മൊബൈല്‍ ഫോണില്ലാത്ത അവസ്ഥ ഇന്ന് ആലോചിക്കാന്‍ വയ്യ. കൈയിലൊരു മൊബൈല്‍ സെറ്റില്ലാതെയുള്ള യാത്ര ആര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് മുതല്‍ ഇ മെയില്‍ വരെയുള്ള വര്‍ണാഭമായ മൊബൈല്‍ ഇന്ന് സര്‍വസാധാരണം. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോഗിക്കുന്ന രാഷ്ട്രം ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന തന്നെ. 69.80 കോടി. രണ്ടാം സ്ഥാനം ഇന്ത്യക്കും. 47.2 കോടി മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. അമേരിക്കയില്‍ 28.1 കോടിയും റഷ്യയില്‍ 20.2 കോടിയും മൊബൈല്‍ ഉപയോക്താക്കളുണ്ട്. പുതുതായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ത്തന്നെ. 2009 ല്‍ മാത്രം മൂന്നു കോടി ഉപയോക്താക്കളാണ് വര്‍ധിച്ചത്. ചൈനയില്‍ വര്‍ധന വെറും 2.4 കോടി മാത്രം.
എന്നാല്‍ ഓരോ മൊബൈലില്‍ നിന്നും കിനിയുന്ന മനുഷ്യരക്തത്തെക്കുറിച്ച് അതുപയോഗിക്കുന്നവര്‍ അറിയുന്നില്ല. വിലകൂടിയ മൊബൈല്‍ സെറ്റ് അന്തസ്സിന്റെ പ്രതീകമായി കൊണ്ടുനടക്കുന്ന നമ്മള് ഈ മൊബൈല്‍ വിപ്ളവത്തെ ശപിക്കുന്ന ഒരു ജനത ആഫ്രിക്കയിലെ കോംഗോയില്‍ ഉണ്ടെന്നറിയുന്നില്ല. എല്ലാ മൊബൈലിലും ഡിവിഡിയിലും ലാപ്ടോപ്പിലും മറ്റും വൈദ്യുതി കണ്ടക്ടറായി ഉപയോഗിക്കുന്ന ഒരു ലോഹമുണ്ട്. കോള്‍ട്ടാന്‍. മൊബൈലില്‍ പിന്‍ഹെഡ് കപ്പാസിറ്റേഴ്സ് നിര്‍മിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വോള്‍ടേജ് നിയന്ത്രിക്കുന്നതിനും ഊര്‍ജം ശേഖരിക്കുന്നതിനും ഇത് ഉപയോഗിക്കും. ഈ ലോഹമില്ലായിരുന്നെങ്കില് ഇന്ന് കാണുന്ന മൊബൈല്‍ വിപ്ളവം സാധ്യമാകുമായിരുന്നില്ല.
കോംഗോയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും ഈ ലോഹം കുഴിച്ചെടുക്കുന്നത്. ഈ ലോഹശേഖരത്തിന്റെ എണ്‍പത് ശതമാനവും കോംഗോയുടെ കിഴക്കന്‍ ഭാഗത്താണ്്. ഈ ചുവപ്പ് ലോഹം ഉണ്ടാക്കിയ സമ്പത്ത് അധീനപ്പെടുത്താന്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടല്‍ ഈ പ്രദേശത്തെ ഒരു ചോരക്കളമാക്കി മാറ്റുകയാണ്. 1998 നു ശേഷം മാത്രം ഇവിടെ യുദ്ധത്തില്‍ 54 ലക്ഷം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
