Saturday, December 1, 2012

മതം സ്ത്രീകളോടു ചെയ്യുന്നത്

സ്ത്രീകള്‍ക്ക്, അവര്‍ യുവതികളായിരിക്കുന്ന പ്രായത്തില്‍ ശബരിമലയിലെ അയ്യപ്പക്ഷേത്രത്തില്‍ പ്രവേശനം ഇല്ല. മുസ്ലിം ദേവാലയങ്ങളിലും സ്തീകള്‍ക്കു പ്രാര്‍ഥന അനുവദിക്കാറില്ല. മാസക്കുളിയുടെ ദിവസങ്ങളിലും അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കാണ്. മിക്കവാറും സ്വന്തം വീട്ടിലെ വിളക്ക് കത്തിക്കാനും, കിണറ്റില്‍നിന്ന് വെള്ളം കോരാനും വരെ ഈ ദിവസങ്ങളില്‍ വിലക്കുന്ന വീടുകളുണ്ട്. ഫേണ്‍ ഹില്ലിലെ ഗുരുനിത്യചൈതന്യയതിയുടെ ആശ്രമത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ ദിവസവും പൂജകള്‍ ചെയ്യാനും വിളക്കു കൊളുത്താനും സ്വാതന്ത്ര്യമുണ്ടത്രേ. തീണ്ടാരി ദിവസങ്ങളില്‍ വീട്ടിലെ നിലവിളക്ക് കൊളുത്തിനോക്കിയിട്ടും പ്രാര്‍ഥിച്ചുനോക്കിയിട്ടും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നത് സത്യം. കൊല്ലൂര്‍ മൂകാംബികയില്‍ കേരളത്തിലെ ക്ഷേത്രങ്ങളിലെപ്പോലെ തീണ്ടാരി ദിവസങ്ങളില്‍ ഉള്ള വിലക്ക് നിര്‍ബന്ധമില്ല എന്ന് അനുഭവം. എന്നാല്‍ ദേവി തീണ്ടാരിയാവുന്നതിനെ തൃപ്പൂത്തായി;ആഘോഷിച്ച് ആറാട്ടുനടത്തുന്ന ചെങ്ങന്നൂരമ്പലം പ്രസിദ്ധമാണല്ലോ. അവിടെയും പൂജചെയ്യുന്നത് പുരുഷന്മാര്‍ തന്നെ.

