വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം, വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍, മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന് കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട് കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണ മേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം (ചാനലുകളില്‍ കണ്ടത് ആരോ യുട്യൂബില്‍ നിക്ഷേപിച്ചിരിക്കുന്നു) ഇപ്രകാരമാണ്: കേരളത്തിലൊരിടത്തും ഇല്ലാത്തതുപോലെ നൂറു മീറ്റര്‍ വീതിയിലുള്ള പാത കിനാലൂരിലെ ജനങ്ങളുടെ നെഞ്ചത്തോട്ട് വേണോ? 275 ഏക്കര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള വഴിക്കു വേണ്ടി 625 ഏക്കര്‍ അക്വയര്‍ ചെയ്യണോ? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. വസ്തുതാവിരുദ്ധമായും പ്രകോപനപരമായും ചില സംഘടനകള്‍ വ്യാപകമായി നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ അദ്ദേഹവും വീണു പോയിയെന്ന് വ്യക്തം. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ വരെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ എത്രമാത്രം പ്രചാരണവഞ്ചനകളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവും എന്നൂഹിക്കാവുന്നതേ ഉള്ളൂ. കുറ്റിച്ചൂലും ചാണകവെള്ളവും ഉപയോഗിച്ച് റോഡുപണിയാന്‍ വരുന്നവരെ നേരിടാനുള്ള 'ആര്‍ജ്ജവം' ഉമ്മമാര് കാണിക്കണമെന്ന ആഹ്വാനവും മറ്റൊരു വീഡിയോ(വട്ടോളി ബസാറിലോ മോരിക്കരയിലോ നന്മണ്ടയിലോ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രാദേശിക ചാനലിലേതായിരുന്നു ഈ വാര്‍ത്താദൃശ്യം)യില്‍ കണ്ടു. ടെലിവിഷനാനന്തര മാധ്യമലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നേതാക്കളും സംഘടനകളും പഠിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി ഈ കൂട്ടിപ്പറയല്‍/ശേഖരണം/പരതല്‍ എന്ന പ്രക്രിയയെ വ്യാഖ്യാനിക്കാവുന്നതാണ്.
കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോകുന്നതിനു മുമ്പായിട്ടാണ് ഈ പരതല്‍ നടത്തിയത്. അവിടെ സംസാരിക്കാനുള്ള നിര്‍ണായക വിവരങ്ങള്‍ തന്നെ ആ പരതല്‍ കാഴ്ചയില്‍ നിന്ന് ലഭ്യമാവുകയും ചെയ്തു. അത്യന്താധുനികം എന്നു വിളിക്കാവുന്ന ഈ അറിവ് മാത്രമായിരുന്നില്ല അന്നേ ദിവസം എനിക്ക് ലഭിച്ചത്. യാദൃഛികമായി അന്ന് കണ്ടുമുട്ടിയ ഒരു സുഹൃത്ത്, ഞാനും അദ്ദേഹവും താമസിക്കുന്ന നാട്ടിന്റെ പത്തു നാല്പതു വര്‍ഷം മുമ്പത്തെ സ്ഥിതി ഓര്‍മ്മിച്ചെടുത്തു. മണ്ണാര്‍ക്കാട് അങ്ങാടിയില്‍ നിന്ന് പൊമ്പ്ര എന്ന സ്ഥലത്തേക്ക് ഏകദേശം എട്ടു കിലോമീറ്റര്‍ ദൂരം വരും. അന്നവിടേക്ക് റോഡോ പാലങ്ങളോ ബസ് സര്‍വീസോ കാളവണ്ടി പോലുമോ ഇല്ല. ചുമട്ടു തൊഴിലാളി യൂണിയനുമില്ല. പൊമ്പ്രയിലെ പലചരക്കു കടയിലേക്ക് സാധനങ്ങള്‍ തലച്ചുമടായിട്ടാണ് കൊണ്ടു പോകുക. അമ്പതറുപതു കിലോ തൂക്കമുള്ള ഉപ്പിന് ചാക്ക് തലയില്‍ വെച്ച് കാരാടന്‍ ഹംസാക്ക നടന്നു വരുന്നത് സുഹൃത്ത് ഓര്‍മ്മിച്ചെടുത്തു. വഴിമധ്യേ ഏകദേശം നാലു കിലോമീറ്റര്‍ തികയുന്നിടത്താണ് സുഹൃത്തിന്റെ വീട്. വീടിനു ചുറ്റും നെല്പാടങ്ങളാണ്. ആ പാടത്തെ ഉയരം കൂടിയ ഒരു വരമ്പ് നോക്കി ഹംസാക്ക ഉപ്പിന് ചാക്കൊന്നിറക്കി