കോംഗോയിലെ കീവു, കട്ടാംഗ പ്രവിശ്യകളിലാണ് ലോകത്തിലെ ഏറ്റവും വലിയ കോള്‍ട്ടാന്‍ ശേഖരമുള്ളത്. കീവു പ്രവിശ്യയുടെ തലസ്ഥാനമാണ് ഗോമ. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിമതസേനയാണ് ഈ പ്രദേശത്ത് പലര്‍ക്കും കോള്‍ട്ടാന്‍ ഖനനത്തിന് ലൈസന്‍സ് നല്‍കുന്നത്. ഇതു വഴി ലഭിക്കുന്ന പണമാണ് അവര്‍ ആയുധം വാങ്ങാനും സര്‍ക്കാര്‍ സേനയെ എതിരിടാനും അനധികൃത ഖനനത്തിനും ഉപയോഗിക്കുന്നത്. വിമതസേനയെ മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. സര്‍ക്കാരിന്റെ തലപ്പത്തുള്ളവരും ഇഷ്ടംപോലെ ഖനികള്‍ക്ക് ലൈസന്‍സ് നല്കി കീശവീര്പ്പിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പീഡനത്തിന് ഇരയാകുന്നത് കോംഗോയിലെ സാധാരണ ജനങ്ങളാണ്. ജോലിയന്വേഷിച്ച് പലരും ഈ ഖനികളില്‍ അഭയം തേടുന്നു. ദിവസം ഒരു ഡോളര്‍ കൂലികിട്ടും എന്ന വാഗ്ദാനത്തില്‍ ഗോമയിലെത്തുന്ന ഇവര്‍ പലപ്പോഴും തിരിച്ചുപോകാറില്ല. പണം വാരാനുള്ള തിരക്കിനിടയില്‍ ഖനിയിലൊന്നും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറില്ല. ഖനി അപകടങ്ങള്‍ ഇവിടെ സര്‍വ സാധാരണം. കൈയും കാലും പൊട്ടി ജീവച്ഛവങ്ങളായിത്തീര്ന്നവര് ഇവിടെ അനവധിയാണെന്ന് യുഎന്‍ റിപ്പോര്‍ട് സൂചിപ്പിക്കുന്നു.
കോള്‍ട്ടാന്‍ ഖനികളുടെ നിയന്ത്രണം കൈയടുക്കാന്‍ നടക്കുന്ന മത്സരം പ്രദേശത്തെ വികസനം അസാധ്യമാക്കിയിരിക്കുന്നു. ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് പേടിയാണ്. കാരണം സ്കൂള്‍ കെട്ടിടങ്ങള്‍ വിമതസേന തങ്ങളുടെ താവളമാക്കി മാറ്റും. അതിലെ ഡസ്ക്കും ബെഞ്ചും പെട്ടിച്ച് അടുപ്പില്‍ കൂട്ടും. അതിനാല്‍ സ്കൂളുകള്‍ തന്നെ വേണ്ടെന്ന സമീപനമാണ് സര്‍ക്കാരിന്. ഇങ്ങനെ ഓരോ മേഖലയിലും വിമതരുടെ സാന്നിധ്യം പറഞ്ഞ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വലിയുകയാണ്.
അന്താരാഷ്ട്ര കമ്പനികള്‍ കോള്‍ട്ടാന്‍ വാങ്ങുന്നത് എന്ന് നിര്‍ത്തുമോ അന്ന് മാത്രമേ യുദ്ധം അവസാനിക്കൂ എന്നാണ് കോംഗോയുടെ വിദ്യാഭ്യാസ മന്ത്രി പ്രോസ്പര്‍ കബീല പറയുന്നത്. അതുപോലെ തന്നെ കോംഗോയിലെ വിമതസേനക്ക് റുവാണ്ട നല്കുന്ന സഹായവും പ്രദേശത്തെ രക്തക്കളമാക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണമുണ്ട്. കോംഗോ ഖനികളിലെ ധാതുക്കളും മറ്റും കട്ടുകടത്തുന്നതിന് പാശ്ചാത്യ രാഷ്ട്രങ്ങളാണ് റുവാണ്ടയെ സഹായിക്കുന്നതെന്നാണ് ആരോപണം.
