Monday, July 27, 2009

"ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും''

2009 ക്യൂബന്‍ വിപ്ലവത്തിന്റെ വിജയകരമായ 50-ാം വര്‍ഷം. അതെ! ലാറ്റിന്‍ അമേരിക്ക നെഞ്ചോട് ചേര്‍ത്താരാധിക്കുന്ന സാഹസിക വിപ്ലവസമരത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം. ഇരുപതാം നൂറ്റാണ്ടിലെ ദാര്‍ശനികരില്‍ മുമ്പനായ ജീന്‍പോള്‍ സാര്‍ത്ര് ക്യുബന്‍ വിപ്ലവത്തെക്കുറിച്ച് ഇങ്ങനെ എഴുതി-

"എനിക്കറിയാവുന്ന വിപ്ലവങ്ങളില്‍ ഏറ്റവും മൌലികമായത് ക്യൂബന്‍ വിപ്ലവമാണ്. സംഘാടനത്തിലും പ്രവര്‍ത്തനത്തിലും യുവത്വവും സാഹസികതയും മൌലികതയും ഒത്തുചേര്‍ന്നതായിരുന്നു ക്യൂബന്‍ വിപ്ലവം.''

വിപ്ലവത്തിന്റെ 50-ാം വാര്‍ഷികചിന്തയ്ക്ക് വിഷയമാകേണ്ട സന്ദര്‍ഭത്തില്‍ മൊന്‍കാടാ പട്ടാളബാരക്ക് ആക്രമണത്തിന്റെ മങ്ങാത്ത സ്മരണകളുമായാണ് ജൂലൈ 26 വന്നെത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂക്കിന്‍ചുവട്ടില്‍ നിരവധി ഇടതുപക്ഷ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തുന്ന ഇക്കാലം പ്രതിരോധത്തിന്റെയും ജീവന്‍ അവഗണിച്ചുള്ള വിപ്ലവ പോരാട്ടത്തിന്റെയും സ്മരണ അഭിമാനപൂര്‍വം പുതുക്കാവുന്ന സന്ദര്‍ഭമാണിത്.

വെനസ്വേല, നിക്കരാഗ്വ, ബ്രസീല്‍, ഗ്രിനേഡ, പരാഗ്വേ, ചിലി തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെല്ലാം ഇന്ന് മുതലാളിത്തേതരമായ രാഷ്ട്രീയ നിലപാടുകളുടെ വിജയ സൂചകങ്ങളാണ്. എന്നാല്‍ അരനൂറ്റാണ്ടായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും പരാജയപ്പെടുത്താനാവാത്ത രാഷ്ട്രീയശക്തിയായി ഫിഡല്‍ കാസ്ട്രോയുടെ ക്യൂബ തലയുയര്‍ത്തി നില്‍ക്കുന്നു എന്നതാണ് ജൂലയ് 26ന്റെ സ്മരണയെ കൂടുതല്‍ ദീപ്തമാക്കുന്നത്.

