Friday, August 27, 2010

ജീവന്റെ നിര്‍മ്മിതി - ചില ധാര്‍മ്മിക പ്രശ്‌നങ്ങള്‍

ജീവശാസ്‌ത്ര ഗവേഷണ രംഗം സ്വകാര്യ മുതലാളിമാരുടെ ഏറ്റവും പുതിയ മേച്ചില്‍പ്പുറമാണ്. ആയിരക്കണത്തിന് കോടി രൂപയാണ് ഇന്ന് ജീവശാസ്‌ത്ര ഗവേഷണ രംഗത്തേക്ക് ഒഴുകുന്നത്. കണ്ണു കെട്ടിയ കുതിരയെപ്പോലെ പായുന്ന കോര്‍പ്പറേറ്റ് ശാസ്‌ത്രലോകം അവസാനം കൃത്രിമമായി ജീവനും സൃഷ്‌ടിച്ചു. ആധുനിക ജീവശാസ്‌ത്രം ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൈനംദിന ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നാം തല്‍ക്കാലത്തേക്കെങ്കിലും സന്തോഷിക്കുന്നു. പിന്നീട് ചിക്കിച്ചികഞ്ഞ്, ഇത്തരം ശാസ്‌ത്ര മുന്നേറ്റങ്ങളൊക്കെ സ്വകാര്യ ശാസ്‌ത്ര ഗവേഷണ ശാലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഇത്തരം കണ്ടുപിടുത്തങ്ങളുടെ ധാര്‍മ്മിക നൈതിക വശങ്ങളൊക്കെ നാം അന്വേഷിക്കാറ്. മൊന്‍സാന്റോ കമ്പനി ടെര്‍മിനേറ്റര്‍ വിത്തിനങ്ങള്‍ വികസിപ്പിച്ചപ്പോഴും, റോസ്‌ലിന്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ. ഇയാന്‍ വില്‍മുട്ട് സസ്‌തനിയെ ക്ളോണിങ്ങിലൂടെ സൃഷ്‌ടിച്ചെടുത്തപ്പോഴും മനുഷ്യ ജനിതക ഘടന അനാവൃതമായപ്പോഴും നാം ധാര്‍മ്മിക-നൈതിക പ്രശ്‌നങ്ങള്‍ക്കപ്പുറം ശാസ്‌ത്ര മുന്നേറ്റത്തിന്റെ വാര്‍ത്താമൂല്യത്തിനാണ് മുന്‍തൂക്കം കൊടുത്തത്.

യഥാര്‍ത്ഥത്തില്‍ ആധുനിക കാര്‍ഷിക രംഗത്തും വൈദ്യശാസ്‌ത്ര രംഗത്തും വളരെ മുന്നേറാന്‍ സഹായിക്കുന്ന ഇത്തരം കണ്ടുപിടുത്തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാന്‍ പ്രധാന കാരണം ഈ രംഗത്തെ അമിതമായ കച്ചവടവല്‍ക്കരണം തന്നെയാണ്. കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി ജീവശാസ്‌ത്ര ഗവേഷണങ്ങളിലേറെയും നടക്കുന്നത് സ്വകാര്യ കമ്പനികളുടെ ഗവേഷണ ശാലകളിലാണെന്നുള്ളത് ഈ രംഗത്തെ കച്ചവട താല്പര്യം വിളിച്ചോതുന്നുണ്ട്. കുത്തക കമ്പനികള്‍ക്ക് ഏതുതരം ഗവേഷണമായാലും പൊതുതാല്പര്യത്തിലുപരി ലാഭം തന്നെയാണ് പ്രധാനം. അവിടെ ധാര്‍മ്മികതക്കോ നൈതികതക്കോ ലവലേശം പ്രാധാന്യമില്ല. ഈ ഒരു പശ്ചാത്തലത്തിലാണ് പരസഹായമില്ലാതെ വിഭജിക്കാന്‍ കഴിവുള്ള ബാക്‌ടീരിയങ്ങളെ കൃത്യമമായി സൃഷ്‌ടിക്കുന്നതില്‍ അമേരിക്കയിലെ ക്രൈഗ് വെന്റര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഇരുപത്തഞ്ചോളം വരുന്ന ശാസ്‌ത്രജ്ഞര്‍ നേടിയ വിജയത്തെ നാം കാണേണ്ടത്. ആധുനിക ജനിതക ശാസ്‌ത്രത്തിലെ കുലപതിയായ ഡോ. ക്രൈഗ് വെന്റര്‍ നടത്തുന്ന ഈ സ്വകാര്യ സ്ഥാപനം മൈകൊപ്ളാസ്‌മ മയികോഡെസ് എന്ന സൂക്ഷ്‌മജീവിയുടെ ഒരു നൂതന മായ കൃത്രിമ സൃഷ്‌ടിയാണ് നടത്തിയത്. മൈകൊപ്ളാസ്‌മ മയികൊഡെസ് (JCVI-SYN-1)എന്ന് പേരിട്ടിരിക്കുന്ന ഈ കൃത്രിമ ജീവന്റെ സൃഷ്‌ടിക്കായി പതിനഞ്ച് വര്‍ഷത്തോളമാണ് ശാസ്‌ത്രസംഘം പ്രയത്നിച്ചത്.

