Friday, April 18, 2008

ക്രിക്കറ്റില്‍ ജന്തുബലിയോ?

കുറച്ചുകാലമായി നമ്മുടെ പത്രങ്ങളില്‍ "ഞെട്ടിക്കുന്ന"വാര്‍ത്തകള്‍ അധികം കാണാറില്ല. ഇങ്ങനെതന്നെയാണോ പറയേണ്ടത്, അല്ലെങ്കില്‍,"ഇപ്പോള്‍ വാര്‍ത്തകള്‍ വായിച്ച് ആരും ഞെട്ടാറില്ല" എന്നാണോ പറയേണ്ടിയിരുന്നത് എന്ന് എനിക്ക് സംശയം ഇല്ലാതില്ല. "ഞെട്ടുക"എന്ന വാക്ക് ഇപ്പോള്‍ പ്രമാണികള്‍ വല്ലവരും പെട്ടെന്ന് കാലഗതി പ്രാപിച്ചാല്‍ അത്രതന്നെ പ്രമാണിമാരായവര്‍ പത്രങ്ങള്‍ക്കുവേണ്ടി പറയുന്ന ആചാരവാക്കായി തുലഞ്ഞുപോയിരിക്കുന്നു.

എന്നാല്‍, മാര്‍ച്ച് 20ലെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ക്രിക്കറ്റാണ് ഈ ഭൂകമ്പം സൃഷ്ടിച്ചത്. ഇടക്കാലത്ത് ക്രിക്കറ്റ് കുറെ വിജയങ്ങളോടൊപ്പം ഉണ്ടാക്കിയത് ഏറെയും വിവാദങ്ങളാണ്. ഇക്കൂട്ടത്തില്‍ എന്നെ തികച്ചും ഞെട്ടിച്ചത് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയവേദിയില്‍ പ്രതിഷ്ഠിച്ച സംഘത്തിന്റെ നായകനായ മഹേന്ദ്രസിങ് ധോണി (ധോനി?) - അദ്ദേഹത്തിന് സ്തുതി - മടങ്ങിയെത്തിയ ആദ്യമുഹൂര്‍ത്തത്തില്‍ ചെയ്തത് ദൈവപ്രീതിക്കായി ആടിനെ ബലികൊടുത്തു എന്ന വാര്‍ത്തയാണ്. അജബലി നടന്ന റാഞ്ചിയിലെ ചിന്‍മസ്തികാ ക്ഷേത്രത്തില്‍ ആടിനെ ബലിനല്‍കിയ ചടങ്ങില്‍ ധോണി സംബന്ധിക്കുകയുംചെയ്തിരുന്നു.

ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും മുമ്പ് ജന്തുബലി നടന്നുവന്നിരുന്നു. ആട്, കോഴി എന്നീ പാവങ്ങളാണ് മനുഷ്യന് ഈശ്വരപ്രീതിയുണ്ടാക്കാന്‍ ബലിയര്‍പ്പിക്കപ്പെടുന്ന ഹതഭാഗ്യരായ മൂകജീവികള്‍. എല്ലാ സംസ്ഥാനത്തും ഈ പ്രാകൃതമായ ദുരാചാരം നിയമവിരുദ്ധമാക്കപ്പെട്ടിട്ടുണ്ട്. ധോണിയുടെ പേരില്‍ കേസെടുത്താല്‍ അയാളുടെ ക്രിക്കറ്റ് ജീവിതമായിരിക്കും ബലിയാടാവുക. രണ്ട് സംഘടനകള്‍ ധോണിയെ ഗുണദോഷിച്ചുകൊണ്ട് കത്തയച്ചതേയുള്ളൂ - മൃഗങ്ങളോട് സഹാനുഭൂതിയോടെയുള്ള പെരുമാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (“പെറ്റ" എന്ന് ചുരുക്കം) എന്ന സംഘടനയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയും. വളരെ നല്ല ഉപദേശമാണ് ഈ രണ്ട് സംഘടനയും ക്രിക്കറ്റ് നായകന് നല്‍കിയത്.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കാതെ കളിക്കളത്തില്‍ ചാടിയിറങ്ങിയ ധോണി കളിക്കുപുറമെ മാനസികമായി വളരെ വളരേണ്ടതുണ്ട് എന്ന് തോന്നുന്നു. സഹജീവികളെ സ്നേഹിക്കാനറിഞ്ഞുകൂടാത്ത ഒരു “ഖിലാഡി" കളിയില്‍ ഒളിഞ്ഞിരിപ്പുള്ള പല ചീത്തവഴികളിലും ഇതേ ലാഘവത്തോടെ സഞ്ചരിച്ചുകൂടായ്കയില്ല. ഇന്ത്യയുടെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശ്രദ്ധിക്കേണ്ട കാര്യമാണിത്. ധോണിയുടെ കൈയില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുണ്ട്, ഉയര്‍ന്ന ഒരു സ്ഥാനവും. പക്ഷേ, കളിയില്‍ ജയിക്കുന്നതിനുവേണ്ടി ആടിനെ കൊല്ലാന്‍ മടിയില്ലാത്ത കഠിനഹൃദയനാണോ ധോണി? ജീവിക്കുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിനു നേരെ വടക്കു കിടക്കുന്ന ബിഹാറിലും പടിഞ്ഞാറുള്ള ഉത്തര്‍പ്രദേശിലും 2500 വര്‍ഷംമുമ്പ് ആടിനെ ബിംബിസാര ചക്രവര്‍ത്തിയുടെ ബലിയര്‍പ്പണത്തില്‍നിന്ന് രക്ഷിച്ച് അഹിംസ ഉദ്ബോധിപ്പിച്ച് സഞ്ചരിച്ച ഭഗവാന്‍ ബുദ്ധനെപ്പറ്റി ഈ യുവാവ് എന്നെങ്കിലും പഠിച്ചിരുന്നെങ്കില്‍ 2008ല്‍ ഇന്ത്യയില്‍ ഈ അജമേധം നടക്കില്ലായിരുന്നു. നല്ല കളിക്കാരന്‍ നല്ല മനുഷ്യന്‍കൂടിയാവണം. കോച്ചിങ്ങ് നല്‍കുമ്പോള്‍ ഇത് ശ്രദ്ധിക്കണം. മൃഗബലിക്ക് ഭാരതീയസംസ്കാരത്തില്‍ സ്ഥാനമില്ലെന്നും ധോണിയുടെ ആരാധകരായ യുവാക്കളെ വഴിപിഴപ്പിക്കുന്ന ഇത്തരം ചീത്ത നടപടിയില്‍നിന്ന് അദ്ദേഹം മാറിനില്‍ക്കണമെന്നുമാണ് “പെറ്റ"എഴുതിയത്. കൂടുതല്‍ വിവേകവും ശ്രദ്ധയും പൊതുകര്‍മങ്ങളില്‍ പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബോര്‍ഡും ഉപദേശിച്ചു.

ഇതൊരു വലിയ വിവാദമാവേണ്ടതായിരുന്നു. അത് ഉണ്ടായില്ല. കളിക്കാര്‍ വിജയത്തിന് എന്തു വിലയും നല്‍കാന്‍ തയ്യാറായിരിക്കും. കാരണം 20നും 30നും പ്രായത്തിനിടയില്‍ കോടിക്കണക്കിന് രൂപ ലഭിക്കാവുന്ന ഒരു കളിയില്‍ (കളിയോ, കാര്യം-ഭയങ്കരകാര്യം) ജയം ലഭിക്കാന്‍ ഇവര്‍ നരമേധത്തിനുപോലും തുനിഞ്ഞുകൂടായ്കയില്ല എന്ന് ധോണിസംഭവം നമ്മെ ധരിപ്പിക്കുന്നു. പത്രക്കാരും ഇക്കാര്യത്തില്‍ മൌനംഭജിച്ചു. അജമാംസ രസായനം ആകാമെങ്കില്‍ എന്തുകൊണ്ട് അജബലി പാടില്ല എന്നാവാം സംശയം! ഒരു ചര്‍ച്ച വേണ്ടിയിരുന്നു.

