Sunday, January 25, 2009

മാറുന്ന സിനിമയുടെ മുഖം തേടുമ്പോള്‍

ഓരോ ദിവസവും രണ്ടരക്കോടി ആളുകള്‍ വീതം സിനിമാ, തീയറ്ററുകളിലേക്ക് ഇരമ്പിക്കയറുന്ന ഒരേ ഒരു രാജ്യമേ ഈ ഭൂഗോളത്തിലുള്ളൂ. അതാണ് ഇന്‍ഡ്യ! ലോകത്ത് ഏറ്റവും കൂടുല്‍ സിനിമകള്‍ ഉണ്ടാകുന്നതും ഇന്ത്യയില്‍ തന്നെ. 2007 ല്‍ 1146 ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. 360 കോടി സിനിമാടിക്കറ്റുകളാണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമയുടെ വിപണിയ്‌ക്ക് ഒരു വര്‍ഷം വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏതാണ്ട് 100 കോടി സിനിമാടിക്കറ്റുകള്‍ അധികമായി ഇന്ത്യന്‍ തീയറ്ററുകളിലൂടെ വില്‍ക്കപ്പെടുന്നു. 18% വാര്‍ഷികവളര്‍ച്ചാനിരക്ക് കൈവരിച്ചുകൊണ്ട് ഇന്ന് 8500 കോടി രൂപ മൂല്യമുള്ള ഒരു വിപണിയാണ് പ്രാദേശിക ഭാഷാചിത്രങ്ങളടങ്ങുന്ന ഇന്ത്യന്‍ സിനിമ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ഈ വമ്പിച്ച വിപണി മൂല്യമാണ് സിനിമയുടെ ലോകത്തേയ്‌ക്കുള്ള കോര്‍പറേറ്റുകളുടെ ഇന്നുകാണുന്ന തള്ളിക്കയറ്റത്തിന് കാരണം.

നമ്മുടെ ചലച്ചിത്രവിപണിയുടെ അപാരമായ സാധ്യത മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാരഹണമാണ് ഈ നവംബര്‍ 7 ന് റിലീസ് ചെയ്‌ത ജയിംസ് ബോണ്ട് ചിത്രമായ'ക്വാണ്ടം ഓഫ് സോലസ് '. 600 പ്രിന്റുകളുമായി ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഈ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം ലക്ഷ്യം വയ്‌ക്കുന്ന വരുമാനം 50 കോടി രൂപയാണ്. ഇതിനുമുമ്പ് പുറത്തിറങ്ങിയ ബോണ്ട് ചിത്രമായ 'കാസിനോ റോയലെ' 44.7 കോടിയുടെ ബിസിനസ് ചെയ്‌തു എന്നുപറയുമ്പോള്‍ 50 കോടി നേടുകയെന്നത് 'ക്വാണ്ടം ഓഫ് സോലസിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമാകില്ല.' പണം വാരലിന്റെ ഈ ഒരു സാധ്യതയാണ് സിനിമയിലേക്ക് കോര്‍പറേറ്റുകളെ ആകര്‍ഷിക്കുന്നത്. അസോച്ചം, ഡെലോയിറ്റ് എന്നിവ സംയുക്തമായി നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യന്‍ സിനിമ വരുന്ന മൂന്ന് വര്‍ഷം കൊണ്ട് 19000 കോടി ടേണ്‍ഓവര്‍ നേടിയെടുക്കുമെന്നാണ്.

ഈയൊരു മുന്നേറ്റത്തെ കണ്ടുകൊണ്ടാണ് ഭീമന്‍ പണസഞ്ചികളുമായി പഴയ നിര്‍മ്മാതാക്കളുടെ സ്ഥാനത്ത് കോര്‍പറേറ്റുകള്‍ എത്തുന്നത്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ സിനിമയുടെ നിരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഐസിഐസിഐ ബാങ്ക് ഫണ്ട് ചെയ്‌തിട്ടുള്ള സിനിമക്യാപിറ്റല്‍ വെഞ്ച്വര്‍ ഫണ്ട് വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയാണ് ചലച്ചിത്രനിര്‍മ്മാണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കാന്‍ പോകുന്നത്. റാന്‍ബാൿസി പ്രമോട്ട് ചെയ്യുന്ന വിസ്‌റ്റാര്‍ റെലിഗയര്‍ ഫിലിം ഫണ്ടാകട്ടെ 200കോടി രൂപയാണ് സിനിമയില്‍ മുതല്‍മുടക്കാന്‍ പോകുന്നത്. ഇതിനോടകം സിനിമാനിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നീ രംഗങ്ങളില്‍ സ്ഥാനമുറപ്പിച്ച പിരമിഡ് സായ്‌മിറ 400 കോടിയുടെ ഒരു പുതിയ ഫണ്ടിന് രൂപം നൽ‌കിക്കഴിഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് എ ഡി എ ഗ്രൂപ്പ് 2010 ന് മുമ്പായി ഒമ്പത് ഭാഷകളിലായി 70 സിനിമകളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

