Saturday, May 23, 2009

അപരരുടെ നരകങ്ങള്‍

വാണിജ്യ സിനിമകളുടെ വിജയപരാജയങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ക്കപ്പുറത്തെപ്പോഴും, ജനപ്രിയതാനിര്‍മാണത്തിന്റെ രാസഘടകങ്ങളെന്തൊക്കെ എന്ന അന്വേഷണത്തിനു പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ-ചരിത്ര വിദ്യാര്‍ത്ഥികളെ ഉത്ക്കണ്ഠാകുലരാക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍(സംവിധാനം സിദ്ദീഖ്,ലാല്‍)എന്ന കോമഡി സിനിമയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയും പഴയതിലും വീറോടെ ഹരവും രസവും സൌഹൃദവും ചമ്മലുകളും പഞ്ചാരയടികളും പങ്കിടുന്നതുമായുള്ള ഭാവനയാണ് 2 ഹരിഹര്‍ നഗര്‍ (സംവിധാനം - ലാല്‍ തനിച്ച്) എന്ന പുതിയ സിനിമയുടെ അടിസ്ഥാന കഥാതന്തു. എന്നാല്‍, കഥക്ക് വിക്ഷോഭകരമായ ട്വിസ്റ്റ് കൊടുക്കുന്നത് മുറിച്ചാല്‍ മുറിയാത്ത സൌഹൃദം കൊണ്ട് ഒന്നായിത്തീര്‍ന്നിരുന്ന നാലു സുഹൃത്തുക്കളിലൊരാള്‍ വഞ്ചകനായിത്തീരുന്നു എന്ന ഗതിമാറ്റമാണ്. ആരാണ്, അല്ലെങ്കില്‍ ആരായിരിക്കണം ആ കൂട്ടത്തില്‍ പെടാത്ത ആള്‍ (ഓഡ് മാന്‍ ഔട്ട്)?. ഗോവിന്ദന്‍കുട്ടി, മഹാദേവന്‍, അപ്പുക്കുട്ടന്‍, തോമസ് കുട്ടി എന്നിവരില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറിച്ചെടുക്കാനാവുന്ന ആ അന്യത്വവും അപരത്വവും ആരെയാണ് ചൂഴ്ന്നു നില്‍ക്കുന്നത്?

പുരോഗമന-മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ്-ആധുനിക മുഖം മൂടിയുള്ള മലയാളിയുടെ പൊതുബോധത്തില്‍ ആഹ്ളാദം നുരഞ്ഞൊഴുകാനും ബോക്സ് ആപ്പീസ് കുമിഞ്ഞുകവിയാനും തക്കവണ്ണം നാലില്‍ ഏതാള്‍ക്കാണ് ആ ഒറ്റുകാരന്റെ റോള്‍ കൊടുക്കുക എന്ന ചോദ്യം തീര്‍ച്ചയായും തിരക്കഥാകൃത്ത്/സംവിധായകനെ അലട്ടിയിട്ടുണ്ടാവില്ല. കാരണം, ഇന്ത്യന്‍ രാഷ്ട്ര രൂപീകരണത്തെയും പൌരത്വ നിര്‍മിതിയെയും സംബന്ധിച്ച പൊതുബോധം അത് എളുപ്പത്തില്‍ നിര്‍ണയിക്കുന്നുണ്ട്. തീര്‍ച്ചയായും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ തന്നെയായിരിക്കണം ആ വഞ്ചകന്‍. ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും എന്ന പഴഞ്ചൊല്ല് മലബാര്‍ മാപ്പിളമാരായ മുസ്ളിങ്ങള്‍ക്കും മധ്യ തിരുവിതാംകൂര്‍ മാപ്പിളമാരായ കൃസ്ത്യാനികള്‍ക്കും യോജിക്കും എന്ന തിരിച്ചറിവാണ് ഇത്തരം ജനപ്രിയ കഥകളുടെ രൂപീകരണയുക്തിയെ സാധ്യമാക്കുന്നത്. മലപ്പുറം എന്ന ജില്ലക്കും സ്ഥലനാമത്തിനും ഈ അപരത്വം നമ്മുടെ സിനിമകള്‍ ആരോപിച്ചു നല്‍കിയതിനെ തുടര്‍ന്ന് പൊതുബോധത്തെ പിന്തുടരുന്ന രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്ക്കാരിക വിചക്ഷണന്മാരും അത് ആവര്‍ത്തിക്കുന്നതു കാണാം.

ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമല്ലോ(ആറാം തമ്പുരാന്‍-രഞ്ജിത്ത്/ഷാജി കൈലാസ്), മലപ്പുറത്തു നടന്ന ഒരു വര്‍ഗീയ ലഹളയിലാണ് നായികയായ അനുപമയുടെ(മീരാജാസ്മിന്‍) പോലീസ് കോന്‍സ്റ്റബിളായ അഛന്(മുരളി) ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നത്; കലാപകാരികള്‍ തുര്‍ക്കിത്തൊപ്പി അണിഞ്ഞവരാണ് എന്നു ദൃശ്യത്തിലൂടെ വ്യക്തമാക്കപ്പെടുന്നു (വിനോദയാത്ര-സത്യന്‍ അന്തിക്കാട്), കള്ളനോട്ടു കേസിന്റെ വിചാരണക്കിടെ കോടതിയെ വിശ്വസിപ്പിക്കുന്ന നുണ പറയുന്നതിന് മലപ്പുറത്തുള്ള സുഹൃത്താണ് കള്ളനോട്ട് തനിക്ക് കൊണ്ടുവന്നതെന്ന് പ്രതിസ്ഥാനം ഏല്‍ക്കുന്ന കഥാപാത്രം(ബാലചന്ദ്രന്‍ ചുള്ളിക്കാട്) മൊഴി കൊടുക്കുന്നു; ആ മൊഴി കൂടുതല്‍ അന്വേഷണമോ വിചാരണയോ കൂടാതെ സ്വീകരിക്കപ്പെടുന്നു(സമസ്തകേരളം പി ഒ-കെ ഗിരീഷ് കുമാര്‍/ബിപിന്‍ പ്രഭാകര്‍). മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതി അന്വേഷണവിധേയമാക്കണമെന്നും മലപ്പുറത്തെ കുട്ടികള്‍ സംസ്ക്കാര ശൂന്യരായതുകൊണ്ട് പാഠപുസ്തകം കത്തിക്കുമെന്നും 'ഉന്നത' രാഷ്ട്രീയ/സംസ്ക്കാര/വിദ്യാഭ്യാസ ചിന്തകര്‍ ആവര്‍ത്തിക്കുന്നതും ഇതേ ചിന്താഗതി പിന്തുടരുന്നതു മൂലമാണ്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എ കെ ആന്റണിയെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചൂലെടുത്ത് ഓടിച്ച മാറാട്ടെ ബി ജെ പി നേതാവ് ഉമാ ഉണ്ണി ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേദിയില്‍ വന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തവര്‍ മഅ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണ രീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം)മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു.

ഇപ്പോള്‍, ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ പാടെ ഈ മുന്നണിയുടെ ആശയം പ്രതിനിധാനം ചെയ്യുന്ന സിനിമ പുറത്തിറങ്ങിയിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത, നായികക്ക് ലോട്ടറിയടിക്കുന്നതിലൂടെ എല്ലാ പ്രശ്നവും പരിഹരിക്കുന്ന വെറുമൊരു നിസ്സാര സിനിമയല്ല. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും മുസ്ളിം വിരുദ്ധതയുടെയും ആവേശവും ആഹ്ളാദവും തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കല്‍ പൊതുബോധ സിനിമയാണ് ഭാഗ്യദേവത. വയല്‍ നികത്തലിനെതിരെ പരിസ്ഥിതിവാദികള്‍ മുതല്‍ നിയമ സംവിധാനങ്ങള്‍ വരെ നല്‍കിയിട്ടുള്ള എത്രയോ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ കേരളത്തിലവശേഷിച്ചിട്ടുള്ള വയലുകളെല്ലാം അതിവേഗത്തില്‍ നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുട്ടനാട്ടില്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് വെട്ടിനിരത്തല്‍ എന്ന് പിന്നീട് (കു/സു) പ്രസിദ്ധമായി തീര്‍ന്ന വയല്‍ നികത്തല്‍ തടയല്‍ സമരം കര്‍ഷകത്തൊഴിലാളി യൂണിയന്‍ നടത്തുകയുണ്ടായി. ഭാഗ്യദേവതയില്‍ പ്രത്യക്ഷപ്പെടുന്ന ഏതാനും കോമാളി വേഷങ്ങള്‍ ചുവന്ന കൊടിയും പിടിച്ച്, വയലില്‍ തെങ്ങുനടുന്നതും മണ്ണിറക്കുന്നതും സ്ഥലം വില്‍ക്കുന്നതും തടഞ്ഞുകൊണ്ടേ ഇരിക്കുന്നു. വയല്‍ നികത്തല്‍ വിരുദ്ധ സമരത്തെ പരിഹസിക്കുന്ന അതേ സംവിധായകന്‍ മുസ്ളിങ്ങളിപ്പോഴും രണ്ടും മൂന്നും നാലും കെട്ടി വിലസുന്ന കാമഭ്രാന്തന്മാരാണെന്നും അതേ ആവേശത്തോടെ വിളിച്ചു പറയുന്നു. തിയറ്ററുകളില്‍ കൈയടികളും വിസിലടികളും കൂടുതല്‍ ഉച്ചത്തില്‍ ഉയരുകയും ചെയ്യുന്നു. (ഇതേ വാദം അവതരിപ്പിച്ചു വിലസുന്ന പ്രഖ്യാപിത യുക്തിവാദിയും മതേതരവാദിയും ദേശീയവാദിയുമായ ആര്യാടന്‍ ഷൌക്കത്തിന് കൂടി ഈ കൈയടികള്‍ പാസു ചെയ്യണമെന്ന് ആസ്വാദക പൊതു സമൂഹത്തിനോട് അഭ്യര്‍ത്ഥിക്കുന്നു).

സൂപ്പര്‍ഹിറ്റ് സിനിമയായ മാടമ്പിക്കു ശേഷം ഉണ്ണികൃഷ്ണന്‍ ബി തയ്യാര്‍ ചെയ്ത ഐ ജി ആകട്ടെ, ഏറ്റവും ഫലപ്രദമായി മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ജനപ്രിയതയെ മുതലെടുക്കാനുള്ള ശ്രമത്തിലൂടെയാണ് കമ്പോള വിജയം നേടിയത്. സീരിയലുകളിലെ വള്ളുവനാടന്‍ ചുവയുള്ള സംസാരത്തെ രൂക്ഷമായി പരിഹസിക്കുന്ന ഐ ജി, മുസ്ളിങ്ങളെയെല്ലാവരെയും ഭീകരര്‍ എന്നു സംശയിക്കുന്നത് തെറ്റാണ് എന്ന വാദത്തെ അനുകൂലിക്കുന്നതായി നടിച്ചുകൊണ്ട് വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണെന്ന പ്രതീതി ജനിപ്പിക്കുന്നു: ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നാല്‍ ആന്റി മുസ്ളിം സ്ക്വാഡ് എന്നല്ല അര്‍ത്ഥം എന്നൊക്കെ സുരേഷ് ഗോപി വിളിച്ചുകൂവുന്നുമുണ്ട്. എന്നാല്‍ ഇതൊരു ഒളിമറ മാത്രമാണ്. ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രവേശിക്കുക. നായകനായ ദുര്‍ഗാപ്രസാദി(സുരേഷ് ഗോപി)ന്റെ ഇളയ സഹോദരന്‍ (ഗോവിന്ദ് പത്മസൂര്യ) ആണ് ഒറ്റുകാരനായി ഭീകരതക്ക് സഹായങ്ങളെത്തിച്ചുകൊടുക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന ട്വിസ്റ്റാണ് കഥയെ ഉദ്വേഗഭരിതമാക്കുന്നത്. അയാള്‍ മലബാര്‍ ലീഗു നേതാവ് ബീരാന്‍ കുട്ടി(സായികുമാര്‍)യുടെ മകളുമായി പ്രണയത്തിലാവുന്നത്, സ്വയം മതം മാറി കൊടുംഭീകരനാവാനാണെന്ന കഥാഭാഗമാണ് സൂക്ഷ്മമായി പരിശോധനാവിധേയമാക്കേണ്ടത്.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. അതുകൊണ്ടു തന്നെ, ഐ ജിയെന്ന സിനിമയില്‍, മതം മാറ്റത്തെ അതും ഹിന്ദുവില്‍ നിന്ന് ഇസ്ളാമിലേക്കുള്ളത്, ഭീകരതയുമായി ബന്ധമുള്ള കൊടും കുറ്റകൃത്യമായി വിശേഷിപ്പിക്കുന്നത് കഥയുടെ ഹരം കൂട്ടാനുള്ള കേവലമായ കച്ചവട തന്ത്രമായി മാത്രം എഴുതിത്തള്ളാനാവില്ല.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. ഐജിയിലെ നായകസഹോദരനായ കഥാപാത്രം, കൊടും ഭീകരനായി മാറുന്നതിന് ഇസ്ളാമിലേക്കുള്ള മതം മാറ്റം കൂടുതല്‍ സഹായകരമായിത്തീരുമെന്ന ധാരണയുടെ ഭാഗമായാണ് പ്രേമബന്ധത്തിലേക്കു പോലും എത്തുന്നത്. അതായത്, മതവിശ്വാസം പോലെ മനുഷ്യാവകാശത്തിന്റെ അഭേദ്യ ഭാഗമായി ആധുനിക/പരിഷ്കൃത സമൂഹവും നിയമവ്യവസ്ഥയും പരിഗണിക്കുന്ന മതം മാറ്റത്തിനുള്ള സ്വാതന്ത്ര്യത്തെ ഭീകരതയിലേക്കുള്ള പ്രവേശനകവാടമായി സ്ഥിരീകരിക്കാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത്/സംവിധായകന്‍ നടത്തുന്നത്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം സൂക്ഷ്മ കഥാഗതികള്‍ നിഷ്ക്കളങ്കമാണെന്നു കരുതുക വയ്യ.

അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി ചലച്ചിത്രകാരന്മാരും മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പൊതു ബോധത്തിന്റെ രസന, അപരരുടെ നരകലോകമായിത്തീരുന്ന പ്രക്രിയയാണിവിടെ പ്രാവര്‍ത്തികമാകുന്നത്. സാമാന്യ പ്രേക്ഷകര്‍ക്ക് സിനിമകളില്‍ നിന്നും ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നും- കവര്‍ സ്റ്റോറി, പൊളിറ്റിക്കല്‍ തിയറ്റര്‍ തുടങ്ങിയ വിക്ഷോഭകരമായ പേരുകളോടെ അവതരിപ്പിക്കുന്ന അനുബന്ധങ്ങളില്‍ നിന്നും- ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും, മത/ഭാഷാ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നരകതുല്യമായ വേദനകളുടെ മറുപുറം മാത്രമാണെന്ന തിരിച്ചറിവിലേക്ക് മലയാളികള്‍/കേരളീയര്‍ എത്തുന്നില്ല എന്നത്, നമ്മുടെ സമൂഹം സാംസ്ക്കാരിക വംശഹത്യകളുടെ വക്കിലാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.
*
ജി. പി. രാമചന്ദ്രന്‍ കടപ്പാട്: മാധ്യമം

Friday, May 22, 2009

'നവലോകക്രമ'ത്തിലെ വംശഹത്യകള്‍

ഒന്ന്

സിംഹങ്ങള്‍ക്കും പുലികള്‍ക്കുമിടയില്‍ ശ്രീലങ്കയിലെ തമിഴ്വംശജരുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ നരകപൂര്‍ണമായിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മനുഷ്യാവകാശ പ്രവര്‍ത്തകരും റിപ്പോര്‍ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയവര്‍ മരണവും പകര്‍ച്ചവ്യാധികളും ഏറ്റുവാങ്ങുകയാണ്. കുട്ടികള്‍ക്കൊപ്പം കൈയില്‍ കിട്ടിയതുമെടുത്ത് കൂട്ടത്തോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്കുനേരെ സൈന്യവും എല്‍ടിടിഇയും ഒരുപോലെ വെടിയുതിര്‍ക്കുന്നു. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. താല്‍ക്കാലിക കൂടാരങ്ങളില്‍ മുറിവേറ്റ കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ നിലവിളിക്കുന്ന അമ്മമാരുടെ ചിത്രങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായി പരിക്കേറ്റവരെ കൊളംബോവില്‍ എത്തിച്ചുവെന്നും ആവശ്യമായ ചികിത്സയും സഹായങ്ങളും ജനങ്ങള്‍ക്കെത്തിക്കുന്നുണ്ടെന്നും സൈനികകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധമേഖലയിലെ അവസ്ഥ അത്യന്തം ദാരുണവും ഹൃദയഭേദകവുമാണെന്ന് യു എന്‍ മനുഷ്യാവകാശസമിതിതന്നെ പറയുന്നു.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കുന്നത് വംശീയമായ ഒരു ഉന്മൂലന യുദ്ധമാണ്. ശ്രീലങ്കന്‍സേന വടക്കുകിഴക്കന്‍ മേഖലയില്‍ ക്ളസ്റ്റര്‍ ബോംബുകളും നാപാം ബോംബുകളുമാണ് വര്‍ഷിക്കുന്നത്. ആയിരങ്ങളാണിവിടെ നിഷ്ഠുരം കൊലചെയ്യപ്പെട്ടിരിക്കുന്നത്. സൈന്യവും പുലികളും ഒരുപോലെ ജനങ്ങളെ കവചങ്ങളാക്കി നടത്തുന്ന യുദ്ധത്തില്‍ നിരപരാധികളായ തമിഴ് ജനത ഉന്മൂലനം ചെയ്യപ്പെടുകയാണ്.

ശ്രീലങ്കയില്‍ തുടരുന്ന നരഹത്യകളും ആഭ്യന്തരയുദ്ധവും ഇന്ത്യന്‍ രാഷ്ട്രീയത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷമായ സാഹചര്യം മുന്‍നിര്‍ത്തി ഭരണവര്‍ഗപാര്‍ടികള്‍ വളരെ ശ്രദ്ധയോടെ ശ്രീലങ്കന്‍ തമിഴര്‍ക്കെതിരായ അതിക്രമങ്ങളെയും അതിനോടുള്ള പ്രതിഷേധങ്ങളെയും താന്താങ്ങളുടെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുഗുണമാക്കിത്തീര്‍ക്കാനുള്ള കൌശലപൂര്‍വമായ നീക്കങ്ങളുമാരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ ഭൂപരമായ അവിച്ഛിന്നതക്കകത്ത് നിന്നുകൊണ്ട് തമിഴ് ഈഴം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നാണ് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തമിഴര്‍ക്ക് ഒരു 'സ്വതന്ത്ര രാഷ്ട്രപദവി' നല്‍കി ശ്രീലങ്കന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മനു അഭിഷേക് സിങ്വി. ശ്രീലങ്കയില്‍ തമിഴ്വംശജര്‍ നേരിടുന്ന സൈനികാക്രമണങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാന്‍ രജപക്സെ സര്‍ക്കാരില്‍ ഒരു സമ്മര്‍ദവും ചെലുത്താന്‍ യുപിഎ സര്‍ക്കാരിനായില്ലെന്ന കുറ്റകരമായ വസ്തുത തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച അമര്‍ഷമാണ് വളര്‍ത്തിയത്. യുപിഎ സര്‍ക്കാരില്‍ പങ്കാളിയായ കരുണാനിധി ഇതിനെ മറികടക്കാനാണ് ചില സത്യഗ്രഹനാടകങ്ങള്‍ കളിച്ചുനോക്കിയത്.

നേരത്തെതന്നെ ചെക്കോസ്ളോവാക്യന്‍ മോഡലില്‍ ശ്രീലങ്കയെ വിഭജിക്കണമെന്ന് പ്രസ്താവനയിറക്കിയ നേതാവാണ് കരുണാനിധി. ഇന്നിപ്പോള്‍ ജയലളിതയുടെ പ്രസ്താവനയോട് പ്രതികരിച്ചതുപോലെ അതിരൂക്ഷമായിട്ടാണ് ശ്രീലങ്കന്‍ ഭരണാധികാരികള്‍ കരുണാനിധിയുടെ പ്രസ്താവനയോടും മുമ്പ് പ്രതികരിച്ചത്. ഇതെല്ലാം കാണിക്കുന്നത് ശ്രീലങ്കന്‍പ്രശ്നം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സ്ഫോടനാത്മകമായ ഒരു അവസ്ഥാവിശേഷമാണ് സൃഷ്ടിക്കുന്നത് എന്നാണ്.

തീര്‍ച്ചയായും ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതല്‍ തമിഴ് ജനത അനുഭവിച്ചുപോന്ന ഭാഷാപരവും വംശീയവുമായ വിവേചനങ്ങളും അടിച്ചമര്‍ത്തലുമാണ് എല്‍ടിടിഇപോലുള്ള ഒരു തീവ്രവാദ സംഘടനയുടെ പിറവിക്കും വളര്‍ച്ചക്കും മണ്ണൊരുക്കിയത്. 1947ന് ശേഷവും ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് ഇത്തരം വിവേചനങ്ങളും അസന്തുലിതത്വങ്ങളും അവസാനിപ്പിക്കാന്‍ കഴിയാതെപോയത് അവര്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നവകൊളോണിയല്‍ നയങ്ങളുടെ നടത്തിപ്പുകാരായതുകൊണ്ടാണ്. മതം, വംശം, ഭാഷ അടിസ്ഥാനത്തിലുള്ള എല്ലാവിധ ഭിന്നതകളെയും മൂര്‍ഛിപ്പിക്കുകയും ജനസമൂഹങ്ങള്‍ തമ്മിലുള്ള പ്രാദേശിക അസന്തുലിതത്വങ്ങള്‍ തീക്ഷ്ണമാകുന്ന വികസനനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുമാണ് സ്വാതന്ത്ര്യാനന്തര ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. ശ്രീലങ്കന്‍ സര്‍ക്കാരിനെപ്പോലെതന്നെ അമേരിക്കയുമായുള്ള രഹസ്യധാരണകളിലാണ് പുലികളും തങ്ങളുടെ പദ്ധതികള്‍ തയാറാക്കിയത്. യഥാര്‍ഥത്തില്‍ ഇരുതലയും കത്തിച്ച് നടുപിടിക്കുന്ന അമേരിക്കന്‍ താല്‍പ്പര്യങ്ങളാണ് ഇന്ന് ശ്രീലങ്കയില്‍ വംശീയതയുടെ സമരാഗ്നി പടര്‍ത്തിയിരിക്കുന്നത്.

സിംഹളവംശീയതയുടെ പിന്‍ബലമുള്ള ശ്രീലങ്കന്‍ സര്‍ക്കാരിനെ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണിയാവുന്ന തമിഴ് പുലികള്‍ക്കെതിരെ തിരിച്ചുവിടുകയും തങ്ങളുടെ വംശീയസ്വത്വത്തെതന്നെ നിഷേധിക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പോരാടാന്‍ പുലികളുടെ നേതൃത്വമംഗീകരിക്കുന്ന അവസ്ഥയിലേക്ക് തമിഴ്വംശജരെ തള്ളിവിടുകയും ചെയ്യുന്ന ഇരുതല നീക്കങ്ങളാണ് ശ്രീലങ്കയില്‍ അമേരിക്ക നടത്തിയത്. ട്രിങ്കോമലിയില്‍ തങ്ങള്‍ക്ക് സൈനികത്താവളം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും രണ്ട് പക്ഷത്തും കളിച്ചത്. ഇതിനായുള്ള രഹസ്യാന്വേഷണപരവും സൈനികവുമെല്ലാമായ സംവിധാനങ്ങള്‍ അമേരിക്കന്‍ ഭരണകൂടം രൂപപ്പെടുത്തിയിട്ടുണ്ട്. ഈ വിധത്തിലുള്ള രഹസ്യാന്വേഷണപരവും വിധ്വംസക മാനങ്ങളുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി വധിക്കപ്പെടുന്നത്. രാജീവ്വധത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ അത്തരം ബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുകയുണ്ടായി.

1987ലെ രാജീവ്-ജയവര്‍ധനെ കരാര്‍ ശ്രീലങ്കയില്‍ ഇന്ത്യയുടേതല്ലാത്ത മറ്റു വിദേശശക്തികളുടെ സൈനിക സാന്നിധ്യം പാടില്ലെന്ന് വ്യവസ്ഥചെയ്തിരുന്നു. വോയ്സ് ഓഫ് അമേരിക്കയുടെ വിവരശേഖരണാനുമതി റദ്ദ് ചെയ്യണമെന്ന് രാജീവ്-ജയവര്‍ധനെ കരാര്‍ അനുശാസിച്ചിരുന്നു. വോയ്സ് ഓഫ് അമേരിക്കപോലുള്ള വാര്‍ത്താ ഏജന്‍സികളെ ഉപകരണങ്ങളാക്കി സിഐഎ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ കുപ്രസിദ്ധങ്ങളാണല്ലോ. ശ്രീലങ്കയിലെ അമേരിക്കന്‍ കരുനീക്കങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ പ്രകോപിതമായ സിഐഎ തമിഴ് പുലികളെ ഉപയോഗപ്പെടുത്തി രാജീവ്ഗാന്ധിയെ വധിക്കുകയായിരുന്നു. ഇന്ത്യയെ രാഷ്ട്രീയമായി അസ്ഥിരമാക്കാനും നവലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള താല്‍പ്പര്യങ്ങളും ഏഷ്യന്‍ മേഖലയിലെ ശക്തമായ രാഷ്ട്രഘടനകളെ ശിഥിലമാക്കാനുള്ള പദ്ധതികളും സിഐഎ തൊണ്ണൂറുകളോടെ തീവ്രമാക്കിയിട്ടുണ്ട്.

മൂന്നാംലോകരാജ്യങ്ങളെയും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിത്തരാത്ത വികസിതരാജ്യങ്ങളെയും മതം, വംശീയത, ഭാഷ തുടങ്ങിയ സാംസ്കാരിക ഭിന്നതകളെ ഉപയോഗിച്ച് സംഘര്‍ഷപൂര്‍ണമാക്കുകയെന്നതാണ് സാമ്രാജ്യത്വത്തിന്റെ മുഖ്യഅജന്‍ഡ. ശക്തമായ രാഷ്ട്രങ്ങളെ ചെറുചെറു രാജ്യങ്ങളാക്കി ശിഥിലീകരിച്ചും പരസ്പരം യുദ്ധം ചെയ്യിച്ചുമാണ് അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ 'നവലോകക്രമം' യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്.

ഈയൊരു ലോക സാഹചര്യത്തെ പരിഗണിക്കാതെ ദേശീയ അടിച്ചമര്‍ത്തലിനും വംശീയ വിവേചനത്തിനും ഏകപരിഹാരം സ്വതന്ത്രരാഷ്ട്ര പ്രസ്ഥാനമാണെന്ന നിലപാടുകളെ മാര്‍ക്സിസ്റ്റുകള്‍ക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓരോ രാജ്യത്തിനകത്തെയും ഭിന്നവിഭാഗങ്ങളെയും വൈജാത്യങ്ങളെയും ശാസ്ത്രീയമായി സമീപിക്കുന്ന ഒരു ജനാധിപത്യ നിലപാടിനും വ്യവസ്ഥക്കും വേണ്ടിയാണ് പുരോഗമന ശക്തികള്‍ പോരാടേണ്ടത്. സാമ്രാജ്യത്വവിരുദ്ധമായ ദേശീയ നിലപാടുകളെ നിരാകരിക്കുന്ന നാനാവിധമായ നവലിബറല്‍ ചിന്താപദ്ധതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ അധിനിവേശത്തിന്റെ ശക്തികളെ പ്രതിരോധിക്കാനാവൂ.

ദേശീയതക്ക് പകരമായി വംശീയതയെയും വര്‍ഗപരമായ സ്വത്വത്തിന് പകരമായി മതസ്വത്വത്തെയും പ്രതിഷ്ഠിക്കുന്ന സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് ഇന്ന് ലോകത്തെ വംശഹത്യകളിലേക്കും അരുംകൊലകളിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'നവലോകക്രമ'ത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയെന്ന നിലയിലാണ് വംശീയതാവാദവും സംസ്കാര ദേശീയതാവാദവുമെല്ലാം ലോകത്ത് ഇന്ന് പുനരുജ്ജീവിക്കപ്പെടുന്നത്. അമേരിക്കയുടെ 'നവലോകക്രമ'ത്തിനുവേണ്ടിയുള്ള വംശക്കുരുതികളാണ് ബോസ്നിയ മുതല്‍ ശ്രീലങ്ക വരെയും ആഫ്രിക്ക മുതല്‍ അമേരിക്കന്‍ മഹാനഗരങ്ങള്‍ വരെയും ഇന്ന് രക്തക്കളമാക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ കുടിലതാല്പര്യങ്ങള്‍ അത്യന്തം സങ്കീര്‍ണമാക്കിയ ശ്രീലങ്കന്‍ പ്രശ്നത്തിന് ജയലളിതയും കരുണാനിധിയും നിര്‍ദേശിക്കുന്നത് പോലെ ലളിത പരിഹാരങ്ങളൊന്നുമില്ല. ഇന്ത്യയുടെ തെറ്റായ മുന്‍കാല നിലപാടുകളും ഇപ്പോള്‍ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായിക്കൊണ്ട് തമിഴ് വംശജര്‍ക്കെതിരെ നടത്തുന്ന കൂട്ടക്കുരുതികളില്‍ പുലര്‍ത്തുന്ന അലംഭാവവും ഒരു മനുഷ്യസ്നേഹിയായ ഇന്ത്യക്കാരനും അംഗീകരിക്കാനാവില്ല.