ജന്തുബലി നടത്തിയും ദേവാലയങ്ങളില്‍ നേര്‍ച്ചയും പൂജയും അനുഷ്ഠിച്ചും ടെസ്റ്റ് ജയിക്കുന്നതിലും എത്രയോ മഹത്തരമാണ് കളിച്ചു തോല്‍ക്കുന്നത്. ഈ പാഠം നമ്മുടെ കളിക്കാരില്‍ വളര്‍ത്തുന്ന കടമ പരിശീലകന്‍ ഏറ്റെടുക്കേണ്ടതാണ്. ധോണിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ബിസിസിഐ ശ്രദ്ധ ചെലുത്തണമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. അജബലിയെ വിട്ടാലും. അതേസമയത്ത് അദ്ദേഹം തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരെക്കുറിച്ച് പറഞ്ഞതും നല്ല സംസ്കാരത്തെ കാണിക്കുന്നില്ല. മുതിര്‍ന്ന കളിക്കാരെ (സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയവരെ) ഏകദിന ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ ഒരു സന്ദേശമുണ്ടെന്നും താന്‍ അത് സെലക്ടര്‍മാരോട് പറയുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തെന്നുമാണ് ഈ യുവനായകന്‍ ഒരു പ്രസ്താവനയില്‍ അടിച്ചുവിട്ടത്.

ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും ഉയര്‍ന്ന ചില വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ കളിക്കാരെ ഉദ്ദേശിച്ചാണ് ഈ പയ്യന്‍ ഇത്രയൊക്കെ അഹങ്കാരത്തോടെ പറഞ്ഞത് എന്നത് ഇന്ത്യന്‍ കളിക്കാരുടെ പാരമ്പര്യത്തിന് ചേര്‍ന്നതായില്ല. ഒരു കളികൊണ്ടോ ഇരട്ടക്കളിയുടെ ഭാഗ്യാവര്‍ത്തനംകൊണ്ടോ ഉണ്ടാകുന്ന ക്രിക്കറ്റ് നേട്ടമല്ല ടെന്‍ഡുല്‍ക്കര്‍, ഗാംഗുലി, ദ്രാവിഡ് തുടങ്ങിയ മുന്‍നിരക്കാരുടെ പ്രശസ്തി. ധോണിയേക്കാള്‍ എത്രയോ മികച്ച ക്യാപ്റ്റന്മാരുടെ “സന്ദേശ"ങ്ങളും ഉപദേശങ്ങളും ചെറുപ്പത്തിലേ കേട്ട് അനുസരിച്ച ഇക്കൂട്ടര്‍ക്ക് “സന്ദേശം" പറഞ്ഞയച്ച നവനായകനെപ്പറ്റി അഭിമാനിക്കാന്‍ തോന്നുന്നില്ല. ധോണിയുടെ പ്രായത്തില്‍ ഇവരുടെ നേട്ടങ്ങള്‍ എത്ര മുന്തിയതായിരുന്നുവെന്ന് പഠിക്കേണ്ടതാണ്. ടെന്‍ഡുല്‍ക്കറുടെയും മറ്റും അടുത്തെത്താന്‍ ധോണിയും പുതിയ യുവാക്കളും ഇനിയും ഒരുപാട് വിയര്‍ത്തൊഴുകേണ്ടിവരും. നാടന്‍ശൈലിയില്‍ പറഞ്ഞാല്‍ ഇവര്‍ കാല് നീട്ടുന്നത് ഇരുന്നിട്ടു മതി. പൂര്‍വവീരന്മാരെ കാലുനീട്ടി ചവിട്ടരുത്.

