Sunday, April 11, 2010

അറിവിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ രൂപംകൊണ്ട ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സംഘടനാരൂപമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനം പുതിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് തോമസാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്ധ്രയില്‍നിന്നുള്ള കിരണ്‍ സെക്രട്ടറിയും.

ആഗോളവല്‍ക്കരണകാലം പുതിയ സമരരൂപങ്ങളെയും സംഘടനകളെയും ആവശ്യപ്പെടുന്ന കാലംകൂടിയാണ്. പഴയ രൂപങ്ങളുടെ കേവലമായ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് മാത്രം ഇന്നിന്റെ പ്രശ്നങ്ങളെ നേരിടാന്‍ കഴിയില്ല. അടിസ്ഥാനസങ്കല്‍പ്പങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ പുതിയ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ കാലം അറിവിനു പുതിയ മാനങ്ങള്‍ വരുന്ന കാലം കൂടിയാണ്. അറിവ് മൂലധനമായി മാറുന്നു. അറിവിന്റെ നിയന്ത്രണമുള്ളവരുടെ കൈയിലാണ് സമ്പത്ത് കൂടുതലായി കുമിഞ്ഞുകൂടുന്നത്. അറിവിനെ വളച്ചുകെട്ടി സമ്പത്തിനെ വളച്ചുകെട്ടുകയെന്നത് ഈ കാലത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. അറിവധിഷ്ഠിത സമ്പദ്ഘടനയാണ് ഇപ്പോഴത്തേതെന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. അറിവിന്റെ നിന്ത്രണം കൈയടക്കുന്നതിനായി വലിയ സമരങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.

കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ വിന്‍ഡോസ് തെളിഞ്ഞുവരുമ്പോള്‍ ബില്‍ഗേറ്റ്സ് ചിരിക്കുന്നുണ്ട്. അതില്‍നിന്നുള്ള വിഹിതം മൈക്രോസോഫ്റ്റിനു കൃത്യമായി ലഭിക്കുന്നുണ്ട്. അതുമാത്രമാണ് കാര്യമെങ്കില്‍ വേണമെങ്കില്‍ നമുക്ക് അവഗണിക്കാം. ഓരോ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും അതിനായി ഓപ്പറേറ്റിങ് സോഫ്റ്റ്വയര്‍ ആവശ്യമാണ്. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണ്. നമ്മള്‍ ഒരു സാധനം വിലകൊടുത്തു വാങ്ങികഴിഞ്ഞാല്‍ അതു നമ്മളുടെ സ്വന്തമായി എന്നതാണ് ധാരണ. വാങ്ങിയ സാധാനത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനും മാറ്റി തീര്‍ക്കാനും വാങ്ങുന്നയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവകാശവുമുണ്ട്. നമ്മള്‍ ഒരു ഷര്‍ട് വാങ്ങിയാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അതു മാറ്റിതീര്‍ക്കാം. മുഴുകൈയന്‍ ഷര്‍ട് വാങ്ങിയയാള്‍ക്ക് അതു മുറിക്കൈ ആക്കി മാറ്റാന്‍ ആരുടെയും അനുവാദം കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍, വിന്‍ഡോസ് വാങ്ങുന്നയാള്‍ക്ക് ഈ സ്വാതന്ത്ര്യമില്ല. അറിവിന്റെ കുത്തക മൈക്രോസോഫ്റ്റിന്റെ കൈയില്‍ തന്നെയാണ്.

ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ച ലിനക്സ് വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. എംഐടിയില്‍ പ്രവര്‍ത്തിച്ചിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ലോകത്തിലെ സ്വതന്ത്ര സോഫറ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഗുരുവായാണ് അറിയപ്പെടുന്നത്. ഫ്രീ സോഫ്റ്റ് വെയര്‍ എന്നു കേള്‍ക്കുമ്പോള്‍ നല്ലൊരു വിഭാഗവും സൌജന്യമായ സംഗതി എന്ന അര്‍ഥത്തിലാണ് കാണുന്നത്. ഫ്രീഡത്തില്‍നിന്നാണ് ഈ ഫ്രീ വരുന്നത്. സ്വാതന്ത്ര്യമാണ് അതു പ്രതിനിധീകരിക്കുന്നത്. പകര്‍ത്തുന്നതിനും കൈമാറുന്നതിനും വകസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വാതന്ത്ര്യം നല്‍കുന്നു. തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ ലഭിച്ച ഈ സ്വാതന്ത്ര്യത്തെ ലോകം കൈയും നീട്ടി സ്വീകരിച്ചു. ചൈനയടക്കമുള്ള പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് നേരത്തെ മാറി. എന്നാല്‍, കുത്തകയുടെ താല്‍പര്യം സംരക്ഷിക്കുന്നവര്‍ ഇതിനെതിരായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.

