Saturday, May 8, 2010

ഭീകരവാദവും സാമ്രാജ്യത്വവും

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരവാദം, പൊതുവെ പറഞ്ഞാല്‍, സാമ്രാജ്യത്വത്തിന്റെ ഒരു ഉപോല്‍പന്നമാണ്; ഭീകരവാദവിരുദ്ധ യുദ്ധമാകട്ടെ സാമ്രാജ്യത്വവികസനത്തിനുള്ള ഒരു പദ്ധതിയും.

2001 സെപ്തംബര്‍ 11 ലെ (9/11 എന്ന് അറിയപ്പെടുന്ന) സംഭവങ്ങള്‍ ഭീകരവാദത്തെയും പ്രതിഭീകരത (Counter terrorism) യെയും പറ്റി അതുവരെ നിലവിലിരുന്ന ധാരണകളെ നാടകീയമായി വ്യതിയാനപ്പെടുത്തി; പുതിയ പ്രതിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇവയെപ്പറ്റിയുള്ള സംവാദത്തിന്റെ ഉള്ളടക്കത്തെയും ദിശയെയും നിര്‍ണയിച്ചത് അമേരിക്കയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തെപ്പറ്റിയുള്ള ബുഷ് ഭരണകൂടത്തിന്റെ ആശയങ്ങളും സിദ്ധാന്തങ്ങളും ലോകത്തിനുമേല്‍ അടിച്ചേല്‍പിക്കുകയായിരുന്നു. ഈ ആശയങ്ങളും സിദ്ധാന്തങ്ങളും സാമ്രാജ്യത്വനിര്‍മിതിക്കും വികാസത്തിനും ഭീകരവാദവിരുദ്ധയുദ്ധത്തെ ഉപയോഗിക്കുന്നതിനുള്ള പ്രത്യയശാസ്ത്രനീതീകരണമായിരുന്നു.

ദീപാ ഒല്ലാപ്പള്ളി ചൂണ്ടിക്കാണിക്കുന്നതുപോലെ, "ലോകമെമ്പാടുമുള്ള അക്രമപരമായ തീവ്രവാദത്തെ അപഗ്രഥിക്കുവാന്‍ 9/11നെ കേന്ദ്രീകരിച്ചുള്ള ചട്ടക്കൂട് സ്വീകരിക്കുന്നത് അമേരിക്കയുടെതന്നെ പങ്കിന്റെ സ്വഭാവവും പ്രത്യാഘാതവും അവഗണിക്കുകയെന്ന അപകടത്തിലേക്ക് നയിക്കും. ഏറ്റവും വ്യക്തമായ ഉദാഹരണം ഇറാഖാണ്. അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനുമുമ്പ് അമേരിക്കയ്ക്ക് ഭീഷണിയായി ഭീകരവാദബന്ധങ്ങളോ, സംഘങ്ങളോ ഇറാഖില്‍ ഇല്ലായിരുന്നു. ആക്രമണത്തിനുശേഷം പ്രതികരണമെന്നനിലയില്‍ അമേരിക്കയെ എതിര്‍ക്കുന്നവരെ 'ഭീകരവാദികളെ'ന്ന് മുദ്രകുത്തി അമേരിക്കന്‍ ആക്രമണത്തിന് നീതീകരണം കണ്ടെത്തുമ്പോള്‍ ഹേതുവും ഫലവും തമ്മിലുള്ള വ്യത്യാസം മായ്ച്ചുകളയുകയാണ്. അതിലുപരി ആ സ്ഥിതിവിശേഷം പ്രതിഫലിപ്പിക്കുന്നത് അമേരിക്കന്‍ മേല്‍ക്കോയ്മയുടെ നിര്‍വചനശക്തിയാണ്''.

2001 സെപ്തംബര്‍ 11 ന് വാഷിങ്ടണിലും ന്യൂയോര്‍ക്കിലും ഭീകരാക്രമണം നടത്തിയത് അല്‍ഖ്വെയ്ദയാണെന്ന് വിശ്വസിക്കപ്പെടുന്നു; അല്‍ഖ്വെയ്ദതന്നെ അങ്ങനെ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. എന്തുകൊണ്ട് അമേരിക്കയെ ആക്രമിച്ചു? എന്തുകൊണ്ട് അല്‍ഖ്വെയ്ദ ആക്രമണം നടത്തി?

എന്തുകൊണ്ട് അമേരിക്കയെ ആക്രമിച്ചുവെന്നചോദ്യത്തിന് ഉത്തരം തേടുമ്പോള്‍, സാമ്രാജ്യത്വനയങ്ങള്‍ക്കും നടപടികള്‍ക്കുമുണ്ടായ തിരിച്ചടിയാണ് ഭീകരാക്രമണം എന്ന നിഗമനത്തിലാണെത്തുക. 'ഫോറില്‍ പോളിസി' (Foreign Policy) എന്ന വിഖ്യാതമായ അമേരിക്കന്‍ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായ മോവിസ് നയിം (Movies Naim) 2001 ഡിസംബര്‍ 7 ലെ "ഫൈനാന്‍ഷ്യല്‍ ടൈംസ്'' ല്‍ എഴുതിയ ലേഖനത്തില്‍ (Why the world loves to hate America) അമേരിക്കയോടുള്ള വിരോധം പ്രധാനമായും നാലുതരത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ടു; രാഷ്ട്രീയ സാമ്പത്തിക കാരണങ്ങള്‍, ചരിത്രപരം, മതപരം, സാംസ്കാരികം.

രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളിലുള്ളത് പ്രധാനമായും അമേരിക്കയുടെ വിദേശനയത്തോടുള്ള പ്രതികരണമാണ്. ഇസ്രായേലിനുള്ള പിന്തുണ, പശ്ചിമേഷ്യയിലെ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കുള്ള സഹായം, ബാള്‍ക്കന്‍ പ്രദേശത്തെ സംഭവവികാസങ്ങളില്‍ യുഎസിനുള്ള പങ്ക്, ഇറാഖിനും ക്യൂബയ്ക്കും എതിരെയുള്ള ഉപരോധം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കിയോട്ടോ ഉടമ്പടിയോടും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോടുമുള്ള എതിര്‍പ്പ് - ഇവയെല്ലാം നയിം ഈ പട്ടികയില്‍ഉള്‍ പ്പെടുത്തി. യുഎസിന്റെ സാമ്പത്തിക നയങ്ങളും നയിമിന്റെ കടുത്ത വിമര്‍ശനത്തിന് വിധേയമായി. പൊതുവെ പറഞ്ഞാല്‍ അമേരിക്കയുടെ സാമ്രാജ്യത്വനയങ്ങളാണ് അമേരിക്കയോടുള്ള വിരോധത്തിന് കാരണമായി നയിം കണ്ടെത്തിയത്.