ശ്രീലങ്കയിലെ തമിഴ്വംശജര്‍ക്കെതിരെ നടക്കുന്ന സൈനികാക്രമണങ്ങളെയും വംശീയമായ അടിച്ചമര്‍ത്തലുകളെയും അന്താരാഷ്ട്ര സമ്മര്‍ദങ്ങളിലൂടെ അവസാനിപ്പിക്കാനാവശ്യമായ ഇടപെടലുകളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. അതിനായുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ അമേരിക്കന്‍ വിധേയത്വംമൂലം യുപിഎ സര്‍ക്കാര്‍ അപ്രാപ്തമായിരിക്കുന്നുവെന്നതാണ് സത്യം. ഏഷ്യന്‍ മേഖലയിലെ സൈനികവും തന്ത്രപരവുമായ അമേരിക്കന്‍ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരും അതില്‍ പങ്കാളിയായ കരുണാനിധിയും ഇപ്പോള്‍ സ്വന്തം രാഷ്ട്രീയഷണ്ഡത്വം മറച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴ്വിരുദ്ധ വംശീയ നിലപാടുകളെ ഭൂപരമായ വിഭജനം വഴിയേ പരിഹരിക്കാനാവൂവെന്ന നിലപാടുകള്‍ പുരോഗമനശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഭൂരിപക്ഷ വംശീയവാദത്തിലധിഷ്ഠിതമായ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും തമിഴ് ന്യൂനപക്ഷ വംശീയതയെ പ്രതിനിധീകരിക്കുന്ന എല്‍ടിടിഇയുടെയും വിഘടനവാദപരമായ നിലപാടുകളും ഒരുപോലെ പ്രശ്നപരിഹാരത്തെ അസാധ്യമാക്കുന്നതാണ്. ഈ രണ്ട് നിലപാടുകളും ആധുനിക രാഷ്ട്രീയാര്‍ഥത്തിലുള്ള ദേശീയതക്ക് പകരം വംശീയതയെ പ്രതിഷ്ഠിക്കുന്ന നിയോ ലിബറല്‍ നിലപാടുകളാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ അംഗമായ നോര്‍വെയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മാധ്യസ്ഥ്യവും സമാധാനചര്‍ച്ചകളുമെല്ലാം ഇരുപക്ഷങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നത് ശ്രീലങ്കന്‍ സര്‍ക്കാരിനെയും എല്‍ടിടിഇയെയും ഒരുപോലെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വമാണെന്നതിന്റെ വ്യക്തവും വിശദീകരണമാവശ്യമില്ലാത്തതുമായ തെളിവാണ്.

രണ്ട്

മനുഷ്യരാശിക്കെതിരായ സാര്‍വദേശീയപാതകങ്ങള്‍

ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ 2001-ല്‍ നടന്ന വംശീയതക്കെതിരായ അന്താരാഷ്ട ഉച്ചകോടി ലോകമാസകലം നരഹത്യകള്‍ സൃഷ്ടിച്ച് പടരുന്ന വംശീയയുദ്ധങ്ങളെ മനുഷ്യരാശിക്കെതിരായ മഹാപാതകമാണെന്നാണ് വിശേഷിപ്പിച്ചത്. വംശീയതയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളുടെയും മൂലസ്രോതസ്സ് സാമ്രാജ്യത്വ മൂലധന വ്യവസ്ഥയാണെന്ന യാഥാര്‍ഥ്യം ആര്‍ക്കും മൂടിവെക്കാനാവാത്തവിധം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ വംശീയയുദ്ധത്തിനും മനുഷ്യക്കുരുതിക്കും വിത്തിട്ടത് ഈ മേഖലയിലെ സാമ്രാജ്യത്വ താല്പര്യങ്ങളാണ്. ട്രിങ്കോമാലി തുറമുഖത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള വന്‍ശക്തികളുടെ കളികളാണ് സിംഹള തമിഴ് വംശീയവിഭജനത്തിനും അക്രമാസക്ത തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മണ്ണൊരുക്കിയത്.

വിവിധരാജ്യങ്ങളിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭിന്നരൂപങ്ങളില്‍ പ്രകടമാവുന്ന 'സ്വത്വരാഷ്ട്രീയ' പ്രസ്ഥാനങ്ങള്‍ക്ക് പൊതുവായൊരുചരിത്രമുണ്ട്. മതം, വംശം, ഗോത്രം, ജാതി തുടങ്ങിയ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാവിധ ഭീകരസംഘങ്ങളും മൂലധനത്തിന്റെ വ്യാപനതാല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. മുതലാളിത്തത്തിന്റെ രാഷ്ട്രീയവും സംസ്കാരവുമായി ബന്ധപ്പെട്ടാണ് സമകാലീനലോകത്തിലെ വംശീയപ്രസ്ഥാനങ്ങളെല്ലാം ജന്മമെടുത്തത്.

സ്വത്വരാഷ്ടീയപ്രയോഗത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ആക്രമണോത്സുകമായ മാതൃക ജര്‍മനിയിലെ നാസി രാഷ്ട്രീയമാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലും വംശവിരോധത്തിന്റെ വിഭ്രാന്തിയില്‍ അടിപ്പെട്ട നാസികള്‍ ജര്‍മനിയെയും ലോകത്തെയും ശവപ്പറമ്പാക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്.

ലോകം ഭരിക്കാന്‍ പ്രാപ്തിയും അര്‍ഹതയുമുള്ള ഏകവംശം ആര്യന്മാരുടേതാണെന്നും ആര്യവംശമേധാവിത്വം പുനഃസ്ഥാപിക്കലാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്നും ഹിറ്റ്ലരും നാസികളും പ്രചരിപ്പിച്ചു. ആര്യന്‍ വംശാഭിമാനത്തിന്റെ പ്രവാചകനെന്നറിയപ്പെടുന്ന ബ്ളെന്‍ചിലിയെപ്പോലുള്ളവര്‍ വംശീയ സ്വത്വത്തെ രാഷ്ടമായി സമര്‍ഥിച്ചു. സിവില്‍ സമൂഹ ഉള്ളടക്കത്തോടെയുള്ള ദേശീയ രാഷ്ട്രസങ്കല്‍പ്പങ്ങളെത്തന്നെ നിഷേധിക്കുന്ന ചിന്താപദ്ധതികളാണ് "ദി തിയറി ഓഫ് ദി സ്റ്റേറ്റ്“ പോലുള്ള നാസികളുടെ ദാര്‍ശനിക കൃതികള്‍ മുന്നോട്ടു വച്ചത്. ലോകത്തെ മറ്റെല്ലാ വംശങ്ങളെയും സമൂഹങ്ങളെയും അടക്കി ഭരിക്കാന്‍ കെല്‍പ്പും പദവിയും അധികാരവുമുള്ള ആര്യന്മാരുടെ 'സ്വത്വ'ത്തെ ഒരിക്കല്‍ക്കൂടി കണ്ടെത്താനാണ് വംശീയഫാസിസ്റ്റുകള്‍ ആഹ്വാനം ചെയ്തത്. ഇതര വംശങ്ങളെ തങ്ങള്‍ക്കവകാശപ്പെട്ട അധികാരത്തിന് കീഴ്പ്പെടുത്താന്‍ ബലപ്രയോഗവും വംശഹത്യയും വരെ ന്യായീകരിക്കത്തക്കതാണെന്ന ഫാസിസ്റ്റ് യുക്തിയിലാണ് ആര്യവംശമേധാവിത്വബോധം ജര്‍മനിയില്‍ വളര്‍ന്നത്. ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസവും ഇതേരീതി അവലംബിച്ചു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും വംശാഭിമാനത്തിലധിഷ്ഠിതമായ രാഷ്ടീയവും സംസ്കാരവും സ്റ്റാലിനും ദിമിത്രോവുമെല്ലാം വിശദമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. സാമ്രാജ്യത്വമായി വികസിച്ച മുതലാളിത്വത്തിന്റെ ജീര്‍ണരാഷ്ട്രീയം തന്നെയാണ് ജര്‍മന്‍ വംശീയമാനത്തിന്റെ രാഷ്ട്രീയവുമെന്ന് അവര്‍ തുറന്നുകാട്ടി. ഹിറ്റ്ലരും മുസ്സോളിനിയുമെല്ലാം അധമമെന്ന് വിശേഷിപ്പിച്ച വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുംമേലുള്ള വംശാധിപത്യ രാഷ്ട്രീയം ജര്‍മനിയിലെയും ഇറ്റലിയിലെയും കുത്തകകള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ക്കും യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ക്കുംമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള രാഷ്ട്രീയംതന്നെയായിരുന്നു. മൂലധനത്തിന്റെ മനുഷ്യത്വരഹിതമായ സര്‍വാധിപത്യ പ്രവണതകള്‍തന്നെയാണ് വംശീയസ്വത്വബോധത്തിന്റെ പേരില്‍ ലോകമെമ്പാടും അരങ്ങേറുന്ന കൂട്ടക്കൊലകളും വംശീയയുദ്ധങ്ങളും പ്രകടിപ്പിക്കുന്നത്.

മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥ നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മധ്യത്തിലാണ്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തിരോധാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ചിരകാല സ്വപ്നമായ 'നവലോകക്രമം' യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയിലാക്കിയിരിക്കയാണ്. അതിനായി അവര്‍ ആരംഭിച്ച ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങള്‍ വന്‍തോതിലുള്ള തിരിച്ചടികളാണ് നേരിടുന്നത്. പ്രതിസന്ധി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയോടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന നവലിബറല്‍നയങ്ങളുടെ ഭാഗമായിട്ടുതന്നെയാണ് സാമ്രാജ്യത്വം വംശീയഭീകരവാദപ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കുന്നത്. ജനകീയശക്തികളെ ഭിന്നിപ്പിക്കാനും ദേശീയരാഷ്ട്രഘടനകളെ ശിഥിലമാക്കാനുമുള്ള സാമ്പത്തിക, സാംസ്കാരിക പദ്ധതികള്‍ തന്നെ സാമ്രാജ്യത്വം രൂപപ്പെടുത്തിയിട്ടുണ്ട്. സി ഐ എ, പെന്റഗണ്‍, യു എസ് വിദേശ കാര്യവിഭാഗം എന്നിവ ചേര്‍ന്ന് രഹസ്യാന്വേഷണപരവും സൈനികവും നയതന്ത്രപരവുമായ സംവിധാനങ്ങള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൌണ്ടേഷനുകളും സന്നദ്ധസംഘടനാ ശൃംഖലകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

മതം, വംശീയത, ജാതീയത തുടങ്ങിയ എല്ലാതരം ശിഥിലീകരണ പ്രത്യയശാസ്ത്രങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളെ വിഭജിച്ച് നിര്‍ത്തുക എന്ന തന്ത്രമാണ് സാമ്രാജ്യത്വം ആവിഷ്കരിച്ചിട്ടുള്ളത്. ഭാഷാപരവും പ്രാദേശികവുമായ എല്ലാവിധ സങ്കുചിതത്വങ്ങളെയും വളര്‍ത്തിയെടുത്ത് ദേശീയഘടനകളെ തകര്‍ക്കുന്ന വിഘടനവാദപ്രസ്ഥാനങ്ങളെ വളര്‍ത്തുകയും രാഷ്ട്രം ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനികാര്‍ഥത്തിലുള്ള ബൃഹദ്ഘടനകളെയും തിരസ്കരിക്കുന്ന പ്രത്യയശാസ്ത്രപദ്ധതികളാണ് സാമ്രാജ്യത്വ മൂലധനശക്തികള്‍ ലോകമാസകലം പ്രയോഗിക്കുന്നത്.

ആഫ്രിക്കയില്‍ ഹുടു-ടുട്സി തര്‍ക്കങ്ങള്‍ പോലുള്ള ഗോത്രവൈരങ്ങളും അള്‍ജീരിയയിലും ഇന്തോനേഷ്യയിലും ഇസ്ളാം- അനിസ്ളാമിക ഭിന്നതകളും ഇന്ത്യയില്‍ ഹിന്ദു-അഹിന്ദു വ്യത്യാസങ്ങളും വളര്‍ത്തുന്നു. അറബ് നാടുകളില്‍ ഇസ്ളാമികതലത്തിലെ സുന്നി-ഷിയാ പോലുള്ള അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നു. പശ്ചിമേഷ്യയില്‍ പലസ്തീന്‍കാര്‍ക്കെതിരെ സിയോണിസത്തെ കയറൂരിവിടുന്നു. പൂര്‍വ യൂറോപ്പിലും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ളിക്കുകളിലും വംശീയസംസ്കാര വൈവിധ്യങ്ങളെ സംഘര്‍ഷഭരിതമാക്കുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളെ കല്ലോട് കല്ല് ചേരാതെ വംശീയഭീകരത അഴിച്ചുവിട്ടു തകര്‍ത്തുകളഞ്ഞിരിക്കുന്നു. എല്ലാവിധ ജനാധിപത്യപ്രസ്ഥാനങ്ങളെയും നിരാകരിക്കുന്ന മത- വംശീയ പ്രസ്ഥാനങ്ങള്‍ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പരിപാടിക്കുള്ള സ്വത്വരാഷ്ട്രീയ പ്രയോഗത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്. അല്ലാതെ ഉത്തരാധുനികര്‍ പ്രചരിപ്പിക്കുംപോലെ ജനങ്ങളുടെ സ്വത്വബോധത്തിന്റെ പ്രകാശനങ്ങളല്ല.