ജനറല്‍ പബ്ളിക്ക് ലൈസന്‍സിങ്, കോപ്പി ലെഫ്റ്റ് എന്നിവയെല്ലാം ഈ സംവിധാനം രൂപം കൊണ്ടതിനുശേഷം വന്ന പദങ്ങളാണ്. പകര്‍പ്പവകാശമാണ് കോപ്പി റൈറ്റെങ്കില്‍ അതിനെ ഉപേക്ഷിക്കലാണ് കോപ്പി ലെഫ്റ്റ്. പൊതുവായ ആവശ്യങ്ങള്‍ക്കായി കൈമാറുന്നതിനും പകര്‍ത്തുന്നതിനും വിലകൊടുത്ത് വാങ്ങുന്നവര്‍ക്ക് അവകാശം ഉറപ്പുനല്‍കുന്നു.

മുംബൈയില്‍ ലോക സോഷ്യല്‍ ഫോറം നടന്നപ്പോള്‍ സ്റ്റാള്‍മാനും ദീര്‍ഘമായി സംസാരിക്കുന്നതിനു അവസരം ലഭിച്ചിരുന്നു. അറിവിനെയും അതിന്റെ പ്രയോഗത്തെയും സംബന്ധിച്ച് ജനാധിപത്യപരമായ കാഴ്ചപ്പാടുകളാണ് അദ്ദേഹം പങ്കുവെച്ചത്. കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളുള്ള പലരും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇതിനെ അടിസ്ഥാനപ്പെടുത്തിയ പ്രയോഗങ്ങളും വിജയകരമായി നടക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡ് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഐടി അറ്റ് സ്കൂള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ്. പ്രൊഫഷണല്‍ കോഴ്സുകളുടെ കൌണ്‍സലിങ്ങും പ്ളസ് ടുവിന്റെ കേന്ദ്രീകൃത പ്രവേശനത്തിനും ഉപയോഗിച്ചത് സ്വതന്ത്ര സോഫ്റ്റ്വെയറാണ്.

ഈ വര്‍ഷത്തെ ഐഐഎം പ്രവേശന പരീക്ഷാനടത്തിപ്പ് വലിയ വിവാദമായിരുന്നല്ലോ. സ്വയം നടത്താന്‍ ധൈര്യം കാണിക്കാതെ അമേരിക്കയിലെ കുത്തക കമ്പനിയെയാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്. വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പലയിടങ്ങളിലും കുട്ടികള്‍ക്ക് ഓണ്‍ ലൈനില്‍ കയറാന്‍ പോലും കഴിഞ്ഞില്ല.

ഇതു സംബന്ധിച്ച് ഹിന്ദു പത്രത്തില്‍ ആനന്ദ് പാര്‍ഥസാരഥി എഴുതിയ ലേഖനത്തില്‍ കേരളത്തിലെ പരീക്ഷാനടത്തിപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തവിധം വര്‍ധിക്കുകയും ചെയ്യും.

പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഒത്തുചേര്‍ന്ന് പുതിയ കൂട്ടായ്മയെക്കുറിച്ച് ചിന്തിച്ചത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ചില അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നതു മാത്രം പ്രവര്‍ത്തനമായി കണ്ടിരുന്നവര്‍ക്ക് ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. കൊച്ചി സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യ ഒത്തുചേരല്‍ ജനകീയ മുന്നേറ്റമായി ഈ പ്രവര്‍ത്തനത്തെ മാറ്റി. ഇപ്പോള്‍ ബംഗളൂരുവിലെ സമ്മേളനത്തില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. കേരളത്തില്‍ നിന്നും പ്രതിനിധികളായി 75 പേര്‍ പങ്കെടുത്തു.

