Thursday, November 28, 2013

സ്ത്രീവേട്ടക്കാരെ ചങ്ങലയ്ക്കിടണം

സ്ത്രീത്വം ചവിട്ടിയരയ്ക്കപ്പെടുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. കൂട്ടബലാത്സംഗങ്ങള്‍, തൊഴിലിടങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഗൃഹങ്ങളിലെയും ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളോടുള്ള മേധാവിത്വമനോഭാവം, ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തല്‍, കപടസദാചാരവാദികളുടെ പീഡനങ്ങളും അപമാനപ്പെടുത്തലും, വസ്ത്രധാരണത്തില്‍പോലും അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍, പെണ്‍ഭ്രൂണഹത്യ- ഇങ്ങനെ നാനാമുഖമായ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്ത്രീകള്‍ ഇരയാകുന്നത്. സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഈ പ്രശ്നത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ""ലൈംഗികവസ്തുക്കള്‍ എന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സംസ്കാരങ്ങളെ നവ ഉദാരവല്‍ക്കരണം പെരുപ്പിക്കുകയാണ്. പുതിയ പുതിയ രൂപങ്ങളിലുള്ള ചൂഷണവും സൈബര്‍ കുറ്റങ്ങള്‍പോലെയുള്ള ഭീഷണിപ്പെടുത്തലുകളും വര്‍ധിച്ചുവരുന്നു. ഇവയെ കൈകാര്യംചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാകട്ടെ തികച്ചും അപര്യാപ്തമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദമ്പതികളെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള നിയമങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒട്ടേറെ ഉറപ്പുകള്‍ പറഞ്ഞിട്ടും, ദുരഭിമാന ഹത്യകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.."" (2.83)

വിശാഖ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിപ്രസ്താവം വന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമം യാഥാര്‍ഥ്യമായിരിക്കുന്നു. 2013 ഏപ്രിലില്‍ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരമായി. എന്നാല്‍, ചട്ടങ്ങള്‍ക്ക് ഇതുവരെ രൂപമായില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ അനുദിനം നേരിടുന്ന ഒരു സുപ്രധാന പ്രശ്നത്തോട് സര്‍ക്കാര്‍ കാട്ടുന്ന താല്‍പ്പര്യമില്ലായ്മ ഇതില്‍നിന്ന് വ്യക്തം. ഈയിടെ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ വിഷയത്തിന്റെ ഗൗരവാവസ്ഥ വെളിവാക്കുന്നതാണ്. ഒന്ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുമായി ബന്ധപ്പെട്ടതും അടുത്തത് തെഹല്‍ക വാരികയുടെ മുന്‍ ചീഫ്എഡിറ്ററുമായി ബന്ധപ്പെട്ടതുമാണ്. വിവിധ കേന്ദ്രങ്ങളുടെ ഏറ്റവും ഉന്നതങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ ബോധ്യപ്പെടുത്തുന്ന ഈ രണ്ട് സംഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധം നിയമപരമായി സ്ഥാപിതമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം. സ്ത്രീകള്‍ തുടര്‍ച്ചയായി ലൈംഗിക ചൂഷണം അനുഭവിക്കേണ്ടിവരുന്നതിന്റെ മുഖ്യകാരണം ഇതാണ്. മാത്രമല്ല പരാതി ഉയര്‍ത്തിയാല്‍ കടുത്ത പകപോക്കലിന് ഇരയാകപ്പെടും എന്നതിനു പുറമെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

കരട് നിയമത്തിന് ഒട്ടനവധി ഭേദഗതികള്‍ വിവിധ വനിതാ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ പലതും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും പൈശാചികമായ ഒരു വകുപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വ്യാജപരാതിയാണെങ്കില്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കുമെതിരെ അധികൃതര്‍ക്ക് നടപടികളുമായി മുന്നോട്ടുപോകാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പ്. വിശാഖ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഈ വ്യവസ്ഥ. കള്ള സാക്ഷിമൊഴികളോ വ്യാജപരാതികളോ നേരിടുന്നതിനുള്ള വ്യവസ്ഥകള്‍ മറ്റ് നിയമങ്ങളിലൊന്നുമില്ല. ഈയൊരു നിയമത്തില്‍മാത്രം ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുന്നത് നിശ്ചയമായും ഇരകളെ ഭയപ്പെടുത്തുകയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട അന്വേഷണനടപടികള്‍ എങ്ങനെ വേണമെന്ന് പ്രധാന നിയമത്തില്‍ വ്യവസ്ഥചെയ്യുന്നില്ല. അതെല്ലാം ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനായി വിട്ടിരിക്കയാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെ വേണം അന്വേഷണ നടപടികള്‍ പുരോഗമിക്കേണ്ടത്. അല്ലാതെ വകുപ്പുതല അന്വേഷണങ്ങളുടെ നടപടികളെ യാന്ത്രികമായി പിന്തുടരുകയല്ല. കൃഷിയിടം, അസംഘടിത മേഖലയിലെ മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലിയെടുക്കുന്ന വിവിധ മേഖലകള്‍ തൊഴലിടങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന വിവേചനവുമുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ പോരായ്മകള്‍ പരിഹരിക്കപ്പെടണം.

എത്രയും വേഗം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹാര സമിതികള്‍ക്ക് രൂപം നല്‍കുന്ന നടപടി വേഗത്തിലാക്കുകയും വേണം. നിയമത്തിന് പരമാവധി പ്രചാരം നല്‍കുകയും പരാതികളോട് പ്രതികരിക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്ക് നിര്‍ഭയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തത് മാനവികമൂല്യങ്ങളുടെ നിരാസംതന്നെയാണ്. സമൂഹത്തിലെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ശക്തിയുക്തം പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീത്വം എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു എന്നതിനുദാഹരണമാണ് തെഹല്‍ക സംഭവം. ആതുര ശുശ്രൂഷയടക്കമുള്ള മറ്റു പല മേഖലകളിലുമെന്നപോലെ അനേകം സ്ത്രീകള്‍ ജോലിചെയ്യുന്നതാണ് മാധ്യമരംഗം. മുംബൈയില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായത് ഈയിടെയാണ്. തെഹല്‍കയില്‍ ഉയര്‍ന്ന പരാതി ആ സ്ഥാപനത്തിന്റെ അധിപന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്നാണ്. രാവും പകലും ഭേദമില്ലാതെ വാര്‍ത്താശേഖരണത്തിന് എവിടെയും കയറിച്ചെല്ലാന്‍ നിര്‍ബന്ധിതരാകുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പോരാട്ടം നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പത്രാധിപന്മാര്‍തന്നെ സഹപ്രവര്‍ത്തകരായ വനിതകളെ വേട്ടയാടിപ്പിടിക്കുന്ന അനുഭവം അമ്പരപ്പിക്കുന്നതാണ്. തീര്‍ച്ചയായും, സ്ത്രീകളുടെ മാത്രം പ്രശ്നമല്ലിത്. മാധ്യമ രംഗത്ത് ഒതുക്കിക്കാണേണ്ട പ്രശ്നവുമല്ല. സമൂഹമാകെ ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കേണ്ട വിഷയമാണ്. വനിതാ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമസ്ഥാപനങ്ങളുമടക്കം യോജിച്ച് പ്രതികരിക്കേണ്ട വിഷയവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

കൊടിയ മര്‍ദനം ഊര്‍ജമായ മഞ്ഞപ്ര സമരം

വടക്കഞ്ചേരി: കൂലിവര്‍ധനയ്ക്ക് സമരംചെയ്ത കര്‍ഷകത്തൊഴിലാളികളുടെ നേരെ ജന്മികളുടെ ഗുണ്ടകളും പൊലീസും നടത്തിയ കൊടിയ മര്‍ദനം ജില്ലയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാകില്ല.

