Monday, June 2, 2008

ഗുജറാത്തിലെ ഇരകളുടെ നേര്‍ക്കാഴ്ച

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ക്രൂരമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ. ഈ യാഥാര്‍ഥ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യമെന്ററി. യുവ എഴുത്തുകാരന്‍ നിസാംറാവുത്തര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി കലാപാനന്തരം ഗുജറാത്തിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.

മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു. സമ്പന്നര്‍ പരമ ദരിദ്രരായി. വിശാലമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ അഴുക്കുചാലുകള്‍ക്കു സമീപം രൂപംകൊണ്ട കോളനികളിലെ ഒറ്റമുറി വീടുകളിലേക്ക് മാറ്റപ്പെട്ടു. ബര്‍മതിയുടെ തീരത്തും പഞ്ച്മഖലിന്റെ വന്യതയിലും സബര്‍കന്ദയുടെ ജൈവികതയിലും ഘനീഭവിച്ചുകിടക്കുന്ന നിലവിളിയെ അതേപടി പകര്‍ത്തുകയാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂമെന്ററി എണ്ണമറ്റ ഹൃദയമിടിപ്പോടെയും നടുക്കത്തോടെയുമേ കണ്ടിരിക്കാനാവൂ. അത്ര ദയനീയമാണ് വേട്ടയാടപ്പെട്ടവരുടെ അവസ്ഥ.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കോളനികളുടെ പാര്‍ശ്വങ്ങളിലേക്ക് ഒതുക്കപ്പെടുന്ന അനാഥബാല്യങ്ങള്‍. അവരുടെ കണ്ണുകളില്‍ ഭീതിയും പ്രതികാരവും ഒന്നുപോലെ തിളയ്ക്കുന്നുണ്ട്. ഒരു ആറ് വയസ്സുകാരന്റെ ശബ്ദം നമ്മെ ഞെട്ടിച്ചുകളയുന്നു. 'മേം നരേന്ദ്രമോഡി കാ മര്‍ ഡാലുംഗ' പക്ഷേ വിധവയും രോഗിയുമായ അവന്റെ ഉമ്മ അവനെ വിലക്കുന്നു. 'നീ ഡോക്ടറോ, എന്‍ജിനിയറോ ആകുമെന്ന് പറയൂ മകനേ'.

പിന്നീടുള്ള മകന്റെ നിശ്ശബ്ദതയില്‍ എല്ലാമുണ്ട്. ഒരിക്കലും അവന് വിദ്യാഭ്യാസം കിട്ടാന്‍ സാധ്യതയില്ല. ജുഹാപുരയില്‍ വിധവള്‍ക്കായി ബിഹാറിലെ മുസ്ളിംജമാഅത്ത് കമ്മിറ്റി നിര്‍മിച്ചുകൊടുത്ത 'ഹിമാരത്തേ സരയ്യ' കോളനിയിലെ ഇടുങ്ങിയ മുറിയില്‍ അവന്റെ കൂട്ടുകാരും യൌവനം പിന്നിടുന്നു. ഇതിനിടയില്‍ അവന്‍ ശരീരം കത്തിയമരുമ്പോഴും മകനേ എന്നു വിളിച്ച ഉപ്പായെ ഓര്‍ത്തുപോയി, എതെങ്കിലും തീവ്രവാദസംഘടനയില്‍ ചേര്‍ന്നാല്‍ രാജ്യത്തിന് ഒരു തീവ്രവാദിയെക്കൂടി സംഭാവന ചെയ്തതിന്റെ ധന്യതയില്‍ മോഡിക്ക് വീണ്ടും അധികാരത്തിന്റെ ശീതളഛായയില്‍ മുഴുകാം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളും അവരുടെ നിരാലംബയായ മുഖങ്ങളും ഡോക്യുമെന്ററിയില്‍ മിന്നിമറയുമ്പോള്‍ കുട്ടികള്‍ എങ്ങനെയാണ് ജീവിതത്തെ നേരിടാന്‍ പോകുന്നതെന്ന് നമ്മെ അലോസരപ്പെടുത്തുകതന്നെ ചെയ്യുന്നു. ഗുജറാത്തിലെ കുട്ടികള്‍ ഒരു ചോദ്യചിഹ്നമാണ്. ഡല്‍ഹിയിലെയോ ഹൈദരാബാദിലെയോ അനാഥാലയങ്ങളും അഹമ്മദാബാദിലെയോ വഡോദരയിലെയോ തെരുവുകളും അവര്‍ക്ക് നല്ല സ്വപ്നങ്ങള്‍ കാണാനുള്ള ഇടങ്ങളല്ല. മറിച്ച് കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ വിധിയെ നോക്കിയാണ് അവര്‍ വളരുന്നത്.

