യു.പി.എ. സര്‍ക്കാരിനുള്ള ഇടതുപക്ഷപിന്തുണ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം...പ്രകാശ് കാരാട്ട് : കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കുന്നതില്‍ ഞങ്ങള്‍ മുന്‍ഗണനനല്‍കിയത് വര്‍ഗ്ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ്. കോണ്‍ഗ്രസ് ഉദാരവല്‍ക്കരണത്തെ വരിച്ച പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ രാജ്യത്തെ നവലിബറല്‍ പാതയിലൂടെ നയിക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടിരുന്നത്. ഇതെല്ലാം ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഈ സര്‍ക്കാരിന് ഞങ്ങള്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്, ബിജെപിയും വര്‍ഗീയ ശക്തികളും അധികാരത്തില്‍ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അങ്ങനെയാണ് കഴിഞ്ഞ നാലുവര്‍ഷം ഞങ്ങള്‍ സര്‍ക്കാരിനെപിന്തുണച്ചത്.
ഈ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഞങ്ങള്‍ അവരോട് പറഞ്ഞത്, നിങ്ങള്‍ തന്നെ അംഗീകരിച്ച പൊതുമിനിമം പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ്. പൊതുമിനിമം പരിപാടിയില്‍ ജനങ്ങള്‍ക്കനുകൂലമായ കുറേ വാഗ്ദാനങ്ങളും നടപടികളുമുണ്ടായിരുന്നു; പരിഷ്‌ക്കാരങ്ങളുടെയും നവ ലിബറല്‍ നയങ്ങളുടെയും പേരില്‍ നടപ്പാക്കാന്‍ അവര്‍ ആഗ്രഹിച്ചതില്‍നിന്ന് വിരുദ്ധമായ നടപടികളാണിവ. സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്കും എല്ലാ രംഗങ്ങളിലും വിദേശ നിക്ഷേപവും മൂലധനവും കൊണ്ടുവരുന്നതിനുമാണ് അവര്‍ ശ്രമിച്ചത്. അവയാന്നും അനുവദിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലായിരുന്നു. അവയെ ചെറുക്കാന്‍ കഴിഞ്ഞ നാലു വര്‍ഷവും ഞങ്ങള്‍ പരമാവധി പരിശ്രമിച്ചു.
പക്ഷേ, യഥാര്‍ത്ഥ പ്രശ്‌നം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയെ വഞ്ചിച്ചുവെന്നതാണ്. 2005 ജൂലൈ മാസത്തില്‍ അവര്‍ അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ അതിനെതിരായ ഞങ്ങളുടെ പോരാട്ടവും ആരംഭിച്ചു. വാഷിങ്ടണില്‍ പോയ ഡോ. മന്‍മോഹന്‍സിങ് പ്രസിഡന്റ് ബുഷുമായി ഒപ്പുവെച്ച ഈ കരാറാണ് അമേരിക്കയുമായുള്ള പ്രതിരോധ സഹകരണത്തിന് വഴി തുറന്നത്. അമേരിക്കയുമായി 10 വര്‍ഷത്തേക്കുള്ള സൈനിക സഹകരണ കരാറാണ് ഒപ്പുവെച്ചത്. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനുശേഷം നാളിതുവരെ ഒരു രാജ്യവുമായും ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല. സോവിയറ്റ് യൂണിയനുമായ നല്ല ബന്ധം നിലനിന്ന കാലത്ത് അവരുമായിപ്പോലും ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിരുന്നില്ല. ഈ സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുമായി സൈനിക സഹകരണത്തിന് വഴി തുറന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ മാതൃകയിലുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാനും അവര്‍ തീരുമാനിച്ചു. തന്ത്രപരമായ സാമ്പത്തിക സഹകരണം എന്നാണ് അതിനെവിളിക്കുന്നത്. മൂന്നാമത്തേതാണ് ആണവക്കരാര്‍. 2005ല്‍ ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചാണ് അവര്‍ തീരുമാനിച്ചത്. അതിനാല്‍ ഞങ്ങളുടെ പോരാട്ടം കേവലം ആണവക്കരാറിനെതിരായി മാത്രമല്ല. ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്നതിനെതിരെയായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇടതു പാര്‍ടികളുടെ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ അമേരിക്കയുമായി ഈ വിധത്തിലുള്ള സഖ്യവുമായി മുന്നോട്ടു പോകുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന്.