മഞ്ഞപ്ര സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമര്‍ദനത്തിനിരയായ സിദ്ദിഖിന്റെ ശരീരത്തില്‍ മായാത്ത മുദ്രകളായി മര്‍ദനപ്പാടുകള്‍. ആ സമരത്തില്‍ പങ്കെടുത്ത അവശേഷിക്കുന്ന ഏക നേതാവാണ് കണ്ണമ്പ്രയിലെ സിദ്ദിഖ്. സമരത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുമ്പോള്‍ 82 വയസ്സുപിന്നിട്ട അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രസ്ഥാനം ആര്‍ജിച്ച കരുത്തും ആവേശവും ജ്വലിച്ചു. ജില്ലയിലെ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ മഞ്ഞപ്രയിലെ കൂലിവര്‍ധനയ്ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായക പങ്കുവഹിച്ചു.

1952-53 കാലഘട്ടത്തില്‍ ജില്ലയെ ഇളക്കിമറിച്ച മഞ്ഞപ്ര സമരം നടക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ് സിദ്ദിഖ്. നരകതുല്യമായ ജീവിതം നയിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ കൂലി കൂടുതലിനുവേണ്ടിയാണ് സമരരംഗത്തിറങ്ങിയത്. നെല്ല്കൊയ്താല്‍ കൃഷിയുടമയ്ക്ക് 10 പറ നെല്ല് അളന്നു നല്‍കണം. ഓരോ പത്തുപറ നെല്ല് അളക്കുമ്പോഴും ഒരുപറ നെല്ല് തൊഴിലാളികള്‍ക്ക് കൊടുക്കണമെന്നാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം.

നാമമാത്രമായ കൂലിക്ക് പണി ചെയ്യാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചാണ് സമരം തുടങ്ങിയത്. പുരുഷന് കൂലി മൂന്നില്‍നിന്ന് നാലിടങ്ങഴി നെല്ല് ആക്കണം, സ്ത്രീകള്‍ക്ക് രണ്ടിടങ്ങഴി എന്നത് മൂന്നും ആക്കണമെന്നുമായിരുന്നു ആവശ്യം. കണ്ണമ്പ്ര, ചൂര്‍ക്കുന്ന്, പുതുക്കോട് എന്നിവിടങ്ങളിലെ ജന്മിമാര്‍ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല, കര്‍ഷകരക്ഷാസമിതി രൂപീകരിച്ച് മഞ്ഞപ്രയില്‍ പ്രകടനം നടത്തുകയും ചെയ്തു.

മഞ്ഞപ്ര ഗോവിന്ദന്‍നായരുടെ പാടത്ത് ലെക്കിടിയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്യാന്‍ ശ്രമിച്ചു. ഇത് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞു. ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ സമരം തുടര്‍ന്നു. സമരരംഗത്തുള്ള തൊഴിലാളികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ കൊയ്യാന്‍ നീക്കം തുടങ്ങിയപ്പോള്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള 11പേര്‍ പൊലീസ്വലയം ഭേദിച്ച് വയലിലേക്കു കടന്നു. ഇവരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. 22-ാംവയസ്സില്‍ പൊലീസ് മര്‍ദനമേറ്റ സിദ്ദിഖിന്റെ മൂട്ടുകാലില്‍ അടിയേറ്റ പാട് ഇപ്പോഴുമുണ്ട്.

മഞ്ഞപ്രയില്‍ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും ആ സമരത്തിന്റെ ആവേശം കര്‍ഷകത്തൊഴിലാളി സംഘടനയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും വളര്‍ച്ചക്ക് വേഗം പകര്‍ന്നു. കൃഷിക്കാരുടെ ഐക്യമുണ്ടാക്കാനും അവരെ കമ്യൂണിസ്റ്റ്പാര്‍ടിയോട് അടുപ്പിക്കാനും കഴിഞ്ഞുവെന്നതും മഞ്ഞപ്ര സമരത്തിന്റെ പ്രത്യേകതയാണ്.

*
ശിവദാസ് തച്ചക്കോട്

ഇന്നും ജ്വലിക്കുന്ന വിളയൂരിന്റെ പോരാട്ടവീര്യം

പട്ടാമ്പി: പാലക്കാടിന്റെ ഇടതുപക്ഷ മനസ്സില്‍ ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ മണ്ണാണ് വിളയൂര്‍. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതാണ് വിളയൂരിലെ കര്‍ഷക സമരങ്ങള്‍.
ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നിട്ടും കുടിയൊഴിപ്പിക്കല്‍ തുടര്‍ന്ന ജന്മിത്തത്തിന്റെ കൊടും ക്രൂരതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ ജ്വലിക്കുന്ന അധ്യായം തീര്‍ത്തത് ഓര്‍ക്കുമ്പോള്‍ സമരനായകരിലൊരാളും വിളയൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുംകൂടിയായ കെ കൃഷ്ണന്‍കുട്ടിക്ക് ഇന്നും ആവേശം. ഹരിജന്‍ കര്‍ഷകനായ ചെള്ളിയുടെ ഭൂമി ഒഴിപ്പിക്കാന്‍ ജന്മിമാര്‍ നടത്തിയ ശ്രമത്തെ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ തടയാന്‍ തീരുമാനിച്ചു. ചെള്ളിയുടെ കൃഷിയിടത്തില്‍ കൃഷി ചെയ്യാനെത്തിയ ജന്മിഗുണ്ടകളെ ചെറുക്കുന്നതിനിടെ കരിയപ്പിടികൊണ്ട് തലയ്ക്കടിയേറ്റ സെയ്താലിക്കുട്ടി 1970 മെയ് നാലിനാണ് രക്തസാക്ഷിയായത്.

ജന്മിയുടെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ സെയ്താലിക്കുട്ടി എന്ന കര്‍ഷകന്‍ രക്തസാക്ഷിയായി. വിളയൂരിന്റെ ഈ പോരാട്ടവീര്യം പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ടി സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട്ടെ നഗരിയിലേക്കുള്ള പതാക രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ സ്മൃതി മണ്ഡപത്തില്‍നിന്നാണ് കൊണ്ടുപോവുന്നത്. അന്നത്തെ പോരാളികളില്‍ ആറുപേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അന്ന് ജന്മിമാര്‍ക്കൊപ്പംനിന്നിരുന്നവരില്‍ വലിയ പങ്കും ഇന്ന് പാര്‍ടിയോടൊപ്പമായതും ചരിത്രം. അന്ന് പാര്‍ടിയില്‍ അംഗമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് 24 വയസ്സ്. ഒരുഭാഗത്ത് പട്ടിണിയും ദാരിദ്ര്യവും. മറുഭാഗത്ത് കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ വന്‍ അക്രമവും നടക്കുന്നകാലം.