ട്വന്റിയത്ത് സെഞ്ച്വറി ഫോൿസിന്റേയും റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്‌റ്റാറിന്റേയും സംയുക്തസംരംഭമായ ഫോൿസ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ് ഇന്ത്യന്‍ സിനിമയിലേക്ക് പ്രവേശിക്കുകയാണ്. നമസ്‌തേ ലണ്ടന്‍, സിങ്ങ് ഇസ് കിങ്ങ് തുടങ്ങിയ ചിത്രങ്ങളെടുത്ത വിപുല്‍ ഷായുമായി പുതിയ രണ്ട് ചിത്രങ്ങളുടെ കരാര്‍ ഇതിനോടകം ഫോൿസ് സ്‌റ്റാര്‍ ഒപ്പിട്ടുകഴിഞ്ഞു. സോണിയും ഡിസ്‌നിയുമൊക്കെ ഇതിനുമുമ്പായി തന്നെ ഇന്ത്യന്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഡിസ്‌നിയാകട്ടെ യാഷ്‌രാജ് ഫിലിംസുമായി ചേര്‍ന്നുകൊണ്ടു അനിമേഷന്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മ്മാണ കമ്പനിയായ വാര്‍നര്‍ ബ്രദേഴ്‌സ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഹാരിപോട്ടര്‍, മെട്രിൿസ്, സൂപ്പര്‍മാന്‍ തുടങ്ങിയ ലോകോത്തരചിത്രങ്ങള്‍ അവതരിപ്പിച്ച വാര്‍നര്‍ ബ്രദേഴ്‌സ് സംവിധായകരുടേയും നിര്‍മ്മാണ കമ്പനികളുടേയും കൈയൊപ്പ് തങ്ങളുടെ കരാറില്‍ പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലും വാര്‍നര്‍ ബ്രദേഴ്‌സിന്റെ സിനിമകളുടെ കടന്നുവരവിന് ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല.

സിനിമയുടെ നിര്‍മ്മാണം, വിതരണം, പ്രദര്‍ശനം എന്നീ ഘടകങ്ങളെ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കുക എന്ന തന്ത്രമാണ് വമ്പന്‍ കോര്‍പ്പറേറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. Vertical integration എന്ന ബിസിനസ് ഭാഷയില്‍ പറയുന്ന ഈ അഭ്യാസത്തിലൂടെ സിനിമയുടെ സൃഷ്‌ടിയും സ്ഥിതിയും കോര്‍പറേറ്റുകളുടെ കയ്യിലാകുകസ്വഭാവികം മാത്രം. ഉദാഹരണത്തിന് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഹിന്ദുസിനിമകളുടെ 70 ശതമാനത്തിലധികവും അനില്‍ അംബാനിയുടെ ആസ്‌ലാബ്‌സിലാണ് പ്രോസസ് ചെയ്യപ്പെടുന്നത്. ആസ്‌ലാബ്‌സിന്റെ സഹോദരസ്ഥാപനമായ റിലയന്‍സ് ബിഗ് എന്റര്‍ടെയിന്‍മെന്റ് നിര്‍വ്വഹണ വിതരണരംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. പുതിയ മള്‍ട്ടിപ്ളെക്സ് തരംഗത്തിന്റ മുന്‍നിരയില്‍ നില്‍ക്കുന്ന റിലയന്‍സ് പ്രദര്‍ശനശാലകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പിരമിഡ് സായ്‌മിറയാകട്ടെ തമിഴ് തെലുങ്ക് കന്നഡ മലയാള സിനിമകളുടെ നിര്‍മ്മാണ വിതരണരംഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 650 ലധികം പ്രദര്‍ശനശാലകളുടെ നെറ്റ്വര്‍ക്ക് സൃഷ്‌ടിച്ചിട്ടുള്ള സായ്‌മിറയ്ക്ക് 4,30,000 തീയറ്റര്‍ സീറ്റുകള്‍ രാജ്യത്തൊട്ടാകെയുണ്ട്.