ആഫ്രിക്കയുടെ മുഖഛായ മാറ്റാന്‍ ശേഷിയുള്ള രാഷ്ട്രമാണ് കോംഗോ. ആഫ്രിക്കക്കു മൊത്തം ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി കോംഗോയിലെ സമ്പന്നമായ നദികള്ക്കുണ്ട്. തന്നെ ധാതുസമ്പത്തിലും കോംഗോ ഏറെ മുന്നിലാണ്. എന്നാല്‍ അതൊന്നും ഉപയോഗിക്കാനാവശ്യമായ സാഹചര്യം കോംഗോയില്‍ ഇല്ലെന്നുമാത്രം. കോള്‍ട്ടാന്‍ സമ്പത്ത് സ്വന്തമാക്കാനുള്ള മത്സരത്തില്‍ അഞ്ച് അയല്‍രാജ്യങ്ങള്‍ സ്വന്തം സേനയെ ഇറക്കി പൊരുതുകയാണ് കോംഗോയില്‍.
കിരാതമായ മനഷ്യവേട്ടക്ക് എന്നും കുപ്രസിദ്ധമാണ് കോംഗോ. കൊളോണിയല്‍ ഭരണകാലം രക്തപങ്കിലമായിരുന്നു. ലിയോ പോള്‍ഡ് രണ്ടാമന്റെ ഭരണകാലത്ത് റബര്‍ തോട്ടത്തിലേക്ക് തൊഴിലാളികളെ കന്നുകാലിക്കൂട്ടത്തെപ്പോലെ തെളിച്ചുകൊണ്ടുപോയതും, വിളവെടുപ്പ് ക്വോട്ട പൂര്‍ത്തിയാക്കാത്ത തൊഴിലാളികളുടെ കൈ വെട്ടിയതും ചരിത്രം. ജോസഫ് കോണ്റാര്ഡും ആര്‍തര്‍ കോനന്‍ ഡോയലും മറ്റും ഈ കാലഘട്ടത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ലിയോ പോള്‍ഡ് രാജാവിന്റെ കാലത്ത് നടന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മനഷ്യാവകാശ വിഷയം ഉയര്‍ത്തി ശക്തമായ പ്രചാരണം നടത്തിയത് പ്രസിദ്ധ നോവലിസ്റ്റായ മാര്ക്ക്ട്വെയിനാണ്. 80 ലക്ഷം തൊഴിലാളികളാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. ഇപ്പോള്‍ കോള്‍ട്ടാന്‍ സ്വന്തമാക്കാനാണ് കൂട്ടക്കൊല നടക്കുന്നത്. മൊബൈല്‍ കൈയിലെടുക്കുമ്പോള്‍ അതിനു പിന്നിലുള്ള ഈ ചരിത്രവും ഓര്‍ക്കുക. നിങ്ങളുടെ മൊബൈലിന്റെ മണിമുഴങ്ങുമ്പോള്‍ അങ്ങ് കോംഗോയില്‍ പാവങ്ങളുടെ മരണമണി മുഴങ്ങുന്നുണ്ടെന്ന് തിരിച്ചറിയുക.
*
വി ബി പരമേശ്വരന് കടപ്പാട്: ദേശാഭിമാനി വാരിക
Thursday, May 6, 2010
Subscribe to:
Post Comments (Atom)
1 comment:
കോള്‍ട്ടാന്‍ ഖനികളുടെ നിയന്ത്രണം കൈയടുക്കാന്‍ നടക്കുന്ന മത്സരം പ്രദേശത്തെ വികസനം അസാധ്യമാക്കിയിരിക്കുന്നു. ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് പേടിയാണ്. കാരണം സ്കൂള്‍ കെട്ടിടങ്ങള്‍ വിമതസേന തങ്ങളുടെ താവളമാക്കി മാറ്റും. അതിലെ ഡസ്ക്കും ബെഞ്ചും പെട്ടിച്ച് അടുപ്പില്‍ കൂട്ടും. അതിനാല്‍ സ്കൂളുകള്‍ തന്നെ വേണ്ടെന്ന സമീപനമാണ് സര്‍ക്കാരിന്. ഇങ്ങനെ ഓരോ മേഖലയിലും വിമതരുടെ സാന്നിധ്യം പറഞ്ഞ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വലിയുകയാണ്.
Post a Comment