Monday, May 17, 2010

അവള്‍ക്കിന്നന്യമല്ലൊന്നും

സമത്വത്തിനായി വാദിക്കുന്ന സ്‌ത്രീയോട് 'എന്നാല്‍ നിയൊന്നു തെങ്ങില്‍ കയറ് ' എന്ന് പരിഹസിച്ചിരുന്ന പുരുഷസമൂഹം അത്ര പഴയതൊന്നുമല്ല. എങ്കിലും ഇന്ന് അങ്ങനെ പറയാന്‍ അവര്‍ അത്രക്ക് ധൈര്യപ്പെടില്ലെന്നത് സത്യം. തെങ്ങില്‍ കയറുന്ന സ്‌ത്രീ മലയാളികള്‍ക്കു മുന്നില്‍ തുറന്നിടുന്ന കുറേയേറെ സാധ്യതകളുണ്ട്. ആ കാഴ്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വെല്ലുവിളികള്‍ നേരിടാനുള്ള ചങ്കൂറ്റത്തിന്റേതുമാണ്.

മറ്റൊരു ലോക തൊഴിലാളിദിനംകൂടി കടന്നുപോകുമ്പോള്‍ തൊഴിലെടുക്കുന്ന മലയാളിസ്‌ത്രീക്ക് അഭിമാനിക്കാവുന്ന കാര്യങ്ങള്‍തന്നെയാണ് ചുറ്റും. ലോകത്താകമാനം തൊഴിലിടങ്ങളില്‍ സ്‌ത്രീ പ്രാതിനിധ്യം കൂടിയതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ തൊഴില്‍മേഖലയിലെ സ്‌ത്രീമുന്നേറ്റത്തിനു കാരണങ്ങള്‍ പലതാണ്. ഉയര്‍ന്ന വിദ്യാഭ്യാസനിരക്കാണ് എടുത്തുപറയേണ്ടത്. രാവിലെ പല്ലുതേക്കുകയും കുളിക്കുകയും ചെയ്യുന്നതുപോലെ, അഞ്ചു വയസ്സാകുന്നതോടെ ലിംഗഭേദമില്ലാതെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്യുന്നത് മലയാളിയുടെ ശീലമാണ്.
കാര്‍ഷിക-നിര്‍മാണമേഖലകളില്‍ സജീവസാന്നിധ്യമായ സ്‌ത്രീ പുതിയ മേഖലകള്‍ തെരഞ്ഞെടുത്തുതുടങ്ങിയത് വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തോടെയാണ്. തുടക്കക്കാരിയുടെ മേഖലകളായിരുന്നു അധ്യാപനം, ബാങ്കിങ്, മെഡിക്കല്‍ - പാരാമെഡിക്കല്‍ രംഗം മുതലായവ. അടുത്ത കാലത്തായി തൊഴില്‍മേഖലയിലെ ലിംഗപരമായ അതിര്‍വരമ്പ് മാഞ്ഞുപോകുകയാണ്. ഏതു മേഖലയിലും സ്‌ത്രീകള്‍ കടന്നുചെല്ലുന്ന കാഴ്ചയാണുള്ളത്. പത്തുവര്‍ഷം മുമ്പ് പെട്രോള്‍ പമ്പില്‍ സ്‌ത്രീകള്‍ ജോലി ചെയ്യുമെന്ന് ചിന്തിക്കാനാകില്ലായിരുന്നു. ഇന്നിപ്പോള്‍ പമ്പുകളിലെ ജീവനക്കാരില്‍ വലിയൊരു ഭാഗം സ്‌ത്രീകളാണ്.

കായികക്ഷമതയുടെ പേരിലാണ് സ്‌ത്രീകളെ ചില തൊഴിലുകളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നത്. ഈ പരിമിതികളെ മറികടക്കാന്‍ പലരും സന്നദ്ധരാവുന്നു. ഈയിടെ മലപ്പുറത്ത് പത്തു സ്‌ത്രീകള്‍ ചേര്‍ന്ന് കിണര്‍ കുഴിച്ച് ചരിത്രം സൃഷ്‌ടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തേഞ്ഞിപ്പലം ചേലേമ്പ്രയിലാണ് സംഭവം. വിധവയായ കുടുംബനാഥയെ സഹായിക്കാനുള്ള പദ്ധതി തുടര്‍ന്നുകൊണ്ടുപോകാനുള്ള ഊര്‍ജമാണ് ആദ്യസംരംഭം ഇവര്‍ക്കു നല്‍കിയത്.

