Friday, June 18, 2010

സഭയുടെ തൊഴിലാളിപ്രേമത്തില്‍ അപകടം പതിയിരിപ്പുണ്ട്

സ്വയം കഠിനമായി ആശാരിപ്പണി ചെയ്‌ത് ജീവിച്ച യേശു വിയര്‍പ്പുകൊണ്ട് അപ്പം തിന്നാന്‍ അനുയായികളെ പ്രേരിപ്പിക്കുകയായിരുന്നു. തന്റെ പരസ്യജീവിതദൌത്യകാലയളവില്‍ ദരിദ്രരോടും അവശതയും രോഗവുമനുഭവിക്കുന്നവരോടും അവഗണിക്കപ്പെട്ടവരോടും സ്‌ത്രീകളോടും പ്രത്യേക മമത കാട്ടി. അവരില്‍ ഒരാളായി ജീവിച്ചു.

'പാമ്പുകള്‍ക്ക് മാളം, പറവകള്‍ക്ക് ആകാശം, മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല' എന്നത് വാച്യാര്‍ഥത്തില്‍ത്തന്നെ ശരിയായിരുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തില്‍നിന്നാണ് തന്റെ മിക്ക ശിഷ്യരെയും തെരഞ്ഞെടുത്തത്. (ഇന്നത്തെ ആഴക്കടല്‍ മത്സ്യബന്ധനത്തൊഴിലാളികളോ പഴ്‌സീന്‍ ബോട്ടുതൊഴിലാളികളോ അല്ല; വെറും പച്ചയായ, പരമ്പരാഗത മീന്‍പിടിത്തക്കാർ‍). ദരിദ്രരുടെ കൂട്ടായ്‌മയ്‌ക്ക് രൂപം കൊടുത്തു. ഉള്ളതെല്ലാം പൊതുവായി കരുതി. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വീതിച്ചുകൊടുത്തുകൊണ്ട് ഒരുമയോടെ ജീവിച്ചു ആദ്യക്രൈസ്തവസമൂഹം.

എ. ഡി. 312ലെ റോമന്‍ ചക്രവര്‍ത്തിയായ കോൺ‌സ്‌റ്റന്റയിന്റെ ക്രിസ്‌തീയവല്‍ക്കരണത്തോടെ ദരിദ്രരുടെ സഭ സമ്പന്നരുടെ സഭയായി രൂപാന്തരപ്പെട്ടു. ഈ നീക്കത്തെ സ്വീകരിക്കാന്‍ വയ്യാതെ എതിര്‍ത്ത ഗ്രൂപ്പുകള്‍ എപ്പോഴും ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതം എടുത്തു രൂപപ്പെട്ട സന്യാസസഭകൾ‍. സഭയുടെ ധൂര്‍ത്തിനും അധികാര ദുരുപയോഗത്തിനും അസംബന്ധ പ്രവര്‍ത്തനത്തിനും വെല്ലുവിളിയായി ഉയര്‍ന്നുവന്ന സന്യാസ-സന്യാസിനീ സമൂഹങ്ങൾ‍. പക്ഷേ, അവരും വളരെ വേഗം സമ്പന്ന-അധികാരവാഴ്‌ചയ്‌ക്കു വിധേയപ്പെട്ടു. അവര്‍ ദാരിദ്യ്രവ്രതം എടുത്തെങ്കിലും, ജീവിതം സമൃദ്ധിയിലായി. വ്യക്തിഗതമായി അവരുടെ പേരില്‍ ഒന്നും ഇല്ലെങ്കിലും, സന്യാസസഭയില്‍ സമ്പത്ത് കുന്നുകൂടി.