അമേരിക്കന്‍ വിദേശനയത്തില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടുന്നത് പശ്ചിമേഷ്യയിലേതാണ്; പ്രത്യേകിച്ച് ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തില്‍. പലസ്തീന്‍പ്രശ്നം ഇവിടെ പരാമര്‍ശിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ഇസ്ളാമിക് തീവ്രവാദം അതിന്റെ നീതീകരണം കണ്ടെത്തുന്നത് പ്രധാനമായും പലസ്തീന്‍ പ്രശ്നത്തിലാണ്. പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശലംഘനം; അതിന് ഇസ്രായേല്‍ സ്വീകരിച്ചിട്ടുള്ള ക്രൂരമായ നടപടികള്‍; പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വത്തിന്റെ പ്രതിനിധിയായ ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ - ഇവയാണ് ഭീകരവാദത്തിന്റെ വളര്‍ച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും രാഷ്ട്രനേതാക്കളുമുണ്ട്. ഇത് ഭീകരപ്രവര്‍ത്തനത്തിന് നീതീകരണമാണെന്ന് ഇവരാരും പറയുകയില്ല. പക്ഷെ ഭീകരവാദത്തിനെതിരെയുള്ള യുദ്ധം ജയിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യം പലസ്തീന്‍ പ്രശ്നം പരിഹരിക്കുകയെന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി. പക്ഷേ എന്താണുണ്ടായത്? പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനുപകരം അമേരിക്കയുടെ ഭീകരവാദവിരുദ്ധയുദ്ധം അത് വഷളാക്കി. ഭീകരവാദവിരുദ്ധയുദ്ധത്തിന്റെ പേരില്‍ പലസ്തീനെതിരെയുള്ള ആക്രമണം ഇസ്രായേല്‍ കൂടുതല്‍ രൂക്ഷമാക്കി. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. അസംതൃപ്തിയും അസ്വസ്ഥതയും അമേരിക്കക്കെതിരെ രോഷവും ഉണ്ടാക്കുന്ന രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതോ അമേരിക്കയുടെ നയങ്ങള്‍ പുനഃപരിശോധന ചെയ്യുന്നതോ പ്രതിഭീകരതയുടെ ഭാഗമാക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന് പലസ്തീന്‍ പ്രശ്നത്തോടുള്ള സമീപനം വ്യക്തമാക്കി. സാമ്രാജ്യത്വം സൃഷ്ടിച്ച ഭീകരതയെ നേരിടാന്‍ കൂടുതല്‍ സാമ്രാജ്യത്വപരിപാടികള്‍ എന്നതായി അമേരിക്കയുടെ നയം.

സിഐഎയുടെ 'ബിന്‍ലാദന്‍ യൂണിറ്റി'ന്റെ മുന്‍മേധാവിയായ മാര്‍ക് ഷുയുര്‍, ബിന്‍ലാദന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും പ്രേരകശക്തി എന്താണെന്നതിനെപ്പറ്റി 'അമേരിക്കയില്‍ അപകടകരമായ ധാരണാപ്പിശക്' ഉണ്ടെന്ന് 2004 നവംബര്‍ 14-ാം തീയതി സെപ്തംബര്‍ 11 കഴിഞ്ഞ് മൂന്നുവര്‍ഷവും രണ്ടുമാസവും പിന്നിട്ടപ്പോള്‍ പ്രസ്താവിച്ചു. "മുപ്പതുകൊല്ലങ്ങളായി പിന്തുടരുന്ന വ്യക്തമായ ചില അമേരിക്കന്‍ നയങ്ങളാണ് ബിന്‍ലാദന്‍ നമ്മെ ആക്രമിക്കുന്നതിന് കാരണം. ഈ നയങ്ങളെ പുനരവലോകനം ചെയ്തിട്ടില്ല; ചോദ്യം ചെയ്തിട്ടില്ല, ഉപേക്ഷിച്ചിട്ടുമില്ല''. തെറ്റായ അമേരിക്കന്‍ നയത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചു: "ഇസ്രായേലിന് അമേരിക്ക നല്‍കുന്ന, ഒരു ചോദ്യവും ഉന്നയിക്കാതെയുള്ള പിന്തുണ, അറേബ്യന്‍ പ്രദേശത്തെ അമേരിക്കന്‍ സൈനിക സാന്നിധ്യം, മുസ്ളിങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ, സ്വേച്ഛാധിപതികളായ മുസ്ളിം ഭരണാധികാരികള്‍''.

അമേരിക്കയോടുള്ള വിരോധത്തിന്റെ സാമ്പത്തിക കാരണങ്ങളെപ്പറ്റിയും അല്‍പം വിശദീകരണം ആവശ്യമാണ്. 2001 ഡിസംബര്‍ ആദ്യവാരത്തില്‍ 'ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണ്‍' 'പ്യൂ' (Pew) എന്ന സംഘടനയുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായവോട്ടില്‍ 'ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള കയ്പ് നിറഞ്ഞ ധ്രുവീകരണത്തിന്റെ പ്രതിഫലനമാണ് സെപ്തംബര്‍ പതിനൊന്നിലെ സംഭവങ്ങള്‍ എന്നുകാണുകയുണ്ടായി. സാമ്പത്തികമുന്നേറ്റത്തില്‍ നഷ്ടം അനുഭവിക്കുന്ന രാഷ്ട്രങ്ങളിലും ജനവിഭാഗങ്ങളിലുംതന്നെയാണ് അമേരിക്കയെന്ന വന്‍ശക്തിയോടുള്ള കടുത്ത വിരോധം.

സെപ്തംബര്‍ 11 ന് അഞ്ചുമാസങ്ങള്‍ക്കുമുമ്പ് റോബര്‍ട്ട് വെയ്ഡ് (Robert Wade) എന്ന ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞന്‍ 'ദി എക്കണോമിസ്റ്റ്' വാരികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ സാമ്പത്തിക ആഗോളവല്‍ക്കരണംമൂലം പുറംതള്ളപ്പെടുന്നവര്‍ ഉയര്‍ത്തുന്ന ഭീഷണിയെപ്പറ്റി പറഞ്ഞിരുന്നു. ഈ കൂട്ടരും ഭീകരവാദവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ വെയ്ഡ് അത്തരം സാധ്യതകളെ തീര്‍ത്തും അവഗണിക്കരുതെന്ന് കൂട്ടിച്ചേര്‍ത്തു. 'ഭീകരവാദം തുടങ്ങിയ ആശയങ്ങള്‍ വളരുന്ന സാഹചര്യങ്ങളാണ് കണക്കിലെടുക്കേണ്ടത്. അവയ്ക്ക് രൂപംനല്‍കാന്‍ ഒസാമ ബിന്‍ലാദനെപ്പോലെയുള്ളവര്‍ക്കു കഴിയും. ദാരിദ്ര്യവും ഈ സാഹചര്യങ്ങളിലൊന്നാണ്. ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങളെ പാശ്ചാത്യരാഷ്ട്രങ്ങള്‍ പ്രകീര്‍ത്തിക്കുമ്പോള്‍തന്നെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്''.