കോശത്തിന്റെ ജനിതക ഘടനയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ രൂപപ്പെടുത്തിയശേഷം ഒരു ദശലക്ഷത്തിലധികം വരുന്ന ജനിതകഘടകങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി രാസപ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ച് മുന്‍ സൂചിപ്പിച്ച മൈകൊപ്ളാസ്‌മ മയികൊഡെസ് എന്ന അണുജീവിയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ശാസ്‌ത്രജ്ഞര്‍ ചെയ്‌തത്. ഈ പുതിയ സൂൿഷ്‌മജീവിയുടെ പ്രത്യുല്പാദനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് പരീക്ഷണശാലയില്‍ ശാസ്‌ത്രജ്ഞര്‍ സൃഷ്‌ടിച്ച ജീനുകളാണെന്നിരിക്കെ അതിനെ നമുക്ക് ജീവന്റെ കൃത്രിമ സൃഷ്‌ടി എന്ന് വിളിക്കാതെ വയ്യ. ഒപ്പം ക്രൈഗ് വെന്ററിനെ ‘ദൈവം’ എന്നും വിളിക്കേണ്ടിവരും. ഈ കണ്ടുപിടുത്തം വിഖ്യാത ശാസ്‌ത്ര മാസികയായ സയന്‍സ് എക് ‌സ്‌പ്രസ്സ് അതിന്റെ മേയ് 20 ലക്കത്തില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ക്രൈഗ് വെന്ററും സംഘവും തങ്ങളുടെ സൃഷ്‌ടിയുടെ ഗുണ-ഗണങ്ങളിലും അത് ഭാവിയില്‍ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് നല്‍കാന്‍ സാധ്യതയുള്ള സേവനങ്ങളെക്കുറിച്ചും ശുഭപ്രതീക്ഷയാണ് പുലര്‍ത്തുന്നത്. കൃത്രിമ സൂൿഷ്‌മജീവികളെ ഇത്തരത്തില്‍ സൃഷ്‌ടിച്ച് ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനും, പരിസര മലിനീകരണം ഉളവാക്കുന്ന പദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കാനും, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ചെറുചിലവില്‍ ഉത്പാദിപ്പിക്കാനും കഴിയുമെന്ന് ശാസ്‌ത്രലോകവും കരുതുന്നു. എന്നാല്‍ കോര്‍പ്പറേറ്റ് ശാസ്‌ത്രജ്ഞരുടെ ഈ പ്രതീക്ഷ അസ്ഥാനത്താണെന്ന് പറയാതെ വയ്യ. അവരെ നിയന്ത്രിക്കുന്നത് ലാഭക്കൊതിയന്മാരായ കുത്തക മുതലാളിമാരാണ് എന്നിരിക്കെ കൃത്രിമ ജീവന്റെ ഗുണ ഫലങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ലഭിക്കുന്നതെങ്ങിനെ? ഇതിനൊക്കെ അപ്പുറമാണ് ഇത്തരം കൃത്രിമജീവികളുടെ സൃഷ്‌ടിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍. നമ്മുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം അതില്‍ വസിക്കുന്ന ജീവന്റെ എല്ലാ രൂപങ്ങള്‍ക്കും അതിന്റേതായ ഒരു ദൌത്യമുണ്ട്. പരിണാമ സിദ്ധാത്തില്‍ അധിഷ്‌ടിതമായാണ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ അവയുടെ ദൌത്യം നിര്‍വ്വഹിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ പുതിയ ജീവന്റെ ഉത്പന്നങ്ങള്‍ പരീക്ഷണശാലയില്‍ നിന്ന് പുറത്തേക്ക് വന്നാല്‍ പ്രകൃതിയിലെ അതിന്റെ ദൌത്യം എന്തായിരിക്കുമെന്ന് ആര്‍ക്കും പിടിയില്ല. കൃത്രിമ ജീവന്റെ സൃഷ്‌ടാക്കള്‍ ഇതിന് ഉത്തരം പറയേണ്ട ഒരു സാഹചര്യം ഇക്കാരണത്താല്‍ സംജാതമായിട്ടുണ്ട്. കൃത്രിമജീവകോശങ്ങള്‍ ഉപയോഗിച്ച് ജൈവ ഇന്ധനങ്ങളും, മരുന്നും, എന്നുവേണ്ട ഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കുന്ന എല്ലാം ഉത്പാദിപ്പിക്കാം എന്നവകാശപ്പെടുന്ന കോര്‍പ്പറേറ്റ് ശാസ്‌ത്ര സമൂഹം ഇതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല. ഇന്ധനങ്ങളും, മരുന്നുമൊക്കെ ഉത്പാദിപ്പിക്കുന്ന കൃത്രിമ ജീവകോശങ്ങള്‍ നിര്‍മ്മിക്കുന്ന അതേ സാങ്കേതിക വിദ്യയിലൂടെ തന്നെ മാനവരാശിക്ക് ഭീഷണി ഉയര്‍ത്തുന്ന സൂക്ഷ്‌മജീവകോശങ്ങളും സൃഷ്‌ടിക്കാന്‍ കഴിയുമെന്ന കാര്യം നാം മറക്കരുത്.