1953 ജൂലൈ 26ന് ഫിദല്‍ കാസ്ട്രോയും സായുധരായ നൂറ്റിയറുപത് സഖാക്കളും ചേര്‍ന്ന് നടത്തിയ മൊന്‍കാട പട്ടാളബാരക്ക് ആക്രമണം ഏകാധിപതിയായ ബാറ്റിസ്തായെ ഞെട്ടിച്ച സംഭവമാണ്. 1952 ജൂണില്‍ ക്യൂബന്‍ പ്രസിഡന്റ്സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടാള അട്ടിമറി നടത്തി അധികാരത്തില്‍വന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്തായ്ക്കെതിരെ ഫിദലിന്റെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ വിപ്ലവചരിത്രത്തിലെ ധീരോജ്വല ഏടാണ് മൊന്‍കാട പട്ടാളബാരക്ക് ആക്രമണം. ഈ സംഭവത്തില്‍ അറുപത് വിപ്ലവകാരികള്‍ രക്തസാക്ഷികളായി. അറുപതുപേര്‍ പിടിയിലായി. പതിനഞ്ചുവര്‍ഷക്കാലത്തേക്ക് ഫിദലിനെയടക്കം ശിക്ഷിച്ചു. വിചാരണക്കോടതിയില്‍ നാലുമണിക്കൂര്‍ നീണ്ട ഫിദലിന്റെ വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച കോപ്പികള്‍ രാജ്യവ്യാപകമായി പ്രചരിപ്പിച്ചു. "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും'' എന്ന ആ വിഖ്യാത പ്രസംഗം തലമുറകള്‍ക്ക് എന്നും ആവേശം പകരുന്നതാണ്. ഇരുപത്തിരണ്ടുമാസത്തെ ശിക്ഷയ്ക്കുശേഷം ഫിദലിനെ മോചിപ്പിച്ചു. ജൂലൈ 26ന്റെ വിപ്ലവത്തില്‍ പങ്കെടുത്ത് പിടികൂടപ്പെട്ടവരും കൊല്ലപ്പെട്ടവരും പില്‍ക്കാല ക്യൂബയുടെ ചരിത്രത്തെതന്നെ മാറ്റിയെഴുതി.

ലോകരാഷ്ട്രീയ ഭൂപടത്തില്‍ ക്യൂബ ഒരു രാഷ്ട്രീയസൂചകമാണ്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും പരാജയപ്പെടുത്താനാവാത്ത കമ്യൂണിസ്റ്റ് കരുത്തിന്റെ രാഷ്ട്രീയചിഹ്നം. കരിമ്പിനെയും കൃഷിയെയുംമാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ പരാജയപ്പെടുത്താന്‍ സാമ്പത്തിക ഉപരോധത്തിനോ മാധ്യമങ്ങളിലൂടെയുള്ള വമ്പന്‍ നുണപ്രചാരണങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ക്യൂബ ഉപരോധങ്ങളുടെ തടവറയിലാണെങ്കിലും ഇവിടെയാരും പട്ടിണികിടക്കുന്നില്ല. കടുത്ത കുറ്റകൃത്യങ്ങളില്ല. അടിക്കടി എതിര്‍പ്പുകളെ അതിജീവിച്ച് മുന്നേറുന്നു. ക്യൂബയുടെ ഈ നിലനില്‍പ്പ് കമ്യൂണിസ്റ്റ് ആശയങ്ങളുടെ ജീവധമനികളില്‍ പ്രധാനപ്പെട്ടതാണ്. മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവമെന്റുകള്‍ അധികാരത്തിലെത്തുന്നതില്‍ ക്യൂബയുടെ ചെറുത്തുനില്‍പ്പ് ശക്തിസ്രോതസ്സായിതീര്‍ന്നിട്ടുണ്ട്.

താന്‍ എന്തുകൊണ്ട് ഒരു വിപ്ലവകാരിയായിത്തീര്‍ന്നു എന്നതിന് കാസ്ട്രോ നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്.

"ഞാന്‍ ഒരു ഭൂവുടമയുടെ മകനാണ് എന്നതാണ് എന്നെ വിപ്ലവകാരിയാക്കിയതിന്റെ ഒന്നാമത്തെ കാരണം. മതാധികാരത്തിന്‍കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു എന്നതാണ് രണ്ടാമത്തെ കാരണം. അമേരിക്കന്‍ ഐക്യനാടുകളില്‍ നിര്‍മിച്ച സിനിമയും പ്രസിദ്ധീകരണങ്ങളും മറ്റു ബഹുജനമാധ്യമങ്ങളുമുള്ള ക്യൂബയില്‍ ജീവിക്കാനായി എന്നതാണ് മൂന്നാമത്തെ കാരണം''

സാഹചര്യങ്ങള്‍ക്ക് കീഴടങ്ങുന്ന വ്യക്തിത്വങ്ങള്‍ക്കുപകരം സാമൂഹ്യ സാഹചര്യങ്ങളെ വിമര്‍ശനബോധത്തോടെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്ന വിപ്ലവകാരിയെയാണ് ഈ അഭിപ്രായപ്രകടനത്തിലൂടെ വെളിവാക്കപ്പെടുന്നത്.