പ്രകാശ് കാരാട്ടും ഡോ.മന്‍മോഹന്‍സിങ്ങും തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആണവപ്രശ്‌നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്പ്രകാശ് കാരാട്ട് : അത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പണിയാണ്. സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കും തത്വാധിഷ്ഠിതമായ ചില അടിസ്ഥാനനിലപാടുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് കഴിയില്ല. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന് ഞങ്ങള്‍ എതിരാണെന്നതാണ് കാര്യം. നമ്മുടെ വിദേശനയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ആ സഖ്യത്തെ ഞങ്ങള്‍ എതിര്‍ക്കുന്നത്. അങ്ങനെ ഒരു സഖ്യമുണ്ടാക്കിയാല്‍ നമ്മുടെ സ്വതന്ത്ര വിദേശനയം അസാധ്യമാകും. നമ്മുടെ തന്ത്രപരമായ സ്വയംഭരണത്തെപ്പോലും അത് പ്രതികൂലമായി ബാധിക്കും. ഇത് അടിസ്ഥാനപരമായ ഒരു നിലപാടാണ്. പക്ഷേ, ഇതവര്‍ (മാധ്യമങ്ങള്‍) ഇഷ്ടപ്പെടുന്നില്ല. ഞങ്ങളുടെ പാര്‍ടി കേന്ദ്രക്കമ്മിറ്റിയും പാര്‍ടി കോണ്‍ഗ്രസും കൈക്കൊണ്ട നിലപാടാണ് ഇത്. നാല് ഇടതുപാര്‍ട്ടികളും കൂട്ടായി അംഗീകരിച്ച നിലപാടുമാണ്. ഈ പ്രശ്‌നത്തെ ഞങ്ങളുടെ ഭാഗത്തുള്ള ഒരു വ്യക്തിയും സര്‍ക്കാരിന്റെ ഭാഗത്തുള്ള മറ്റൊരു വ്യക്തിയും തമ്മിലുള്ള ഏറ്റുമുട്ടലായി കരുതുന്നവര്‍ ഇടതുപാര്‍ടികളുടെയാകെ ബുദ്ധിശക്തിയെ അധിക്ഷേപിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്.
ഞാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്ന വാക്കാണ് ഉപയോഗിച്ചത്. അപ്പോഴും ആളുകള്‍ ചിന്തിക്കുന്നത് അത് ഒരു വ്യക്തി മാത്രമാണ് എന്നാണ്. കോണ്‍ഗ്രസ് പാര്‍ടിയും മറ്റെല്ലാ പാര്‍ടികളും ചില താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ചില വര്‍ഗ്ഗ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേവലം വ്യക്തികള്‍ മാത്രമല്ല. കോണ്‍ഗ്രസ് ഈ രാജ്യത്തെ മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താല്‍പര്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ടിയെ സംബന്ധിച്ച ഞങ്ങളുടെ ധാരണ അതാണ്. അതിനാല്‍, കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് പറയുമ്പോള്‍, അവരെ ഒരു കൂട്ടമായിട്ടാണ് ഞങ്ങള്‍ പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് പറയുമ്പോള്‍, ശരിയാണ്, അദ്ദേഹമാണ് പ്രധാനമന്ത്രി. തന്റെ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍നിന്നും പ്രധാനമന്ത്രി തന്നെ അകന്നുപോയിരിക്കുന്നു; പ്രസിഡന്റ് ബുഷുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. നിശ്ചയമായും അക്കാര്യത്തില്‍ അദ്ദേഹത്തെ എടുത്തുപറഞ്ഞ് ഞങ്ങള്‍ വിമര്‍ശിക്കും.
ദേശീയ രാഷ്‌ട്രീയരംഗം അങ്ങ് എങ്ങിനെ വിലയിരുത്തുന്നു ?പ്രകാശ് കാരാട്ട് : രണ്ട് കാര്യങ്ങളുണ്ട്. ഒരു പുതിയ രാഷ്‌ട്രീയ സാഹചര്യം ഉണ്ടായിരിക്കുന്നു. ഈ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍, ഇടതുപാര്‍ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ഞങ്ങള്‍ എടുത്തിട്ടുള്ള ധാരണ അഥവാ കരാര്‍ ആണ് ഒന്നാമത്തെ ഘടകം. ഞങ്ങള്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്തും എന്നും യുപിഎയില്‍ ചേരാന്‍ ഇല്ല എന്നുമാണ് ആ ധാരണ. ഞങ്ങളുടെ പാര്‍ടികള്‍ ഡിഎംകെ, ആര്‍ജെഡി, എന്‍സിപി എന്നിവയെപ്പോലുള്ള പാര്‍ടികളല്ല. അവയെല്ലാം കോണ്‍ഗ്രസ് പാര്‍ടിയോടൊപ്പം, യുപിഎയുടെ ഭാഗമാണ്. കോണ്‍ഗ്രസ് പാര്‍ടിയുമായി എന്തെങ്കിലും ധാരണയോ സഖ്യമോ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കാവില്ല. തെരഞ്ഞെടുപ്പിന് മുമ്പായാലും അതിനുശേഷമായാലും അതാണ് സ്ഥിതി. ഒരു വിധത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഈ മുന്നണിക്ക് പിന്തുണ നല്‍കേണ്ട ഒരു ബാധ്യതയും ഇനി ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ എല്ലാ മതേതര കോണ്‍ഗ്രസിതര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇപ്പോള്‍ കോണ്‍ഗ്രസിനോടോ ബിജെപിയോടോ സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിതര മതേതര പാര്‍ടികളെയാണ് ഉദ്ദേശിക്കുന്നത്. അവയില്‍ മിക്കവാറും എല്ലാ പാര്‍ടികളും വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാരിനും ആണവക്കരാറിനും എതിരെ ഒന്നിച്ച് അണിചേര്‍ന്നിരുന്നു. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് കൂടിയിരുന്നു; രാജ്യമാകെ ഒരു ക്യാമ്പയ്ന്‍ സംഘടിപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു കൂട്ടത്തില്‍ മറ്റെല്ലാ ശക്തികളെയും അണിനിരത്താനും തീരുമാനിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു മൂന്നാംശക്തിയെ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് ഒരളവുവരെ വിജയിച്ചിട്ടുമുണ്ട്.