ആഗോളവല്‍ക്കരണമെന്ന സാമ്രാജ്യത്വപദ്ധതിയും ഭീകരവാദത്തെ സൃഷ്ടിക്കുന്നു. ഇവിടെയും ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ആഗോളവല്‍ക്കരണത്തിന്റെ സുരക്ഷക്കും പ്രോല്‍സാഹനത്തിനും സൈനികശക്തി ഉപയോഗിക്കാനാണ് അമേരിക്ക തയ്യാറായത്.

1999ല്‍ തന്നെ അമേരിക്കന്‍ സൈനികശക്തിയും ആഗോളവല്‍ക്കരണവും തമ്മിലുള്ള ബന്ധത്തെ തോമസ് ഫ്രീഡ്മാന്‍ എന്ന പ്രശസ്ത എഴുത്തുകാരന്‍ വിശദീകരിച്ചു. "ആഗോളവല്‍ക്കരണം നടക്കണമെങ്കില്‍ സര്‍വശക്തനായ അമേരിക്ക അതിന്റെ ശക്തി ഉപയോഗിക്കാന്‍ മടിക്കരുത്. വിപണിയുടെ ഗുപ്തമായ കരം ഗുപ്തമായ ഒരു മുഷ്ടിയില്ലാതെ പ്രവര്‍ത്തിക്കുകയില്ല. അമേരിക്കയുടെ കരസൈന്യം, വ്യോമസേന, നാവികപ്പട എന്നീ പേരുകളിലാണ് സിലിക്കോണ്‍ താഴ്വരയിലെ സാങ്കേതികവിദ്യയ്ക്കായി ലോകത്തെ സുരക്ഷിതമാക്കുന്ന ഗുപ്തമായ മുഷ്ടി അറിയപ്പെടുന്നത്''.

2002 സെപ്തംബറില്‍ ബുഷ് ഭരണകൂടം അതിന്റെ 'ദേശീയസുരക്ഷാതന്ത്രം' യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ലോകത്തില്‍ സാമ്പത്തിക ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ധിക്കാരപരമായ അജണ്ട ഇതിലുണ്ട്. ഈ പ്രമാണരേഖയുടെ പീഠികയില്‍ പ്രസിഡന്റ് ബുഷിന്റെ ഒരു പ്രസ്താവനയുണ്ട്. "ലോകത്തിന്റെ എല്ലാ കോണുകളിലും ജനാധിപത്യവും വികസനവും സ്വതന്ത്രവിപണിയും സ്വതന്ത്രവ്യാപാരവും എത്തിക്കാന്‍ ഈ സന്ദര്‍ഭത്തിന്റെ നിമിഷം (ഭീകരതയ്ക്കെതിരെയുള്ള യുദ്ധം) ഉപയോഗിക്കും''. ലളിതമായി പറഞ്ഞാല്‍ ഭീകരവാദവിരുദ്ധയുദ്ധത്തെ ആഗോളവല്‍ക്കരണത്തിന്റെ സംരക്ഷണത്തിനും പ്രോല്‍സാഹനത്തിനും ഉപയോഗിക്കും.

ഭീകരവാദത്തിന് വഴിയൊരുക്കിയത് അമേരിക്കയുടെ സാമ്രാജ്യത്വ, വിദേശ, സാമ്പത്തിക നയങ്ങളാണെങ്കില്‍, അതിനെ അമേരിക്ക നേരിട്ടത്, ഈ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പാക്കാന്‍ സാമ്രാജ്യത്വയുദ്ധങ്ങളുടെ ഭീകരത അഴിച്ചുവിട്ടുകൊണ്ടാണ്.

എന്തുകൊണ്ടാണ് അല്‍ഖ്വെയ്ദ അമേരിക്കയെ ആക്രമിച്ചുവെന്ന ചോദ്യത്തിന് ഉത്തരം അന്വേഷിക്കുമ്പോള്‍, എന്താണ് അല്‍ഖ്വെയ്ദയുടെ ഉത്ഭവം, എങ്ങനെയാണ് അതിന്റെ വളര്‍ച്ച എന്നൊക്കെ പരിശോധിക്കേണ്ടിവരും. അതോടൊപ്പം താലിബാനെപ്പറ്റിയും.

ഭീകരവാദ വിരുദ്ധ യുദ്ധത്തെപ്പറ്റിയുള്ള വാഷിംഗ്ടണിന്റെ ഔദ്യോഗിക രേഖാ സമാഹാരത്തിലൊന്നും ഈ സംഘടനകളുടെ സാമൂഹ്യവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ, അവയുടെ വളര്‍ച്ച, സ്വാധീനം എന്നിവയെപ്പറ്റി വ്യക്തമായ വിശദീകരണമൊന്നുമില്ല. ഇത് അവിചാരിതമല്ല. ഈ രണ്ടു സംഘടനകളുടെയും പശ്ചാത്തലവും, പ്രവര്‍ത്തനവും ഗൌരവമായി പരിശോധിക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് വാഷിംഗ്ടണിന്റെ പങ്കിലാണ്.

1986. അന്ന് സിഐഎ മേധാവി വില്യം കേസി (William Casey) ആയിരുന്നു. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സൈന്യത്തിനെതിരെ നടന്നുകൊണ്ടിരുന്ന യുദ്ധത്തെപ്പറ്റി അദ്ദേഹം മൂന്നു തീരുമാനങ്ങളെടുത്തു. അതീവ രഹസ്യമായിരുന്നു അന്ന് ആ തീരുമാനങ്ങള്‍. സോവിയറ്റ് യൂണിയനെതിരെ മുജാഹിദിന്‍ യുദ്ധത്തിന് ആക്കം കൂട്ടുകയായിരുന്നു കേസിയുടെ ഉദ്ദേശം. ദൂരവ്യാപകമായ ഭവിഷത്തുകള്‍ക്ക് ഈ തീരുമാനങ്ങള്‍ കാരണമായി.