കഴിഞ്ഞ ഒരു ദശകത്തിലെ ശാസ്‌ത്ര ഗവേഷണ രംഗത്തെ നിക്ഷേപത്തെ സൂൿഷ്‌മമായി നിരീക്ഷിച്ചാല്‍ ഈ രംഗത്ത് നിന്ന് പൊതു മേഖല സാവധാനം പിന്മാറുന്നതായികാണാം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ശാസ്‌ത്ര സാങ്കേതിക രംഗത്തേക്ക് സ്വകാര്യ മൂലധനം വരുന്നതിലാണ് താല്പര്യം. ഇന്ത്യയിലും ഈ പ്രവണത ശക്തമാകുന്നുണ്ട്. എന്നാല്‍ ജീവന്‍രക്ഷാ ഔഷധങ്ങളുടെയും പുതിയ വിത്തിനങ്ങളുടെയും വികാസത്തിന് സ്വകാര്യ മേഖല മുന്നിട്ടിറങ്ങിയാല്‍ സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകന്നുകഴിയുന്ന ലോകത്തെ ഒരു നല്ല ശതമാനം പാവപ്പെട്ടവര്‍ക്ക് അത് തിരിച്ചടിയാകും. സ്വകാര്യ കോര്‍പ്പറേറ്റ് ഗവേഷണശാലകള്‍ സാമൂഹിക പ്രതിബദ്ധതക്കപ്പുറം ലാഭക്കൊയ്‌ത്തിലായിരിക്കും താല്പര്യം കാട്ടുക. ബി ടി വഴുതന ഉള്‍പ്പെടെയുള്ള ആധുനിക ജൈവസാങ്കേതിക ഉത്പന്നങ്ങള്‍ ലോകത്തെമ്പാടുമുള്ള കമ്പോളങ്ങളില്‍ ശക്തമായ തിരിച്ചടി നേരിട്ടതിന് പ്രധാന കാരണം അവയുടെ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കുന്നതില്‍ അവയുടെ ഉപജ്ഞാതാക്കളായ സ്വകാര്യ കമ്പനികള്‍ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ്.