മുതലാളിത്ത ചൂഷണം സൃഷ്ടിക്കുന്ന അസമത്വങ്ങളെയും അസന്തുലിത്വങ്ങളെയും മനുഷ്യത്വവിരുദ്ധമായ സാമൂഹ്യവ്യവസ്ഥയെയും മത-വംശീയശക്തികള്‍ ഉയര്‍ത്തുന്ന മിഥ്യാപൂര്‍ണമായ പുനരുജ്ജീവനവാദം വഴി അതിജീവിക്കാമെന്ന വ്യാമോഹമാണ് സൃഷ്ടിക്കപ്പെടുന്നത്. തങ്ങളുടെ വംശീയ സ്വത്വവും ഭൂതകാലവും പുനരാനയിക്കുകവഴി വര്‍ത്തമാനകാല ദുരിതങ്ങളെ അതിജീവിക്കാമെന്നാണ് വംശീയവാദികള്‍ ഉദ്ബോധിപ്പിച്ചിരുന്നത്. അയഥാര്‍ഥമായ സങ്കല്‍പ്പങ്ങളിലൂടെ മുതലാളിത്തവ്യവസ്ഥയുടെ തിന്മകളില്‍ മനംമടുത്തവരെയും അതിന്റെ വികസനം സൃഷ്ടിച്ച അസന്തുലിത്വങ്ങളുടെ ഇരകളെയും വംശീയഭീകരപ്രസ്ഥാനങ്ങള്‍ തങ്ങളോടൊപ്പം നിര്‍ത്തുകയാണ്. ഈ 'സ്വത്വരാഷ്ട്രീയ' വാദികള്‍ തങ്ങള്‍ സൃഷ്ടിക്കുന്ന അയഥാര്‍ഥലോകത്തില്‍ അയഥാര്‍ഥ ശത്രുക്കളെയും അയഥാര്‍ഥ മിത്രങ്ങളെയും സൃഷ്ടിച്ചെടുക്കുന്നു. തങ്ങളുടെ മതവും വംശവും ജാതിയുമെല്ലാം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതും നിഗൂഢവുമാണെന്ന ആധിപത്യമാണ് ഇവര്‍ വളര്‍ത്തന്നത്. മറ്റുള്ളവരെല്ലം മേച്ഛരും അധമരുമാണെന്ന പ്രത്യയശാസ്ത്രബോധം വളര്‍ത്തുന്ന വംശീയത ഒരു കൊളോണിയല്‍ നിര്‍മിതിയാണെന്ന യാഥാര്‍ഥ്യം പുരോഗമനശക്തികള്‍ തുറന്നു കാട്ടേണ്ടതുണ്ട്.

വംശീയതക്കെതിരായ സാര്‍വദേശീയ സമ്മേളന വേദികള്‍ പലപ്പോഴും അമേരിക്കയും മറ്റിതര സാമ്രാജ്യരാജ്യങ്ങളും തങ്ങളുടെ താല്പര്യ രാജ്യങ്ങള്‍ക്കെതിരാവാതെയിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ദര്‍ബന്‍ സമ്മേളനത്തില്‍ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയതയെ വിമര്‍ശിക്കുന്നതും പലസ്തീന്‍ ജനത നേരിടുന്ന വിവേചനങ്ങള്‍ പരാമര്‍ശിക്കുന്നതുമായ പ്രഖ്യാപനത്തിന്റെ കരാറിനെ അമേരിക്കയും സഖ്യരാജ്യങ്ങളും എതിര്‍ത്തു. അവസാനം അമേരിക്കയുടെ അഭീഷ്ടമനുസരിച്ച് ഇന്ത്യ ഇടപെട്ടുകൊണ്ടാണ് ദര്‍ബന്‍ സമ്മേളന പ്രഖ്യാപനത്തില്‍ ഇസ്രയേലിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിച്ചത്. സാമ്രാജ്യത്വത്തിനും അവരുടെ ശിങ്കിടികളായ സിയോണിസ്റ്റുകള്‍ക്കും മേല്‍ക്കൈെയുളള ഒരു ലോകവേദിയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളും സജീവമായിരുന്ന 1978 ലെയും 1983 ലെയും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമ്മേളനങ്ങളില്‍നിന്നും ഇസ്രയേലിനെ സിയോണിസ്റ്റ് വംശീയരാഷ്ട്രമായി വിലയിരുത്തുന്നതില്‍ പ്രതിഷേധിച്ച് അമേരിക്ക വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്.

പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും വിശ്വസ്തസഖ്യകക്ഷിയും ഉപകരണവുമായ ഇസ്രയേല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരു പ്രഖ്യാപനത്തോടും അമേരിക്കക്ക് യോജിക്കാനാവില്ലല്ലോ. സയണിസത്തെ വംശീയതയായി നിര്‍വചിക്കുന്ന പരാമര്‍ശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നപക്ഷം അമേരിക്കക്ക് പുറമെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബഹിഷ്കരിക്കുമെന്ന് ദര്‍ബന്‍ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെപ്രഖ്യാപിക്കുകയുണ്ടായി. "യുദ്ധകുറ്റങ്ങള്‍ക്കും വംശീയ ശുദ്ധീകരണത്തിനും കൂട്ടക്കൊലകള്‍ക്കും ഉത്തരവാദിയായ വംശീയകുറ്റവാളി''യായി ഇസ്രയേലിനെ വിശേഷിപ്പിക്കണമെന്ന വാദത്തില്‍ പ്രതിഷേധിച്ചാണ് അമേരിക്കയും ഇസ്രയേലും സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സമ്മേളനത്തിന്റെ സെക്രട്ടറി ജനറല്‍ മി. മേരിറോബിന്‍ ഇസ്രയേലിനെതിരായ പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയായിരുന്നു.

ന്യൂനപക്ഷ സമുദായാംഗങ്ങളെ രണ്ടാംകിട പൌരന്മാരായി കാണുന്ന സാംസ്കാരിക ദേശീയത ഇന്ത്യയില്‍ വംശഹത്യകള്‍ സൃഷ്ടിക്കുന്നതാണ്. ഗുജറാത്തിലും ഒറീസയിലുമെല്ലാം നാം ദര്‍ശിച്ചത്. നവഉദാരവല്‍ക്കരണനയവും തീവ്രഹിന്ദുത്വവാദവും തമ്മിലുള്ള പാരസ്പര്യം ഇന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ വംശഹത്യയോളം വളര്‍ന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ അമേരിക്കന്‍ ഏജന്‍സികള്‍ ഡോളറുകള്‍ ഒഴുക്കിക്കൊണ്ട് കൂടിയാണ് വളര്‍ത്തിയെടുത്തത്. "ഇന്ത്യാ റിലീഫ് ആന്‍ഡ് ഡവലപ്മെന്റ്“ പോലുള്ള സംവിധാനങ്ങള്‍ വഴി മോഡിയുടെ നാട്ടിലേക്ക് ഒഴുകിയെത്തിയ വിദേശഫണ്ടുകളാണ് ആക്രമണോത്സുകമായ ഹിന്ദുത്വ വാദത്തെ പരിപോഷിപ്പിച്ചെടുത്തത്. വിദ്വേഷത്തിന്റെയും വംശീയ ഉച്ചാടനത്തിന്റെയും രാഷ്ട്രീയവും സംസ്കാരവും ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിരവധി അമേരിക്കന്‍ ഫണ്ടിങ് ഏജന്‍സികളും ബുദ്ധികേന്ദ്രങ്ങളും ബദ്ധശ്രദ്ധരാണ്. വംശമഹിമയുടെയും അന്യമത വിരോധത്തിന്റെയും പ്രത്യയശാസ്ത്രവല്‍ക്കരണമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വര്‍ത്തമാനലോകത്തെയാകമാനം കുരുതിക്കളമാക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമായ "ക്രൂരതീര്‍ഥാടന''ങ്ങളുടേതാണ്. തദ്ദേശീയരായ റെഡ്ഇന്ത്യന്‍ വംശജരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അമേരിക്ക വംശശുദ്ധീകരണത്തിന്റെ മഹാപാതകങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതുതന്നെ. വംശഹത്യയുടെ നിഷ്ഠുരതകളിലാണ് അമേരിക്കയെന്ന രാജ്യം തന്നെ സ്ഥാപിക്കപ്പെട്ടത്. ആംഗ്ളോ- സാക്സണ്‍ വംശമേധാവിത്വ മനോഭാവമാണ് എക്കാലത്തും അമേരിക്കയുടെ പൊതുബോധത്തെ നയിച്ചിട്ടുള്ളത്. കറുത്തവനായ ഒബാമ പ്രസിഡന്റായതുകൊണ്ട് മാത്രം അമേരിക്കയുടെ വംശീയമേധാവിത്വത്തിലധിഷ്ഠിതമായ കോര്‍പറേറ്റ് മോഹങ്ങള്‍ അവസാനിച്ചുവെന്ന് കരുതാന്‍ മാത്രം ലോകജനത മൂഢരല്ലല്ലോ. തുര്‍ക്കിയിലും കിഴക്കന്‍ തിമോറിലും ഗ്വാട്ടിമാലയിലും സിഐഎ നടത്തിയ വംശശുദ്ധീകരണങ്ങള്‍ തങ്ങളുടെ കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ബാള്‍കന്‍ രാജ്യങ്ങളെ സമ്പൂര്‍ണമായി തകര്‍ത്തതും വംശീയഭ്രാന്ത് കെട്ടഴിച്ചുവിട്ടുകൊണ്ടായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഭ്രാതൃഹത്യകള്‍ സൃഷ്ടിച്ചത് പ്രകൃതിവിഭവങ്ങളും സമ്പത്തും കൈയടക്കുകയെന്ന അധിനിവേശലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു.

സ്വന്തം രാജ്യത്തുപോലും കറുത്ത വംശജരെ വംശീയമായി വേട്ടയാടിയ ചരിത്രമാണ് അമേരിക്കയുടേത്. കറുത്തവംശജരായ യുവതലമുറയെ മയക്കുമരുന്നിന്നടിമയാക്കി ക്രിമിനലൈസ് ചെയ്യുകയാണ് സിഐഎ ചെയ്തത്. ബ്ളാക്ക്പാന്തര്‍ ഉള്‍പ്പെടെയുള്ള വര്‍ണവെറിക്കെതിരായ കറുത്തവരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് അമേരിക്കന്‍ ഭരണകൂടം എന്നും ചെയ്തത്.

ലോകത്തിലെ ഏക വന്‍ശക്തിയായി തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്ന അമേരിക്ക ഭൂമണ്ഡലത്തിലാകെ തങ്ങള്‍ക്കഭിമതരല്ലാത്ത ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്യുകയും തകര്‍ക്കുകയുമാണ്. നാനാവിധമായ വംശവെറിയന്‍ പ്രസ്ഥാനങ്ങളിലൂടെ ലോകത്തെ കുരുതിക്കളമാക്കുന്ന അമേരിക്ക മനുഷ്യരാശിക്കെതിരായ പാതകങ്ങളിലൂടെയാണ് 'നവലോകക്രമം' രൂപപ്പെടുത്തുന്നത്. അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള ആഗോളശ്രമങ്ങള്‍ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലകളുടെയും വംശീയയുദ്ധത്തിന്റെയും മാനം കൈവരിച്ചിരിക്കുന്നു.

വന്‍കിട കോര്‍പറേറ്റ് മൂലധന കുത്തകകള്‍ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ദേശീയ രൂപങ്ങളെ ഭേദിക്കാനും ആധിപത്യം സ്ഥാപിക്കാനും നടത്തുന്ന നീചമായ നീക്കങ്ങളാണ് എല്ലാവിധ അസ്ഥിരീകരണപരിപാടികളുടെയും ലക്ഷ്യം. ദേശീയതയെ സാമ്പത്തികജീവിതത്തില്‍ ിന്നടര്‍ത്തിമാറ്റി വര്‍ഗീയവും വംശീയവുമായ ഒരു പ്രതിലോമപരമായ സംവര്‍ഗമാക്കി ദൃഢീകരിക്കാനുള്ള ശ്രമങ്ങളാണ് യൂഗോസ്ളാവ്യയിലും പഴയ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കുകളിലുമെല്ലാം കണ്ടത്. ദേശീയതയെ വിഘടിപ്പിച്ച് മതാത്മകവും വംശീയവുമായ അടിസ്ഥാനങ്ങളില്‍ ജനങ്ങളെ വിഭ്രാന്തമായ കലാപങ്ങളിലേക്ക് നയിക്കുന്ന മുലധനശക്തികള്‍ കോര്‍പറേറ്റ് കുത്തകകളുടെ ജന്മദേശമായ സാമ്രാജ്യത്വ രാജ്യങ്ങളുടെ ദേശീയതയുടെ ആധിപത്യഭാവത്തെ പരമാവധി വിജൃംഭിതമാക്കുകയും ചെയ്യുന്നു.

ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും എല്ലാവിധ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന 'സ്വത്വരാഷ്ട്രീയവാദി'കളാണ് സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍. എല്ലാവിധദര്‍ശനങ്ങളെയും നിരാകരിക്കുന്ന 'സ്വത്വരാഷ്ട്രീയവാദി'കളാണ് സമകാലിക വംശീയവിഘടനപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍. എല്ലാവിധ സാംസ്കാരികസ്വത്വങ്ങളെയും സാമ്രാജ്യത്വ അധിനിവേശത്തിനനുഗുണമാകുന്ന ചിന്താപദ്ധതികളാണ് ഇക്കൂട്ടര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്കാരവൈവിധ്യങ്ങളെ ഉള്‍ക്കൊളുന്ന, ബഹുസ്വരതയെ അംഗീകരിക്കുന്ന ജനാധിപത്യ ദര്‍ശനങ്ങളുടെ നിഷേധത്തിലാണ് ഹണ്ടിങ്ടണ്‍ സിദ്ധാന്തങ്ങള്‍ മുളപൊട്ടുന്നത്. മൌലികമായ മതം, വംശം, ജാതി, ഗോത്രം, ദേശം തുടങ്ങിയ എല്ലാവിധ ഘടകങ്ങളുമായി ചേര്‍ന്ന് വിവിധ രൂപത്തിലുള്ള മൌലികവാദസിദ്ധാന്തങ്ങളെയാണ് സാമ്രാജ്യത്വത്തിന്റെ "സാംസ്കാരസംഘര്‍ഷ'' സൈദ്ധാന്തികര്‍ ശക്തിപ്പെടുത്തുന്നത്. നവോത്ഥാനത്തിനും ആധുനികതക്കുമെതിരായ വിമര്‍ശനമെന്ന നിലയില്‍ രൂപപ്പെട്ടുവരുന്ന ഉത്തരാധുനിക ചിന്താപദ്ധതികളെയാണ് എല്ലാവിധ വര്‍ഗീയ, വംശീയവാദികളും പിന്‍പറ്റുന്നത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ജീവിതങ്ങള്‍ തമ്മിലും ഇവയെല്ലാമായി ബന്ധപ്പെട്ട വിവിധ ജ്ഞാന രൂപങ്ങള്‍ തമ്മിലുമുള്ള ബന്ധത്തെ അത് നിഷേധിക്കുന്നു. മനുഷ്യചിന്തയെയും ജീവിതത്തെയും സംബന്ധിച്ച സമഗ്രദര്‍ശനങ്ങളെ അത് നിരസിക്കുന്നു. യഥാര്‍ഥത്തില്‍ ചരിത്രത്തെ തന്നെ നിഷേധിക്കുകയും ഉല്‍പ്പാദന-പ്രത്യുല്‍പ്പാദന ബന്ധങ്ങളില്‍നിന്നും പ്രക്രിയയില്‍നിന്നും വേറിട്ട വിമോചനത്തിന്റെ ബഹു സാധ്യതകളെന്ന നിലയില്‍ വിവിധ മൌലികവാദ രൂപങ്ങളെ വളര്‍ത്തുകയാണ് ഉത്തരാധുനികരും നവലിബറല്‍ മൂലധനശക്തികളും

സമൂഹത്തെയും രാഷ്ട്രസ്വത്വത്തെയും ശിഥിലീകരിക്കുകയെന്നതാണ് സാമ്രാജ്യബുദ്ധികേന്ദ്രങ്ങളുടെ ഈ ഉത്തരാധുനിക നയത്തിന്റെയും ലക്ഷ്യം. തീവ്രമാകുന്ന സാമ്രാജ്യത്വ ചൂഷണത്തെയാണ് ആഗോളവല്‍ക്കരണനയങ്ങള്‍ പ്രതിനിധീകരിക്കുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരികമണ്ഡലങ്ങളില്‍ നവഉദാരവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നും ഉയിര്‍ക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള മറുവിദ്യകള്‍ എന്ന നിലയിലുമാണ് മതവര്‍ഗീയതയെയും വംശീയവിഘടനവാദപ്രസ്ഥാനങ്ങളെയും സാമ്രാജ്യത്വം ആയുധവും അര്‍ഥവും നല്‍കി ശക്തിപ്പെടുത്തുന്നത്. സോഷ്യലിസത്തെയും ജനാധിപത്യ ദേശീയതയെയും ആക്രമിച്ച് നശിപ്പിക്കുകയും അധിനിവേശത്തിന്റെയും ദേശീയ അടിമത്വത്തിന്റെയും ചിന്താധാരകളെ നിരന്തരം പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്തുകൊണ്ടാണ് എല്ലാവിധ സാമ്രാജ്യത്വ പ്രോക്ത മത, വംശ, ജാതി പ്രസ്ഥാനങ്ങളും നാനാവിധത്തിലുള്ള മൌലികവാദ സംഘടനകളും പ്രവര്‍ത്തിക്കുന്നത്. മനുഷ്യക്കുരുതികള്‍ സൃഷ്ടിക്കുന്ന വംശീയ യുദ്ധങ്ങള്‍ സാമ്രാജ്യത്വമൂലധന വ്യവസ്ഥയുടെ അതിജീവനത്തിനുള്ള സാര്‍വദേശീയ പരിപാടിയായി ഇന്ന് മൂലധനശക്തികള്‍ വികസിപ്പിച്ചിരിക്കുകയാണ്.

മൂന്ന്

തടയാനാവുമായിരുന്ന വംശഹത്യകള്‍

2000-ല്‍ ആഫ്രിക്കന്‍ ഐക്യസംഘടന റുവാണ്ടയിലെ വംശഹത്യയെക്കുറിച്ച് പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ടിന്റെ തലക്കെട്ട് "തടയാനാവുമായിരുന്ന വംശഹത്യ'' എന്നായിരുന്നു. എട്ടു ലക്ഷത്തിലേറെ പേരെ മരണത്തിന് എറിഞ്ഞുകൊടുത്ത റുവാണ്ടയിലെ ഗോത്രകുടുംബങ്ങളുടെ ദുരന്തപൂര്‍ണമായ ചിത്രമാണ് റിപ്പോര്‍ട് അനാവരണം ചെയ്തത്. ആഫ്രിക്കന്‍ ഐക്യസംഘടനക്കുവേണ്ടി ഈ പഠനം തയാറാക്കിയത് ബോട്സ്വാനയിലെ മുന്‍പ്രസിഡന്റ് ടുറെ, സ്വീഡിഷ് ശിശുരോഗവിദഗ്ധ ലിസ്ബറ്റ് പാമെ, മുന്‍ ലൈബീരിയന്‍ മന്ത്രി എല്ലന്‍ ജോണ്‍സണ്‍, ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി, മുന്‍ അള്‍ജീരിയന്‍ സെനറ്റര്‍ ഹോസൈന്‍ ദ് ജൂഡി, കാനഡയുടെ അംബാസിഡറായിരുന്ന സ്റ്റീഫന്‍ ലെവീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്.

അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതിയും അമേരിക്കയും ബെല്‍ജിയവും ഫ്രാന്‍സുമാണ് ഈ കൂട്ടക്കൊലകളുടെ മുഖ്യ ഉത്തരവാദിയെന്നാണ് റിപ്പോര്‍ട് നിരീക്ഷിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെ ആഗോളസമ്മതി നേടിയ പ്രമുഖരും നിയമവിദഗ്ധരും വ്യക്തമായ തെളിവുകളോടെയും വസ്തുതകളുടെയും പിന്‍ബലത്തോടെയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. യു എന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ ഉദാസീനതയും അമേരിക്കന്‍ താല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള വൃത്തികെട്ട കളികളുമാണ് ലോകമെമ്പാടും യുദ്ധങ്ങളും വംശഹത്യകളും വര്‍ധിക്കാന്‍ കാരണം. ശ്രീലങ്കയിലെ തമിഴ്വംശജരുടെ സംരക്ഷണത്തിന് ഫലപ്രദമായി ഇടപെടാനോ ആവശ്യമായ നടപടി കൈക്കൊള്ളാനോ യു എന്‍ മടിച്ചുനില്‍ക്കുകയായിരുന്നല്ലോ. ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലകളെ കൈയുംകെട്ടി നോക്കി നില്‍ക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്തത്. ആഫ്രിക്കയിലെമ്പാടും ഗോത്രഭിന്നതകളെ രക്തപങ്കിലമായ വംശീയകലാപങ്ങളിലേക്ക് വളര്‍ത്തിയെടുക്കുന്നത് സാമ്രാജ്യത്വ താല്പര്യങ്ങളാണ്.

റുവാണ്ടയില്‍ ഗോത്രഭിന്നതകള്‍ക്ക് വിത്തു പാകുന്നത് ആ പ്രദേശത്തെ കോളനിയാക്കിയ ബെല്‍ജിയവും ഫ്രാന്‍സുമാണ്. ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയ ആഫ്രിക്കന്‍-കത്തോലിക്ക വിഭാഗങ്ങള്‍ ഗോത്ര വൈരത്തെ തീക്ഷ്ണമാക്കി. ലോകമെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മനുഷ്യജീവന്‍ വിലപ്പെട്ടതാണെന്ന വിശ്വാസമനുസരിച്ച് ജീവന്‍ സംരക്ഷിക്കാന്‍ ഏറ്റവും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മിഷണറിമാര്‍. ഗോത്രാവസ്ഥയുടെ അന്ധകാരത്തില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യത്തിലെ ദരിദ്രലക്ഷങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നതില്‍ ഇവര്‍ക്ക് ഒരു ഉല്‍കണ്ഠയുമില്ല. റുവാണ്ട സ്വതന്ത്രമായപ്പോള്‍ ന്യൂനപക്ഷ ടുട്സി വംശജരാണ് സര്‍ക്കാരില്‍ മേധാവിത്തം പുലര്‍ത്തിയത്. ഈയൊരു സാഹചര്യം മുതലെടുത്ത് സാമ്രാജ്യത്വശക്തികള്‍ ഹുടുഗോത്ര മൌലികവാദത്തെ പ്രോത്സാഹിപ്പിച്ചു. ആയുധവും പണവും നല്‍കി ഹുടു ഗോത്രവാദത്തെ സൈനികവല്‍ക്കരിച്ചു. ഒരു സൈനിക അട്ടിമറിയിലൂടെ ഹുടുഗോത്രനേതാവായ ജുവനല്‍ ഹബ്യാരിമാനഅധികാരത്തില്‍ വന്നു. ടുട്സികളെ അടിച്ചമര്‍ത്താനാവശ്യമായ സൈനികശക്തിയെ രാജ്യമെമ്പാടും ഹബ്യാരിമാന വിന്യസിച്ചു.

പ്രസിഡന്റ് ഹബ്യാരിമാന ഒരു വിമാന അപകടത്തില്‍ കൊല്ലപ്പെട്ടതോടെ പ്രകോപിതരായ ഹുടുവംശജര്‍ ടുടുസി തീവ്രവാദികളാണ് തങ്ങളുടെ നേതാവിനെ വധിച്ചതെന്ന ധാരണയില്‍ ഈ ഗോത്രവിഭാഗത്തിനെതിരെ അഴിഞ്ഞാടി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടു. അന്തമില്ലാതെ തുടര്‍ന്ന ഈ വംശഹത്യകളില്‍ ഹുടു-ടുട്സി വിഭാഗങ്ങള്‍ ആകാവുന്ന വിധം കണക്ക് തീര്‍ത്തു. സമീപരാജ്യങ്ങളില്‍ നിന്നടക്കം ആയുധങ്ങള്‍ സംഭരിച്ച് ടുട്സികള്‍ ഒരു സായുധസേനയുണ്ടാക്കി റുവാണ്ടയുടെ നേതൃത്വം പിടിച്ചെടുത്തു. നേതൃത്വമില്ലാതായ ഹുട് സൈന്യത്തെ തുരത്തി. ഇതിനിടയില്‍ എട്ടുലക്ഷം പേരാണ്, പ്രധാനമായും ടുട്സി വംശജര്‍ കൊല്ലപ്പെട്ടത്.

റുവാണ്ടയും ബറുണ്ടിയുമെല്ലാം ബെല്‍ജിയത്തിന്റെ കോളനികളായിരുന്നല്ലോ. മറ്റേതു സാമ്രാജ്യത്വരാജ്യങ്ങളെയുംപോലെ അവരും തങ്ങളുടെ കോളനിവാഴ്ച നിലനിര്‍ത്താന്‍ 'ഭിന്നിപ്പിക്കുക, ഭരിക്കുക' എന്ന നയം തന്നെയാണ് സ്വീകരിച്ചത്. അങ്ങനെ ന്യൂനപക്ഷമായ ടുട്സി വംശക്കാരെ ഭൂരിപക്ഷ ഹുടു വംശക്കാര്‍ക്കെതിരെ അണിനിരത്തിയും ടുട്സിവംശക്കാരെ തങ്ങളുടെ ഏജന്റുമാരായി മാറ്റിയുമാണ് അവര്‍ ഭരണം നടത്തിയത്. ഇങ്ങനെ ഹുടു-ടുട്സി വിഭാഗങ്ങള്‍ക്കിടയില്‍ അതിശക്തമായ ഭിന്നതകളും വൈരവും അവര്‍ പരിപോഷിപ്പിച്ചു. കോളനിഭരണം മാറി സ്വദേശീകരണം വന്നതോടെ ഈ പ്രദേശങ്ങളിലെ നവകൊളോണിയല്‍ അധീശത്വത്തിന്റെ ഉപകരണമായി വംശീയവാദം പരിണമിക്കുകയായിരുന്നു. മറ്റെല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്നപോലെ റുവാണ്ടയിലും ബറുണ്ടിയിലും ഗോത്രഭിന്നതകളെ എണ്ണയൊഴിച്ച് ആളിക്കത്തിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ പദ്ധതിയിട്ടത്. ഇങ്ങനെ അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ച ഹുടു-ടുട്സി ഗോത്രഭിന്നതകളുടെ ഒരു ഘട്ടത്തിലാണ് റുവാണ്ടയുടെ പ്രസിഡന്റ് ഹബ്യാരിമാന കൊല്ലപ്പെടുന്നത്. പ്രസിഡന്റ് സഞ്ചരിച്ച വിമാനം ടുട്സി തീവ്രവാദികള്‍ റോക്കറ്റ് ഉപയോഗിച്ച് വീഴ്ത്തിയതോടെയാണ് ഗോത്ര കലാപം ആളിപ്പടര്‍ന്നത്. ഹുടുസൈന്യം ടുട്സി വംശജരെ അവരുടെ ആവാസസ്ഥലങ്ങളില്‍ച്ചെന്ന് കൂട്ടത്തോടെ കൊല്ലുകയായിരുന്നു. ഇത്തരം ഭീകരമായ കൂട്ടക്കൊലകള്‍ നടന്നിട്ടും യു എന്‍ നിശ്ശബ്ദത പാലിച്ചു.

ഇറാഖ് കുവൈത്ത് പിടിച്ചടക്കിയപ്പോള്‍ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ പുറത്തെറിഞ്ഞു കൂട്ടക്കൊലചെയ്തുവെന്നും സ്ത്രീകളെ അപമാനിച്ചുവെന്നും കള്ളക്കഥ പ്രചരിപ്പിച്ച് ഇറാഖിനെതിരെ അന്താരാഷ്ട്രസമൂഹത്തിന്റെ രോഷം അഴിച്ചുവിടാന്‍ ശ്രമിച്ച അന്താരാഷ്ട്രമാധ്യമങ്ങള്‍ റുവാണ്ടയിലെ ഹൃദയഭേദകമായ മനുഷ്യക്കുരുതികളില്‍ മൌനം പാലിച്ചു. സോമാലിയയിലേക്ക് മനുഷ്യത്വം നിലനിര്‍ത്താനെന്ന വ്യാജേന സൈന്യത്തെ അയച്ചവര്‍ റുവാണ്ടയിലെ കുട്ടക്കൊലകളില്‍ കുറ്റകരമായ മൌനം പാലിച്ചു. അക്കാലത്തെ യു എന്‍ സെക്രട്ടറി ജനറലായ ബുത്രോസ് ഘാലി റുവാണ്ടയില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പിന്നീട് വിലപിക്കുകയുണ്ടായി. ഇതെല്ലാം സാമ്രാജ്യത്വതാല്പര്യങ്ങളെ ലജ്ജാരഹിതമായി സേവിക്കുന്നവരുടെ മൂന്നാംകിട അടവുകള്‍ മാത്രം. ഇവിടെ വ്യക്തമാകുന്ന കാര്യം അന്താരാഷ്ട്ര ചുമതല നിര്‍വഹിക്കുന്നതിലെ വിജയപരാജയങ്ങളല്ല, സ്പഷ്ടമായ സാമ്രാജ്യത്വ താല്പര്യങ്ങളാണ് യു എന്നിനെയും വന്‍ശക്തികളെയും നയിക്കുന്നതെന്ന വസ്തുതയാണ്. ആഫ്രിക്കയിലെ കൂട്ടക്കൊലകളെക്കുറിച്ച് യു എന്‍ മേധാവി ബുത്രോസ്ഘാലി പിന്നീട് നടത്തിയ വിലാപങ്ങള്‍ ഒരു മാപ്പുസാക്ഷിയുടെ പ്രയോജനരഹിതമായ ഏറ്റുപറച്ചിലുകള്‍ മാത്രമാണ്.