മകളെ ഗര്‍ഭവതിയായിരിക്കെ ഒരു ദിവസം ഇത്തരം മാമൂലുകളില്‍ അറിവില്ലാതെ ഒരമ്പലത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയി. നിറവയറോടെ നിന്നു തൊഴുന്നത് കണ്ട് ഒരു മുത്തശ്ശി അടുത്തുവന്നു ഉപദേശിച്ചു, മക്കളേ, നീയിങ്ങനെ ഭഗവാന്റെ മുന്നീ ഭാരം താങ്ങിനിന്നാലേ, നിന്നോടുള്ള ബഹുമാനംകൊണ്ട് അദ്യത്തിന് എഴുന്നേറ്റു നിക്കണ്ടി വരും. ഭഗവാനെ പ്രയാസപ്പെടുത്തല്ലേ. അമ്മയായ നീയാണ് ഭഗവാനിലും ഉയരെ. എത്ര മനോഹര സങ്കല്‍പ്പം! അതോടെ മനസ്സിലായി, എന്തുകൊണ്ടാണ് സ്ത്രീകള്‍ മതങ്ങള്‍ സൃഷ്ടിക്കാത്തത് എന്ന്. ക്രിസ്തുവിനും ബുദ്ധനും മുഹമ്മദിനുമൊക്കെ ജന്മംകൊടുത്തതും അവരെ വളര്‍ത്തിവലുതാക്കിയതും സ്ത്രീകളാണല്ലോ. എന്തായാലും ഒരാളുടെ അമ്മയാണ് അയാളെക്കാളും ബഹുമാനം അര്‍ഹിക്കുന്നത്. അവരുടെ രക്തവും ശ്വാസവുംകൊണ്ടാണല്ലോ മകന്‍ വളര്‍ന്നു വലുതായത്. ഏതൊരാളുടേയും ആദ്യഗുരു അമ്മയാണല്ലോ. (നന്മനിറഞ്ഞ മറിയമേ സ്വസ്തി! സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു...) കേരളത്തിലെ ദേവസ്വം ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് സ്ഥാനം വേണോ, സംവരണം വേണോ എന്നൊക്കെ ചര്‍ച്ചചെയ്യാന്‍ വരട്ടെ. ലോകത്തുള്ള വേറേ ഏതേതു മതങ്ങളാണ്, സ്തീകള്‍ക്ക് ആരാധനാലയങ്ങളില്‍ പൂജയും മറ്റു അനുഷ്ഠാനങ്ങളും നിര്‍വഹിക്കാനുള്ള സ്ഥാനം നല്‍കിയിരിക്കുന്നത്? മതവും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ഏതിടത്തെങ്കിലും അവള്‍ ആദരിക്കപ്പെടുന്നുണ്ടോ? അമ്മദൈവങ്ങളും ആള്‍ദൈവങ്ങളുമാവാന്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വിധി! ജനസംഖ്യയില്‍ പാതിയും സ്ത്രീകളാണ്. എന്നാല്‍ പാര്‍ലമെന്റിലും മറ്റു നിയമനിര്‍മാണസഭകളിലും സ്ത്രീകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. (33% സംവരണം ഇന്നും സ്വപ്നമാണല്ലോ). അതുപോലെ ഭക്തരില്‍ നല്ല പങ്കും സ്ത്രീകളാണ്. നൂറുകൂട്ടം നോയമ്പുകളും ഉപവാസങ്ങളും കുടുംബത്തിന്റെ നന്മക്കായി സ്ത്രീകള്‍ ചെയ്യുന്നത്ര മറ്റുള്ളവര്‍ ചെയ്യുന്നതായി കാണാറില്ല. മുപ്പത്തിമുക്കോടിദേവകളിലും സ്ത്രീ പ്രാതിനിധ്യത്തിനു കുറവില്ല. ഹിന്ദുമതത്തില്‍ പൂജാരിണികളും പുരോഹിതകളും മറ്റു മതങ്ങളെ അപേക്ഷിച്ച് കൂടുതലായി ഉണ്ട്. (ഹിന്ദുമതം ഒരു ജീവിത രീതിയായതാവാം കാരണം. ഹിന്ദുമതത്തിനു ഒരു സ്ഥാപകന്‍ ഇല്ലല്ലോ.) കേരളത്തിലെ, പാരമ്പര്യമായി സ്ത്രീകള്‍ പ്രധാനസ്ഥാനം വഹിക്കുന്ന മണ്ണാര്‍ശാലപോലുള്ള ക്ഷേത്രങ്ങള്‍ ഉദാഹരണം. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അടിച്ചുതളിയും കഴകവും മറ്റു അനുബന്ധജോലികളുമായി സ്ത്രീകളുണ്ടെങ്കിലും ശ്രീകോവിലിനുള്ളില്‍ സ്ത്രീകളെ കയറ്റുന്നത് കുറവല്ലേ? പിന്നെ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തില്‍ സ്ഥാനം കൊടുക്കാത്തതിനെ കുറ്റം പറയാന്‍ പറ്റുമോ?

സ്ത്രീകള്‍ സൃഷ്ടിച്ചതായ ഒരു മതവും എന്റെ അറിവില്‍ ഇല്ല. മാത്രമല്ല, ലോകത്തിലെ പ്രധാനമതങ്ങള്‍ ഉറവെടുത്ത സ്ഥലങ്ങള്‍ നോക്കുക : ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവ അറേബ്യക്കു സമീപം, മധ്യഏഷ്യയിലാണ് പിറന്നത്. ഹിന്ദുമതവും ബുദ്ധമതവും ജൈനമതവും ഇന്ത്യയുടെ വടക്കുഭാഗത്തും.(കിഴക്കന്‍ ഏഷ്യയില്‍) ഇന്നും ലോകത്തേറ്റവും അധികം യാഥാസ്ഥിതികരായ ജനത അധിവസിക്കുന്ന പ്രദേശങ്ങളാണിവ. മതങ്ങള്‍ പ്രചരിപ്പിച്ച ആചാരങ്ങളും വിശ്വാസങ്ങളും ഈ പ്രദേശത്തെ സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളില്‍ മനുഷ്യസ്ത്രീക്കും ചിമ്പാന്‍സിക്കുമുള്‍പ്പെടെ ആള്‍ക്കുരങ്ങുകള്‍ക്കു മാത്രമേ മാസം തോറുമുള്ള രക്തസ്രാവമുള്ളൂ. സ്ത്രീശരീരത്തിന്റെ ഈ സങ്കീര്‍ണതയും ദുരൂഹതയും നിമിത്തമുള്ള വിശ്വാസങ്ങള്‍, മതങ്ങള്‍ സൃഷ്ടിക്കപ്പെട്ട മധ്യ പൂര്‍വേഷ്യയിലെ സംസ്കാരമാണ്. ശുചിത്വം ഇല്ലാത്ത ശരീരാവസ്ഥയായി ഇതിനെ മതങ്ങള്‍ കാണുകയും, സ്ത്രീകളെ ഈശ്വരനുമായി ബന്ധപ്പെടുന്ന അനുഷ്ഠാനങ്ങളില്‍നിന്നും അകറ്റിനിര്‍ത്തുകയും ചെയ്തു. ഈശ്വരവിശ്വാസത്തിന്റെ പവിത്രത സ്തീകളുടെ ശാരീരികാവസ്ഥകള്‍ തകര്‍ക്കുമെന്ന് മതങ്ങള്‍ കരുതുന്നു. ഏഴു ദിവസമോ, പന്ത്രണ്ടു ദിവസമോ പവിത്ര മായ ഇടങ്ങളില്‍നിന്ന് അവള്‍ വിട്ടുനില്‍ക്കണം. അവളെ സ്പര്‍ശിക്കുന്നവരും അപവിത്രരായിത്തീരും. (തീണ്ടാരിയായ സ്ത്രീ സ്പര്‍ശിച്ചാല്‍ പുല്ലുകള്‍ കരിഞ്ഞുപോവുകയും കായ്കനികള്‍ പാകമാകാതിരിക്കയും ചെയ്യും. )