ഒന്നാമത്തെ തീരുമാനം, മുജാഹിദിന് അമേരിക്കന്‍ നിര്‍മ്മിത സ്റ്റിംഗര്‍മിസൈലുകള്‍ നല്‍കാനായിരുന്നു. സോവിയറ്റു വിമാനങ്ങളെ വെടിവച്ചുവീഴ്ത്താന്‍ പറ്റിയവയായിരുന്നു ഇവ. മിസൈലുകള്‍ നല്‍കാനും അവ ഉപയോഗിക്കാന്‍ മുജാഹിദിന്‍ ഭടന്മാരെ പരിശീലിപ്പിക്കുവാനുമായിരുന്നു സിഐഎയുടെ തീരുമാനം. അതുവരെ അമേരിക്ക മുജാഹിദിനു നല്‍കിയിരുന്ന സഹായം പരോക്ഷമായിരുന്നു. ആദ്യമായിട്ടാണ് നേരിട്ട് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും പരിശീലനവും നല്‍കാന്‍ തീരുമാനമായത്.

സോവിയറ്റ് റിപ്പബ്ളിക്കുകളായ താജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്താന്‍ ബ്രിട്ടന്റെ ചാര സംഘടനയായ എം-16ഉം പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയും ചേര്‍ന്ന് പ്രകോപനപരമായ ഒരു പദ്ധതിക്ക് സിഐഎ രൂപംനല്‍കി. ഇതായിരുന്നു രണ്ടാമത്തെ തീരുമാനത്തിന്റെ ഫലം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിന് ആവശ്യമുള്ള വിഭവങ്ങള്‍ എത്തിച്ചിരുന്നത് ഈ രാജ്യങ്ങളില്‍നിന്നോ അവയില്‍ കൂടെയോ ആയിരുന്നു.

മൂന്നാമത്തെ തീരുമാനമാണ് ഭീകരവാദത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. നേരത്തെതന്നെ ഐഎസ്ഐ മുന്‍കൈയെടുത്തിരുന്ന ഒരു പദ്ധതിക്ക് സിഐഎ പിന്തുണ നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്ളിം തീവ്രവാദികളെ പാകിസ്ഥാനില്‍ കൊണ്ടുവന്ന് അഫ്ഗാന്‍ മുജാഹിദിന്റെ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു ഈ പദ്ധതി. പാകിസ്ഥാന്റെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു: ഇസ്ളാമിക ഐക്യദാര്‍ഢ്യം ഉറപ്പാക്കുക; മുസ്ളിം ലോകത്തിന്റെ നേതൃത്വം പാകിസ്ഥാന് അവകാശമാക്കുക; മദ്ധ്യഏഷ്യയില്‍ ഒരു മുസ്ളിം പ്രതിരോധ മുന്നണി ഉണ്ടാക്കുക; ഇസ്ളാമികലോകം ഒറ്റക്കെട്ടായി നിന്നാണ് അഫ്ഗാന്‍കാരോടും അവര്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോടും ചേര്‍ന്ന് സോവിയറ്റ് യൂണിയനെതിരെ യുദ്ധംചെയ്യുന്നതെന്ന് സ്ഥാപിക്കുക-ഇവയൊക്കെ ലക്ഷ്യങ്ങളില്‍ ഉണ്ടായിരുന്നു. 'വഹാബിസ'ത്തെ പ്രോത്സാഹിപ്പിക്കാനും തീവ്രവാദികളെ പുറത്തേക്ക് അയക്കുവാനും ഇത് സൌകര്യപ്രദമാകുമെന്ന് തോന്നിയതിനാല്‍ ഈ പദ്ധതിയില്‍ സൌദിഅറേബ്യയും താല്‍പര്യം പ്രകടിപ്പിച്ചു.

ഈ പോരാളികള്‍ക്ക് അവരുടേതായ അജണ്ട ഉണ്ടാകുമെന്നും സോവിയറ്റ് യൂണിയനോടുള്ള ശത്രുതയ്ക്ക് പകരം പിന്നീട്, പിന്തുണനല്‍കുന്ന രാഷ്ട്രങ്ങളോടുതന്നെ ശത്രുതകാട്ടുമെന്നും പിന്തുണ നല്‍കിയവര്‍ അന്നു വിചാരിച്ചില്ല.

ഈ പദ്ധതിക്കുള്ള സാമ്പത്തിക സഹായം പ്രധാനമായും സൌദി അറേബ്യയില്‍നിന്നായിരുന്നു. 1982നും 1992നുമിടയ്ക്ക് 35000-ല്‍പരം തീവ്രവാദികള്‍ നാല്‍പത്തിമൂന്ന് ഇസ്ളാമിക രാഷ്ട്രങ്ങളില്‍നിന്ന് (പശ്ചിമേഷ്യ, മദ്ധ്യഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഉത്തര ആഫ്രിക്ക, പൂര്‍വ ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍നിന്ന്) മുജാഹിദിനോടൊത്ത് പൊരുതുവാന്‍ എത്തി. പാകിസ്ഥാനിലെ ഭരണാധികാരി ജനറല്‍ സിയായുടെ സൈനിക സര്‍ക്കാര്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തി മേഖലയില്‍ സജ്ജീകരിച്ച പുതിയ 'മദ്രസ'കളിലായിരുന്നു ഇവരുടെ പരിശീലനം. ഈ പരിശീലനകേന്ദ്രങ്ങള്‍ ഇസ്ളാമിക തീവ്രവാദത്തിന്റെ സര്‍വകലാശാലകളായി. ലോകം മുഴുവനുമുള്ള ഇസ്ളാമിക തീവ്രവാദികള്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കുന്നതിന്റെ ഭവിഷത്തുകളെപ്പറ്റി, ഇതെല്ലാം ആസൂത്രണംചെയ്ത 'ഇന്റലിജന്‍സ്' ഏജന്‍സികള്‍ ആലോചിച്ചതായി തെളിവൊന്നുമില്ല. സോവിയറ്റ് യൂണിയന്റെ പതനവും, ശീതസമരത്തില്‍ വിജയവും ഉറപ്പാക്കാനെന്നപേരില്‍ നടപ്പാക്കിയ ഈ പദ്ധതിക്ക് ഭാവിയില്‍ കനത്ത വില കൊടുക്കേണ്ടിവരുമെന്ന് അവരുടെ യജമാനന്മാരായ അമേരിക്കയും, പാകിസ്ഥാനും, സൌദിഅറേബ്യയും ഭരിച്ചിരുന്നവര്‍ മനസ്സിലാക്കിയതുമില്ല.

