Friday, September 4, 2009

സിനിമയുടെ ചെരിഞ്ഞ, വഴുക്കുന്ന പ്രതലം

ടി വി ചന്ദ്രനുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം.

മലയാള സിനിമാലോകത്ത് കലഹപ്രിയനും ശല്യകാരിയുമായി മാറിയിരിക്കുന്നു ടി വി ചന്ദ്രന്‍, അവാഡ് പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകിച്ചും. ഈ പ്രതിഛായ രൂപപ്പെട്ടതിന് കാരണം?

ഹ്യൂമന്‍ റെക്കഗ്നിഷനിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒഫീഷ്യല്‍ റക്കഗ്നിഷനിലല്ല. ആലീസിന്റെ അന്വേഷണം തൊട്ടിങ്ങോട്ട് ഒമ്പത് തവണയും സംസ്ഥാന അവാഡ് പ്രഖ്യാപനത്തില്‍ വിവാദത്തിന്റെ ഭാഗമായി എന്റെ പേര് വരാറുണ്ട്. കാരണം എനിക്ക് അവാഡ് കിട്ടാറുണ്ട്. എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ ഏറ്റവും നല്ല സിനിമയെന്ന് എന്റെ സിനിമയെക്കുറിച്ച് പറയും. ഒന്നുകില്‍ നല്ല സംവിധായകന്‍, അല്ലെങ്കില്‍ മികച്ച രണ്ടാമത്തെ ചിത്രം, അതുമല്ലെങ്കില്‍ നല്ല തിരക്കഥ എന്നൊക്കെ പറഞ്ഞ് എന്റെ സിനിമയെ രണ്ടാംസ്ഥാനത്തേക്കോ മൂന്നാംസ്ഥാനത്തേക്കോ തള്ളും. ഇത് ഒമ്പതു തവണ സംഭവിച്ചു. ഈ അനുഭവമുള്ള ഏക ഫിലിംമേക്കറാണ് ഞാന്‍. ഇതിന് ഒമ്പതു കമ്മിറ്റികള്‍ ഉണ്ടായിരിക്കണമല്ലോ. ഈ കമ്മിറ്റികളുടെ സമാനതക്ക് കാരണമുണ്ട്. ഞാന്‍ ഈ മേഖലയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നു എന്നതാണ് കാരണം. ഞാന്‍ ഒറ്റയ്ക്കാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് എന്റെ സിനിമയും ഒറ്റയ്ക്കായിപ്പോവും. എന്നിട്ടും ആ സിനിമകള്‍ തന്നെയാണ് എന്നെ സൃഷ്ടിച്ചത്. അല്ലെങ്കില്‍ ഞാനിവിടെ ഉണ്ടാവില്ലല്ലോ. മറ്റാരെക്കാളും എനിക്ക് ധൈര്യമായിട്ട് പറയാന്‍ പറ്റും, എനിക്ക് കിട്ടിയ എല്ലാ അംഗീകാരവും എന്റെ സിനിമക്കാണ്, എനിക്കല്ല. മറ്റ് പലരുടെയും കാര്യത്തില്‍ വ്യക്തിക്കാണ്. സിനിമക്കല്ല.

ഞാന്‍ ഒരു ശല്യകാരിയാണെന്ന് തോന്നിയിട്ടേയില്ല. വാസ്തവത്തില്‍ ഞാന്‍ മലയാള സിനിമയില്‍ നിന്ന് പോയിട്ട് നാലഞ്ച് വര്‍ഷമായി. ഇക്കാലത്തൊന്നും ഞാനൊന്നും മിണ്ടിയിട്ടില്ല. ഒന്നും മിണ്ടാതെ വെറുതെയിരിക്കുന്നയാള്‍ എങ്ങനെയാണ് ശല്യകാരിയാവുന്നത്. കഴിഞ്ഞ മൂന്നുനാലു കൊല്ലം ഞാന്‍ മലയാളസിനിമ എടുത്തിട്ടേയില്ല. ഇപ്പോഴിറങ്ങിയ 'ഭൂമിമലയാള'വും 'വിലാപങ്ങള്‍ക്കപ്പുറ'വും മാറ്റിനിര്‍ത്തിയാല്‍ 'കഥാവശേഷനാ'ണ് അവസാനത്തെ സിനിമ. ഇതിനിടയില്‍ ഞാന്‍ സിനിമയെടുത്തിട്ടില്ല. ഇക്കാലത്ത് ആരൊക്കെയോ എന്തൊക്കെയോ ശല്യങ്ങള്‍ ചെയ്യും, പരസ്പരം ചെളിവാരിയെറിയും, മാക്ട സമരം നടത്തും, അങ്ങോട്ടുമിങ്ങോട്ടുമാവും. അപ്പോഴൊന്നും ഞാനില്ല ഇവിടെ. കഴിഞ്ഞ വര്‍ഷത്തെ അവാഡ് പ്രഖ്യാപനത്തില്‍ അവാഡ് കിട്ടാത്തതിന്റെ പേരില്‍ ചിലര്‍ ജൂറിയെ ചീത്തവിളിക്കുമ്പോള്‍ ഞാനിവിടെ വെറുതെ ജീവിക്കുകയാണ്. അതിനുംമുമ്പ് ഒന്നര വര്‍ഷം അസുഖം പിടിച്ച് ആശുപത്രിയിലായിരുന്നു. നീ കുറേക്കാലം കേരളത്തിലില്ലാത്തതുകൊണ്ട് തോന്നുന്നതാ ഇതൊക്കെ. അക്കാലത്ത് ഒരു മാധ്യമത്തോടും പ്രതികരിച്ചില്ല. എനിക്കവരോട് പറയാന്‍ ഒന്നുമില്ല. ഞാനെന്തിന് അവരോട് സംസാരിക്കണം. 'ഞാനിവിടെ ഉണ്ട്' എന്ന് കാണിക്കാന്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നതില്‍ വിശ്വസിക്കാത്തയാളാണ് ഞാന്‍.

ഇപ്പോള്‍ പ്രസ്താവന നടത്തിയത് പെട്ടെന്ന് തോന്നിയ ഒരു വികാരം കൊണ്ടാണ്. ഈ വര്‍ഷത്തെ അവാഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എന്റെ ചേട്ടനെ ദഹിപ്പിക്കുന്ന പൊതുശ്മശാനത്തിലാണ്. കല്യാണം കഴിക്കാത്ത ആ മനുഷ്യന്റെ ചിതക്ക് തീകൊടുത്തത് എന്റെ മകനും സഹോദരന്റെ മകനുമാണ്. ഒരു ശവദാഹം നടക്കുമ്പോഴാണ് ഈ അവാഡിലൂടെ എന്റെ മനസ്സിലുള്ള സിനിമയുടെ ശവദാഹവും നടക്കുന്നത്. ചില പ്രത്യേക പ്രസ്താവനകള്‍ എന്നെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവാഡില്‍ ഞാന്‍ പ്രത്യേകമായി വിശ്വസിക്കുന്നുമില്ല. സംസാരിച്ച് ആളാവാന്‍ ശ്രമിക്കുന്നയാളല്ല, അതില്‍ താല്‍പര്യവുമില്ല. എന്നോട് ഏറ്റുമുട്ടിയാല്‍ ഞാന്‍ തിരിച്ചു പറയും. ഞാനാരെയും ഭയപ്പെടുന്നില്ല. ഞാനെന്റെ വര്‍ക്കിലാണ് വിശ്വസിക്കുന്നത്. ഞാനിപ്പോള്‍ വലിയൊരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. അതിലാണ് വിശ്വാസം, ഈ വിവാദങ്ങളിലൊന്നുമല്ല.

എങ്കിലും ഇതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് ഞാനും ഭാര്യയും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ചെയ്ത പടമാണ്. ഒരുപാട് കാശ് കിട്ടാനുണ്ട്. ആ പ്രയാസങ്ങള്‍ പെട്ടെന്ന് തള്ളിക്കളഞ്ഞ് വര്‍ക്ക് തുടങ്ങാന്‍ പറ്റില്ല. എന്നാലും മനസ്സില്‍ ഞാന്‍ എന്റെ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു. അതില്‍നിന്നാര്‍ക്കുമെന്നെ തടയാനുമാവില്ല. ഈ വര്‍ഷത്തെ അവാഡ് വിവാദമൊക്കെ നടക്കുമ്പോള്‍ എനിക്കുറപ്പുണ്ട്, എന്നെപ്പോലെ വേറൊരാളുടെ മനസ്സിലും പുതിയ ഒരു സിനിമയുണ്ടാവുന്നുണ്ടെന്ന്. ഇതാണെന്റെ ശക്തിയായി ഞാന്‍ കാണുന്നത്. 'കഥാവശേഷ'ന് രണ്ടാം സ്ഥാനമാണ് കിട്ടിയത്. അതിനു തന്നെയാണ് ഒന്നാംസ്ഥാനം കിട്ടുകയെന്ന് പറഞ്ഞവര്‍ അവസാനമത് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്ന ഫണ്ണി റീസണ്‍ പറഞ്ഞ് രണ്ടാംസ്ഥാനത്തേക്ക് തള്ളുമ്പോള്‍ ഞാന്‍ 'ആടുംകൂത്ത്' എന്ന തമിഴ് ‌സിനിമ ചെയ്തുകൊണ്ടിരിക്കയായിരുന്നു. ഞാനത് അറിഞ്ഞിട്ടുപോലുമില്ല. ഇതാണ് ഞാന്‍ എന്റെ ശക്തിയായി കാണുന്നത്. ഞാന്‍ ഇതിന്റെയൊന്നും പിറകെ പോവാറില്ല. ആരൊക്കെയാണ് അവാഡ് കമ്മിറ്റിയിലുള്ളതെന്ന് അന്വേഷിക്കാറുമില്ല. അവരെ വിളിക്കാറുമില്ല. എന്നോട് ഒരു ചെയര്‍മാനും ഇതുവരെ സംസാരിച്ചിട്ടില്ല.

'പൊന്തന്‍മാട'ക്ക് മികച്ച സംവിധായകന്‍, ക്യാമറാമാന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നാല് ദേശീയ അവാഡുകള്‍ ലഭിച്ചിരുന്നു. ഇത് തീരുമാനിച്ച ജൂറി പതിനഞ്ച് ദിവസം യോഗം ചേരുമ്പോള്‍ ആ ദിവസമത്രയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ട്രോക്ക് വന്ന അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു. അവാഡ് കമ്മിറ്റി ചേരുന്നതുപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അച്ഛനെ വീട്ടിലാക്കി തിരിച്ചുവരുമ്പോള്‍ പട്ടാമ്പി ബസ്സ്റ്റാന്‍ഡില്‍ വച്ച് പന്ത്രണ്ടരയുടെ റേഡിയോ വാര്‍ത്തയിലൂടെയാണ് നാല് ദേശീയ അവാഡ് കിട്ടിയ വിവരം അറിയുന്നത്. അങ്ങനെയുള്ള ഏത് സംവിധായകനുണ്ടോ ഇവിടെ. തിരിച്ച് വീട്ടിലെത്തിയ ഉടനെ നാട്ടില്‍ നിന്ന് ഫോണ്‍ വന്നു, അച്ഛന് വീണ്ടും സീരിയസ് ആണെന്നറിയിച്ച്. പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ മന്ത്രിമാരടക്കമുള്ളവര്‍ എന്നെ അഭിനന്ദിക്കാന്‍ ഫോണില്‍ വിളിച്ചു. അവരെയൊക്കെ ഞാന്‍ ചീത്ത പറഞ്ഞു. കാരണം അച്ഛനാണ് മനസ്സു നിറയെ. 'ബെസ്റ്റ് ഡയരക്ടറായി ചന്ദ്രാ' എന്നൊക്കെ വിളിച്ചു പറഞ്ഞവരോട് 'അതിന് തനിക്കെന്തെടോ' വേണ്ടത് എന്ന് ഞാന്‍ ചോദിച്ചിരുന്നു.

ഇതൊക്കെ എന്നെ പഠിപ്പിക്കുന്നത് വേറെ ചിലതാണ്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മള്‍ വളരെ ചെറുതാണെന്ന് മനസ്സിലാവുന്നത്. നമ്മളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നു മനസ്സിലാവുമ്പോള്‍ നമ്മുടെ വല്ലാത്ത അഹന്തകളൊക്കെ കുറയും. അതുകൊണ്ടാണ് എനിക്കിപ്പോഴും ബാലന്‍സ് ചെയ്ത് ജീവിക്കാന്‍ പറ്റുന്നത്. എനിക്കിപ്പോഴും തെരുവുകളിലൂടെ നടക്കാനും എന്റെ അപ്പിയറന്‍സിനെക്കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാനും പറ്റുന്നത്.