ബിഎസ്‌പിയുടെയും മായാവതിയുടെയും വിശ്വാസ്യതയും അവസരവാദ നയങ്ങളും പാര്‍ട്ടി കാണുന്നില്ലേ. മൂന്നാം ബദലിന് വിജയസാധ്യതയുണ്ടോ?പ്രകാശ് കാരാട്ട് : മൂന്നാം ബദല്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. തെരഞ്ഞെടുപ്പ് നേരിടുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടുകെട്ടായിട്ടല്ല മൂന്നാം ബദലിനെസംബന്ധിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ ധാരണ. നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലുള്ളതായിരിക്കും മൂന്നാംബദല്‍. ഏപ്രിലില്‍ ചേര്‍ന്ന ഞങ്ങളുടെ പാര്‍ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ പറഞ്ഞത് മൂന്നാം ബദല്‍ ആയിട്ടില്ലയെന്നാണ്. സമാജ്‌വാദി പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യുഎന്‍പിഎയെപ്പോലും ഞങ്ങള്‍ മൂന്നാംബദലായി പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ ചിന്തിക്കുന്ന തരത്തിലുള്ള ബദല്‍ ഇതൊന്നുമല്ല. വിലക്കയറ്റം, ആണവക്കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് സഹകരിക്കാനാവും. ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നാണെങ്കില്‍ അതിനും സാധ്യമാണ്. മൂന്നാംബദല്‍ എന്നാല്‍ ഇതിനെല്ലാം ഉപരിയായ ദൃഢതയുള്ളതെന്നാണ് അര്‍ത്ഥം; വ്യക്തമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതെന്നാണ് അര്‍ത്ഥം. രാജ്യം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മൂന്നാംബദലിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നത് ബിജെപി ഇതര, കോണ്‍ഗ്രസിതര ശക്തികളുടെ ഒരു കൂട്ടുകെട്ടിനെക്കുറിച്ചാണ്. അതിന് ഒരു മൂന്നാം തെരഞ്ഞെടുപ്പ് ശക്തിയെന്ന് പറയാം. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഈ പ്രാദേശികരാഷ്‌ട്രീയ പാര്‍ടികളുടെയെല്ലാം വിശ്വാസ്യതയെക്കുറിച്ച് എന്താണഭിപ്രായം? പ്രകാശ് കാരാട്ട് : നമ്മുടെ രാജ്യത്തുള്ള മിക്കവാറും എല്ലാ പ്രാദേശിക പാര്‍ടികളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടിയിട്ടുള്ളവരാണ്. അതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉറപ്പുള്ള ഒരു സഖ്യത്തിലേക്ക് അവരെ കൊണ്ടുവരാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ അത് സംഭവിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം, ഒരു മൂന്നാംബദല്‍ രൂപീകരിക്കാന്‍ തെരക്കിട്ട് ഞങ്ങള്‍ ശ്രമിക്കുന്നില്ല. പക്ഷേ, ഒരു മൂന്നാം ബദല്‍ ഇല്ലെങ്കില്‍പ്പോലും പല സംസ്ഥാനങ്ങളിലും ബിജെപിയെയോ ചിലപ്പോള്‍ കോണ്‍ഗ്രസിനെയോ ചെറുക്കാന്‍ മറ്റു കക്ഷികളുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഇത്തവണ ഈ രണ്ടു കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഈ പാര്‍ടികളെ ഒന്നിച്ചുകൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ബിഎസ്‌പിക്കെതിരായ പ്രധാനആരോപണം അവര്‍ ജാതി രാഷ്‌ട്രീയം കളിക്കുന്നു എന്നതാണ് സിപിഐഎം വ്യക്തമായും അതിനെതിരുമാണ്... പ്രകാശ് കാരാട്ട് : കമ്യൂണിസ്‌റ്റ് പാര്‍ടിയൊഴികെ മറ്റേത് പാര്‍ടിയാണ് ജാതിയെ ഉപയോഗിക്കാത്തത്? ബിജെപിയും കോണ്‍ഗ്രസും ജാതിയെ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ഉത്തരപ്രദേശില്‍ ചെന്ന് നോക്കൂ. ഈ എല്ലാ പാര്‍ട്ടികളും ജാതി സമ്മേളനങ്ങളും ഉപജാതി സമ്മേളനങ്ങളും ചേരാറുണ്ട്; ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ അണിനിരത്താന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്കതറിയാം. ദളിതരായ ജനവിഭാഗങ്ങളുടെ ആശങ്കകള്‍ക്ക് ജനാധിപത്യപരമായ ഒരു തലം ഉണ്ടെന്ന അഭിപ്രായമാണ് സിപിഐ എമ്മിനുള്ളത്. നിന്ദിതരും പീഡിതരുമായ ജനവിഭാഗമാണ് അവര്‍; നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുന്ന മര്‍ദ്ദിത ജാതിയാണവര്‍. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ അധികാരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അവര്‍ എവിടെയെങ്കിലും ഉറച്ചുനില്‍ക്കുയാണെങ്കില്‍ അതിനെവെറും ജാതി പരിഗണനയുടെ പേരില്‍ തള്ളിക്കളയാനാവില്ല. അത് നിങ്ങള്‍ അംഗീകരിക്കേണ്ടതാണ്. അതേസമയം തന്നെ, സിപിഐ എം, ഒരു കമ്യൂണിസ്‌റ്റ് പാര്‍ടിയെന്ന നിലയില്‍, സങ്കുചിത ജാതി രാഷ്‌ട്രീയത്തെ അംഗീകരിക്കാനോ അതില്‍ ഉള്‍പ്പെടാനോ ജാതി രാഷ്‌ട്രീയം കളിക്കാനോ പാടില്ല. ഇപ്പോള്‍, ഞങ്ങള്‍ മൂന്ന് നാല് പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ; അക്കാര്യം മാത്രമേ ചര്‍ച്ച ചെയ്തിട്ടുമുള്ളൂ. വിലക്കയറ്റം, ആണവക്കരാര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വര്‍ഗ്ഗീയത, ഭരണസഖ്യത്തിന്റെ അഴിമതി നിറഞ്ഞ നടപടികള്‍.