1969ലെ ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം കൊണ്ടുവന്നു. ഈ ഘട്ടത്തിലാണ് ചെള്ളിയുടെ കൃഷിഭൂമി വിട്ടുകൊടുക്കണമെന്ന് ജന്മിമാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ കൃഷിയിടത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൊടിനാട്ടി. രോഷാകുലരായ ജന്മിമാര്‍ മൂന്നുലോറികളിലായി 150 ഓളം ആയുധധാരികളായ ഗുണ്ടകളെ കൃഷിയിടത്തേക്ക് പറഞ്ഞുവിട്ടു. ചെള്ളിയുടെ ഭൂമിയില്‍ പൂട്ടും ആരംഭിച്ചു. ഇതുകണ്ട് ഓടിയെത്തിയ ചെള്ളിയും കുടുംബവും കന്നുകളെ പൂട്ടാന്‍ കെട്ടിയ നുകത്തിന്റെ കെട്ടുവള്ളി അറുത്തുമാറ്റി. ജന്മിമാരുടെ ഗുണ്ടകള്‍ ചെള്ളിയെ ആക്രമിച്ചു. ഓടിയെത്തിയ ജനങ്ങളും ജന്മിഗുണ്ടകളും മണിക്കൂറുകളോളം ഏറ്റുമുട്ടി. ചെറുത്തുനില്‍പ്പില്‍ ജന്മിഗുണ്ടകള്‍ ഓടി. അതിനിടയിലാണ് സെയ്താലിക്കുട്ടിയെ കണ്ടത്തിലേക്ക് ഒരാള്‍ വലിച്ചിട്ട് അടിച്ചത്. കരിയപ്പിടികൊണ്ടുള്ള അടിയേറ്റ് സെയ്താലിക്കുട്ടിയുടെ തല പൊളിഞ്ഞ് രക്തം പുറത്തേക്ക് ചീറ്റി. സെയ്താലിക്കുട്ടിയെ പട്ടാമ്പിയിലും ഒറ്റപ്പാലത്തും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പിന്നീട് ജന്മിമാരുടെ നിര്‍ദേശപ്രകാരം പൊലീസ് കള്ളക്കേസ് ചമച്ചു. ജന്മിമാരുടെ വീട്ടില്‍ പണിചെയ്തുകൊണ്ടിരുന്ന സെയ്താലിക്കുട്ടിയെ അക്രമിസംഘം കൊലപ്പെടുത്തിയെന്ന് വരുത്താന്‍ ശ്രമം നടന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന പാര്‍ടി നിയോജകമണ്ഡലം സെക്രട്ടറി സി അച്യുതനുള്‍പ്പെടെ ഏഴുപേരെ കള്ളക്കേസില്‍ കുടുക്കി 15ദിവസം ജയിലിലടച്ചു. എന്നാല്‍ വസ്തുത മനസ്സിലാക്കിയ വിളയൂരിലെ ജനങ്ങള്‍ പാര്‍ടിക്കൊപ്പം നിന്നു.

*
പി കെ സുമേഷ്

അരണ്ടപ്പളം ആറു: തീപാറുന്ന സ്മരണ

പാലക്കാട്: ജാതി-ജന്മിനാടുവാഴിത്തത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ കര്‍ഷക-കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ അനേകം ചുടുയൗവനങ്ങളാണ് വയലുകളില്‍ പിടഞ്ഞുവീണത്. സ്വന്തം നേട്ടത്തിനായിരുന്നില്ല ആ മരണംവരിക്കല്‍.

അടുപ്പില്‍ ഒരുനേരമെങ്കിലും കനലെരിയണമെന്നും പിഞ്ചുമക്കള്‍ക്ക് ഒരുരാത്രിയെങ്കിലും വയറുനിറയെ ഭക്ഷണം കൊടുക്കണമെന്നുമുള്ള തൊഴിലാളികളുടെ വിതുമ്പലുകളാണ് സമരങ്ങള്‍ക്കുപിന്നിലെ ചേതോവികാരം. അതുതന്നെയാണ് കര്‍ഷക-തൊഴിലാളി സമരങ്ങള്‍ക്ക് ഊര്‍ജവും ചെങ്കൊടിപ്രസ്ഥാനത്തിന്റെ അടിത്തറയും. 1942 മുതല്‍ത്തന്നെ പാലക്കാട് ജില്ലയില്‍ തൊഴിലാളിസമരങ്ങളുടെ വിത്തുപാകിയിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനം രൂപംകൊണ്ടശേഷം അധ്വാനിക്കുന്നവന്റെ ആശ്രയം അതാണെന്ന് തൊഴിലാളികള്‍ മനസ്സിലുറപ്പിച്ചു. ജന്മിമാര്‍ ഇതിനെതിരെ കോപ്പുകൂട്ടി. അവരുടെ എതിര്‍പ്പ് സമരങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു. അത്തരം സമരങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനംനല്‍കിയതാണ് അരണ്ടപ്പളം ആറുവിന്റെ രക്തസാക്ഷിത്വം.

ജില്ലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലെ ആദ്യ രക്തസാക്ഷികൂടിയാണ് ചിറ്റൂരിലെ അരണ്ടപ്പളം ആറു. കൂലിക്കൂടുതലിനും പതമ്പിനുംവേണ്ടി നടത്തിയ സമരത്തിലാണ് ജന്മിയുടെ വെടിയേറ്റ് ആറു രക്തസാക്ഷിയായത്. ഇന്നും കര്‍ഷകസമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അത്. ഭൂമി ഒഴിപ്പിക്കലിനെതിരെയും കൂലിക്കൂടുതലിനുമായുള്ള സമരം കൊടുമ്പിരികൊണ്ട 1957 ഒക്ടോബര്‍ ഒന്നിനാണ് ആറു രക്തസാക്ഷിയായത്. അരണ്ടപ്പളത്തെ ദാമോദരന്‍ എന്ന ജന്മി കര്‍ഷകനായ വേലുക്കുട്ടിയെ ഒഴിപ്പിച്ചു. ഇതിനിടയില്‍ പാറക്കാല്‍ പഴണന്‍ എന്ന കമ്യൂണിസ്റ്റ്നേതാവിനെ ജന്മി കെട്ടിയിട്ടുവെന്ന വാര്‍ത്ത പരന്നു. നാടിന്റെ നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ പ്രതിഷേധപ്രകടനവുമായെത്തി. വീട് ആക്രമിക്കാനെത്തുകയാണെന്നു ധരിച്ച ജന്മി രാത്രി ജാഥയ്ക്കുനേരെ വെടിവച്ചു. മായപ്പന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ കാലിന് ആദ്യവെടിയേറ്റു. രണ്ടാമത്തെ വെടി ആറുവിന്റെ ജീവനെടുത്തു. ഒലുവംപൊറ്റ എന്‍ എസ് ഹമീദ് എന്ന സഖാവാണ് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവല്‍നിന്നത്. കര്‍ഷകസമരചരിത്രത്തില്‍ ദിശമാറ്റിയ സംഭവമായിരുന്നു ഇത്.

കറുപ്പന്റെ കാതില്‍ മുഴങ്ങുന്നു ഇന്നും ആ വെടിയൊച്ച

പാലക്കാട്: മാണിക്യന്‍ എന്ന രക്തസാക്ഷിയുടെ ചുടുരക്തം വീണ കോട്ടമൈതാനത്തെ വാകമരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ കറുപ്പന്റെ കാതില്‍ ആ വെടിയൊച്ചയുടെ ഇരമ്പല്‍ മാത്രം. നാലു സഖാക്കളുടെ ജിവനെടുത്ത പാലക്കാട് വെടിവയ്പില്‍ കൊല്ലപ്പെട്ട മാണിക്യന്റെ കൂടെ കറുപ്പനുമുണ്ടായിരുന്നു.

