Tuesday, July 1, 2008

പാദപൂജ

വരുവിന്‍, വാങ്ങുവിന്‍,ആനന്ദിപ്പിന്‍..

മുക്തിദായിനി, മോക്ഷപ്രദായിനി, സര്‍വാഭീഷ്ടസാധിനി..

ഇതാ എല്ലാ സ്വാമിമാരും ഒരേ വേദിയില്‍.

സങ്കടപ്പെടുന്നവരേ കടന്നുവരുവിന്‍..

ആലംബഹീനരേ കടന്നുവരുവിന്‍..

അവശന്മാരേ കടന്നുവരുവിന്‍..

സംസാരസാഗരം നീന്തിക്കടക്കാനാവാതെ കൈകാല്‍ കുഴയുന്നവരേ.. കടന്നുവരുവിന്‍.

ഇതാ,ഐഹികസുഖങ്ങള്‍ ത്യജിച്ച്, തപശ്ശക്തിയിലൂടെ ഇന്ദ്രിയമോഹങ്ങളെ കീഴ്പ്പെടുത്തിയ സര്‍വസംഗപരിത്യാഗികള്‍ നിങ്ങളെ കാത്തിരിക്കുന്നു.

വരൂ,വണങ്ങൂ, കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങൂ.

വിലക്കയറ്റം പ്രമാണിച്ചുള്ള പ്രത്യേക വില്‍പനയാണിത്. ഒരാഴ്ച മാത്രം.

അനുഗ്രഹം വാങ്ങുന്നവരുടെ നമ്പറുകള്‍ നറുക്കിട്ടെടുത്ത് വിജയികള്‍ക്ക് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍.

ഇതാ ഓരോരുത്തരെയായി പരിചയപ്പെടൂ.

ഇത് ഭൂഗോളപര്യവേഷാനന്ദ സ്വാമികള്‍.

ഇഹലോകം മടുത്തവര്‍ക്ക് മറുലോകം കാണിച്ചുകൊടുക്കുന്നതില്‍ വിദഗ്ദ്ധന്‍. വിദേശ യാത്രകളാണ് സ്വാമികള്‍ കൈകാര്യം ചെയ്യുന്നത്. യൂറോപ്യന്‍ യാത്രക്ക് വേണ്ട എല്ലാ സൌകര്യവും സ്വാമികള്‍ ചെയ്തുതരും. താമസിക്കേണ്ട ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു തരും.

ദൈനംദിന ജീവിതത്തിന്റെ വിരസത അകറ്റൂ... പുണ്യം നേടൂ.

വിസയും പാസ്പോര്‍ടും ഏതു സമയത്തും റെഡി.

ആപ്ലിക്കേഷനില്ല, എന്‍ക്വയറിയില്ല, പാസ്പോര്‍ട് ഓഫീസില്ല.അതെല്ലാം മായ.

ആവശ്യക്കാര്‍ തിരുവടികളെ കണ്ടാല്‍ മതി, ശൂന്യാകാശത്തു നിന്ന് എല്ലാ രേഖകളും കൈയില്‍ തരും!

ഹിമവല്‍സാനുക്കളിലെ കഠിനശൈത്യത്തില്‍ രണ്ടു പതിറ്റാണ്ട് ഒറ്റക്കാലില്‍ തപസ്സുചെയ്ത് നേടിയ അത്ഭുത സിദ്ധിയാണ് ഇത്.

മുന്‍കൂര്‍ പണം അടയ്ക്കേണ്ട. ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ എത്തിയ ശേഷം മതി ദക്ഷിണ.

യൂറോപ്യന്‍ വിസ ചോദിക്കുന്നവര്‍ക്ക് ഒരു ഗള്‍ഫ് വിസ സൌജന്യം.

ഈ ആനുകൂല്യം അടുത്ത ഷഷ്ടി വരെ മാത്രം.

ഈ അവസരം പ്രയോജനപ്പെടുത്തൂ. സ്വാമി പാദങ്ങളില്‍ അഭയം തേടൂ.