വെക്കും. തലയില്‍ നിന്ന് തറയിലേക്കിറക്കാനും തിരിച്ച് കയറ്റാനും കൈസഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് കണ്ടത്തിലിറങ്ങിയ ശേഷം ഉയരം കൂടിയ വരമ്പത്തേക്ക് ചാക്കിറക്കുന്നത്. ഇറക്കി കഴിഞ്ഞ് നോക്കിയാല്‍, അദ്ദേഹത്തിന്റെ അര്‍ദ്ധനഗ്നമായ ശരീരത്തിലാകെ വിയര്‍പ്പും ഉപ്പിന് കല്ലുകളും കൂടി പരന്നൊലിക്കുന്ന കാഴ്ച കാണാം. സുഹൃത്തിന്റെ വീട്ടിലെത്തി ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ചോദിച്ചു വാങ്ങി കുടിച്ച് കുറച്ചിരുന്ന് വിശ്രമിച്ച് വീണ്ടും ചാക്ക് തലയിലേറ്റി ലക്ഷ്യസ്ഥാനത്തേക്ക് നടപ്പു തുടരുന്ന കഥാ നായകനെപ്പോലൊരാളെ പുതിയ കാലത്ത് അഞ്ഞൂറു രൂപ കൂലി കൊടുത്താലും കിട്ടാന്‍ പോകുന്നില്ല എന്ന അഭിപ്രായത്തോടെയാണ് സുഹൃത്ത് സ്ഥലകാലത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശ്ചര്യങ്ങള്‍ പങ്കുവെച്ചത്.
വിവരവിനിമയത്തിന്റെ പഴയതും ഏറ്റവും പുതിയതുമായ രണ്ടവസ്ഥകളില്‍ നിന്നുമായി ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അതിതാണ്. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ജനങ്ങള്‍ ആഗ്രഹിച്ച് ഒത്തൊരുമിച്ച് പ്രയത്നിച്ച് സര്‍ക്കാരിനെക്കൊണ്ട് നടത്തിയെടുത്തതാണ്. ചിലപ്പോഴൊക്കെ ശ്രമദാനത്തിലൂടെ, ചിലപ്പോള്‍ വിട്ടുകൊടുക്കലിലൂടെ, മറ്റു ചിലപ്പോള്‍ പൊന്നും വിലക്ക്, അപൂര്‍വ്വം ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം എന്നിങ്ങനെയാണ് റോഡുകള്‍ നീണ്ടും വളഞ്ഞു പുളഞ്ഞും പെരുകിപ്പെരുകി നാടിനെ നീട്ടിയതും ചെറുതാക്കിയതും. വഴികള്‍ തനിയെ വന്നതോ ഭരണകൂടം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതോ അല്ല. വാഹനങ്ങളുടെ പെരുപ്പം, യാത്രകളുടെ അത്യാവശ്യങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വളര്‍ച്ച, വ്യവസായങ്ങളുടെ വിപുലീകരണം എന്നിങ്ങനെ കുറെയധികം ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വികസനപ്രക്രിയയെ 'വികസനഭീകരത' എന്ന് വലിയ വായില്‍ വിശേഷിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ ഇളക്കിവിടുന്നത് ഏതുതരത്തിലുള്ള ന്യായത്തിന്റെയും ചരിത്രബോധത്തിന്റെയും പിന്‍ബലത്തിലാണ് എന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ സത്യത്തില്‍ ആലോചിക്കേണ്ടതാണ്. ഇത്തരക്കാരുടെ ദുഷ്പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയില്‍ നിമിഷനേരം കൊണ്ട് പ്രചരിപ്പിച്ച് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമനീതിയെ 'മാധ്യമ ഭീകരത' എന്ന് വിളിക്കുന്നതായിരിക്കും യുക്തം എങ്കിലും അത്തരം ജനാധിപത്യ വിരുദ്ധ പദപ്രയോഗങ്ങളും പദസംയുക്തങ്ങളും സാമൂഹികബോധത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ട് അതിനു മുതിരുന്നില്ല. റുപ്പെര്‍ട് മര്‍ഡോക്കിനെപ്പോലുള്ള ആഗോള മാധ്യമ ഭീമന്മാരാണ്, കേരളത്തില്‍ ഇടതു തീവ്രവാദത്തിന്റെയും ഇസ്ളാം മതമൌലികവാദത്തിന്റെയും ഹൈന്ദവഭീകരതയുടെയും രാഷ്ട്രീയ വലതുപക്ഷത്തിന്റെയും സംയുക്തമുന്നണിക്ക് പ്രചാരമുണ്ടാക്കിക്കൊടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും തൊഴിലാളി യൂണിയനുകളായി അണിനിരന്ന് വ്യവസായം മുടക്കികളായി കാലം കഴിക്കണമെന്ന സൈദ്ധാന്തിക