ഉപരോധസമരത്തിനുനേരെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ എല്ലാവരും നിലത്ത് കമിഴ്ന്നു കിടന്നു. എന്നാല്‍, കേള്‍വിക്കുറവുണ്ടായിരുന്ന മാണിക്യന്‍ വെടിയൊച്ച കേട്ടില്ല. കറുപ്പനും മറ്റ് സഹപ്രവര്‍ത്തകരും മാണിക്യന്റെ കാലില്‍ പിടിച്ചുവലിച്ചെങ്കിലും കുതറിമാറി പൊലീസിനുനേരെ പാഞ്ഞു. പൊലീസ് മാണിക്യന്റെ നെഞ്ചില്‍ വലതുഭാഗത്ത് ബുള്ളറ്റ് പായിച്ചു. അടിതെറ്റിയപോലെ കുഴഞ്ഞ മാണിക്യന്‍ വാകമരച്ചുവട്ടില്‍ പിടഞ്ഞുവീണു. മൂന്നുമാസം കഴിഞ്ഞാല്‍ വിവാഹിതനായി പുതിയ ജീവിതത്തിലേക്കു കടക്കേണ്ട ആ സമരയൗവനം ജ്വലിക്കുന്ന ഓര്‍മയായി. അതോടൊപ്പം മറ്റു മൂന്നു സഖാക്കളും.

1969 ഡിസംബര്‍ ഒന്നിന് പാലക്കാട് കോട്ടമൈതാനത്തെ സമരത്തില്‍ പങ്കെടുത്ത കൊടുമ്പ് ഓലശേരി കറുപ്പന്റെ വാക്കുകളില്‍ കെടുത്താനാവാത്ത ആവേശം. ഒരു പ്രസ്ഥാനം കരുത്താര്‍ജിച്ച ചോരചിന്തിയ സമരവഴികളായിരുന്നു അതില്‍ നിറയെ. 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969 നവംബറില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. കാര്‍ഷിക ഭൂപരിഷ്കരണനിയമം പാസാക്കി കേരളത്തിന്റെ സാമൂഹ്യഘടനയില്‍ മഹത്തായ മാറ്റത്തിനു വഴിയൊരുക്കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുടക്കംമുതല്‍ ശക്തമായ ഗൂഢാലോചന നടന്നു. അതിനൊടുവിലാണ് 1969ല്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച് കുറുമുന്നണിയുണ്ടാക്കിയത്. ഐക്യമുന്നണി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് പതിനായിരക്കണക്കിനു സിപിഐ എം പ്രവര്‍ത്തകര്‍ പാലക്കാട് ടിപ്പുവിന്റെ കോട്ട ഉപരോധിച്ചത്.

അന്ന് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് കോട്ടയ്ക്കകത്തായിരുന്നു. 1969 ഡിസംബര്‍ ഒന്നിന് രാവിലെ ഉപരോധസമരം തുടങ്ങി. കോട്ടയുടെ പ്രധാന കവാടത്തിനുമുന്നില്‍നിന്നും ഓരോ അമ്പതുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകുന്നേരമായിട്ടും ജനങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിഞ്ഞില്ലെന്ന് കറുപ്പന്‍ ഓര്‍മിക്കുന്നു. സമരം തീരാന്‍ പത്തുമിനിറ്റ് ശേഷിക്കെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായി. കോട്ടയുടെ മുകളില്‍നിന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കറുപ്പന്‍ പറഞ്ഞു. അന്ന് കറുപ്പന് വയസ്സ് 22. മറ്റു കേസുകളില്‍പ്പെട്ട നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കോട്ടയ്ക്കുള്ളിലെ സബ് ജയിലിലേക്കു കൊണ്ടുവന്ന എസ്ഐ കുട്ടപ്പനാണ് വെടിവയ്പ്പിനിടയാക്കിയ കുഴപ്പമുണ്ടാക്കിയത്. സമരം തീര്‍ന്നശേഷം ഇവരെ കോട്ടയ്ക്കുള്ളിലേക്കു കയറ്റിവിടാമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി പി കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞെങ്കിലും എസ്ഐ വഴങ്ങിയില്ല. വാക്കുതര്‍ക്കം നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വെടിയുതിര്‍ത്തത്. നിമിഷനേരംകൊണ്ട് കോട്ടമെതാനം ചോരക്കളമായി.

കണ്ണാടി പാണ്ടിയോട് രാജന്‍, കൊടുമ്പ് ഓലശേരി മാണിക്യന്‍, കൊടുവായൂര്‍ കണ്ണങ്കോട് സുകുമാരന്‍, പല്ലശന ചെല്ലന്‍ എന്നീ സഖാക്കള്‍ രക്തസാക്ഷികളായി. കര്‍ഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും ജീവവായുവായിക്കണ്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ ധീരസഖാക്കള്‍ പാലക്കാട് കോട്ടയ്ക്കുമുന്നില്‍ വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകേട്ട് ജില്ല നടുങ്ങി. ഐക്യമുന്നണി സര്‍ക്കാരിനെതിരെ അത് വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ പാലക്കാട് വെടിവയ്പ് പാര്‍ടി പ്ലീനം നടക്കുമ്പോള്‍ അതിന്റെ കനല്‍ക്കാറ്റ് നെഞ്ചേറ്റുന്നു.

*
വേണു കെ ആലത്തൂര്‍

ആ വാക്കുകളില്‍ മുഴങ്ങിയത് സ്ത്രീയുടെ അഭിമാനം

കുഴല്‍മന്ദം: വിവാഹം കഴിഞ്ഞ് തോലനൂരിലെത്തി പുത്തന്‍ പ്രതീക്ഷകളോടെ പാടത്ത് പണിക്കിറങ്ങിയ ഒരു യുവതിയുടെ തീക്ഷ്ണമായ വാക്കുകളില്‍നിന്ന് പടര്‍ന്നത് സമരകാഹളത്തിന്റെ അഗ്നിനാളങ്ങള്‍. അത് ഇന്നും ഓര്‍ക്കുന്നു കുത്തനൂരിലെ ഒ എ രാമകൃഷ്ണന്‍.

ജന്മിത്തം കൊടികുത്തി വാഴുന്ന കാലം. വര്‍ഷം 1952. പെരുങ്ങോട്ടുകുറുശിയില്‍നിന്ന് തോലനൂര്‍ കീഴ്പാലയിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന യുവതി ജന്മിയുടെ പാടത്ത് പണിക്കിറങ്ങി. എന്നാല്‍, അന്നത്തെ പ്രമാണിയായ കീഴ്പാല മൂര്‍ക്കോത്ത്കളം ശിവരാമന്‍നായര്‍ ജാക്കറ്റ് ധരിച്ച് പണിക്കിറങ്ങിയ യുവതിയെ ജോലിയില്‍നിന്ന് വിലക്കി. പ്രമാണിയെ എതിര്‍ത്തുകൊണ്ട് വയലില്‍നിന്നും കയറിയ യവതി ജന്മിക്കെതിരെയും ഇതിനെതിരെ പ്രതികരിക്കാത്ത ആണുങ്ങളെയും നോക്കി പറഞ്ഞു "ഈ ചെറുമനും വേണ്ട, ഈ പട്ടിയും വേണ്ട..." ആത്മാഭിമാനം പണയപ്പെടുത്തി ജന്മിയുടെ വയലില്‍ പണിക്കിറങ്ങില്ലെന്നും അതിനെ എതിര്‍ക്കാത്ത ഭര്‍ത്താവ് വേണ്ടെന്നുമുള്ള ആ യുവതിയുടെ തീക്ഷ്ണമായ വാക്കുകള്‍ രാമകൃഷ്ണന്‍ ഇന്നുമോര്‍ക്കുന്നു.

