Thursday, April 2, 2009

ചില തെരഞ്ഞെടുപ്പ് സ്മരണകള്‍

ബാലറ്റുപെട്ടിക്ക് സ്ഥാനാര്‍ഥിയുടെ ചെലവില്‍ കാവല്‍
കെ.എ. ഭാനുപ്രകാശ് (സ്വാതന്ത്ര്യ സമര സേനാനി)

പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം രാജ്യത്ത്നടന്ന 1951ലെ ആദ്യ തെരഞ്ഞെടുപ്പ്. തിരു-കൊച്ചി സംസ്ഥാനത്തെ ഇരവിപുരത്ത് മുഖ്യമന്ത്രി സി. കേശവന്‍ ലെജിസ്ളേറ്റീവ് അസംബ്ളിയിലേക്ക് മല്‍സരിക്കുന്നു(തിരു.-കൊച്ചി മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി എന്നാണ് അറിയപ്പെട്ടത്). എതിര്‍ സ്ഥാനാര്‍ഥികളിലൊരാള്‍ വ്യവസായ പ്രമുഖന്‍ വെണ്ടര്‍ കൃഷ്ണപിള്ളയായിരുന്നു. ഭരണസ്വാധീനമുപായാഗിച്ച് തിരിമറിക്ക് സാധ്യതയുള്ളതിനാല്‍ തനിക്ക് വിശ്വാസമുള്ള പോലീസുകാരെ ബാലറ്റുപെട്ടിക്ക് കാവല്‍ നിര്‍ത്തണമെന്ന ആവശ്യവുമായി കൃഷ്ണപിള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സര്‍ക്കാര്‍ നിയോഗിക്കുന്ന പോലീസുകാരാണ് പെട്ടിക്ക് കാവല്‍ നില്‍ക്കുക. എന്നാല്‍ കൃഷ്ണപിള്ളയുടെ ആവശ്യം ന്യായമാണെന്ന് കണ്ട കമീഷന്‍ സ്വന്തം ചെലവില്‍ കാവല്‍ നിര്‍ത്താന്‍ അനുമതി നല്‍കി. ഇത് പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച തുക ട്രഷറിയില്‍ കെട്ടിവെച്ച് കൃഷ്ണപിള്ള പെട്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തി. പെട്ടിപൊട്ടിച്ചപ്പോള്‍ സി. കേശവനാണ് വിജയിച്ചതെന്നത് വേറെ കാര്യം. 21വയസ് പൂര്‍ത്തിയായവര്‍ക്ക് ആയിരുന്നു അന്ന് വോട്ടവകാശം ഉണ്ടായിരുന്നത്. 104 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 440 പേരാണ് മത്സരിച്ചത്. പാര്‍ലമെന്റിലെ 12 സീറ്റിലേക്കും വോട്ടെടുപ്പ് ഉണ്ടായിരുന്നു.1951 ഡിസംമ്പര്‍ 10 ന് ആരംഭിച്ച തെരഞ്ഞെടുപ് 1952 ജനുവരി 5 നാണ് പൂര്‍ത്തിയായത്.

കണക്കുകൂട്ടല്‍ തെറ്റിച്ച വിജയം
ലോനപ്പന്‍ നമ്പാടന്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം മറക്കാന്‍ പറ്റില്ല. അന്ന് വീട്ടിലിരിക്കാമെന്ന് കരുതി. ജയിക്കാന്‍ സാധ്യതയൊന്നും കാണുന്നില്ല തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ കെ കരുണാകരന് 54,000 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലം.
മുകുന്ദപുരത്ത് ഞാന്‍ ജയിക്കുമെന്ന് സത്യം പറഞ്ഞാല്‍ കരുതിയതല്ല. ജയിക്കാന്‍ അര്‍ഹതയില്ലാഞ്ഞിട്ടല്ല. പക്ഷേ 1980നുശേഷം ഒരു കമ്യൂണിസ്റ്റുകാരനും ജയിച്ചിട്ടില്ല. എനിക്കറിയാവുന്ന കണക്കൊക്കെ കൂട്ടിയും കിഴിച്ചും നോക്കി. ഒരു രക്ഷയുമില്ല.