സംസ്ഥാനത്താകെ സ്‌ത്രീകളുടെ വന്‍ പങ്കാളിത്തമുണ്ടാക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്കായി. പദ്ധതിയുടെ ഉപയോക്താക്കളില്‍ 80 ശതമാനത്തിലധികം സ്‌ത്രീകളാണ്. 100 ദിവസം വീട്ടിലേക്ക് അധികവരുമാനമുണ്ടാക്കാന്‍ ഇതുവഴി സാധിച്ചതില്‍ ഇവരും തൃപ്‌തരാണ്. വരുമാനത്തോടൊപ്പം നാട്ടില്‍ അവശ്യം നടപ്പാക്കേണ്ട പല കാര്യങ്ങളും സാധ്യമാക്കാനുമായി. നീര്‍ത്തടപദ്ധതികള്‍, ചെറുറോഡ്-കലുങ്ക് നിര്‍മാണം, ഭൂവികസനം എന്നിവയിലൂടെ നാടിന്റെ ആവശ്യങ്ങളില്‍ നേരിട്ടിടപെടാനും തങ്ങളുടെ പങ്ക് വഹിക്കാനും ഇവര്‍ക്കായി.

വീടിന്റെ അകത്തളങ്ങളില്‍ വെറുതെകളഞ്ഞ പകലുകളെ ക്രിയാത്മകമാക്കി മാറ്റിയത് കുടുംബശ്രീയുടെ വരവാണ്. 1998ല്‍ കുടുംബശ്രീ നടപ്പില്‍ വരുമ്പോള്‍ സൂക്ഷ്‌മ സംരംഭങ്ങളിലൂടെ വിപ്ളവം സാധ്യമാകുമെന്ന് ഭൂരിപക്ഷം പേരും കരുതിയില്ല. പ്രത്യേകിച്ചും സ്‌ത്രീകളുടെ നേതൃത്വത്തില്‍. എന്നാല്‍, കുടുംബശ്രീ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിജയകഥകള്‍ മാത്രമേ പറയാനുള്ളൂ.

സ്‌ത്രീ ഒരു അധികവരുമാനമേഖല കണ്ടെത്തി എന്നതല്ല കുടുംബശ്രീയുടെ വിജയം, ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തിയ സമയവും ഊര്‍ജവും ഉല്‍പ്പാദനക്ഷമമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നുള്ളതാണ്. പുതിയ പുതിയ ആശയങ്ങളുമായി ഓരോ യൂണിറ്റും കടന്നുവരുന്നു. വീടുകള്‍തോറും ചര്‍ച്ചകള്‍ നടക്കുന്നു, താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പങ്ക് തീരുമാനിക്കുന്നു. അതിനായി ആത്മാര്‍ഥശ്രമം നടക്കുന്നു. ഓരോ പഞ്ചായത്തിലെയും ഓരോ വീടും നാടിന്റെ പുരോഗമനത്തില്‍ പങ്കാളിയാകുന്ന കാഴ്ച മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന് സംശയമാണ്. സ്‌ത്രീകളെ മികച്ച സംഘാടകരും സംരംഭകരുമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. പുരുഷന്‍ കൈയടക്കിവച്ചിരുന്ന പല മേഖലകളിലും ആത്മവിശ്വാസത്തോടെ നടന്നുകയറാന്‍ ഇന്ന് സ്‌ത്രീക്ക് സാധിക്കുന്നു.

പൊലീസ് എന്നാല്‍ കൊമ്പന്‍മീശക്കാരനായ കാക്കിക്കുപ്പായക്കാരന്റെ ചിത്രമാകും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. പക്ഷേ, നാം മാറിച്ചിന്തിക്കേണ്ട കാലമായെന്നു വേണം കരുതാന്‍. മുമ്പ് വനിതാ യൂണിറ്റുകളില്‍ മാത്രമായിരുന്നു വനിതാ പൊലീസുകാര്‍. 2006ല്‍ എല്ലാ സ്റ്റേഷനുകളിലും വനിതാ പൊലീസുകാര്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ കഥ മാറി. ശരാശരി അഞ്ച് വനിതാ പൊലീസുകാര്‍ എല്ലാ സ്റ്റേഷനിലുമുണ്ട്. പരാതിക്കാരിക്ക് മടികൂടാതെ കയറിച്ചെല്ലാനും പരാതി ബോധിപ്പിക്കാനുമുള്ള സൌകര്യമാണ് ഒരുങ്ങിയത്.