സ്ത്രീകളുടെ സ്ഥിതിയും ഭിന്നമല്ല. ഒരു പര്‍ദ തുന്നിക്കെട്ടി ഒരായുസ്സു മുഴുവന്‍ പിന്നിടാമെന്ന് ചിന്തിച്ചുതുടങ്ങിയിരിക്കയാണ് അവര്‍. മയ്യത്തെടുക്കാനുള്ള തുണി വാങ്ങാന്‍ കാശില്ലാതെ തങ്ങളുടെ മക്കളുടെയും ഭര്‍ത്താക്കന്മാരുടെയും മൃതദേഹം ചാക്കില്‍ കെട്ടി കബറടക്കുന്നത് കണ്ടുനിന്നവരാണവര്‍. ജീവിച്ച വീട്ടില്‍നിന്ന് ഒരു പ്രഭാതത്തില്‍ എല്ലാം കത്തിയമരുന്നത് കണ്ടുനിന്നവരാണവര്‍. അല്ലെങ്കില്‍ സംഘപരിവാറിന്റെ ശരീരം തങ്ങളുടെ ഉടലുകള്‍ക്കു മേല്‍ താണ്ഡവമാടുമ്പോള്‍ വിലാപംമാത്രം പുറത്തേക്കു വിട്ട് സഹിച്ച് സഹിച്ച് ജന്മം താണ്ടുന്നവരാണവര്‍. അവരില്‍ അമ്മമാരും സഹോദരിമാരും കണ്ണീര്‍വറ്റിയ വൃദ്ധകളുമുണ്ട്. ഹേയ് ഭായി, നീ എന്നെ കാണുന്നില്ലേ, എന്റെ മകന്‍, അവന്റെ ഭാര്യ, അവരുടെ ആറ് കുട്ടികളും ഞങ്ങളുടെ വീടും എല്ലാംപോയി. ഭക്ഷണം കഴിച്ചിട്ടില്ല; വസ്ത്രമില്ല. എന്നെയും അവര്‍ക്ക് കൊന്നുകൂടായിരുന്നോ?. ഒരു വൃദ്ധയുടെ വിലാപത്തിനുമുന്നില്‍ ക്യാമറയല്ല, എന്തുതന്നെ നടുങ്ങിയാലും അതിനെ അതിശയോക്തി കലര്‍ത്തി വിവരിക്കേണ്ടതില്ല. നമ്മുടെയോക്കെ ജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന പല ചോദ്യങ്ങളും ഗുജറാത്തിലെ സ്ത്രീകള്‍ ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ നല്ല ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാന്‍ ശരീരം വില്‍ക്കുന്നതിനു പോയിരിക്കുകയാണെന്ന് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ആരെയും ചിന്തിപ്പിക്കും. ഗുജറാത്തിലെ മുസ്ളിം സ്ത്രീകള്‍ക്കു വേണ്ടത് പട്ടിണിയില്ലാത്ത ജീവിതമാണ്. സാനിയമിര്‍സയുടെ അര്‍ദ്ധനഗ്നതക്കെതിരെയും തസ്ളിമ നസ്റിന്റെ പുസ്തകത്തിനെതിരെയും കലപിലകൂട്ടുന്നവരോട് ഡോക്യൂമെന്ററി ഒന്നേ ചോദിക്കുന്നുള്ളൂ, നിങ്ങള്‍ എപ്പോഴെങ്കിലും ഗുജറാത്തില്‍ പോയിട്ടുണ്ടോ. അനാഥരായ കുട്ടികളെ സ്പര്‍ശിച്ചിട്ടുണ്ടോ? നിങ്ങള്‍ ഗുജറാത്തിലെ ഏതെങ്കിലും പുനരധിവാസ കോളനികള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ അവിടംവരെ ഒന്ന് പോവുക. അന്നേരം നിങ്ങള്‍ പറയും പട്ടിണിയും ഉടുവസ്ത്രമില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് മഹാപാപമെന്ന്.