എനിക്ക് ഏഴ് ദേശീയ അവാഡ് കിട്ടിയിട്ടുണ്ട്. ഒമ്പത് തവണ എന്റെ സിനിമകള്‍ പനോരമയിലെത്തി. ഇങ്ങനെയുള്ള ഒരാള്‍ക്ക് വളരെ മനോഹരമായി ജീവിച്ചുപോകാം. ഞാന്‍ അങ്ങനെയൊന്നുമല്ല. അങ്ങനെ ഒരു കാലത്തും ആഗ്രഹിച്ചിട്ടുമില്ല. എന്റെ സിനിമകളാണ് മത്സരിച്ച് ജയിച്ചത്, ഞാനല്ല. ഒരു ഫെസ്റ്റിവലിലും കമ്മിറ്റിയിലും ഞാന്‍ മത്സരിച്ചിട്ടില്ല. ഞാനെന്റെ സിനിമ അയച്ചുകൊടുത്ത് അകലെ നിന്ന് നോക്കും, എന്താണ് ഈ പാര്‍ടി ചെയ്യാന്‍ പോകുന്നതെന്ന്. 'മങ്കമ്മ'യൊക്കെ സമ്മാനങ്ങള്‍ വെട്ടിപ്പിടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു രസം.

പിന്നെ ഇതൊരു ലോകോത്തര ആക്ടിവിറ്റിയാണെന്ന് പറയാന്‍ പോലും പ്രയാസമുണ്ട്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വളരെ ഇന്നസന്റ് ആയ ആറും എട്ടും മാസം പ്രായമുള്ള കുട്ടികളെ എവിടെയൊക്കെയോ ആരൊക്കെയോ വെടിവെച്ചും ചിതറിപ്പിക്കുന്നുണ്ടാവാം. ഇല്ലേ? അങ്ങനെയൊരു ലോകത്ത് ജീവിച്ചുകൊണ്ട് ഈ ഒന്നരമണിക്കൂറുള്ള സിനിമയാണ് ലോകത്തിന്റെ അവസാനമെന്ന് പറയുമ്പോള്‍ എന്തിനാണ് സിനിമ എന്നുകൂടി ചോദിക്കേണ്ടിവരും. ഈ കുട്ടികളുടെ മുമ്പിലൊന്നും സിനിമ ഉണ്ടായിട്ടുണ്ടാവില്ല. രണ്ടുവയസ്സിനുള്ളില്‍ വെടിയേറ്റ് വീഴുന്ന കുഞ്ഞിന് മുന്നില്‍ ഏത് സിനിമ? അതുംകൂടി അറിഞ്ഞാണ് മറ്റുള്ളവരെയൊന്നും ഉപദ്രവിക്കാതെ ചില പണികളൊക്കെ ചെയ്യുന്നത്. ഇതിനെയൊക്കെ അത്രയും കണ്ടാല്‍ മതി. അതല്ലാതെ കാണുമ്പോഴാണ് വലിയ പ്രശ്നങ്ങളുണ്ടാവുന്നത്.

അതേസമയം ഞാനെന്റെ പണി ചെയ്യുമ്പോള്‍ എനിക്ക് എന്നെത്തന്നെ തോല്‍പ്പിക്കണം. ഐ വാണ്‍ട് ടു എക്സല്‍ മൈസെല്‍ഫ്. 'ഭൂമിമലയാള'ത്തേക്കാള്‍ നല്ലൊരു സിനിമയെടുക്കുകയാണ് എന്റെ അടുത്ത ലക്ഷ്യം. ആലീസിന്റെ അന്വേഷണത്തിന് ശേഷം പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം -ഇതൊക്കെ നേരത്തെയുള്ള സിനിമകളുടെ മുകളില്‍ കയറണം. അതിലൂടെ എനിക്ക് എവിടെയെങ്കിലും എത്താനാവും. 'ഡാനി' ചെയ്യുമ്പോള്‍ 'സൂസന്ന' ഒരു ശത്രുവായി എന്റെ മുന്നില്‍ വരാറുണ്ട്. സൂസന്നയെ തള്ളിമാറ്റാന്‍ ശ്രമിക്കാറുണ്ട്. സൂസന്നയെ ഒരു ആഭിചാരത്തിലൂടെ ഉച്ചാടനം ചെയ്യാറുണ്ട്. സൂസന്ന പോവില്ല. എവിടെയൊക്കെയോ തിരിഞ്ഞുകളിക്കും. അതിന്റെ മൂര്‍ച്ചയുള്ള ഒരു വികാരമുണ്ടല്ലോ. അത് അനുഭവിക്കുന്നയാളാണ് ഞാന്‍. അതൊക്കെ അനുഭവിക്കലാണ് ആര്‍ടിസ്റ്റിന്റെ ജോലി. അതല്ലാതെ സ്ഥലംവാങ്ങി വില്‍ക്കുന്നപോലെ സിനിമയെടുത്താല്‍ കച്ചവടം ലാഭമാവും. സ്ഥലം വാങ്ങി മറിച്ചുവിറ്റാപ്പോരെ; ഇതിന്റെ ആവശ്യമില്ലല്ലോ. കമേഴ്സ്യല്‍ സിനിമയെടുത്ത് കാശുണ്ടാക്കുന്നവരെക്കുറിച്ച് അതങ്ങനെ സിംപിളായിട്ട് പറയാം. അവര്‍ മാത്രമല്ല എന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങള്‍ വളരെ സീരിയസ് ആണെന്നും ഫെസ്റ്റിവല്‍ ബൌണ്ട് സിനിമയെടുക്കുന്നവരാണെന്നും പറയുന്നവരുണ്ട്. അതും ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. അതാണ് കുറെക്കൂടി ഹീനമായ ബിസിനസ്. മറ്റവര്‍ അവകാശവാദം ഉന്നയിക്കാറില്ല. ഞങ്ങള്‍ ലോകത്തെ മാറ്റുന്നുവെന്ന് ലാലിനെപ്പോലുള്ളവര്‍ പറയാറില്ല. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. അയാളുടെ തമാശകളൊക്കെ വളരെ ഇന്ററസ്റ്റിങ് ആണ്. അത് സിനിമയുടെ ഏത് ഭാഗത്ത് വരുമെന്നതൊക്കെ വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെയല്ലാതെ 'ലോകസിനിമയെ മാറ്റിമറിക്കല്‍' സ്ഥലം വാങ്ങല്‍ വില്‍ക്കലിന്റെ ലാഘവബുദ്ധിയോടെ കാണരുത്. ആ ചിന്തയാണ് എന്നെ പ്രകോപിപ്പിച്ചത്. അല്ലാതെ സിനിമയല്ല. എന്റെ സിനിമയാണ് ഏറ്റവും വലുതെന്ന് ഞാന്‍ തന്നെ വിളിച്ചു പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. പക്ഷേ, ആ സിനിമകളും എന്റെ സിനിമയും എവിടെ നില്‍ക്കുന്നു എന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാം, ആലീസിന്റെ അന്വേഷണം മുതല്‍ ഭൂമിമലയാളം വരെയുള്ള എന്റെ ഒമ്പതു സിനിമകള്‍ എവിടെ നില്‍ക്കുന്നു എന്ന്.

ഈ സിനിമകളിലെല്ലാം പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെയാണല്ലോ കേന്ദ്രമാക്കിയിട്ടുള്ളത്. സ്ത്രീകള്‍, ന്യൂനപക്ഷപ്രശ്നങ്ങള്‍ തുടങ്ങിയവ. വിഷയസ്വീകരണത്തിലെ ഈ നിഷ്കര്‍ഷക്കുള്ള പ്രേരണ?

മെയിന്‍സ്ട്രീം ജീവിതം നയിക്കുന്ന ഒരാള്‍ ആര്‍ടിസ്റ്റാവില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരുത്തന്‍ തന്നെയാണ് കലാകാരന്‍. അയാള്‍ പിന്നെ ആരോടാണ്, ആരെപ്പറ്റിയാണ് സംസാരിക്കുക? ഒരു വലിയ ഫ്ളോട്ടിനകത്ത് തിരിഞ്ഞുകളിക്കുന്ന ഒരാള്‍ ആര്‍ടിസ്റ്റ് ആവില്ല. അയാള്‍ മറ്റെന്തെങ്കിലും ആവും. ആ ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കുന്നവനാണ് കലാകാരന്‍. ഇങ്ങനെ മാറിനില്‍ക്കുന്ന പ്രദേശമാണ് പ്രാന്തപ്രദേശം. ഈ പ്രദേശത്തുള്ള നമ്മുടെ മുന്നില്‍ വെളിപ്പെടുന്നത് ഇവിടങ്ങളില്‍ തിരിഞ്ഞുകളിക്കുന്നവരാണ്. നമ്മള്‍ അവരെയാണ് അടുത്തുകാണുക. കലാകാരന്‍ എന്ന് പേരു വെക്കുന്ന ഒരാള്‍ക്ക് അതേ സാധ്യമാവൂ. അല്ലെങ്കില്‍ അയാളെങ്ങനെ കലാകാരനാവും. അതിനുള്ളില്‍ ഒരു റോജാപ്പൂവും പിടിച്ചിരിക്കുകയാണെങ്കില്‍ അയാള്‍ അവിടെ ഇരിക്കുകയേ ഉള്ളൂ. അവിടെയിരുന്ന് കലാപ്രവൃത്തി നടത്തേണ്ട. അങ്ങനെ പലരും ചെയ്യുന്നുണ്ട്. അതാണ് കലയില്‍ത്തന്നെയുള്ള വലിയ കോണ്‍ഫ്ളിക്ട്. അതുകൊണ്ട് ഈ ചോദ്യം തന്നെ അസംഗതമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവനാണ് ആര്‍ടിസ്റ്റ്. ഭൂരിപക്ഷത്തിനിടയില്‍ ആര്‍ടിസ്റ്റില്ല. ഭൂരിപക്ഷത്തിന്റെ ആര്‍ടിസ്റ്റ് എന്നാല്‍ ഇല്ലസ്ട്രേറ്ററാണ്. ഹിറ്റ്ലറിനുമുണ്ടായിരുന്നു ആര്‍ടിസ്റ്റുകള്‍. അവരെ ഇല്ലസ്ട്രേറ്റര്‍മാര്‍ എന്നാണ് നമ്മള്‍ പറയുക. പക്ഷേ 'ഗുര്‍ണിക്ക' വരയ്ക്കാന്‍ ഒരു പിക്കാസോ ഉണ്ടായി. പിക്കാസോ ഒരിക്കലും അപ്പോയ്ന്റഡ് ആവില്ല. കമീഷന്‍ഡ് ആര്‍ടിസ്റ്റല്ല. ഒരു അക്കാദമിയുടെയും കീഴില്‍ വരില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു ജീവിതം തന്നെയാണ് അയാള്‍ നയിച്ചത്. മജോറിറ്റി ലൈഫിലല്ല. ബുന്യുവലിനെ നമുക്ക് മജോറിറ്റി ലൈഫില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് സ്വാഭാവികമായും ആര്‍ടിസ്റ്റ് ചര്‍ച്ച ചെയ്യുന്നത് അയാള്‍ക്ക് പിരിചിതമായവരെക്കുറിച്ചാണ്. എന്തിനാണ് ഈ പണിക്ക് പുറപ്പെടുന്നത് എന്ന സമീപനത്തിന്റെ പ്രശ്നം കൂടിയുണ്ട്. പല താല്‍പര്യം കൊണ്ടും വരാമല്ലോ സിനിമയിലേക്ക്. തമിഴ് സിനിമയിലെ ചില സംവിധായകരുണ്ട്. അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,"'എംജിആര്‍ നടിക്കറത് പാര്‍ത്ത് താന്‍ സാര്‍ ഡയരക്ടറാനേന്‍'' എന്ന്. എംജിആര്‍ ആവാന്‍ നാട്ടില്‍ നിന്ന് വന്നു; അത് നടക്കാതായപ്പോള്‍ ഡയരക്ടറായി. അങ്ങനെയുമുണ്ട്. അവരില്‍ പലരും നല്ല സംവിധായകരാണ്.

നല്ല സിനിമയെടുക്കുന്നവര്‍ക്കിടയില്‍ ഒരു ശക്തമായ സാന്നിധ്യമാണ് ടി വി ചന്ദ്രന്‍. സ്വന്തം സൃഷ്ടികളെയും തന്നിലെ സിനിമക്കാരനെയും എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?

എല്ലാവരെയും ജഡ്ജ് ചെയ്യാന്‍ ഞാന്‍ പ്രാപതനല്ല. ഞാന്‍ എല്ലാവരെയും നിരീക്ഷിച്ചിട്ടില്ല. സിനിമയെപ്പറ്റി പൊതുവായ ബോധവും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഉള്ളതുകൊണ്ട് ഞാന്‍ പറയുന്നത് ഓരോ സിനിമയും പുതുതായി സംഭവിക്കുമ്പോള്‍ അത് പുതുതായിത്തന്നെയിരിക്കണമെന്നതാണ്. ആ വാശി എനിക്കുണ്ട്. അത് വിഷയ സ്വീകരണത്തിലാണെങ്കിലും അവതരണ രീതിയിലാണെങ്കിലും ഇറ്റ് ഷുഡ് ബി സംതിങ് ന്യൂ. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. അതുണ്ടല്ലോ നിലവില്‍. ഇപ്പോഴാണെങ്കില്‍ എല്ലാ സിനിമയും ലഭ്യവുമാണ്. പഴയപോലെ ഒന്നും നഷ്ടപ്പെട്ടുപോകുന്നില്ല. കണ്ടത് തന്നെ വീണ്ടും വീണ്ടും എന്തിനാണ് കാണുന്നത്. സ്വന്തം സിനിമയുടെ കാര്യത്തില്‍ ഇത്തരമൊരു വാശിയുണ്ട്.