സിനിമയെ ഒരു വ്യവസായമായി കണ്ടുകൊണ്ട് കടന്നുവരുന്ന നിക്ഷേപങ്ങളോട് എതിരഭിപ്രായം ഉള്ളവര്‍ വിരളമായിരിക്കും. പക്ഷെ സിനിമയുടെ കുത്തകവത്ക്കരണത്തിലേക്ക് ഇത് എത്തിച്ചേരുമോ എന്ന ആശങ്കയാണ് സിനിമാസ്വാദകരെയും സിനമാപ്രവര്‍ത്തകരെയും അലട്ടുന്നത്. വ്യക്തിഗത സിനിമാസംരംഭകര്‍ക്ക് സിനിമയെടുക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുന്ന ഒരു സ്ഥിതി ആശാസ്യമല്ല. ചടുലമായും വിജയകരമായും പ്രവര്‍ത്തിക്കുന്ന സംവിധായകര്‍, താരങ്ങള്‍, മറ്റ് ടെൿനീഷ്യന്മാര്‍, എന്നിവരുമായി വന്‍കിട കമ്പനികള്‍ കരാറിലേര്‍പ്പെടുകയാണ്. അമ്പരിപ്പിക്കുന്ന പ്രതിഫലമാണ് ഈ അവസരത്തില്‍ അവര്‍ക്കുമുമ്പില്‍ വച്ചുനീട്ടപ്പെടുന്നത്. അത്തരം ഓഫറുകളെ നിരാകരിക്കാനും നിഷേധിക്കാനും സിനിമയെ ജീവനോപാധിയായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ല. ആകര്‍ഷകമായ പ്രതിഫലത്തിനൊപ്പം കൃത്യമായ ഷെഡ്യൂളുകളും കോര്‍പറേറ്റ് സിനിമാസംരംഭങ്ങളുടെ പ്രത്യേകതയാണ്. വിജയപ്രതീക്ഷയുള്ള ഒരു ചിത്രത്തിന് വേണ്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകേണ്ടി വരുന്ന തീയറ്ററുകളും കൂടിയാകുമ്പോള്‍ വ്യക്തിഗത സിനിമാസംരംഭങ്ങള്‍ക്ക് പിന്നോട്ടടി നേരിടേണ്ടി വരും.

സിനിമയോടുള്ള അഗാധമായ പ്രണയം കൊണ്ട് മാത്രം പടം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു നമ്മുടെ ഫിലിംമേക്കര്‍മാരിലും പ്രൊഡ്യൂസര്‍മാരിലും ഏറെയും. ലാഭമെന്നത് ചിന്തിച്ചിട്ടുപോലുമില്ലാത്ത ഒട്ടനവധി പേര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. ഭാരതം കണ്ട ഏറ്റവും മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റേ തന്റെ വിശ്വോത്തരസൃഷ്‌ടിയായ പഥേര്‍ പാഞ്ചാലി സൃഷ്‌ടിക്കാനെടുത്തത് നീണ്ട മൂന്നു വര്‍ഷങ്ങളായിരുന്നു. പണമില്ല എന്നതായിരുന്നു പ്രശ്‌നം. പക്ഷെ പണത്തിനുവേണ്ടി ഒന്നിനോടും സന്ധി ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജന്മമെടുത്ത പഥേര്‍ പാഞ്ചാലി ഇന്നും ലോകസിനിമയില്‍ ഒരു അത്ഭുതമായി നിലനില്‍ക്കുന്നു. അച്ചാണി രവി എന്ന് സിനിമക്കാരും രവിമുതലാളി എന്ന് കൊല്ലത്തുകാരും വിളിക്കുന്ന രവീന്ദ്രനാഥന്‍ നായര്‍ താനെടുത്ത ഒരു സിനിമയുടേയും ലാഭം ആഗ്രഹിച്ചിട്ടില്ല. എന്തിനേറെ, ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ വീണ്ടും മലയാളത്തെ പ്രതിഷ്‌ഠിച്ച പ്രിയനന്ദനന് പുലിജന്മം എന്ന സിനിമയെടുക്കാന്‍ എം ജി വിജയ് എന്ന നിര്‍മ്മാതാവ് നല്‍കിയത് താന്‍ മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്. അദ്ദേഹവും ലാഭം ആഗ്രഹിച്ചതായി ചരിത്രം ഒരിക്കലും രേഖപ്പെടുത്തില്ല. അത്തരം നിര്‍മ്മാതാക്കളുടെ ഒരു 'ബ്രീഡ്' ഒരിക്കലും അന്യം നിന്ന് പോകാന്‍ പാടില്ല.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് വലിയൊരളവു വരെ ഹോളിവുഡിന്റെ സ്വാധീനമുണ്ട്. പലപ്പോഴും സിനിമകളുടെ താരതമ്യത്തിന്റെ അളവുകോലും ഹോളിവുഡ് ചിത്രങ്ങള്‍ തന്നെ. പക്ഷെ ഒന്നു മനസ്സിലാക്കേണ്ടതുണ്ട്; മൂലധനത്തിന് സര്‍വതന്ത്രസ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും ഒരു സാംസ്‌ക്കാരിക ഉത്പന്നമെന്ന നിലയില്‍ സിനിമയുടെ കുത്തകവത്ക്കരണത്തെ നിയന്ത്രിക്കാന്‍ പ്രാപ്‌തമായ റെഗുലേറ്ററി സംവിധാനമുണ്ട്. പാരമൌണ്ട് സ്‌റ്റുഡിയോസിന്റെ കുത്തകവത്കരണ നീക്കങ്ങള്‍ക്കെതിരെ യു എസ് പരമോന്നത നീതിപീഠം 1948 ല്‍ തന്നെ വിധി പ്രഖ്യാപിച്ചിരുന്നു. 1930 ല്‍ സുക്കോര്‍ സ്‌റ്റുഡിയോയ്‌ക്കെതിരെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. ഹോളിവുഡ് സിനിമയുടെ സവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന 1920 1950 വരെയുള്ള കാലത്ത് തന്നെയാണ് ഇത്തരം കുത്തകശ്രമങ്ങള്‍ നടന്നതെന്നും ശ്രദ്ധേയമാണ്. ശക്തമായ റെഗുലേറ്ററി സംവിധാനത്തിലൂടെ ഇതില്‍ ഇടപെടാനും അതുവഴി സ്വതന്ത്രസിനിമാസങ്കല്പമെന്നത് നിലനിര്‍ത്താനും അമേരിക്കയില്‍പോലും സാധിച്ചുവെന്നത് എടുത്തപറയേണ്ട ഒന്നാണ്.