ജൂലൈ 26 പ്രസ്ഥാനത്തിന്റെ അലയടികള്‍ ക്യൂബയിലൊട്ടാകെയുള്ള ധീരദേശാഭിമാനികളെ കോരിത്തരിപ്പിച്ച സംഭവമാണ്. ഇതിന്റെ ഭാഗമായിതന്നെയാണ് 1956 ഡിസംബര്‍ രണ്ടിന്റെ ഗ്രാന്മാ പോരാട്ടവും. 1958 ആയപ്പോഴേക്കും ക്യൂബയിലെ അനേകം യുവാക്കള്‍ ജൂലൈ 26 പ്രസ്ഥാനത്തിന്റെ കൂടെ ചേര്‍ന്നു. സീറോ മേസ്ട്രാ പര്‍വതനിരകളില്‍ തമ്പടിച്ച ഫിദലിന്റെ പോരാളികള്‍ ബാറ്റിസ്തായ്ക്കെതിരെ നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഫിദലിന്റെ ആഹ്വാനം അനുസരിച്ച് ലക്ഷക്കണക്കിന് ക്യൂബക്കാര്‍ വിപ്ലവ വിജയത്തിനുവേണ്ടിയുള്ള പൊതുപണിമുടക്ക് ആരംഭിച്ചു. പിടിച്ചുനില്‍ക്കാനാവാതെ 1959 ജനുവരി ഒന്നിന് ബാറ്റിസ്താ പലായനംചെയ്തു. തുടര്‍ന്ന് വിപ്ലവനായകനായ ഫിദല്‍ കാസ്ട്രോ ജനുവരി എട്ടിന് വിജയശ്രീലാളിതനായി ഹവാനയിലെത്തി. 1959 ഫെബ്രുവരി 13ന് അദ്ദേഹം ക്യൂബന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. വിപ്ലവസിദ്ധാന്തത്തിന് പ്രായോഗികരൂപം നല്‍കി അത് നടപ്പാക്കിയ കാസ്ട്രോ സായുധവിപ്ലവ സംഘത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. ഫിദലിന് 26 വയസ്സുള്ളപ്പോഴാണ് മൊന്‍കാട പട്ടാളബാരക്ക് ആക്രമണം. വിപ്ലവം ജയിച്ച് പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് 33 വയസ്സ് തികഞ്ഞിട്ടില്ല.

ഫാദര്‍ ബെറ്റോയുടെ ചോദ്യത്തിനുത്തരമായി കാസ്ട്രോ പറഞ്ഞു.

"ജനങ്ങളോട് ഇപ്പോള്‍ സോഷ്യലിസത്തേക്കുറിച്ച് പ്രസംഗിക്കുന്നത് പ്രശ്നങ്ങള്‍ക്കുള്ള ഉടന്‍ പരിഹാരമല്ല, ജനങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തൊഴിലില്ലായ്മ, നീതിനിഷേധം, പട്ടിണി, കൃഷിക്കാരെ കുടിയിറക്കല്‍, കുറഞ്ഞകൂലി, രാഷ്ട്രീയ അഴിമതി ഇവയ്ക്കെല്ലാമെതിരായ പോരാട്ടമാണ് അടിയന്തരമായി നടത്തേണ്ടത്''.