ഇസ്ളാമിന്റെ നാമത്തില്‍ മുജാഹിദിന്റെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നെത്തിയ ആയിരക്കണക്കിന് യുവാക്കളില്‍ ഒരാളായിരുന്നു ഒസാമാ ബിന്‍ലാദന്‍. സൌദിഅറേബ്യയിലെ രാജകുടുംബവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന വന്‍കിട നിര്‍മ്മാണ കമ്പനി ഉടമ മുഹമ്മദ് ബിന്‍ലാദന്റെ പുത്രനായിരുന്നു ഒസാമ. 'ജിഹാദി'ല്‍ പങ്കെടുക്കാന്‍ വരുന്ന സൌദി സംഘത്തിന്റെ നേതാവ് ഒരു രാജകുടുംബാംഗമായിരിക്കണമെന്നായിരുന്നു ഐഎസ്ഐയുടെ ആഗ്രഹം. രാജകുടുംബാംഗത്തെ കിട്ടിയില്ലെങ്കിലും, രാജകുടുംബത്തോട് വളരെ അടുത്ത ഒരാളെ കിട്ടി.

വളരെ വേഗം ഒസാമ ബിന്‍ലാദന്‍ മുജാഹിദിന്റെയും അതില്‍നിന്ന് രൂപം പ്രാപിച്ച അല്‍ഖ്വെയ്ദയുടെയും നേതൃനിരയിലെത്തി. വിദേശ ധനസഹായത്തിന്റെ ചുമതല ഒസാമാബിന്‍ലാദനായിരുന്നു. സിഐഎക്കും ഐഎസ്ഐക്കും ഒസാമാബിന്‍ലാദന്‍ പ്രിയങ്കരനായി.

അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ച് അധികം കഴിയുന്നതിനുമുമ്പ് സോവിയറ്റ് യൂണിയന്‍ ചരിത്രത്തിന്റെ ഭാഗമായി. സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണം അഫ്ഗാന്‍ മുജാഹിദിനാണെന്ന് പല മുജാഹിദിന്‍ നേതാക്കളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനെപ്പോലെയുള്ള ഒരു വന്‍ ശക്തിയെ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മറ്റേ വന്‍ ശക്തിയേയും തങ്ങളുടെ രാജ്യങ്ങളിലെ ജനവിരുദ്ധ ഭരണകൂടങ്ങളെയും പരാജയപ്പെടുത്തുവാന്‍ കഴിയുകയില്ല എന്ന ചോദ്യം മുജാഹിദിന്‍ - അല്‍ഖ്വെയ്ദ നേതാക്കള്‍ക്ക് സുഖകരമായി തോന്നി.

1996 ആഗസ്റ്റിലാണ് അമേരിക്കയ്ക്കെതിരെ ബിന്‍ലാദന്റെ ആദ്യത്തെ ജിഹാദ് പ്രഖ്യാപനം. കാരണമായി പറഞ്ഞത്, സൌദിയിലെ അമേരിക്കന്‍ 'അധിനിവേശമാണ്'. 'അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും ഭിത്തികള്‍ വെടിയുണ്ടകളാലല്ലതെ തകര്‍ക്കാന്‍ സാധ്യമല്ലെന്ന് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പീറ്റര്‍ബര്‍ഗന്റെ ഒരു പുസ്തകത്തില്‍ (Holy War Inc.) ബിന്‍ലാദന്റെ ഒരു പ്രസ്താവന ഉദ്ധരിച്ചിട്ടുണ്ട്. "സോവിയറ്റുയൂണിയന്റെ പതനം അമേരിക്കയുടെ അഹന്ത വര്‍ദ്ധിപ്പിച്ചു. ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരിയാണെന്ന് സ്വയം ഭാവിച്ച് നവലോക ക്രമം സ്ഥാപിച്ചു. യുഎസിനുള്ളത് ഇരട്ടത്താപ്പാണ്. അതിന്റെ അനീതിയെ എതിര്‍ക്കുന്നവരൊക്കെ ഭീകരവാദികളാണ്. ഞങ്ങളുടെ രാജ്യങ്ങളില്‍ അധിനിവേശംനടത്തി ഞങ്ങളുടെ വിഭവങ്ങള്‍ മോഷ്ടിക്കുന്നു. ഞങ്ങളെ ഭരിക്കാന്‍ കാര്യസ്ഥന്മാരെ നിയോഗിക്കുന്നു. ഇതെല്ലാം ഞങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു'.

അല്‍ഖ്വെയ്ദയുടെയും ഒസാമാബിന്‍ലാദന്റെയും വളര്‍ച്ചയില്‍ അമേരിക്കയുടെ പങ്ക് വിശദീകരിക്കുകയായിരുന്നു ഇവിടെ. ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമെന്ന് വിശേഷിക്കപ്പെടുന്ന അല്‍ഖ്വെയ്ദ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒരു ഉപോല്‍പന്നമാണ്.

ഭീകരവാദത്തെ നിര്‍വചിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. നിരപരാധികളായ ആളുകളെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഭീകരപ്രവര്‍ത്തനമാണ്. സൈനികേതരരെ ആക്രമിക്കുന്നത് ഭീകര പ്രവര്‍ത്തനമാണ്. ഇത്തരം ഭീകര പ്രവര്‍ത്തനം രാഷ്ട്രങ്ങളും, രാഷ്ട്രങ്ങളുടെ ചില ഏജന്‍സികളും, സംഘടനകളും, സംഘടനകളുടെ ചില വിഭാഗങ്ങളുമൊക്കെ നടത്തിയിട്ടുണ്ട്. ആരു നടത്തിയാലും നിരപരാധികളായ സാധാരണ പൌരന്മാരെ പ്രധാനമായും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ഭീകര പ്രവര്‍ത്തനമാണ്.

ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമാണ്. ഭീകര പ്രവര്‍ത്തനം സ്വാതന്ത്ര്യമോ നീതിയോ നേടുകയില്ല. അതുകൊണ്ടുതന്നെ ഭീകര പ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെയോ വിമോചന പോരാട്ടത്തിന്റെയോ ഭാഗമാകയില്ല. യഥാര്‍ത്ഥത്തില്‍ ഭീകരപ്രവര്‍ത്തനം സ്വാതന്ത്ര്യത്തെയും നീതിയേയും അപകടത്തിലാക്കുകയും പ്രതിലോമശക്തികളെ വളര്‍ത്തുകയും ചെയ്യും. ജനകീയ അടിത്തറയുള്ള ഒരു വിമോചന പ്രസ്ഥാനം അതിന്റെ സമരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി ആയുധങ്ങള്‍ എടുക്കുന്നത് ഭീകരവാദമല്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ് ഭീകരപ്രവര്‍ത്തനമല്ല.