ഈ വാശി വിജയിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും ഏതെങ്കിലും തരത്തില്‍ എവിടെയോ ഒരു ആശയവിനിമയം സിനിമയിലൂടെ സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഒരുപാട് ആളുകള്‍ എന്നോട് സിനിമയുടെ കാര്യം സംസാരിക്കുന്നത്. എന്റെ സിനിമയുടെ എനിക്ക് തോന്നിയ സുഖകരമായ അനുഭവം എന്താണെന്ന് വച്ചാല്‍, ആലീസ് മുതല്‍ ഭൂമിമലയാളം വരെയുള്ള സിനിമകളില്‍ ഏതെങ്കിലും ഒരു വിഭാഗം ഏതെങ്കിലും ഒരെണ്ണമാണ് നല്ലതെന്ന് പറയും. ആലീസാണ് എന്റെ ഏറ്റവും നല്ല സിനിമ എന്നു പറയുന്നവരുണ്ട്; പൊന്തന്‍മാടയാണെന്ന് പറയുന്നവരുണ്ട്; ഓര്‍മകള്‍ ഉണ്ടായിരക്കണം ആണെന്ന് ശപഥം ചെയ്യുന്നവരുണ്ട്; മങ്കമ്മയാണെന്ന് എഴുതി നടന്ന് പറയുന്നവരുണ്ട്; സൂസന്നയാണെന്ന് പറയുന്നവരുണ്ട്, ഡാനിയാണെന്ന് പറയുന്നവരുണ്ട്, പാഠം ഒന്ന് ഒരു വിലാപമാണെന്നും കഥാവശേഷനാണെന്നും പറയുന്നവരുണ്ട്. ഇപ്പോ ഭൂമിമലയാളമാണെന്ന് പറയുന്നവരുമുണ്ട്. ഇത് എനിക്ക് ഒരു സിനിമയല്ല. എവിടെയെങ്കിലുമൊക്കെ ഇത് ഇവര്‍ക്ക് വര്‍ക്ക് ചെയ്യുന്നുണ്ട്. ഏസ് മൈ ബെസ്റ്റ്. ഞാന്‍ ഓരോ സിനിമയിലും എവിടെയൊക്കെയോ മുമ്പത്തെ സിനിമയെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്ലെങ്കില്‍ എല്ലാ സിനിമയും ഒരുപോലെ എന്നല്ലേ പറയുക. എല്ലാ സിനിമക്കും ഒരേ അഭിപ്രായമല്ലേ വരിക. ഓരോ വര്‍ക്കും എക്സ്പിരിമെന്റലാണ്. പരീക്ഷണം നടത്തുകയാണ്. അങ്ങനെയേ ഒരു കലാസൃഷ്ടിയുണ്ടാവൂ; സിനിമയുണ്ടാവൂ. നിശ്ചിതമായ ആസ്വാദകരെ പ്രതീക്ഷിച്ച് ആര്‍ക്കും എഴുതാനോ വരയ്ക്കാനോ സിനിമയെടുക്കാനോ കഴിയില്ല. അങ്ങനെ ആവാതിരിക്കണം എന്നാണ് എനിക്ക് മറ്റുള്ളവരോട് പറയാനുള്ളത്. അവര്‍ എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനം അവര്‍ സിനിമക്കാരാണങ്കില്‍ ഇതിനെ എങ്ങനെ കാണുന്നു എന്നതാണ്. അങ്ങനെയേ സിനിമക്ക് നിലനില്‍ക്കാനാവൂ.

ഭൂമിമലയാളത്തിന് 2008ലെ ഏറ്റവും നല്ല ഇന്ത്യന്‍ സിനിമയ്ക്കുള്ള ജോണ്‍ എബ്രഹാം അവാഡ് കിട്ടിയപ്പോള്‍ ജൂറി ചെയര്‍മാന്‍ ആയിരുന്ന മണികൌള്‍ അവാഡ്ദാനച്ചടങ്ങില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനാണ് എനിക്ക് അവാഡ് തന്നത്. ഇതേ സിനിമക്കാണ് 2008ലെ മികച്ച സിനിമക്കുളള അവാഡ്. ഇരുപത്തിരണ്ട് ഇന്ത്യന്‍ സിനിമയോട് മത്സരിച്ചാണ് ഭൂമിമലയാളം വിജയിച്ചത്. ഈ സിനിമക്ക് എന്തുകൊണ്ട് അവാഡ് കൊടുത്തു എന്ന് മണികൌള്‍ അന്ന് വിശദമാക്കി. എല്ലാ ജഡ്ജിമാര്‍ക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. "നാല്‍പതുവര്‍ഷം ജൂറിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. നിങ്ങളിലാരെങ്കിലും ജൂറിയായി പോവുകയാണെങ്കില്‍ അറിയേണ്ട കാര്യം ഒരു സിനിമ എനിക്ക് ഇഷ്ടമായി എന്നും മറ്റേ സിനിമ ഇതിനേക്കാള്‍ നല്ലതായി എന്നും പറയുകയല്ല. ഈ സിനിമ ആ മാധ്യമത്തെ ഒരു ഇഞ്ചെങ്കിലും മുന്നോട്ടു നീക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഭൂമിമലയാളം അതു ചെയ്യുന്നു. അതിന്റെ പേരില്‍ അവാഡ് കൊടുക്കുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഒരു മറാഠി സിനിമയും ഭൂമിമലയാളത്തിനൊപ്പം അവാഡ് പങ്കിട്ടിരുന്നു. എനിക്ക് ചന്ദ്രന്റെ പടത്തെപ്പറ്റി കുറച്ചുകൂടി പറയാനുണ്ടെന്ന് പ്രശസ്തിപത്രം വായിച്ച ശേഷം മണികൌള്‍ പറഞ്ഞത് ഇങ്ങനെയാണ്: "അള്‍ട്ടിമേറ്റ് മാസ്റ്റര്‍ ഈസ് ഘട്ടക്. ഘട്ടക്കിന്റെ 'ആര്‍ക്കിടൈപ്പല്‍ മദര്‍' എന്ന സങ്കല്‍പ്പമുണ്ടല്ലോ. അത് കരയുന്ന, പ്രതികാരദാഹിയായ അമ്മയാണ്. ചന്ദ്രന്‍ ഈ സിനിമയില്‍ സ്വന്തമായ രീതിയില്‍ എല്ലാ അമ്മമാരെയും ഒരുമിച്ച് ആവിഷ്കരിക്കുകയാണ്. ഈ ആര്‍ക്കിടൈപ്പല്‍ മദറിനടുത്തേക്ക് ഘട്ടക് പോയതല്ലാത്ത ഒരു വഴിയിലൂടെയാണ് ചന്ദ്രന്‍ യാത്ര ചെയ്യുന്നത്.'' ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഐഡിയലോഗ് ആണ് ഇത് പറഞ്ഞത്. അന്ന് ഗോപാലകൃഷ്ണന്‍ അവാഡ് സമ്മാനിച്ചുകൊണ്ട് പറഞ്ഞത്, മണികൌള്‍ തീരുമാനിച്ചതുകൊണ്ടുതന്നെ ഈ അവാഡിന് വളരെയധികം പ്രത്യേകതയുണ്ടെന്നാണ്. സാധാരണ അവാഡ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ അവാഡ് കൂടി സ്വീകരിച്ചാണ് ഞാനിവിടെയിരിക്കുന്നത്. ഭൂമിമലയാളത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണത്. ജോണ്‍ എബ്രഹാം അവാഡിനേക്കാള്‍ വലുത് മണികൌള്‍ അത് നല്‍കിയ രീതിയാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നയാളാണ്. അടുത്ത സിനിമയിലൂടെ എനിക്ക് സിനിമയെ ഒരിഞ്ച് എങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. ഒരു തരത്തിലും എന്റര്‍ടെയ്ന്‍ ചെയ്യരുത് എന്ന് വാശിപിടിച്ചാലേ സീരിയസ് സിനിമയാവൂ എന്നൊക്കെ തെറ്റിദ്ധരിച്ച് നീങ്ങിയിട്ടുണ്ട്. ഞാനിങ്ങനെ ഇതിന്റെ ഇടയിലൂടെ വളരെ വഴുക്കുള്ളതും ചെങ്കുത്തായതുമായ ഒരു വഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കയാണ്. മുമ്പില്‍ നോക്കിയാല്‍ ആരെയും കാണില്ല. തിരിഞ്ഞുനോക്കിയാല്‍ ഒറ്റപ്പെടുകയും ചെയ്യും. എങ്കിലും ഞാന്‍ യാത്ര ചെയ്യുകയാണ്. അതിലെനിക്ക് ഏറെ സന്തോഷവുമുണ്ട്.

സാമുവല്‍ ബെക്കറ്റിന്റെ പ്രസിദ്ധമായ വാചകമുണ്ട്. "ഐ കാണ്ട് ഗോ ഓണ്‍, ഐ മസ്റ്റ് ഗോ ഓണ്‍, ഐ വില്‍ ഗോ ഓണ്‍.''ഒരു രക്ഷയുമില്ല മുന്നോട്ടുപോവാന്‍. പക്ഷേ പോയേ പറ്റൂ. അതുകൊണ്ട് പോകും. അതുകൊണ്ടുതന്നെ നമുക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല.

സിനിമയിലെ വിഷയസ്വീകരണത്തിലെ പ്രത്യേകതകളെപ്പോലെ തന്നെ സങ്കേതങ്ങളിലും താങ്കള്‍ സ്വീകരിക്കുന്ന വിചിത്രമായ ചില രീതികളുണ്ട്. ഉദാഹരണത്തിന് 'സൂസന്ന'യില്‍ ഒറ്റ ഷോട്ടില്‍ തന്നെ പല കഥാപാത്രങ്ങള്‍ പല കാലങ്ങളിലായി വരുന്നു. 'കഥാവശേഷ'നില്‍ ഒരു കഥാപാത്രത്തിന്റെ കാഴ്ച അവസാനിക്കുന്ന അതേ ഷോട്ടില്‍ ത്തന്നെ മറ്റൊരു കഥാപാത്രത്തിന്റെ കാഴ്ച തുടങ്ങുന്നു. ഏറ്റവുമൊടുവില്‍ 'ഭൂമിമലയാള'ത്തില്‍ വീടിനുള്ളില്‍ നിന്ന് അത്ലറ്റിന്റെ ചാട്ടം ജംപിങ്പിറ്റില്‍ അവസാനിക്കുന്നത്. ഇത്തരം മൌലികമായ പരീക്ഷണങ്ങള്‍ക്കു പിന്നിലെ ചോദനകള്‍ എന്താണ്?