മാത്രമല്ല, മത്സരിക്കുന്നത് അരിവാള്‍, ചുറ്റിക, നക്ഷത്രം അടയാളത്തിലും. ചുവന്ന കൊടികാണുമ്പോഴേ ഹാലിളകുന്നവരാണ് അധികവുമെന്നായിരുന്നു ധാരണ. ഞാനാകട്ടെ ആദ്യമായാണ് ഈ ചിഹ്നത്തില്‍ മത്സരിക്കുന്നത്.

അങ്ങനെ വീട്ടിലിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ച നാട്ടുകാരില്‍ ചിലര്‍ വന്നു വിളിച്ചു. മാഷേ, വിജയാഹ്ളാദപ്രകടനം നടത്തണ്ടേ എന്നു ചോദിച്ചു. മാഷ് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ടും എനിക്ക് വിശ്വാസം പോരാ.

കുറച്ചു സമയംകൂടി കഴിഞ്ഞു. പിന്നെയും അവര്‍ വിളിച്ചു. മാഷ് വരണം എന്നു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഇറങ്ങി. പോകുന്ന വഴിക്കൊക്കെ വിവരമറിയുന്നുണ്ടായിരുന്നു. ലീഡ് നൂറ്, ആയിരം, പതിനായിരം, 50,000 എന്നിങ്ങനെ കൂടുകയാണ്. വീണ്ടും എനിക്ക് സംശയം. ഇത് ഈ മണ്ഡലത്തിന്റെ കാര്യം തന്നെയാണോ?.

ഒടുവില്‍ ഫലം വന്നു. ഒരുലക്ഷത്തി പതിനെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം. പത്മജ പോയ വഴി കാണാനില്ല. എന്റെ വോട്ടര്‍മാരോട് ഇത്രയേറെ സ്നേഹം തോന്നിയ മറ്റൊരു നിമിഷവും ഇതിനൊപ്പം വയ്ക്കാനില്ല. ഞാനാണ് അവരെ തെറ്റിദ്ധരിച്ചത്. ആ തിരിച്ചറിവ് വല്ലാത്ത ഒരു അനുഭവമായിരുന്നു.


പനമ്പിള്ളിയുടെ വെല്ലുവിളിക്ക് 'മെഗഫോണ്‍' മറുപടി'
എം.എം.ലോറന്‍സ്

ആറു പതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ പല തെരഞ്ഞെടുപ്പിലും മത്സരിച്ചു. എന്നാല്‍, സ്ഥാനാര്‍ഥിയാകാതെതന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയപ്പോഴുണ്ടായ ഒരനുഭവം രസകരമാണ്.

1948ല്‍ അന്നത്തെ കൊച്ചി രാജ്യത്തിലെ തെരഞ്ഞെടുപ്പ്. തൃപ്പൂണിത്തുറയില്‍നിന്ന് അരയന്‍കാവുവരെ നീളുന്ന കണയന്നൂര്‍ മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി അയ്യപ്പനാണ്. കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് പാര്‍ടി നിരോധനത്തിന്റെ നിഴലിലായതുകൊണ്ട് അയ്യപ്പനെ പുലയമഹാസഭയുടെ പേരിലാണ് നിര്‍ത്തിയത്. അന്ന് വിദ്യാര്‍ഥിയായിരുന്ന ഞാന്‍, വിശ്വനാഥമേനോന്‍, പാട്ടുകാരനായിരുന്ന പി കെ ശിവദാസന്‍, എം ഐ സത്യവ്രതന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രചാരണത്തിനിറങ്ങിയത്.

