Saturday, March 13, 2010

വാക്കിന്റെ രാഷ്ട്രീയം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തിയ ബജറ്റ് റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രം ശ്രദ്ധേയമായിരുന്നു. എങ്ങനെയാണ് തങ്ങളുടെ വീക്ഷണം തലക്കെട്ടിലൂടെ പോലും പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്ന പരീക്ഷണമായിരുന്നു അത്. തലോടല്‍ എന്നാണ് ലീഡിന്റെ തലക്കെട്ട്. തൊട്ടടുത്ത് പെട്രോള്‍ വില അമ്പതു കടന്നെന്ന തലക്കെട്ടുമുണ്ട്. തലോടിയിട്ട് എങ്ങനെയാണ് വില അമ്പതു കടന്നതാവോ? നികുതി കൂട്ടിയെന്ന വാചകം എത്ര പരതിയാലും കണ്ടെത്താന്‍ പറ്റില്ല. കൂടിയെന്നാണ് പ്രയോഗം. ‘കൂടി’ എന്നു വായിക്കുമ്പോള്‍ അതൊരു സ്വഭാവിക പ്രക്രിയയാണെന്ന അവബോധമായിരിക്കും രൂപപ്പെടുക. എന്നാല്‍ ‘കൂട്ടി’ എന്ന പ്രയോഗത്തില്‍ ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്്. ‘കൂട്ടി’ എന്ന് വായിക്കുന്നവരില്‍ സര്‍ക്കാരിനെതിരായ വികാരം രൂപം കൊള്ളും. അവര്‍ സമരോത്സുകമാകും. എന്നാല്‍ ‘കൂടി’ എന്ന വാക്ക് വായനക്കാരെ സമരസപ്പെടുത്തുകയാണ് ചെയ്യുന്നത്.

വാക്കിന്റെ പ്രയോഗം ബോധപൂര്‍വമാണ്. ഒരോവാക്കിനും പ്രത്യയശാസ്ത്ര രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ചെങ്ങറയില്‍ നടക്കുന്നത് ഭൂ സമരമാണ്. എന്നാല്‍ വയനാട്ടില്‍ ആദിവാസി ക്ഷേമസമിതി നടത്തുന്നത് ചില മാധ്യമങ്ങള്‍ക്ക് കൈയേറ്റമാണ്. രണ്ടും ഭൂമിക്കുവേണ്ടിയുള്ള സമരമാണ്. വയനാട്ടിലെ സമരം നടക്കുന്നത് ചിലര്‍ കൈയേറിയ ഭൂമിയിലാണ്. ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരമാണ്. എന്നാല്‍, ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും അത് ഭൂസമരമായി അവതരിപ്പിക്കാന്‍ താല്‍പര്യമില്ല. പകരം അവര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്ന വാക്ക് കണ്ടെത്തുന്നു. മൂന്നാറില്‍ പട്ടയമില്ലാത്തവരുടെ ഭൂമിയെല്ലാം കൈയേറിയതാണ്. എന്നാല്‍, വയനാട്ടില്‍ എത്തുമ്പോള്‍ അത് കൈവശ ഭൂമിയാകും. ഭൂസമരത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും അവതാരം അതിനെ പിന്തുണച്ച് കൈയേറ്റക്കാരുടെ പത്രത്തില്‍ പ്രത്യേകം ലേഖനം വരെ എഴുതും.

മൂന്നാറിലെ കുടിയേറ്റവും കൈയേറ്റവും തീര്‍ത്തും വ്യത്യസ്തമായ സംഗതികളാണെന്ന കാര്യവും ഇക്കൂട്ടര്‍ ബോധപൂര്‍വം മറച്ചുവെയ്ക്കും. ദിവാന്‍ കല്‍പ്പനയനുസരിച്ച് കുടിയേറി കൃഷി നടത്തിയവരെവരെ കൈയേറ്റക്കാരുടെ പട്ടികയിലാണ് അവതരിപ്പിക്കുക. വന്‍കിടക്കാരുടെ കൈയേറ്റങ്ങള്‍ നിയമനടപടിയില്‍നിന്നു രക്ഷപ്പെടുത്തുന്നതിനു സാധാരണക്കാരുടെ കുടിയേറ്റത്തെയും അക്കൂട്ടത്തില്‍പ്പെടുത്തേണ്ടതുണ്ട്. ഇതു പ്രശ്നത്തെ വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ അടവാണ്.