അത് എന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്. അതുകൊണ്ടാണ് ആശയങ്ങളുടെ ഒരു ഉറവയില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ടുമാത്രമാണ് ഞാന്‍ നിലനില്‍ക്കുന്നത്. തടസ്സമില്ലാതെ അവ എന്റെയടുത്തേക്ക് വരും. അങ്ങനെയൊരു ബന്ധം ഞാന്‍ ഈ മാധ്യമവുമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എനിക്കറിയാം. എനിക്കതിനെ തൊട്ടറിയാന്‍ പറ്റും. എന്റെ ആദ്യത്തെ സിനിമയാണ് 'കൃഷ്ണന്‍കുട്ടി'. വളരെ ചുരുങ്ങിയ ഫിലിംസൊസൈറ്റികളിലേ അത് കാണിച്ചിട്ടുള്ളൂ. അതിന്റെ ഒന്നും ഇപ്പോള്‍ ബാക്കിയില്ല, നെഗറ്റീവ് പോലും. ആ നെഗറ്റീവ് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് വാസ്തവത്തില്‍ 'ആടും കൂത്ത്' എന്ന സിനിമ. കൃഷ്ണന്‍കുട്ടിക്കുള്ള ഹോമേജ് ആയിരുന്നു ആടുംകൂത്ത്. കൃഷ്ണന്‍കുട്ടിയുടെ നെഗറ്റീവ് അന്വേഷിച്ച് അക്കാദിമിയിലെ ചിലര്‍ എവിഎം സ്റ്റുഡിയോയില്‍ പോയിരുന്നു. സ്റ്റുഡിയോക്കാര്‍ ആ ബ്ളാക്ക് ആന്‍ഡ് വൈറ്റ് നെഗറ്റീവ് ബള്‍ക്കായി ആര്‍ക്കോ തൂക്കിവിറ്റുവെന്നാണ് അവര്‍ക്കറിയാന്‍ കഴിഞ്ഞത്. ബ്ളാക്ക് ആന്‍ഡ് വൈറ്റ് നെഗറ്റീവില്‍ നിന്ന് വെള്ളിയെടുത്ത് വളയുണ്ടാക്കുന്ന വ്യവസായം തമിഴ്നാട്ടിലുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടി തമിഴ്നാട്ടിലെ ഏതോ പെണ്‍കുട്ടിയുടെ കൈയിലെ വളയായിരിക്കുമെന്ന വിചാരം ഒരുനാള്‍ എനിക്കുണ്ടായി. അങ്ങനെയെടുത്ത സിനിമയാണ് ആടുംകൂത്ത്. ഇതില്‍ ഒരു വളയാണ് കഥ പറയുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കാമുകന്‍ ഒരു ഉത്സവദിവസം അവള്‍ക്ക് ഒരു വെള്ളിവള സമ്മാനിക്കുകയാണ്. ഫിലിം കൊണ്ടുണ്ടാക്കിയ വളയാണതെന്ന് അവന്‍ പറയുന്നു. ഇതിനകത്ത് ശിവാജിഗണേശനും എംജിആറുമൊക്കെ ഒളിഞ്ഞിരിപ്പുണ്ടാവുമെന്നാണ് അവളുടെ മറുപടി. കുറച്ചുദിവസം കഴിയുമ്പോള്‍ വളയില്‍ നിന്ന് ഒരു രശ്മിയും തുടര്‍ന്ന് ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയും പ്രത്യക്ഷപ്പെടും. അത് ഈ കുട്ടി കാണുകയാണ്. കൂത്താടികളെക്കുറിച്ച് എഴുപതുകളില്‍ ആരോ എടുത്ത അപൂര്‍ണ സിനിമയാണത്. അമ്പതുകളിലെ ഒരു കഥാസന്ദര്‍ഭത്തെക്കുറിച്ച് എഴുപതുകളില്‍ ആരോ എടുത്ത് പൂര്‍ത്തിയാക്കാത്ത സിനിമ രണ്ടായിരത്തിലെ എന്റെ സിനിമയില്‍ വരികയാണ്. അതിനകത്തെ പ്രധാന നടി ഈ പെണ്‍കുട്ടി തന്നെയാണ്. അതോടെ അവളുടെ മാനസിക നില തകരാറിലാവുന്നതാണ് ഈ സിനിമ. അതിന്റെയെല്ലാം തുടക്കം കൃഷ്ണന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയുടെ നഷ്ടപ്പെട്ട നെഗറ്റീവുമാണ്. അത്രയും വ്യക്തിപരമാണ് എന്റെ സിനിമകള്‍. ഞാനിത് എവിടെനിന്നും ശേഖരിച്ചുകൊണ്ടുവരുന്നതല്ല. കൃഷ്ണന്‍കുട്ടി എന്ന സിനിമ ഉണ്ടായതുകൊണ്ടാണ് ആടും കൂത്ത് എന്ന സിനിമയുണ്ടായത്. ഇരുപത് വര്‍ഷത്തിനുശേഷം കൃഷ്ണന്‍കുട്ടിക്കുണ്ടായ ദുര്യോഗമാണ് ആടുംകൂത്തിലേക്ക് എന്നെ നയിച്ചത്. ഇതൊന്നും നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല. കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നു. അത് സംഭവിക്കുന്ന കാലം വരെയേ ഒരാള്‍ക്ക് ആര്‍ടിസ്റ്റ് ആയി തുടരാന്‍ പറ്റൂ. റിട്ടയര്‍ ചെയ്തിട്ട് ഞാന്‍ പണ്ട് ഇങ്ങനെയൊരു ജീവിതം നയിച്ചിരുന്നു എന്നു പറഞ്ഞ് ജീവിക്കാന്‍ എന്നെ കിട്ടില്ല. ഞാനിപ്പോള്‍ ചെയ്യുന്നതെന്തോ അതാണ് കാര്യം. മറ്റേതൊക്കെ പറയാം. ഡാനി എന്നൊക്കെ പറയുമ്പോള്‍ എനിക്കിപ്പോഴും അതിനോട് വളരെ സ്നേഹമാണ്. എന്റെ വളരെ പേഴ്സണല്‍ ആയ ഒരു സിനിമയാണത്. ഞാനും ജോണ്‍ എബ്രഹാമും എഡിറ്റര്‍ രവി എന്ന മഹാനായ മനുഷ്യനും കൂടി ഒരിക്കല്‍ അയാളുടെ വീട്ടില്‍ രാത്രി രണ്ടുമണിക്ക് ബോധമെല്ലാം നഷ്ടപ്പെട്ട് കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് ഞെട്ടി എണീറ്റപ്പോള്‍ എനിക്കെന്റെ പേര് പോലും ഓര്‍മയില്ല. കണ്ണാടി നോക്കിയപ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല. അടുത്ത് കിടക്കുന്ന മനുഷ്യന്‍ ജോണ്‍. പക്ഷേ പരിചയമില്ല. ഓര്‍മ കിട്ടുന്നില്ല. അയാള്‍ എന്നെ പേര് വിളിച്ചപ്പോള്‍ പേര് ഓര്‍മ വന്നു. ഇത് സത്യമായും സംഭവിച്ചതാണ്.

ഈ സംഭവമാണ് ഡാനിയാവുന്നത്. എഴുപത്തേഴിലോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്. അന്നൊന്നും ഞാന്‍ സിനിമയെടുക്കാന്‍ തുടങ്ങിയിട്ടില്ല. ഇതെന്റെ മനസ്സില്‍ കിടന്നു. ഈ ഒരു നിമിഷത്തിലാണ് ഈ വലിയ ഭൂഗോളത്തില്‍ നമ്മളാരാണെന്നതിനെക്കുറിച്ച് അത്ഭുതപ്പെടാന്‍ തുടങ്ങുക. ഒരു നിമിഷം നമ്മള്‍ അന്തം വിട്ടുനില്‍ക്കും. അടുത്ത നിമിഷം നമുക്ക് പേരോ ബന്ധങ്ങളോ ഓര്‍മവരും. ഒരുസെക്കന്‍ഡ് മാത്രം നമ്മള്‍ കുടുങ്ങും. ഡാനി ആ സെക്കന്‍ഡ് മാത്രം ജീവിച്ചിരുന്ന ആളാണ്. ഡാനി വാസ് വണ്ടറിങ് ഹു ആം ഐ. അതുകൊണ്ടാണ് ആ സിനിമയുടെ അവസാനത്തില്‍ ഒരു ചെറിയ പെണ്‍കുട്ടി ഡാനിയുടെ ശവപ്പറമ്പില്‍ വെച്ച് അമ്മൂമ്മയോട് ചോദിക്കുന്നത്, അതാരായിരുന്നു എന്ന്. ആരും ഒന്നും പറയുന്നില്ല. അപ്പോള്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ഡാനി പറയുകയാണ്, 'ഡാനി, ഡാനിയല്‍ തോംസണ്‍' എന്ന്. അതിന്റെ അപ്പുറത്തും ഇപ്പുറത്തും ഒന്നുമില്ല. ഇത് 1982മുതല്‍ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്ന കാര്യമാണ്. ഇതിന്റെ ആദ്യാനുഭവം ഉണ്ടാകുന്നത് എഴുപത്തേഴിലും. ഇത്രത്തോളം നമ്മുടെ നേരിട്ടുള്ള അനുഭവം തന്നെയാണ് സിനിമയാവുന്നത്. ഇതില്‍ മറ്റനേകം മനുഷ്യരുടെ അനുഭവങ്ങളുമുണ്ടാവാം. അന്തിച്ചു നില്‍ക്കുന്ന എല്ലാ മനുഷ്യരുടെയും അനുഭവം. ഒരിക്കല്‍ ഒരു ചടങ്ങില്‍ വച്ച് ഒരു സുഹൃത്ത് കെപിപി നമ്പ്യാരെ എനിക്ക് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്കറിയാം എന്നെക്കുറിച്ച് ഡാനി എന്ന പേരില്‍ സിനിമ യെടുത്തയാളല്ലേ എന്നാണ്. അതു മാത്രം തൊഴിലാക്കിയ ആളാണ് ഡാനി. നമ്മള്‍ അതില്‍നിന്ന് രക്ഷപ്പെടുകയാണ്. ഞാന്‍ ഇന്നയാളുടെ അനിയനാണ്, അമ്മായിഅപ്പനാണ് എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് സമാധാനമായി. ഡാനിക്ക് ഒന്നും പറയാനില്ല. ഡാനി പറയുന്നത് പപ്പയല്ല എന്നാണ്. പപ്പയല്ലാത്തതുകൊണ്ട് ഗ്രാന്‍പയുമല്ല. ഇത് വളരെ സിംപിള്‍ ലോജിക്കല്ലേ. ആ സിനിമയോട് പ്രത്യേക മമതയുണ്ട്. എന്നാലും ഞാന്‍ നോക്കുന്നത് പുതുമയുള്ള വര്‍ക്ക് ചെയ്യാനാണ്.

2

ജോണ്‍ എന്ന പാഠപുസ്തകം

ഒരു സിനിമ ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു മാസ്റ്ററെ മുന്നില്‍ കാണാറുണ്ടോ?

ഞാനങ്ങനെ ആരെയും മനസ്സിലോര്‍ത്തല്ല സിനിമയെടുക്കുന്നത്. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുണ്ട്. ആഞ്ജലോ പൌലോയെപ്പോലെ. അവരുടെ സിനിമ കണ്ട് അന്തം വിട്ടിട്ടുണ്ട്. പക്ഷേ, എന്റെ സിനിമയില്‍ ആര്‍ക്കും ഇടംകൊടുക്കില്ല. മറ്റൊരാളുടെ മാറ്റൊലിയാവാന്‍ കഴിയില്ല എനിക്ക്. എനിക്ക് തൃപ്തിയാവുംവരെ അതങ്ങനെ കൊണ്ടു നടക്കും. എന്നോട് പലരും ചോദിക്കാറുണ്ട്, സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യാറുണ്ടോ എന്നൊക്കെ. ഞാന്‍ ഇരുപത്തിനാലു മണിക്കൂറും 365 ദിവസം സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കയാണ്. എനിക്ക് ഇതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ട. എപ്പോഴും എന്തെങ്കിലുമൊക്കെ മനസ്സിലുണ്ടാവും. അതുകൊണ്ടുതന്നെ അത് പ്രത്യേകമായി ഒരു ധാരയിലേക്ക് ക്രോഡീകരിച്ചാല്‍ മതി. അപ്പോള്‍ മെറ്റീരിയല്‍സ് കിട്ടും. അതിനായി പ്രത്യേകം ഇരുന്ന് ആലോചിക്കുകയൊന്നും വേണ്ട. അതു വളരെപ്പെട്ടെന്ന് സാധിക്കുന്നു. യഥാര്‍ഥത്തില്‍ അത് വര്‍ഷങ്ങള്‍ തുടരുന്ന പ്രക്രിയയാണ്. അതുകൊണ്ടാണ് 77ലെ ഒരു അനുഭവം 82ല്‍ സ്ക്രിപ്റ്റ് എഴുതുകയും 2002ല്‍ അത് ഷൂട്ട് ചെയ്യുകയും ചെയ്യുന്നത്. 20 വര്‍ഷം അങ്ങനെ ഡാനി എന്റെ തലയിലുണ്ടായിരുന്നു. അതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ട. ആളുകള്‍ പറയാറുണ്ട് സ്ക്രിപ്റ്റ് എഴുതാന്‍ വേണ്ടി ഒന്നരമാസം പൊന്‍മുടിയിലോ മറ്റു സുഖവാസകേന്ദ്രത്തിലോ താമസിച്ചു എന്നൊക്കെ. രണ്ടുമാസം കഴിഞ്ഞ് സ്ക്രിപ്റ്റുമായി. ആ പരിപാടി എനിക്കു പറ്റില്ല. നമ്മള്‍ നിരന്തരമായി റോഡിലൂടെ നടക്കുമ്പോഴും അന്തംവിട്ട് ട്രാഫിക്ക് കണ്ടുകൊണ്ടു നില്‍ക്കുമ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ തോന്നും. അത് അവിടവിടെ കുറിച്ചുവയ്ക്കും. അത് നേരിട്ട് നമ്മുടെ ജീവിതവുമായും ചുറ്റുപാടുമുള്ള മനുഷ്യരുമായും സംവദിക്കുന്ന ഒന്നാണെന്നുള്ള നല്ല ഉറപ്പ് ഞാന്‍ ഇതിനകം സംഘടിപ്പിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ടെന്‍ഷനുമില്ല. കാശില്ലാത്ത പ്രശ്നമൊക്കെയുണ്ട്. മനസ്സ് ഒരിക്കലും ഇതില്‍നിന്ന് ഒഴിവായിപ്പോവില്ല. എന്റെ അകം മുഴുവന്‍ സിനിമയാല്‍ സമൃദ്ധമാണ്. എഴുതിയിട്ടൊന്നുമില്ലെങ്കിലും മനസ്സില്‍ അവിടെയും ഇവിടെയും ആ സിനിമയുണ്ടാകും. അത് തുടങ്ങും.