ഉപദേശവുമായി കറങ്ങിനടക്കുന്നവരുടെ ബോറടികള്‍ അസഹനീയമായിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ ഏറ്റവും സജീവമായ വ്യവസായത്തിന്റെ തന്നെ വ്യാപനത്തെ തുടര്‍ന്നാണ് ഈ ദുസ്ഥിതി സംജാതമായതെന്നാണ് സത്യം. കമ്യൂണിസ്റ്റ് വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ പ്രചാരണം എന്ന വ്യവസായമാണ് കേരളത്തില്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഹിറ്റായി വികസിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളുടെയും പ്രധാന കുത്തക പത്രങ്ങളുടെയും മുഖ്യ സമയവും സ്ഥലവും ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വരുമാനം പരസ്യങ്ങളിലൂടെയും സര്‍ക്കുലേഷനിലൂടെയും ഈ പ്രചാരണമികവനുസരിച്ചാണ് ലഭിക്കുന്നത് എന്നു പോലും സമര്‍ത്ഥിക്കാവുന്നതാണ്. പണ്ട് അവസാനത്തെ ബസ്സില്‍ മുഷിഞ്ഞ ഷര്‍ട്ടുമിട്ട് മാധ്യമപ്രവര്‍ത്തകരോടൊപ്പം കടലകൊറിച്ച് സൊറ പറഞ്ഞ് നാടുപിടിച്ചിരുന്ന കരീമിന്റെ ശരീര ഭാഷയും സംസാര ഭാഷയും മാറി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പരിസ്ഥിതിക്കനുകൂലവും ജനങ്ങള്‍ക്കനുകൂലവും എന്ന മട്ടില്‍ പടച്ചു വിടുന്ന റിപ്പോര്ടുകളില് ചിലര്‍ എഴുതി നിറക്കുന്നത്.
സ്ഫോടനാത്മകമായ വിധത്തില്‍ സമരം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷനലുകളും വിദേശ ഫണ്ട് മേടിക്കുന്ന എന്‍ ജി ഒ കളും ചേര്‍ന്ന് പടച്ചു വിടുന്ന നുണകളും വിവാദങ്ങളും മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയാണെന്നു കാണാം. എച്ച് എം ടി ഭൂമി വിവാദത്തില്‍ ഇതു നാം കണ്ടതാണ്. അറുപതിനായിരം പേര്‍ക്ക് ജോലി ലഭ്യമാവുമെന്ന പ്രതീക്ഷയോടെയാണ് കേരള സര്‍ക്കാര്‍ ഹൈടെക് വ്യവസായത്തിന് അനുമതി നല്‍കിയത്. കുടിയൊഴിപ്പിക്കലോ സ്വകാര്യ സ്വത്തേറ്റെടുക്കലോ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളേറ്റെടുക്കലോ നെല്‍വയല്‍ നികത്തലോ ഇല്ലാത്തതും, കോടിക്കണക്കിന് രൂപ നിക്ഷേപവും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിച്ചിരുന്നതുമായ വ്യവസായ വല്‍ക്കരണം ഇല്ലാതാക്കാന്‍ സമരക്കാരും മാധ്യമങ്ങളും ചേര്‍ന്നുള്ള ജനവിരുദ്ധ ശക്തികള്‍ക്ക് സാധ്യമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉന്നത നിയമപീഠങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നടപടികള്‍ നിയമാനുസൃതം തന്നെയായിരുന്നു എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി എന്നത് മാധ്യമങ്ങള്‍ തമസ്കരിച്ചാലും ചരിത്രയാഥാര്‍ത്ഥ്യമമായി നിലനില്ക്കും.
ജനങ്ങള്‍ക്ക് ഭരണകൂടത്തിനെതിരെയും ഭരണകൂടത്തിന് ജനങ്ങള്‍ക്കെതിരെയും ഉപയോഗിക്കാവുന്ന ഒരു ഉപാധിയാണ് ജനാധിപത്യം എന്നാരോ പറഞ്ഞിട്ടുണ്ട്. അതു പോലെ; ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, ജനങ്ങളുടേതെന്ന വ്യാജേന ചില തല്പരകക്ഷികളുടെ പിന്തിരിപ്പന് അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, മാധ്യമ മുതലാളിമാര്‍ക്കും 'സര്‍വതന്ത്ര സ്വതന്ത്ര'രായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കാനും എല്ലാം ഉതകുന്ന ഒന്നായി കേരളത്തിലെ മാധ്യമരംഗം വികസിച്ചിരിക്കുന്നു അഥവാ സങ്കോചിച്ചിരിക്കുന്നു എന്നു ചുരുക്കം.