ഇന്ത്യയിലെ ദുര്‍ബ്ബലമായ നിയന്ത്രണ സംവിധാനത്തിന് ഇത്തരം ഇടപെടലുകള്‍ക്ക് ശേഷിയുണ്ടോ എന്നത് സംശയമാണ്. 1969 ല്‍ നിലവില്‍വന്ന എംആര്‍റ്റിപി ആൿട് ഏതായാലും ഇതിന് പര്യാപ്‌തമല്ല. ശക്തമായ ഇടപെടലും നിയമനിര്‍മ്മാണവും ഗവണ്‍മെന്റ് തലത്തില്‍ അടിയന്തിരമായി മുന്നോട്ട് നീക്കേണ്ടിയിരിക്കുന്നു. സിനിമയുടെ മുഖം മാറുകയാണ്. സിനിമയിലെ നിക്ഷേപം ഒരു വമ്പന്‍ റിസ്‌ക്ക് ആണെങ്കില്‍ അതിന് 'ഹൈറിട്ടേണ്‍സ്' എന്ന മറുവശം കൂടിയുണ്ട്. ഹൈ റിട്ടേണ്‍സാണ് കോര്‍പറേറ്റ് കമ്പനികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്‍ മൂവി പരസ്യങ്ങള്‍, ഓവര്‍സീസ് / സാറ്റലൈറ്റ് അവകാശത്തിന്റെ വില്പന തുടങ്ങിയവയിലൂടെ മുടക്കുമുതലിന്റെ നല്ലൊരുഭാഗം തിരിച്ചുപിടിക്കാന്‍ പ്രൊഫഷണല്‍ കമ്പനികള്‍ക്ക് കഴിയുന്നു. ഷോപ്പിംഗ് മാളുകളുടെ ഭാഗമാവുകയാണ് അവരുടെ പ്രദര്‍ശനശാലകളും. മള്‍ട്ടിപ്ളൿസുകളുടെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിനൊപ്പം, എഫ് ആന്റ് ബിയും വരുമാനത്തിന്റെ നല്ലൊരു ശതമാനം നേടിയെടുക്കുന്നു. ഇത്തരത്തില്‍ ബിസിനസ്സ് ടു ബിസിനസിലെ ഒരു കണ്ണിയായി സിനിമയും മാറുകയാണ്.

ഒരു എന്റര്‍ടെയിനര്‍ ആയി മാത്രം സിനിമ വീക്ഷിക്കപ്പെടേണ്ട എങ്കില്‍ ഒരു പ്രതിപ്രവര്‍ത്തനം ആവശ്യമാണ്. യാഥാര്‍ത്ഥ്യത്തിന്റെ നിലപാടുതറകളില്‍ നിന്ന് ഉയിര്‍കൊള്ളുന്ന സിനിമകളും സൃഷ്‌ടിക്കപ്പെടണം. അതിനുവേണ്ടിയുള്ള കൂട്ടായ്‌മകള്‍ സിനിമാലോകത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു.