ഇങ്ങനെ സഭാചരിത്രത്തില്‍ പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. അങ്ങനെയാണ് 20-ആം നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്പിലും മറ്റും തൊഴിലാളി-വൈദികര്‍ രംഗത്തുവന്നത്. യേശു ആശാരിപ്പണി ചെയ്‌ത് ജീവിച്ചു. അദ്ദേഹത്തിന്റെ പ്രതിപുരുഷരായ വൈദികര്‍ കുര്‍ബാനയുടെയും മറ്റു ഭക്തകൃത്യങ്ങളുടെയും ചാര്‍ജുകൊണ്ടല്ല ജീവിക്കേണ്ടത്; മറിച്ച്, തൊഴിലെടുത്തു ജീവിക്കണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. കുറച്ചുപേര്‍ അങ്ങനെ രംഗത്തിറങ്ങി. അവര്‍ ജോലിചെയ്‌ത് പണം സമ്പാദിച്ചെങ്കിലും പരമ്പരാഗതമായി ചരിത്രത്തില്‍ പൌരോഹിത്യത്തിന് അനര്‍ഹമായി ലഭിച്ച അധികാരാംഗീകാരം മുഴുവന്‍ ഇവര്‍ക്കുണ്ടായിരുന്നതിനാൽ‍, അത് യഥാര്‍ഥ സാക്ഷ്യമായി മാറിയില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ മെത്രാന്മാര്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപതയില്‍ തൊഴിലാളി പ്രസ്ഥാനത്തിനു രൂപംകൊടുത്ത് അതിന്റെ പ്രാദേശിക (ഇടവക) തലംതൊട്ട് മേഖല-കേന്ദ്രതലങ്ങള്‍വരെ വൈദികരെ അതിന്റെ തലപ്പത്തു പ്രതിഷ്‌ഠിക്കുന്ന നിയമാവലിയും ഉണ്ടാക്കി. തത്തുല്യമായ തൊഴിലാളിസംഘടനകള്‍ മറ്റു രൂപതകളിലുമുണ്ടാക്കുന്നു. ഇവര്‍ക്ക് എങ്ങനെയാണ് തൊഴിലാളിതാല്‍പ്പര്യം സംരക്ഷിക്കാനാവുക? ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പന്നരോട് കൂട്ടുകൂടി അവരുടെ ആനുകൂല്യവും സമ്പത്തും കൈനിറയെ വാങ്ങിയിട്ട്, അധികാരാംഗീകാരത്തിന്റെ സോപാനത്തെ നിറയെ ആസ്വദിച്ചിട്ട്, എങ്ങനെയാണീ സഭാധികാരികള്‍ക്ക് തൊഴിലാളി താല്‍പ്പര്യങ്ങളോട് ഒത്തുപോകാന്‍ സാധിക്കുക?

ഇന്നിതാ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ അധീനതയിലുള്ള ലേബര്‍ കമീഷന്‍ 'വര്‍ക്കേഴ്‌സ് ഇന്ത്യാ ഫെഡറേഷൻ‍' എന്ന സംഘടനയ്‌ക്ക് രൂപംകൊടുത്തിരിക്കുന്നു. സിബിസിഐയുടെ 13 പ്രവിശ്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെയും അഞ്ച് ദേശീയ പ്രസ്ഥാനങ്ങളുടെയും ദേശീയ ഏകോപനസംവിധാനമായിരിക്കും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷൻ‍. കേരളത്തിലെ രൂപതാ തൊഴിലാളി സംഘടനകളുടെ ഏകോപന സംഘടനയായ 'കേരള ലേബര്‍ മൂവ്മെന്റാ' യിരിക്കും ഫെഡറേഷന്റെ കേരള ഘടകം. അവര്‍ ഭാരവാഹികളെ തെരഞ്ഞെടുത്ത്, സിബിസിഐ ലേബര്‍ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഒസ്വാള്‍ഡ് ലൂയിസ് ഫെഡറേഷന്റെ രൂപീകരണ ലക്ഷ്യം ഇങ്ങനെ പ്രഖ്യാപിച്ചു: " ഇന്ത്യയിലെ 49 കോടിയിലധികം വരുന്ന തൊഴിലാളികളില്‍ 93 ശതമാനവും അസംഘടിത തൊഴിലാളികളെന്നാണു കണക്കാക്കപ്പെടുന്നത്. സംഘടിത ദേശീയ തൊഴിലാളി സംഘടനകള്‍ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വിമുഖരാണ്. കഴിഞ്ഞ 90 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ 12 ശതമാനം തൊഴിലാളികളെ സംഘടിപ്പിക്കാനേ ദേശീയ തൊഴിലാളി സംഘടനകള്‍ക്ക് സാധിച്ചിട്ടുള്ളൂ. സംഘടിത തൊഴിലാളികള്‍ക്കിടയിലാണ് ദേശീയ തൊഴിലാളി സംഘടനകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളുടെ പരിരക്ഷയോ സംരക്ഷണമോ ലഭിക്കാത്തവരെയാണ് അസംഘടിത തൊഴിലാളികളായി കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന് രൂപം നല്‍കിയത്. ഇത് ദേശീയതലത്തില്‍ അസംഘടിത തൊഴിലാളികളുടെ സംഘടനയായി രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞു; ഭാരതസര്‍ക്കാരിന്റെ തൊഴില്‍വകുപ്പ് മന്ത്രാലയം അതംഗീകരിച്ചിട്ടുമുണ്ട് '' (ജീവനാദം - 2010 ജൂൺ 6).