കംബോഡിയയില്‍ നടന്ന വംശഹത്യകളെക്കുറിച്ച് ദശകങ്ങളായി പ്രചാരണം നടത്തുന്നവര്‍, റുമാനിയയിലെ ചെഷസ്ക്യൂവിന്റെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് ഇപ്പോഴും വിലപിക്കുന്നവര്‍, ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയറിലേക്ക് ഉരുണ്ടുകയറിയ ടാങ്കുകളെക്കുറിച്ച് പെരുമ്പറഘോഷം നടത്തുന്നവര്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശയുദ്ധത്തിലും വംശീയകലാപങ്ങളിലും കശാപ്പ് ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് മിണ്ടുന്നില്ല. വംശഹത്യകളും സാമ്രാജ്യത്വ യുദ്ധങ്ങളിലെ കൂട്ടമരണങ്ങളും സ്ഥിതിവിവരക്കണക്കുകളിലൊതുക്കി ലഘൂകരിക്കുന്ന അന്താരാഷ്ട്ര മാധ്യമ വ്യവസ്ഥ സ്റ്റാലിനെയും ചെഷസ്ക്യുവിനെയും ഭീകരരായി ചിത്രീകരിക്കുന്നു. അവരുടെ കാലത്തെ മനുഷ്യക്കുരുതിയുടെ കരളലിയിക്കുന്ന കഥകള്‍ ചമച്ച് സാമ്രാജ്യത്വ ഭീകരത മറച്ചുപിടിക്കുവാന്‍ ദയനീയ ശ്രമങ്ങള്‍ നടത്തുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ റുവാണ്ടയിലെ മാത്രമല്ല ആഫ്രിക്ക വന്‍കരയിലെ മുഴുവന്‍ ഗോത്രസംഘര്‍ഷങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഉത്തരവാദി സാമ്രാജ്യത്വ ശക്തികളാണ്. തങ്ങളുടെ ചൂഷണം യഥേഷ്ടം നടത്തുവാന്‍ അധികാരത്തിലെത്തിക്കുന്ന പാവഭരണാധികാരികളുടെ ജനപിന്തുണ ഉറപ്പിക്കാന്‍ വംശവെറിയും ഗോത്രബോധവും വളര്‍ത്തുകയാണ് സാമ്രാജ്യത്വശക്തികള്‍ ചെയ്യുന്നത്. അങ്ങനെ " വിഭജിക്കുക, ഭരിക്കുക'' എന്ന കൊളോണിയല്‍ തന്ത്രം ദശലക്ഷങ്ങളുടെ കൂട്ടക്കുരുതികളിലൂടെ പ്രയോഗക്ഷമമാവുന്നു. ഇന്നിപ്പോള്‍ ഇത്തരം നയത്തിലൂടെ അള്‍ജീരിയയും സോമാലിയയും മുതല്‍ ദക്ഷിണാഫ്രിക്ക വരെ നീളുന്ന മുഴുവന്‍ ആഫ്രിക്കന്‍ വന്‍കരയിലും ഗോത്രവാദത്തിന്റെയും വംശവെറിയുടെയും മത മൌലികവാദത്തിന്റെ ഛിദ്രശക്തികളെ വളര്‍ത്തിവിട്ടിരിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍.

സോവിയറ്റ് ബ്ളോക്കിന്റെ ശിഥിലീകരണ സമയത്ത് കമ്യൂണിസവും കമ്യൂണിസ്റ്റ് ഭീഷണിയുമാണ് യുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണമെന്നും അത് നിരോധിക്കുന്നതോടെ ലോകം സമാധാനത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിക്കുമെന്നുമാണ് സാമ്രാജ്യത്വത്തിന്റെ പേനയുന്തികള്‍ പ്രചരിപ്പിച്ചത്. എന്നാലിന്ന് സാമ്രാജ്യത്വമെന്നാല്‍ യുദ്ധമാണെന്ന ലെനിന്റെ വിശകലനം കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ശീതയുദ്ധാനന്തരലോകസാഹചര്യം അതാവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്. ലോകമെങ്ങും കൂട്ടക്കൊലകളും യുദ്ധങ്ങളും വ്യാപകമാവുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സോമാലിയ, സുഡാന്‍, അംഗോള, റുവാണ്ട, ബറുണ്ടി, നൈജീരിയ എന്നിവിടങ്ങളില്‍ വന്‍കിട ആഭ്യന്തര യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ദശലക്ഷങ്ങള്‍ ദാരുണമായി ഉന്മൂലനം ചെയ്യപ്പെട്ടു. ഏത് നിമിഷവും എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗോത്രവംശസംഘര്‍ഷങ്ങള്‍ ആളിപ്പടരാവുന്ന അവസ്ഥയാണുള്ളത്. യുഗോസ്ളാവ്യന്‍ വംശീയ സംഘര്‍ഷങ്ങള്‍ ഈ ഭൂമുഖത്ത് ആ രാജ്യത്തെ ഇല്ലാതാക്കി. ബോസ്നിയ നിരവധി റിപ്പബ്ളിക്കുകളായി ഖണ്ഡവല്‍ക്കരിക്കപ്പെട്ടു. കൊസോവയില്‍ അല്‍ബേനിയന്‍ വംശജരായ മുസ്ളിങ്ങള്‍ക്ക് ഒരു പ്രത്യേകരാഷ്ട്രം വേണമെന്ന വാദം അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളിലും അഫ്ഗാനിസ്ഥാനിലും മതവംശീയ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. കംബോഡിയയിലും ലെബനനിലുമെല്ലാം യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല. ശ്രീലങ്കയിലെ തമിഴ്വംശജരെ ഉച്ചാടനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സിഹംള വംശീയത അധികാരത്തില്‍ പിടിമുറുക്കിയിരിക്കുന്നു. എത്രയോ രാജ്യങ്ങളില്‍ വംശീയത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു.

യുഗോസ്ളാവ്യയിലും മറ്റും കൊസോവക്കാരുടെ മനുഷ്യാവകാശത്തിന്റെ പേരില്‍ നാറ്റോ സേന നിഷ്ഠുരമായ സൈനികാക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ബാള്‍ക്കന്‍മേഖലയിലെ എണ്ണതാല്പര്യങ്ങളാണ് യുഗോസ്ളാവ്യയെ തകര്‍ക്കുന്നതിലേക്കും നാറ്റോസേനയെ കയറൂരിവിട്ട് സെര്‍ബുകളെ വേട്ടയാടുന്നതിലേക്കും സാമ്രാജ്യത്വശക്തികളെ നയിച്ചത്. 1998 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ചേര്‍ന്ന യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സില്‍ പോളിഷ് പണ്ഡിതന്‍ പ്രൊഫസര്‍ മാറെക് ഗ്ളോകോങ്ക്സോവ്സ്കി ചെയ്ത പ്രസംഗത്തില്‍ എങ്ങനെയാണ് കിഴക്കന്‍ യൂറോപ്പിലേക്ക് ഛിദ്രശക്തികളെ അഴിച്ചുവിട്ട് സാമ്രാജ്യത്വ മൂലധനശക്തികള്‍ അധിനിവേശം നടത്തുന്നതെന്ന് നിരീക്ഷിക്കുന്നു. "യൂറോപ്പിലെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി'' അമേരിക്ക സ്വീകരിക്കുന്ന ചില രീതികളെ വിശകലനംചെയ്തുകൊണ്ട് മാറെക് ഗ്ളോകോങ്ക്സോവ്സ്കി നടത്തുന്ന നിരീക്ഷണം നോക്കുക.

"ഒന്നാമതായി ക്രൊയേഷ്യയിലും ബോസ്നിയയിലും വിന്യസിക്കാനായി മള്‍ടിനാഷണല്‍ യു എന്‍ സേനകളെ രൂപീകരിച്ച അതേ നിമിഷംതന്നെ സിഐഎ ആയിരത്തോളം വരുന്ന ഏജന്റന്മാരെ റിക്രൂട്ട് ചെയ്തു. അവരുടെ ലക്ഷ്യം സെര്‍ബിയന്‍ റിപ്പബ്ളിക്കിനെ തകിടംമറിക്കുകയും അതിനെതിരായ കലാപങ്ങളെ കുത്തിപ്പൊക്കാന്‍ തീവ്രശ്രമം നടത്തുകയുമായിരുന്നു. മറ്റെല്ലാ അട്ടിമറി ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ ബ്ളൂറ്ററുകള്‍ എന്ന വേഷം ധരിച്ചുകൊണ്ട് സരായേവോയില്‍ (ബോസ്നിയയുടെ തലസ്ഥാനം) മൂന്നു വന്‍കിട കൂട്ടക്കൊലകള്‍ നടത്തി. ആ കൂട്ടക്കൊലകളെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അവര്‍ തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തരായ ചില പത്രലേഖകരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ആ കൂട്ടക്കൊലകള്‍ ബോസ്നിയയിലെ സെര്‍ബ് പ്രദേശങ്ങളില്‍ നാറ്റോ ബോംബാക്രമണം നടത്താന്‍ അവസരമൊരുക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി ആ പ്രദേശങ്ങളെ യൂറോപ്പിലെ നാറ്റോയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളാക്കാനുമായി.''

സെര്‍ബുകളുടെ പേരില്‍ ആരോപിക്കപ്പെട്ട, സിഐഎ പ്ളാന്‍ചെയ്ത് നടപ്പാക്കിയ സരയേവോയിലെ കൂട്ടക്കൊലയുടെ സാഹചര്യമാണ് ബോസ്നിയയെ നാറ്റോവിന്റെ ചവിട്ടടിക്കീഴിലാക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇത്തരം കുടിലതന്ത്രങ്ങള്‍ ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാനിടയാക്കിയ സംഭവങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ഗ്ളിവിറ്റ്സിലെ പ്രക്ഷേപണ നിലയത്തിന്മേല്‍ വളരെ രഹസ്യമായി സംവിധാനം ചെയ്യപ്പെട്ട മാരകമായ ഒരാക്രമണം സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം പോളിഷ് സൈന്യത്തിനുമേല്‍ ചുമത്തുകയും ചെയ്തുകൊണ്ടാണ് ഹിറ്റ്ലര്‍ പോളണ്ടിലേക്ക് കുതിച്ചുകയറിയത്.

മത, വംശീയ വികാരങ്ങള്‍ ആളിക്കത്തിച്ച് രാഷ്ട്രങ്ങളെ തകര്‍ക്കുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഇരയാണ് യുഗോസ്ളാവ്യ. 20 ലക്ഷം വരുന്ന അല്‍ബേനിയന്‍ മുസ്ളിങ്ങള്‍ക്കിടയില്‍ "സ്വാതന്ത്ര്യം'' ലക്ഷ്യംവയ്ക്കുന്ന ഭീകരവാദപ്രസ്ഥാനം വളര്‍ത്തിയെടുത്തത് അമേരിക്കയാണ്. പണവും ആശയവും നല്‍കിയതും ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതും സാമ്രാജ്യത്വമാണ്. സെര്‍ബ് -സ്ളാവ് സങ്കുചിത ദേശീയ വികാരങ്ങളുടെ മുന്‍കൈയിലുള്ള അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി ഈ മേഖലകളില്‍ വംശീയ പ്രസ്ഥാനങ്ങളെ വളര്‍ത്തുകയാണ് സാമ്രാജ്യത്വം ചെയ്തത്. ക്രോയേഷ്യയില്‍ സെര്‍ബ് ന്യൂനപക്ഷവുമായുള്ള ഭീകര കൂട്ടക്കൊലകളും ബോസ്നിയയില്‍ സെര്‍ബ് -ക്രോട്ട്- മുസ്ളിം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കൂട്ടക്കൊലകളുമായി അതവര്‍ രൂപാന്തരപ്പെടുത്തി. ദശലക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടത്. അതിലുമെത്രയോ പേര്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകള്‍ വംശീയ ഭ്രാന്തന്മാരുടെ ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. പകുതിയിലേറെ കുടുംബങ്ങളാണ് ശിഥിലമായത്. അഭയാര്‍ഥികളുടെയും അനാഥരുടെയും ഒരു വന്‍സമൂഹത്തെ സൃഷ്ടിക്കുകയാണ് ബോസ്നിയയിലെ വംശയുദ്ധങ്ങള്‍ ചെയ്തത്. സോഷ്യലിസ്റ്റ് ആശയഗതികളെയും വ്യവസ്ഥയെയും ഇല്ലാതാക്കുകയെന്ന സാമ്രാജ്യത്വ താല്പര്യങ്ങളാണ് യുഗോസ്ളാവ്യ കുരുതിക്കളമാക്കിയത്. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന സോഷ്യലിസ്റ്റ് ആഭിമുഖ്യത്തെ തകര്‍ക്കാന്‍ ആസൂത്രിതമായൊരു വര്‍ഗീയ, വംശീയക്കളിക്കാണ് ഇന്ന് തങ്ങളുടെ സൈനിക മേധാവിത്വം കൂടി ഉപയോഗിച്ചുകൊണ്ട് അമേരിക്കയും സഖ്യശക്തികളും ശ്രമിക്കുന്നത്. അതിനാകട്ടെ യു എന്‍ ഒരു മറയുമില്ലാതെ സഹായം ചെയ്തുകൊടുക്കുകയുമാണ്. ഇന്ത്യപോലുള്ള രാജ്യത്തില്‍ വര്‍ധിതമാകുന്ന മത, വംശീയ ഭീകര പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഓരോ ദേശസ്നേഹിയും ഇത് ഗൌരവപൂര്‍വം കാണേണ്ടതുണ്ട്. മത, വംശീയ ബോധത്തിന്റെ വിഭ്രാന്തികള്‍ക്ക് ജനങ്ങളെ വിട്ടുകൊടുക്കാതെ, പുരോഗമന പ്രസ്ഥാനങ്ങള്‍ ജനാധിപത്യപരമായ രാഷ്ട്രീയ പ്രക്രിയയെ പ്രബലമാക്കിക്കൊണ്ട് വംശീയ-വര്‍ഗീയ വാദങ്ങളെ പ്രതിരോധിക്കാനാവശ്യമായ പ്രയോഗങ്ങള്‍ ശക്തിപ്പെടുത്തണം.അങ്ങനെ മാത്രമേ വംശഹത്യകളും വര്‍ഗീയകലാപങ്ങളും തടയാനാവൂ.