സിനിമയുടെ പുതിയ ഇതിവൃത്തത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും വളരെ ബാലിശമായിരിക്കും. ജീവിതത്തിലും സംസ്‌ക്കാരത്തിലും ഉണ്ടാകുന്ന മാറ്റം സിനിമയിലും പ്രതിഫലിച്ചേ മതിയാകൂ. പക്ഷെ സിനിമ കേവലമായ ആഘോഷങ്ങളുടെ മാത്രം മാധ്യമമല്ല. അത് യാഥാര്‍ത്ഥ്യങ്ങളുടെ കൂടി ഇടമാണ്. സിനിമ വിജയങ്ങളുടേത് മാത്രമല്ല. അത് പരാജയങ്ങളുടെ പടനിലം കൂടിയാണ്. കലാമൂല്യം പണയം വച്ചുകൊണ്ടുള്ള സിനിമകളോട് സന്ധി ചെയ്യുന്നത് മാത്രമാണ് അംഗീകരിക്കാന്‍ കഴിയാത്തത്. പി വി ആറോ, പെര്‍റെപ്‌റ്റോ, റിലയന്‍സോ, മഹീന്ദ്രാമീഡിയയോ ആരുതന്നെയാകട്ടെ, നല്ല സിനിമചെയ്‌താല്‍ നല്ലതെന്ന് ജനം അംഗീകരിക്കും. സ്വതന്ത്രമായ സിനിമാസംരംഭങ്ങള്‍ക്കുള്ള ഒരു സ്‌പേസും നമ്മുടെ സിനിമാലോകത്തുണ്ടാകണം. കലാമൂല്യവും ജനപ്രിയതയും ഒന്നിക്കുന്ന ചലച്ചിത്രങ്ങളാണ് ഉണ്ടാകേണ്ടത്. ആര്‍ട്ടെന്നും, മധ്യവര്‍ത്തിയെന്നും വാണിജ്യമെന്നുമുള്ള തരംതിരിവുകളില്‍ വരും നാളുകളില്‍ ഒരുപാട് ഇളക്കി പ്രതിഷ്‌ഠകളും ഉണ്ടാകേണ്ടിയിരിക്കുന്നു. കാഴ്‌ചക്കാരന്‍ യന്ത്രമല്ലെന്നും നല്ല സിനിമയെ തിരിച്ചറിയുമെന്നും സിനിമാപ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുറംമോടിയിലല്ല ഉള്ളടക്കത്തിലാണ് സിനിമ ജീവിക്കുന്നതെന്ന് വരുന്ന തലമുറയുടെ അറിവിലേക്കായി പറഞ്ഞു വയ്‌ക്കുകയെന്നത് നമ്മുടെ കടമയായി അവശേഷിക്കുന്നു.

****
സി അജോയ്, കടപ്പാട് : യുവധാര

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ഓരോ ദിവസവും രണ്ടരക്കോടി ആളുകള്‍ വീതം സിനിമാ, തീയറ്ററുകളിലേക്ക് ഇരമ്പിക്കയറുന്ന ഒരേ ഒരു രാജ്യമേ ഈ ഭൂഗോളത്തിലുള്ളൂ. അതാണ് ഇന്‍ഡ്യ! ലോകത്ത് ഏറ്റവും കൂടുല്‍ സിനിമകള്‍ ഉണ്ടാകുന്നതും ഇന്ത്യയില്‍ തന്നെ. 2007 ല്‍ 1146 ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. 360 കോടി സിനിമാടിക്കറ്റുകളാണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമയുടെ വിപണിയ്‌ക്ക് ഒരു വര്‍ഷം വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏതാണ്ട് 100 കോടി സിനിമാടിക്കറ്റുകള്‍ അധികമായി ഇന്ത്യന്‍ തീയറ്ററുകളിലൂടെ വില്‍ക്കപ്പെടുന്നു. 18% വാര്‍ഷികവളര്‍ച്ചാനിരക്ക് കൈവരിച്ചുകൊണ്ട് ഇന്ന് 8500 കോടി രൂപ മൂല്യമുള്ള ഒരു വിപണിയാണ് പ്രാദേശിക ഭാഷാചിത്രങ്ങളടങ്ങുന്ന ഇന്ത്യന്‍ സിനിമ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ഈ വമ്പിച്ച വിപണി മൂല്യമാണ് സിനിമയുടെ ലോകത്തേയ്‌ക്കുള്ള കോര്‍പറേറ്റുകളുടെ ഇന്നുകാണുന്ന തള്ളിക്കയറ്റത്തിന് കാരണം

riyaz ahamed said...