ഈ സംഘടനാ രൂപീകരണം ചരിത്രപരമായൊരു അപരാധം ആണെന്നു പറയാതിരിക്കാന്‍ വയ്യ. സിബിസിഐക്കോ അതിന്റെ കീഴിലുള്ള ലേബര്‍ കമീഷനോ ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തോടു താല്‍പ്പര്യമില്ല എന്നതാണു ചരിത്രയാഥാര്‍ഥ്യം. വെറും മൂന്നു ശതമാനത്തില്‍ താഴെ വരുന്ന ക്രൈസ്‌തവസമൂഹം ഇന്ത്യയിലെ പ്രമുഖ സിറ്റികളിലും പട്ടണങ്ങളിലും, അവയുടെ കണ്ണായ സ്ഥാനങ്ങളിൽ‍, വിവിധ സ്വാശ്രയസ്ഥാപനങ്ങള്‍ സ്ഥാപിച്ച് ആയിരക്കണക്കിനു കോടികള്‍ സ്വരൂപിക്കുന്ന സഭയ്‌ക്ക് എങ്ങനെയാണ് തൊഴിലാളി താല്‍പ്പര്യത്തെപ്പറ്റി ഉച്ചരിക്കാന്‍ സാധിക്കുക? തീര്‍ന്നില്ല. ഇന്ന് നിലനില്‍ക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക് ആദ്യ നൂറ്റാണ്ടിലെ യേശു അനുയായികളുടെ കൂട്ടായ്‌മകളുടെ സ്വഭാവമല്ല ഉള്ളത്. മറിച്ച്, നാലാം നൂറ്റാണ്ടുതൊട്ട് രൂപപ്പെട്ടുവന്ന രാജകീയ-അധീശ-അധിനിവേശ സ്വഭാവമാണുള്ളത്. ചരിത്രപരമായി സമൂഹത്തിലെ അവശതയും ചൂഷണവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ, തൊഴിലാളിവര്‍ഗത്തിന്റെ സ്വരമാകാന്‍ പറ്റുകയേയില്ല.

അപ്പോള്‍പ്പിന്നെ ഈ ഫെഡറേഷനും ബന്ധപ്പെട്ട മറ്റു തൊഴിലാളി സംഘടനകളും ഈ ജനതയെ ശാസ്‌ത്രീയമായും ആസൂത്രിതമായും ചൂഷണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ്. സഭകളുടെയും സമുദായങ്ങളുടെയും ഈ നിഗൂഢലക്ഷ്യം കേരളത്തില്‍ വര്‍ധിച്ചുവരുന്ന മത-സമുദായസംഘടനകളുടെ അരാഷ്‌ട്രീയസ്വഭാവത്തിന്റെ നിശിത പരിശോധന അനിവാര്യമാക്കുന്നു. ഭാരതത്തിന്റെ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ഭീഷണി ആണെന്നയാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. മാത്രമല്ല, അവരുടെതന്നെ ഭാഷയില്‍ ഇന്ത്യയിലെ വിവിധ തൊഴിലാളി രാഷ്‌ട്രീയ സംഘടനകള്‍ക്ക് ആകെ 12 ശതമാനം തൊഴിലാളികളെ സംഘടിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിവരുന്ന 88 ശതമാനം തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യം വെറും 2-3 ശതമാനം വരുന്ന ക്രൈസ്‌തവ നേതൃത്വം വിഭാവനംചെയ്യുന്നതില്‍ യുക്തിഭദ്രതയില്ലെന്നു പറയേണ്ടിവരും.

മെത്രാന്‍ സമിതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണെങ്കിലും തീര്‍ത്തും പൊള്ളയായവയാണെന്നു ചരിത്രം പഠിപ്പിക്കുന്നു. ഈ നീക്കം അധീശവര്‍ഗത്തോടും രാഷ്‌ട്രീയ നേതാക്കളോടുമുള്ള സഭാധികാരികളുടെ അവിശുദ്ധ കൂട്ടുകെട്ട് ഉറപ്പിക്കാനുള്ള സൂക്‌ഷ്‌മമായ ആസൂത്രണമാണ്. ഇതുവഴി മുതലാളിത്തത്തിന് പൂര്‍ണവിധേയത്വത്തോടെ- തികഞ്ഞ അടിമമനോഭാവത്തോടെ- പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിവര്‍ഗത്തെ വാര്‍ത്തെടുക്കുക എളുപ്പമാകും. സുഖഭോഗങ്ങളില്‍ മുഴുകി അരമനകളില്‍ രമിച്ചുവാഴുന്ന തങ്ങള്‍ക്ക് കൂടുതല്‍ കാവല്‍ക്കാരെ ലഭ്യമാക്കുകയും ചെയ്യാം. അനന്തരഫലമാകട്ടെ, വിഭാഗീയതയും ജാതീയതയും വര്‍ഗീയതയും വളരുക എന്നതായിരിക്കും. ഇന്നത്തെ സഭയ്‌ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത തൊഴിലാളിപ്രേമം തമസ്‌ക്കരിച്ച് തൊഴിലാളി സംഘടന രൂപീകരിച്ചുകൊണ്ടുള്ള നീക്കം തൊഴിലാളിവഞ്ചനയാണ്; വര്‍ഗീയതയ്‌ക്ക് വളം നല്‍കാനാണ്; ഇതൊരു സാമൂഹ്യവിനയാണ്.