നായകന്റെ വായില്‍നിന്ന് വീണുപോയ വാക്കുകള്‍ മര്യാദയ്ക്കും സംസ്ക്കാരത്തിനും കോട്ടം തട്ടിക്കുന്നതാണെന്നു പലര്‍ക്കും തോന്നി. ധോണിയുടെ കൂട്ടുകാര്‍ക്കുമാത്രമല്ല ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും. പഠാന്‍ വ്യാഖ്യാനിച്ചത് മുതിര്‍ന്ന കളിക്കാരെ ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നാണ്. ചെറുപ്പക്കാര്‍ നന്നായി കളിച്ചു എന്നു പറയുകയും സന്ദേശം നല്‍കിയെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ആ സന്ദേശം ആര്‍ക്കാണെന്ന് മനസ്സിലാകാത്തവര്‍ ആരും ഉണ്ടാവില്ല. കണ്ടുവളര്‍ന്ന വന്‍ താരങ്ങളെക്കുറിച്ച് ഇതുവരെ ഒരു ക്യാപ്റ്റനും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഒരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വഡേക്കര്‍ പറഞ്ഞതിന്റെ സാരം ഈ പുതിയ വേഷക്കാരന്‍ ശ്രദ്ധിച്ചാല്‍ നന്ന്. മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരു ദോഷവും വരാനില്ലെന്ന് പ്രസ്താവിച്ച പഴയ താരമായ ബിഷന്‍ സിങ് ബേദി ധോണിക്ക് പക്വതപോരെന്നും കൂട്ടിച്ചേര്‍ത്തു. പഴയ താരങ്ങളുടെ നേട്ടങ്ങളെ മറന്ന് സംസാരിക്കരുതെന്നുമാത്രം ടെന്‍ഡുല്‍ക്കര്‍ പ്രസ്താവിച്ചു.

ടെന്‍ഡുല്‍ക്കറുടെ മാന്യതകൂടി ധോണി കണ്ടറിയേണ്ടതാണ്. പഴയ കളിക്കാരുടെ മുന്നില്‍നിന്ന് പുതിയ കളിക്കാര്‍ കളി മാത്രമല്ല അന്തസ്സെന്താണെന്നും പഠിക്കേണ്ടിയിരിക്കുന്നു. ബിസിസിഐ പ്രസിഡന്റ് ശരത്പവാര്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ മുന്‍താരങ്ങളുടെ മഹത്വം പുനഃപ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. താന്‍ ക്യാപ്റ്റനായത് തന്റെ മിടുക്കുകൊണ്ടുമാത്രമാണെന്ന് ധോണിയുടെ അഹങ്കാരസ്പര്‍ശമുള്ള വാക്കുകള്‍ തെളിയിക്കുന്നുണ്ട്. ആ കുമിളയാണ് പ്രസിഡന്റ് കുത്തിപ്പൊട്ടിച്ചത്. പുതിയ കളിയിലും ഏകദിനത്തിലും പുതിയവര്‍ വരണമെന്നും ധോണി നായകനാകട്ടെയെന്നും ടെന്‍ഡുല്‍ക്കര്‍ പവാറിനോട് പറഞ്ഞതും താന്‍ അതുകൂടി സെലക്ടര്‍മാരെ അറിയിച്ചെന്നും അതിന്റെ ഫലമാണ് നാം കണ്ടതെന്നും അസന്ദിഗ്ദ്ധമായി അദ്ദേഹം വെളിപ്പെടുത്തി. അതിനപ്പുറത്ത് പവാര്‍ അവരെയും ഇന്നുള്ളവരെയും താരതമ്യപ്പെടുത്തുകയും ചെയ്തു.