ഇങ്ങനെയൊരു സര്‍ഗാത്മകത രൂപപ്പെടാന്‍ സഹായിച്ച വായനയെക്കുറിച്ച്?

സാമുവല്‍ ബെക്കറ്റ്, മാര്‍ക്വേസ്, ഷൂസെ സരമാഗോ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മിക്കവാറും വായിച്ചിട്ടുണ്ട്. ആ വായനയൊക്കെയേ സ്വന്തമായുള്ളൂ.എങ്കിലും ഇതൊന്നും എന്റെ സിനിമയെ സ്വാധീനിക്കാറില്ല. ഞാന്‍ വേറൊരു സൈഡില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. വായന ഒരു ധൈര്യം തരും. നമുക്ക് മൊത്തം പ്രാന്താണെന്ന് വിചാരിക്കുമ്പോഴാണ് അതിലും വലിയ പ്രാന്ത് അപ്പുറത്തുകാണുക. അപ്പോഴാണ് മനസ്സമാധാനം തോന്നുക. ആളുകള്‍ കല്ലെറിഞ്ഞ് കൊല്ലുമോ എന്ന ഭയം നമുക്കുള്ളപ്പോഴാണ് അതിലൊക്കെ മൂത്ത പ്രാന്തുള്ള ചില പാര്‍ടികള്‍ നോബല്‍ സമ്മാനം വാങ്ങി നടക്കുന്നത് കാണുന്നത്. അപ്പോ നമുക്ക് ധൈര്യമുണ്ടാവും. ആ ധൈര്യമാണ് ഇത്തരക്കാര്‍ തരുന്നത്. അതുകൊണ്ടാണ് സരമാഗോയെയും മറ്റും വീണ്ടും വായിക്കുന്നത്. ഇപ്പോഴും പൊലീസ് പിടിക്കുമെന്ന പേടിയുണ്ട്. അത് വളരെ ചെറുപ്പം മുതലുണ്ട്. വെറുതെ നടക്കുമ്പോള്‍ പൊലീസ് പിടിക്കുമോ എന്നാണ് ചിന്ത. അങ്ങനെയൊരു ഭയം. ഒരിക്കലും പൊലീസുമായി സൌഹൃദം പാലിക്കാന്‍ പറ്റില്ല. പൊലീസിങ് എന്ന വാക്കുതന്നെ നമ്മെ വിരട്ടുന്ന സാധനമല്ലേ. എപ്പോഴും രാത്രി പൊലീസ് പിടിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന് ആലോചിച്ചുനോക്കും. അതിന്റെ ഒരു ധൈര്യക്കേടൊക്കെയുണ്ട്. അതൊക്കെ മറച്ചുവച്ചുകൊണ്ട് നമ്മള്‍ ഇങ്ങനെ പണിയെടുക്കുക എന്നേയുള്ളൂ. അതിന്റെ പ്രാന്ത് കൂടിപ്പോകുന്നുണ്ടോ എന്ന് നോക്കുമ്പോളാണ് സാമൂഹ്യമായി സ്വീകാര്യമായ പ്രാന്തന്മാര്‍ വേറെയുണ്ടെന്ന് മനസ്സിലാവുക. ഇതെല്ലാമാണ് പുസ്തകങ്ങള്‍ എനിക്ക്. അവരെഴുതിയതുപോലെ ചെയ്യുക എന്നല്ല. എന്നെ വല്ലാതെ സ്വാധീനിച്ച എഴുത്തുകാരനുണ്ട്, അല്‍ബേര്‍ കമ്യു. അദ്ദേഹത്തിന്റെ ഒരു വാചകം ഞാന്‍ കഥാവശേഷന്റെ ടൈറ്റിലില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റില്‍ എഴുതാന്‍ ആളു വന്നപ്പോഴാണ് കമ്യുവിന്റെ റബലിലെ ഒരു വരി ചേര്‍ക്കണമെന്ന് തോന്നിയത്. മദ്രാസില്‍ നിന്ന് അപ്പോള്‍ തന്നെ ഭാര്യ രേവതിയെ വിളിച്ചു. റബല്‍ എടുക്കാന്‍ പറഞ്ഞു. മാര്‍ക്കു ചെയ്ത ഭാഗം വായിക്കാന്‍ പറഞ്ഞു. 72ല്‍ മാര്‍ക്കു ചെയ്തതാണ്. രേവതി വായിച്ചു കേള്‍പ്പിച്ചത് പ്രദീപ് എന്ന അസിസ്റ്റന്റ് എഴുതിയെടുത്തപ്പോള്‍ ഒരു വരിപോലും വ്യത്യാസമില്ല. ഇതെന്റെ ഓര്‍മയാണ്. പടത്തിന്റെ തുടക്കത്തില്‍ ഇത് എഴുതിക്കാണിച്ച് വിജയ് മേനോന്റെ ശബ്ദത്തില്‍ അത് പറയുന്നുണ്ട്. അതിതാണ്:

'For those of us who have been thrown into hell, mysterious melodies and the torturing images of a vanished beauty will always bring us, in the midst of crime and folly, the echo of that harmonious insurrection which bears witness, throughout the centuries, to the greatness of humanity.'

ഇത് ഞാന്‍ ഇതെ പോലെ പറയുകയാണ്. അതുവച്ചാണ് പറയുന്നത്. കമ്യു മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് എഴുതിയ വരികളാണ്. ഇത് സ്ക്രിപ്റ്റ് എഴുതുമ്പോഴൊന്നും ആലോചിച്ചിട്ടില്ല. ഇത്തരം ആകസ്മികതകള്‍ ഉണ്ട് എന്റെ സിനിമയില്‍. ഞാന്‍ വെല്‍പ്ളാന്‍ഡ് ആയി നീങ്ങുന്നയാളല്ല. പലതും കൂട്ടിച്ചേര്‍ക്കുന്നതാണ്. കഥാവശേഷനില്‍ എനിക്ക് ഏറ്റവും താല്‍പര്യം തോന്നിയ മറ്റൊരു കാര്യം ഗീതാഡേ എന്ന നടിയുടെ സാന്നിധ്യമാണ്. സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയിലും ഋത്വിക് ഘട്ടക്കിന്റെ മേഘെ ഡാക്ക താരയിലുമൊക്കെ അമ്മയായി അഭിനയിച്ച നടിയാണവര്‍. അവരെ ഷൂട്ട് ചെയ്യാനല്ല ഞാന്‍ കല്‍ക്കട്ടയില്‍ പോയത്. കഥാവശേഷനിലെ ഭ്രാന്തിത്തള്ള അവരാണ്. ഞാനൊരു അസിസ്റ്റന്റിനോട് ചോദിച്ചു പ്രായമുള്ള ഒരു നടിയെക്കിട്ടുമോ എന്ന്. അവനാണ് പറഞ്ഞത് ഗീതാ ഡേ ഇവിടെയുണ്ടെന്ന്. നമ്മുടെ സ്വന്തം ഗീതാഡേ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഞാനവനോട് ആശ്ചര്യപ്പെട്ടുചോദിച്ചു. ഞങ്ങള്‍ അവരെക്കാണാന്‍ ചെന്നപ്പോള്‍ അവര്‍ ചോദിച്ച ആദ്യത്തെ ചോദ്യം നിങ്ങള്‍ ഘട്ടക്കിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ എന്നാണ്. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിനയിക്കാമെന്നായി. നല്ല സ്ട്രോങ് ആയ സ്ത്രീ. ദാരിദ്യ്രത്തിലാണ് ഇപ്പോഴും. അവരെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. അതൊന്നും പ്ളാന്‍ ചെയ്തതല്ല. അവര്‍ കഴിഞ്ഞ വര്‍ഷവും എന്നോട് സംസാരിച്ചു. ഘട്ടക്കിന്റെ ചിത്രവുമായി ഇരിക്കുകയാണവര്‍. ഫിലിം മെയ്ക്കിങ് എന്നത് കൃത്യമായി മൊട്ടുസൂചിയും പേനയും ഫയലുമായി പോയി ചെയ്യേണ്ട കാര്യമല്ല. നമ്മള്‍ക്ക് ഒരു ധാരണവേണം. ഹോംവര്‍ക്ക് ചെയ്യണം. ഒരുപാട് മെറ്റീരിയല്‍ വേണം. എന്നാല്‍ ഒരു ഓഫീസറെപ്പോലെ റൂള്‍ത്തടിയുമായി പോവരുത് ആവുകയുമരുത്.

നിയതമായ സ്ക്രിപ്റ്റ് ഇല്ലാതെയാണോ സിനിമയെടുക്കുന്നത്?

അങ്ങനെയല്ല. സ്ക്രിപ്റ്റ് ഉണ്ടായാലും മറ്റ് പലയിടത്തും പോവും. അതിനെ മറികടക്കും. ഉദാഹരണത്തിന് മങ്കമ്മയുടെ ലൊക്കേഷന്‍ നോക്കാന്‍ ഞാനും സണ്ണി ജോസഫും പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ കാരമുള്ളുള്ള ഒരു വഴിയില്‍ ആടിനെ മേയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു. ഞങ്ങളെ കണ്ടപ്പോള്‍ എഴുന്നേറ്റു നിന്നു. ആരുടെ സ്ഥലമാണിതെന്ന് ഞങ്ങള്‍ ചോദിച്ചു. ഷൂട്ടിങ്ങിന് അനുവാദം ചോദിക്കാനായിരുന്നു അത്. "ഒരു വശം നായ്ക്കന്മാരും മറുവശം പിള്ളമാരുമാണ്. ഞങ്ങള്‍ക്ക് ഒന്നുമില്ല'' എന്നായി മറുപടി. ഇത് മങ്കമ്മയില്‍ ഞാന്‍ ഷൂട്ട് ചെയ്തു. രണ്ടുമാസത്തിനുശേഷം അവരെ തേടിപ്പിടിച്ച് അതേ സ്ഥലത്ത് നിര്‍ത്തി ആ രംഗം ഷൂട്ട് ചെയ്തു. ഇതാണെന്റെ ഫിലിം മെയ്ക്കിങ്. ഇത് ഞാന്‍ നേരത്തെ എഴുതിവച്ചതൊന്നുമല്ല. അവരെ കണ്ടതുകൊണ്ടാണ്. ആ സിനിമയില്‍ നെടുമുടി വേണു നടത്തുന്ന പ്രസംഗമുണ്ട്. അതിനകത്ത് ആ രംഗം കൃത്യമായി കയറി. ഇങ്ങനെയാണ് സിനിമ ഉണ്ടാവുന്നത്. ഇതിനെയാണ് ഫിലിം മെയ്ക്കിങ് എന്നു പറയുക. അല്ലാതെ ഒരു ടെക്സ്റ്റ് ബുക്കുമായി പോയി ഉണ്ടാക്കുന്നതല്ല സിനിമ. ഇത്തരത്തില്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, മനുഷ്യര്‍ വര്‍ക്കു ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ നെര്‍വ് സിസ്റ്റത്തിന്റെ വ്യത്യാസം സ്ക്രിപ്റ്റില്‍ ഒരു മാറ്റമുണ്ടാക്കില്ലേ. ദൈവം തീരുമാനിച്ചതൊന്നുമല്ലല്ലോ. മനുഷ്യര്‍ ചെയ്യുന്നതിന്റെ മാറ്റങ്ങള്‍ സ്വാഭാവികമല്ലേ. അതുകൊണ്ടാണ് മനുഷ്യരുടെ അംഗീകാരത്തെ ഞാന്‍ വിലമതിക്കുന്നത്. എന്റെ സിനിമയേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടുന്ന സിനിമകളായിരിക്കും പലപ്പോഴും ഡാന്‍സ് ചെയ്യുന്ന സിനിമകള്‍. പ്രേക്ഷകരെ തിയറ്ററിലേക്ക് ഒരു ചന്ത കാണിക്കാന്‍ വിളിക്കുന്നപോലെയാണത്. ഞാന്‍ ഒരു എക്സ്പീരിയന്‍സിന്റെ ഭാഗമാകാനാണ് പ്രേക്ഷകരെ വിളിക്കുന്നത്. നൂറുപേരാണെങ്കില്‍ അതുമതി. എണ്ണം കുറയും. അമ്പതുലക്ഷം പേര്‍ വരില്ല. കുറേപ്പേര്‍ എക്കാലവും ഈ അനുഭവത്തിന്റെ ഭാഗമാകാന്‍ വരും. അതുകൊണ്ടാണല്ലോ നീയെന്നോട് സംസാരിക്കാന്‍ വന്നത്. നമ്മള്‍ ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. മനുഷ്യരുമായുളള ഇടപെടലിലൂടെയാണത് സംഭവിക്കുന്നത്. എനിക്കതിനുള്ള മാധ്യമം സിനിമയാണെങ്കില്‍ മറ്റുപലര്‍ക്കും മറ്റ് പലതുമാണ്.