വിലാസം:

ഭൂഗോളപര്യവേഷാനന്ദന്‍,
യാത്രാതീരം,
പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു മുകള്‍വശം.

ഇതാ മറ്റൊരു സ്വാമികള്‍.

ശ്രീമദ് റിക്രൂട്പരമപാദര്‍.

വിദേശത്തൊരു ജോലി തരപ്പെടുത്താന്‍ ശ്രീമദ് റിക്രൂട്പരമപാദര്‍ സമക്ഷം വീഴൂ. ആ ചേവടികള്‍ തൊട്ടു വന്ദിച്ചാല്‍ അടുത്ത ഫ്ലൈറ്റില്‍ നിങ്ങള്‍ ഗള്‍ഫിലാണ്.

കള്ളമല്ല, കണ്‍കെട്ടല്ല.

പതിന്നാല് സംവല്‍സരം ഘോര വനാന്തരങ്ങളില്‍ കാട്ടു പഴങ്ങളും കാട്ടുചോലയിലെ വെള്ളവും മാത്രം കഴിച്ച് നേടിയ അത്ഭുത സിദ്ധിയാണിത്.

വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ കിട്ടാതെ അലയുന്ന എത്രപേര്‍! കുടുംബത്തിന് താങ്ങും തണലുമാകുമെന്ന് കരുതി ഉള്ളതെല്ലാം വിറ്റ്, പഠിച്ച് പാസായ ശേഷം തൊഴില്‍ കിട്ടാതെ,കടം വന്ന് പെരുകി, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ദരിദ്രലക്ഷങ്ങളേ, നിങ്ങളുടെ മുറിവുകളിലെ ലേപനമാണ് ശ്രീമദ് റിക്രൂട്പരമപാദര്‍.

ആ പാദങ്ങളില്‍ ഒരു കുടന്ന പൂക്കള്‍ സമര്‍പ്പിക്കൂ..ജീവിതം ധന്യമാക്കൂ..

സ്ത്രീകള്‍ക്ക് മുന്‍ഗണന.

പരസഹായമില്ലാതെ ആശ്രമത്തില്‍ വരാം.

പാതിരാത്രിയാണ് പറ്റിയ സമയം.

തെറ്റിദ്ധരിക്കരുത്.

സര്‍വ ചരാചരങ്ങളും നിദ്രയിലാണ്ട ആ സമയമാണ് ഏകാന്തധ്യാനത്തിന് ഉചിതം.

അത്രമാത്രം.

സന്ദേഹമരുത്.

വിശ്വാസമാണ് ബലം.

സ്വാമി പാദങ്ങളില്‍ ആശ്രയം കണ്ടെത്തിയ എത്രയോ പേര്‍ ഇന്ന് പരാശ്രയമില്ലാതെ ഉയര്‍ന്നുയര്‍ന്ന് പോകുന്നു.

ഉയര്‍ന്ന ശമ്പളവും താമസ സൌകര്യവും ഉറപ്പ്. പണം ഒരു പ്രശ്നമേയല്ല. ഭൌതികസുഖങ്ങള്‍ വെടിഞ്ഞവര്‍ക്ക് എന്ത് പണം?

ആദ്യ ശമ്പളം കിട്ടിയ ശേഷം മതി ദക്ഷിണ.

തല ചായ്ക്കാനിടമില്ലാത്തവരേ..നിങ്ങളെ അനുഗ്രഹിക്കാനായി ഇതാ ഭൂസര്‍വേചക്രാനന്ദന്‍.

ഒരു തുണ്ടു ഭൂമിയും അതിലൊരു കൂരയും കൊതിക്കുന്നവരേ, നിങ്ങളുടെ ആഗ്രഹപൂര്‍ത്തിക്കായി അവതാരമെടുത്ത ദിവ്യജ്യോതിസ്സാണ് ശ്രീഭൂസര്‍വേചക്രാനന്ദന്‍. വെറും കൈയോടെ ജനിക്കുകയും വെറുംകൈയോടെ മരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ആര്‍ത്തി പൂണ്ട് എന്തെല്ലാം പരാക്രമങ്ങള്‍ കാണിക്കുന്നു!