*
ജി. പി. രാമചന്ദ്രന്
Sunday, May 30, 2010
വികസന ഭീകരതയും മാധ്യമ ഭീകരതയും
Subscribe to:
Post Comments (Atom)
5 comments:
വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം, വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍, മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന് കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട് കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണ മേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം (ചാനലുകളില്‍ കണ്ടത് ആരോ യുട്യൂബില്‍ നിക്ഷേപിച്ചിരിക്കുന്നു) ഇപ്രകാരമാണ്: കേരളത്തിലൊരിടത്തും ഇല്ലാത്തതുപോലെ നൂറു മീറ്റര്‍ വീതിയിലുള്ള പാത കിനാലൂരിലെ ജനങ്ങളുടെ നെഞ്ചത്തോട്ട് വേണോ? 275 ഏക്കര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള വഴിക്കു വേണ്ടി 625 ഏക്കര്‍ അക്വയര്‍ ചെയ്യണോ? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. വസ്തുതാവിരുദ്ധമായും പ്രകോപനപരമായും ചില സംഘടനകള്‍ വ്യാപകമായി നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ അദ്ദേഹവും വീണു പോയിയെന്ന് വ്യക്തം. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ വരെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ എത്രമാത്രം പ്രചാരണവഞ്ചനകളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവും എന്നൂഹിക്കാവുന്നതേ ഉള്ളൂ. കുറ്റിച്ചൂലും ചാണകവെള്ളവും ഉപയോഗിച്ച് റോഡുപണിയാന്‍ വരുന്നവരെ നേരിടാനുള്ള 'ആര്‍ജ്ജവം' ഉമ്മമാര് കാണിക്കണമെന്ന ആഹ്വാനവും മറ്റൊരു വീഡിയോ(വട്ടോളി ബസാറിലോ മോരിക്കരയിലോ നന്മണ്ടയിലോ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രാദേശിക ചാനലിലേതായിരുന്നു ഈ വാര്‍ത്താദൃശ്യം)യില്‍ കണ്ടു. ടെലിവിഷനാനന്തര മാധ്യമലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നേതാക്കളും സംഘടനകളും പഠിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി ഈ കൂട്ടിപ്പറയല്‍/ശേഖരണം/പരതല്‍ എന്ന പ്രക്രിയയെ വ്യാഖ്യാനിക്കാവുന്നതാണ്.
//...സ്ഫോടനാത്മകമായ വിധത്തില്‍ സമരം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷനലുകളും വിദേശ ഫണ്ട് മേടിക്കുന്ന എന്‍ ജി ഒ കളും ചേര്‍ന്ന് പടച്ചു വിടുന്ന നുണകളും വിവാദങ്ങളും മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയാണെന്നു കാണാം....//
you are right Mr. GPR. ഒരു പാര്‍ട്ടിക്കും മന്ത്രിക്കും ഉളുപ്പില്ലാതെ കള്ളം പ്രചരിപ്പിക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് ഇവിടെ കാണാം.
വീണാല്‍ എഴുന്നേറ്റ് പോകണം സാറേ. കിടന്നുരുണ്ടാല്‍ കൂടുതല്‍ ചെളി പുരളും.
ചെറിയ വിഷയങ്ങളെ പെരുപ്പിച്ച് വാർത്തയാക്കുവാൻ ഉള്ള അത്യുത്സാഹവും മറ്റും സത്യം തന്നെ ആണ്. എന്നാൽ ഒരു പ്രധാന സംഗതി ജി.പി വിട്ടുപോയി. പൊതുവെദിയിൽ സമരക്കാരുടെ കല്ലേറ് കൊണ്ടാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് പറയുന്ന വ്യക്തി പോലീസിന്റെ അടികൊണ്ട് തലയും പൊത്തി കരഞ്ഞു വിളിച്ച് ഓടുന്നതും ഇടയ്ക്ക് വീഴുന്നതും ഈ തിരച്ചിലിനിടയിൽ കാണാഞ്ഞിട്ടോ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ?
കണ്ടിട്ട് കണ്ടില്ലെന്ന് നടിക്കുകയും കേട്ടിട്ട് കേൾക്കാത്ത ഭാവം കാണിക്കുകയും ചെയ്യുന്നവരെ ... കെ.ഈ.എൻ ശൈലിയിൽ എന്തെന്ന് പറയും?
Post a Comment