മങ്കമ്മയിലേതുപോലെ തിരക്കഥയില്‍ നിന്ന് തെന്നി മാറുന്ന അനുഭവം മറ്റേതെല്ലാം സിനിമകളിലാണുള്ളത്?

പാഠം ഒന്ന് ഒരു വിലാപം സിനിമ ഉണ്ടാവുന്നത് ലൊക്കേഷനില്‍ വച്ചാണ്. അതിന് കഥയുണ്ടായിരുന്നില്ല. നേരത്തെയുള്ള കഥ മുഴുവന്‍ അവിടെ താമസിച്ച് മാറ്റി. അവിടെ ഒരു ജാഥ കണ്ടു, ആ ജാഥ സിനിമയില്‍ കൊണ്ടുവന്നു. മീരാ ജാസ്മിനുമായി നല്ല കമ്യൂണിക്കേഷന്‍ നടന്നു. അവള്‍ തന്നെ അതിന് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്തു. നേരിട്ടല്ല. അവളുടെ ചില നോട്ടങ്ങള്‍ പോലും സിനിമയെ സഹായിച്ചു. ചില നോട്ടങ്ങളുള്ള ഷോട്ട് ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു. ആ സിനിമ എനിക്ക് ഒരുപാട് ഗുണമുണ്ടാക്കി. അത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന് മനസ്സില്‍ കണ്ട സിനിമയാണ് ഷൂട്ട് ചെയ്തത്. പാഠം ഞാന്‍ കാണാത്ത സിനിമയാണ്. മുസ്ളിം സമൂഹത്തെ പരിചയപ്പെട്ടു വരുമ്പോഴാണ് ഞാന്‍ സിനിമ ചെയ്യുന്നത്. ബാക്കിയുള്ള സിനിമയൊക്കെ എനിക്കറിയാവുന്ന സ്ഥലത്തുവെച്ചാണ് ഷൂട്ട് ചെയ്തത്. ആ വ്യത്യാസം ആ സിനിമക്കുണ്ടായിരുന്നു. ഏത് സാഹചര്യത്തിലും സിനിമ വഴങ്ങുമെന്ന് ആ സിനിമയിലൂടെ ഞാന്‍ പഠിച്ചു. മറ്റു സിനിമകള്‍ ഞാന്‍ നേരത്തെ ജീവിച്ച കണ്ടുപോയ സാധനങ്ങളെ ചില സ്പൊണ്ടാനിറ്റിയിലൂടെ പൊലിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ബേയ്സ് എന്റെ മനസ്സില്‍ ആദ്യമേ ഉണ്ടായിരുന്നു. ഈ സിനിമക്ക് ആ ബെയ്സ് ഇല്ല. എനിക്ക് ഈ പെണ്‍കുട്ടിയുടെ മനസ്സ് പോലുമറിയില്ല. മുസ്ളിം പെണ്‍കുട്ടികളെ ഞാന്‍ അതുവരെ വാച്ച് ചെയ്തിട്ടില്ലായിരുന്നു. അതെനിക്ക് തന്ന ധൈര്യം കൊണ്ടാണ് കഥാവശേഷന്‍ ചെയ്യാന്‍ പറ്റിയത്. ആ വര്‍ക്ക് വളരെ വേഗത്തിലായിരുന്നു. ഈ മാധ്യമം നല്ലപോലെ വഴങ്ങിയതുകൊണ്ടാണ് കഥാവശേഷന്റെ ദുര്‍ഘടമായ വഴിയിലൂടെ ഞാന്‍ കണ്ണുകെട്ടി സഞ്ചരിച്ചത്. ഇതൊക്കെ പരസ്പരം സഹായിക്കുന്ന കാര്യം. അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും അതിന് നല്‍കേണ്ട.

ഏത് സിനിമയാണ് വലുത് എന്നതാണോ കേരളത്തിലെ ഇന്നത്തെ പ്രധാനപ്രശ്നം? നമ്മള്‍ മനസ്സിലാക്കണം, നമ്മള്‍ നശ്വരരാണെന്ന്. കാലം മാറും. ഞാന്‍ പുതിയൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. പുറത്തേക്കുള്ള വഴി-ദ എക്സിറ്റ്. കാക്കനാടന്റെ പ്രസിദ്ധമായ കഥയുടെ പേരാണ്. കാക്കനാടന്റെ എല്ലാ കഥകളും ചേര്‍ത്താണ് ഈ സിനിമ. കാക്കനാടന്‍ എല്ലാ കഥകളും എനിക്ക് തന്നിരിക്കയാണ്. ലോകസാഹിത്യത്തില്‍ ആരും അങ്ങനെ ചെയ്തിട്ടുണ്ടാവില്ല. ഞാനെഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാം ഇവനുള്ളതാണെന്ന് പറഞ്ഞാണ് തന്നത്. അതിലൊക്കെ ഊളിയിട്ട് ഞാനൊരു കഥയുണ്ടാക്കുകയാണ്. അതിന് അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരും കൊടുത്തു. പുറത്തേക്കുള്ള വഴി അന്വേഷിച്ചു നടക്കുന്ന കഥാകൃത്താണ് അദ്ദേഹം. ഒരു റൈറ്റര്‍ക്കും ഇങ്ങനെയൊരു ട്രിബ്യൂട്ട് ആരും നല്‍കിയിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ എല്ലാ കഥകളില്‍ നിന്നും ഞാനൊരു കഥയുണ്ടാക്കും. അത് ബേബിച്ചായന്റെ കഥയായിരിക്കില്ല. എന്റെ കഥയായിരിക്കും. അതിനുള്ള അവകാശം അദ്ദേഹമെനിക്ക് തന്നിട്ടുണ്ട്. അടുത്ത ഈ സിനിമയുടെ ത്രില്ലിലാണ് ഞാനിപ്പോള്‍. സംസ്ഥാന അവാര്‍ഡ് വിവാദമൊക്കെ ഞാന്‍ പിന്നോട്ട് തള്ളിക്കഴിഞ്ഞു. അതിന്റെ സുഖത്തിലല്ലേ ഞാന്‍ ഈ വര്‍ത്തമാനം പറയുന്നത്. ഈയൊരു സുഖമില്ലെങ്കില്‍ ഞാനും അപ്പുറത്തുള്ളയാളും തമ്മിലെന്താണ് വ്യത്യാസം. മനുഷ്യനെ ദ്രോഹിക്കുന്ന ഒരു പരിപാടിയും ഞാന്‍ ചെയ്യില്ല. അവന്റെ ജീവിതം എങ്ങനെ ഒരു നിമിഷമെങ്കിലും മുന്നോട്ടു നീക്കാമെന്ന് ആലോചിക്കുന്ന സിനിമകളേ ചെയ്തിട്ടുളളൂ. എന്നാലും പൊലീസിനെ പേടിയാണ്. എവിടെയാണ് നിയമം തെറ്റുകയെന്ന് ആര്‍ക്കറിയാം. നിയമം അത്രത്തോളം പഠിച്ചിട്ടില്ലല്ലോ നമ്മള്‍. സിനിമയും പഠിച്ചിട്ടില്ല, നിയമവും പഠിച്ചിട്ടില്ല. അങ്ങനെയൊരാളാണ് ഞാന്‍.

ഒരു അക്കാദമിയിലെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പഠനാനുഭവവുമില്ലാതെയാണ് ടി വി ചന്ദ്രന്‍ എന്ന ഡയരക്ടര്‍ ആലീസിന്റെ അന്വേഷണവുമായി വന്ന് ഇടംപിടിക്കുന്നത്. എന്ത് ധൈര്യത്തിലാണ് സിനിമയില്‍ വന്നു ചാടിയത്?

സിനിമയില്‍ വന്നതിന്റെ കാരണം പവിത്രനാ. അവന്‍ ഒറ്റഒരുത്തന്‍. അവനില്ലെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലായിരുന്നു. ഒരു സംശയവുമില്ല. ഞാനില്ലെങ്കിലും അവന്‍ സിനിമയില്‍ വന്നേനെ. അവന് കുറേക്കൂടി സൌകര്യങ്ങളുണ്ടായിരുന്നു, കാശുള്ളയാളായിരുന്നു. എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. ഞാന്‍ കുറെ സിനിമയൊക്കെ കണ്ട് ആസ്വാദിച്ചു നടക്കുന്ന ഒരാളായി മാറിയേനെ. അവനില്ലെങ്കില്‍ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. കൂടുതല്‍ അജ്ഞാതമായ എന്തെങ്കിലും പണിയൊക്കെ ചെയ്ത് വല്ല കച്ചറകളൊക്കെയുണ്ടാക്കി നടക്കുമായിരുന്നു. സര്‍ക്കാര്‍ ജോലിയിലൊന്നും നില്‍ക്കുമായിരുന്നു. സിനിമയിലേക്ക് കൊണ്ടുവന്നത് അവനാണ്. അല്ലെങ്കിലും ഞാന്‍ അങ്ങനെ നോര്‍മലായ മനുഷ്യനൊന്നുമായിരുന്നില്ല. അവനെന്നെ അബ്നോര്‍മലാക്കി എന്നല്ല പറഞ്ഞുവരുന്നത്. അവന്‍ എനിക്കൊരു വഴി കാണിച്ചുതന്നു, എന്റെ മോഹം സാക്ഷാത്കരിക്കാന്‍.

അഞ്ചാംക്ളാസിനു ശേഷം ഞാന്‍ പഠിച്ചത് ചാലക്കുടിയിലായിരുന്നു. കണ്ണൂരിലെ പരിയാരത്തെ എല്‍ പി സ്കൂള്‍ ജീവിതമാണ് 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' എന്ന സിനിമ. പതിനഞ്ചാം വയസ്സില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പത്താം ക്ളാസ് കഴിഞ്ഞയുടനെ. ഒടുവില്‍ ഒരു ഗ്ളാസ് കെയ്സിലിട്ട് അവസാനം കാണുന്നതുവരെ അവനായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഞാനായിരുന്നു അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞങ്ങള്‍ അന്ന് തീരുമാനിച്ചതാണ് സംവിധായകരാവാന്‍, ഒരു ന്യായവുമില്ലാതെ.

ക്രൈസ്റ്റിലെ പഠനം കഴിഞ്ഞ് പിരിഞ്ഞ് ഒരു പാട് വര്‍ഷത്തിനുശേഷം മദ്രാസില്‍ ഞാന്‍ ജോലി ചെയ്യുമ്പോഴാണ് പവിത്രനെ പിന്നെ കാണുന്നത്. ഒരു ബുനുവല്‍ സിനിമയേക്കാളും സര്‍റിയലിസ്റ്റിക് ആയിരുന്നു പുനഃസമാഗമം. ഫാറൂഖ് കോളേജില്‍ നിന്നാണ് ഞാന്‍ ഡിഗ്രി പാസായത്. അവന്‍ മഹാരാജാസില്‍ നിന്നും. ഞാന്‍ മദിരാശിയിലും ബംഗ്ളൂരിലും ചിട്ടിക്കമ്പനികളില്‍ പണിയെടുത്തു. 71ന്റെ ഒടുവില്‍ ഒരുനാള്‍ ഞാന്‍ മദ്രാസ് ബീച്ചിലേക്ക് നടന്നുപോകുമ്പോള്‍ തിരക്കിനിടയില്‍ അവനെ കണ്ടു. അവനെന്നെയും. എടാ എന്ന് ഞാനും അവനും വിളിച്ച് കെട്ടിപ്പിടിക്കുന്നു. അക്കാലത്തെ സത്യനടക്കമുള്ള മലയാള സിനിമക്കാര്‍ താമസിക്കുന്ന ദ്വാരക ലോഡ്ജിലായിരുന്നു അവന്‍. തൊട്ടടുത്ത് മാസവാടകക്കെടുത്ത ലോഡ്ജില്‍ ഞാനും. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂവിന് പോകാനാണ് പവിത്രനെത്തിയത്. അവനെ ഞാന്‍ എന്റെ മുറിയിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷയാണ്. അന്നു രാത്രി എനിക്ക് അറിയാവുന്നതൊക്കെ അവന് പറഞ്ഞുകൊടുത്തു. ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്, സിനിമയെപ്പറ്റി. ഒരു പാട് സിനിമകള്‍ കണ്ടിട്ടുമുണ്ട്. ബ്രിട്ടീഷ് കൌണ്‍സില്‍, മാക്സ് മുള്ളര്‍ ഭവന്‍, അലൈന്‍സ് ഫ്രാന്‍സ്, യുഎസ്ഐസ്, സോവിയറ്റ് ലാന്‍ഡ് തുടങ്ങി എല്ലായിടത്തും പോയി സിനിമ കാണും. എല്ലാ ലൈബ്രറികളിലും ചെന്ന് വായിക്കും. വരാവുന്ന ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു. രാവിലെ അവനെ 14 പീറ്റേഴ്സ് റോഡില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടാക്കി പറഞ്ഞയച്ചു. അവന്‍ പോയപ്പോള്‍ ഞാനവിടെയിരുന്ന് വിമ്മിവിമ്മിക്കരഞ്ഞു. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതാന്‍ പറ്റാത്തതിന്. എനിക്കതിനുള്ള സാമ്പത്തിക ശേഷിയില്ല. ശമ്പളത്തില്‍ നിന്ന് അമ്പതുറുപ്പിക വീട്ടിലേക്ക് അയച്ചുകൊടുക്കണം. എനിക്കെന്റെ ജീവിതം ചോര്‍ന്നുപോകുന്നപോലെ തോന്നി. ഞാനിങ്ങനെയൊക്കെ ആയിപ്പോവും എന്ന് തോന്നി. അന്ന് അവനും എനിക്കും വയസ്സ് 21. ആ പ്രായത്തിലാണ് ഈ നിലവിളി. അവന്‍ പരീക്ഷയെഴുതി വന്നു. ഇന്റര്‍വ്യുവിന് പോയപ്പോള്‍ അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ അവന്‍ ആ വാശിക്ക് നാഗ്പുരിലെ ഓഡനന്‍സ് ഫാക്ടറിയില്‍ ജോലി സംഘടിപ്പിച്ചു. ഹോക്കി കളിക്കാന്‍ വേണ്ടി അവിടെത്തന്നെ ഒരു ലോകോളേജില്‍ ചേര്‍ന്നു. നാലുകൊല്ലം നിരന്തരമായി അവന്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ജീവിച്ചു. ഏറ്റവും കൂടുതല്‍ കാലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചത് അവനാണ്. മൂന്നാലു ബാച്ചുകാര്‍ക്ക് അവനെ അറിയാം. പവിത്രനെ അറിയാത്ത ആരും അക്കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാവില്ല. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് വരുന്ന സിനിമക്കാര്‍ക്ക് ക്ളാസ്മേറ്റ്സിനെ മറന്നുപോയാലും പവിത്രനെ മറക്കില്ല. പഠിക്കുന്നില്ലെങ്കിലും രാവിലെ മുതല്‍ അവിടെ പോകും.

