Tuesday, April 13, 2010

വിദേശ സര്‍വകലാശാലകള്‍ 'കടകള്‍' തുറക്കുമ്പോള്‍

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമീപകാലത്ത് ഓസ്ട്രേലിയയില്‍ അടിക്കടി വംശീയാതിക്രമങ്ങള്‍ക്ക് ഇരകളായപ്പോള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പരിഹാസപൂര്‍വം ഒരു ചോദ്യം ഉന്നയിച്ചിരുന്നു. എന്തിനാണ് ഇന്ത്യക്കാര്‍ ഫേഷ്യല്‍ കോഴ്സുകളും ബ്യൂട്ടിഷ്യന്‍ കോഴ്സുകളും പഠിക്കാന്‍ വന്‍തുക മുടക്കി ഓസ്ട്രേലിയയില്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇത്തരം കോഴ്സുകള്‍ ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ടോ സിഡ്നിയിലും കാന്‍ബറയിലും അവ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നതുകൊണ്ടോ അല്ല, പ്രത്യുത ഓസ്ട്രേലിയയില്‍ സ്ഥിരമായി പാര്‍പ്പുറപ്പിക്കുക എന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനാണ് അവര്‍ ഇത്തരം കോഴ്സുകള്‍ പഠിക്കാന്‍ പോകുന്നതെന്നാണ് ഉത്തരം.

ഒരു ലക്ഷത്തില്‍പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം പഠനാര്‍ഥം വിദേശ സര്‍വകലാശാലകളില്‍ പോകുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, കനഡ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ വിദ്യാര്‍ഥി പ്രവാഹം. അമേരിക്കന്‍ സര്‍വകലാശാലകളില്‍മാത്രം വര്‍ഷം തോറും 85,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രവേശനം നേടുന്നത്. അവരില്‍ മഹാഭൂരിപക്ഷത്തിന്റെയും ആത്യന്തിക ലക്ഷ്യം അമേരിക്കയില്‍ സ്ഥിരവാസമുറപ്പിക്കുക എന്നതാണ്. വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ 'കടകള്‍' തുറന്നാലും വികസിത മുതലാളിത്തരാജ്യങ്ങളില്‍ സ്ഥിരവാസലക്ഷ്യമുള്ള വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ വിദേശക്യാമ്പസുകള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യത തുച്ഛമാണ്. അതുകൊണ്ടുതന്നെ കപില്‍ സിബല്‍ അവകാശപ്പെടുന്നതുപോലെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്ക് പുറത്തേക്ക് ഒഴുകുന്ന 400 കോടി ഡോളര്‍ ഇന്ത്യയില്‍തന്നെ നിലനിര്‍ത്താമെന്നത് ഒരു 'സുന്ദരമായ നടക്കാത്ത സ്വപ്നം' മാത്രമാണ്.

കപില്‍ സിബലും കൂട്ടരും ഉയര്‍ത്തുന്ന മറ്റൊരു വാദമുഖം പരിശോധിക്കാം.

ഇന്ത്യയില്‍ മൊത്തം 480 സര്‍ക്കാര്‍ സര്‍വകലാശാലകളും 25000 കോളേജുകളുമാണ് ഉള്ളത്. 12 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ്, ഏതാണ്ട് 130 ലക്ഷം പേര്‍ക്ക്, ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നത്. ചൈനയില്‍ ഇത് 27 ശതമാനമാണ്. വിദേശ സര്‍വകലാശാലകള്‍ വരുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസപ്രാപ്യത കൈവരും എന്നാണ് വാദം. വിദേശ സര്‍വകലാശാലകള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഗള്‍ഫ് രാജ്യങ്ങളിലെയും മലേഷ്യയിലെയും വിയറ്റ്നാമിലെയും അനുഭവങ്ങള്‍ ഈ വാദമുഖത്തെ സാധൂകരിക്കുന്നതല്ല. കാരണം, അവിടങ്ങളിലെല്ലാം വിദേശസര്‍വകലാശാലകളുടെ വളരെ ചെറിയ ബ്രാഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സൂക്ഷ്മ ന്യൂനപക്ഷം തദ്ദേശീയര്‍ക്കുമാത്രമാണ് അവിടെ പ്രവേശനം ലഭിക്കുന്നത്.