ഭീകരത സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. അതിന് ലളിതമായ പരിഹാരമൊന്നുമില്ല. ബൌദ്ധികമായും, രാഷ്ട്രീയമായും അന്താരാഷ്ട്ര ബന്ധങ്ങളില്‍ അടുത്തയിട, ഇത്രയധികം പ്രാധാന്യം നല്‍കുന്നതോ ഇത്രയും ചിന്താക്കുഴപ്പമുണ്ടാക്കിയിട്ടുള്ളതോ ആയ ഒരു വിഷയമില്ല. പക്ഷേ മറ്റെന്നെത്തേക്കാള്‍ ഇതിന് വ്യക്തമായ ഒരു വിശദീകരണം ആവശ്യമാണ്. സെപ്തംബര്‍ 11നുശേഷം അമേരിക്കയുടെ വിദേശ നയത്തിലെ നിര്‍ണായകപ്രശ്നം ഭീകരവാദമാണ്.

ഭീകരവാദം പശ്ചിമേഷ്യയുടേത് മാത്രമായ പ്രശ്നമല്ല. ഇസ്ളാമിക പ്രശ്നവുമല്ല. ചരിത്രപരമായി യൂറോപ്യന്‍ ഭൂഖണ്ഡമാണ് രാഷ്ട്രീയകാരണങ്ങള്‍ക്കുള്ള ആക്രമണത്തെ ലോക വ്യാപകമാക്കിയതിനുമുന്നില്‍ നിന്നത്. ആധുനിക വ്യാവസായികയുദ്ധം വികസിപ്പിച്ചതും, ആധുനിക രാഷ്ട്രീയ നിയന്ത്രണത്തിനുള്ള അക്രമസങ്കേതത്തിന്റെ പ്രത്യേക ഉപകരണങ്ങള്‍-വംശനാശം, ക്രൂരമായ പീഡനം, ഭീകരവാദം-വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തന്നെയാണ്.

2001 സെപ്തംബര്‍ 11നുശേഷം ഭീകരവാദമെന്നത് ആഗോളതലത്തിലുള്ളതാണെന്നും അതിനെതിരെ ആവശ്യമായത് ആഗോളതല യുദ്ധമാണെന്നുമുള്ള ഒരു പുതിയ സിദ്ധാന്തത്തിനാണ് ബുഷ്ഭരണകൂടം രൂപംനല്‍കിയത്.

2001ല്‍ ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ ഒരു പുതിയ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതിക്കും അഥവാ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒരു പുതിയ രൂപത്തിന്, അദ്ദേഹത്തിന് എന്തെങ്കിലും പദ്ധതിയോ പരിപാടിയോ ഉണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ചില പ്രമുഖര്‍ - വൈസ് പ്രസിഡന്റ് ഡിക്ചെനി ഉള്‍പ്പെടെ അത്തരം ഒരു പദ്ധതിക്കായി കാത്തിരിക്കുകയായിരുന്നു.

ആ പദ്ധതിയുടെ പ്രമാണങ്ങള്‍ വളരെ വേഗം ബുഷ് ഭരണകൂടത്തിന്റെ വിദേശ, സൈനിക നയങ്ങളായിത്തീര്‍ന്നു. പദ്ധതിയുടെ പേര് "പുതിയ അമേരിക്കന്‍ നൂറ്റാണ്ടിനുള്ള പദ്ധതി'' ( Project for New American Century) പി എന്‍ എ സി എന്നായിരുന്നു. പുതിയ ഒരു അമേരിക്കന്‍ സാമ്രാജ്യത്തിനുള്ള പദ്ധതിതന്നെയായിരുന്നു അത്.

സോവിയറ്റ് യൂണിയന്റെ തിരോധനത്തോടെ അമേരിക്ക ഏക വന്‍ ശക്തിയായിത്തീര്‍ന്നു. രണ്ടു ധ്രുവങ്ങളുള്ള ലോകം അവസാനിച്ചു. ഈ സ്ഥിതി വിശേഷത്തെ ഭാവിയിലും സുസ്ഥിരമാക്കാനുള്ള പദ്ധതിക്ക് നവ യാഥാസ്ഥിതിക ബുദ്ധിജീവികള്‍ രൂപം നല്‍കാന്‍ ശ്രമിച്ചു.

അവരുണ്ടാക്കിയ രേഖയുടെ പേര് "പ്രതിരോധാസൂത്രണ മാര്‍ഗരേഖ'' ( Defense Planning Guidance) എന്നായിരുന്നു. നേരത്തെ പരാമര്‍ശിച്ച "ഒരു പുതിയ അമേരിക്കന്‍ നൂറ്റാണ്ടിനുള്ള പദ്ധതി''യുടെ അടിസ്ഥാനാശയങ്ങള്‍ ഈ മാര്‍ഗ രേഖയിലുണ്ടായിരുന്നു. ഭാവിയിലുണ്ടാകാവുന്ന പ്രതിയോഗിയായ ഒരു വന്‍ ശക്തിക്കെതിരെ അപ്രതിരോധ്യമായി യു എസ് സൈനിക ശക്തിയെ വികസിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഒരു തന്ത്രമായിരുന്നു അത്. ഈ രേഖ തയ്യാറാക്കിയപ്പോള്‍ വുള്‍ഫോവിറ്റ്സ്, ജോര്‍ജ്ജ്ബുഷ് രണ്ടാമന്റെ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയായി.

പ്രധാനമായി രണ്ടു വാദഗതികളാണ് ഈ രേഖയിലുണ്ടായിരുന്നത്. ഒന്ന്, അമേരിക്കയുടെ മുഖ്യലക്ഷ്യം ഒരു പുതിയ പ്രതിയോഗി ഉയരുന്നതു തടയുകയാണ്. ഇതിനാണ് ഏറ്റവും പ്രധാന പരിഗണന.

രണ്ട്, കൂട്ടായ പ്രവര്‍ത്തനം-സൈനിക പ്രവര്‍ത്തനമെന്നര്‍ത്ഥം-സാധ്യമല്ലാതെവരുമ്പോള്‍ സ്വതന്ത്രമായി, തനിയെ പ്രവര്‍ത്തിക്കാനുള്ള നിലപാട് അമേരിക്ക സ്വീകരിക്കണം. ഭാവിയിലെ സഖ്യങ്ങള്‍ താല്‍ക്കാലിക സഖ്യങ്ങളായിരിക്കുമെന്ന് യു എസ് പ്രതീക്ഷിക്കണം. ലോകക്രമം അന്തിമമായി ഉറപ്പാക്കുന്നത് അമേരിക്കയാണെന്ന ബോധം ശക്തിപ്പെടണം.