നായകനായിട്ടായിരുന്നില്ലേ അരങ്ങേറ്റം?

അത് പറയാം. നാഗ്പൂരില്‍ നിന്നും പൂണെയില്‍ നിന്നും പവിത്രന്‍ മദ്രാസില്‍ എന്റെയടുത്തുതന്നെ തിരിച്ചെത്തി. എന്നെ പി എ ബക്കറിന് പരിചയപ്പെടുത്തി. 'കബനിനദി ചുവന്നപ്പോള്‍' ചെയ്യാനായിരുന്നു പദ്ധതി. നമുക്ക് ഒരു സിനിമ ചെയ്ത് അതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാനായിരുന്നു അത്. അതിന് കാശുമുടക്കാന്‍ തയ്യാറാണെന്നും അവന്‍ പറഞ്ഞു. ആരോടും ചോദിക്കാതെ ഒരു തെങ്ങിന്‍പറമ്പ് പുല്ലുപോലെ വിറ്റു. ഒരു തിരക്കഥക്കുമേല്‍ ആറുമാസം വര്‍ക്കു ചെയ്തു. ആദ്യത്തെ സിനിമാനുഭവമാണത്. ഇടയ്ക്ക് വിപിന്‍ദാസ് വരും, 35എംഎം ക്യാമറയുമായി. അത് ഞങ്ങള്‍ക്ക് കാണിച്ചു തരും. ഞങ്ങളത് തൊട്ടുനോക്കും. തൊടാന്‍ പാടില്ലെന്ന് വിപിന്‍ദാസും. ഞങ്ങള്‍ രണ്ടുപേരും വിപിന്‍ദാസിന്റെ ശിഷ്യരായി. ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം നോട്ടു ചെയ്യണം. രാത്രിയില്‍ വിപിന്‍ദാസ് വരുമ്പോള്‍ നോട്ട്ബുക്ക് തുറക്കണം. പ്രൊഡ്യൂസറും നായകനും ശിഷ്യന്മാര്‍. ക്യാമറാമാന്‍ അവരെ പഠിപ്പിക്കുന്നു. ഇങ്ങനെയൊന്നും ഒരു സിനിമയിലും സംഭവിച്ചു കാണില്ല. പകലൊക്കെ വിപിന്‍ദാസ് ചില അലമ്പൊക്കെ കാണിച്ചിട്ടുണ്ടാവും. പവിത്രന്‍ പറയും, 'രാത്രി നമുക്കു പിടിക്കാം'. രാത്രി അയാള്‍ വന്നിട്ടു പറയും 'തുറക്കെടാ പുസ്തകം.' പകല്‍ അയാള്‍ ചെയ്ത അഭ്യാസങ്ങള്‍ ചോദ്യം ചെയ്യാന്‍ പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് പവിത്രന് ഒരു സ്ഥാനവുമില്ല. Lights roll in the speed of ...?എന്ന് ചോദിക്കുമ്പോള്‍ അപ്പോള്‍ പറയണം ഉത്തരം.

വളരെ യാദൃഛികമായാണ് ഞാന്‍ അതില്‍ നായകനായത്. അതൊക്കെ അവസാനമായിരുന്നു. അഭിനയിക്കാന്‍ ആരെയും കിട്ടാഞ്ഞപ്പോള്‍ ബക്കര്‍ജി എന്നെ പിടിച്ച് നായകനാക്കി. ബക്കര്‍ജിയുടെ അസിസ്റ്റന്റായിരുന്നു ഞാന്‍. അഭിനയിക്കുമ്പോഴും ലൈറ്റ് എടുത്ത് മാറ്റിവച്ചിട്ടുണ്ട്. ഒരു നായകനും അങ്ങനെ ചെയ്തിട്ടുണ്ടാകില്ല. ഒരു ക്ളോസ് അപ് ഷോട്ട് കഴിഞ്ഞാല്‍ ബക്കര്‍ജി പറയും, 'ആ ലൈറ്റെടുത്ത് അങ്ങോട്ടുവെക്കടാ' എന്ന്. പിന്നത്തെ പണി ലൈറ്റ് അറേഞ്ച് ചെയ്യലാണ്. സിനിമ പതുക്കെ വഴങ്ങാന്‍ തുടങ്ങി. പലഭാഗങ്ങളും ഞാന്‍ കണ്ടു പരിചയിക്കുകയാണ്.

അപ്പോഴാണ് അവധൂതനനെപ്പോലെ ഒരു പാര്‍ടി വന്ന് എന്റെ സുഹൃത്താവുന്നത്, ജോണ്‍ എബ്രഹാം. അവന്റെ 'അഗ്രഹാരത്തില്‍ കഴുത' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ മൂന്ന് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് നൂറ്റമ്പതോ ഇരുനൂറോ കൊടുത്താല്‍ അത് കാണാം. രണ്ടാം ഷെഡ്യൂള്‍ തുടങ്ങി കഴുത തീരുന്നതുവരെ ഞാനുണ്ട്. അവന്റെ ഏറ്റവും റെസ്പെക്ടഡ് അസിസ്റ്റന്റ് ഞാനായിരുന്നു. എന്നെ ചീത്ത പറഞ്ഞാല്‍, "പോടാ -'' എന്ന് ഞാനും പറയും. ബാക്കി അസിസ്റ്റന്റുമാരെപ്പോലെയല്ലല്ലോ ഞാന്‍. ജോലിസ്ഥലത്തുനിന്ന് വരുന്ന എനിക്ക് കാശൊന്നുമില്ലല്ലോ. ഞാന്‍ ചിലപ്പോള്‍ പൈസ അങ്ങോട്ടും കൊടുക്കണം. എന്നാലും ചാന്‍സ് കിട്ടിയാല്‍ എന്നെ ചീത്ത വിളിക്കും. ഞങ്ങള്‍ തമ്മില്‍ വല്ലാത്ത വിചിത്രമായ ബന്ധമായിരുന്നു. മറ്റുപലരും ജോണിന്റെ സുഹൃത്തുക്കളായിരുന്നു എന്നു പറയുമ്പോള്‍ ഞാനൊന്നും പറയാറില്ല. അത്ഭുതകരമായ ബന്ധമായിരുന്നു ഞാനും ജോണും തമ്മില്‍. പവിത്രനും ജോണും ഞാനും കൂടിയാല്‍ അവിടെ ജോണിന് ഒരഭ്യാസവും ഉണ്ടാവില്ല. ഒരു ബുദ്ധിജീവി ടാക്റ്റിക്സും അവിടെയുണ്ടാവില്ല. പക്ഷേ നാലാമതൊരാള്‍ വരുമ്പോള്‍ ജോണ്‍ പറയും ഞാനൊരു നമ്പറിടാന്‍ പോവുകയാണെന്ന്. അത് കാശുകിട്ടാന്‍ വേണ്ടിയാണ്.

ഇതൊക്കെയാണ് എന്നെ ഉണ്ടാക്കിയെടുത്തത്. നടന്നു തീര്‍ത്ത പല രാത്രി. വെറുതേ നടക്കുക. എന്തിനാണ് നടക്കുന്നതെന്നറിയില്ല. ആരോടും ഉപദ്രവമില്ല. ആരോടും തര്‍ക്കവുമില്ല. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സിനിമക്കകത്തുള്ള ജീവിതം പവിത്രനുമായും ജോണുമായും ജീവിച്ചു തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് വഴികളുടെ തിരിവുകളും വെളിച്ചങ്ങളുടെ ഏറ്റക്കുറച്ചിലുമൊക്കെ നന്നായറിയാം. പാതിരാത്രിയില്‍ ഒരു റെയില്‍വേസ്റ്റേഷന്‍ എങ്ങനെയിരിക്കും; അവസാനത്തെ വണ്ടിപോകുമ്പോള്‍ സ്റ്റേഷനിലെ വെളിച്ചം എന്തായിരിക്കും. ഇതൊക്കെ നമ്മള്‍ കാണുന്നുണ്ട്. ഇതിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോവേണ്ട കാര്യമില്ല. ആ കാഴ്ചകളാകെ എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. ഓട്ടോറിക്ഷയില്‍ ഇരുന്ന് 'സിനിമ ഈസ് വിഷന്‍' എന്നൊക്കെ ജോണ്‍ പറയും. ഓട്ടോക്കാരന് കൊടുക്കാനുള്ള കാശൊന്നും ഉണ്ടാവില്ല. സിനിമ വിഷന്‍ ആയതുകൊണ്ട് അയാള്‍ക്ക് എന്തുകാര്യം.