താന്‍ ക്യാപ്റ്റനാകുന്നില്ലെന്നും ധോണിയെ ആക്കുകയായിരിക്കും നല്ലതെന്നും ടെന്‍ഡുല്‍ക്കര്‍ നിര്‍ദേശിച്ചത് പവാറിനെ ആശ്ചര്യപ്പെടുത്തി. ഒരുപാട് ലക്ഷം രൂപയുടെ വരുമാനം വേണ്ടെന്നുവച്ചുകൊണ്ട് ഇങ്ങനെയൊരു തൃഷ്ണോഷ്മളമായ വാക്ക് പറയാന്‍ ആര്‍ക്കു കഴിയുമെന്ന് പവാര്‍ അത്ഭുതപ്പെടുന്നു. ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് അനില്‍ കുംബ്ലെയെ അങ്ങേയറ്റത്തെ ആദരത്തോടെയാണ് പവാര്‍ കാണുന്നത്. രാഹുലിന്റെയും സൌരവിന്റെയും പ്രതിബദ്ധതയെ വാഴ്ത്തിപ്പറഞ്ഞ പവാറിന്റെ മനസ്സിലുള്ളത് രണ്ട് കളിയില്‍ ജയിച്ച് ലോകം കീഴടക്കിയതായി കരുതരുത് എന്നല്ലേ? ഓസ്ട്രേലിയക്കാരോട് വാക്‍പോരാട്ടം നടത്തിയതില്‍ ധോണി അഭിമാനിക്കുന്നു. അയാള്‍ക്ക് അത്ര വളര്‍ച്ചയേ ആയിട്ടുള്ളൂ. എന്നാല്‍, കുംബ്ലെയെപ്പറ്റി ഇന്ത്യന്‍ കട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അത്യാദരത്തോടെയാണ് പ്രതികരിച്ചത്. “ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് അനില്‍ കുംബ്ലെ അസാമാന്യനായിരുന്നു. കളിക്കാരെ നന്നായി പ്രചോദിപ്പിക്കാന്‍ കഴിവുള്ള കുംബ്ലെ കളിസ്ഥലത്തും വെളിയിലും കുറ്റമറ്റ പെരുമാറ്റമാണ് കാണിച്ചത്. ശരിയായ അര്‍ഥത്തില്‍ അദ്ദേഹം രാജ്യത്തിന്റെ അംബാസഡര്‍ ആയിരുന്നു. സിഡ്‌നിയിലെ വര്‍ഗീയപ്രശ്നം അദ്ദേഹം നേരിട്ട രീതി ഞങ്ങളേവരെയും അഭിമാനംകൊള്ളിക്കുകയുണ്ടായി". കളി എന്നുവച്ചാല്‍ കളിമാത്രമല്ലെന്നും കളിക്കാരന്‍ കളിക്കാരന്‍ മാത്രമല്ലെന്നും ഒരാള്‍ മനസ്സിലാക്കുമ്പോഴാണ് അയാള്‍ ശരിക്കും കളിക്കാരനാവുക. ആ നിഗൂഢമായ വസ്തുവിനെയാണ് നാം അനുഭവസമ്പത്ത് എന്നൊക്ക വിളിക്കുന്നത്.

-പ്രൊഫസര്‍. സുകുമാര്‍ അഴീക്കോട്, കടപ്പാട്: ദേശാഭിമാനി

8 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറച്ചുകാലമായി നമ്മുടെ പത്രങ്ങളില്‍ "ഞെട്ടിക്കുന്ന"വാര്‍ത്തകള്‍ അധികം കാണാറില്ല. ഇങ്ങനെതന്നെയാണോ പറയേണ്ടത്, അല്ലെങ്കില്‍,"ഇപ്പോള്‍ വാര്‍ത്തകള്‍ വായിച്ച് ആരും ഞെട്ടാറില്ല" എന്നാണോ പറയേണ്ടിയിരുന്നത് എന്ന് എനിക്ക് സംശയം ഇല്ലാതില്ല. "ഞെട്ടുക"എന്ന വാക്ക് ഇപ്പോള്‍ പ്രമാണികള്‍ വല്ലവരും പെട്ടെന്ന് കാലഗതി പ്രാപിച്ചാല്‍ അത്രതന്നെ പ്രമാണിമാരായവര്‍ പത്രങ്ങള്‍ക്കുവേണ്ടി പറയുന്ന ആചാരവാക്കായി തുലഞ്ഞുപോയിരിക്കുന്നു.