ഇരകളെ പുനരധിവസിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിതരസംഘടനകള്‍ ഒരു തയ്യല്‍മെഷിന്‍ വാങ്ങിക്കൊടുത്തതുകൊണ്ട് ഒരു കുടുംബത്തിന്റെ മുഴുവന്‍ കഷ്ടതകളും തീരുന്നില്ല. അല്ലെങ്കില്‍ മതസൌഹാര്‍ദത്തിനായി ഒരു ബൈക്ക് റാലി നടത്തിയാല്‍ മതിയെന്ന് വിചാരിക്കുന്നു. ഇതുകൊണ്ടൊന്നും പൊടുന്നനെ ഒരു ദിവസം ഗുജറാത്തില്‍ മതസൌഹാര്‍ദം പൊട്ടിവിടരില്ലെന്നതിന്റെ സൂചകമാണ് ഇപ്പോഴത്തെ പല സംഭവങ്ങളും.

ഇടതുപക്ഷസംഘടനകളും ചില സര്‍ക്കാരിതര സംഘടനകളും ചില മുസ്ളിം സംഘടനകളുമാണ് പുനരധിവസപ്രവര്‍ത്തനങ്ങള്‍ക്കു രംഗത്തുവന്നത്. പുനരധിവാസ കോളനികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാലിത്തൊഴുത്തിനേക്കാള്‍ മോശമാണ്. അടിസ്ഥാനസൌകര്യങ്ങള്‍ ഒന്നുമില്ല. ഒരു മുറിയും ഒരു അടുക്കളയും മാത്രമുള്ള, ദുര്‍ഗന്ധവും രോഗവും കൂടപ്പിറപ്പായ കോളനികള്‍.}അവിടെ ജീവിക്കുന്നവര്‍ക്ക് ഇനി അവശേഷിക്കുന്ന ദിനങ്ങളെ നോക്കി നെടുവീര്‍പ്പിടാനേ അവകാശമുള്ളൂ. കേരളത്തിലെ മുസ്ളിംലീഗ് വച്ചുകൊടുത്ത കോളനി സിറ്റിസണ്‍നഗറിലാണ്. അഹമ്മാബാദിലെ സര്‍വമാലിന്യങ്ങളും കൊണ്ടിടുന്ന ട്രഞ്ചിങ് ഗ്രൌണ്ടിന്റെ ഓരത്ത് താമസിക്കുന്ന 30 കുടുംബങ്ങളുടെ അവസ്ഥ ഏറ്റവും ദാരുണമാണ്. മിക്ക കോളനികള്‍ക്കും വേണ്ടത്ര നിയമപരിരക്ഷപോലുമില്ല. പുറമ്പോക്കുകള്‍ എന്ന പേരില്‍ ഈ കോളനികള്‍ ഏതു നിമിഷവും ഒഴിപ്പിക്കപ്പെട്ട് ഇരകള്‍ ഇനിയും ആട്ടിയിറക്കപ്പെടാം.