ഇടതുപാര്‍ടികള്‍ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റ് ലഭിച്ചിട്ടുണ്ട്. അതായത് 60ല്‍ അധികം. ഈ സ്വാധീനം കൊണ്ടുമാത്രം ഒരു പ്രബല ശക്തിയായി പാര്‍ലമെന്റില്‍ എത്താനാവുമോ?പ്രകാശ് കാരാട്ട് : ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1996ല്‍ ഇടതുപക്ഷത്തിന് ഇത്രയും അംഗസംഖ്യ ഉണ്ടായിരുന്നില്ല. ഇത് എണ്ണത്തിന്റെ പ്രശ്‌നമല്ല. ഇത് വിശ്വാസ്യതയുടെയും ഇടതുപക്ഷത്തിന്റെ നയങ്ങളുടെയും പ്രശ്‌നമാണ്; അതാണ് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് എഴുപതോ എണ്‍പതോ എംപിമാര്‍ ഉണ്ടായിരിക്കാം. എന്നാല്‍ സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറച്ച നിലപാടില്ലെങ്കില്‍ ആ എണ്ണംകൊണ്ട് എന്താണ് ഫലം? ഇടതുപക്ഷത്തിന് ഈ രാഷ്‌ട്രീയ വീക്ഷണം, സുവ്യക്തമായ നയവും നിലപാടും ഇല്ലെങ്കിലുള്ള സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. അതുകൊണ്ട് എത്ര എണ്ണം ഉണ്ടെന്നതല്ല കാര്യം. നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം നിര്‍ണ്ണയിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് നാല്‍പതോ അമ്പതോ അറുപതോ അംഗങ്ങള്‍ എന്നതല്ല പ്രശ്‌നം.
ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐഎം എപ്പോഴും പറയാറുണ്ട്. തെരെഞ്ഞെടുപ്പ് നേട്ടമായി അത് പ്രതിഫലിക്കുമോ?പ്രകാശ് കാരാട്ട് : ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക്, ഞങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതിക്ക്, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ കഴിയും വിധത്തിലുള്ള രാഷ്‌ട്രീയ സ്വാധീനമായി മാറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഉത്തര്‍പ്രദേശിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ ഒട്ടേറെ കലങ്ങി മറിയലുകള്‍ സംഭവിക്കുന്നുണ്ട്. മാറ്റങ്ങളും മറിച്ചിലുകളും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ കാരണമല്ല അത് നടക്കുന്നത്.
സിപിഐ എം എപ്പോഴും ചൈനക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യ ആരോപണങ്ങളിലൊന്നാണ്. ഈ വിമര്‍ശനത്തെക്കുറിച്ച് എന്ത് പറയുന്നു. ആണവകരാറിന്റെ കാര്യത്തിലും ഈ വിമര്‍ശനം കേട്ടു...പ്രകാശ് കാരാട്ട് : വളരെ സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍, നിരക്ഷര കുക്ഷികളായ കുറേ കോണ്‍ഗ്രസുകാരാണ് അങ്ങനെപറയുന്നത്. ഇന്ത്യയിലെ ആണവ പ്രശ്‌നത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ചൈനീസ് സര്‍ക്കാരിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമാണ്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ചേരണം എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ എന്‍പിടിയില്‍ ചേരുന്നതിന് ഞങ്ങള്‍ എക്കാലവും എതിരാണ്. ചൈന ആണവായുധ രാഷ്‌ട്രമാണ്. ആണവായുധ രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അഞ്ച് രാജ്യങ്ങളാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ ഈ അഞ്ച് രാഷ്‌ട്രങ്ങള്‍ക്കും പ്രത്യേക പദവിയാണ്. എന്‍പിടി പ്രകാരം നമ്മള്‍ ആണവ ആയുധ രഹിത രാജ്യമാണ്. അന്താരാഷ്‌ട്ര സമൂഹം നമ്മെ രണ്ടാംകിട പൌരന്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍തന്നെ ഞങ്ങള്‍ പറയുന്നത് ഇത് വിവേചനമാണ് എന്നാണ്... ഇത് ലോകത്തെ ആണവായുധങ്ങള്‍ ഉള്ളവരെന്നും ആണവായുധരഹിതരെന്നും രണ്ടായി തിരിക്കുന്നു.
