തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ഭരണ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികളാണ് കഴിഞ്ഞ നാലു വര്‍ഷമായി സ്വീകരിച്ചുവരുന്നത്. ഈ കാര്യങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.
‘ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള നടപടികളില്‍ ശ്രദ്ധേയമായ കാല്‍വയ്പാണ് ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം. സംസ്ഥാനത്ത് നഗരസഭകളും പഞ്ചായത്തുകളും ജനന-മരണ-വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും കംപ്യൂട്ടര്‍വല്‍കൃത സംവിധാനത്തിലൂടെയാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍നിന്ന് ആവശ്യാനുസരണം പരിശോധിച്ച് പ്രിന്റ് ചെയ്തെടുക്കുന്നതിനുള്ള സൌകര്യമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്.
ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓൺലൈനില്‍ നല്‍കും എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ വാഗ്ദാനം ആഗസ്ത് 5ന് പ്രാവര്‍ത്തികമാകുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്ന ഈ നടപടിയിലൂടെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സിലും രാജ്യത്തിന് മാതൃകയാവുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമുള്ള ഇത്തരം സംവിധാനം ആദ്യമായി ഒരു സംസ്ഥാനത്ത് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തുന്നത് കേരളത്തിലാണ്.
ആദ്യഘട്ടത്തില്‍ 2006 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും 2008 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളുമാണ് ഓൺലൈനായി ലഭ്യമാകുക. ഗുരുവായൂര്‍ നഗരസഭയിലും തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, തൃശൂര്‍ ജില്ലയിലെ തളിക്കുളം, മലപ്പുറം ജില്ലയിലെ താനാളൂര്‍ എന്നീ പഞ്ചായത്തുകളിലും 1970 മുതല്‍ ഇതുവരെയുള്ള എല്ലാ രജിസ്ട്രേഷനുകളും ഓൺലൈനില്‍ ലഭിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ജനന-മരണ-വിവാഹ രജിസ്ട്രേഷന് കംപ്യൂട്ടര്‍വല്‍ക്കരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ തീയതി മുതലുള്ള രജിസ്ട്രേഷന് വിവരങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ വെബ്സൈറ്റ് വഴി ലഭിക്കും. ഇനി മുതല്‍ സ്കൂള്‍ പ്രവേശനത്തിന് ഓൺലൈനായി ലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകര്യമാക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന കംപ്യൂട്ടര്‍വല്‍കൃത സേവനങ്ങള്‍ ഐടി മേഖലയിലെ സ്വകാര്യ കമ്പനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കേരളത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ കാലതാമസം കൂടാതെയും അഴിമതിരഹിതമായും സുതാര്യമായും ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി സാധ്യമാവുന്നിടത്തോളം സേവനങ്ങള്‍ കംപ്യൂട്ടര്വല്ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ഇത്തരം ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനം അവരുടെ വീട്ടിലോ വിരല്‍ത്തുമ്പിലോ ലഭ്യമാവുന്നതാണ്.
ജനനമോ മരണമോ ആശുപത്രികളില്‍ നടന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന ഹോസ്പിറ്റല്‍ കിയോസ്ക്ക് സംവിധാനം 325 ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ ഓൺലൈനായി സമര്‍പ്പിക്കുന്നതിനുള്ള സൌകര്യം തിരുവനന്തപുരം നഗരസഭയില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഘട്ടംഘട്ടമായി കെട്ടിട നിര്‍മാണ പെര്‍മിറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ഫയലുകളുടെയും അവസ്ഥ സുതാര്യമായ രീതിയില്‍ പൊതുജനങ്ങള്ക്കറിയുന്നതിന് ഈ വിവരങ്ങള്‍ ടച്ച് സ്ക്രീന്‍ വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാക്കിയ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, താനാളൂര്‍ പഞ്ചായത്ത് എന്നിവയുടെ മാതൃകകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം കെട്ടിട നികുതി, തൊഴില്‍ നികുതി, വിവിധ ലൈസന്‍സുകള്‍ എന്നിവയുടെ വിവരങ്ങള്‍ വെബ്സൈറ്റ് വഴി നല്കി തുക ഇലൿട്രോണിക് പേമെന്റ് സംവിധാനത്തിലൂടെ അടയ്ക്കുന്നതിനുള്ള സൌകര്യവും ഉടനെതന്നെ ഏര്‍പ്പെടുത്തും.
ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ ഗതിവേഗം കൂട്ടുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളുടെ ‘ഭാഗമാണ് ഈ നടപടികള്‍. കംപ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ചുള്ള സാമ്പ്രദായിക കാഴ്ചപ്പാടില്‍നിന്നും നിലപാടുകളില്‍നിന്നും ജീവനക്കാരും ‘ഭരണസമിതികളും മാറേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെയും ജീവനക്കാരുടെയും താല്പ്പര്യങ്ങള്ക്കുപരി പൊതുജനങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച് 1970 മുതല്ക്കുള്ള പഴയകാല വിവരങ്ങളുടെ ഇലൿട്രോണിക് ശേഖരണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഈ നിലയില്‍ നല്കാന് കഴിയൂ. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ‘ഭരണസമിതികളും ജീവനക്കാരും കാര്യമായ താല്‍പ്പര്യവും ശ്രദ്ധയും എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
*****
പാലോളി മുഹമ്മദ്കുട്ടി, കടപ്പാട് : ദേശാഭിമാനി
Friday, August 6, 2010
ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓൺലൈനില്‍
Subscribe to:
Post Comments (Atom)
1 comment:
ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ ഗതിവേഗം കൂട്ടുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളുടെ ‘ഭാഗമാണ് ഈ നടപടികള്‍. കംപ്യൂട്ടര്‍വല്‍ക്കരണം സംബന്ധിച്ചുള്ള സാമ്പ്രദായിക കാഴ്ചപ്പാടില്‍നിന്നും നിലപാടുകളില്‍നിന്നും ജീവനക്കാരും ‘ഭരണസമിതികളും മാറേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെയും ജീവനക്കാരുടെയും താല്പ്പര്യങ്ങള്ക്കുപരി പൊതുജനങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ജനന-മരണ രജിസ്ട്രേഷന് സംബന്ധിച്ച് 1970 മുതല്ക്കുള്ള പഴയകാല വിവരങ്ങളുടെ ഇലൿട്രോണിക് ശേഖരണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഈ നിലയില്‍ നല്കാന് കഴിയൂ. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ‘ഭരണസമിതികളും ജീവനക്കാരും കാര്യമായ താല്‍പ്പര്യവും ശ്രദ്ധയും എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
Post a Comment