Wednesday, July 2, 2008

ആഗോളവല്‍ക്കരണപ്രക്രിയയും പ്രവാസി തൊഴിലാളികളും

ഒരു രാജ്യത്തുനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ കുടിയേറി പാര്‍ക്കുകയെന്ന പ്രതിഭാസം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ലോകവ്യാപകമായി തീര്‍ന്നിരിക്കുന്നു. കഴുത്തറപ്പന്‍ മത്സരത്തിന്റെ പരിതസ്ഥിതിയില്‍ ഉല്‍പ്പാദന ചെലവ് കുറച്ചുകൊണ്ടുവരുന്നതിനായി കുറഞ്ഞ കൂലിക്ക് ജോലിക്കാരെ കിട്ടുന്നതിനുള്ള ധനമൂലനത്തിന്റെ വ്യഗ്രത, രാജ്യത്തിനുള്ളിലും രാജ്യത്തിനു പുറത്തേക്കുമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്ന പ്രതിഭാസത്തിന് ശക്തമായ പ്രോത്സാഹനം നല്‍കി.

തൊഴിലാളികളുടെ കുടിയേറ്റം വ്യാപകമായതോടെ പൂര്‍ണ്ണമായും നിയന്ത്രണരഹിതമായ തൊഴില്‍ കമ്പോളം സൃഷ്ടിക്കപ്പെട്ടു. അത് ധനമൂലധനത്തിന് തൊഴില്‍ ബന്ധങ്ങളിലാകപ്പാടെ ആധിപത്യം സ്ഥാപിക്കാന്‍ അവസരമൊരുക്കി. മനുഷ്യ സ്വാധീനത്തില്‍ സമ്പൂര്‍ണ്ണമായ കുറവു വരുത്തിയതുമൂലം രാജ്യത്തിനുള്ളില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായ അളവില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു, തൊഴില്‍ കമ്പോളത്തില്‍ പുതുതായി എത്തിച്ചേരുന്നവര്‍ക്ക് തൊഴില്‍ അവസരം തേടി രാജ്യത്തിന് പുറത്തേയ്ക്ക് പോകേണ്ടതായി വരുന്നു.

കുടിയേറ്റക്കാരായ തൊഴിലാളികളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പലരും പറയാറുണ്ട്. വാക്കുകള്‍കൊണ്ട് അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുമുണ്ട്. പക്ഷേ ആരും അവര്‍ക്കുവേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ല. പക്ഷേ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് അവര്‍ക്ക് അര്‍ഹമായത് നല്‍കുകയാണെങ്കില്‍, മുതലാളിത്തത്തിന് ആഗോളകമ്പോളത്തിന്‍ മത്സരശേഷി നഷ്ടപ്പെടും. അതുകൊണ്ട്, മുതലാളിത്തയുക്തി, കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അര്‍ത്ഥപൂര്‍ണ്ണമായ നടപടിയൊന്നും കൈക്കൊള്ളാതെ കേവലം അധര വ്യായാമത്തില്‍ ഒതുങ്ങിനില്‍ക്കും.

അന്തര്‍ദേശീയ തൊഴില്‍ സംഘടന(ഐ എല്‍ ഒ)യുടെ ഡയറക്ടര്‍ ജനറല്‍ ജെ. സൊമാവിയ "മാന്യമായ തൊഴിലി''നെ സംബന്ധിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും തൊഴിലാളികളുടെ കുടിയേറ്റം മാന്യമല്ലാത്ത തൊഴില്‍ എന്ന പ്രതിഭാസത്തിന് രൂപം നല്‍കിയിരിക്കുന്നു. ഇത് ഐ എല്‍ ഒ ഡയറക്ടര്‍ ജനറലിന്റെ മൂക്കിനുതാഴെ നടമാടുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് പൊതുവില്‍, മാന്യമായ ജോലി ലഭിക്കാനുള്ള സാഹചര്യം വളരെയേറെ കമ്മിയാണ്.
അസംഖ്യം യുവജനങ്ങള്‍ മറുനാടുകളില്‍ തൊഴില്‍ തേടി എത്തുന്നതുമൂലം, കുടിയേറ്റക്കാരായ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് കുടിയേറ്റ തൊഴിലാളികള്‍ നിലവിലുള്ള രാജ്യങ്ങളില്‍ തൊഴിലുടമകളും സര്‍ക്കാരും കരുതുന്നില്ല. രണ്ടാംതരം പൌരന്മാരായാണ് അവരെ കരുതുന്നത്. അവര്‍ക്ക് പൌരാവകാശങ്ങളൊന്നും ലഭിക്കുന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ആഗമനത്തോടെ പുതിയ രൂപത്തിലുള്ള അടിമ തൊഴില്‍ സമ്പ്രദായം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ നയങ്ങള്‍മൂലം സൃഷ്ടിക്കപ്പെടുന്ന ഈ മനുഷ്യത്വരഹതിമായ പ്രതിഭാസത്തെ സംബന്ധിച്ച് ആഗോളവല്‍ക്കരണത്തിന്റെ മഹാചാര്യന്മാര്‍ക്കൊന്നും ഒരു വാക്കുപോലും പറയാനുമില്ല.