ഗുജറാത്ത് കലാപകാലത്തെ മനുഷ്യത്വരഹിതമായ ചില സംഭവങ്ങള്‍കൂടി ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. കലാപദിനങ്ങളില്‍ വെട്ടും കുത്തും പൊള്ളലുമേറ്റു കിടന്നവരെ പെട്ടെന്ന് കൊല്ലാനായി ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഷം കുത്തിവച്ചതായും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നു.

കലാപാനന്തര ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറയുന്നു. കുട്ടികള്‍ക്ക് പോഷകാഹാരംപോലും നിഷേധിച്ചിരിക്കയാണെന്ന് തന്റെ അഭിമുഖത്തില്‍ വൃന്ദാ കാരാട്ട് വ്യക്തമാക്കുന്നു. ഗുജറാത്തിനെ അവഗണിച്ചുകൊണ്ട് ഒരു മനുഷ്യസ്നേഹിക്കും ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് ശബാന ആസ്മി പറയുന്നു. ടീസ്താ സെത്തില്‍വാദ്, മല്ലികാ സാരാഭായ്, സ്വാമി അഗ്നിവേഷ്, അഡ്വ. മുഹുള്‍സിന്‍ഹ, സെട്രിക് പ്രകാശ്, ഖന്‍ഷാം ഷാ, ഗഗന്‍സേത്തി, സാക്കിയ ജോഗര്‍ തുടങ്ങി ഗുജറാത്തില്‍ ഇന്നും ഇടപെട്ടുകൊണ്ടിരിക്കുന്നവരുടെ അഭിമുഖങ്ങളും അനുഭവങ്ങളും കൂടിച്ചേര്‍ന്നതാണ് ഡോക്യുമെന്ററി.

*

ഒരു വ്യക്തിപരമായ അനുഭവത്തില്‍നിന്നാണ് നിസാംറാവുത്തര്‍ എന്ന യുവാവ് ഗുജറാത്തിലേക്കു വണ്ടി കയറുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്കുമുമ്പ് തന്റെ വീട്ടില്‍ ഭിക്ഷാടനത്തിനു വന്ന ഒരു പരദേശി ഫക്കീറിന്റെ ജീവിതം ഈ യുവാവിനെ വല്ലാതെ പിടിച്ചുലച്ചു. ഫക്കീര്‍ ഗുജറാത്തില്‍ ഒരു തുണിമില്‍ വ്യവസായിയായിരുന്നു. കലാപത്തില്‍ തന്റെ തുണിമില്‍ ചുട്ടെരിച്ചു. ഉമ്മയും ഭാര്യയും നാല് മക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട അയാള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഹൈദരാബാദിലും തമിഴ്നാട്ടിലും മറ്റും ഭിക്ഷയെടുത്ത് ജീവിച്ചു. അയാള്‍ കേരളത്തിലും എത്തിപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ നിസാമിനെ പ്രേരിപ്പിച്ചത്.

ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു. തെരഞ്ഞുെടുപ്പു സമയത്ത് നാല് ആഴ്ചയോളം നിസാം ഗുജറാത്തിലെ കോളനികളിലൂടെ സഞ്ചരിച്ച്, ഇരകളെ തേടി നടന്നു. രണ്ടു തവണ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഈ യുവാവിന്റെ നിശ്ചയദാര്‍ഢ്യമാണ് പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യുമെന്ററിയായി പറുത്തുവരുന്നത്. അതിന് ആലുവക്കാരന്‍ മുഹമ്മദ് കെ മക്കാറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹമാണ് ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവ്. എന്തുകൊണ്ട് ഗുജറാത്ത് എന്ന ചോദ്യത്തിന് നിസാമിന്റെ പക്കല്‍ ഒരേയൊരു മറുപടിയേ ഉള്ളൂ, മനുഷ്യനായതുകൊണ്ടുമാത്രം.