സ്വതന്ത്രമാധ്യമമെന്ന സൗകര്യം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ഈ മേഖലയില്‍ നിലവില്‍്‌ വന്ന കര്‍ക്കശവും ബാലിശവുമായ ചട്ടങ്ങള്‍ നേരത്തേ വിവാദമായതാണ്. ക്രിയേറ്റീവ്-ടെക്നിക്കല്‍ പ്രവര്‍ത്തകരുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമങ്ങള്‍ കുത്തകവത്കരണ പ്രക്രിയയില്‍ ആക്കം കൂടുമെന്ന് ഭയപ്പെടണം. ഒരു സംവിധായകനോ എഡിറ്റര്‍ക്കോ പ്രവര്‍ത്തിക്കാന്‍ കുത്തകകളുടെ അനുമതി വേണമെന്ന കരിനിയമം മൂലം ഇപ്പോഴും മുഖ്യധാരയിലെത്താത്ത നിരവധി പേരുണ്ട് കേരളത്തിലും.

ഭ്രമരന്‍ said...

വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam Communications) ക്കാർ ഇതുപോലൊരു സിനിമാകമ്പനി തുടങ്ങില്ലന്നാരു കണ്ടു? ഈ പണിക്കു പറ്റിയ പല പുലികളും ബോർഡിലും മറ്റുമില്ലേ?.

Soha Shameel said...

സിനിമാക്കമ്പനി- സിനിമാ ഉത്പാദനശാലയാണ്. രാവിലെ 9 മണിക്ക് വന്ന് വൈകീട്ട് 6 വരെ സ്ക്രിപ്റ്റ് എഴുതുന്ന എഴുത്തു ജീവനക്കാരന്‍. ഷെഡ്യൂള്‍ ചെയ്തു വെച്ച സമയത്ത് ക്യാമറ ചലിപ്പിക്കുന്ന ഛായാഗ്രാഹകന്‍. ആറുമാസത്തിനുള്ളില്‍ മൂന്ന് സിനിമകള്‍ നിര്മ്മിക്കാന്‍ ചുമതലയുള്ള സംവിധായകന്‍- ഇയാള്‍ക്ക് ടെലിവിഷന്‍ പ്രൊഡ്യൂസറുടെ റോളാണ്. ക്യൂവിലുള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ച് തീര്‍ക്കുന്ന എഡിറ്റര്‍. എല്ലാവരും ജീവനക്കാര്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തനമൂലധനം ആദ്യം തീരുമാനിക്കുന്നു. അതനുസരിച്ചുള്ള സിനിമകള്‍, ആശയങ്ങള്‍, നിര്‍മ്മാണരീതികള്‍. ഒരു ക്രിയാത്മക പ്രവര്‍ത്തനം എന്നതിലപ്പുറം കോര്‍പ്പറേറ്റ് നടപടിക്രമങ്ങളുടെ ആകത്തുകയാകുന്നു ഇവിടെ സിനിമ.

* ഭൂമരന്‍, കൈരളിയിലെ 'പഴയ' പുലികള്‍- കെ. ആര്‍ മോഹനന്‍ , പി.ടി. കുഞ്ഞുമുഹമ്മദ്, ബാബു ഭരദ്വാജ് തുടങ്ങിയവര്‍- ആരും ഇപ്പണിക്ക് ചേര്‍ന്നവരല്ല. സ്വപ്നജീവികളാണവര്! കോര്‍പ്പറേറ്റ് ലോകത്തിനു ചേരാത്തവര്‍!

Anonymous said...

"വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam Communications) ക്കാർ ഇതുപോലൊരു സിനിമാകമ്പനി തുടങ്ങില്ലന്നാരു കണ്ടു?..."

ഗണേഷ് ബീഡി കമ്പനി ക്ക് പകരം എ.കെ.ജി.(അതെ,എ.കെ.ജി തന്നെ,ബാ‌ഉ --ഗോയന്ക പത്രത്തിന്റെ പോലും 'ഇപ്പോഴത്തെ' കണ്ണിലുണ്ണി.) ദിനേശ് ബീഡി തുടങ്ങിയത്,ഗണേഷ് പൂട്ടി '10 വര്‍ഷത്തിനുള്ളില്‍' ആയിരുന്നില്ലാ..അതിനും നേരത്തെ ആയിരുന്നു..എന്താ മങ്ങലാപുരത്തെ മുതലാളിക്കെ ബീഡി കമ്പനി തുടങ്ങാനും'നടത്തി കൊണ്ടു പോകാനും' കെല്‍പ്പുള്ളൂ---

Anonymous said...