അഖിലേന്ത്യാതലത്തില്‍ സംഘടന രൂപം കൊണ്ടത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. സാങ്കേതിക മേഖലയില്‍ ആവശ്യമായ സഹായം നല്‍കുന്നതിനും ഈ സംവിധാനത്തിനു കഴിയേണ്ടതുണ്ട്. അറിവിന്റെ മേഖലയിലെ പുതിയ സമരരൂപങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഈ കൂട്ടായ്മക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

8 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ രൂപംകൊണ്ട ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സംഘടനാരൂപമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനം പുതിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് തോമസാണ് പുതിയ സംഘടനയുടെ പ്രസിഡന്റ്. ആന്ധ്രയില്‍നിന്നുള്ള കിരണ്‍ സെക്രട്ടറിയും.

Calicocentric കാലിക്കോസെന്‍ട്രിക് said...
This comment has been removed by the author.
Calicocentric കാലിക്കോസെന്‍ട്രിക് said...

***എന്നാല്‍, വിന്‍ഡോസ് വാങ്ങുന്നയാള്‍ക്ക് ഈ സ്വാതന്ത്ര്യമില്ല. അറിവിന്റെ കുത്തക മൈക്രോസോഫ്റ്റിന്റെ കൈയില്‍ തന്നെയാണ്.

ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി.***

ഇങ്ങനെയല്ല സുഹൃത്തേ ഫ്രീ സോഫ്റ്റ്വെയറിന്റെ ആരംഭം. അതു വിന്‍ഡോസിനും വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്.

***ചൈനയടക്കമുള്ള പല രാജ്യങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് നേരത്തെ മാറി.***

ചൈന? ലോകത്തെ സോഫ്റ്റ്വെയര്‍ പൈറസിയുടെ കേന്ദ്രമായ ചൈന? പൈറസി ഫ്രീ സോഫ്റ്റ്വെയറാണെന്ന് രാജീവ് വിചാരിച്ചുകാണും.

***ഇതു സംബന്ധിച്ച് ഹിന്ദു പത്രത്തില്‍ ആനന്ദ് പാര്‍ഥസാരഥി എഴുതിയ ലേഖനത്തില്‍ കേരളത്തിലെ പരീക്ഷാനടത്തിപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്.***

ഹിന്ദുവില്‍വന്നതാണെങ്കില്‍ ഉറപ്പായും online ആയി ഉണ്ടാവും. അതൊന്നു കാണിച്ചു തരുമോ?
വന്‍വിവരക്കേടുകള്‍ തട്ടിവിടുമായിരുന്ന ഈ കോളമിസ്റ്റിനെ ഹിന്ദുവില്‍ കണ്ടിട്ട് രണ്ടു വര്‍ഷമായി. രാജീവ് എങ്ങനെയാണ് കണ്ടതെന്നാവോ?

ജനശക്തി said...

കൊള്ളാം കേട്ട കാലിക്കോ..പോസ്റ്റില്‍ നിന്ന് അവിടെ നിന്നും ഇവിടെ നിന്നും ഉദ്ധരിക്കുക. എന്നിട്ട് എന്തെങ്കിലും അതിനു താഴെ വിടുവാ എഴുതിവെക്കുക. കൊള്ളാം കേട്ട.

ഫ്രീ സോഫ്റ്റ്വെയറിന്റെ തുടക്കത്തെക്കുറിച്ചാണല്ലേ രാജീവ് പറഞ്ഞത്? നല്ല പുത്തി. ആനന്ദ് പാര്‍ത്ഥസാരഥിയുടെ ലേഖനം തപ്പിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിട്ടുകള. ഫോറം സഖാക്കള്‍ തപ്പിത്തരണോ? കൊള്ളാലോ. വേണമെങ്കില്‍ തപ്പിയെടുക്ക്. ചൈനയെക്കുറിച്ച് രാജീവ് എഴുതിയത് തെറ്റാണെന്ന് തെളിയിക്കുക. അല്ലാതെ മറ്റെന്തെങ്കിലും പുലമ്പിയിട്ടെന്ത് കാര്യം കാലിക്കോ?