ലാവ്ലിന്‍ കേസില്‍ പിണറായിയെ സിബിഐ പ്രതിയാക്കുന്നതിനു മുമ്പുതന്നെ പ്രതിയെന്ന മട്ടില്‍ വാക്കുകള്‍ പ്രയോഗിച്ച മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നു. നാലു മുന്‍ വൈദ്യുതി മന്ത്രിമാരുടെ മൊഴി എടുത്ത സന്ദര്‍ഭത്തില്‍ ഇത് കുറെക്കൂടി പ്രകടമായിരുന്നു. മൂന്നുപേരുടെ മൊഴിയെടുത്തെന്ന് എഴുതിയ പ്രമുഖപത്രം പിണറായിയെ മാത്രം ചോദ്യം ചെയ്തെന്നാണ് എഴുതിയത്. പിണറായി പ്രതിയാണെന്നും മറ്റുള്ളവരെല്ലാം സാക്ഷികള്‍ മാത്രമാണെന്നും സാധാരണവായനക്കാരില്‍ എത്തിക്കുകയാണ് ഈ പ്രയോഗം വഴി ലക്ഷ്യമിട്ടത്. ഇവര്‍ വരച്ച വരയില്‍ സിബിഐയും സഞ്ചരിച്ചെന്നത് വേറെ കാര്യം.

അമേരിക്ക ഇറാക്കിനെ ആക്രമിച്ചപ്പോള്‍ മിക്കവാറും എല്ലാ പത്രങ്ങളും യുദ്ധമെന്നാണ് എഴുതിയത്. യുദ്ധം എന്ന് പ്രയോഗിക്കുമ്പോള്‍ അമേരിക്കയും ഇറാക്കും സൈന്യങ്ങളോടുകൂടി ഏറ്റുമുട്ടുകയാണെന്ന അവബോധമായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ട് ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ വാര്‍ എന്നല്ല പ്രയോഗിച്ചത്. പകരം ഇൻ‌വേഷന്‍, അഗ്രഷന്‍ എന്നീ വാക്കുകളാണ്. മലയാളത്തില്‍ ദേശാഭിമാനി അധിനിവേശം, കടന്നാക്രമണം എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. ഈ രണ്ടു വാക്കുകളിലും ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്. യുദ്ധം എന്ന വാക്ക് ഇരയെയും വേട്ടക്കാരെയും ഒരു പോലെ കാണുന്ന സാഹചര്യം ഒരുക്കുമ്പോള്‍ അധിനിവേശം എന്ന പദം രണ്ടിനെയും വേര്‍തിരിക്കുകയാണ് ചെയ്യുന്നത്.

എസ്എഫ്ഐ ഭാരവാഹിയായിരിക്കുമ്പോള്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയപ്പോള്‍ ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ് എന്നാണ് അതിനു പേരിട്ടത്. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ കോളറക്കാലത്തെ പ്രണയം എന്നതില്‍നിന്നായിരുന്നു ആ പേരിലേക്ക് എത്തിയത്. ‘'Love in the Time of Cholera'’ എന്നതിന്റെ ചുവട്പിടിച്ച് ‘'Campus in the Time of Globalization'’ എന്നും കവറില്‍ അച്ചടിച്ചു. അതിനുശേഷം സമാനമായ പല തലക്കെട്ടുകളും വരികയുണ്ടായി. എന്നാല്‍, ആഗോളവല്‍ക്കരണമാണോ ആഗോളീകരണമാണോ ശരിയെന്ന തര്‍ക്കം ഈ കാലത്ത് ഉയര്‍ന്നുവന്നു. വ്യാകരണത്തില്‍ കടുംപിടുത്തമുള്ള പത്രം ആഗോളീകരണമാണ് ശരിയെന്ന ശാഠ്യം പിടിച്ചു. ഇവിടെ വ്യാകരണങ്ങള്‍ക്ക് അപ്പുറത്താണ് വാക്കിന്റെ രാഷ്ട്രീയം കിടക്കുന്നത്. ആഗോളീകരണമെന്നു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും അതൊരു സ്വഭാവിക പ്രക്രിയയായി മാത്രമേ കാണുകയുള്ളു. എന്നാല്‍, ആഗോളവല്‍ക്കരണമെന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ അത് അടിച്ചേല്‍പ്പിക്കുന്നതെന്ന ധാരണയുണ്ടാകും. ആ പ്രക്രിയയുടെ ശരിയായ രാഷ്ട്രീയം തിരിച്ചറിയുന്നതിന് ഈ വാക്ക് സഹായിക്കും.

ചിലപ്പോള്‍ ഒരേ അര്‍ഥം തോന്നുന്ന മട്ടില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തീര്‍ത്തും വ്യത്യസ്തമായ അര്‍ഥതലങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രയോഗിക്കുന്ന വാക്കാണ് വളര്‍ച്ച’ (growth). എന്നാല്‍ വളര്‍ച്ച ജനത്തിന് എന്തു ലഭിക്കുമെന്നല്ല വ്യക്തമാക്കുന്നത്. എന്തുണ്ടാക്കുന്നെന്നാണ്. വികസനം (development) എന്ന വാക്ക് മനുഷ്യന് എന്തു ലഭിക്കുന്നെന്ന അര്‍ഥമാണ് കൈമാറുന്നത്. അതുകൊണ്ടാണ് രണ്ടക്ക വളര്‍ച്ചാനിരക്കിന്റെ അഭിമാനസന്ദര്‍ഭത്തിലും 77 ശതമാനത്തിന്റെ പ്രതിദിന ഉപഭോഗം ഇരുപതു രൂപയില്‍ താഴെയാകുന്നത്.

