Wednesday, June 3, 2009

കുത്തകകള്‍ കുത്തുപാളയെടുക്കുന്നു

ജപ്പാന്‍ മുങ്ങുന്ന കപ്പല്‍

ജപ്പാനിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയാണ് നെക്ക് കോര്‍പ്പറേഷന്‍. 20,000 തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് അവര്‍ ജനുവരി 30 ന് പ്രഖ്യാപിച്ചു. പാനസോണിക്ക് കമ്പനി 15000 തൊഴില്‍ വെട്ടിക്കുറച്ചു. നിസാന്‍ മോട്ടോഴ്സ് ആവട്ടെ 20,000 പേരെയാണ് പറഞ്ഞയച്ചത് (1990 കളിലെ തകര്‍ച്ചയില്‍ നിരവധി ദുരിതങ്ങള്‍ നേരിട്ടെങ്കിലും കൂട്ടപ്പിരിച്ചുവിടലുകളുണ്ടായിരുന്നില്ല). 50,000 പേരെ പിരിച്ചുവിട്ടുകൊണ്ട് സോണി കോര്‍പ്പറേഷനും പ്രതിസന്ധി മറികടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയെ വെല്ലുന്ന തകര്‍ച്ചയാണ് ജപ്പാനില്‍ ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. 1974ന് ശേഷം ഇതാദ്യമായി ജപ്പാന്റെ ജി.ഡി.പി.യില്‍ 11.7% തകര്‍ച്ചയാണുണ്ടായത്. ഒരു കാലത്ത് അമേരിക്കന്‍ ഓഹരി കമ്പോളത്തിന്റെ പോലും നായകസ്ഥാനം ജപ്പാനാണ് ഏറ്റെടുത്തിരുന്നത്.. ഉറച്ച അടിത്തറയുള്ള ബാങ്കുകളുടെ നാടാണ് ജപ്പാനെന്നായിരുന്നു പറച്ചില്‍.. പിടിപ്പുകെട്ടഭരണം രാജിവച്ചൊഴിയണമെന്നുള്ള ആവശ്യം രാജ്യത്താകെ മുഴങ്ങിത്തുടങ്ങി. ആജീവനാന്ത തൊഴില്‍ എന്ന ജപ്പാനീസ് മാതൃക ഇന്ന് അന്യം വന്നിരിക്കുന്നു. തൊഴില്‍ കരാറുകളാണ് പുതിയ രീതി.. അതു കൊണ്ട് തന്നെ വന്‍തോതില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു... പ്രായമായവര്‍ അനാഥരാവുന്നു - എന്തിന്, ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ജപ്പാനിലെ ക്രിമിനല്‍-മാഫിയാ സംഘങ്ങളെപ്പോലും തെരുവ് തെണ്ടികളാക്കിയിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. ജപ്പാനീസ് ഇലക്ട്രോണിക് ഭീമന്‍ ഹിറ്റാച്ചി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2008-2009 സാമ്പത്തിക വര്‍ഷത്തില്‍ ഹിറ്റാച്ചിയുടെ നഷ്ടം 8.1 ബില്യന്‍ ഡോളറാണ്. 7,000 തൊഴിലാളികളെയാണ് 6 മാസത്തിനുള്ളില്‍ അവര്‍ പിരിച്ചുവിട്ടത്. വരുന്ന നാളുകളില്‍ കൂടുതല്‍ പിരിച്ചുവിടലുകളുണ്ടാവുമെന്ന് കമ്പനി സമ്മതിക്കുന്നു. ജപ്പാനിലെ വളരെ വലിയ മുരന്ന് നിര്‍മ്മാണകമ്പനികളിലൊന്നാണ് 'ഡായ്ച്ചിസംഖ്യോ'. ഈ വര്‍ഷം 3.45 ബില്യന്‍ ഡോളര്‍ നഷ്ടമാണ് അവര്‍ക്കുണ്ടായത്. റാന്‍ബാക്സി എന്ന ഔഷധനിര്‍മ്മാണകമ്പനിയുടെ 20% ഓഹരി വാങ്ങി കഴിഞ്ഞ വര്‍ഷം അത് പിടിച്ചെടുത്തത് ഇവരായിരുന്നുവെന്ന് ഓര്‍ക്കുക.