ആമ്പല്ലൂരില്‍ കോണ്‍ഗ്രസിന്റെ യോഗം നടക്കുന്നു. പ്രസംഗിക്കാന്‍ മന്ത്രിമാരായ പനമ്പിള്ളി ഗോവിന്ദമേനോന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മെഗഫോണുമായി പോയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരായ ഞങ്ങള്‍ പ്രസംഗം കേള്‍ക്കാന്‍ കൂടി. കമ്യൂണിസ്റുകാര്‍ അക്രമമാര്‍ഗം സ്വീകരിച്ചവരാണെന്നായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ ചുരുക്കം. റഷ്യയില്‍ മതസ്വാതന്ത്യ്രമില്ലെന്നും അവിടെ കുടുംബബന്ധമില്ലെന്നുമൊക്കെ പനമ്പിള്ളി പ്രസംഗിച്ചു. ഇതു നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന് പനമ്പിള്ളി വെല്ലുവിളിച്ചു. കൂടെയുണ്ടായിരുന്നവരുടെ വിലക്ക് ലംഘിച്ച് ഞാന്‍ മെഗഫോണിലൂടെ വിളിച്ചുപറഞ്ഞു പനമ്പിള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നെന്ന്. ഞങ്ങള്‍ക്കു പറയാനുള്ളതു കേട്ടിട്ടുവേണം പനമ്പിള്ളിയും മറ്റും പോകാനെന്നും പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്താവന കേട്ട് എല്ലാവരും ഒരു നിമിഷം പതറി. ആകെ ബഹളം. കോണ്‍ഗ്രസുകാര്‍ ഞങ്ങള്‍ക്കു നേരെ കല്ലും മണ്ണുമൊക്കെ വലിച്ചെറിഞ്ഞു. ബഹളത്തിനിടയില്‍ യോഗം പിരിച്ചുവിട്ടു. പിറ്റേ ദിവസം ഇതേ സ്ഥലത്ത് യോഗം ചേര്‍ന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു.

വോട്ടെടുപ്പിന് ഞങ്ങള്‍ ഏജന്റുമാരായിരുന്നു. പോളിങ് കഴിഞ്ഞ് ബൂത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അടിക്കാന്‍ കോണ്‍ഗ്രസുകാര്‍ പദ്ധതിയിട്ടു. അതുകൊണ്ട് ബൂത്തുകളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ജാഥയായി പോകാന്‍ തീരുമാനിച്ചു. മുദ്രാവാക്യം വിളിച്ച് ജാഥയായി ഞങ്ങള്‍ പോകുന്നതുകണ്ട് ആക്രമണശ്രമം ഉപേക്ഷിച്ച് കോണ്‍ഗ്രസുകാര്‍ തിരികെപോയി.

മൂന്ന് മത്സരം ജയിലില്‍ നിന്ന്; രണ്ടില്‍ വിജയം
ഗൌരി അമ്മ

കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ ഒന്നിച്ച് സിപിഐ എമ്മായിനില്‍ക്കാനാണ് ഞാനും ടി വി തോമസും തീരുമാനിച്ചിരുന്നത്. എന്നാല്‍, എം എന്‍ ഗോവിന്ദന്‍നായരോടൊപ്പം സംസ്ഥാനകമ്മിറ്റിക്കു പോയ ടി വി മടങ്ങിയത്് സിപിഐക്കൊപ്പം നില്‍ക്കണമെന്ന തീരുമാനവുമായാണ്.

പിന്നാലെ 1965ലെ തെരഞ്ഞെടുപ്പ് വന്നു. സിപിഐ എമ്മിനൊപ്പം നിന്ന ഞാന്‍ ചൈനാചാരന്മാരുടെ പട്ടികയില്‍പെട്ട് അറസ്റ്റിലായി. ജയിലില്‍ കിടന്ന് അരൂരില്‍നിന്ന് വിജയിച്ചു. ദേവകികൃഷ്ണനെ (വയലാര്‍ രവിയുടെ അമ്മ)യാണ് പരാജയപ്പെടുത്തിയത്. സിപിഐക്ക് ഒപ്പംനിന്ന് ആലപ്പുഴയില്‍ മത്സരിച്ച ടി വി തോറ്റു.

1948ല്‍ 28-ാം വയസ്സില്‍ അരൂരില്‍നിന്നാണ് തെരഞ്ഞെടുപ്പ് മത്സരം തുടങ്ങിയത്. ജയിലില്‍ കിടന്നുള്ള ആദ്യമത്സരത്തില്‍ ഉറുമീസ് തരകനോട് തോറ്റു. 1952ല്‍ മത്സരിക്കുമ്പോഴും ജയിലിലായിരുന്നു.

ഒളിവിലായിരുന്ന ഞാന്‍ ചേര്‍ത്തല ടിബിയില്‍ തെരഞ്ഞെടുപ്പുപത്രിക നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അന്ന് തുറവൂരില്‍നിന്ന് ആദ്യജയം.