*
കെ ടി കുഞ്ഞിക്കണ്ണന്‍

ദേശാഭിമാനി വാരികയില്‍ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്. പ്രഭാകരന്‍ വധിക്കപ്പെടുന്നതിനു മുന്‍പ് എഴുതിയത്.

Thursday, May 21, 2009

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരിക്കല്‍ക്കൂടി ഗവമെന്റ് രൂപീകരിക്കാനുള്ള വഴിയൊരുക്കിയിരിക്കയാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 205 സീറ്റില്‍ വിജയിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം 262 സീറ്റ് നേടി. കഴിഞ്ഞ ലോക്സഭയിലുള്ളതിനേക്കാള്‍ 61 സീറ്റ് കോണ്‍ഗ്രസ് വര്‍ധിപ്പിച്ചു. യുപിഎയിലെ മുന്‍ ഘടകകക്ഷികളുടെകൂടി പിന്തുണയോടെ ഗവമെന്റ് രൂപീകരിക്കാനുള്ള സുരക്ഷിതമായ നിലയില്‍ കോണ്‍ഗ്രസ് എത്തി. ബിജെപിയും സഖ്യകക്ഷികളും വ്യക്തമായ പരാജയമാണ് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് അധികാരത്തിലെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ബിജെപിക്ക് 116 സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 കുറവ്. എന്‍ഡിഎക്ക് 159 സീറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 18 കുറവാണ്. കോണ്‍ഗ്രസിതര-ബിജെപിയിതര മുന്നണിയില്‍ മത്സരിച്ച പാര്‍ടികള്‍ക്ക് 78 സീറ്റ് കിട്ടി.

ജനവിധിയുടെ അര്‍ഥം

ഈ ജനവിധിയുടെ അര്‍ഥമെന്താണ്? ഇത് എങ്ങനെയൊക്കെ വ്യാഖ്യാനം ചെയ്യപ്പെടും?

ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെയാകെ എടുത്താല്‍ കോണ്‍ഗ്രസിന് അനുകൂലമായി വലിയൊരു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 2004ല്‍ ലഭിച്ചതിനേക്കാള്‍ കേവലം രണ്ട് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കൂടുതലായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം കോണ്‍ഗ്രസിന് 28.55 ശതമാനം വോട്ട് ലഭിച്ചു. 2004ല്‍ 26.53 ശതമാനം വോട്ടാണ് കിട്ടിയത്. കേരളത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകുകയും പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലും വിജയിച്ചു. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമോ ദേശീയാടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രീയമാറ്റമോ ഉണ്ടായിട്ടില്ല. ഒറീസ, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞു. ഇവിടെയൊക്കെ 2004നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് കൂടിയെങ്കിലും വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് നേട്ടമുണ്ടായപ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞെന്നതാണ് മറ്റൊരു വസ്തുത. ബിജെപിക്ക് കുറഞ്ഞ വോട്ട് കോണ്‍ഗ്രസിന് കിട്ടി. എന്നാല്‍, ഇരു പാര്‍ടിയും നേടിയ വോട്ട് കൂട്ടിയാല്‍ ഏറെക്കുറെ 2004ല്‍ ലഭിച്ച വോട്ടിന് തുല്യമാണ്. 2004ല്‍ ഇരു പാര്‍ടിക്കും കൂടി 48.69 ശതമാനം വോട്ട് കിട്ടി. 2009ല്‍ ഇരു പാര്‍ടിക്കും കൂടി 47.35 ശതമാനം വോട്ടാണ് കിട്ടിയത്. ഇരു പാര്‍ടിക്കും ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണത്തില്‍നിന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ക്കാണ് ഇപ്പോഴും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട്.

ബിജെപി നിരാകരിക്കപ്പെട്ടു

ജനവിധിയുടെ വ്യാഖ്യാനത്തിലെ രണ്ടാമത്തെ പ്രധാന വസ്തുത ബിജെപിയുടെയും അവരുടെ രാഷ്ട്രീയവേദിയുടെയും പരാജയമാണ്. ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തീവ്രവാദമടക്കമുള്ള എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയവല്‍ക്കരിച്ചുമാണ് അവര്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. വര്‍ഗീയവൈരത്തിന്റെ വിഷംതുപ്പിയുള്ള വരുഗാന്ധിയുടെ പ്രസംഗവും നരേന്ദ്രമോഡിയെ ഭാവിനേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പ്രതിപക്ഷ പാര്‍ടി പരാജയപ്പെട്ടു. ഇത് ജനങ്ങളുടെ തിരസ്കാരത്തിന്റെ ആഴം കൂട്ടി. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) മാത്രമാണ് ബിജെപിയുടെ സഖ്യകക്ഷികളില്‍ നില മെച്ചപ്പെടുത്തിയത്. ഇത് ബിജെപിയുടെ പ്രതിഛായ കൊണ്ടല്ല, നിതീഷ്കുമാര്‍ ഗവമെന്റിനെക്കുറിച്ചുള്ള നല്ല അഭിപ്രായവും ബിജെപിയുടെ വര്‍ഗീയവേദിയില്‍ താനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും കൊണ്ടാണ്.

ബിജെപിയെ തിരസ്കരിച്ച മറ്റൊരു സംസ്ഥാനം ഒറീസയാണ്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പുമാത്രം ബിജെപി ബന്ധം വിച്ഛേദിച്ച ബിജെഡി മികച്ച വിജയമാണ് അവിടെ നേടിയത്. 145 അംഗ നിയമസഭയില്‍ 103 സീറ്റും ബിജെഡി നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റാണ് ബിജെഡി-ബിജെപി സഖ്യത്തിന് ലഭിച്ചത്. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതുകൊണ്ട് ബിജെഡി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസ് വിജയത്തിന്റെ കാരണങ്ങള്‍

നവ ലിബറല്‍ നയങ്ങള്‍ മുഖമുദ്രയായി കൊണ്ടുനടന്നെങ്കിലും യുപിഎ ഗവമെന്റിന്റെ ചില പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് അനുകൂലമായ ചിന്താഗതിയുണ്ടാക്കിയെന്നതാണ് ജനവിധിയെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്ന മൂന്നാമത്തെ വസ്തുത. ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, നെല്ലിനും ഗോതമ്പിനും കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയത്, കാര്‍ഷിക കടാശ്വാസപദ്ധതി തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതികളാണ് അനുകൂല പ്രതികരണമുണ്ടാക്കിയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതികള്‍ ഗ്രാമീണജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. ഇതോടൊപ്പം ചില സംസ്ഥാന ഗവമെന്റുകള്‍ സ്വീകരിച്ച പദ്ധതികളും ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശില്‍ കിലോക്ക് രണ്ട് രൂപ നിരക്കിലും തമിഴ്നാട്ടില്‍ ഒരു രൂപ നിരക്കിലും അരി വിതരണം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒറീസയിലും രണ്ട് രൂപ നിരക്കിലുള്ള അരിവിതരണം നവീന്‍ പട്നായിക് ഗവമെന്റിനുള്ള ജനപിന്തുണ വര്‍ധിപ്പിച്ചു. അതേസമയം നാല് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തിന് സഹായകമായില്ല. പകരം സാമ്പത്തിക അസമത്വം വര്‍ധിക്കുകയും കോണ്‍ഗ്രസിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന് അത് വിഘാതമാകുകയും ചെയ്തു. ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ന്യൂനപക്ഷങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികളെ മിക്ക മേഖലയിലും ഒരു മികച്ച ബദലായി ജനങ്ങള്‍ പരിഗണിച്ചില്ല. ഇത് ന്യൂനപക്ഷങ്ങളുടെ പിന്തുണ കോണ്‍ഗ്രസിലേക്ക് മാറാനിടയാക്കി. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തിയാല്‍ മാത്രമേ തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ എന്ന ചിന്താഗതിയും കോണ്‍ഗ്രസിനാണ് ഗുണകരമായത്. തീവ്രവാദം വളരുന്നതിനു മാത്രമേ വര്‍ഗീയത സഹായിക്കുകയുള്ളൂ എന്നും ജനങ്ങള്‍ മനസ്സിലാക്കി.

ഇടതുപക്ഷത്തിന് തിരിച്ചടി

പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പരാജയം മൂലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അപ്രതീക്ഷിതമായി 20ല്‍ 18 സീറ്റും ഇടതുപക്ഷം നേടിയിരുന്നു എന്ന സാഹചര്യത്തില്‍ ഇക്കുറി ഇടതുപക്ഷത്തിന് സീറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും യോജിച്ചതുകൊണ്ടും എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ തിരിച്ചുവച്ചതുകൊണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരിച്ചടി മൂലം സിപിഐ എമ്മിന്റെ അംഗസംഖ്യ ലോക്സഭയില്‍ 16 ആയി കുറഞ്ഞു. ലോക്സഭയില്‍ സിപിഐ എമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. ഈ തിരിച്ചടികള്‍ വളരെ ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഈ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സ്വയംവിമര്‍ശനപരമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ദേശീയമായ ഘടകങ്ങളും സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും വിലയിരുത്തണം. ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച, ദേശീയ രാഷ്ട്രീയസ്ഥിതിഗതികളെ സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. പശ്ചിമബംഗാളിലും കേരളത്തിലുമുള്ള സംസ്ഥാനതല കാരണങ്ങളും പരിശോധിക്കണം. മെയ് 18ന് ചേര്‍ന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇത്തരം പരിശോധന നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇത് പൂര്‍ത്തിയാക്കണം. തോല്‍വിയുടെ കാരണം കണ്ടെത്തിയശേഷം തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ടി സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാര്‍ടി നടത്തും. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട സംഘടനാപരമായ കടമയായി പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ച സ്വയംവിമര്‍ശന പ്രക്രിയയുടെ ഭാഗമായിക്കൂടി ഇതിനെ കാണണം.

മൂന്നാം മുന്നണി

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ തെരഞ്ഞെടുപ്പ് ബദലിനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ പാര്‍ടികളെ കൂട്ടിയോജിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തന്ത്രപരമായ തീരുമാനം 2009 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി സിപിഐ എമ്മും സിപിഐയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ സീറ്റ് സംബന്ധിച്ച നീക്കുപോക്കുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പുധാരണകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പായി ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദലിനുവേണ്ടി ശ്രമം നടത്തി. ദേശീയതലത്തില്‍ ഈ 'മൂന്നാം മുന്നണി'ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൂട്ടായ്മയ്ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിശ്വാസ്യതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോധ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയസംവിധാനത്തിന് ദേശീയതലത്തില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി ഈ സംവിധാനം ഉയര്‍ന്നുവന്നില്ല.

മൂന്നാംമുന്നണി രൂപീകരണം രണ്ട് പ്രത്യാഘാതങ്ങളുണ്ടാക്കി

മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.

പണശക്തി

ഇതുവരെയില്ലാത്തവിധമുള്ള പണത്തിന്റെ ഉപയോഗമാണ് ഈ ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ട ആശങ്കയുണ്ടാക്കുന്ന കാര്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അനധികൃത പണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മധുര പാര്‍ലമെന്റ് മണ്ഡലമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുംവിധം പണം ഉപയോഗിച്ചു. പണം നല്‍കി സ്ഥാനാര്‍ഥിത്വം നേടുന്നതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതും വന്‍തോതില്‍ വര്‍ധിച്ചു. മൊത്തം ജനാധിപത്യപ്രക്രിയക്ക് ഇത് ഭീഷണിയാണ്. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറല്ലാത്ത ഇടതുപക്ഷ പാര്‍ടികളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഇടതുപക്ഷത്തിന്റെ പങ്ക്

ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റെ രണ്ടാംപതിപ്പ് അധികാരമേല്‍ക്കുന്നത്. നിരവധി ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിലും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും ജാഗ്രത പുലര്‍ത്തും. സ്വതന്ത്ര വിദേശനയം, സാമ്പത്തിക പരമാധികാരം, മതനിരപേക്ഷത എന്നിവയുടെ കാവലാളായി പാര്‍ടി തുടര്‍ന്നും നിലകൊള്ളും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. സംയുക്തമായ പ്രവര്‍ത്തനങ്ങളും ജനകീയപ്രശ്നങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും.

ഈ പരാജയത്തോടെ സിപിഐ എമ്മിന്റെ അന്ത്യമായി എന്ന് കരുതുകയും ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരുടെ വിലയിരുത്തലുകള്‍ തികച്ചും തെറ്റാണ്. ഇതിനുമുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ട് പ്രതിലോമകാരികളോടും സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാതെ പോരാടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഈ പോരാട്ടം ശക്തമായി തുടരുന്നതിന് പാര്‍ടിയെ സഹായിക്കും.

*
പ്രകാശ് കാരാട്ട്

Wednesday, May 20, 2009

വിതച്ചവരും കൊയ്തവരും

വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോണ്‍ഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോണ്‍ഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമൊരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിതവിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ബിജെപിയിലുള്ള അവിശ്വാസം, കോണ്‍ഗ്രസിതര-ബിജെപി ഇതര കൂട്ടുകെട്ട് ഫലപ്രദമാകുമോ എന്ന ആശങ്ക, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഇതേക്കാളൊക്കെ പ്രധാനമായി കോണ്‍ഗ്രസിനെ സഹായിച്ച നിര്‍ണായകഘടകം കോണ്‍ഗ്രസ് ഗവമെന്റുകളുടെ ചരിത്രത്തിലെവിടെയും കാണാനാവാത്ത തരത്തിലുള്ള സാമ്യഹ്യക്ഷേമ നടപടികള്‍ യുപിഎ ഗവമെന്റില്‍നിന്നുണ്ടായി എന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവയാണവ. ഈ നടപടികള്‍ ഇന്ത്യയില്‍ നെടുകയും കുറുകെയുമുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും നിത്യജീവിതത്തില്‍ പ്രതിഫലിച്ചു. അതാകട്ടെ കോണ്‍ഗ്രസിനുള്ള വോട്ടായി തെരഞ്ഞെടുപ്പില്‍ യുപിഎയിലേക്ക് തിരികെയെത്തുകയുംചെയ്തു.