ലേഖനങ്ങളിലെ പ്രസക്തമായ കാര്യങ്ങള്‍ മുഴുവന്‍ അവഗണിച്ച് താങ്കള്‍ക്ക് സൌകര്യമുള്ള ഇടങ്ങളില്‍ നിന്ന് സൌകര്യമുള്ള ഭാഗം മാത്രം എടുത്ത് എന്തെങ്കിലും പറഞ്ഞ് ലേഖകരെ പുച്ഛിക്കുന്നത് തുടരുക. അതുവഴി താങ്കള്‍ സ്വയം പരിഹാസ്യനാകുന്നതും തുടരുക. ആശംസകള്‍.

Calicocentric കാലിക്കോസെന്‍ട്രിക് said...

എന്നാല്‍ പിന്നെ തന്റെ ലേഖനത്തിലെ ഇന്നയിന്ന ഭാഗങ്ങള്‍ മാത്രമേ പ്രസക്തമായിട്ടുള്ളൂ, അവയെക്കുറിച്ചേ അഭിപ്രായം പറയാന്‍ പാടുള്ളൂ എന്നു ലേഖനകര്‍ത്താവ് അടയാളമിട്ടുതരണം.

ഒരു ലേഖനം ഉദ്ധരിക്കുമ്പോള്‍ കാണിക്കേണ്ടുന്ന സാമാന്യ മര്യാദ (പത്രമാണെങ്കില്‍ തിയ്യതി) കാണിക്കാതെ എഴുതിവെച്ചിട്ട് തപ്പിയെടുക്കാന്‍ പറയുന്നവനെ പത്രസ്ഥാപനത്തില്‍ വെച്ചിരിക്കാന്‍ പാടില്ല. അവനൊക്കെ ദേശാഭിമാനിയില്‍ തന്നെയിരിക്കണം.
പാര്‍ത്ഥസാരഥി ഹിന്ദുവില്‍ അവസാനം എഴുതിയ മണ്ടത്തരം readers' editor ന്റെ മുന്‍പില്‍ കുറച്ചു കടുത്ത രീതിയില്‍ കൈകാര്യം ചെയ്തതുകൊണ്ടുതന്നെയാണ് ചോദിച്ചത് എവിടെയുണ്ട് എന്ന്. കാണുന്നില്ല അല്ലേ?

ചൈനയെപ്പറ്റി ഒരു അവലംബവുമില്ലാതെ എന്തോ പറഞ്ഞിട്ട് തെറ്റെന്ന് എന്നോടു തെളിയിക്കാന്‍ പറയുന്ന ഈ വിദ്വാന്റെയൊക്കെ ഔചിത്യബോധത്തെയാണല്ലോ നമ്മള്‍ ദേശാഭിമാനി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സെന്‍സിബിലിറ്റി എന്നൊക്കെ പറയുന്നത്.

ജനശക്തി said...

കാലിക്കോ സ്ഥിരം കാണിക്കുന്ന ഈ കലാപരിപാടിയാണല്ലോ അവിടന്നും ഇവിടന്നും ഔട്ട് ഓഫ് കോണ്ടെക്സ് ഉദ്ധരിച്ച് എന്തെങ്കിലും എഴുതിവെക്കല്‍. ഈ പോസ്റ്റിലെ കമന്റില്‍ താങ്കള്‍ പ്രസ്താവിച്ചതിനു ലിങ്കൊന്നും ഇട്ടില്ലായിരുന്നു. (പാര്‍ത്ഥസാരഥിയെ കൈകാര്യം ചെയ്ത കഥക്കും ലിങ്കില്ല. കൈകാര്യം ചെയ്തോ എന്നതിനു താങ്കളുടെ ഈഗോ ബൂസ്റ്റിങ്ങിനപ്പുറം ഒരു പ്രസക്തിയും ഇല്ല എന്നത് മറ്റൊരു കാര്യം.) പിന്നെ മറ്റുള്ളവരോട് ലിങ്ക് തരാന്‍ പറയുന്നതെന്തിനു? മൊത്തം പോസ്റ്റില്‍ പാര്‍ത്ഥസാരാഥിയുടെ ലേഖനത്തെക്കുറിച്ചുള്ള പരാമര്‍ശമല്ല പ്രധാനവിഷയം താനും. അതാണ് പറഞ്ഞത് പ്രസക്തമായ കാര്യങ്ങള്‍ വിട്ടിട്ട് അപ്രസക്തമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന്. മനസ്സിലായാ?