പാപ്പര്‍ഹര്‍ജികൊടുത്ത്, മുതലാളിത്തം

അതിസമ്പന്ന രാഷ്ട്രങ്ങളുടെ നിരയില്‍ രണ്ടാംസ്ഥാനമാണ് ജപ്പാനുള്ളത്.. രണ്ടാം ലോക മഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന വറുതിയും കെടുതികളുമാണത്രെ ജപ്പാനിപ്പോള്‍ നേരിടുന്നത്.. വേറാരുമല്ല. അവിടുത്തെ ധനകാര്യമന്ത്രി തന്നെയാണ് ഇങ്ങനെ പരിതപിക്കുന്നത്.. ചരിത്രത്തിലാദ്യമായി 2009ല്‍ ജപ്പാന്‍ 2.6% പിറകോട്ട് വളര്‍ന്നുവെന്ന് ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് പറയുന്നു.. 'കയറ്റുമതി ചെയ്തു വളരുക' എന്ന കമ്പോളമുദ്രാവാക്യമാണ് ഏറെക്കാലമായി ജപ്പാന്‍ പിന്‍തുടര്‍ന്നുവന്നത്.. അമേരിക്കയും യൂറോപ്പും കടുത്തമാന്ദ്യത്തിലായതോടെ ജപ്പാന്റെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണത്രെ.. ലോകത്തിലെ വന്‍കിട കാര്‍കമ്പനി ടയോട്ട നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ഇലക്ട്രോണിക് ഭീമന്‍മാര്‍ കുറഞ്ഞത് 20 ബില്യന്‍ ഡോളറെങ്കിലും നഷ്ടമുണ്ടാക്കിഴിഞ്ഞുവത്രെ! 2008 നവംബറില്‍ 3.9% ആയിരുന്ന തൊഴിലില്ലായ്മ ജനുവരിയില്‍ 4.4% ആയിട്ടാണ് ഉയര്‍ന്നത്. കൂലിക്കുറവും, പിരിച്ചുവിടലും ജപ്പാനെ പാപ്പരാക്കുകയാണത്രെ!

ജനറല്‍ മോട്ടോര്‍സിന്റെ പതനം

അമേരിക്കന്‍ വാഹന കുത്തക ജനറല്‍ മോട്ടോര്‍സ് ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് തകര്‍ച്ചയിലാണ്. ഭരണകൂടത്തില്‍ നിന്നും ഉടനെ സഹായം ലഭിച്ചില്ലെങ്കില്‍ ജനറല്‍ മോട്ടോര്‍സിന് പാപ്പര്‍ ഹരജി നല്‍കേണ്ടി വരും എന്നാണ് കമ്പനി ഓഡിറ്റര്‍മാരുടെ പ്രസ്താവന വന്നിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ്, 2008ല്‍ വരുത്തിയ നഷ്ടം 30.9 ബില്യന്‍ ഡോളറാണ്. തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. (16 മാസം മുമ്പ് ഓഹരി വില 43 ഡോളര്‍ ആയിരുന്നത് വെറും 1.86 ഡോളറായി, ഇടിഞ്ഞു.) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിട്ടും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചുമാണ് കമ്പനി നാളുകള്‍ തള്ളിനീക്കുന്നത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വടക്കേ അമേരിക്കയിലെ 14 പ്ളാന്റുകള്‍ അടച്ചു പൂട്ടാനും 47,000 തൊഴിലാളികളെ പിരിച്ചു വിടാനും പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റ് അമേരിക്കയാണ്. അവിടെ വാഹന വ്യാപാരം കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുകയാണ്. ഓട്ടോമൊബൈല്‍ രംഗത്ത് മറ്റ് കമ്പനികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനറല്‍ മോട്ടോര്‍സിനെ പോലെ ടെയോട്ട, നിസ്സാന്‍, തുടങ്ങിയ കമ്പനികളും തകര്‍ച്ചയിലാണ്. രക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് പൊതു ഖജനാവ് അതിസമ്പന്നര്‍ക്ക് സമര്‍പ്പിക്കുന്നതിനുപകരം ഈ കമ്പനികള്‍ ദേശസാല്‍ക്കരിക്കുവാനാണ് ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ഖജനാവിന്റെ കനിവില്‍.........