കോണ്‍ഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു. എതിര്‍പ്പ് തുടരാനാവാതെ വഴങ്ങിക്കൊടുക്കേണ്ടിവരികയായിരുന്നു കോണ്‍ഗ്രസിന്, ഇടതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാവാതിരിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു അത്. ആ വിട്ടുവീഴ്ചയാണ് കോണ്‍ഗ്രസിനെ അവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത വിജയത്തിലേക്ക് നയിച്ചത്.

പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍.

ഇതേപോലെയുള്ള എതിര്‍പ്പായിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ യുപിഎയ്ക്ക് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിന് അത് വോട്ടായി ഇപ്പോള്‍ തിരികെ ലഭിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. ജോലിക്കാരെ കൂട്ടത്തോടെ ഈ പദ്ധതി ആകര്‍ഷിച്ചു. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ ഊര്‍ജസ്വലമാക്കി.

സുതാര്യമായ പദ്ധതിയായിരുന്നു ഇത്. ഒരു രൂപ ഖജനാവില്‍നിന്ന് പോയാല്‍ 10 പൈസയേ ആന്ത്യന്തിക ഗുണഭോക്താവിന് കിട്ടു എന്നും 90 പൈസ ഇടനിലദല്ലാളന്മാര്‍ കൊണ്ടുപോവുമെന്നുമുള്ള സ്ഥിതിയെക്കുറിച്ച് മുമ്പ് രാജീവ്ഗാന്ധി പറഞ്ഞിരുന്നല്ലോ. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടായില്ല. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടുള്ള നിക്ഷേപമായി പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വരികയാണെന്നതിനാല്‍ നിത്യേന വൈകുന്നേരങ്ങളിലുണ്ടാവാനിടയുള്ള പണദുരുപയോഗം ഉണ്ടായതുമില്ല. ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു എന്നര്‍ഥം. ഇതിന്റെ ഫലമാണ് കോണ്‍ഗ്രസ് വിജയം എന്നതിന്റെ സ്ഥിരീകരണമാണ് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ചില്‍നിന്നുണ്ടായ ആദ്യപ്രതികരണം. ദേശീയ തൊഴിലുറപ്പുപദ്ധതിയാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചത് എന്നതായിരുന്നു അത്.

ഇതേപോലെയാണ് കാര്‍ഷികകടം എഴുതിത്തള്ളല്‍ പദ്ധതി. ആ സങ്കല്‍പ്പത്തോട് കോണ്‍ഗ്രസിന് വെറുപ്പായിരുന്നു. പലിശയടക്കം ഖജനാവില്‍ തിരികെ എത്തേണ്ട തുക എഴുതിത്തള്ളുകയോ? അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കും. ഇതായിരുന്നു നിലപാട്. പക്ഷേ, മഹാരാഷ്ട്രയിലെ വിദര്‍ഭ അടക്കമുള്ള മേഖലകളില്‍ കര്‍ഷക ആമഹത്യ വര്‍ധിച്ചതോടെ ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കി. 70,000 കോടി രൂപയുടെ കടം എഴുതിത്തള്ളുന്ന പദ്ധതിക്ക് സമ്മതിക്കേണ്ടിവന്നു കോണ്‍ഗ്രസ് തത്വത്തില്‍ സമ്മതിച്ചശേഷവും ബജറ്റില്‍ പണം നീക്കിവയ്ക്കാതിരുന്നു. അതിന് പോരാട്ടം വേറെ വേണ്ടിവന്നു. യുപിഎ ഗവമെന്റ്, അതിന്റെ അവസാനത്തെ പൂര്‍ണ ബജറ്റിലാണ് കടം എഴുതിത്തള്ളിയത്. തുടര്‍മാസങ്ങളില്‍ അത് പ്രായോഗികമായി പൂര്‍ത്തിയായി.

അതിന്റെ ഗുണഫലങ്ങള്‍ വോട്ടര്‍മാര്‍ അനുഭവിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പുവന്നു. കോണ്‍ഗ്രസിന് അതെല്ലാം വോട്ടായി മാറുകയുംചെയ്തു. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് വര്‍ഷം 30,000 കോടി രൂപയായിരുന്നു ആവശ്യം. അതിന് നീക്കിവയ്ക്കാന്‍ പണമില്ലെന്ന് വാദിച്ച പി ചിദംബരം അവസാനം ചുരുക്കം വോട്ടുകള്‍ക്ക് ജയിച്ചുകയറി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചെയ്ത വോട്ടുകളില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്ന് പി ചിദംബരം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവണം. ആദിവാസി വനാവകാശ നിയമം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കുന്ന ഭൂപ്രഭുകള്‍ക്കെതിരായിരുന്നു. ഭൂപ്രഭുക്കളാകട്ടെ, കോണ്‍ഗ്രസിന് പ്രിയപ്പെട്ടവരും. വനമാഫിയകള്‍ ഇടയ്ക്കിടയ്ക്കുവന്ന് ആദിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുമായിരുന്നു. പുതിയ നിയമം വന്നതോടെ ആദിവാസികളെ കുടിയിറക്കാന്‍ പറ്റില്ലെന്ന് വന്നു. താമസിക്കുന്ന ഭൂമി അവര്‍ക്കുപയോഗിക്കാമെന്നു വന്നു. 90 ശതമാനം ആദിവാസികളും ഇതിന്റെ ഗുണഭോക്താക്കളായി. കോണ്‍ഗ്രസിന് അത് വോട്ടുമായി. തെളിവുവേണമങ്കില്‍ ഒറീസയിലെയും യുപിയിലെയും ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിനുണ്ടായ തിളക്കമാര്‍ന്ന ജയത്തിലേക്ക് നോക്കിയാല്‍ മതി.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടുണ്ടായ ജനരോഷത്തെ വലിയ ഒരളവു തടഞ്ഞുനിര്‍ത്തിയത് ഇത്തരം സാമൂഹ്യക്ഷേമ നടപടികളാണ്. ആദ്യത്തേതിന്റെ(ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍-എഡിറ്റര്‍) ക്രെഡിറ്റ് കോണ്‍ഗ്രസിനാണെങ്കില്‍ രണ്ടാമത്തേതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. പക്ഷേ, ഈ പദ്ധതികളുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമായി ഉത്തരേന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍വന്നത് കോണ്‍ഗ്രസാണ്. അവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. നന്ദിയോടെ. ഇതരം സാമൂഹ്യക്ഷേമ നടപടികളിലേക്ക് തിരിയാതെ, ആഗോളവല്‍ക്കരണ നയങ്ങളുമായിമാത്രം മുമ്പോട്ടുപോയവരുടെ ഗതി എന്തായിരുന്നു എന്നുകൂടി ചിന്തിച്ചാലേ ചിത്രം വ്യക്തമാവൂ.

അങ്ങനെ മുന്നോട്ടുപോയ ആളാണ് പി വി നരസിംഹറാവു. ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആളാണ് അടല്‍ബിഹാരി വാജ്പേയി. ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെയും തകര്‍ത്തെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡുവിന് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആന്ധ്രഭരണം നഷ്ടപ്പെട്ടു. ഇതില്‍നിന്നൊന്നും പാഠം പഠിക്കാതിരുന്ന കോണ്‍ഗ്രസിന് ജനക്ഷേമത്തിന്റെ സൂത്രവാക്യം പറഞ്ഞുകൊടുത്തതും യുപിഎ ഗവമെന്റിനെക്കൊണ്ട് അത് ചെയ്യിച്ചതും ഇടതുപക്ഷമാണ്. പക്ഷേ, ഇടതുപക്ഷം വഹിച്ച പങ്ക് യവനികയ്ക്കു പിന്നിലായി. മുമ്പില്‍ കോണ്‍ഗ്രസായിപ്പോയി. കോണ്‍ഗ്രസ് നേട്ടംകൊയ്യുകയും ഇടതുപക്ഷം പിന്നോട്ടടിക്കപ്പെടുകയുംചെയ്തു.

ഇടതുപക്ഷത്തിന്റെ അടിമയെപ്പോലെയായിരുന്നു താന്‍ നാലരവര്‍ഷക്കാലം എന്ന പരിഭവം ഡോ. മന്‍മോഹന്‍സിങ്ങിന് ഇനി ആവര്‍ത്തിക്കേണ്ടിവരില്ല. വളരെ സ്വതന്ത്രനാണദ്ദേഹം.ഈ സ്വാതന്ത്ര്യ അദ്ദേഹം എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കാണാന്‍ അവശേഷിക്കുന്നത്. പൂര്‍ത്തിയാക്കാതെവച്ചിട്ടുള്ള ചില നിയമനിര്‍മാണങ്ങളുണ്ട്. ഇന്‍ഷുറന്‍സ് ബില്‍, ബാങ്കിങ് റഗുലേറ്ററി ബില്‍ തുടങ്ങിയവ. രണ്ടും നടപ്പാക്കിയാല്‍ ഇന്‍ഷുറന്‍സ് മേഖലയും ബാങ്കിങ് മേഖലയും തകരും. സാമ്പത്തികമാന്ദ്യം അതിര്‍ത്തികള്‍ കടന്ന് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കാതിരുന്നത് ഇത്തരം റഗുലേറ്ററി മെക്കാനിസം ഇവിടെ ഉള്ളതുകൊണ്ടാണ്. ഇടതുപക്ഷം അതിന് കാവല്‍ നിന്നതുകൊണ്ടാണ്.
അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ തീവ്രതരമാവും. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇതിനിടയില്‍ത്തന്നെ എങ്ങനെ ഭരിക്കണം. ആരു പറയുന്നതുകേള്‍ക്കണം എന്നൊക്കെ കല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കപ്പെടും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കപ്പെടും. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും വിദേശവല്‍ക്കരിക്കപ്പെടുകയുംചെയ്യും. ഇറാനെ ശത്രുരാജ്യമാക്കുകയും ഇസ്രയേലുമായുള്ള മൈത്രി ശക്തിപ്പെടുത്തുകയുംചെയ്യും. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുമ്പോട്ടുപോവും. ഇതിനിടയില്‍ ദരിദ്രനാരായണന്മാരുടെ കാര്യം ഓര്‍മിപ്പിക്കാനോ, അവരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണത്തില്‍ സമ്മര്‍ദം ചെലുത്താനോ ആരും ഉണ്ടാവില്ല.

അങ്ങനെ പോയാല്‍?

ചരിത്രഭൂരിപക്ഷത്തോടെ അതായത് 425 സീറ്റോടെ അധികാരത്തില്‍വന്ന രാജീവ്ഗാന്ധിക്കുകീഴില്‍ കോണ്‍ഗ്രസും അതിന്റെ ഭരണവും തകര്‍ന്നുതരിപ്പണമായിപ്പോയ ചരിത്രം നമുക്ക് മുമ്പിലുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് അദ്ദേഹമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് രണ്ട് പതിറ്റാണ്ടായിട്ടും കരകയറിയിട്ടില്ല. മന്‍മോഹന്‍സിങ് അത് ഓര്‍മിക്കുമോ?. കാത്തിരുന്നുകാണുകയേ നിവൃത്തിയുള്ളു.

ഈ തെരഞ്ഞെടുപ്പ് മുമ്പോട്ടുവയ്ക്കുന്ന മറ്റൊരു സന്ദേശം ബിജെപിയുടെ അസ്തമയത്തിന്റേതാണ്. അദ്വാനിയുഗം മാത്രമല്ല, ബിജെപി യുഗംതന്നെ അസ്മതിക്കുകയാണ്. വാജ്പേയിക്കുപിന്നാലെ എല്‍ കെ അദ്വാനിയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായാണ് സൂചന. ഇവര്‍ രണ്ടുപേരുമില്ലെങ്കില്‍ ബിജെപിയില്ല എന്നതാണ് സ്ഥിതി. ഇവര്‍ക്കുശേഷം പാര്‍ട്ടിക്കുപുറത്ത് സ്വീകാര്യമായ പ്രതിച്ഛായയുള്ളവരില്ല. പ്രമോദ്മഹാജനുശേഷം തന്ത്രങ്ങള്‍ മെനയാനും കരുക്കള്‍ നീക്കാനും കഴിയുന്നവരില്ല. നരേന്ദ്രമോഡി സ്റ്റാര്‍ ക്യാമ്പയിനര്‍ ആണെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലടക്കം നരേന്ദ്രമോഡി പ്രചാരണത്തിന് ചെന്നിടത്തൊക്കെ ബിജെപി കൂടുതല്‍ ദുര്‍ബലപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഗുജറാത്ത് മാതൃകയാണെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഗുജറാത്ത് മാതൃകയില്‍ ഒറീസയില്‍ കലാപങ്ങള്‍ നയിച്ച ബിജെപിയുടെ അശോക് സാഹു മറ്റൊരു നരേന്ദ്രമോഡിയായി ഉയര്‍ന്നുവരികയല്ല, മറിച്ച് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിലെ വീഴ്ചകള്‍ പ്രയോജനപ്പെടുത്താമെന്നാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ സൌത്ത് മുംബൈയില്‍പോലും ബിജെപി തോല്‍ക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. നേതാവോ, നയമോ തന്ത്രമോ ഇല്ലാതെ അനാഥത്വത്തില്‍ അലയാനാവുമോ ബിജെപി വിധി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയിക്കാന്‍ സാഹചര്യമുണ്ട്.

നിലവിലുള്ള മേഖലകളില്‍നിന്ന് സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള മേഖലകളിലെ സ്വാധീനം വേണ്ടപോലെ നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി 2004ല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടകം എന്നിവ. അവ അതേപോലെ നിര്‍ത്താന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടയ നഷ്ടം മറ്റെവിടെനിന്നെങ്കിലും നേട്ടമുണ്ടാക്കി നികത്താനും കഴിഞ്ഞിട്ടില്ല. സ്വന്തം ശക്തിയേക്കാള്‍ സഖ്യകക്ഷികളുടെ ബലമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയത്. ബിഹാറില്‍ ജെഡിയു, മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍ എന്നിങ്ങനെ.

*
പ്രഭാവര്‍മ ദേശാഭിമാനി