വളര്‍ന്നു വരുന്ന പ്രതിഭാസം

ഔദ്യോഗിക കണക്കുകളനുസരിച്ച്, 40 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയ്ക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറിയിട്ടുണ്ട്. അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് പ്രതിവര്‍ഷം 1200 കോടി ഡോളറിനും 1500 കോടി ഡോളറിനുമിടയ്ക്ക് അയയ്ക്കുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറുന്നതായും കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് ഈ തൊഴിലാളികള്‍ക്ക് വിദേശത്ത് പോകാനുള്ള അനുമതി നല്‍കുന്നത് അവര്‍ക്ക് തൊഴില്‍ കരാര്‍ ഉറപ്പാക്കികൊണ്ടുള്ള കത്ത് ലഭിക്കുമ്പോഴാണ്. 2005-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ 5.49 ലക്ഷം തൊഴിലാളികള്‍ക്ക് വിദേശത്തു പോകാനുള്ള അനുമതി നല്‍കി. 2001-ല്‍ ഈ സംഖ്യ 2.79 ലക്ഷമായിരുന്നു. 2005-ല്‍ ഔദ്യോഗിക കണക്കു പ്രകാരം യുണെറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ഏകദേശം രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ കുടിയേറിയിട്ടുണ്ട്. അതേ സമയം സൌദി അറേബ്യയിലേക്ക് ഒരു ലക്ഷം പേരും കുടിയേറി. കുവൈറ്റ്, ഒമാന്‍, മലേഷ്യ, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഗണ്യമായ വിഭാഗം തൊഴിലാളികള്‍ പോകുന്നുണ്ട്. ഖത്തര്‍, മൌറീഷ്യസ്, മാലിദ്വീപ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കും വളരെയേറെ തൊഴിലാളികള്‍ പോകുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏറെപ്പേരും അവിദഗ്ദ്ധരോ അര്‍ദ്ധ വിദഗ്ദ്ധരോ ആയ തൊഴിലാളികളുടെ ഗണത്തില്‍പ്പെടുന്നവരാണ്.
ഔദ്യോഗിക കുടിയേറ്റ മാര്‍ഗ്ഗങ്ങളിലൂടെ വിവിധ രംഗങ്ങളില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ 15,000 പേരാണ് വികസിത മുതലാളിത്ത രാജ്യങ്ങളിലേക്ക് ഓരോ വര്‍ഷവും പോകുന്നത്.

2005-ല്‍ ഏറ്റവും അധികം ആളുകള്‍ കുടിയേറ്റം നടത്തിയത് കേരളത്തില്‍ നിന്നാണ് - 1,25,075 പേര്‍. തൊഴില്‍ തേടി വിദേശത്ത് പോയവരുടെ എണ്ണത്തില്‍ കേരളം കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് 2005-ല്‍ 1,17,050 പേര്‍ വിദേശത്തു പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ സംസ്ഥാനത്തേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കര്‍ണ്ണാടകത്തില്‍ നിന്ന് തൊഴില്‍തേടി രാജ്യത്തിനു പുറത്തേക്ക് കുടിയേറിയത് എഴുപത്തി അയ്യായിരത്തിലേറെപ്പേരാണ്. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, യു പി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 20,000 അധികം തൊഴിലാളികള്‍ വീതം തൊഴില്‍ തേടി വിദേശത്ത് പോയിട്ടുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും തൊഴില്‍തേടി വിദേശത്തേക്കു പോകാനുള്ള അനുമതി ലഭിക്കാതെ ഏതാണ്ട് ഇത്രയും തന്നെ തൊഴിലാളികള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്ന് കുടിയേറുന്നുണ്ട്. അതിനായി നിരവധി നിയമവിരുദ്ധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവ ഈ തൊഴിലാളികളില്‍ നിന്ന് വന്‍ തുക ഈടാക്കുകയും തൊഴില്‍ ഉറപ്പാക്കിയെന്നും വന്‍ തുക ശമ്പളമായി ലഭിക്കുമെന്നും ഉള്ള വ്യാജ വാഗ്ദാനം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. വിദേശത്ത് എത്തുമ്പോഴാണ് ഇന്ത്യന്‍ റിക്രൂട്ടിംഗ് ഏജന്‍സിയും അവരുടെ വിദേശപങ്കാളിയും ചേര്‍ന്ന് തങ്ങളെ ചതിച്ചിരിക്കുന്നതായി കുടിയേറുന്ന തൊഴിലാളികള്‍ അറിയുന്നത്. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം ലഭിച്ച് വിദേശത്ത് എത്തുന്ന ഒട്ടേറെ തൊഴിലാളികള്‍ ഒടുവില്‍ വീട്ടുവേലക്കാരായി പണിയെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