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അമേരിക്കന്‍ ഭരണകൂടം തകര്‍ച്ചയിലായ ബാങ്കുകള്‍ക്ക് പൊതുഖജനാവില്‍ നിന്ന് 300 ബില്യന്‍ ഡോളര്‍ നല്‍കിയിരുന്നു. Troubled Asset Relief Program (TARP) എന്ന പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. എന്നിട്ടും ബാങ്കുകള്‍ നഷ്ടത്തില്‍ തന്നെയാണ്. ആഗോളസാമ്പത്തിക മാന്ദ്യവും, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ബാങ്കുവായ്പകളുടെ തിരിച്ചടവിനെ ദോഷകരമായി ബാധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തകരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബാങ്കിങ്ങ് മേഖലയിലെ ഭീമന്‍മാരായ സിറ്റി ഗ്രൂപ്പും, ബാങ്ക് ഓഫ് അമേരിക്കയും നഷ്ടത്തിന്റെ ആഴങ്ങളിലേക്കാണ് കുതുക്കുന്നത്. പൊതുഖജനാവില്‍ നിന്ന് പണം നല്‍കുന്നത് ശാശ്വത പരിഹാരമല്ലെന്നും, അതിന്റെ ഗുണം സമ്പന്നര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും, തിരിച്ചറിയുന്ന ജനങ്ങള്‍ ബാങ്ക് ദേശസാല്‍ക്കരണം ആവശ്യപ്പെട്ടു തുടങ്ങി.

ബാങ്കുകള്‍ പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയില്‍ ആയാല്‍ മാത്രമേ സമൂഹത്തിന്റെ സന്തുലിത പുരോഗതിക്ക് ബാങ്കുകളെ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ബാങ്കുകളുടെ ഓഹരിവിലയെക്കാള്‍ കൂടുതല്‍ സഹായം, ഇപ്പോള്‍ തന്നെ ഖജനാവ് നല്‍കിക്കഴിഞ്ഞുവെന്നതാണ് സത്യം. സിറ്റി ഗ്രൂപ്പും, ബാങ്ക് ഓഫ് അമേരിക്കയും, ചേര്‍ത്താല്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 30 ബില്യണ്‍ ഡോളര്‍ മാത്രമെ വരുകയുള്ളു. ഇതിനകം തന്നെ ഈ രണ്ട് വമ്പന്‍ സ്രാവുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടം 90 ബില്യണ്‍ ഡോളര്‍ നല്‍കിക്കഴിഞ്ഞു. മറുഭാഗത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണ്. അതിസമ്പന്നരെ സംരക്ഷിക്കാന്‍ പൊതുഖജനാവ് കാലിയാക്കുന്ന ഭരണകൂടം സാമൂഹ്യജീവിതത്തിലെ ഏറിവുരുന്ന ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ മുഴുവന്‍ ബാങ്കുകളും ദേശസല്‍ക്കരിക്കാനാണ് ഈ പണം ഉപയോഗിക്കേണ്ടിയിരുന്നതെന്ന് അമേരിക്കന്‍ ജനത പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ബാങ്ക് ദേശസാല്‍ക്കരണം

അയര്‍ലാന്റിലെ 3 വന്‍കിടബാങ്കുകളെ രക്ഷപ്പെടുത്താന്‍ 2008 ഡിസംബറില്‍ 5.5 ബില്യന്‍ യൂറോയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.. ഖജനാവില്‍ നിന്ന് പണമെടുത്ത് ആഗ്ളോഐറിഷ്, ഏ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലാന്റ് എന്നീ 3 ബാങ്കുകളുടെ ജീവന്‍ നില നിര്‍ത്തിയത്. പക്ഷേ 1.5 ബില്ല്യന്‍ യൂറോയുടെ സഹായംകൊണ്ട് ആഗ്ളോഐറിഷ് ബാങ്ക് രക്ഷപ്പെടില്ലെന്ന് വ്യക്തമായതോടെ, ഈ ബാങ്കിനെ സര്‍ക്കാര്‍ തന്നെ നേരിട്ട് ഏറ്റെടുത്തു. പ്രതിസന്ധിയിലായ ബാങ്കിനുവേണ്ടി ഖജനാവില്‍ നിന്ന് 5 ബില്യന്‍ യൂറോ ചെലവാകുമത്രെ. ചൂതാട്ടം നടത്തി തകര്‍ന്ന ബാങ്കുകളെല്ലാം യൂറോപ്പില്‍ ദേശസാല്‍ക്കരിക്കുകയാണ്. രാഷ്ട്രം തന്നെ പാപ്പരായി പ്രഖ്യാപിച്ച ഐസ്ലാന്റിന്റെ അവസ്ഥയിലേക്കാണ് അയര്‍ലാന്റും നീങ്ങുന്നത്..