ശാസ്‌ത്രഗവേഷണ രംഗത്തേക്കുള്ള സ്വകാര്യ മൂലധനത്തിന്റെ ഒഴുക്ക് കൃത്യമായി നിയന്ത്രിക്കാനും പരിശോധിക്കാനുമുള്ള സംവിധാനം ലോകത്തെമ്പാടും നിലവില്‍ വരേണ്ടതുണ്ട്. ജീവന്‍രക്ഷാ ഔഷധങ്ങളുടെ കമ്പോളത്തിലെ വില നോക്കിയാണ് പല കുത്തക കമ്പനികളും അവരുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഉദാഹരണത്തിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന പല പകര്‍ച്ച വ്യാധികള്‍ക്കു മെതിരെയുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ മരുന്ന് കമ്പനികള്‍ക്ക് താല്പര്യമില്ല. കാരണം പട്ടിണിക്കാരുടെ രാജ്യമായ ആഫ്രിക്കയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന ലാഭമെടുത്തുകൊണ്ട് വലിയ വിലയ്‌ക്ക് വില്‍ക്കാന്‍ കഴിയില്ല.

ജീവകോശങ്ങളുടെ കൃത്രിമ നിര്‍മ്മിതിയും അതിന്റെ തുടര്‍ന്നുള്ള ഉപയോഗവുമെല്ലാം നല്ലതുതന്നെ, എന്നാല്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പൊതു ഉടമസ്ഥതയിലിലുള്ള പരീക്ഷണശാലകളില്‍ കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തുന്നതായിരിക്കും മാനവരാശിയുടെ ശാശ്വതമായ നിലനില്‍പ്പിന് നല്ലത്. ശാസ്‌ത്രം, പ്രത്യേകിച്ച് ജീവശാസ്‌ത്രം ഇനിയും മുന്നേറേണ്ടതുണ്ട്. പക്ഷെ ജീവശാസ്‌ത്ര ഗവേഷണ രംഗത്തെ നമ്മുടെ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത് ഒരിക്കലും ലാഭത്താല്‍ നിയന്ത്രിക്കപ്പെടുന്ന കമ്പോള ശക്തികളാകരുത്. ബി. ടി. വിത്തിനങ്ങള്‍ ഉള്‍പ്പെടെ ജീവശാസ്‌ത്ര ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് നിരവധി പുതിയ ഉത്പന്നങ്ങള്‍ പുറത്തുവരുന്നുണ്ട്. അവയെ, പ്രത്യേകിച്ച് സ്വകാര്യ ഗവേഷണശാലകളില്‍ നിന്ന് പുറത്തിറങ്ങുന്നവയെ ഗൌരവമായ സുരക്ഷാപരിശോധനകള്‍ക്കുശേഷമേ മനുഷ്യ ഉപയോഗത്തിനായി അനുവദിക്കാന്‍ പാടുള്ളൂ. ഈ രംഗത്തെ സ്വകാര്യ കമ്പനികളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ട്.