എന്നാല്‍, മാര്‍ച്ച് 20ലെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ക്രിക്കറ്റാണ് ഈ ഭൂകമ്പം സൃഷ്ടിച്ചത്. ഇടക്കാലത്ത് ക്രിക്കറ്റ് കുറെ വിജയങ്ങളോടൊപ്പം ഉണ്ടാക്കിയത് ഏറെയും വിവാദങ്ങളാണ്. ഇക്കൂട്ടത്തില്‍ എന്നെ തികച്ചും ഞെട്ടിച്ചത് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയവേദിയില്‍ പ്രതിഷ്ഠിച്ച സംഘത്തിന്റെ നായകനായ മഹേന്ദ്രസിങ് ധോണി (ധോനി?) - അദ്ദേഹത്തിന് സ്തുതി - മടങ്ങിയെത്തിയ ആദ്യമുഹൂര്‍ത്തത്തില്‍ ചെയ്തത് ദൈവപ്രീതിക്കായി ആടിനെ ബലികൊടുത്തു എന്ന വാര്‍ത്തയാണ്. അജബലി നടന്ന റാഞ്ചിയിലെ ചിന്‍മസ്തികാ ക്ഷേത്രത്തില്‍ ആടിനെ ബലിനല്‍കിയ ചടങ്ങില്‍ ധോണി സംബന്ധിക്കുകയുംചെയ്തിരുന്നു.

പ്രൊഫസര്‍ സുകുമാര്‍ അഴിക്കോട് എഴുതിയ ലേഖനം.

Mr. K# said...

മൃഗങ്ങളെ കൊല്ലുന്നതു നിരോധിക്കണം.

Anonymous said...

See Please Here

പ്രിയ said...

മ്യഗങ്ങളെ കൊള്ളുന്നത് നിരോധിച്ചാല് പിന്നെ നോണ് വെജ് തിന്നുന്നവര് ഇറച്ചി ഇമ്പോര്ട്ട് ചെയ്തു തിന്നോ? ദൈവത്തിനു അര്പ്പിക്കുന്നു എന്ന പേരില് ആടിനെയും ഒട്ടകതിനെയും ഒക്കെ അറക്കുന്നത് ഒരു മതത്തിന്റെ വിശ്വാസം തന്നെ അല്ലെ? അത് ഇല്ലാതാക്കുമോ? ഹിന്ദു മതത്തിലും അങ്ങനെ ചില ആചാരങ്ങള് ഉള്ള അമ്പലങ്ങളും ചില വിഭാഗങ്ങളും ഉണ്ട്.

പിന്നെ ധോണിയുടെ അഹങ്കാരം ഏതായാലും നമ്മുടെ ഗോപുമോന്റെ അത്രെയും വരില്ല. വരുമോ?

(ഞാന് വെജ് ഫുഡ് മാത്രമേ കഴിക്കാറുള്ളൂ. ക്രിക്കറ്റ് എന്റെ ഇഷ്ടവിഷയം അല്ല. ധോണി എനിക്ക് വീരനായകനും അല്ല. പണ്ടു സച്ചിനോടും ഗാംഗുലിയോടും ദ്രാവിടിനോടും ഒക്കെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. അതും പണ്ട് )

പ്രിയ said...

അപ്പോള് ചോദിയ്ക്കാന് വന്നത്, സുകുമാര് അഴിക്കോട് ധോണിയെ കുറിച്ചെഴുതിയ ഈ ലേഖനം പോലെ എന്തെകിലും ശ്രീശാന്തിനെ കുറിച്ചു എഴുതിയിട്ടുണ്ടോ?

കഴിഞ്ഞ ഏകദിന ലോക കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ടീം ആദ്യ റൗഡില്‍ പുറത്തായപ്പോള്‍ നാട്ടുകാര്‍ വീടിനു മുന്നില്‍ ധോണിയുടെ പ്രതീകാത്‌മകമായ ശവസംസ്‌ക്കാര ചടങ്ങുകളും, അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി കെട്ടി തൂക്കിയുമാണ് മാതാപിതാക്കളുടെ മുന്നില്‍ കലി തീര്‍ത്തത്.
അത് ക്യാമയില്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.