2000 സെപ്തംബറില്‍ പിഎന്‍എസി അതിന്റെ സുപ്രധാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. "അമേരിക്കയുടെ പ്രതിരോധങ്ങളുടെ പുനര്‍നിര്‍മ്മാണം: ഒരു പുതിയ നൂറ്റാണ്ടിനുള്ള തന്ത്രം, സേനകള്‍, വിഭവങ്ങള്‍'' ( The Rebuilding of the Defenses of America: The Strategy, Forces and Resources for a New Century) റിപ്പോര്‍ട്ട് ആരംഭിക്കുന്നത് ഇങ്ങനെയാണ്. "ഏറ്റവും ഉന്നതമായ സൈനിക ശക്തിയും, ആഗോള സാങ്കേതിക വിദ്യയുടെ നേതൃത്വവും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ക്രമവും ഉള്ള അമേരിക്ക ലോകത്തിലെ ഏക വന്‍ ശക്തിയാണ്. ഈ നേതൃസ്ഥാനം ഭാവിയില്‍ എത്രയും മുന്നോട്ടു കൊണ്ടുപോകാമോ, അത്രയും മുന്നോട്ട് നീട്ടുകയും, നിലനിര്‍ത്തുകയും ചെയ്യുകയെന്നതായിരിക്കണം അമേരിക്കയുടെ മഹത്തായ തന്ത്രം''.

സാമ്രാജ്യ നിര്‍മ്മിതിക്കുള്ള തന്ത്രം വിശദീകരിച്ച ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ കാര്യമായ ശ്രദ്ധയൊന്നും ആകര്‍ഷിച്ചില്ല. കടുംപിടുത്തക്കാരായ കുറെ യുദ്ധക്കൊതിയന്മാരുടെ അഭിപ്രായ പ്രകടനമെന്ന നിലയില്‍ റിപ്പോര്‍ട്ട് പൊതുവെ അവഗണിക്കപ്പെടുകയായിരുന്നു. ഇത് ഉടനെയൊന്നും സാധ്യമാകുന്ന ഒരു പദ്ധതിയല്ലെന്ന് റിപ്പോര്‍ട്ടില്‍തന്നെ പറഞ്ഞിരുന്നതും അതിനെ ഗൌരവമായി എടുക്കാതിരിക്കാന്‍ കാരണമായി. "ഒരു പുതിയ പേള്‍ഹാര്‍ബര്‍പോലെ അതീവ ആപല്‍ക്കരവും രാസത്വരകവുമായ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍, ഈ പരിവര്‍ത്തനം നേടിയെടുക്കുന്ന പ്രക്രിയ വളരെ ദീര്‍ഘമായിരിക്കു'മെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ജപ്പാന്‍ പേള്‍ഹാര്‍ബറില്‍ നടത്തിയ ആക്രമണമാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കയുടെ പങ്കിന്റെ ഗതിയും ആക്കവും തീവ്രതയും നിര്‍ണയിച്ചത്. അമേരിക്കയെ പിടിച്ചുകുലുക്കുന്ന അത്തരം ഒരു സംഭവമുണ്ടായാല്‍ ഈ സാമ്രാജ്യത്വ സൈനിക പദ്ധതി നടപ്പാക്കാന്‍ കാലതാമസമുണ്ടാകയില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുകയായിരുന്നു. ഈ സൂചന ഒരു പ്രവചനമായിരുന്നെന്ന് മാസങ്ങള്‍ക്കുള്ളില്‍ വ്യക്തമായി.

2001 സെപ്തംബര്‍ 11ന് അത് സംഭവിച്ചു; വാഷിംഗ്ടണിലും, ന്യൂയോര്‍ക്കിലും ഭീകരാക്രമണമുണ്ടായി. തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് ഏതുതരത്തിലുള്ള സംഭവവികാസമാണ്് അനുപേക്ഷണീയമെന്ന് 2000 സെപ്തംബറിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവോ അതുണ്ടായി. അമേരിക്കയെ മുഴുവന്‍ ഞെട്ടിച്ച സംഭവം; ലോകത്തെയും. അതേ, ഒരു പുതിയ പേള്‍ ഹാര്‍ബര്‍. പദ്ധതിയുണ്ടാക്കിയവര്‍ക്ക് അത് ഒരു കനകാവസരമായി.

സാമ്രാജ്യ നിര്‍മ്മിതിക്കുള്ള പദ്ധതി നടപ്പാക്കാനുള്ള സുവര്‍ണാവസരമായിരുന്നു അത്.

2002 ജൂണ്‍ മാസത്തില്‍ വെസ്റ്റ് പോയിന്റിലെ സൈനിക അക്കാദമിയില്‍ ചെയ്ത പ്രസംഗത്തില്‍ പ്രസിഡന്റ്ബുഷ് പറഞ്ഞു. "അമേരിക്കയ്ക്ക് വികസിപ്പിക്കാന്‍ സാമ്രാജ്യമില്ല. സാമ്രാജ്യം സ്ഥാപിക്കുവാന്‍ ഉദ്ദേശവുമില്ല''. നവംബര്‍ മാസത്തില്‍ വൈറ്റ്ഹൌസില്‍ മുന്‍ സൈനികരെ അഭി സംബോധന ചെയ്തുകൊണ്ട് ബുഷ് പ്രസ്താവിച്ചു. "നമുക്ക് പ്രദേശപരമായ മോഹങ്ങളൊന്നുമില്ല. ഒരു സാമ്രാജ്യം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നമ്മുടെ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്.-''

സാമ്രാജ്യനിര്‍മ്മിതിയെ പ്രസിഡന്റ് ബുഷ് നിഷേധിക്കുകയായിരുന്നു. അദ്ദേഹവും കൂട്ടാളികളും സെപ്തംബര്‍ പതിനൊന്നിനോട് പ്രതികരിച്ചത് യുദ്ധപ്രഖ്യാപനത്തോടെയാണ്; പ്രഖ്യാപനങ്ങളോടെയാണ് എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ബുഷ് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രവും, സൈനിക പ്രമാണങ്ങളുമെല്ലാം സാമ്രാജ്യത്വത്തിന്റേതായിരുന്നു.

എന്നാല്‍ ഈ പുതിയ സൈനിക പ്രമാണങ്ങളും യുദ്ധ തന്ത്രവുമെല്ലാം സെപ്തംബര്‍ 11നുമുമ്പുതന്നെ തയ്യാറാക്കിയിരുന്നവയാണെന്ന് തെളിയിക്കാന്‍ കഴിയും.

2001 സെപ്തംബര്‍ 20-ാം തീയതി അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗണ്‍ പ്രസിദ്ധീകരിച്ച "ചതുര്‍വത്സര പ്രതിരോധാവലോകനം'' ( Quadrennial Defense Review) പുതിയ സൈനിക സിദ്ധാന്തവും നയതന്ത്രവും അവതരിപ്പിച്ചു. നേരത്തേയുള്ള പുനരവലോകനങ്ങളുടെ ചുവടുപിടിച്ചാണെങ്കിലും ഭീകരവാദ വിരുദ്ധ യുദ്ധത്തിന് അനുയോജ്യമായവിധം പ്രതിരോധനയത്തിലും നയതന്ത്രതലത്തിലും നിര്‍ണായക വ്യതിയാനം ഉണ്ടാക്കുന്നതായിരുന്നു 2001-ലേത്.