*****

ഡോ. എ. സാബു, കടപ്പാട് :യുവധാര ആഗസ്‌റ്റ് 2010

drsabu@gmail.com

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ജീവശാസ്‌ത്ര ഗവേഷണ രംഗം സ്വകാര്യ മുതലാളിമാരുടെ ഏറ്റവും പുതിയ മേച്ചില്‍പ്പുറമാണ്. ആയിരക്കണത്തിന് കോടി രൂപയാണ് ഇന്ന് ജീവശാസ്‌ത്ര ഗവേഷണ രംഗത്തേക്ക് ഒഴുകുന്നത്. കണ്ണു കെട്ടിയ കുതിരയെപ്പോലെ പായുന്ന കോര്‍പ്പറേറ്റ് ശാസ്‌ത്രലോകം അവസാനം കൃത്രിമമായി ജീവനും സൃഷ്‌ടിച്ചു. ആധുനിക ജീവശാസ്‌ത്രം ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൈനംദിന ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നാം തല്‍ക്കാലത്തേക്കെങ്കിലും സന്തോഷിക്കുന്നു. പിന്നീട് ചിക്കിച്ചികഞ്ഞ്, ഇത്തരം ശാസ്‌ത്ര മുന്നേറ്റങ്ങളൊക്കെ സ്വകാര്യ ശാസ്‌ത്ര ഗവേഷണ ശാലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് നാം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഇത്തരം കണ്ടുപിടുത്തങ്ങളുടെ ധാര്‍മ്മിക നൈതിക വശങ്ങളൊക്കെ നാം അന്വേഷിക്കാറ്. മൊന്‍സാന്റോ കമ്പനി ടെര്‍മിനേറ്റര്‍ വിത്തിനങ്ങള്‍ വികസിപ്പിച്ചപ്പോഴും, റോസ്‌ലിന്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ. ഇയാന്‍ വില്‍മുട്ട് സസ്‌തനിയെ ക്ളോണിങ്ങിലൂടെ സൃഷ്‌ടിച്ചെടുത്തപ്പോഴും മനുഷ്യ ജനിതക ഘടന അനാവൃതമായപ്പോഴും നാം ധാര്‍മ്മിക-നൈതിക പ്രശ്‌നങ്ങള്‍ക്കപ്പുറം ശാസ്‌ത്ര മുന്നേറ്റത്തിന്റെ വാര്‍ത്താമൂല്യത്തിനാണ് മുന്‍തൂക്കം കൊടുത്തത്.

Jack Rabbit said...

ഡോ. എ. സാബു wrote

നമ്മുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം അതില്‍ വസിക്കുന്ന ജീവന്റെ എല്ലാ രൂപങ്ങള്‍ക്കും അതിന്റേതായ ഒരു ദൌത്യമുണ്ട്. പരിണാമ സിദ്ധാത്തില്‍ അധിഷ്‌ടിതമായാണ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ അവയുടെ ദൌത്യം നിര്‍വ്വഹിക്കുന്നത്.

Enthanu ee specific ദൌത്യം ? This line of thinking is dropped in evolutionary biology

Dr. A Sabu said...

Yes, I strongly believe that there are specific role for each and every living thing in nature whether it is a single celled micro organism or a macro organism like humans and they try their level best to perform this role under optimum environmental conditions prevailing in nature. So if we create an artificial life, that particular life form will be alien in nature and it may find it difficult to even survive. Above all, personally I feel that these forms of life can only be considered as products of unethical research (bypassing the evolutionary route).
Sabu

Jack Rabbit said...

I respect your belief and feelings. But this kind of teleological thinking ( THIS HYPER LINK was given in my earlier reply. But in this page it doesn't display highlighted and underlined ) has no evidence in current biology. John Kircher has covered this beautifully in his book THE BALANCE OF NATURE published by Princeton Univ. press. Its second chapter (which is relevant to topic here) can be read freely in that google books link (click on name in CAPS). That will also save time and space here for my response.

Please note that doesn't mean our life is meaningless and we can kill them at our wish.

Almost all the varieties of dogs we see now are based on human selective breeding. That applies to most of the grains, fruits and vegetables. While doing that, we were actually tinkering with life forms at a macro level. The difference in this time is now Venter and his team has capability in doing at molecular level.

Since there are no general guide lines, it is very difficult to brand something (whose outcome cannot be predicted) as unethical or not. It mostly depends on people's socio-political and religious outlook. For an example, Mother Theresa in her Nobel prize receiving lecture identified abortion as the greatest destroyer of peace today (1979).