സ്ഥാനത്തോട് ആര്‍ത്തി; ധനത്തോട് ആര്‍ത്തി; ആര്‍ത്തി മൂത്ത് എല്ലാം മറക്കുന്നു, എല്ലാം. സ്വന്തം, ബന്ധം, മനുഷ്യത്വം..എല്ലാം.

മോഹനിദ്രയില്‍ കിടക്കുന്ന മനുഷ്യന് മോചനം നല്‍കാന്‍ വന്ന ധര്‍മിഷ്ടനാണ് ശ്രീഭൂസര്‍വേചക്രാനന്ദന്‍.

ഭൂമിയുള്ളവര്‍ അത് ആ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കൂ. അദ്ദേഹം അത് സന്തോഷപൂര്‍വം സ്വീകരിക്കും.

ഭൂമി വേണ്ടവര്‍ ആ മഹനീയ തേജസ്സിനു മുന്നില്‍ കൈകൂപ്പൂ.

ഒരു കൈകൊണ്ട് വാങ്ങുകയും മറുകൈകൊണ്ട് കൊടുക്കുകയും ചെയ്യുന്ന മഹാത്മാവാണ് അദ്ദേഹം.

ആധാരം വേണ്ട; മുന്നാധാരം വേണ്ട; പോക്കുവരവ് വേണ്ട; കരമടച്ച റസീറ്റ് വേണ്ട; വില്ലേജോഫീസ് വേണ്ട; രജിസ്ട്രാര്‍ ഓഫീസ് വേണ്ട. അതൊക്കെ ഭൌതികസുഖങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ കെട്ടിപ്പൊക്കിയ മായക്കാഴ്ചകള്‍.

ശ്രീഭൂസര്‍വേചക്രാനന്ദന്‍ വെറുതെ ആകാശത്തേക്ക് കൈയുയര്‍ത്തിയാല്‍ മതി ആവശ്യക്കാര്‍ക്കുള്ള ആധാരം ഉള്ളംകൈയിലെത്തും. കൈലാസപര്‍വതത്തിലെ ദേവതാരുവിന്റെ കൊമ്പില്‍ പതിറ്റാണ്ടോളം തലകീഴായി തൂങ്ങിക്കിടന്ന് അനുഷ്ഠിച്ച തപസ്സിന്റെ ഫലം.

ഈ തപശ്ശക്തി എത്രയോ പേര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടിരിക്കുന്നു.

ശ്രീഭൂസര്‍വേചക്രാനന്ദന്‍ എപ്പോഴും ദര്‍ശനം തരില്ല.സമയക്കുറവുണ്ട്. ഭക്തന്മാര്‍ക്ക് വെബ്‌സൈറ്റ് വഴി അനുഗ്രഹം തേടാം.

ഓം വെബ്‌സൈറ്റാഃ നമഃ.

രോഗപീഡകളില്‍ വലയുന്നവരേ.. നിങ്ങളെ അരോഗദൃഢാനന്ദന്‍ കാത്തിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് കീഴ്പ്പെടുത്താനാവാത്ത എത്രയോ അസുഖങ്ങള്‍ അരോഗദൃഢാനന്ദന്‍ വെറും ദര്‍ശനം കൊണ്ടുമാത്രം ഭേദപ്പെടുത്തിയിരിക്കുന്നു.