ധോണി ഒരു കളി തോറ്റപ്പോള് നാട്ടുകാര് കാണിച്ച ഈ സ്നേഹവായ്പ്പിനെ കുറിച്ചു എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?

അത്രെ ഒക്കെയേ ഉള്ളൂ കാര്യങ്ങള്

Mr. K# said...

ഇമ്പോര്ട്ട് ചെയ്താലും മൃഗത്തെ കൊള്ളാതെ ഇറച്ചി കിട്ടില്ലല്ലോ. ബലിക്ക് വേണ്ടി കൊള്ളുന്ന രീതിയും ഇറച്ചിക്കു വേണ്ടി കൊല്ലുന്ന രീതിയും ഏതാണ്ട് ഒരുപോലെ തന്നെ. പൂജ കഴിഞ്ഞാല് അതിന്റെ ഇറച്ചി ഉപയോഗിക്കുകയും ചെയ്യും. ഇവിടെ ആകെ വ്യത്യാസം ആടിനെ കൊന്നതിനു ശേഷം ഒരു പൂജ നടത്തുമെന്നാണ്. ആ പൂജയാണ് പ്രശ്നമെന്കില് എല്ലാ പൂജയും നിരോധിക്കുകയാണ് വേണ്ടത്.

ആടിന്റെ കഴുത്ത് പൂജാരി കടിച്ചു പറിച്ചു കൊല്ലുന്ന ആചാരം തമിഴ്നാട്ടില് ഒരിടത്ത് ഉണ്ട്. അത്തരത്തില് ക്രൂരമായി ഇഞ്ചിഞ്ചായി കൊല്ലുന്ന രീതികലെയാണ് എതിര്ക്കേണ്ടത്. കൊന്നു കഴിഞ്ഞതിനു ശേഷം ശേഷം പൂജ നടത്തുകയോ നടത്താതിരിക്കുകയോ ചെയ്താല് ആടിനെന്താണ്?
ഇതു ഡോണിയോടുള്ള അസൂയ അല്ലാതെന്താ. :-)

വര്‍ക്കേഴ്സ് ഫോറം said...

ശ്രീ.സുകുമാര്‍ അഴീക്കോടിനെപ്പോലൊരു വന്ദ്യ വയോധിക പണ്ഡിതന്‍ ക്രിക്കറ്റു കളിയും അതിലെ കളികളും വളരെ സസൂക്ഷ്മം പിന്തുടരുന്നു എന്നതും നിരോധിക്കപ്പെട്ട ആചാരങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കണ്ണും തുറന്നിരിക്കുന്നു എന്നതും ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഈ പോസ്റ്റിന്റെ പരിമിതമായ ഉദ്ദേശം. ചര്‍ച്ചകള്‍ അതിന്റെ മറ്റു വശങ്ങളിലേക്കും ചെല്ലുന്നത് സ്വാഗതാര്‍ഹം. ചര്‍ച്ചകള്‍ തുടരട്ടെ...

ശ്രീശാന്തിനെക്കുറിച്ചെഴുതുമോ അദ്ദേഹം എന്ന ചോദ്യത്തിന് തല്‍ക്കാലം കൈവശം ഉത്തരമില്ല പ്രിയേ.

ബാബുരാജ് ഭഗവതി said...

എല്ലാ ആധുനികതക്കുള്ളിലും ഒളീഞ്ഞിരിക്കുന്ന പിന്തിരിപ്പത്തമാണിത്. റോക്കറ്റ് വിടുന്നതിനും മുന്‍പ് വിഘ്നേശ്വരന് തേങ്ങ ഉടക്കുന്നതില്‍ നിന്നും വ്യത്യസ്തമല്ല ഇത്.