1954ല്‍ മാരാരിക്കുളത്തുനിന്നും '57ല്‍ ചേര്‍ത്തലയില്‍നിന്നും വിജയിച്ചു. 1957ല്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിയുമായി. 1977ല്‍ ഒഴികെ 2001 വരെ വിജയം തുടര്‍ന്നു. 2006ല്‍ അരൂരില്‍ തോറ്റു. അതിന് വഴിവച്ചത് കോണ്‍ഗ്രസിലെ ചിലര്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടും. യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. വാര്‍ഡ് കമ്മിറ്റിപോലും രൂപീകരിച്ചില്ല. കോണ്‍ഗ്രസിലെ ചിലര്‍ വ്യാപകമായി എനിക്കെതിരെ പ്രചാരണങ്ങളും നടത്തി.

ഒരു കള്ളക്കേസിന്റെ ശുഭാന്ത്യം
ജനാര്‍ദനക്കുറുപ്പ്

എതിര്‍സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തകരെ കള്ളക്കേസില്‍നിന്ന് രക്ഷിച്ച സന്ദര്‍ഭമാണ് തെരഞ്ഞെടുപ്പുരംഗത്തെ നിരവധി ഓര്‍മകളില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നത്.

1971ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് രംഗം. അന്ന് എറണാകുളത്ത് ഗവണ്‍മെന്റ് പ്ളീഡറായിരുന്ന എന്നെ ഇ എം എസും എ കെ ജിയും ചേര്‍ന്നാണ് കൊല്ലം സീറ്റില്‍ മത്സരത്തിനു നിയോഗിച്ചത്. ഗവണ്‍മെന്റ് പ്ളീഡര്‍ ജോലി രാജിവച്ചാണ് മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ എന്‍ ശ്രീകണ്ഠന്‍നായര്‍.

വള്ളിക്കാവിലെ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ പോവുകയായിരുന്നു. മുന്നില്‍ അനൌണ്‍സ്മെന്റ് വാഹനം. കാര്‍ പോകുന്ന വഴിയില്‍ ഒരിടത്ത് ആര്‍എസ്പിക്കാരുടെ യോഗം നടക്കുന്നു. അപ്പോഴുണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കാറിനടുത്തേക്കു വന്നു. സ്വാഭാവികമായും ആര്‍എസ്പിക്കാരുടെ യോഗം അലോസരപ്പെട്ടു. ഇതിന്റെ ദേഷ്യത്തില്‍ അവര്‍ എന്റെ കാറിനടുത്തേക്കു പാഞ്ഞുവന്നു. ആക്രമിക്കുമെന്ന സ്ഥിതിയായി. ഞാന്‍ കാറില്‍നിന്ന് പുറത്തിറങ്ങി. എന്നെ ആക്രമിച്ചാല്‍ നിങ്ങളുടെ ശ്രീകണ്ഠന്‍ചേട്ടനെ ശരിപ്പെടുത്തിക്കളയുമെന്ന് ഞാന്‍ ഉറച്ച ശബ്ദത്തില്‍ ഭീഷണി മുഴക്കി. പാര്‍ടി പ്രവര്‍ത്തകരും ചുറ്റും കൂടി. ഇതിനിടയില്‍ ആര്‍എസ്പിയുടെ നേതാക്കള്‍ വന്ന് രംഗം ശാന്തമാക്കി. ഞാന്‍ പ്രസംഗസ്ഥലത്തേക്കു പോവുകയും ചെയ്തു.

അന്നു രാത്രി ആര്‍എസ്പിക്കാര്‍ എന്റെ ഓഫീസ് ആക്രമിച്ചു. സമീപത്തുള്ള മകളുടെ വീട്ടിലായിരുന്നതുകൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല. എന്നാല്‍ എന്നെ ആക്രമിച്ചു എന്നു പറഞ്ഞ് കേസ് കോടതിയിലെത്തി. ഇതു പക്ഷേ, കള്ളക്കേസായിരുന്നു. വിസ്താരം നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍ എന്നെ ആക്രമിച്ചിട്ടില്ല. അവര്‍ സത്യത്തില്‍ അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികളോടു കാട്ടിയ ഈ സൌമനസ്യം എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയമായി അന്ന് ശത്രുപക്ഷത്തായിരുന്നെങ്കിലും ആ വൈരാഗ്യമൊന്നും കാണിക്കാതെ അവരെ രക്ഷപ്പെടുത്തിയതില്‍ അവര്‍ക്ക് അത്ഭുതവും ആശ്വാസവും തോന്നി. എന്റെ കാല്‍ തൊട്ടു നമസ്കരിച്ചശേഷമാണ് അവര്‍ കോടതിവളപ്പില്‍നിന്ന് പോയത്.