അമേരിക്കയ്ക്കുള്ള, മുമ്പ് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന സൌകര്യങ്ങള്‍ ചൈനയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൈന അമേരിക്കയുമായി ഇടപെടുമ്പോള്‍, അത് സമന്മാര്‍ തമ്മിലുള്ള ഇടപാടാണ്. രണ്ടുകൂട്ടരും ആണവായുധ രാഷ്‌ട്രങ്ങളാണ്. നമുക്കുള്ള നിയന്ത്രണങ്ങളൊന്നും അവര്‍ക്കില്ല. ചൈനക്ക് അവരുടെ ഒരു ആണവ റിയാൿടറിനെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താം. അടുത്ത ദിവസം തന്നെ അവര്‍ക്കുവേണമെങ്കില്‍ ഇതുപറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാം. നമുക്ക് അങ്ങനെചെയ്യാന്‍ കഴിയില്ല. നാം ഒപ്പിടുന്ന സുരക്ഷാ മാനദണ്ഡ കരാറില്‍ പോലും, നാം ഒപ്പിടുന്നത് ശാശ്വതമായാണ്. അതുകൊണ്ട്, അമേരിക്കയും ചൈനയും തമ്മിലുള്ള 123 കരാറിനെയും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 123 കരാറിനെയും കുറിച്ച് ഒന്നുപോലെ കാണുന്നത് മണ്ടത്തരമാണ്.
ചൈനയും അമേരിക്കയും ആണവായുധ രാഷ്‌ട്രങ്ങളാണ്. അന്താരാഷ്‌ട്ര ഉടമ്പടികളിലും നിയമങ്ങളിലും അവരെ (ചൈന) വ്യത്യസ്‌ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നമ്മളെ മറ്റൊരു വിഭാഗമായാണ് കാണുന്നത്. അപ്പോള്‍ അമേരിക്കയുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ചൈനീസ് നിലപാടുമായി എങ്ങനെയാണ് നാം താരതമ്യപ്പെടുത്തുന്നത്? ചൈനയും അമേരിക്കയും ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുന്നത്. അതുകൊണ്ട് ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളും മുന്‍ഗണനകളും ഉണ്ട്; അതേപോലെ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എവിടെയാണ് ചൈനയെ അനുകൂലിക്കുന്ന പ്രശ്‌നം വരുന്നത്? ചൈനയും അമേരിക്കയും ചെയ്യുന്നതിനെപിന്തുടരരുത് എന്നാണ് ഞങ്ങള്‍ പറയുന്നത്. അഥവാ എല്ലാ ആണവായുധ രാജ്യങ്ങളും കൂടി സംയുക്തമായി ഇക്കാര്യം പറഞ്ഞാലും അത് അംഗീകരിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.
ചൈനയുമായിപ്പോലും കിടപിടിക്കത്തക്ക വിധത്തിലുള്ള ഒരു ശക്തിയായി ഇന്ത്യയെ മാറ്റാന്‍ അമേരിക്ക സഹായിക്കുമെങ്കില്‍ അത് എന്തുകൊണ്ടായിക്കൂടാ എന്നുള്ള ഇടത്തരക്കാരുടെ ചോദ്യത്തെക്കുറിച്ച് ?പ്രകാശ് കാരാട്ട് : ഏത് ഇടത്തരക്കാരാണ് ഇങ്ങനെപറയുന്നത്? സര്‍വോപരി ഇതേ ഇടത്തരക്കാരാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളത്. അവരാണ് ദേശീയതയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വാതന്ത്ര്യസമരത്തെ നയിക്കുകയും ചെയ്തത്. ഇതില്‍ പല വിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇതേ ഇടത്തരക്കാര്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്താനോ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനോ നാം ജൂനിയര്‍ പങ്കാളികളായി അമേരിക്കയുമായി കരാറുണ്ടാക്കാനോ ആലോചിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇതാണ് ഇടത്തരക്കാരുടെ അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. അമേരിക്കയുമായും ബഹുരാഷ്‌ട്ര കമ്പനികളുമായും ബന്ധപ്പെടുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ നേരിട്ടനുഭവിക്കുന്ന നമ്മുടെ രാജ്യത്തിലെ ഇടത്തരക്കാരിലെ ചെറിയൊരു വിഭാഗം ഇങ്ങനെഉണ്ടാകാം. ശരിയാണ്, അങ്ങനെയൊരു വിഭാഗമുണ്ട്. അവര്‍ സ്വാധീനശക്തിയുള്ള വിഭാഗവുമാണ്. ഇടത്തരക്കാരുടെ പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞങ്ങളും ഇടത്തരക്കാരുമായി ഇടപെടാറുണ്ട്. വിവിധ സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടത്തരം തലങ്ങളിലുള്ള ജോലികള്‍ ചെയ്യുന്ന ജീവനക്കാരുമായി ഞങ്ങള്‍ നിത്യവും ബന്ധപ്പെടാറുണ്ട്. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങളോട് സംസാരിക്കാറുണ്ട്. ഇന്ത്യ ഒരു വിധത്തിലും നമ്മുടെ സ്വാതന്ത്ര്യമോ പരമാധികാരമോ പരിമിതപ്പെടുത്താന്‍ പാടില്ലെന്നതാണ് അവരുടെ വികാരം. അമേരിക്ക നമ്മളോട് പറയുന്നത്, കോണ്ടലീസ റൈസ് ഇന്ത്യയില്‍ വന്ന് പറഞ്ഞത്, ഇന്ത്യയെ ഒരു വന്‍ശക്തിയാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതായാണ്. മറ്റൊരു വന്‍ശക്തിയുടെ സഹായത്തോടുകൂടി ആരും ഇതേവരെ വന്‍ശക്തിയായി മാറിയിട്ടില്ല; കോളനിവല്‍ക്കരിക്കപ്പെടുകയേയുള്ളൂ.
ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നത് അമേരിക്കയുള്ള സഹകരണം വഴി ലഭിക്കുന്ന സൌകര്യങ്ങള്‍, അത് സാങ്കേതിക തലത്തിലുള്ള സഹകരണമല്ലെങ്കില്‍പ്പോലും നല്ലതാണെന്നാണ്....പ്രകാശ് കാരാട്ട് : കൃത്യമായും ഇതാണ് ആണവക്കരാറുമായുള്ള പ്രശ്‌നം. നമ്മുടെ ആണവ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ സാങ്കേതിക വിദ്യയും ഈ ആണവ സഹകരണ കരാറിലൂടെ അമേരിക്ക നമുക്ക് നല്‍കുകയാണെന്നാണ് നമ്മളോട് അവര്‍ പറഞ്ഞത്. പക്ഷേ, ഹൈഡ് ആൿട് പാസാക്കിയതോടെ, ഇപ്പോള്‍ 123 കരാര്‍ ഒപ്പിട്ടതോടെയും അവര്‍ നമുക്ക് പുനഃസംസ്കരണത്തിന്റെയോ സമ്പുഷ്‌ടീകരണത്തിന്റെയോ സമ്പൂര്‍ണ്ണ ആണവ പരിവൃത്തിയുടെയോ സാങ്കേതിക വിദ്യയൊന്നും തരാന്‍ തയ്യാറല്ല. അതേപോലെ ഇരട്ട ഉപയോഗ സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. സൈനികാവശ്യങ്ങള്‍ക്കോ സിവിലിയന്‍ ആണവാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഏത് സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. നമുക്കെതിരെ ഉപരോധങ്ങളും നിലവിലുണ്ട്. ഇവിടെയുള്ള നമ്മുടെ ചില സ്ഥാപനങ്ങള്‍ക്ക് നിയമവിരുദ്ധമായി സാങ്കേതിക വിദ്യ നല്‍കിയതിന് അമേരിക്കയിലെ ജയിലുകളില്‍ ചിലരെ അവര്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വലിയ വ്യാമോഹം നമുക്ക് വേണ്ട. സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് നേരെ ചൊവ്വെയുള്ള കരാറായിരുന്നെങ്കില്‍, നമ്മുടെ പരമാധികാരത്തിന്മേലോ നമ്മുടെ വിദേശനയം സംബന്ധിച്ചോ വ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അതിനെഎതിര്‍ക്കുകയുമില്ലായിരുന്നു.
ഉദാരവല്‍ക്കരണം അഭിവൃദ്ധികൊണ്ടുവന്നു എന്നുള്ള കോണ്‍ഗ്രസ്സ് - ബി.ജെ.പി. വാദത്തെകുറിച്ച് എന്ത് പറയുന്നു ?പ്രകാശ് കാരാട്ട് : ശരിയാണ്, ഇന്ത്യ 'അഭിവൃദ്ധി'പ്പെടുകയാണ്. നാം 500 ശതകോടീശ്വരന്മാരെ ഇപ്പോള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് ശതകോടീശ്വരന്മാരുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്. നാം അഭിമാനം കൊള്ളേണ്ടത് അതാണെങ്കില്‍, പ്രധാനമന്ത്രിക്ക് ഈ തരത്തിലുള്ള വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളാം. ഈ 9% ജിഡിപി വളര്‍ച്ചാ നിരക്ക് ശതകോടീശ്വരന്മാരുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടവരുത്തുന്നതോടൊപ്പം മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ദാരിദ്ര്യവും ദുരിതവുമാണ് നല്‍കുന്നത്.
ഞങ്ങള്‍ ആ തരത്തിലുള്ള വളര്‍ച്ചയ്ക്കുവേണ്ടിയല്ല നില്‍ക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വളര്‍ച്ചയെക്കുറിച്ച് സുവ്യക്തമായ ഒരു ബദല്‍ മാതൃകയുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പിന്നെ, സാങ്കേതിക വിദ്യയുടെ കാര്യം. സാങ്കേതിക വിദ്യ ആര്, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. ഞങ്ങളാരും സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യ ഒരു ചെറിയ ന്യൂനപക്ഷം വരുന്ന ആളുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണെങ്കിലാണ്, മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ചെയ്യുന്നതല്ലെങ്കിലാണ്, ഞങ്ങള്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തെ വിമര്‍ശിക്കുന്നത് അല്ലാതെ, സാങ്കേതികവിദ്യയെയല്ല. ഞങ്ങള്‍ ആണവ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. ഞങ്ങള്‍ പറയുന്നത്, അമേരിക്കയുടെ ഉപരോധമെല്ലാം ഉണ്ടായിരുന്നിട്ടും, 1950കളില്‍ ഡോ. ഹോമി ഭാഭയുടെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നാണ്. മൂന്നുഘട്ടങ്ങളുള്ള ആണവ വികസനപരിപാടി നമുക്കുണ്ട്; അമേരിക്കയുമായി ഇതുപോലുള്ള ഒരു കരാറുണ്ടാക്കി അതിനെഅപകടപ്പെടുത്തരുതെന്നും നശിപ്പിക്കരുതെന്നുമാണ് ഞങ്ങള്‍ പറയുന്നത്.