പട്ടി എന്നത് ജന്മിയുടെ വയലിലെ ജോലിയാണ്. കുത്തനൂരില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സമരത്തിന്റെ തുടക്കം അവിടെനിന്നാണ്. ഒരു നാടിന്റെ സംസ്കാരശൂന്യമായ നടപടികളെ തുറന്നുകാണിക്കുന്ന ആ വാക്കുകള്‍ നാടിനെ മാറ്റിമറിച്ച ചരിത്രസമരത്തിന് വഴിതുറന്നു. തുണിയുടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ പലരും മടിച്ചു.

മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭംകൂടിയായിരുന്നു അത്. കമ്യൂണിസ്റ്റ്പാര്‍ടിക്കുവേണ്ടി ആലത്തൂര്‍ ആര്‍ കൃഷ്ണനാണ് മത്സരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ ടി പി ടി പഴനിമലയും രാമനാഥ അയ്യരും. ആര്‍ കൃഷ്ണന്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെട്ടു. കറ്റക്കളം വേലായുധന്‍, ഫിലിപ്പച്ചന്‍, ദാമു തുടങ്ങിയവര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. സമരം വിജയച്ച ദിവസം ജന്മിക്കുകീഴില്‍ പണിയെടുക്കുന്ന മുഴുവന്‍ സ്ത്രീകളും ചുവന്ന ജാക്കറ്റ് ധരിച്ചാണ് വയലില്‍ പണിക്കിറങ്ങിയത്. മാറുമറയ്ക്കല്‍ സമരത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ് കുത്തനൂരിലേതെന്ന് രാമകൃഷ്ണന്‍ ഓര്‍ക്കുന്നു.

കാലം മായ്ക്കാത്ത "മോസ്കോമൊക്ക്

പാലക്കാട്: പ്രളയത്തിനും കൊടുങ്കാറ്റിനും മായ്ക്കാന്‍ കഴിയാത്ത സ്മാരകത്തിന്റെ പേരാണ് "മോസ്കോമൊക്ക്". നാലുംകൂടിയ ഈ കവലതന്നെയാണ് ഒരു വലിയ പോരാട്ടത്തിന്റെ സ്മാരകമായത്. ഏഴ് പതിറ്റാണ്ടുമുമ്പ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്ന് അറിയപ്പെട്ട കഥയ്ക്കുപിന്നില്‍ വലിയൊരു സമരചരിത്രമുണ്ട്.

96 പിന്നിട്ട മേത്താംകോട് പി കെ വേലായുധന് കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുണ്ടെങ്കിലും ആ പഴയ സമരയൗവനത്തിലേക്ക് മനസ്സ്പായിച്ചു. വാക്കുകളില്‍ ഇപ്പോഴും ചോരതിളയ്ക്കുന്ന പോരാട്ടവീര്യം. പാര്‍ടി സംസ്ഥാന പ്ലീനം പാലക്കാട്ട് നടക്കുമ്പോള്‍ റാലിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് അടങ്ങാത്ത മോഹം. മലബാര്‍ സ്പെഷ്യല്‍ പൊലീസ് നടത്തിയ കൊടുംക്രൂരതയുടെ ഓര്‍മ ഇപ്പോഴും വേലായുധന്റെ ഉള്ളില്‍ കനലായെരിയുന്നു. ജന്മിത്തം കൊടികുത്തിവാണ കാലം- 1942-43. കര്‍ഷകരും തൊഴിലാളികളും തീരാദുരിതത്തില്‍നിന്ന് കൊടുംദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. എന്തുവന്നാലും ജന്മിത്തത്തിന്റെ പീഡനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നു. അപ്പോഴാണ് ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധികള്‍ ആലത്തൂരില്‍ മണ്ണുപരിശോധനയ്ക്ക് വരുന്ന വിവരമറിയുന്നത്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പട്ടിണിജാഥയായി പോയി ബ്രിട്ടീഷ് ഉദ്യോഗസ്ഥന് നിവേദനം നല്‍കി. അന്ന് പ്രകടനത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോഴും വേലായുധന്റെ നാവിന്‍തുമ്പത്തുണ്ട്. "ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടുത്താലും,
ഉദയാസ്തമയം പീടികമുന്നില്‍ നിന്നുകരഞ്ഞാലും".

കെ ടി നാകു, എം സി ചാമിയാര്‍, പി എ ചാമിയാര്‍, സി വി മാധവന്‍, പി കെ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഇത് ജന്മിമാരെ വിറളിപിടിപ്പിച്ചു. പട്ടിണിജാഥയില്‍ പങ്കെടുത്തവരെ പാടങ്ങളില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ജന്മിമാര്‍ തീരുമാനിച്ചു. ഇതിനെതിരെയും കര്‍ഷകര്‍ ഒന്നിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതരായി പാടത്ത് പണിക്കിറങ്ങി. ജന്മിമാരുടെ ഗുണ്ടകള്‍ അവരെ ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞ് മലബാര്‍ സ്പെഷ്യല്‍ പൊലീസ്സംഘം സ്ഥലത്തെത്തി. വണ്ടാഴിയിലെ രാഘവമേനോന്റെ കളത്തില്‍ തമ്പടിച്ച പൊലീസുകാര്‍ കര്‍ഷകരേയും കമ്യൂണിസ്റ്റുകാരേയും തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. കമ്യൂണിസ്റ്റുകാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി. പല നേതാക്കളും ഒളിവില്‍പ്പോയി. അന്ന് വടക്കേപ്പുഴയില്‍ പാലമില്ല. ഓരോ പൊലീസുകാരനേയും കര്‍ഷകര്‍ ചുമന്ന് പുഴയ്ക്കക്കരെ എത്തിക്കണമായിരുന്നു. പുഴ കടക്കുംവരെ മര്‍ദനവും സഹിക്കണം. അക്കരെയെത്തിയാല്‍ തിരിച്ചുവരുംവരെ കാത്തുനില്‍ക്കണമെന്ന കല്‍പ്പനയുണ്ട്. മാസങ്ങള്‍നീണ്ട ഈ കൊടുംപീഡനം കര്‍ഷകരുടെ മനസ്സില്‍ പ്രതിഷേധാഗ്നി പടര്‍ത്തി. പൊലീസുകാരെ പുഴ കടത്തുന്നതിനെതിരെ കര്‍ഷകര്‍ ധീരമായി ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. അടിച്ചമര്‍ത്താനാവില്ലെന്നു വ്യക്തമായപ്പോള്‍ പൊലീസ് സംഘം സ്ഥലംവിട്ടു.

പട്ടിണിജാഥയ്ക്കും തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്കും ശേഷമാണ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്നറിയപ്പെടുന്നത്. വണ്ടാഴിയില്‍ കര്‍ഷകരും കമ്യൂണിസ്റ്റ്പാര്‍ടിയും സംഘടിച്ചതോടെയാണ് ജന്മികള്‍ അവര്‍ക്കുനേരെ തിരിഞ്ഞത്. "കുറേ സഖാക്കള്‍ ഇവിടം റഷ്യയാക്കാന്‍ ശ്രമിക്കുകയാണ്, അവരെ തകര്‍ക്കണം" എന്നാണ് ജന്മിമാര്‍ കല്‍പ്പിച്ചത്. അങ്ങനെയാണ് റഷ്യയുടെ തലസ്ഥാനമായ മോസ്കോയുടെ പേര് പുതുക്കുളംപറമ്പിന് വന്നത്. ഈ പേര് ആരും നല്‍കിയതല്ല, സ്വാഭാവികമായ വിളിപ്പേര് കാലത്തിനും മായ്ക്കാനായില്ല.