സിനിമയുടെ കാര്യത്തില്‍ ഇത്റ ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല നല്ല സിനിമ ആയാലേ ഓടു വാറ്‍ണറ്‍ ബ്റതേറ്‍സ്‌ ഇറക്കിയ ചാന്ദ്നി ചൌക്‌ ടു ചൈന എട്ടു നിലയില്‍ പൊട്ടി കാരണം കഥയില്ലായമ തന്നെ സോണി ഇറക്കിയ സാവരിയായും പരാജയപ്പെട്ടൂ അതേ സമയം ചെറിയ ബഡ്ജറ്റ്‌ ചിത്റങ്ങളായ ഭേജ ഫ്റൈ തമിഴിലെ സുബ്രഹ്മണ്യപുരം എന്നിവ നന്നായി ഓടുന്നു

കോറ്‍പ്പറേറ്റുകള്‍ പണം മുടക്കുന്നത്‌ തന്നെ ഇപ്പോള്‍ റെസ്റ്റ്റിക്ട്‌ ചെയ്തു കഴിഞ്ഞു മണി രത്നത്തിണ്റ്റെ രാവണന്‍ രജനീകാന്ത്‌ ശങ്കറിണ്റ്റെ എന്തിരന്‍ എന്നിവയുടെ ബഡ്ജറ്റു കുറച്ചു സിനിമ ഒരു വ്യവസായമാണു ലാഭം കിട്ടുന്ന ബിസിനസില്‍ പണം മുടക്കാന്‍ പണം ഉള്ളവറ്‍ക്കു സ്വാതന്ത്റമുണ്ട്‌ തിയേറ്ററില്‍ കയറി നമ്മുടെ പണംകളയ്ണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ നമുക്കും സ്വാന്തന്ത്റ്യമുണ്ട്‌
ദേശാഭിമാനി വായിക്കണോ മലയാള മസാല വായിക്കണോ എന്നു തീരുമാനിക്കാന്‍ സ്വാതന്ത്റ്യം ഉള്ളതുപോലെ

ഒരു കുത്തകമുതലാളിയായ രവി മുതലാളി പണം മുടക്കിയതുകൊണ്ടാണു കുറെ നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടായത്‌ ജനങ്ങളില്‍ നിന്നും പണം പിരിച്ചുണ്ടാക്കിയ വേറിട്ട ഒരു ചാനല്‍ ഒരു അല്ല ടെലി ഫിലിം പോലും ഉണ്ടാക്കിയതായി ചരിത്റമില്ല എന്നാല്‍ അമ്റ്‍ത ടീ വീ നല്ല കുറെ കഥകള്‍ ടെലീ ഫിലിം ആക്കിയിട്ടൂണ്ട്‌ താനും പെരുവഴിയിലെ കരിയിലകളും കേ സുരേന്ദ്രണ്റ്റെ മരണം ദുറ്‍ബലം എന്ന നോവലിണ്റ്റെ സീരിയല്‍ ആവിഷ്കാരവും ക്ളാസി സിനിമകളോടു കിടപിടിക്കുന്നവയാണൂ

രവി മുതലാളി പണം മുടക്കാതിരുന്നപ്പോള്‍ സ്വന്തം പണം മുടക്കി ഇറക്കിയ അടൂറ്‍ ചിത്റങ്ങളും അരവിന്ദന്‍ ചിത്റങ്ങളും കൂടുതല്‍ കച്ച്വടസിനിമ ആകുന്നതാണു നമ്മള്‍ കണ്ടത്‌ ഇപ്പോള്‍ അടൂരിനു എതെങ്കിലും നില്വാരം ഉണ്ടോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു മലയാള സിനിമ രണ്ടു കുത്തകകളുടെ കയ്യിലാണൂ മമ്മൂട്ടി മോഹന്‍ലാല്‍ ആണൂ ആ കുത്തകകള്‍ പുലി ജന്‍മത്തിനോ ഇ കേ ജിക്കോ തകരചെണ്ടക്കോ തലപ്പാവിനോ ഒരു ടാക്സ്‌ ഫ്റേേ കൊടുക്കാനോ കലാഭവന്‍ ശ്റീ കൈരളീ തിയേറ്ററുകള്‍ ലഭ്യമാക്കാനോ തൊഴിലാളി ഗ്വണ്‍മണ്റ്റ്‌ ഒരു നീക്കവും നടത്തിയുമില്ല എന്നാല്‍ പല നല്ല സിനിമകള്‍ക്കും ടാക്സ്‌ ഫ്റീ നല്‍കിയത്‌ കരുണാകരന്‍ ആയിരുന്നു എന്ന ചരിത്റവും ആരും മറക്കരുത്‌