ഇന്ത്യയില്‍ നിന്ന് നാവികരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്ന ഒരു മനസാക്ഷിയുമില്ലാത്ത റിക്രൂട്ടിങ്ങ് ഏജന്റുമാരെക്കുറിച്ച് ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അവര്‍ ടൂറിസ്‌റ്റുകളായി മദ്ധ്യപൂര്‍വ ദേശത്ത് എത്തുകയും അവിടെ വിദേശ കപ്പല്‍ കമ്പനികളില്‍ കുറഞ്ഞ ജോലിക്ക് എന്തെങ്കിലും പണിതേടുകയും ചെയ്യുന്നു. പരിശീലനം ലഭിച്ചവരല്ലാത്തതിനാല്‍ അവര്‍ക്ക് പല അപകടങ്ങളും നേരിടുന്നു. എന്നാല്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡിന്റെ യോഗങ്ങളില്‍ നിരവധി തവണ ഇന്ത്യയില്‍ നിന്ന് ഇങ്ങനെ നാവികരെ വ്യാജമായി റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വ്യക്തിപരമായിത്തന്നെ പല തവണ പരാതിപ്പെട്ടിരുന്നു. പക്ഷെ ഈ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്, കാരണം ഇന്ത്യയിലെ ഏജന്റുമാര്‍ മുഖേന വിദേശ ഷിപ്പിങ്ങ് കമ്പനികള്‍ പരിശീലനം ലഭിക്കാത്തവരെ നിയമവിരുദ്ധമായി നാവികരായി റിക്രൂട്ട് ചെയ്യുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിശീലനം ലഭിച്ച നാവികര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.

അനിയന്ത്രിതമായ അഴിമതി

ഇന്ത്യാ ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളിലെ 310 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അതില്‍ 122 എണ്ണം മലേഷ്യയില്‍ നിന്നും 54 എണ്ണം സൌദി അറേബ്യയില്‍ നിന്നും 49 എണ്ണം ബഹ്റിനില്‍ നിന്നുമുള്ളവയാണ്. എന്നാല്‍, ഈ കമ്പനികള്‍ പേരുമാറ്റി രജിസ്റ്റര്‍ ചെയ്യുകയും ഒരു പരിശോധനയും കൂടാതെ ചൂഷണം നിര്‍ബാധം നടത്തുകയും ചെയ്യുന്നു. തൊഴിലുടമകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ഈ 17 രാജ്യങ്ങളിലേയും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കുന്ന ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. അടുത്ത കാലത്ത് ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ മലേഷ്യയില്‍ നടത്തിയ പ്രക്ഷോഭം ഇക്കാര്യത്തില്‍ നമ്മുടെ നയതന്ത്രകാര്യാലയങ്ങളുടെ പരാജയം വ്യക്തമായും വെളിപ്പെടുത്തുന്നതാണ്.

വിദേശ തൊഴിലുടമകള്‍ ഇന്ത്യയിലെ അവരുടെ ഏജന്റുമാരില്‍ നിന്നുള്ള പിന്‍തുണയോടെയാണ് ഈ അഴിമതികള്‍ നിര്‍ബാധം നടത്തിവന്നത്. ഈ ഏജന്റുമാര്‍ക്കെതിരെ ഇന്ത്യയില്‍ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാറില്ല. ഇന്ത്യാ ഗവണ്‍മെന്റ് കേവലം പ്രതീകാത്മകമായ ചില നടപടികള്‍ മാത്രമെ കൈക്കൊള്ളാറുള്ളൂ, നേരാംവണ്ണം പ്രശ്നത്തെ ഒന്നു തൊടാന്‍ പോലും തയ്യാറായിട്ടില്ല.

ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് (2001) നടത്തിയ പഠനം അനുസരിച്ച്, നിത്യവൃത്തി തേടി ഇന്ത്യക്കാര്‍ 133 രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ആസ്ട്രേലിയ (190000), ബഹറിന്‍ (130000), കാനഡ (851000), ഫിജി (336829), ഗയാന (395350), കെനിയ (102500), കുവൈറ്റ് (295000), മലേഷ്യ (1665000), മൌറീഷ്യസ് (715765), മ്യാന്‍മര്‍ (2902200), നെതര്‍ലന്റ് (217000), ഒമാന്‍ (3,12,000), ഖത്തര്‍ (131000), റിയൂണിയന്‍ ദ്വീപുകള്‍ (220055), സൌദി അറേബ്യ (1500000), സിംഗപ്പൂര്‍ (307000), ദക്ഷിണാഫ്രിക്ക (10000000), സുരിനാം (150456), ട്രിനിഡാഡ് & ടൊബാഗോ (500600), യു എ ഇ (950000), യു കെ (1200000), യു എസ് എ (1678756), യെമന്‍ (100900) എന്നിവയാണ് ഇവയില്‍ പ്രധാന രാജ്യങ്ങള്‍.

വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിദഗ്ദ്ധരുടെയും വലിയൊരു പ്രവാഹം കഴിഞ്ഞ ദശകത്തില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ സംഖ്യ ഇതിലും ഏറെയായി വര്‍ദ്ധിച്ചിട്ടുണ്ടായിരിക്കും. വ്യവസായികളുടെയും ബിസിനസ്സുകാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിത സാഹചര്യങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതാണെങ്കിലും, അവിദഗ്ദ്ധരും അര്‍ദ്ധവിദഗ്ദ്ധരുമായ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതസാഹചര്യവും തൊഴില്‍ സാഹചര്യവും ദുരിതപൂര്‍ണ്ണമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ വര്‍ണ്ണ വിവേചനത്തിന്റെ ഇരകളും കൂടിയാണ്. മാത്രമല്ല, വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കാറുമില്ല. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഈ രാജ്യങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുമില്ല.

ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍

ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് (2001) ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് കുറേയേറെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശരിയായ തൊഴില്‍ സംരക്ഷണ സംവിധാനത്തിന്റെ അഭാവത്തില്‍ പല രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. ശ്രദ്ധേയമായ ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

“ ഗള്‍ഫ് മേഖലയില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ തന്നെ പലപ്പോഴും അവഗണിക്കപ്പെടാറാണുള്ളത്. വിദഗ്ദ്ധ തൊഴിലാളികള്‍ പലപ്പോഴും അവിദഗ്ദ്ധ തൊഴിലാളികളായി പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. തൊഴിലാളികള്‍ക്ക് വിസ സ്പോണ്‍സര്‍ ചെയ്ത തൊഴിലുടമകള്‍ പലപ്പോഴും അവര്‍ അവിടെയെത്തുമ്പോള്‍ ഏറ്റെടുക്കാറില്ല. അവര്‍ ഏതെങ്കിലും തൊഴില്‍ കണ്ടെത്തി സ്വയം രക്ഷനേടാന്‍ നിര്‍ബന്ധിതരാകുന്നു. ഇന്ത്യയിലെ തങ്ങളുടെ റിക്രൂട്ടിങ്ങ് ഏജന്റ് അവരില്‍ നിന്നും ഈടാക്കിയ ഫീസിന്റെ കടം വീട്ടുന്നതിന് ആദ്യത്തെ നിരവധി മാസക്കാലത്തെ ശമ്പളം നീക്കിവെയ്ക്കേണ്ടി വരുന്നു. സമയാ സമയങ്ങളില്‍ കൃത്യമായി പലപ്പോഴും ശമ്പളം നല്‍കാറുമില്ല. കരാര്‍ കാലാവധിയുടെ അവസാന കാലം ആവുമ്പോഴേക്കും നിരവധി മാസങ്ങളിലെ ശമ്പളം കൊടുക്കാറുപോലുമില്ല. തല്‍ഫലമായി മുഴുവന്‍ ശമ്പളവും ലഭിക്കാതെ അവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും തൊഴില്‍ പെര്‍മിറ്റ് ഫീസും അവരുടെ ശമ്പളത്തില്‍ നിന്നുപോലും പിടിച്ചെടുക്കുന്നു.