രാജീവ് മൈക്രോസോഫ്റ്റിനെതിരായ സമരത്തെക്കുറിച്ച് പറഞ്ഞത് താങ്കള്‍ മനസ്സിലാക്കുന്നത് ഫ്രീ സോഫ്റ്റ്വെയറിന്റെ തുടക്കമായിട്ട്. ചിരിക്കാതെന്തു ചെയ്യും?

ചൈന ഫ്രീ സോഫ്റ്റ്വെയറിലേക്ക് മാറി എന്നു പറയുമ്പോള്‍ ഉടന്‍ പൈറസിയെക്കുറിച്ച് എന്തെങ്കിലും വിളമ്പിയാല്‍ മതിയോ? ഫ്രീ സോഫ്റ്റ്വെയറിലേക്ക് മാറിയിട്ടില്ല എന്നതിനു പകരമാവില്ല പൈറസിയെക്കുറിച്ചുള്ള വിളമ്പല്‍. മനസ്സിലായാ?

ഗൂഗിളില്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച് എന്നൊരു ഓപ്ഷന്‍ ഉണ്ട്. ശ്രമിച്ച് നോക്കുക. കിട്ടിയില്ലെങ്കില്‍ വിവരമറിയിക്കണേ..തരാം കേട്ടാ..

(ഫോറമേ ഷെമി..)

Calicocentric കാലിക്കോസെന്‍ട്രിക് said...

***രാജീവ് മൈക്രോസോഫ്റ്റിനെതിരായ സമരത്തെക്കുറിച്ച് പറഞ്ഞത് താങ്കള്‍ മനസ്സിലാക്കുന്നത് ഫ്രീ സോഫ്റ്റ്വെയറിന്റെ തുടക്കമായിട്ട്. ചിരിക്കാതെന്തു ചെയ്യും?***

എന്തോ കണ്ട് കഴുത ചിരിക്കുക എന്നു പറയും. ആ ചിരിയാണത്.

***ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ച ലിനക്സ് വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്.***

എന്നതു വായിച്ചാല്‍ ഈ സമരവുമായി ബന്ധമുണ്ട് ലിനക്സിന്റെ ഉദ്ഭവത്തിന് എന്നാണു വരിക. അങ്ങനെ വരുന്നില്ലെങ്കില്‍ അത് വിവരക്കേടു പറഞ്ഞ് ഇളിഞ്ഞുനില്ക്കുന്നതുകൊണ്ടാണ്.

ചൈന സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറി എന്ന് ഇവിടത്തെ ഒരു കൊഴണാശ്ശേരിക്കാരന്‍ പാര്‍ട്ടിവക മഞ്ഞപ്പത്രത്തില്‍ പുലമ്പിയതുകൊണ്ടായില്ലല്ലോ.

അഡ്വാന്‍സ്ഡ് സെര്‍ച്ചോ അല്ലാത്ത സെര്‍ച്ചോ ഒക്കെ പാര്‍ത്ഥസാരഥിയെ ഉദ്ധരിച്ചവന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം മനസ്സിലാവാത്ത, പറഞ്ഞാലും മനസ്സിലാവാത്ത വങ്കന്മാരാണ് ദേശാഭിമാനി നിറയെ?

ജനശക്തി said...

ഇതിനെതിരായ സമരം ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഫിന്‍ലന്‍ഡുകാരനായ ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ച ലിനക്സ് വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്.

എന്നത് വായിച്ചിട്ടിട്ട് താങ്കള്‍ ആദ്യം എഴുതിയത് “ഇങ്ങനെയല്ല സുഹൃത്തേ ഫ്രീ സോഫ്റ്റ്വെയറിന്റെ ആരംഭം. അതു വിന്‍ഡോസിനും വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്“ എന്നാണ്. അതു വായിച്ചാണു ചിരിച്ചത്. രംഗത്ത് മാറ്റമുണ്ടാക്കി എന്നെഴുതിയതിനെ ‘തുടക്ക‘മാക്കി വിമര്‍ശിക്കുന്ന അഭ്യാസം കണ്ടാല്‍ ചിരിച്ചു പോവും കേട്ടാ.ഷെമി.