സമാധാനവും വേദനയും പകര്‍ന്ന് പുഴയും വെള്ളവും
മുരളി

പുഴയും വെള്ളവും എന്റെ ചിന്തകളില്‍ പലപ്പോഴും കടന്നുവരാറുണ്ട്. സിനിമയുടെ ഭാഗമായി സഞ്ചരിച്ച പല ദൂരങ്ങളില്‍ പലപ്പോഴും ഈ ചിന്തകള്‍ ശക്തമാവുകയും അത് എന്നെ സ്വാധീനിക്കുകയും ചെയ്യും. മെലിഞ്ഞ് മലിനമായി ഒഴുകുന്ന കേരളത്തിലെ പല നദിയും എന്റെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നതും അതുകൊണ്ടുതന്നെ. ചെന്നൈയിലും ആന്ധ്രയിലും മറ്റും വരണ്ടുണങ്ങിയ ഭൂമിയെ കണ്ടിട്ടുണ്ട്. ഒപ്പം കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന ശുദ്ധിയില്‍ പാരീസിലെ റോട്ടര്‍ദാമിലെ പള്ളിക്കു മുന്നിലൂടെ ഇളകിയൊഴുകുന്ന പുഴ എന്റെ ഓര്‍മയില്‍ കടന്നുവരാറുമുണ്ട്. എന്റെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍ എങ്ങനെയോ വെള്ളവും പുഴയും കായലുമായി അടുത്തുനില്‍ക്കുന്നു.

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ഞാന്‍ അമ്പലപ്പുഴയില്‍ പര്യടനത്തിലായിരുന്നു ആ ദിവസം. ചെറിയ ദ്വീപായ കൈനകരി. ബോട്ട് മാത്രമാണ് യാത്രാമാര്‍ഗം. കായലരികിലെ നിവാസികള്‍ക്ക് കുളിക്കാനും മലമൂത്രവിസര്‍ജനത്തിനും തുണിയലക്കാനും ഭക്ഷണം പാകംചെയ്യാനും ഒപ്പം കുടിക്കാനും ഈ വെള്ളംമാത്രമാണ് ആശ്രയമെന്ന് എനിക്ക് മനസ്സിലായി. പ്രസംഗം കഴിഞ്ഞ് ബോട്ടില്‍ ഞങ്ങള്‍ പോകുമ്പോള്‍ അക്കരെ കരയില്‍നിന്ന് ബോട്ടിനൊപ്പം ഒരു പെണ്‍കുട്ടി ഓടുന്നതു കണ്ടു. ഞങ്ങള്‍ക്ക് കുറച്ച് കുടിവെള്ളം ഇവിടെ കൊണ്ടുവരാന്‍ കഴിയുമോ എന്ന് അവള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് വേദനയോടെ പറഞ്ഞു. യാത്ര വഴിമുട്ടി നില്‍ക്കുന്ന നീരേറ്റുപുറത്തും പെരുമ്പടംദ്വീപിലും എത്തിയപ്പോള്‍ വെള്ളം എന്റെ അസ്വസ്ഥതയായി മാറിക്കൊണ്ടിരുന്നു. പെരുമ്പടംദ്വീപില്‍ അഞ്ചു കിലോമീറ്റര്‍ ദൂരംവരെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു. അവിടെനിന്ന് നടന്നായിരുന്നു യാത്ര. ഷൂട്ടിങ് വേളയില്‍ എവിടെയായാലും പൈപ്പില്‍നിന്നുപോലും വെള്ളം കുടിച്ചിരുന്ന എനിക്ക് അവിടത്തെ വെള്ളം ഭയപ്പാടായിരുന്നു. ശുദ്ധജലപ്രശ്നം പൂര്‍ണമായും ഇനിയും പരിഹരിക്കപ്പെട്ടില്ല. കുടിവെളളം വില്‍ക്കാന്‍ ഒരുങ്ങിയ ടി എം ജേക്കബിന്റെ പ്രശ്നങ്ങള്‍ അന്ന് ചര്‍ച്ചയായിരുന്നു. ഇന്നും വെള്ളം ചര്‍ച്ചയാണ്.