അതിനും പുറമെ ഓവര്‍ ടൈം വേതനം കൊടുക്കാതെ തൊഴിലാളികളെക്കൊണ്ട് എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം പണിയെടുപ്പിക്കുന്നു. ചികിത്സാ സൌകര്യങ്ങള്‍ അപര്യാപ്തമാണ്. പലപ്പോഴും ഒരു സൌകര്യവും ഉണ്ടാകാറുമില്ല. വീട്ടു ജോലിക്കാര്‍ക്കാകട്ടെ ഒരു തൊഴില്‍ നിയമവും ബാധകമല്ല. ഒട്ടേറെ സ്ത്രീ തൊഴിലാളികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഗള്‍ഫിലേക്ക് കൊണ്ടുപോയശേഷം അവിടെ വീട്ടുജോലിക്കു നിര്‍ത്തുന്നു. പലപ്പോഴും അവര്‍ക്ക് ലൈംഗിക പീഢനം നേരിടേണ്ടതായും വരുന്നു. തൊഴിലുടമകള്‍ അവരെ ബലാല്‍സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുക പതിവാണ്. നിരവധി കൊച്ചു പെണ്‍കുട്ടികളെ ഗള്‍ഫിലെ അജ്ഞാതരായ ആളുകള്‍ക്ക് അവരില്‍ നിന്നും വില വാങ്ങിയിട്ട് വിവാഹം കഴിച്ചു കൊടുക്കുന്നു.''

ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങള്‍, കഠിനമായ കാലാവസ്ഥ, സാമൂഹ്യവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത അവസ്ഥ, തിരികെ പോയാലുള്ള കുടുംബത്തിലെ സ്ഥിതിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ, വൈകാകികമായ ദുരിതങ്ങളെക്കുറിച്ചുള്ള ആകുല ചിന്തകള്‍ എന്നിവ പലരേയും വിഷാദരോഗികളാക്കുകയും, പലരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു''വെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളിലെ കൊച്ചു മുറികളില്‍ നാലോ എട്ടോ ബങ്കര്‍ ബെഡ്ഡുകളില്‍ തിക്കി ഞെരുക്കി അടച്ചിട്ടിരിക്കുകയാണ്. അവര്‍ക്ക് നല്‍കിയട്ടുള്ള ടോയ്‌ലറ്റും അടുക്കളയും യാതൊരു സൌകര്യവും ഇല്ലാത്തവയും അപര്യാപ്തവും തൃപ്തികരമല്ലാത്തതുമാണ്. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ. കുടിയേറ്റ തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മാനുഷികമാക്കാനും മെച്ചപ്പെടുത്താനും ഇന്ത്യാ ഗവണ്‍ മെന്റ് ഇടപെടേണ്ടതും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട് .

റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാണിക്കുന്നു- "ശുദ്ധഗതിക്കാരും പാവത്താന്മാരും ആര്‍ക്കും വഴിതെറ്റിക്കാവുന്നവരുമായ ചില കുടിയേറ്റക്കാര്‍ പലപ്പോഴും ഗൌരവമേറിയ അപകടങ്ങളില്‍ ചെന്ന് അകപ്പെടാറുണ്ട്. ഇന്ത്യാ ടുഡേയില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 2001 മാര്‍ച്ച് 9-ന് കേരളത്തില്‍ നിന്നുള്ള 24 ആളുകള്‍ മയക്കു മരുന്ന് കള്ളക്കടത്തിന് പിടിക്കപ്പെട്ടു. അവിടത്തെ നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.''

വിദേശത്ത് അവിദഗ്ദ്ധരും അര്‍ദ്ധ വിദഗ്ദ്ധരുമായ തൊഴിലാളികള്‍ ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങളിലാണ് കഴിയുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ദ്ധന്മാരും വിവിധ തുറകളില്‍ അതി വൈദഗ്ദ്ധ്യം ആര്‍ജിച്ചവരുമായ ആളുകള്‍ വിദേശത്ത് കുടിയേറുന്നത് ഇന്ത്യയില്‍ നിന്നുള്ള "മസ്തിഷ്ക ചോര്‍ച്ച''ക്ക് ഇടവരുത്തുന്നു. വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കപ്പെടാത്ത കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് കണക്കാക്കിയത് അമേരിക്കയില്‍ ആകെയുള്ള ഉയര്‍ന്ന വേതനം പറ്റുന്ന ജോലികളില്‍ വലിയൊരു ഭാഗവും ഇന്ത്യാക്കാരാണ് ചെയ്യുന്നത് എന്നാണ്. അമേരിക്കയിലെ ഡോക്ടര്‍മാരില്‍ 38 ശതമാനവും ഇന്ത്യാക്കാരാണ്. അതേപോലെതന്നെ ശാസ്ത്രജ്ഞന്മാരില്‍ 12 ശതമാനവും നാസയിലെ ജീവനക്കാരില്‍ 36 ശതമാനവും മൈക്രോ സോഫ്റ്റ് ജീവനക്കാരില്‍ 36 ശതമാനവും ഐ ബിഎം ജീവനക്കാരില്‍ 28 ശതമാനവും അമേരിക്കയിലെ ഇന്റല്‍ ജീവനക്കാരില്‍ 17 ശതമാനവും ഇന്ത്യന്‍ വംശജരാണ്.