അതോടൊപ്പം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടാണ് തന്നെ ഈ പോരാട്ടത്തിനെല്ലാം പ്രാപ്തനാക്കിയത് എന്ന ബോധ്യവും അദ്ദേഹം ഫാദര്‍ ബെറ്റോയുമായി പങ്കുവച്ചു. മാത്രമല്ല മൊന്‍കാട ആക്രമണത്തിന് ക്യൂബന്‍ ജനമനസ്സുകളില്‍ വമ്പിച്ച ആവേശമുണര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇത് സോഷ്യലിസത്തിലേക്കുള്ള ആദ്യകാല്‍വയ്പാണെന്നും കാസ്ട്രോ ഫാദര്‍ ബെറ്റോയോട് സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങള്‍കൂടി ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ചൂഷകസംവിധാനത്തിനെതിരെ നിലകൊള്ളുന്ന വിപ്ലവകാരികളും ക്രിസ്തീയസഭയും തമ്മിലുള്ള ആദര്‍ശപരമായ ഒത്തുചേരലും കാസ്ട്രോയുടെ ജീവിതാനുഭവത്തിലുണ്ട്. കാസ്ട്രോയെ ബാറ്റിസ്തായുടെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ അധ്യാപകരായ വൈദികരും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ അധ്യാപകരായ ജസ്യൂട്ട് വൈദികരെക്കുറിച്ച് കാസ്ട്രോ ഇങ്ങനെ പറയുന്നു.

"ജസ്യൂട്ടുകള്‍ക്ക് ലാഭേച്ഛ തീരെ ഉണ്ടായിരുന്നില്ല. ലളിതജീവിതം നയിച്ചിരുന്നവരും കണിശക്കാരും ആത്മത്യാഗം ചെയ്യപ്പെട്ടവരും കഠിനാധ്വാനികളുമായ ജസ്യൂട്ടുകള്‍ മനുഷ്യപ്രയത്നം സംഭാവനചെയ്തു. ലാസല്ല സ്കൂളില്‍ ഫീസ് നാമമാത്രമായേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ചെലവ് ചുരുക്കി, അവര്‍ കൂടുതല്‍ ചെലവുകള്‍ വരുത്തുന്നവരോ കൂടുതല്‍ ശമ്പളം പറ്റുന്നവരോ ആയിരുന്നെങ്കില്‍ ട്യൂഷന്‍ഫീസ് മുപ്പത് പെസോ ആകുമായിരുന്നില്ല. മറിച്ച് അതിന്റെ മൂന്നോ നാലോ ഇരട്ടിയാകുമായിരുന്നു; അദ്ദേഹം ഫാദര്‍ ബെറ്റോയോട് തുടര്‍ന്നു "ഒരിക്കലും ക്യുബന്‍വിപ്ലവത്തെ മതവിരുദ്ധവികാരങ്ങള്‍ ആവേശം കൊള്ളിച്ചിട്ടില്ല. ഒരു സാമൂഹ്യവിപ്ലവവും ജനങ്ങളുടെ മതവിശ്വാസവും തമ്മില്‍ വൈരുധ്യം ഉണ്ടാകേണ്ടതില്ല. ക്രിസ്തീയ തത്വങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സിദ്ധാന്തമാകെ പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അധികാരദുര്‍വിനിയോഗത്തിനും അനീതിക്കും മനുഷ്യനെ അധഃപതിപ്പിക്കുന്നതിനെതിരെയും പൊരുതാനുള്ള പ്രേരണാശക്തിയായിരുന്നു ക്രിസ്തുവിന്റെ സിദ്ധാന്തം''.