ഏറെ പുതുമകളോടെയാണ് ചിത്രീകരണം. ജീവിച്ചിരിക്കുന്ന ഇരകളുടെ അനുഭവസാക്ഷ്യത്തിലൂടെയാണ് ഡോക്യുമെന്ററി വികാസം പ്രാപിക്കുന്നത്. ഒരു ഘട്ടത്തിലും സംവിധായകന്റെ ഇടപെടലില്ല. എല്ലാം ഇരകള്‍തന്നെ വിവരിക്കുന്നു. ഗുജറാത്തിലെ ഇരകള്‍ക്ക് കേരളത്തില്‍നിന്നുള്ള ഐക്യദാര്‍ഢ്യമാണ് ഈ ഡോക്യുമെന്ററിയെന്ന് സംവിധായകന്‍ പറയുന്നു. ഒരുപക്ഷേ നമ്മുടെ കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയും ഗുജറാത്താണ്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഇരകള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന ആകാംക്ഷയുമുണ്ട്. ഗുജറാത്ത്: പോസ്റ്റ് പ്രൊഡക്ഷന്‍ എന്‍ഡിടിവി സപ്രേഷണം ചെയ്യും. കൂടാതെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഇംഗ്ളീഷ്, മലയാളം സബ്‌ടൈറ്റിലുകളിലൂടെ സിഡിയും പുറത്തിറക്കുന്നു.

അമല്‍, കടപ്പാട്: ദേശാഭിമാനി ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി ഹിന്ദു

അധിക വായനയ്ക്ക്

കൌണ്ടര്‍ കറണ്ട്സിലെ ഗുജറാത്ത് പേജ്

India: Five years after 2002 Gujarat pogrom

Five years after Godhra and the pogrom

Amnesty Report

Five Years After Godhra And The Gujarat Pogrom

7 comments:

വര്‍ക്കേഴ്സ് ഫോറം said...

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ ക്രൂരമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ. ഈ യാഥാര്‍ഥ്യത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഗുജറാത്ത്-പോസ്റ്റ് പ്രൊഡക്ഷന്‍ എന്ന ഡോക്യമെന്ററി. യുവ എഴുത്തുകാരന്‍ നിസാംറാവുത്തര്‍ സംവിധാനംചെയ്ത ഡോക്യുമെന്ററി കലാപാനന്തരം ഗുജറാത്തിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയിലേക്കുള്ള നേര്‍ക്കാഴ്ചയാണ്.....

Joker said...

ഒരുപാട് ഒരുപട് നന്ദി.ഈ ലേഖനത്തിന്.ഈ നിസ്സഹായത മനസ്സില്‍ മുറിവുണര്‍ത്തുന്നു.

Anonymous said...

ഈ ഡോക്യമെന്ററിയുടെ CD വാങ്ങാന്‍ കിട്ടുമോ?

Anonymous said...

ആയിരങ്ങള്‍ ദുരിതം ചവച്ച്,ജീവിക്കുമ്പോള്‍ അവരെക്കുറിച്ചു ചോദിക്കുന്നതില്‍ ശരിയില്ല എങ്കിലും ചോദിച്ചു പോവുകയാണ് മരണം മാത്രം അര്‍ഹിച്ചിരുന്നവരായിരുന്നോ അവരും, അന്നു തീവണ്ടിയില്‍ കരിഞ്ഞുതീര്‍ന്നവര്‍?