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കമ്യൂണിസ്റുകാര്‍ അതിനെതിരായിരുന്നു, എന്നാല്‍ അവരും കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നു. ഈ വിമര്‍ശനത്തെക്കുറിച്ച്...പ്രകാശ് കാരാട്ട് : ഞങ്ങള്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. സാങ്കേതിക വിദ്യ നടപ്പിലാക്കുമ്പോള്‍, മുതലാളിത്ത വ്യവസ്ഥ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ അതിനെഎതിര്‍ക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സവിശേഷമായ ഉയര്‍ന്ന പദവി സര്‍ക്കാര്‍ നല്‍കുകയാണ്. ടെലികോമില്‍ നിങ്ങള്‍ക്ക് 74% എഫ്‌ഡിഐ അനുവദിക്കാനാവില്ല. ആവശ്യമുള്ള വിഭവങ്ങളുണ്ട്. നമുക്ക് തന്നെ സാങ്കേതിക വിദ്യ വികസിപ്പിക്കാം, സാങ്കേതിക വിദ്യ ലഭിക്കുകപോലും ചെയ്യും, പക്ഷേ, എന്തിനാണ് നാം 74 ശതമാനം നിയന്ത്രണം കൈമാറുന്നത്? അതിന്റെ അര്‍ത്ഥം പരിപൂര്‍ണമായ വിദേശ പങ്കാളിത്തം എന്നാണ്. വോഡഫോണ്‍ ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയെ പൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ ഇനി അതിവേഗം ടെലികോം മേഖലയില്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ പരിപൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കുന്നത് നമുക്ക് കാണാം. ടെലികോം കമ്പനികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വിമര്‍ശനം. ടെലികോം സാങ്കേതിക വിദ്യയിലുള്ള സ്വയംപര്യാപ്തമായ നമ്മുടെ തദ്ദേശീയ വികസനത്തെയും നമ്മുടെ ഇന്ത്യന്‍ കമ്പനികളെയും വിദേശ മൂലധനം വിഴുങ്ങാതിരിക്കാനാണത്.
ഇടതുപക്ഷത്തിന് ഉദാരവല്‍ക്കരണ പ്രക്രിയയെ തടയാനാവില്ല എന്നാണ് ചില സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നത്... പ്രകാശ് കാരാട്ട് : ഉദാരവല്‍ക്കരണ നയത്തെ ഏതെങ്കിലും ഒരു സംസ്ഥാനസര്‍ക്കാരിന് തടയാനോ മാറ്റാനോ പറ്റില്ലെന്നത് വസ്‌തുത തന്നെയാണ്. അതില്‍ ചില ഭേദഗതികള്‍ വരുത്താനേഅവയ്ക്കു പറ്റൂ. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില ബദല്‍ നടപടികള്‍ സ്വീകരിക്കാനേപറ്റൂ. ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനേകഴിയൂ. ഇപ്പോള്‍ അതൊരു ഇടതുപക്ഷ സര്‍ക്കാരല്ല. കേന്ദ്രത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ബദല്‍ നടപടി കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ഇതേവരെ അതിനെഅതിജീവിച്ചു. ഉദാരവല്‍ക്കരണാനന്തരം ഏറ്റവും നികൃഷ്‌ടമായ തരത്തിലുള്ള മുതലാളിത്തമാണ് നമ്മുടെ രാജ്യത്ത് പ്രയോഗത്തിലുള്ളത്. പക്ഷേ അത് ഞങ്ങളെ ദുര്‍ബലരാക്കിയില്ല. ഞങ്ങള്‍ അതിനെതിരെ പൊരുതി. അതിനെ ദുർബലമാക്കാൻ ആളുകള്‍, പണം, ജാതി, മതം തുടങ്ങി എല്ലാ സംഗതികളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഞങ്ങള്‍ അതിനെല്ലാം എതിരെ പൊരുതി ചെറുത്തു നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അങ്ങനെതന്നെ ഇനിയും തുടരും. ഞങ്ങള്‍ അതിന് കീഴടങ്ങുകയില്ല.
സിപിഐ എം മുസ്ളിം കാര്‍ഡ് കളിക്കുകയാണെന്നാണ് ലീഗ് ആരോപിക്കുന്നത്. ആണവക്കരാറില്‍ ഒരു മുസ്ളിം ഘടകം കണ്ടുകൊണ്ടാണ് സിപിഐ എം നീങ്ങുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നു...പ്രകാശ് കാരാട്ട് :മുസ്ളിംലീഗു മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ടിയും ഞങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണിത്. ഞങ്ങള്‍ ആണവകരാറിനെഎതിര്‍ക്കുന്നത് അത് അമേരിക്കയുമായുള്ള അസമമായ കരാറാണ് എന്ന നിലയിലാണ്.