*****


അലോഷ്യസ് ഡി ഫെര്‍ണാന്റസ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ സംഘടനാ രൂപീകരണം ചരിത്രപരമായൊരു അപരാധം ആണെന്നു പറയാതിരിക്കാന്‍ വയ്യ. സിബിസിഐക്കോ അതിന്റെ കീഴിലുള്ള ലേബര്‍ കമീഷനോ ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തോടു താല്‍പ്പര്യമില്ല എന്നതാണു ചരിത്രയാഥാര്‍ഥ്യം. വെറും മൂന്നു ശതമാനത്തില്‍ താഴെ വരുന്ന ക്രൈസ്‌തവസമൂഹം ഇന്ത്യയിലെ പ്രമുഖ സിറ്റികളിലും പട്ടണങ്ങളിലും, അവയുടെ കണ്ണായ സ്ഥാനങ്ങളിൽ‍, വിവിധ സ്വാശ്രയസ്ഥാപനങ്ങള്‍ സ്ഥാപിച്ച് ആയിരക്കണക്കിനു കോടികള്‍ സ്വരൂപിക്കുന്ന സഭയ്‌ക്ക് എങ്ങനെയാണ് തൊഴിലാളി താല്‍പ്പര്യത്തെപ്പറ്റി ഉച്ചരിക്കാന്‍ സാധിക്കുക? തീര്‍ന്നില്ല. ഇന്ന് നിലനില്‍ക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക് ആദ്യ നൂറ്റാണ്ടിലെ യേശു അനുയായികളുടെ കൂട്ടായ്‌മകളുടെ സ്വഭാവമല്ല ഉള്ളത്. മറിച്ച്, നാലാം നൂറ്റാണ്ടുതൊട്ട് രൂപപ്പെട്ടുവന്ന രാജകീയ-അധീശ-അധിനിവേശ സ്വഭാവമാണുള്ളത്. ചരിത്രപരമായി സമൂഹത്തിലെ അവശതയും ചൂഷണവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ, തൊഴിലാളിവര്‍ഗത്തിന്റെ സ്വരമാകാന്‍ പറ്റുകയേയില്ല.

Nasiyansan said...

കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നോ?

മഞ്ഞു തോട്ടക്കാരന്‍ said...

അത് പോലെ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാരും തൊഴിലെടുത്ത് ജീവിക്കാന്‍ എന്ന് പറഞ്ഞാലോ? എന്ത് പറയുന്നു?

മഞ്ഞു തോട്ടക്കാരന്‍ said...

അത് പോലെ കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനം ഒരു 'സ്വത്വം' അല്ലെ സഗാവേ?

മഞ്ഞു തോട്ടക്കാരന്‍ said...

അത് പോലെ കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനം ഒരു 'സ്വത്വം' അല്ലെ സഗാവേ?

Anonymous said...

അച്ചന്‍മാരും മെത്രാന്‍മാരും തൊഴിലാളികളെ സഘടിപ്പിക്കുകയോ? ഛായ്‌ ലജ്ജാവഹം? പിന്നെ നമ്മള്‍ എന്തിനു ഈ പണിയും കൊണ്ടിരിക്കണം? ആരവിടെ, അവണ്റ്റെ കോളേജു എല്ലാം എസ്‌ എഫ്‌ ഐക്കാരെ കൊണ്ടു തല്ലിപ്പൊളിക്കു, ആരവിടെ പോലീസ്‌ അവിടെ ചുമ്മാതെ കണ്ടോണ്ടു നിന്നാല്‍ മതി, നമ്മടെ പിള്ളേര്‍ എല്ലം ചെയ്തുകൊള്ളും