21 അംഗ ഏഷ്യന്‍-ഗള്‍ഫ് സഹകരണ കൌണ്‍സില്‍ മന്ത്രിമാര്‍ അടുത്തിടെ അംഗീകരിച്ച ദോഹ പ്രഖ്യാപനം കുടിയേറ്റ തൊഴിലാളികളുടെ - (ഇവരില്‍ മഹാഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്) - ക്ഷേമത്തിനായി ഒരു പ്രവര്‍ത്തന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുന്നുണ്ട്. വിദേശ ജോലികളെയും കരാര്‍ തൊഴിലുകളെയും സംബന്ധിച്ച ഏഷ്യന്‍ മേഖലാ കൂടിയാലോചന സംവിധാനം ചില നടപടികള്‍ കൈക്കൊള്ളുന്നതിനായി ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. - നിയമവിരുദ്ധ റിക്രൂട്ടുമെന്റ് നടപടികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതല്‍ സുതാര്യമായ നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ജന്മനാട്ടിലും പണിയെടുക്കുന്ന നാട്ടിലും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അപ്രകാരം മറുനാടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മികച്ച ആനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.

ഇത്തരം മഹത്തായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമായല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ ജനസംഖ്യയിലെ മൂന്നിലൊന്നു ഭാഗവും കുടിയേറ്റ തൊഴിലാളികളാണെങ്കിലും അവിടെയൊന്നും തൊഴില്‍ സംരക്ഷണത്തിന് ഒരു നയവും സംവിധാനവും നിലവിലില്ല എന്നതാണ് മുഖ്യപ്രശ്നം. ആറ് ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗങ്ങളിലുമായി മൂന്നര കോടി ജനങ്ങളാണുള്ളത്. അതില്‍ ഒരു കോടി മുപ്പതു ലക്ഷത്തിലധികം പേരും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. എന്നാല്‍, ഈ തൊഴിലാളികളുടെ സാന്നിദ്ധ്യം താല്‍ക്കാലിക സ്വഭാവത്തിലുള്ളതാണെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. ഏഷ്യന്‍ തൊഴിലാളികളെല്ലാം കരാര്‍ തൊഴിലാളികളാണ്. ചിലര്‍ പറയുംപോലെ കുടിയേറ്റ തൊഴിലാളികളല്ല, ഇതാണവരുടെ വാദം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടര്‍ച്ചയായി അവിടെ പണിയെടുക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമീപനം ഇതായിരിക്കുന്നിടത്തോളം ഈ മഹനീയ പ്രസ്താവനകളെല്ലാം അര്‍ത്ഥശൂന്യമായിരിക്കും.

നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ കരാര്‍ കാലാവധി കഴിഞ്ഞശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ത്തന്നെ മറ്റെന്തെങ്കിലും ജോലി കണ്ടെത്തി അവിടെത്തന്നെ തുടരുകയാണ് ചെയ്യുന്നത്. അങ്ങനെ അവര്‍ അവിടെ തുടരുന്നത് നിയമവിരുദ്ധമാണെന്നാണ് കരുതപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരക്കാരെ കണ്ടെത്തി ഇന്ത്യയിലേക്ക് നാടുകടത്താറുമുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ അതാതു രാജ്യങ്ങളിലെ ദേശീയ നിയമങ്ങള്‍ അനുസരിക്കണമെന്ന് തൊഴിലാളികളെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ എന്തെങ്കിലും ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ അതില്‍ തുടരാന്‍ അനുവദിക്കത്തക്കവിധത്തില്‍ നിയമം അയവേറിയതായിരിക്കണം.

തൊഴിലാളികളെ വഞ്ചിക്കല്‍

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാര്‍ജ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് നാഷണലൈസേഷന്‍ ആന്റ് റസിഡന്‍സിയും ഷാര്‍ജ പോലീസും അടുത്തയിടെ 267 ഇന്ത്യന്‍ തൊഴിലാളികളെ അറസ്റ്റു ചെയ്തു. "ദ ഹിന്ദു''വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം ഈ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചുപോലുമില്ല. യു എ ഇ യില്‍ ചെറിയ ചില ജോലികള്‍ ചെയ്തു കഴിഞ്ഞിരുന്ന ഈ തൊഴിലാളികള്‍ ആ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ച് അവരെ അവിടെ നിന്നും പുറത്താക്കുകയാണുണ്ടായത്.