മരണത്തിലും,രക്തത്തിലും,വേദനയിലും,ദുരിതങ്ങളിലും മാത്രമാണു ലോകത്തു സമത്വം നിലനില്‍ക്കുന്നത്.എന്നിട്ടും ഇരകളാക്കപ്പെട്ടവരില്‍ ഉണ്ടായിരുന്ന അവരുടെ കുടുംബങ്ങള്‍ക്കുനേരെ എന്നെങ്കിലും ഏതെങ്കിലും ക്യാമറചലിക്കുമോ? മരണം കൊണ്ടു മരണം വിതച്ചവരെന്ന്, മരിച്ചിട്ടും വെറുക്കപ്പെട്ടവരായി തുടരേണ്ടി വരിക എന്നതിനെ എന്തിനോടെങ്കിലും ഉപമിക്കാന്‍ പോലുമാകുമോ?
ഇതുകൊണ്ടൊന്നും നിലവിലുള്ള നീതികേടിനെ ന്യായീകരിക്കാനാവില്ലെങ്കിലും അറിയാതെ വന്നു പോവുകയാണ്.ഇങ്ങു മലയാളനാട്ടില്‍ അയല്പക്കത്തുനിന്നു വീടരു വിരുന്നു പോയപ്പോള്‍ അയല്‍ക്കാര്‍ അറിഞ്ഞില്ല തങ്ങളുടെ വൈധവ്യം കാണാന്‍ തിരിച്ചുവരാനാണവര്‍ പോകുന്നതെന്ന്,അവിടേയും കേട്ടത് ഇതായിരുന്നു കുടിയൊഴിപ്പിക്കപ്പെടുന്നവരെക്കുറിച്ചു മാത്രം.
കര്‍ണ്ണാടകയിലെ കാവി വരുന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കലരാതിരിക്കാന്‍ രാഷ്ട്രീയക്കരന്‍ കെട്ടിപ്പൊക്കുന്ന ചിറ്യ്ക്കൊരു കല്ല് എന്നതിനപ്പുറം ഈ ഡോക്യുമെന്ററിയ്ക്ക് ജന്മനാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട അവര്‍ക്കു വേണ്‍ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിക്കുന്നു.

art director said...

"ഗുജറാത്തിലേക്കു പോകുന്നത് അത്ര സുരക്ഷിതമല്ലെന്ന് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഉപദേശിച്ചെങ്കിലും എന്തും വരട്ടെയെന്നു കരുതി അയാള്‍ പോകാന്‍തന്നെ തീരുമാനിച്ചു."

- എന്നു പറയുന്നതിലെ വിഡ്ഢിത്തം ശ്രദ്ധിക്കുക. നിയമ വാഴ്ച നില നില്ക്കുന്ന ഒരു സംസ്ഥാന ത്തേയ്ക്ക് ഇദ്ദേഹം എന്താണ് , നടത്തിയത് സാഹസിക യാത്രയായിരുന്നോ?

"മുസ്ളിം ജനസംഖ്യയുടെ 75 ശതമാനവും പട്ടണങ്ങളില്‍നിന്ന് കോളനി എന്ന പൊരുത്തക്കേടിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടു."

ഇത് എവിടത്തെ കണക്ക് ? ആര് തന്ന കണക്ക് ?
കുക്ക് അപ് ചെയ്യാൻ ഉള്ള എലമെന്റ്സ് എവിടെ ചെന്നാലും കിട്ടും. കേരളത്തിലെ മുസ്ലീങ്ങളെ ധരിപ്പിക്കുന്നത് പോലെ കുറേപ്പേരെ എവിടെയും കിട്ടും. കാരണം കലാപം നടന്നു എന്നത് സത്യം തന്നെയാണല്ലോ. അത് മോഡി സൃഷ്ടിച്ചു എന്ന വങ്കത്തത്തെയാണു നമ്മൾ എതിർക്കുന്നത്.

ഏതായാലും ഈ വിഷയം ഉയർത്തിപ്പിടിച്ച് ഒരു ഡോക്യുമെന്റരി എടുക്കാൻ പ്രോ പ്രൊഡ്യൂസറായി ഏതു മക്കാറിനെയും കിട്ടും. -സാലിഹ് റാവുത്തർ,

ബഷീർ said...

മുഖമില്ലാത്തവർ ഇങ്ങിനെ തെളിവില്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കും. ട്രെയിനിൽ നടന്നതും ഒരു സംഘപരിവാർ നാടകമായിരുന്നല്ലോ..

ബഷീർ said...
This comment has been removed by the author.