*
കടപ്പാട്: ദേശാഭിമാനി

Wednesday, November 27, 2013

പ്ലീനത്തിന്റെ സവിശേഷത

പാലക്കാട് പ്ലീനത്തിലേക്ക്

സിപിഐ എമ്മിന്റെ വിശേഷാല്‍ സമ്മേളനം പാലക്കാട്ട് ചേരുന്ന ഈ കാലഘട്ടം, കേരള രാഷ്ട്രീയം സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സമയംകൂടിയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദലുയര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയി. അതിന്റെ ഫലമായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആഗോളവല്‍ക്കരണനയങ്ങള്‍ അതിതീവ്രമായി നടപ്പാക്കുകയാണ്. കേരളത്തിന്റെ നേട്ടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുന്നു. ലോകപ്രസിദ്ധമായ കേരള വികസനമാതൃകയുടെ അടിത്തറയായ ഭൂപരിഷ്കരണനടപടികള്‍ അട്ടിമറിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു.

ലാഭകരമായി പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് പോകുന്നു. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കുന്നു. കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായ കേരളത്തില്‍ അറുപതോളം കര്‍ഷകര്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ വാണിജ്യശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കപ്പെടുന്നു. ക്ഷേമപദ്ധതികളെല്ലാം താളംതെറ്റി. സാമ്പത്തികനിലയും തകരുന്നു. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു. വെള്ളം, വൈദ്യുതി, പാല്‍ നിരക്കുകളും ബസ്ചാര്‍ജും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇവ തടഞ്ഞുനിര്‍ത്തുന്നതിന് ഒരു തരത്തിലുള്ള പദ്ധതിയും ഈ സര്‍ക്കാരിനില്ല.

ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചം 2011 മാര്‍ച്ച് 31ന് നീക്കിവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. എന്നാല്‍, കെടുകാര്യസ്ഥതമൂലം ഇപ്പോള്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. അധികാരവികേന്ദ്രീകരണ പ്രക്രിയ അട്ടിമറിക്കപ്പെട്ടു. 1997 മുതല്‍ കഴിഞ്ഞവര്‍ഷംവരെ വികേന്ദ്രീകരണ സൂചികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷം മൂന്നാംസ്ഥാനത്തായി. പാര്‍പ്പിടപദ്ധതികളെല്ലാം അട്ടിമറിച്ചു.

കേരളത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വര്‍ഗീയശക്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. കഴിഞ്ഞ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുപ്രകാരംതന്നെ വര്‍ഗീയ സ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയശക്തികള്‍ക്ക് പരിലാളനയും പരിരക്ഷയും നല്‍കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ഇതിന്റെ ഫലമായി തീവ്രവാദ ശക്തികള്‍ നാട്ടിലാകമാനം തലയുയര്‍ത്തി. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന ആറന്മുള വിമാനത്താവളം പദ്ധതി നടപ്പാക്കുന്നതിന് എല്ലാ പാരിസ്ഥിതിക നിയമങ്ങളെയും കാറ്റില്‍പറത്താന്‍ യുഡിഎഫ് സന്നദ്ധമായി. അതേ അവസരത്തില്‍ ജനങ്ങളെ മുള്‍മുനയില്‍നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് ഒരു മടിയുമില്ല. പരിസ്ഥിതിയുടെ പേരുപറഞ്ഞ് മലയോര ജനതയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാരിന് കെജിഎസ് ഗ്രൂപ്പിന്റെ കാര്യംവരുമ്പോള്‍ ഇവയൊന്നും ബാധകമല്ലാതായി. ഈ സര്‍ക്കാരിന് ആരോടാണ് താല്‍പ്പര്യമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പരിശ്രമവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധി ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. യുഡിഎഫിനെ നയിക്കുന്ന മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തമ്മില്‍തല്ലിലും കലഹത്തിലും മുഴുകി. ഘടകകക്ഷികള്‍ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത രീതിയിലുള്ള അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്. കോടതി പരാമര്‍ശം ഉണ്ടായിട്ടുപോലും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യം. മന്ത്രിസഭയിലെ അംഗങ്ങള്‍ കൈക്കൂലിക്കാരും അഴിമതിക്കാരുമാണെന്ന് ചീഫ്വിപ്പുതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. രാഷ്ട്രീയ പ്രതിസന്ധി കാരണം മുങ്ങാന്‍പോകുന്ന കപ്പലായി യുഡിഎഫ് മാറി. ഇതെല്ലാം മറച്ചുവയ്ക്കുന്നതിന് വില്ലേജ് തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ക്രമസമാധാന നിലയില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഗുണ്ടാസംഘങ്ങളും പെണ്‍വാണിഭസംഘങ്ങളും ബ്ലേഡ് മാഫിയയുമെല്ലാം നാട്ടില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തേണ്ട പൊലീസിന് അത്തരം പ്രവര്‍ത്തനങ്ങളിലല്ല താല്‍പ്പര്യം. രാഷ്ട്രീയ താല്‍പ്പര്യത്തോടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഈ സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കള്ളക്കേസുകള്‍ ഉയര്‍ത്തി നേതൃത്വത്തെതന്നെ തകര്‍ത്ത് അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഇവിടെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിന് പാര്‍ടിക്ക് സാധിക്കുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിനുശേഷം ഈ പ്ലീനം ചേരുന്ന കാലയളവുവരെ പാര്‍ടിക്കെതിരായി വലിയ തോതിലുള്ള ആക്രമണമാണ് വലതുപക്ഷ ശക്തികളും ഇടതുതീവ്രവാദികളും എല്ലാംചേര്‍ന്ന് നടത്തിയത്.