ചുരുക്കത്തില്‍ മുതലാളിത്തം തന്നെയാണ് പാപ്പരാവുന്നത്...

ത്രെഡ്മില്‍ ടെസ്റ്റ്

പാപ്പരാവാന്‍ സാധ്യതഉണ്ടെന്ന് കണ്ടെത്തിയ 19 വമ്പന്‍ അമേരിക്കന്‍ ബാങ്കുകള്‍ക്ക് 'TMT' നടത്തിയെന്നാണ് അവസാനം വന്ന വാര്‍ത്ത.. 19-ല്‍ പത്തിനും അടിയന്തര ശാസ്ത്രക്രിയ വിധിച്ചിരിക്കുകയാണ്. ബാക്കി ഒന്‍പതെണ്ണത്തിന് തുടര്‍ച്ചയായി ഓക്സിജന്‍, നല്‍കിയാല്‍ മതിയെന്നാണ് വിധി! 19 ബാങ്കുകള്‍ക്ക് 100 ബില്യന്‍ ഡോളര്‍വീതം ആസ്തിയുള്ളവയാണത്രെ! ഈ ബാങ്കുകള്‍ക്ക് 2010 അവസാനമാകുമ്പോഴേക്കും 600 ബില്യന്‍ ഡോളര്‍ (30,00,000 കോടി രൂപ) നഷ്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.. സര്‍ക്കാര്‍കൊടുത്ത പണം കൊണ്ടൊന്നും രക്ഷപ്പെടാന്‍ ബാങ്കുകള്‍ക്കാവില്ലന്നതിനാല്‍ അടിയന്തിരമായി 74 ബില്യന്‍ ഡോളര്‍ പുതിയ മൂലധനം കണ്ടെത്തി ജീവന്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉപദേശിച്ചിരിക്കുന്നത്.. മാന്ദ്യത്തിന്റെ ഉഷ്ണത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ചികിത്സ മതിയാവുമെന്നാണ് വിധി വന്നിരിക്കുന്നത്.. കമ്പോളം മൂക്കുകുത്തിവീണുകിടക്കുമ്പോള്‍, പുതിയ മൂലധനം എങ്ങനെ സമാഹരിക്കുമെന്നറിയാതെ CEOമാര്‍ കുഴങ്ങുകയാണ്.

*
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അതിസമ്പന്ന രാഷ്ട്രങ്ങളുടെ നിരയില്‍ രണ്ടാംസ്ഥാനമാണ് ജപ്പാനുള്ളത്.. രണ്ടാം ലോക മഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന വറുതിയും കെടുതികളുമാണത്രെ ജപ്പാനിപ്പോള്‍ നേരിടുന്നത്.. വേറാരുമല്ല. അവിടുത്തെ ധനകാര്യമന്ത്രി തന്നെയാണ് ഇങ്ങനെ പരിതപിക്കുന്നത്.. ചരിത്രത്തിലാദ്യമായി 2009ല്‍ ജപ്പാന്‍ 2.6% പിറകോട്ട് വളര്‍ന്നുവെന്ന് ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് പറയുന്നു.. 'കയറ്റുമതി ചെയ്തു വളരുക' എന്ന കമ്പോളമുദ്രാവാക്യമാണ് ഏറെക്കാലമായി ജപ്പാന്‍ പിന്‍തുടര്‍ന്നുവന്നത്.. അമേരിക്കയും യൂറോപ്പും കടുത്തമാന്ദ്യത്തിലായതോടെ ജപ്പാന്റെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണത്രെ.. ലോകത്തിലെ വന്‍കിട കാര്‍കമ്പനി ടയോട്ട നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 ഇലക്ട്രോണിക് ഭീമന്‍മാര്‍ കുറഞ്ഞത് 20 ബില്യന്‍ ഡോളറെങ്കിലും നഷ്ടമുണ്ടാക്കിഴിഞ്ഞുവത്രെ! 2008 നവംബറില്‍ 3.9% ആയിരുന്ന തൊഴിലില്ലായ്മ ജനുവരിയില്‍ 4.4% ആയിട്ടാണ് ഉയര്‍ന്നത്. കൂലിക്കുറവും, പിരിച്ചുവിടലും ജപ്പാനെ പാപ്പരാക്കുകയാണത്രെ!