Dr. A Sabu said...

I agree with your opinion regarding the genetic manipulation at macro level while doing plant/animal breeding, but at the same time I strongly disagree with you when scientists starts working to create life forms artificially. I am of the opinion that there are enough life forms in nature with assigned duties for the existence of a very balanced world.The question is do we require a new form of life with entirely new genetic make up ? Will it be possible for the other life forms to co-exist with this new form of life whose behavior can not be predicted even by its creator.Like any other area of activities, science also need certain boundaries (This is my opinion and is based on the political ideology that I am following)

Vivara Vicharam said...

പരിണാമ സിദ്ധാന്തത്തിലെ പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ വിനാശകാരികളായ ജനുസുകളും സൃഷ്ടിക്കപ്പെടുന്നുണ്ടു്. അവയോടു് പ്രകൃതി പ്രതികരിക്കുന്നതു് പോലെ മനുഷ്യ സൃഷ്ടമായവയോടും പ്രതികരിച്ചു് സന്തുലനം (എല്ലായ്പോഴും താല്കാലികമാണതു്) നിലനിര്‍ത്തപ്പെടും എന്നും കരുതാം.

ഏതായാലും പ്രകൃതി പ്രതിഭാസങ്ങളില്‍ "ധാര്‍മ്മികത" ആരോപിക്കുന്നതു് കുറച്ചു് കടന്ന കയ്യാണു്.

ഒരേ ചുറ്റുപാടില്‍ ഒരേ പ്രതിഭാസം അരങ്ങേറുമ്പോള്‍ (സാധാരണയായി) ഒരേ ഫലം ഉണ്ടാകുന്നതു് നമ്മുടെ അനുഭവമാണു്. അതു് അവയ്ക്കെല്ലാം ഒരേ ധര്‍മ്മം നല്‍കപ്പെട്ടതുകൊണ്ടാണെന്നു് പറയുന്നതു് നിലവിലുള്ള വ്യവസ്ഥിതി നിലനിര്‍ത്താനായി എല്ലാം സൃഷ്ടികര്‍ത്താവു് നിശ്ചയിച്ചതു് പോലെ മാത്രമേ നടക്കൂ എന്ന വാദത്തിലേയ്ക്കാണെത്തിക്കുക. മറിച്ചു്, ഇതിനെ കാണേണ്ടതു്, ഒരേ ചുറ്റുപാടില്‍ ഒരേ പ്രതിഭാസം അരങ്ങേറുമ്പോള്‍ ഒരേ ഫലം ഉണ്ടാകുന്നതു്, പ്രകൃതി നിയമമാണു് എന്നാണു്. ചുറ്റുപാടുകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും മാറ്റമുണ്ടാകുമ്പോള്‍ നിയമങ്ങള്‍ക്കും മാറ്റം കാണാം. ഫലം മാറി വരുന്നതും നിയമം തന്നെയാണു്. ഏതു് നിയമത്തിനും (Rule) ഒഴിവും (Exception) ഉണ്ടാകും. നിയമം മാറുമ്പോള്‍ ചുറ്റുപാടും പ്രതിഭാസവും മാറുന്നതും കാണാം.

ഇത്തരം പ്രകൃതി നിയമങ്ങള്‍ കണ്ടെത്തി അവയ്ക്കനുരോധമായി പ്രകൃതിയിലിടപെട്ടാല്‍ നമുക്കു് വലിയ കോട്ടമോ കഷ്ടപ്പാടുകളോ കൂടാതെ കൂടുതല്‍ കാലം കഴിയാം. ഭാവി തലമുറയേയും അതിനനുവദിക്കാം. അതാണു് നമ്മുടെ "ധര്‍മ്മം”. മറ്റാരും അടിച്ചേല്പിക്കുന്നതല്ല. നാം ഏറ്റെടുക്കേണ്ടതാണതു്.

ഇതൊക്കെയായാലും ഉത്ഭവവും നാശവും പ്രകൃതി നിയമം തന്നെയാണു്.