പുരുഷന്റെ സ്വന്തമായ വാഹനങ്ങളും സ്‌ത്രീകള്‍ കൈയടക്കുകയാണ്. മികച്ച ഡ്രൈവര്‍മാര്‍ സ്‌ത്രീകളാണെന്ന് ലോകമെങ്ങും അംഗീകരിക്കുമെങ്കിലും നമ്മുടെ നാട്ടുകാര്‍ക്ക് അതിലത്ര വിശ്വാസം പോരാ. ഈ മേഖലയിലേക്കുള്ള കടന്നുവരവിന് പച്ചക്കൊടി ആഞ്ഞുവീശിയതുമില്ല. എങ്കിലും ഓട്ടോ ഓടിക്കുന്ന സ്‌ത്രീകള്‍ നഗരങ്ങളിലെങ്കിലും അപൂര്‍വമല്ലാതാകുന്നുണ്ട്. ഡ്രൈവിങ്ങിലുള്ള ശ്രദ്ധയും യാത്രക്കാരോടുള്ള ഉത്തരവാദിത്തവും ന്യായമായ കൂലിയും കാരണം പലരും വനിതാ ഓട്ടോ ഡ്രൈവര്‍മാരെ പരിഗണിക്കുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കാന്‍ വനിതാ ഡ്രൈവര്‍മാരെ അന്വേഷിക്കുന്ന സ്ഥിതിയുമുണ്ട്.

കൊച്ചിയിലെയും തൃശൂരിലെയും നിരത്തുകള്‍ക്ക് അഭിമാനിക്കാന്‍ വനിതാ ബസ് ഡ്രൈവര്‍മാരുമുണ്ട്. തിരക്കേറിയ നഗരത്തില്‍ മറ്റു വാഹനക്കാരെ അസഭ്യം പറഞ്ഞ്, നിയമം തെറ്റിച്ച് മത്സര ഓട്ടത്തിനു പോകുന്നവരല്ല ഇവര്‍. നിയമം പാലിക്കുന്നതും സഭ്യമായി പെരുമാറുന്നതും മോശപ്പെട്ട കാര്യങ്ങളല്ലെന്ന് ഇവര്‍ പ്രവൃത്തികൊണ്ട് തെളിയിക്കുന്നു. നമ്മുടെ കെഎസ്ആര്‍ടിസി ബസുകളില്‍ തോളില്‍ ബാഗും കൈയില്‍ ടിക്കറ്റുകളുമായി വനിതകള്‍ കയറിയിട്ടും നാള്‍ അധികമായില്ല. വനിതാ കണ്ടക്ടര്‍ എന്ന ആശയത്തിനുനേരെ നെറ്റി ചുളിച്ചവര്‍ക്കും ഇപ്പോള്‍ പരാതിയില്ല. ബാക്കി ചോദിക്കുന്ന യാത്രക്കാരിയെ തല്ലുന്ന സംസ്കാരം ഇവര്‍ക്കില്ല. ചില്ലറയില്ലെന്നു പറയുന്നവരെ കണ്ണുരുട്ടി പേടിപ്പിക്കുകയുമില്ല. തിരക്കുള്ള ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീക്ക് ആശ്വാസവുമാണ് വനിതാ കണ്ടക്ടര്‍. കായികധ്വാനം പോലും വേണ്ടാത്ത ജോലി ഇത്രകാലം വനിതകള്‍ക്ക് തുറന്നുകൊടുക്കാത്തതെന്ത് എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. ഇരുചക്രവാഹനങ്ങളും കാറും മാത്രം ഓടിച്ചിരുന്ന സ്‌ത്രീകള്‍ ഓട്ടോറിക്ഷയും ബസും വിമാനവും എന്തിന്, ബഹിരാകാശ പേടകംവരെ സ്വന്തമാക്കുന്നത് വാര്‍ത്തയല്ലാതായി.

വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തും സ്‌ത്രീകളുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനം കൈയാളാന്‍ സ്‌ത്രീക്കാവില്ലെന്ന പഴഞ്ചന്‍ കാഴ്ചപ്പാടിനെ പുച്ഛിച്ചുതള്ളുന്നതോടൊപ്പം ഓരോ നിമിഷവും പുതിയ സാധ്യതകളും ആത്മപ്രകാശനത്തിന്റെ അവസരങ്ങളും കണ്ടെത്തുകയാണിവര്‍. തൊഴിലളിടങ്ങളിലെ സ്‌ത്രീമുന്നേറ്റത്തിന് വലിയ പങ്കുവഹിച്ചത് മാധ്യമങ്ങളാണ്. സ്‌ത്രീപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുറന്ന വേദിയൊരുക്കി പരിഹാരത്തിനുള്ള വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്തു. പെണ്ണുടലിന്റെ വിപണനസാധ്യതകള്‍ അവ ഇന്നും തെരയുന്നുണ്ട്. എങ്കിലും എല്ലാ മേഖലകളിലും മാധ്യമങ്ങളില്‍ത്തന്നെയും, പെണ്ണിന്റെ കടന്നുവരവ് സാധ്യമാക്കാന്‍ അവയ്ക്ക് കഴിഞ്ഞു. ഇതില്‍ ടെലിവിഷന്‍ ചാനലുകള്‍ വഹിച്ച പങ്ക് ചെറുതല്ല.

റേഡിയോ അനൌൺസര്‍, ടെലിവിഷന്‍ അവതാരകര്‍, പരസ്യമോഡല്‍, അഭിനേതാക്കള്‍ എന്നീ വ്യവസ്ഥാപിത റോളുകളില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും ക്രിയാത്മക ഇടപെടലുകളും ആവശ്യമുള്ള രംഗങ്ങള്‍ സ്‌ത്രീകള്‍ കീഴ്‌പെടുത്തിക്കഴിഞ്ഞു. ചലച്ചിത്രരംഗത്ത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പണ്ടേ ഒരു ബീനാ പോള്‍ ഉണ്ടായിരുന്നു. ക്യാമറാവുമൺ എന്ന വാക്ക് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയ സുഹാസിനി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായികമാരായ രേവതി, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ് എന്നിവരെക്കൂടാതെ സഹസംവിധാനരംഗത്തും സാങ്കേതികരംഗത്തും സ്‌ത്രീപ്രാതിനിധ്യം വര്‍ധിക്കുകയാണ്. ആളുകള്‍ പൊതുവെ കടന്നുവരാന്‍ മടിക്കുന്ന ശബ്‌ദ മിശ്രണരംഗത്തും ഇന്ന് സ്‌ത്രീകളുണ്ട്. നാളെ ദൃശ്യമാധ്യമരംഗം, പ്രത്യേകിച്ച് ചലച്ചിത്രമേഖല, കൂടുതല്‍ സ്‌ത്രീകേന്ദ്രീകൃതമാകുമെന്ന ശുഭസൂചനയാണ് നല്‍കുന്നത്.

വിവിധ മേഖലകളിലെ സ്‌ത്രീകള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം പ്രാതിനിധ്യത്തിന്റേതല്ല. വ്യവസ്ഥാപിത സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ക്കും അമിത പരിഗണനയ്ക്കുമെതിരെയാണ് അവള്‍ സമരം ചെയ്യുന്നതും ചെയ്യേണ്ടതും. അവകാശ സമരത്തിന്റെ വീരസ്മരണകളുമായി ഒരു തൊഴിലാളിദിനംകൂടി കടന്നുപോകുമ്പോള്‍ പോരാട്ടങ്ങളിലൂടെ മുന്നേറാനുള്ള ഊര്‍ജംതന്നെയാണ് അവള്‍ക്ക് പകര്‍ന്നുകിട്ടുന്നത്.

*
ഡെസ്‌നി സുല്‍ഹ് കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമത്വത്തിനായി വാദിക്കുന്ന സ്‌ത്രീയോട് 'എന്നാല്‍ നിയൊന്നു തെങ്ങില്‍ കയറ് ' എന്ന് പരിഹസിച്ചിരുന്ന പുരുഷസമൂഹം അത്ര പഴയതൊന്നുമല്ല. എങ്കിലും ഇന്ന് അങ്ങനെ പറയാന്‍ അവര്‍ അത്രക്ക് ധൈര്യപ്പെടില്ലെന്നത് സത്യം. തെങ്ങില്‍ കയറുന്ന സ്‌ത്രീ മലയാളികള്‍ക്കു മുന്നില്‍ തുറന്നിടുന്ന കുറേയേറെ സാധ്യതകളുണ്ട്. ആ കാഴ്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വെല്ലുവിളികള്‍ നേരിടാനുള്ള ചങ്കൂറ്റത്തിന്റേതുമാണ്.