Anonymous said...

അമേരിക്ക മുതലാളിത്തം പിന്തുടര്‍ ന്നു പക്ഷെ ഏറ്റവും വലിയ ഉപഭോഗ രാജ്യവും അതു തന്നെ അവിടത്തെ മാന്ദ്യം എല്ലാവരെയും ബാധിക്കും ചൈന അമേരിക്കയിലാണു കൂടുതല്‍ മുതല്‍ മുടക്കിയിരിക്കുന്നത്‌ അമേരിക്കന്‍ ഡോളര്‍ തകര്‍ന്നാല്‍ ചൈനയും വെള്ളത്തിലാകും കയറ്റുമതി ജപ്പാനെ മാത്രമല്ല ഇന്ത്യയെയും ബാധിക്കും ഇതു കണ്ടു ചിരിക്കുന്നവറ്‍ ക്കു വെറും ചിരി ഭോഷ ലക്ഷണം എന്നു അറിയില്ല ഗള്‍ഫില്‍ നിന്നും ഒരു ലക്ഷം പേര്‍ തിരികെവന്നാല്‍ തീറ്‍ ന്നു കേരളത്തിണ്റ്റെ കാര്യം ഇതില്‍ ഇത്റ ചിരിക്കാന്‍ എന്തുള്ളതെന്നു മനസ്സിലാകുന്നില്ല

Manoj മനോജ് said...

ചൂണ്ടിക്കാണിക്കുന്നത് ചിരിക്കുന്നതിന് തുല്ല്യമാകുന്നതെങ്ങിനെ?

ഇന്നത്തെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ല എന്നാണ് ചിദംബരനും മന്മോഹനും പറഞ്ഞിരുന്നത്. പക്ഷേ അങ്ങിനെയല്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അത് കാണുകയും ചെയ്തു.

അമേരിക്കയില്‍ എന്താണ് പിഴച്ചത് എന്ന് ഒബാമ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ആര്‍ത്തി, വഞ്ചന, ഗവണ്മെന്റിന്റെ മേല്‍നോട്ടകുറവ്. ഇനി അത് ഒരിക്കലും അനുവദിക്കില്ല എന്നും ഒബാമ വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ ഭര്‍ണാധികാരികള്‍ ഇന്നും മൂഢസ്വര്‍ഗ്ഗത്തിലാണ്. അമേരിക്കയില്‍ സംഭവിവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കുവാനുള്ള ബന്ധപ്പാടിലാണ് ഇന്നവര്‍.

ഇന്ന് ഈ സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ എല്ലാ വമ്പന്‍ രാഷ്ട്രങ്ങളും ഉറ്റ് നോക്കുന്നത് ചൈനയുടെ കൈവശമുള്ള ഡോളറുകളെയാണ്. ചൈന ബുദ്ധിപൂര്‍വ്വം കളിക്കുന്നു. തങ്ങളുടെ കൈവശമുള്ള ട്രില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഗവണ്മെന്റ് ബോണ്ടുകളെ പറ്റി പുനരാലോചിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അമേരിക്കയിലെ ഉന്നത നേതാക്കള്‍ ചൈനയിലേയ്ക്ക് പറന്നത് തന്നെ ചൈനയുടെ “ബാര്‍ഗൈനിങ്ങ്” പവര്‍ എടുത്ത് കാണിക്കുന്നു.

ഇന്ത്യയായിരിക്കണം ചൈനയേക്കാള്‍ മുന്‍പന്തിയില്‍ വരേണ്ടിയിരുന്നത്. മുസ്ലീം, ബ്രിട്ടീഷ് തുടങ്ങിയ അധിനിവേശങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയായിരുന്നു ലോക രാജ്യങ്ങളില്‍ സാമ്പത്തികമായി മുന്നില്‍ നിന്നിരുന്നത്. രണ്ടാമത് ചൈനയും. ആ അവസ്ഥയിലേയ്ക്ക് തിരിച്ച് വരുവാന്‍ പക്ഷേ ഇന്ത്യയിലെ അധിനിവേശത്തെ സ്നേഹിക്കുന്ന “ചിലര്‍” സമ്മതിക്കുന്നില്ല.