാത്തലസൌകര്യങ്ങള്‍ സ്വകാര്യ മേഖലയുമായി പങ്കിടല്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുമുണ്ട്. ബിഎസ്എന്‍എല്‍ മൊബൈല്‍ ശൃംഖല ശക്തിപ്പെടുത്താന്‍ രണ്ട് കോടി ലൈനുകള്‍ കൂടി അനുവദിക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. ഒരു കോടി ലൈനുകള്‍ ഉടന്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പണിമുടക്ക് ഐതിഹാസികമായ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ഒത്തുതീര്‍പ്പിന് കേന്ദ്ര യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

Mohamed Salahudheen said...

തൊഴിലാളിഐക്യം സിന്ദാബാദ്