ഇത് പ്രസിദ്ധീകരിച്ചത് 2001 സെപ്തംബര്‍ 20-ാം തീയതിയാണ്; അതായത് ഭീകരാക്രമണങ്ങള്‍ നടന്ന് ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍. ആക്രമണങ്ങള്‍ക്കു വളരെ മുമ്പുതന്നെ പൂര്‍ത്തിയാക്കിയതാണ് ഈ അവലോകനം എന്ന് വ്യക്തം. ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഉണ്ടാക്കിയതല്ലെങ്കിലും ഭീകരവാദയുദ്ധത്തിന്റെ പ്രമാണങ്ങളും തന്ത്രങ്ങളും ഈ രേഖയിലുണ്ട്. സെപ്തംബര്‍ 11നുമുമ്പുതന്നെ സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കുള്ള തന്ത്രങ്ങള്‍ തയ്യാറാക്കിയിരുന്നു.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ ആദ്യ പ്രഖ്യാപനദിനമായ സെപ്തംബര്‍ 20നുതന്നെയാണ് പ്രതിരോധ പുനരവലോകനം പ്രസിദ്ധീകരിക്കുന്നത്. ആയിരക്കണക്കിന് പേജുകളുള്ള രേഖ സെപ്തംബര്‍ 11നുമുമ്പുതന്നെ അച്ചടിച്ചു തുടങ്ങിയിരിക്കണം.

യുദ്ധംചെയ്യുന്നതിനും, യുദ്ധം ചെയ്യുന്നതിനുള്ള കഴിവുകള്‍ക്കും വ്യക്തമായ ഊന്നല്‍ നല്‍കുന്നതാണ് ഈ പ്രതിരോധാവലോകനം. അമേരിക്കയുടെ യുദ്ധ ലക്ഷ്യങ്ങളെ ഈ രേഖ വളരെ മുന്നോട്ടുകൊണ്ടുപോകുന്നു. ഇതിന്റെ പ്രധാനപ്പെട്ട ഒരു ആധാരം പി എന്‍ എ സി നേരത്തെ തയ്യാറാക്കിയിരുന്ന രേഖകളാണ്; അതേ, സാമ്രാജ്യ നിര്‍മ്മിതിക്കുള്ള പ്രതിരോധനയം അടങ്ങിയ രേഖകള്‍.

നിര്‍ണായകമായ വിജയത്തിലുപരിയായി ലക്ഷ്യമാക്കുന്നത് പ്രതിയോഗികളുടെ നിര്‍ണായകമായ പരാജയമാണ്. അതായത്, പ്രതിയോഗികളെ നശിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

"ഇറാഖിനുമേലുള്ള പ്രഹരം'' ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ബുഷ് നല്‍കിയ അന്ത്യശാസനത്തില്‍, ഇറാഖിലെ സൈന്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങിയില്ലെങ്കില്‍, "ഞങ്ങള്‍ നിങ്ങളെ നശിപ്പിക്കും'', പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ചു.

സാമ്രാജ്യത്വ യുദ്ധ ലക്ഷങ്ങള്‍ വിളംബരംചെയ്യുന്നതാണ് ഈ രേഖ. "പ്രതിയോഗിയായ രാഷ്ട്രത്തിന്റെ ഭരണകൂടത്തെ മാറ്റുക'', "യുഎസിന്റെ തന്ത്രപര ലക്ഷ്യങ്ങള്‍ നേടുന്നതുവരെ വിദേശരാജ്യത്ത് അധിനിവേശം നടത്തുക''. പ്രതിയോഗിയെ നിര്‍ണായകമായി തോല്‍പിച്ച്, ശത്രുരാജ്യത്തെ ഭരണാധികാരിയെ മാറ്റി, അവിടെ അധിനിവേശം നടത്തുന്നത് സാമ്രാജ്യ നിര്‍മ്മിതിയല്ലെങ്കില്‍ പിന്നെന്താണ്? പ്രദേശങ്ങളെ സൈനികമായി പിടിച്ചടക്കാനുള്ള യുദ്ധം സാമ്രാജ്യത്വ യുദ്ധമല്ലെങ്കില്‍ മറ്റെന്താണ്?

2001ലെ പ്രതിരോധനയം സാമ്രാജ്യത്വ സിദ്ധാന്തംതന്നെയാണ്. യുദ്ധത്തെ പൊതുവെയും ഭീകരവാദ വിരുദ്ധയുദ്ധത്തെ പ്രത്യേകിച്ചും ഈ സിദ്ധാന്തം പുനര്‍നിര്‍വചനംചെയ്തു. ഭീകരതാവിരുദ്ധയുദ്ധം ഭീകരവാദികളെ തോല്‍പിക്കാന്‍ മാത്രമല്ല, അമേരിക്ക ശത്രുക്കളായി കരുതുന്ന രാജ്യങ്ങള്‍ പിടിച്ചെടുത്ത്, അവിടെ ഭരണാധികാരികളെ മാറ്റി, അവയെ പൂര്‍ണ്ണമായും അമേരിക്കയുടെ രാഷ്ട്രീയ നിയന്ത്രണത്തിലാക്കുന്നതാണ് ഈ യുദ്ധം. അങ്ങനെ ഔദ്യോഗികമായിത്തന്നെ ഭീകരവാദ വിരുദ്ധ യുദ്ധം, സാമ്രാജ്യത്വ വികാസത്തിനുള്ള യുദ്ധമായിതീര്‍ന്നു.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭീകരവാദം, പൊതുവെ പറഞ്ഞാല്‍, സാമ്രാജ്യത്വത്തിന്റെ ഒരു ഉപോല്‍പന്നമാണ്; ഭീകരവാദവിരുദ്ധ യുദ്ധമാകട്ടെ സാമ്രാജ്യത്വവികസനത്തിനുള്ള ഒരു പദ്ധതിയും.

സുരേഷ് ബാബു വവ്വാക്കാവ് said...

പണവും ആയുധവും കൊണ്ട് സാമ്രാജ്യത്വങ്ങൾ ആക്രമിക്കുമ്പോൾ അവർക്കെതിരെ ചിലപ്പോൾ ആശയങ്ങൾ മാത്രം പോരാതെവരും. ആയുധങ്ങൾ എടുക്കേണ്ടി വരും