അന്നത്തെ തെരഞ്ഞെടുപ്പുവേളയില്‍ പര്‍ദയിട്ട മുസ്ളിംസ്ത്രീകള്‍ കൂട്ടത്തോടെ സ്ഥാനാര്‍ഥിയെ തിരക്കി എത്തിയിരുന്നു.

രണ്ടു മത്സരം; ഒന്ന് ഓര്‍ക്കാന്‍, ഒന്ന് മറക്കാന്‍
എസ്.സി.എസ്.മേനോന്‍

വോട്ടെണ്ണല്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. മുകുന്ദപുരം മണ്ഡലത്തിലെ അന്നത്തെ നിയമസഭാമണ്ഡലങ്ങളായ അങ്കമാലി, വടക്കേക്കര, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെല്ലാം എനിക്കായിരുന്നു മുന്‍തൂക്കം. ജയം എനിക്കുതന്നെ എന്ന് ഞാന്‍ മാത്രമല്ല, എതിരാളികളും ഉറപ്പിച്ചു. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പ്രമുഖനായ എ സി ജോര്‍ജ് എനിക്കടുത്തെത്തി, 'ഇത്തവണ മേനോന്‍തന്നെ, പോകട്ടെ' എന്ന് പറയുകയും ചെയ്തു.

എന്നാല്‍ ഫലംവരാന്‍ ശേഷിച്ചിരുന്ന കൊടുങ്ങല്ലൂര്‍ തുണച്ചത് എ സി ജോര്‍ജിനെ. 4220 വോട്ടുകള്‍ക്ക് ഞാന്‍ പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിലെ ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു. 1977-ലെ ആ ലോക്സഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഏറെ അവിസ്മരണീയമാണ്.

1954-ല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചതാണ് അതിനുമുമ്പത്തെ എന്റെ തെരഞ്ഞെടുപ്പു പാരമ്പര്യം. തിരു-കൊച്ചി സംസ്ഥാനത്തിലെ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പറവൂര്‍ ടി കെ നാരായണപിള്ള എന്റെ സഹോദരീഭര്‍ത്താവാണെങ്കിലും എനിക്ക് കോണ്‍ഗ്രസിനോടല്ല, ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം. എന്നും കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്നു ഞാന്‍. അന്ന് ഫാക്ട് എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു ഞാന്‍. സമരത്തിന് യൂണിയന്‍ തയ്യാറെടുത്തു. തീരുമാനത്തെ കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണച്ചില്ല. അതുകൊണ്ട് യൂണിയന്‍ തീരുമാനപ്രകാരം ഞാന്‍ സ്ഥാനാര്‍ഥിയായി. കമ്യൂണിസ്റ്റ് പാര്‍ടി എന്റെ എതിര്‍സ്ഥാനാര്‍ഥിയെ പിന്തുണച്ചു. രണ്ടായിരത്തോളം വോട്ടുകള്‍ക്ക് ഞാന്‍ ആദ്യപരാജയമറിഞ്ഞു.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ശരിയായില്ല, എന്ന ചിന്തയാണ് എനിക്ക് പില്‍ക്കാലത്തുണ്ടായത്. 1977-ല്‍ പൂര്‍വകാലം മറന്ന് സിപിഐ എം എന്നെ മുകുന്ദപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതും ഈ ചിന്തയ്ക്ക് ആക്കം കൂട്ടി. അങ്ങനെ ഇപ്പോള്‍ എനിക്ക് രണ്ട് തെരഞ്ഞെടുപ്പ് ഓര്‍മകളാണുള്ളത്. ഒന്ന് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും മറ്റൊന്ന് ആഗ്രഹിക്കാത്തതും.

*
കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗൌരിയമ്മ, എം.എം.ലോറന്‍സ്, ലോനപ്പന്‍ നമ്പാടന്‍, ജനാര്‍ദനക്കുറുപ്പ്, ഭാനുപ്രകാശ്, മുരളി, എസ്.സി.എസ് മേനോന്‍ എന്നിവര്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രത്യേകതകളുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ആശംസകൾ!
http://voteforsampath.blogspot.com