കമ്യൂണിസവും ക്രിസ്തീയ ദര്‍ശനവും പരസ്പരം പോരാടാനുള്ളതല്ല എന്ന് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ഫിദല്‍ കാസ്ട്രോ ക്യൂബയുടെ മാത്രം വിപ്ലവനായകനായിരുന്നില്ല. മൂന്നാംലോക രാഷ്ട്രങ്ങളുടെയും ചേരിചേരാ രാജ്യങ്ങളുടെയും കൂടി നേതാവായിരുന്നു. ചേരിചേരാനയത്തില്‍ ഇന്ത്യയും ക്യൂബയും ഒരേ ദിശയിലായിരുന്നു ചിന്തിച്ചിരുന്നത്. കൊച്ചുക്യൂബ സാമ്രാജ്യത്വവിരോധ നയത്തില്‍ ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ആശയപരമായ നേതൃത്വം ഇപ്പോഴും ക്യൂബയ്ക്കാണ്. ഇന്ത്യ ഒരുകാലത്ത് സാമ്രാജ്യത്വ വിരോധ നയത്തില്‍ ഊന്നി ചേരിചേരാനയത്തെ മുറുക്കിപ്പിടിച്ചെങ്കിലും സാവധാനം അത് കൈവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവുമായി ഐക്യപ്പെടാനുള്ള സൂചകങ്ങളാണ് ആയുധ ആണവകരാറുകളും പുത്തന്‍ നയതന്ത്രബന്ധങ്ങളും. ഇന്നലത്തെ ഉറപ്പുകള്‍ മറക്കാനും ലംഘിക്കാനും കോണ്‍ഗ്രസിന് ഒരു മടിയുമില്ല. ദീര്‍ഘകാലമായി ക്യൂബയുടെ മേലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെമേലും രാഷ്ട്രീയമായും സൈനികമായും ഇടപെട്ടും തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റുകളെ അട്ടിമറിച്ചുമുള്ള അമേരിക്കയുടെ തേര്‍വാഴ്ച ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. സാമ്രാജ്യത്വനുകം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ വെമ്പല്‍കൊള്ളുന്ന മറ്റ് ലാറ്റിന്‍ അമേരിക്കന്‍ ജനതയ്ക്ക് ഫിദല്‍ കാസ്ട്രോയും ചെ ഗുവരേയും അല്ലന്‍ഡേയും ആവേശമാണ്.

*
കെ ജെ തോമസ് ദേശാഭിമാനി ദിനപ്പത്രം

7 comments:

വര്‍ക്കേഴ്സ് ഫോറം said...

2009 ക്യൂബന്‍ വിപ്ലവത്തിന്റെ വിജയകരമായ 50-ാം വര്‍ഷം. അതെ! ലാറ്റിന്‍ അമേരിക്ക നെഞ്ചോട് ചേര്‍ത്താരാധിക്കുന്ന സാഹസിക വിപ്ലവസമരത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം. ഇരുപതാം നൂറ്റാണ്ടിലെ ദാര്‍ശനികരില്‍ മുമ്പനായ ജീന്‍പോള്‍ സാര്‍ത്ര് ക്യുബന്‍ വിപ്ലവത്തെക്കുറിച്ച് ഇങ്ങനെ എഴുതി-

"എനിക്കറിയാവുന്ന വിപ്ലവങ്ങളില്‍ ഏറ്റവും മൌലികമായത് ക്യൂബന്‍ വിപ്ലവമാണ്. സംഘാടനത്തിലും പ്രവര്‍ത്തനത്തിലും യുവത്വവും സാഹസികതയും മൌലികതയും ഒത്തുചേര്‍ന്നതായിരുന്നു ക്യൂബന്‍ വിപ്ലവം.''

വിപ്ലവത്തിന്റെ 50-ാം വാര്‍ഷികചിന്തയ്ക്ക് വിഷയമാകേണ്ട സന്ദര്‍ഭത്തില്‍ മൊന്‍കാടാ പട്ടാളബാരക്ക് ആക്രമണത്തിന്റെ മങ്ങാത്ത സ്മരണകളുമായാണ് ജൂലൈ 26 വന്നെത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂക്കിന്‍ചുവട്ടില്‍ നിരവധി ഇടതുപക്ഷ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തുന്ന ഇക്കാലം പ്രതിരോധത്തിന്റെയും ജീവന്‍ അവഗണിച്ചുള്ള വിപ്ലവ പോരാട്ടത്തിന്റെയും സ്മരണ അഭിമാനപൂര്‍വം പുതുക്കാവുന്ന സന്ദര്‍ഭമാണിത്.