അതിനാല്‍ കുത്തകകള്‍ വരട്ടെ കോറ്‍പ്പറെറ്റുകള്‍ പണം മുടക്കുമ്പോള്‍ അതു മസാല ആവണമെന്നു നിറ്‍ബന്ധമില്ല മസാല ചിത്റങ്ങള്‍ പൊട്ടുമ്പോള്‍ അവറ്‍ പ്റിയനന്ദനനെ സമീപിച്ചു കൂടായ്കയില്ല കിട്ടുന്ന അവാറ്‍ഡുകളും ടീ വീ സമ്പ്റേഷണവും ലാഭം നല്‍കുമെങ്കില്‍ സാധാരണ ഒരു ഹോട്ടല്‍ മുതലാളിക്കോ തടി മുതലാളിക്കോ ഇന്നു പടം പിടിക്കാന്‍ പറ്റില്ല അത്റ ഭീമമാണു നിറ്‍മ്മാണച്ചെലവു അതിയാല്‍ ആരായാലും പണം മുടക്കുന്നവരെ സ്വാഗത്ം ചെയ്യുക സിനിമ കൊണ്ടൂ കഴിയുന്ന ഒട്ടനവധി കുടുംബങ്ങള്‍ ഉണ്ടല്ലോ അവറ്‍ ഒരു നേരം കഞ്ഞി കുടിക്കട്ടെ ഒപ്പം ഷക്കീലയെ തിരിച്ചു വരാനും സമ്മതിക്കുക ഷക്കീല അറുപത്‌ പടം ഇറക്കുമ്പോള്‍ മമ്മൂട്ടി അഞ്ചു പടം ആണിറക്കുന്നത്‌ ഷക്കീലയെ ഒതുക്കിയത്‌ ബിഗ്‌ എം തണ്റ്റെ ഭരണ സ്വാധീനം കൊണ്ടല്ലേ അറുപത്‌ പടം ഇറക്കുമ്പോള്‍ എത്റ കുടൂംബം രക്ഷപെടുന്നു മമ്മൂട്ടിയുടെ പടത്തിണ്റ്റെ ലൈറ്റ്‌ ബോയിയെ പോലും നിശ്ചയിക്കുന്നത്‌ മമ്മൂട്ടി എന്ന കുത്തക മുതലാളി ആണു അടൂരും ഐ വീ ശശിയും ഷക്കീലയും പ്റിയനന്ദനനും എല്ലാം മലയാളത്തില്‍ ഒന്നുപോലെ വേണം

Soha Shameel said...

ആരുഷി സര്‍,

പെരുവഴിയിലെ കരിയിലകളും (കഥ: എന്‍ മോഹനന്‍ , സംവിധാനം: ശ്യാമപ്രസാദ്, നിര്‍മ്മാണം: ദൂരദര്‍ശന്‍ ) മരണം ദുര്‍ബലവും (കഥ: കെ. സുരേന്ദ്രന്‍ , സംവിധാനം: ശ്യാമപ്രസാദ്, നിര്‍മ്മാണം: ഗ്രീന്‍ലാന്റ് ക്രിയേഷന്‍സ്) 'അമൃത'യല്ല നിര്‍മിച്ചത്. അന്ന് അമൃത ടി.വി. നിലവിലില്ല.

കൈരളി ചാനല്‍ ടെലിഫിലിമുകള്‍ നിര്‍മ്മിച്ച ചരിത്രമില്ല എന്നു പറയുന്നത് ആരുഷിയുടെ വിവരക്കേടു കൊണ്ടാണു. നിരവധി അംഗീകാരങ്ങള്‍ നേടിയ ഓണത്താര്‍, തങ്കം (പ്രമോദ് പയ്യന്നൂര്‍), ഡിസംബര്‍ മിസ്റ്റ്‌ (സജി സുരേന്ദ്രന്‍ ), തൂവാലയില്‍ ഒരു മുഖം, കോട്ടയത്ത് എത്ര മത്തായിമാരുണ്ട് (മഹേഷ് പഞ്ചു), ശലഭജന്‍മം തുടങ്ങി ഒരുപാടെണ്ണം 'കൈരളി' നിര്‍മ്മിച്ചിട്ടുണ്ട്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ആശങ്കകള്‍ അസ്ഥാനത്തല്ല. കോര്‍പ്പറേറ്റ് ഭീമന്മാരുടെ പ്രവേശനം തടയാന്‍ നിയമപരമായ സാധ്യതയുമില്ല. പിന്നെ, നമ്മുടെയൊക്കെ വ്യാകുലത അരങ്ങിനുപുറത്ത് അവതരിപ്പിക്കാവുന്ന ചില അക്ഷരശ്ലോകങ്ങള്‍ മാത്രമാണ്.

ജനകീയ സിനിമയും മധ്യവര്‍ത്തി സിനിമയും നിലവിളിച്ച് നിലമ്പതിക്കുന്ന ഈ സമയങ്ങളില്‍, ആരെങ്കിലും സിനിമാ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോയി ആ രംഗത്തെ പട്ടിണിക്കരായവരെക്കൂടി സഹായിക്കട്ടെ എന്ന് ദീര്‍ഘദര്‍ശനം ചെയ്യാനാവും നിയോഗം.