2007 മേയ് മാസത്തില്‍ രാജ്യസഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1820 റിക്രൂട്ടിങ്ങ് ഏജന്റുമാരുണ്ടെന്നാണ്. ഇവരില്‍ പലരും തൊഴിലാളികളെ വഞ്ചിക്കുകയും വിദേശ രാജ്യത്ത് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനത്തിന്മേല്‍ വലിയ തുക ഈടാക്കുകയും ചെയ്യുന്ന വ്യാജ ഏജന്റുമാരാണ്. തങ്ങള്‍ക്കു നല്‍കിയ ഉറപ്പനുസരിച്ചുള്ള ജോലി ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളികള്‍ക്ക് പല സന്ദര്‍ങ്ങളിലും നേരിടേണ്ടതായി വരുന്നത്. മന്ത്രാലയത്തിന് 2006-ല്‍ 76 പരാതികളും 2007 മേയ് വരെ 14 പരാതികളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇത്തരം പരാതികള്‍, ആവശ്യമായ നടപടി കൈക്കൊള്ളാന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഈ ഏജന്റുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കനത്ത കൈക്കൂലി നല്‍കുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ഒരു നടപടിയും സ്വീകരിക്കാറില്ല. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഇപ്പോഴും തൊഴിലാളികളെ വലിയ തോതില്‍ വഞ്ചിക്കുന്ന നടപടികള്‍ നിര്‍ബാധം തുടരുകയാണ്.

സിഐടിയുവിനു വേണ്ടി ഞാന്‍ തന്നെ ചില പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതിന്മേല്‍ നടപടിയെടുത്തില്ലെന്നു മാത്രമല്ല, പരാതിക്കാരെ കുറ്റവാളികള്‍ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. ഈ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാതെ വ്യാജ റിക്രൂട്ട്മെന്റ് പ്രതിഭാസം നിര്‍ത്തലാക്കാനാവില്ല. ഇതിനും പുറമെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ആയിരക്കണക്കിന് എംപ്ലോയ്‌മെന്റ് ഏജന്‍സികളുമുണ്ട്. അവര്‍ക്കെതിരെ പരാതി ഉയരുമ്പോള്‍ അവരുടെ മേല്‍വിലാസം പോലും കണ്ടെത്താനാവില്ല. ഇത്തരം നിരവധി റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുകൊണ്ട് അധികാരികളില്‍ നിന്നും ഒരു ശിക്ഷപോലും ലഭിക്കാതെ മുങ്ങുകയാണ് ചെയ്യുന്നത്. 2007 മേയ് മാസത്തില്‍ 3846 കുടിയേറ്റ തൊഴിലാളികള്‍ 16 രാജ്യങ്ങളിലായി ജയിലുകളിലായിരുന്നു.

അതിനും പുറമെ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെയും കുടിയേറുന്ന രാജ്യങ്ങളില്‍ ഒന്നിലും തൊഴിലാളികളെ സംരക്ഷിക്കാനുള്ള നിയമങ്ങളൊന്നും നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാതി പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഈ രാജ്യങ്ങളില്‍ നിലവിലില്ല. ഇത്തരം പരാതികള്‍ ഉന്നയിക്കുന്ന തൊഴിലാളികളെ ആ രാജ്യത്തിന് അനുയോജ്യരല്ലെന്ന് കണക്കാക്കി രാജ്യത്തുനിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത്.

ഈ രാജ്യങ്ങളിലൊന്നും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവും അനുവദിക്കാറില്ല. തൊഴിലാളികളുടെ ഒരു പ്രകടനത്തെപ്പോലും നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് പരിഗണിക്കുന്നത്. തൊഴിലുടമ തൊഴില്‍ നിയമലംഘടനം നടത്തിയാല്‍പ്പോലും അത്തരം നടപടിയെ എതിര്‍ക്കാന്‍ തൊഴിലാളിക്ക് അവകാശമില്ല. തൊഴിലാളികളുടെ പരാതികള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ഈ രാജ്യങ്ങളില്‍ തൊഴിലാളി സംരക്ഷണം ഉറപ്പാക്കുന്നതേയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ള തൊഴിലാളികള്‍ക്ക് എന്തെങ്കിലും ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുന്നതില്‍ എണ്ണസമ്പത്തിന്റെ അധിപന്മാരായ ഷേയ്‌ക്കുമാര്‍ക്ക് യാതൊരു താല്‍പ്പര്യവും ഇല്ല.
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വിദേശത്ത് കുടിയേറുന്നവരുടെ പ്രശ്നവും അവരുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രശ്നമായിത്തന്നെ പരിഗണിക്കണം. തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടി വിദേശത്തേക്ക് പോകുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എന്നാല്‍ മാത്രമേ കഴിയൂ.