മതങ്ങളെല്ലാം സ്ത്രീകളെ രണ്ടാംകിടക്കാരായി മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീകള്‍ സഭയില്‍ സംസാരിക്കരുത് എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. സംഘ പ്രവര്‍ത്തനങ്ങളായ ബുദ്ധമതവും ജൈനമതവും എന്തിന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും സ്ത്രീകളെ അകറ്റിനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നു. കാരണം, അത് പുരുഷന്മാരായ പ്രവര്‍ത്തകരുടെ എകാഗ്രതയും അച്ചടക്കവും നഷ്ടപ്പെടുത്തുമത്രേ! മതങ്ങളും ഖാപ് പഞ്ചായത്തുകളും എല്ലാം സ്ത്രീകളെ ഭയപ്പെടുന്നത് അതൊന്നുകൊണ്ടു മാത്രം. സാന്നിധ്യം ആക്രമണങ്ങള്‍ക്കും അസ്വസ്ഥതക്കും കാരണമാകും!

ഇന്ത്യയില്‍ കന്യാസ്ത്രീകളും പുണ്യവാളത്തികളും ഉണ്ടെങ്കിലും സ്ത്രീകള്‍ ബിഷപ്പുമാരോ കര്‍ദിനാള്‍മാരോ മഠാധിപതികളോ ആയിട്ടില്ല. (ചര്‍ച് ഓഫ് ഇംഗ്ലണ്ട് സ്ത്രീകള്‍ക്കായി ഇപ്പോള്‍ സഭ തുറന്നുകൊടുത്തിട്ടുണ്ട്. 1989 ല്‍ ആദ്യത്തെ വനിതാ ബിഷപ് ബാര്‍ബറാ ഹാരിസ് അഭിഷിക്തയായി). കത്തോലിക്കാസഭയും ഒര്‍ത്തഡോക്സ് സഭയും സ്ത്രീകള്‍ മതസ്ഥാനങ്ങള്‍ വഹിക്കുന്നത് അംഗീകരിച്ചിട്ടില്ല. ബുദ്ധമതത്തിലാവട്ടെ, ബുദ്ധസന്യാസിനിമാരുണ്ടെങ്കിലും പുരുഷന്മാരായ സന്യാസിമാര്‍ അനുഭവിക്കുന്ന ആത്മീയവും സാമ്പത്തികവുമായ സൗകര്യങ്ങള്‍ ഇവര്‍ക്കില്ല. ലോകത്തിലെ ഒരു മതത്തിലും ഇല്ല. അതാണ് ലോകനിയമം. സ്ത്രീകളെ ഇങ്ങനെ മെരുക്കി മാത്രമാണ് മതങ്ങളും ജാതികളും നിലനില്‍ക്കുന്നത്. ഉത്പാദനവും പ്രത്യുത്പാദനവും നിയന്ത്രിച്ചും കൈയടക്കിയും മാത്രമേ അധികാരത്തിനും നിലനില്‍ക്കാനാകൂ. മതസ്ഥാനമാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നവര്‍ ഇത് അറിയാത്തവര്‍ അല്ല.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക

1 comment:

sudhee..... said...

നാളെ മുതല്‍ സ്ത്രി പുരുഷന്‍റെ കഴുത്തില്‍
താലി ചാര്‍ത്തട്ടെ
സ്ത്രിക്കു പകരം പുരുഷന്‍മാര്‍ പെറട്ടെ