സ്കാനിങ് വേണ്ട; എന്‍ഡോസ്കോപ്പി വേണ്ട; ഓപ്പറേഷന്‍ വേണ്ട; എന്തിന് മരുന്നു പോലും വേണ്ട. വെറും ദര്‍ശനവും സ്പര്‍ശനവും കൊണ്ട് സമസ്ത രോഗവും സംഹരിക്കുന്നു.ദഹനക്കേട്, പുളിച്ചുതികട്ടല്‍, വലിവ്, വരട്ടുചൊറി മുതല്‍ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ലാത്ത മാരകരോഗങ്ങള്‍ വരെ അരോഗദൃഢാനന്ദന്‍ നിശ്ശേഷം സുഖപ്പെടുത്തും.രോഗാണുക്കള്‍ പമ്പ കടക്കും; രോഗി എഴുന്നേറ്റോടും.

സന്തതികളില്ലാതെ സങ്കടപ്പെടുന്ന ദമ്പതികളോടാണ് കൂടുതല്‍ സഹതാപം.

സദാ സമയവും ദര്‍ശനത്തിന് തയാറാണ്. ത്രിവേണിസംഗമത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ കാല്‍നൂറ്റാണ്ടോളം തപസ്സനുഷ്ഠിച്ച് നേടിയ അത്ഭുത സിദ്ധിയാണിത്.

മുന്‍കൂര്‍ ചീട്ട് വേണ്ട. ഒ പി യി ല്‍ കാണാം.

അരോഗദൃഢാനന്ദനെക്കാണൂ, മഹാരോഗങ്ങളെ അകറ്റൂ.

ഇനിയുമുണ്ട് ഭക്തജനങ്ങളേ, സ്വാമിമാര്‍. പത്തു രൂപകൊടുത്താല്‍ നൂറു രൂപയാക്കിത്തരുന്ന പരമദയാനന്ദന്‍. മുക്കുപണ്ടം സ്വര്‍ണമാക്കിത്തരുന്ന ലോഹപാദന്‍, പല്ലിനും കണ്ണിനും നഖങ്ങള്‍ക്കും അഴക് പകരുന്ന നഖശിഖാനന്ദന്‍, തൊട്ടതെല്ലാം പൊന്നാക്കുന്ന പൊന്നേന്ദ്രിയ സ്വാമി, ഇഷ്ടമംഗല്യപ്രാപ്തിക്ക് സുമംഗലദ്വിജേന്ദ്രന്‍... ഇങ്ങനെ എത്രയോ. എത്രയോ പേര്‍. ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും സാന്ത്വനവുമായി എത്തുന്ന സര്‍വസംഗപരിത്യാഗികള്‍.

മടിച്ചു നില്‍ക്കാതെ കടന്നുവരൂ. ജീവിതം ക്ഷണികമാണ്.. അത് തുലയ്ക്കാതിരിക്കൂ.. പ്ലീസ്.

*
ശ്രീ എം എം പൌലോസ്
, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അവശന്മാരേ കടന്നുവരുവിന്‍..

സംസാരസാഗരം നീന്തിക്കടക്കാനാവാതെ കൈകാല്‍ കുഴയുന്നവരേ.. കടന്നുവരുവിന്‍.

ഇതാ,ഐഹികസുഖങ്ങള്‍ ത്യജിച്ച്, തപശ്ശക്തിയിലൂടെ ഇന്ദ്രിയമോഹങ്ങളെ കീഴ്പ്പെടുത്തിയ സര്‍വസംഗപരിത്യാഗികള്‍ നിങ്ങളെ കാത്തിരിക്കുന്നു.

വരൂ,വണങ്ങൂ, കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങൂ.

ശ്രീ. എം.എം.പൌലോസിന്റെ നര്‍മ്മഭാവന.

വിലക്കയറ്റം പ്രമാണിച്ചുള്ള പ്രത്യേക വില്‍പനയാണിത്. ഒരാഴ്ച മാത്രം.

അനുഗ്രഹം വാങ്ങുന്നവരുടെ നമ്പറുകള്‍ നറുക്കിട്ടെടുത്ത് വിജയികള്‍ക്ക് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍.

Baiju Elikkattoor said...

ഹൊ! എന്തൊരു മത നിന്ദയും ഈശ്വര നിഷേധവും..................!