സമ്പത്തിന്റെ കേന്ദ്രീകരണവും പാപ്പരീകരണവും സമര്‍ഥമായി മറച്ചുവെയ്ക്കാന്‍ ഈ വാക്കുകളുടെ സമര്‍ഥമായ പ്രയോഗത്തിലൂടെ സാധിക്കുന്നു. പാര്‍ലമെന്റില്‍ നടന്ന വിലക്കയറ്റത്തെ സംബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിത പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യുന്നതിനു പകരം വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതമായത് വിഷയത്തിന്റെ ഗൌരവം വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച നടന്നതിന്റെ തൊട്ടു പിറ്റേ ദിവസമാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, ഈ ചര്‍ച്ചകളില്‍ പ്രകടമായ വികാരമൊന്നും പ്രണബ് കുമാര്‍ മുഖര്‍ജി പരിഗണിച്ചില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനത്തിന്റെ മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ ആഹ്ളാദം പ്രകടിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്.

വാക്കുപോലെത്തന്നെ കണക്കിനുമുണ്ട് രാഷ്ട്രീയം. ശതമാനവും അനുപാതവും മറ്റും സംഭവത്തിന്റെ രൂക്ഷത മറച്ചുവെയ്ക്കാന്‍ സമര്‍ഥമായി ഉപയോഗിക്കുന്ന കാര്യങ്ങളാണ്. ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റം വഴി മാത്രം 26000 കോടി രൂപയാണ് സര്‍ക്കാരിനു നഷ്ടമായത്. ഇക്കാര്യം തുറന്നുസമ്മതിച്ച ധനമന്ത്രി സാധാരണക്കാരുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. പണപ്പെരുപ്പം എന്നതിനോടൊപ്പം ഭക്ഷ്യപണപ്പെരുപ്പം എന്ന പുതിയ വാക്ക് സമീപകാലത്ത് ഇടംതേടിയ പദമാണ്. അസാധരണമായ രീതിയില്‍ ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്കിലുണ്ടായ മാറ്റമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. വിലക്കയറ്റം എന്ന പരിഭാഷകൊണ്ട് പകരം വെയ്ക്കാന്‍ കഴിയാത്ത വാക്കാണിത്. ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇത് മൊത്ത വില സൂചികയെ ആധാരമാക്കിയാണ്. വന്‍കിട മൊത്തവ്യാപാരസ്ഥാപനങ്ങള്‍ തമ്മില്‍ നടത്തുന്ന കച്ചവടത്തിന്റെ കണക്കുകള്‍ക്ക് സാധാരണക്കാര്‍ നല്‍കേണ്ട വിലയുമായി ഒരു പൊരുത്തവുമുണ്ടാവില്ല. വാക്കിന്റെയും കണക്കിന്റെയും ഇത്തരം കളികള്‍ തുറന്നു കാണിക്കേണ്ടത് യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് അത്യാവശ്യമാണ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്തിയ ബജറ്റ് റിപ്പോര്‍ട്ട് ചെയ്ത മനോരമ പത്രം ശ്രദ്ധേയമായിരുന്നു. എങ്ങനെയാണ് തങ്ങളുടെ വീക്ഷണം തലക്കെട്ടിലൂടെ പോലും പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്ന പരീക്ഷണമായിരുന്നു അത്. തലോടല്‍ എന്നാണ് ലീഡിന്റെ തലക്കെട്ട്. തൊട്ടടുത്ത് പെട്രോള്‍ വില അമ്പതു കടന്നെന്ന തലക്കെട്ടുമുണ്ട്. തലോടിയിട്ട് എങ്ങനെയാണ് വില അമ്പതു കടന്നതാവോ? നികുതി കൂട്ടിയെന്ന വാചകം എത്ര പരതിയാലും കണ്ടെത്താന്‍ പറ്റില്ല. കൂടിയെന്നാണ് പ്രയോഗം. ‘കൂടി’ എന്നു വായിക്കുമ്പോള്‍ അതൊരു സ്വഭാവിക പ്രക്രിയയാണെന്ന അവബോധമായിരിക്കും രൂപപ്പെടുക. എന്നാല്‍ ‘കൂട്ടി’ എന്ന പ്രയോഗത്തില്‍ ഒരു പ്രതി ഒളിഞ്ഞിരിപ്പുണ്ട്്. ‘കൂട്ടി’ എന്ന് വായിക്കുന്നവരില്‍ സര്‍ക്കാരിനെതിരായ വികാരം രൂപം കൊള്ളും. അവര്‍ സമരോത്സുകമാകും. എന്നാല്‍ ‘കൂടി’ എന്ന വാക്ക് വായനക്കാരെ സമരസപ്പെടുത്തുകയാണ് ചെയ്യുന്നത്.

റോഷ്|RosH said...

വാക്കുകളിലൂടെയും, എഡിറ്റിംഗിലൂടെയും പൊതു ബോധം സൃഷ്ടിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ തന്ത്രങ്ങള്‍ വ്യക്തമാക്കുന്ന നല്ല ലേഖനം. നന്ദി.

Unknown said...
This comment has been removed by the author.