നേരത്തേ, ഇറാനെതിരായി ഇന്ത്യ വോട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഞങ്ങള്‍ മുസ്ളിം കാര്‍ഡ് കളിക്കുകയാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. ഞങ്ങളതിന് മറുപടിയും പറഞ്ഞിട്ടുണ്ട്. ക്രിസ്‌ത്യന്‍ രാജ്യമായ വെനിസ്വേലയെ അമേരിക്ക ആക്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ കൂടുതല്‍ ശക്തമായ ഒരു നിലപാട് കൈക്കൊള്ളും. പ്രസിഡന്റ് ഷാവേസിനെ അസ്ഥിരീകരിക്കുവാന്‍ അവര്‍ ശ്രമിക്കുകയാണെങ്കില്‍, മുസ്ളിമെന്നോ ക്രിസ്‌ത്യനെന്നോ ഹിന്ദുവെന്നോ ഞങ്ങള്‍ നോക്കുകയില്ല. രാജ്യങ്ങളെയും പാര്‍ടികളെയും ഗവണ്‍മെന്റുകളെയും ആണ് ഞങ്ങള്‍ നോക്കുന്നത്. സാമ്രാജ്യത്വത്തിനെതിരായി അവ കൈക്കൊള്ളുന്ന നിലപാട് എന്താണെന്ന് നോക്കും. ഇറാനിലെ ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് യോജിപ്പുണ്ടാവണമെന്നില്ല. എന്നാല്‍ പരമാധികാര രാഷ്‌ട്രമെന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ഇറാന്‍ സമരം ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ആ അവകാശം അവര്‍ക്ക് നല്‍കപ്പെട്ടതാണ്. ആ അവകാശം അവരില്‍നിന്ന് എടുത്തുകളയാന്‍ അമേരിക്ക നിയമവിരുദ്ധമായി ശ്രമിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളതിനെ അങ്ങനെയാണ് കാണുന്നത്.
ലോകത്തിലെ ഏറ്റവും ആധുനികമായ മതനിരപേക്ഷ അറബി രാഷ്‌ട്രമായിരുന്നു ഇറാക്ക്. അതിനെയാണ് തന്റെ ഏതാണ്ട് എട്ടുകൊല്ലത്തെ പ്രസിഡന്റ് കാലാവധിക്കുള്ളില്‍ പ്രസിഡന്റ് ബുഷ് ആക്രമിച്ചതും അധിനിവേശം നടത്തിയതും നശിപ്പിച്ചതും. ഇപ്പോള്‍ അമേരിക്ക, ഇറാനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാനെതിരായി സൈനികാക്രമണം നടത്തുമെന്ന് ദിവസംതോറും അമേരിക്കയും ഇസ്രയേലും ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. മുസ്ളിങ്ങളെ വെറുക്കുന്ന ഒരു വ്യക്തിയായി ബുഷിനെ ലോകത്തിലെ മുസ്ളിം ജനങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍, അതിനുകാരണം ഞങ്ങളല്ല; അതിനു കാരണം പ്രസിഡണ്ട് ബുഷ് തന്നെയാണ്. അറബി ലോകത്തിലുള്ള വീക്ഷണം അതാണ്. മുസ്ളിം ലോകത്തിലും മുസ്ളിം രാജ്യങ്ങളിലും ഉള്ള വീക്ഷണം അതാണ്. അത്തരം ചില അഭിപ്രായങ്ങളോട് ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്കും യോജിപ്പുണ്ട്.
ബുഷിന് അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്ത് 26 ശതമാനത്തില്‍ കൂടുതല്‍ ആളുകളുടെ അനുകൂലാഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ക്ക് മഹാഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തുപോലും ജനങ്ങള്‍ അദ്ദേഹത്തെ വലിയ മഹാനെന്ന് കരുതുന്നില്ല. അതുകൊണ്ട് മുസ്ളിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ ഉള്ള പ്രശ്‌നം ഉദിക്കുന്നതേയില്ല. പ്രശ്‌നം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി എന്താണ് പറയുന്നതെന്നു നോക്കാതെ, ഞങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിലപാട് കൈക്കൊള്ളും.
അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, തിരഞ്ഞെടുപ്പിനുശേഷമുള്ള അവസ്ഥയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുവരും എന്ന് ജനങ്ങള്‍ പറയുന്നു...പ്രകാശ് കാരാട്ട് :2009 എന്നത് 2004ന്റെ ആവര്‍ത്തനമായിരിക്കുകയില്ല. ഒന്നാമത് അന്ന് 6 കൊല്ലക്കാലത്തെ ബിജെപി ഭരണമുണ്ടായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം. ഞങ്ങള്‍ പ്രചരണം നടത്തി; ഒരു മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാകണം എന്ന് ഞങ്ങള്‍ പ്രസ്‌താവിച്ചു. ഇപ്പോള്‍ അഞ്ചു കൊല്ലക്കാലത്തെ കോണ്‍ഗ്രസിന്റെ ഭരണമാണ് കഴിയാന്‍ പോകുന്നത്. അക്കാര്യം വിസ്‌മരിക്കരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പൊതുമിനിമം പരിപാടിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചു; സാമ്രാജ്യത്വാനുകൂലമായ ഒരു നയം സ്വീകരിച്ചു; ജനങ്ങള്‍ക്ക് എതിരായ നിരവധി സാമ്പത്തികനയങ്ങളും സ്വീകരിച്ചു; ഇന്നു നാം കാണുന്ന വിലക്കയറ്റവും കൃഷിക്കാരുടെ പ്രശ്‌നങ്ങളും സംബന്ധിച്ച നയം അതില്‍ ഒന്നു മാത്രമാണ്. അതുകൊണ്ട്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞാന്‍ പറഞ്ഞപോലെ, ബിജെപിയെ പരാജയപ്പെടുത്തുക, കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുക എന്നാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്. നമുക്കാവശ്യം ഒരു മതനിരപേക്ഷ ഗവണ്‍മെന്റാണ്. അതൊരു കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആവണമെന്നില്ല.
***
കടപ്പാട് : പി എ ജി ബുള്ളറ്റിൻ