Monday, April 19, 2010

വ്യത്യസ്തമായ റിയാലിറ്റി ഷോ

ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണിത്. കച്ചവടവല്‍ക്കരണത്തിന്റെ തരംതാണ കാഴ്ചകളായി ചിലതെല്ലാം അധഃപതിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പലര്‍ക്കും ഇത് ഒരു പുതിയ കാഴ്ചാനുഭവമാണ്. പിന്നീട് പലതും അരോചകമായി. മത്സരാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമുണ്ടായി. പലര്‍ക്കും ഇതു ചാകരയായിരുന്നു. എസ്എംഎസുകളുടെ വാണിജ്യ സാധ്യത പലരും ഇതുവഴിയാണ് തിരിച്ചറിഞ്ഞത്. അവതാരകര്‍ പലപ്പോഴും സഭ്യതയുടെ സീമകള്‍ ലംഘിച്ചു. മലയാളിക്ക് അന്യമായിരുന്ന പുതിയ ശരീരഭാഷയുടെ പ്രയോഗത്തില്‍ ചിലര്‍ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിധി പറയാന്‍ എത്തുന്നവര്‍ അറിവിന്റെ മഹാ കൊടുമുടി കയറിയവരെപ്പോലെ ഉപദേശങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഇവര്‍ക്ക് മുമ്പില്‍ മത്സരാര്‍ഥികള്‍ കരയുകയും താണുകേണ് അപേക്ഷിക്കുകയുംചെയ്തു. ഇതോടെ പല കുടുംബങ്ങളിലും റിയാലിറ്റി ഷോയുടെ സമയത്ത് റിമോട്ടില്‍ വിരല്‍ അമര്‍ത്തുന്ന പ്രവണത കൂടി. അപ്പോഴാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ സാമൂഹ്യപ്രതിബദ്ധതയുള്ള റിയാലിറ്റി ഷോ തുടങ്ങുന്നത്.

ദൂരദര്‍ശന്റെ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്സ്പ്രസാണ് പുതിയ കാഴ്ചാനുഭവം മലയാളിക്ക് നല്‍കുന്നത്. സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനുമാണ് ഇതിന്റെ പ്രധാന സംഘാടകര്‍. ഇതു യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നത് സിഡിറ്റാണ്. പൊതു ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള പരിപാടികള്‍ അധികവും വരുന്നത്. ഇക്കാര്യത്തില്‍ മലയാളം ദൂരദര്‍ശന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ നവീനമായ രീതിയില്‍ കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമായി അവതരിപ്പിക്കുന്നതില്‍ അത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സുസ്ഥിര വികസനത്തിന്റെ തനതു മാതൃകകളുമായി പ്രാദേശിക സര്‍ക്കാരുകളാണ് മത്സരത്തിനെത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ആദ്യഭാഗം. ഇത്രയുമധികം കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടല്ലോ എന്നു പലര്‍ക്കും തോന്നും. മാധ്യമങ്ങളില്‍ സാധാരണ ഇടം കിട്ടാത്തവയാണ് ഇവയില്‍ മഹാഭൂരിപക്ഷവും. പ്രാദേശിക ഭരണസമിതികളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും കോടതിയോ ഓംബുഡ്സ്മാനോ നടത്തുന്ന പരാമര്‍ശങ്ങളും ആഘോഷിച്ച് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് നല്ല കാര്യങ്ങളെക്കുറിച്ച് എഴുതാനും കാണിക്കാനും ഇടവും സമയവും കിട്ടാറില്ല. അധികാരവികേന്ദ്രീകരണം പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനരീതികളെ മാറ്റിമറിച്ചു. ആവശ്യത്തിനു പണവും അതു പ്രയോഗിക്കുന്നതിനുള്ള അധികാരവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ആസൂത്രണം ചെയ്തുവരുന്ന വാര്‍പ്പു മാതൃകകളുടെ നടത്തിപ്പുകാരെന്ന നിലയില്‍നിന്ന് വിപ്ളവകരമായ മാറ്റമാണ് ഈ സമിതികള്‍ക്ക് ഉണ്ടായത്. ഇതിന്റെ ഗുണം വികസന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഇതോടെ കൈവന്നത്. കഴിഞ്ഞ കുറെക്കാലത്തിനുശേഷം ആദ്യമായി നെല്ലുല്‍പ്പാദനത്തില്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയതിനുപിന്നില്‍ ഈ മുന്നേറ്റമുണ്ട്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന പല പാടങ്ങളിലും ഇപ്പോള്‍ കൃഷി നന്നായി നടക്കുന്നു. എന്റെ ഗ്രാമപഞ്ചായത്തായ അന്നമനടയില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ നെല്‍ക്കൃഷിയുടെ ഞാര്‍നടീലിനും കൊയ്ത്തിനും എന്നെ ക്ഷണിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലെ പാഡി മിഷന്റെ ചുമതലക്കാരനോട് വിളയെങ്ങനെയുണ്ടെന്ന് ചോദിച്ചു. സാധാരണ ഹെക്ടറില്‍ രണ്ട് ടണ്‍ നെല്ലാണ് ലഭിക്കാറുള്ളത്. ഇത് അഞ്ച് ടണ്ണില്‍ അധികമുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനക്ഷമതയിലും വലിയ മുന്നേറ്റമുണ്ടാകുന്നുണ്ട്.