കേരളത്തിന്റെ രാഷ്ട്രീയം ഇടതുപക്ഷശക്തികളുടെ പ്രാധാന്യവും കരുത്തും ഏറെ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി നിലകൊള്ളുന്നത് രാജ്യത്ത് കമ്യൂണിസവും സോഷ്യലിസവും സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, അതിനു മുന്നോടിയായി രാജ്യത്തെ സാഹചര്യം പരിശോധിച്ച് ജനകീയ ജനാധിപത്യവിപ്ലവം സംഘടിപ്പിക്കുന്നതിനാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നോട്ടുപോകണമെങ്കില്‍ എല്ലാ മേഖലയിലും സമരംനടത്താന്‍ അനുയോജ്യമായ പാര്‍ടിസംഘടന ആവശ്യമാണ്. ഇക്കാര്യം പാര്‍ടിപരിപാടിയില്‍ പറയുന്നുണ്ട്- വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്നതിനും എല്ലാ മുന്നണികളിലും സമരം നടത്തുന്നതിനുമായി ഒരു ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ബഹുജനപ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ടും അതോടൊപ്പംതന്നെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കൂടുതല്‍ ദൃഢമാക്കിക്കൊണ്ടും അത്തരമൊരു പാര്‍ടി, ജനങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും അച്ചടക്കമുള്ളതുമായ പാര്‍ടി അതിനാവശ്യമാണ്. തൊഴിലാളിവര്‍ഗത്തോടും അധ്വാനിക്കുന്ന ജനങ്ങളുടെ മറ്റെല്ലാ വിഭാഗങ്ങളോടുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി, പാര്‍ടി നിരന്തരം സ്വയം വിദ്യാഭ്യാസം നടത്തുകയും പുനര്‍വിദ്യാഭ്യാസം നടത്തുകയും സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ നിലവാരം പുതുക്കുകയും സംഘടനാപരമായ ശക്തി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. (പാര്‍ടി പരിപാടി, 8.4) ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടന വര്‍ത്തമാനകാലത്ത് ഏത് തരത്തിലായിരിക്കണം എന്നും അവ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും 20-ാം പാര്‍ടി കോണ്‍ഗ്രസുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി അഞ്ച് സുപ്രധാന കടമകള്‍ സംഘടനാരംഗത്ത് മുന്നോട്ടുവയ്ക്കുകയും ചെയ്തു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസും സംസ്ഥാനസമ്മേളനവും മുന്നോട്ടുവച്ച ഇത്തരം കടമകള്‍ എത്രത്തോളം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന പരിശോധന നടത്തുന്നതിന് പാര്‍ടി സംസ്ഥാനകമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. 2012 ഡിസംബര്‍ 29, 30 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ഏരിയാകമ്മിറ്റികളില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് നിശ്ചയിച്ചു. ഇത് സംബന്ധിച്ച് ഒരു ചോദ്യാവലി പാര്‍ടി സംസ്ഥാനകമ്മിറ്റി തയ്യാറാക്കി ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കി. ഈ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഏരിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ച് ഏരിയ കമ്മിറ്റിയില്‍ത്തന്നെ ചര്‍ച്ചനടക്കുകയുണ്ടായി. പ്രസ്തുത റിപ്പോര്‍ട്ടും ആ യോഗങ്ങളില്‍ പങ്കെടുത്ത സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടുകളും പരിശോധിച്ച് സംസ്ഥാനകമ്മിറ്റി വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാനകമ്മിറ്റിക്കു കീഴിലുള്ള എല്ലാ ഘടകങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അതിലൂടെ വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകമ്മിറ്റിതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി വിശദമായ ചര്‍ച്ച നടത്തുകയുംചെയ്തു. അതുകൂടി പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് ഈ പ്ലീനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് താഴെതലങ്ങളില്‍ ചര്‍ച്ച ചെയ്യുകയാണ്. ആ ചര്‍ച്ചയുടെ അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ചാണ് പ്രതിനിധി സഖാക്കള്‍ പ്ലീനംരേഖ ചര്‍ച്ചചെയ്യാന്‍ എത്തുന്നത്.

പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍, വര്‍ഗ- ബഹുജനസംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രതിനിധികളായുള്ള സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖ അവതരിപ്പിക്കുകയും അവിടെ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍തീരുമാനങ്ങള്‍ എടുക്കുകയുമാണ് ചെയ്യുക. ആ തീരുമാനം പാര്‍ടിയില്‍ ഉടനീളം നടപ്പാക്കി പാര്‍ടി സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇങ്ങനെ സംഘടനയില്‍ ആകമാനം ചര്‍ച്ചചെയ്ത് തയ്യാറെടുപ്പ് നടത്തി തയ്യാറാക്കിയ രേഖ ചര്‍ച്ചചെയ്യാന്‍ വിശേഷാല്‍ സമ്മേളനം ചേരുന്നത് പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇതാണ് മറ്റ് പ്ലീനങ്ങളില്‍നിന്ന് പാലക്കാട് പ്ലീനത്തെ വ്യത്യസ്തമാക്കുന്നത്.

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ഇടപെടല്‍ നടത്തുമ്പോള്‍, കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ മനസ്സിലാക്കിയുള്ള ഇടപെടലാണ് പ്ലീനം ലക്ഷ്യംവയ്ക്കുന്നത്. അതിനാല്‍ത്തന്നെ കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗഘടനയെയും സാമൂഹ്യവികാസത്തിന്റെ വിവിധ ഘട്ടങ്ങളെയും ഓരോ വിഭാഗവും എത്തിനില്‍ക്കുന്ന അവസ്ഥയെയും ഇതില്‍ വിശകലനംചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ നയിക്കാനുതകുന്ന സംഘടന രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തമാണ് ഈ വിശേഷാല്‍ സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തില്‍ 4,01,704 മെമ്പര്‍ഷിപ്പുള്ള, ഏറ്റവും വലിയ പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, ചില പ്രത്യേക പ്രദേശങ്ങളില്‍ പാര്‍ടിക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത പ്രശ്നവുമുണ്ട്. അവിടങ്ങളില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്ലീനം രൂപംനല്‍കും. ചുരുക്കത്തില്‍ സംഘടനാപരമായി നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങളെയാകെ പരിഹരിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകുന്ന ഒന്നായിരിക്കും പാലക്കാട്ടെ വിശേഷാല്‍ സമ്മേളനം. പാര്‍ടി സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറാന്‍പോകുന്ന ഈ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. (അവസാനിച്ചു)
*
പിണറായി വിജയന്‍

Tuesday, November 26, 2013

പാലക്കാട് പ്ലീനത്തിലേക്ക്

രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക സമ്മേളനം ചേരുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ കൊല്‍ക്കത്തയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനം ചേരുകയുണ്ടായി. സംഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ചാണ് അതില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെതുടര്‍ന്ന് പ്രസ്ഥാനത്തെ വിപ്ലവകരമായ തരത്തില്‍ നയിക്കുന്നതിന് സിപിഐ എം രൂപീകരിക്കപ്പെട്ടു. ഏഴാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എമ്മിന്റെ പാര്‍ടി പരിപാടി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ആ ഘട്ടത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ ആവുംവിധം പാര്‍ടികോണ്‍ഗ്രസില്‍ ചര്‍ച്ച നടത്താനായില്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 1968 ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ ബര്‍ദ്വാനില്‍ പ്ലീനം ചേര്‍ന്നത്. ഈ രംഗത്തെ പാര്‍ടി നിലപാട് ആ പ്ലീനം വ്യക്തമാക്കുകയും ചെയ്തു.

1978 ഡിസംബര്‍ 27 മുതല്‍ 31 വരെ പശ്ചിമബംഗാളിലെ ഹൗറയിലെ സാല്‍ക്കിയയില്‍ പ്ലീനം ചേര്‍ന്നു. ഈ പ്ലീനത്തിലാണ് പാര്‍ടിയെ ബഹുജനവിപ്ലവ പാര്‍ടിയായി രൂപപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ തീരുമാനമുണ്ടായത്. പാര്‍ടിപ്രവര്‍ത്തനത്തെ ശക്തമായ സ്വയംവിമര്‍ശത്തിന് വിധേയമാക്കിയുള്ള രേഖയായിരുന്നു ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. അവിടെ ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പാര്‍ടിസംഘടന മുന്നോട്ടുപോയത്.

കേരളത്തിലും സിപിഐ എം നേതൃത്വത്തില്‍ ഇത്തരം പ്ലീനങ്ങള്‍ നടക്കുകയുണ്ടായി. 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് ആദ്യമായി സംസ്ഥാന പ്ലീനം നടന്നത്. കേരളത്തിലെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രകമ്മിറ്റി പ്ലീനത്തിന് അനുമതി നല്‍കുകയായിരുന്നു. പ്ലീനം ഉദ്ഘാടനംചെയ്തത് അന്നത്തെ പാര്‍ടി ജനറല്‍ സെക്രട്ടറി സ. പി സുന്ദരയ്യയായിരുന്നു. അക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെയും സംബന്ധിച്ചെല്ലാം സുന്ദരയ്യ പ്രസംഗത്തില്‍ വിശദീകരിച്ചു. മാവോ ചിന്തയിലെ പോരായ്മയെ സംബന്ധിച്ച് സുന്ദരയ്യ ഇങ്ങനെ പറഞ്ഞു: ""അവര്‍ പറയുന്നത് മാവോ ചിന്തകള്‍ ഇന്നത്തെ കാലഘട്ടത്തിലെ മാര്‍ക്സിസം- ലെനിനിസമാണെന്നാണ്. എന്നാല്‍, നമ്മുടെ പാര്‍ടി ആ നിലയില്‍ അതിനെ അംഗീകരിക്കുന്നില്ല. നമ്മുടെ പാര്‍ടി ആ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന് നാം തീരുമാനിക്കും. ആ ചിന്തകളും അഭിപ്രായങ്ങളും എപ്പോഴും എല്ലായിടത്തും ശരിയാണെന്ന് പറയുന്നത് മാവോയുടെ അഭിപ്രായത്തിനുതന്നെ നിരക്കാത്തതാണ്"". ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച് ഇടതുതീവ്രവാദപരമായ പ്രവണതകള്‍ക്കെതിരെ ഉദ്ഘാടനപ്രസംഗത്തില്‍തന്നെ നിലപാട് സ്വീകരിക്കുന്നുണ്ട്.