രാജ്യത്തിന് പുറത്തേയ്ക്ക് കുടിയേറിയിട്ടുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാത്രമാണ് ഈ ലേഖനം പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. രാജ്യത്തിനുള്ളില്‍ സംസ്ഥാനാന്തര കുടിയേറ്റം നടത്തുന്ന തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതേയുള്ളൂ. കൂലി നല്‍കല്‍, തുല്യ വേലയ്ക്ക് തുല്യകൂലി, പാര്‍പ്പിട സൌകര്യങ്ങള്‍, ചികിത്സാ സൌകര്യങ്ങള്‍, കാലാവസ്ഥാ കെടുതികളില്‍ നിന്ന് സംരക്ഷണത്തിനായുള്ള വസ്ത്രങ്ങള്‍, പരിക്കുപറ്റിയാല്‍ നഷ്ടപരിഹാരം തുടങ്ങി ചില സംരക്ഷണ നടപടികള്‍ പ്രദാനം ചെയ്യുന്ന അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ ക്രമീകരണവും സേവന വ്യവസ്ഥകളും) നിയമം 1979 ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതേവരെ അത് സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല.

സര്‍ക്കാരിന് ഈ നിയമം നടപ്പാക്കാന്‍ വേണ്ട സംവിധാനമൊന്നും ഇല്ലാത്ത സ്ഥിതിക്ക്, ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും അവരുടെ പ്രശ്നങ്ങള്‍ വേണ്ട ഗൌരവത്തില്‍ കണക്കിലെടുത്തിട്ടില്ല. അവരുടെ പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇടങ്ങളില്‍ അവര്‍ ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗണ്‍മെന്റ് നിയമംമൂലം നിരോധിച്ചിട്ടുള്ള അടിമവേല സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ് ഒട്ടേറെ കുടിയേറ്റ തൊഴിലാളികളുടേയും പ്രശ്നം.

***

M K Panthe, President, CITU

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു രാജ്യത്തുനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ കുടിയേറി പാര്‍ക്കുകയെന്ന പ്രതിഭാസം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ലോകവ്യാപകമായി തീര്‍ന്നിരിക്കുന്നു. കഴുത്തറപ്പന്‍ മത്സരത്തിന്റെ പരിതസ്ഥിതിയില്‍ ഉല്‍പ്പാദന ചെലവ് കുറച്ചുകൊണ്ടുവരുന്നതിനായി കുറഞ്ഞ കൂലിക്ക് ജോലിക്കാരെ കിട്ടുന്നതിനുള്ള ധനമൂലനത്തിന്റെ വ്യഗ്രത, രാജ്യത്തിനുള്ളിലും രാജ്യത്തിനു പുറത്തേക്കുമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്ന പ്രതിഭാസത്തിന് ശക്തമായ പ്രോത്സാഹനം നല്‍കി.

തൊഴിലാളികളുടെ കുടിയേറ്റം വ്യാപകമായതോടെ പൂര്‍ണ്ണമായും നിയന്ത്രണരഹിതമായ തൊഴില്‍ കമ്പോളം സൃഷ്ടിക്കപ്പെട്ടു. അത് ധനമൂലധനത്തിന് തൊഴില്‍ ബന്ധങ്ങളിലാകപ്പാടെ ആധിപത്യം സ്ഥാപിക്കാന്‍ അവസരമൊരുക്കി. മനുഷ്യ സ്വാധീനത്തില്‍ സമ്പൂര്‍ണ്ണമായ കുറവു വരുത്തിയതുമൂലം രാജ്യത്തിനുള്ളില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായ അളവില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു, തൊഴില്‍ കമ്പോളത്തില്‍ പുതുതായി എത്തിച്ചേരുന്നവര്‍ക്ക് തൊഴില്‍ അവസരം തേടി രാജ്യത്തിന് പുറത്തേയ്ക്ക് പോകേണ്ടതായി വരുന്നു.

കുടിയേറ്റക്കാരായ തൊഴിലാളികളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പലരും പറയാറുണ്ട്. വാക്കുകള്‍കൊണ്ട് അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുമുണ്ട്. പക്ഷേ ആരും അവര്‍ക്കുവേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ല. പക്ഷേ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് അവര്‍ക്ക് അര്‍ഹമായത് നല്‍കുകയാണെങ്കില്‍, മുതലാളിത്തത്തിന് ആഗോളകമ്പോളത്തിന്‍ മത്സരശേഷി നഷ്ടപ്പെടും. അതുകൊണ്ട്, മുതലാളിത്തയുക്തി, കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അര്‍ത്ഥപൂര്‍ണ്ണമായ നടപടിയൊന്നും കൈക്കൊള്ളാതെ കേവലം അധര വ്യായാമത്തില്‍ ഒതുങ്ങിനില്‍ക്കും.

ശ്രീ എം കെ പാന്ഥെ എഴുതുന്നു.