ഇതുപോലുള്ള അനുഭവങ്ങളുടെ ചിത്രീകരണമാണ് ഗ്രീന്‍എക്സ്പ്രസില്‍ കാണുന്നത്. ചില പഞ്ചായത്തില്‍ കായികരംഗത്താണ് പുതിയ മുന്നേറ്റമുള്ളത്. സ്വന്തമായി അക്കാദമികള്‍ നടത്തുന്ന നിരവധി പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും റിയാലിറ്റി ഷോയില്‍ കാണുകയുണ്ടായി. വിധിനിര്‍ണയ പാനലില്‍ ആദരണീയരായ വ്യക്തിത്വങ്ങളാണ് ഉള്ളത്. കാര്‍ഷിക മേഖലയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഹേലിയും സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ കെ പി കണ്ണനും ആര്‍ വി ജി മേനോനും പ്രസാദ് സാറും ഡോക്ടര്‍ വിനീതമേനോനും മറ്റുമടങ്ങുന്ന ജൂറിയുടെ ചോദ്യങ്ങള്‍ കാര്യമാത്രപ്രസക്തവും നിലവാരമുള്ളതുമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും നല്‍കുന്ന മറുപടികള്‍ അവരുടെ അനുഭവത്തിന്റെയും അറിവിന്റെയും ചൂളയില്‍ സ്ഫുടം ചെയ്തെടുത്തതാണ്. സ്ത്രീകളായ പ്രസിഡന്റുമാര്‍ ആധികാരികമായി നടത്തുന്ന അവതരണം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. സിനിമാരംഗത്തുനിന്നും മറ്റും ചില സവിശേഷ വ്യക്തിത്വങ്ങളും ജൂറിയുടെ ഒപ്പം ഇരിക്കുന്നുണ്ട.് പരിപാടിയിലേക്ക് കാഴ്ചക്കാരെ ആകര്‍ഷിക്കാനായിരിക്കും ഇതുകൂടി ഉള്‍പ്പെടുത്തിയത്. എന്നാല്‍, അങ്ങനെ വരുന്നവരും പരിപാടിയുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നതാണ് ശ്രദ്ധേയം. നടി പത്മപ്രിയ പങ്കെടുത്ത എപ്പിസോഡ് ഞാന്‍ കണ്ടിരുന്നു. ഗൌരവമുള്ള ഇടപെടലുകളാണ് അവര്‍ നടത്തിയത്. സായ്നാഥ്, അരുണാറോയി, രവീന്ദര്‍സിങ് എന്നിങ്ങനെയുള്ള പ്രഗത്ഭ നിരയും വരുംദിവസങ്ങളില്‍ ജൂറിയായി വരുമെന്നാണ് പരിപാടിയുടെ പോര്‍ട്ടല്‍ പറയുന്നത്. ഗ്രീന്‍‌കേരള‌എക്സ്പ്രസ് എന്ന വെബ്പോര്‍ട്ടലില്‍ നടന്ന പരിപാടികളുടെ പൂര്‍ണരൂപവും ലഭ്യമാണ്.

ജൂറിയുടെ മാര്‍ക്കിടലിനൊപ്പം കാഴ്ചക്കാരുടെ എസ്എംഎസും വിധി നിര്‍ണയിക്കുന്നതിന്റെ ഭാഗമാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനു ജനങ്ങള്‍ക്ക് ലഭിക്കുന്ന ജനാധിപത്യ അവകാശത്തിന്റെ മറ്റൊരു രൂപം കൂടിയാണിത്. മറ്റു റിയാലിറ്റി ഷോകളിലെ എസ്എംഎസ് അയക്കുന്ന രീതിയില്‍നിന്നു ഗ്രീന്‍ എക്സ്പ്രസിലേത് വേറിട്ടുനില്‍ക്കുന്നത് ഈ മാനത്തിലാണ്.

കേരളത്തിലെ 999 പഞ്ചായത്തുകളില്‍നിന്നും 57 മുനിസിപ്പാലിറ്റികളില്‍നിന്നും അഞ്ചു കോര്‍പറേഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ പ്രവര്‍ത്തനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ഘട്ടത്തിലും പ്രത്യേകം സമ്മാനങ്ങളുണ്ട്. മുന്നുരംഗത്തും ഒന്നാം സ്ഥാനത്ത് എത്തുന്ന സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് ഒരുകോടി രൂപ വീതമാണ്. സംസ്ഥാനത്തു നടന്നുകൊണ്ടിരിക്കുന്ന നിശ്ശബ്ദ മാറ്റത്തിന്റെ ചിത്രീകരണമാണ് ഈ സാമൂഹ്യ റിയാലിറ്റി ഷോ കാഴ്ചവയ്ക്കുന്നത്. ഒരു പുതിയ അനുഭവം. ഗ്രാമ വികസനത്തിന്റെ നേര്‍ക്കാഴ്ചകളുടെ മാറ്റുരക്കലിനു ഗ്രീന്‍ എക്സ്പ്രസ് എന്നതിനേക്കാളും നാടിന്റെ തനിമയുള്ള ഒരു പേര് സംഘാടകര്‍ക്ക് കണ്ടെത്താമായിരുന്നു എന്ന ചെറിയ വിമര്‍ശം മാത്രമേ ഈ പരിപാടിയെക്കുറിച്ചുള്ളൂ. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ വികസനത്തിന്റെയും സമാനതകളില്ലാത്ത രേഖപ്പെടുത്തലായിരിക്കും പരിപാടി കഴിയുമ്പോള്‍ അവശേഷിക്കുക. അത് പുതിയ പ്രയോഗത്തിനുള്ള വഴികള്‍ കണ്ടെത്തുന്ന പാഠപുസ്തകമായി മാറുമെന്ന് ഉറപ്പ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

Mohamed Salahudheen said...

നല്ല തുടക്കം