പ്രത്യയശാസ്ത്രപ്രമേയത്തിന്റെ കരട്, പ്രവര്‍ത്തനറിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ആ പ്ലീനത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. വര്‍ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും മുന്നോട്ടുവച്ചു. പാര്‍ടിവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വളന്റിയര്‍ സംഘടന തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും എടുത്തു.

നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി സ്വന്തമായി അടവും തന്ത്രവും രൂപീകരിച്ച് ജനകീയ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവപ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുക എന്ന ആഹ്വാനം ഇതിലുണ്ടായി. പരിമിതമായ ജനാധിപത്യംപോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കെതിരായി സമരത്തിന് നേതൃത്വം നല്‍കണമെന്നും ഈ പ്ലീനം ആവശ്യപ്പെട്ടു.

കേരളത്തില്‍ രണ്ടാമത്തെ പ്ലീനം ചേര്‍ന്നത് 1970 ഡിസംബര്‍ 3, 4, 5 തീയതികളില്‍ തലശേരിയിലാണ്. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനങ്ങളില്‍ എത്തുകയായിരുന്നു. 1969ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട പ്രത്യേക രാഷ്ട്രീയസാഹചര്യംകൂടി കണക്കിലെടുത്താണ് ഈ വിശേഷാല്‍സമ്മേളനം ചേര്‍ന്നത്.

അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച് വിലയിരുത്തിയ പ്ലീനം റിപ്പോര്‍ട്ടില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ""വിവിധ പ്രതിപക്ഷപാര്‍ടികളിലും ഭരണമുന്നണികള്‍ക്കകത്തുതന്നെയും വളര്‍ന്നുവരുന്ന പുതിയ പ്രവണതകളെ ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ തെരഞ്ഞെടുപ്പുകള്‍ക്കും അതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി രാഷ്ട്രീയത്തിനുമുള്ളൂ. എല്ലാ പാര്‍ടിയിലും പെട്ടവരും ഒരു പാര്‍ടിയിലും പെടാത്തവരുമായ ജനലക്ഷങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് പുതിയ രാഷ്ട്രീയശക്തികളെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന നിര്‍ണായക ഘടകം"". പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അതില്‍. ഇന്ത്യന്‍ ഭരണവര്‍ഗം പടിപടിയായി സ്വേച്ഛാധിപത്യത്തിലേക്ക് പോകുന്ന പ്രശ്നവും ഇതില്‍ അവതരിപ്പിച്ചു.

എതിരാളികളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന അക്കാലത്ത് സുസംഘടിതമായ പോരാട്ടം ആശയപരവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറഞ്ഞു. പാര്‍ടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ അതിലുണ്ടായി. സാമ്പത്തികപ്രശ്നങ്ങളില്‍ തുടങ്ങുന്ന സമരം പടിപടിയായി രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് വളര്‍ത്തിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബഹുജനപ്രസ്ഥാനം രൂപീകരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന കാര്യവും എടുത്തുപറഞ്ഞു. ആശയ-സാംസ്കാരിക രംഗങ്ങളില്‍ നടത്തേണ്ട സമരങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടും മുന്നോട്ടുവച്ചു. ആശയ- സാംസ്കാരിക രംഗത്ത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പത്രങ്ങള്‍, മാസികകള്‍ എന്നിവയിലൂടെയുള്ള ആശയപ്രചാരണത്തിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി.

സംഘടനാരംഗത്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത് ഈ പ്ലീനത്തിലാണ്. ഈ സമ്മേളനത്തിലെടുത്ത തീരുമാനമാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് ഇന്നും മാര്‍ഗനിര്‍ദേശകമായി നില്‍ക്കുന്നത്. പാര്‍ടി അംഗങ്ങളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയുമുണ്ടായി. തലശേരി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് മണ്ഡലം, താലൂക്ക് കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടത്.

1978 ഡിസംബറില്‍ സാല്‍ക്കിയയില്‍ നടന്ന പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പ്ലീനം നടക്കുന്നത് 1981ലാണ്. ഈ മൂന്നാമത് പ്ലീനം ഉദ്ഘാടനംചെയ്തത് ഇ എം എസ് ആയിരുന്നു. ഈ പ്ലീനത്തിന്റെ ഉദ്ദേശ്യംതന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: പാര്‍ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തി ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമാറ് പാര്‍ടിസംഘടനയെ സജ്ജീകരിക്കലാണ് പ്ലീനത്തിന്റെ ഉദ്ദേശ്യം.,

പ്ലീനത്തിന്റെ ചര്‍ച്ചയ്ക്ക് ആധാരമായ രേഖയില്‍ രണ്ടു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1980ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടായ അഖിലേന്ത്യാ രാഷ്ട്രീയസ്ഥിതി, കേരളത്തിലെ മാര്‍ക്സിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തെ മുറിച്ചുകടക്കാന്‍ പാര്‍ടി ആവിഷ്കരിച്ച സമീപനം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയങ്ങള്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനം, ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയപരമായ ഇത്തരം കാര്യങ്ങളെ വിലയിരുത്തിയശേഷം അതിന് അനുയോജ്യമായ തരത്തില്‍ സംഘടന എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. പാര്‍ടിസംഘടനാരംഗത്ത് നിലനില്‍ക്കുന്നതായി സാല്‍ക്കിയാ പ്ലീനം ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍, കേരളത്തിലെ പാര്‍ടിയെക്കുറിച്ച് പ്രത്യേകിച്ച് നടത്തിയ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് രൂപംനല്‍കുകയാണ് രണ്ടാംഭാഗത്ത് ചെയ്യുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 1977നുശേഷമുള്ള സ്ഥിതിഗതികളെയും അക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെയും വിലയിരുത്തുന്നതിനും പാര്‍ടിക്കകത്തെ സംഘടനാപരമായ പോരായ്മകള്‍ പരിശോധിക്കുന്നതിനും തയ്യാറായിട്ടുണ്ട്. ഭാഷാപ്രശ്നം, സൈലന്റ് വാലി തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും ഇതില്‍ പറയുന്നുണ്ട്. വര്‍ഗീയശക്തികളെ സംബന്ധിച്ചുള്ള പരിശോധനകളും ഇതില്‍ നടക്കുകയുണ്ടായി.

ഇത്തരത്തില്‍ കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ വിശേഷാല്‍സമ്മേളനങ്ങള്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ച എന്നനിലയിലാണ് ഇപ്പോഴത്തെ പ്ലീനം ചേരുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകള്‍ കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍, സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ പ്രധാന ലക്ഷ്യം.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