ഇന്ത്യന്‍ മധ്യവര്‍ഗത്തെ ഏറെ പ്രലോഭിപ്പിക്കുന്ന വേറൊരു വാദമുഖം വിദേശസര്‍വകലാശാലകളുടെ ആഗമനം നാട്ടിലെ ഉന്നത വിദ്യാഭ്യാസ നിലവാരം ഉത്തരോത്തരം ഉയര്‍ത്തുമെന്നതാണ്. എന്നാല്‍, പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു തിക്തസത്യം, കച്ചവടലാക്കോടെ വരുന്ന വിദേശസര്‍വകലാശാലകളില്‍ ബഹുഭൂരിപക്ഷവും മൂന്നാംകിട - നാലാംകിട സ്ഥാപനങ്ങളാണെന്നതാണ്. ഇത്തരം സര്‍വകലാശാലകളെ ചിലര്‍ പരിഹാസദ്യോതകമായി വിളിക്കുന്നത് 'കിച്ചന്‍ യൂണിവേഴ്സിറ്റീസ്' എന്നത്രേ. ബിസിനസ് സ്റ്റഡീസ്, ഹോട്ടല്‍മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളുമായാണ് അവര്‍ വരിക. വാണിജ്യദൃഷ്ടിയോടെ മാത്രം വരുന്ന ഇത്തരം സര്‍വകലാശാലകള്‍ ഭാഷാപഠനത്തെയും സാമൂഹ്യശാസ്ത്ര വിഷയങ്ങളെയും അയിത്തം കല്‍പ്പിച്ച് ദൂരെ നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പുത്തന്‍ മുതലാളിത്തത്തിന്റെ രഥചക്രമുരുട്ടാന്‍ വേണ്ട കൂലിപ്പടയെ സൃഷ്ടിക്കുന്ന ന്യൂജനറേഷന്‍ കോഴ്സുകളുടെ പഞ്ചാരിമേളമായിരിക്കും ഇത്തരം വിദേശ ക്യാമ്പസുകളില്‍.

കപില്‍ സിബലും വിദേശസര്‍വകലാശാലകളുടെ മറ്റ് ഉദ്ഘോഷകരും മനസിലാക്കാത്ത മറ്റൊരു കാര്യം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശസര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നത് വെറും ബിരുദസമ്പാദനത്തിനു വേണ്ടി മാത്രമല്ല എന്നതാണ്. ബോസ്റ്റണിലെ ഹാവാഡില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥി ഹാവാഡിന്റെ അന്തരീക്ഷംകൂടി അനുഭവിക്കാനാണ് അങ്ങോട്ടുപോകുന്നത്. കേംബ്രിഡ്ജിന്റെയും ഓക്സ്ഫോഡിന്റെയും തനതായ അന്തരീക്ഷം മോഹിച്ചാണ് നാട്ടിലെ കുട്ടികള്‍ വിമാനം കയറുന്നത്. അത് പുണെയിലും ബംഗളൂരുവിലും ഹൈദരാബാദിലും കിട്ടുമെന്ന് അവര്‍ കരുതുന്നില്ല.

കാലം പോകുന്തോറും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്ന തുക കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഒട്ടും ശുഷ്കാന്തി കാണിക്കാത്ത വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ എല്ലാം ശുഭം എന്ന് സമാധാനിക്കുന്നത് ആഗോളീകരണത്തിന്റെ സോമരസം പാനംചെയ്യുന്നവരുടെ മതിഭ്രമം മാത്രമാണ്.

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കുന്നതോടെ ഉരുത്തിരിയുന്ന വിദ്യാഭ്യാസചിത്രം ഏകദേശം ഇപ്രകാരം ആയിരിക്കും. സമ്പദ്ശേഷിയുള്ള വരേണ്യ വിദ്യാര്‍ഥികള്‍ വിദേശത്ത് പഠിക്കുന്നത് തുടരും. വിദേശത്ത് പോകാനുള്ളത്ര സാമ്പത്തികശേഷിയില്ലാത്തവര്‍ നാട്ടിലെ വിദേശ ക്യാമ്പസുകളില്‍ മനസ്സില്ലാ മനസ്സോടെ പ്രവേശനം നേടും. അവശേഷിക്കുന്ന മഹാ ഭൂരിപക്ഷം ഇന്ത്യന്‍ സര്‍വകലാശാലകളിലും.

പണ്ടൊക്കെ ഇന്ത്യന്‍ മധ്യവര്‍ഗം സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലുമായിരുന്നു പഠിച്ചിരുന്നത്. അന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം താരതമ്യേന മെച്ചവുമായിരുന്നു. മധ്യവര്‍ഗം എന്നു മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കൈയൊഴിയുവാന്‍ തുടങ്ങിയോ അന്ന് മുതല്‍ അവ നിലവാരത്തകര്‍ച്ചയുടെ പാതയിലേക്ക് വ്യതിചലിച്ചു എന്ന യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂടാ. വിദേശ ക്യാമ്പസുകളുടെ വരവ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ഈ മധ്യവര്‍ഗശോഷണത്തെ ത്വരിതപ്പെടുത്തുകയായിരിക്കും ചെയ്യുക.

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കാലം പോകുന്തോറും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്ന തുക കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഒട്ടും ശുഷ്കാന്തി കാണിക്കാത്ത വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ എല്ലാം ശുഭം എന്ന് സമാധാനിക്കുന്നത് ആഗോളീകരണത്തിന്റെ സോമരസം പാനംചെയ്യുന്നവരുടെ മതിഭ്രമം മാത്രമാണ്.

*free* views said...

Did I hear it correctly before, where is Pinarayi Puthran studying? Or will government unleash state power against me for discrediting the "dear leader Pinarayi"? Ceaser's wife should be above suspicion [Don't blame media for this now]

Mohamed Salahudheen said...

വിദ്യാഭ്യാസക്കച്ചവടക്കാര് നാട്ടില്ത്തന്നെയുണ്ടല്ലോ.