Baiju Elikkattoor said...

"...മഹാനായ ഒരു വിപ്ലവകാരിയായിരുന്നു ക്രിസ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ സിദ്ധാന്തമാകെ പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. അധികാരദുര്‍വിനിയോഗത്തിനും അനീതിക്കും മനുഷ്യനെ അധഃപതിപ്പിക്കുന്നതിനെതിരെയും പൊരുതാനുള്ള പ്രേരണാശക്തിയായിരുന്നു ക്രിസ്തുവിന്റെ സിദ്ധാന്തം''.

കാസ്ട്രോയുടെ ഉജ്ജ്വലമായ വാക്കുകള്‍, 'രണ്ടാം വിമോചന സമരം' എന്നൊക്കെ കൂകി അലക്കുന്ന ശിഖണ്ഡികള്‍ ഒന്ന് ശ്രദ്ധിക്കുമോ?

നല്ല ലേഖനം!

നിസ്സാരന്‍ said...

ക്യൂബയുടെ സാഹചര്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിഭിന്നമാണ്. ഇവിടെ പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയാണു വേണ്ടത്. ശിഖണ്ഡി ആരെന്ന് ചരിത്രം വിധിക്കട്ടെ

Anonymous said...

ടൈറ്റില്‍ കണ്ടപ്പോള്‍ വിചാരിച്ചു നമ്മടെ പിണറായി ചേട്ടന്‍ ലാവലിനെ പറ്റി പറഞ്ഞതായിരിക്കുമെന്നു, പ്റിയ ബൈജൂ ഇനി വിമോചനസമരം ഒന്നും വേണ്ട പതിനൊന്നു മാസം കഴിഞ്ഞാല്‍ തൂത്തെറിയാം ഈ നാറിയ ഭരണം അതിനിടക്കു വിമോചനം നടത്തി രക്ത സാക്ഷി പരിവേഷം നല്‍കാന്‍ ആറ്‍ ക്കും താല്‍പ്പര്യമില്ല. ബ്റിന്ദാ കാരാട്ടിപ്പോള്‍ അഭയ കേസിലെ സിസ്റ്ററിണ്റ്റെ മുലയെ പറ്റി പറഞ്ഞത്‌ ശരിയല്ല എന്നൊക്കെ പറഞ്ഞു സഭാവാസികളെ മണി അടിക്കാന്‍ ശ്രമിക്കുന്നത്‌ ശ്രധയില്‍ പെട്ടില്ലേ? സ്വാശ്റയവും തോന്നിയ ഫീസു വാങ്ങിച്ചോ എന്നു മാറ്റി എഴുതിയല്ലോ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കേരളമൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ക്രിസ്തീയ സഭ വിമോചനപ്പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടതു പ്രസ്ഥാനങ്ങളുടെ കൂടെയാണ്.

നമ്മൂടെ നാട്ടിലെ മത മേധാവികൾ എന്ന് കണ്ണു തുറക്കുമോ ആവോ?

Baiju Elikkattoor said...

"......ഇവിടെ പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയാണു വേണ്ടത്."

അഭിമാനമുള്ളവര്‍ ഇതിനെ 'ഗതികേട്' എന്നാണ് പറയുക! കാസ്ട്രോയോടു ഒപ്പം വക്കാവുന്ന വിഖ്യാതമായ പേരാണല്ലോ 'പിണറായീ'!!

നിസ്സാരന്‍ said...

കാസ്ട്രോമാര്‍ ജനിച്ചുകൊണ്ടേയിരിക്കില്ല. കാസ്ട്രോയ്ക്ക് തുല്യന്‍ കാസ്ട്രോ,പിണറായിക്ക് തുല്യന്‍ പിണറായി. കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇന്ന് പിണറായി മാത്രം. നാളെ മറ്റൊരു നേതാവ് ഉയര്‍ന്ന് വരും.