അന്ന് ഞങ്ങളുടെ അടുത്ത ഫ്രന്‍ഡായിരുന്നു പടിയന്‍. ഈയിടെ ആത്മഹത്യ ചെയ്ത അഷ്റഫ് പടിയന്‍. മഹാരാജാസിലെ പഠനകാലം തൊട്ട് പവിത്രന്റെ സുഹൃത്തായതുകൊണ്ടുതന്നെ എന്റെയും സുഹൃത്തായിരുന്നു. അങ്ങനെ കുറെ ആളുകളായി ഉണ്ടായിവന്ന സിനിമയുടെ പാരമ്പര്യമാണ് ഞാന്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട്തന്നെ എനിക്ക് നല്ല ധൈര്യമുണ്ട്. സംശയാലുവല്ല. എനിക്ക് ജീവിതത്തോടുള്ള ആസക്തിയില്‍ കുറവ് വന്നിട്ടുണ്ട്. അത് സിനിമയിലുമുണ്ടായിട്ടുണ്ടാവും. പക്ഷേ അന്നൊരിക്കലും വിട്ടുവീഴ്ചയല്ല. നിയതമായ അംഗീകാരത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. അനുഭവങ്ങള്‍ തന്ന അപ്രതീക്ഷിതമായ അംഗീകാരങ്ങളിലാണ് വിശ്വാസം. ഡാനിയിലെ കഥാപാത്രം പോലെയാണ് ഞാന്‍. ഒരു കുളത്തില്‍ കല്ലിട്ടു കഴിഞ്ഞാല്‍ അല നീങ്ങി നീങ്ങി പോയിക്കൊണ്ടിരിക്കും. യുളിസസ് എന്ന ജെയിംസ് ജോയ്സിന്റെ നോവലില്‍ ബ്ളൂം എന്ന കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ ജോയ്സ് വീണ്ടും ഡെവലപ് ചെയ്യുന്നത് ഫിനഗന്‍സ് വെയ്ക് എന്ന പുസ്തകത്തിലാണ്. എച്ച് സി ഇയര്‍വിക്കറും ഭാര്യ അന്നാ മേരിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഉറക്കെ വായിച്ചാലേ ഈ പുസ്തകം മനസ്സിലാവൂ. സംസാരഭാഷയാണ് ആ പുസ്തകത്തില്‍. അക്ഷരങ്ങളെല്ലാം തെറ്റിച്ചിട്ടുമുണ്ട്. അതില്‍ സംസ്കൃതം അടക്കം എല്ലാ ഭാഷയുമുണ്ട്. എച്ച് സി ഇയര്‍വിക്കര്‍ പിന്നീട് ലോപിച്ച് എച്ച്സിഇ എന്നാവുന്നുണ്ട്. പിന്നെ വിശദീകരിക്കുമ്പോള്‍ ഹിയര്‍ കംസ് എവരിബഡി എന്നാവും. ഈ ഹിയര്‍ കംസ് എവരിബഡിയാണ് ഡാനി. ഇത് ഞാന്‍ ജോയ്സിനെ വായിച്ചുണ്ടാക്കിയതൊന്നുമല്ല. ഞാന്‍ ഡാനി കണ്ടശേഷം വീണ്ടും വായിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടെന്ന് തോന്നി. വായനയുടെ ഒരു അനുഭവം അബോധത്തിലുണ്ടായിരിക്കണം. ഇങ്ങനെയാണ് ജോയ്സ് മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടാവുക. ഇങ്ങനെയാണ് ഞാനും ചെയ്തിട്ടുണ്ടാവുക. ഈ മനുഷ്യന്‍ എന്ന സാധനത്തിലേക്ക് ഞാന്‍ വരുന്നത് ഒരിക്കലും ജോയ്സ് വായിച്ചിട്ടില്ല. ഏതൊക്കെയോ അനുഭവങ്ങളിലൂടെ കടന്നുവരുമ്പോള്‍ ജോയ്സിനും എന്നെ എവിടെയെങ്കിലുമൊക്കെ ആക്കാന്‍ പറ്റും. ഞാന്‍ വായിച്ച ഏറ്റവും നല്ല സിനിമാ പുസ്തകമാണ് ഫിനഗന്‍സ് വെയ്ക്. ഞാന്‍ പിന്നീട് ആ സിനിമ കണ്ടപ്പോള്‍ അത്ര തൃപ്തി തോന്നിയില്ല. നോവലില്‍ അലക്കുകാരി പെണ്ണുങ്ങള്‍ എച്ച്സി ഇയര്‍വിക്കറിനെക്കുറിച്ചും അന്നാമേരിയെക്കുറിച്ചും പരദൂഷണം പറയുന്നുണ്ട്. പക്ഷേ, പിന്നെ നോക്കുമ്പോള്‍ അലക്കുകാരികള്‍ അവിടെയില്ല. അലക്കുകല്ലുകള്‍ക്കിടയിലൂടെ ഒഴുകിപ്പോവുന്ന വെള്ളമാണ് ഈ കഥ പറയുന്നത്. ഇത് സിനിമയില്‍ സംഭവിക്കുന്നതാണ്. എന്റെ സിനിമയെ വികസിപ്പിച്ച ഭാഗങ്ങളാണ്. നിയതമായ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസം നടത്തിയിട്ടില്ലെങ്കിലും ഇങ്ങനെയുള്ള വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. അതൊക്കെയാണ്. എന്റെ സിനിമയെ സൃഷ്ടിച്ചത്.

*
ദേശാഭിമാനി വാരികയില്‍ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്

ടി.വി. ചന്ദ്രന്റെ വെബ് സൈറ്റ്

Wednesday, September 2, 2009

കേന്ദ്രനയം ഭക്ഷ്യസുരക്ഷ അപകടത്തിലാക്കും

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനെന്ന പേരില്‍ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു നിയമ നിര്‍മാണത്തിനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്. ആഗസ്റ്റ് 26ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജനകീയ കൺവന്‍ഷന്‍ ഒരു തുടക്കം മാത്രമാണ്. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി സംസ്ഥാന തലസ്ഥാനങ്ങളില്‍ കൺവന്‍ഷന്‍ ചേരാനും നവംബറില്‍ റാലികള്‍ നടത്താനും ദേശീയ കൺവന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ എതിര്‍പ്പ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി കൊണ്ടുവരുന്ന നിയമത്തോടല്ല മറിച്ച് അതിലെ ഉള്ളടക്കത്തോടാണ്. സാമ്പത്തികരംഗത്തെ രക്ഷിക്കാനെന്ന പേരില്‍ ഉദാരവല്‍ക്കരണ നടപടി കൈക്കൊണ്ടപ്പോള്‍ ആ മേഖല പ്രതിസന്ധിയിലായി. വൈദ്യുതിമേഖലയെ രക്ഷിക്കാനെന്ന പേരില്‍ ആ രംഗത്ത് പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ വൈദ്യുതിയുടെ വില ഉയര്‍ന്നെന്നു മാത്രമല്ല ആ രംഗം താറുമാറാകുകയും ചെയ്‌തു. ഭക്ഷ്യസുരക്ഷയ്ക്കെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനിര്‍മാണമാകട്ടെ നിലവിലുള്ള പരിമിതമായ ഭക്ഷ്യസുരക്ഷയെപോലും ഇല്ലാതാക്കുന്നതുമാണ്.

എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതല്ല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന നിയമമെന്നതാണ് അതിന്റെ പ്രധാന ന്യൂനത. ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ ഭക്ഷ്യകാര്‍ഷിക സംഘടന(എഫ്എഒ) നല്‍കുന്ന നിര്‍വചനമനുസരിച്ച് ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യപൂര്‍ണവും സജീവവുമായ ജീവിതം നിലനിര്‍ത്താന്‍ ആവശ്യത്തിന് ഭക്ഷ്യവസ്‌തുക്കള്‍ പ്രദാനം ചെയ്യുകയെന്നതാണ് ഭക്ഷ്യ സുരക്ഷകൊണ്ട് ലക്ഷ്യമാക്കുന്നത്. എന്നാല്‍, ഈ ലക്ഷ്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യധാന്യം നല്‍കുകയെന്നത് നിയമനിര്‍മാണം ലക്ഷ്യമാക്കുന്നില്ല. ദരിദ്രര്‍ക്കു മാത്രമായി പൊതുവിതരണസമ്പ്രദായത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1996-97 വര്‍ഷത്തിലാണ് ടാര്‍ജറ്റഡ് റേഷന്‍ സമ്പ്രദായം നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് തന്നെയായിരുന്നു എപിഎൽ ‍- ബിപിഎല്‍ വിഭജനത്തിലൂടെ പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പുറത്തു നിര്‍ത്തിയത്. നിലവില്‍ 6.52 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. അത് 5.91 കോടിയാക്കി കുറയ്‌ക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുള്ളത്.

പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുകയുണ്ടെങ്കില്‍ത്തന്നെ ലക്ഷക്കണക്കിന് പേര്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയുമെന്നത് മറ്റൊരു വസ്‌തുത. നിലവിലുള്ള ബിപിഎല്‍ കാര്‍ഡിന്റെ പരിധിയില്‍ രാജ്യത്തെ 52 ശതമാനം കര്‍ഷകത്തൊഴിലാളി കുടുംബങ്ങളും 60 ശതമാനം പട്ടികജാതി-പട്ടിക വര്‍ഗ കുടുംബങ്ങളും ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 77 ശതമാനം കുടുംബങ്ങളും പെടുന്നില്ലെന്നത് തുച്ഛമായ ദരിദ്ര കുടുംബങ്ങള്‍ക്കു മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതിലും കുറവുവരുത്തണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം കേവലം 5-6 ശതമാനത്തിന് മാത്രമാണ് ഭക്ഷ്യസുരക്ഷയുടെ ഗുണം ലഭിക്കുകയെന്നതാണ്. ദാരിദ്ര്യരേഖയ്‌ക്ക് മുകളിലുള്ള(എപിഎല്‍) വിഭാഗത്തിനെ പൂര്‍ണമായും റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കി ഭക്ഷ്യസുരക്ഷ നേടാമെന്നത് വെറും വിഡ്ഢിത്തമാണ്.

ബിപിഎല്ലുകാരെ തെരഞ്ഞെടുക്കുന്നതിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ചുവരുന്ന വരുമാനപരിധിയും മാറ്റിയെഴുതേണ്ടതാണ്. പ്രത്യേകിച്ചും രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍. നിലവില്‍ ഗ്രാമീണമേഖലയില്‍ ദിവസവരുമാനം 11.80 പൈസയും നഗരത്തില്‍ 17.80 പൈസയും ലഭിക്കുന്നവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കില്ല. അതായത് ദരിദ്ര ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തെയും സബ്‌സിഡിയോടെയുള്ള ഭക്ഷ്യവിതരണത്തില്‍നിന്ന് ഒഴിവാക്കുകയാണ്. അര്‍ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസത്തില്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണ്. ഇവരെ റേഷന്‍ പരിധിയില്‍നിന്ന് ഒഴിവാക്കി എങ്ങനെ ഭക്ഷ്യസുരക്ഷ നേടാനാകും? ഈ മാനദണ്ഡങ്ങള്‍ ഉയര്‍ത്തണമെന്ന് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

എന്നാല്‍, ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന മറ്റൊരു നിര്‍ദേശവും പുതിയ നിയമനിര്‍മാണത്തിലുണ്ട്. ബിപിഎല്‍ പട്ടികയിലുള്ള 6.52 ശതമാനം കുടുംബങ്ങളില്‍ 2.5 കോടി കുടുംബങ്ങളെ അതീവ ദരിദ്രരെന്ന് പറഞ്ഞ് അവര്‍ക്ക് അന്ത്യോദയ അന്നയോജന പദ്ധതിയിന്‍കീഴില്‍ രണ്ടു രൂപയ്ക്ക് 35 കിലോ വീതം അരിയും ഗോതമ്പും നല്‍കിയിരുന്നു. എന്നാല്‍,പുതിയ നിയമം വരുന്നതോടെ ഈ വിഭാഗം ജനങ്ങള്‍ക്ക് ഈ ആനുകൂല്യം ഇല്ലാതാകും. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു രൂപയ്ക്ക് 25 കിലോ അരിയോ ഗോതമ്പോ മാത്രമാണ് ലഭ്യമാക്കുക. അതായത് ഒരു കിലോവിന് ഒരു രൂപ അധികം നല്‍കണമെന്നു മാത്രമല്ല ഭക്ഷ്യധാന്യത്തില്‍ മാസത്തില്‍ 10 കിലോ കുറയ്‌ക്കുകയുംചെയ്യും.

കേരളം, പശ്ചിമബംഗാള്‍, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ത്തന്നെ രണ്ടു രൂപയ്‌ക്ക് അരി നല്‍കുന്നുമുണ്ട്. അതിനേക്കാളും വിലയുള്ള കേന്ദ്രപദ്ധതി നടപ്പാക്കുന്നതിലുള്ള സാംഗത്യം ഈ സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികം. ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ഭക്ഷ്യധാന്യം നല്‍കുന്നതിനു പകരം വിലകൂടിയ ധാന്യം കുറഞ്ഞ അളവിൽ നല്‍കുമെന്നു പറയുന്ന പദ്ധതി എങ്ങനെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ സഹായിക്കും?

ബിപിഎല്‍ കുടംബങ്ങളുടെ എണ്ണം കുറയ്‌ക്കുക മാത്രമല്ല കാര്‍ഡുകളുടെ എണ്ണം കുറച്ച് ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ പേര്‍ വീതിച്ചെടുക്കണമെന്ന നിര്‍ദേശവും കോൺഗ്രസ് നേതൃത്വം മുന്നോട്ടു വയ്‌ക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെയാണ് അപകടകരമായ ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ന്യൂക്ളിയര്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു പകരം കൂട്ടുകുടംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കണമെന്നാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. അതായത് ഒരു കാര്‍ഡില്‍ ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണം കൂടുതല്‍ പേര്‍ വീതിക്കേണ്ടിവരും എന്നര്‍ഥം. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പുതിയ പദ്ധതി വഴി 4000 കോടി രൂപ സബ്സിഡി കുറയ്‌ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന് ഭീമമായ പണം ആവശ്യമാണെന്നും ആ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് വാദം. രാജ്യത്തെ എല്ലാ അര്‍ഹരായ ദരിദ്രര്‍ക്കും രണ്ടു രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ ഒമ്പത് കോടി ടൺ ഭക്ഷ്യധാന്യമാണ് വേണ്ടിവരികയെന്ന് പ്രസിദ്ധ സാമ്പത്തിക ശാത്രജ്ഞയായ ജയതിഘോഷ് കണക്കാക്കുന്നു. ഈ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനുള്‍പ്പെടെ പ്രതീക്ഷിക്കുന്ന ചെലവ് 1,20,000 കോടി രൂപയാണ്. നിലവില്‍ ഭക്ഷ്യ സബ്‌സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 52,000 കോടി രൂപ ചെലവാക്കുന്നുണ്ട്. അതിന്റെകൂടെ 70,000 കോടി രൂപ കൂടി ചെലവാക്കിയാല്‍ ലക്ഷ്യം കാണാമെന്നര്‍ഥം. ഇത് അത്ര വലിയ തുകയൊന്നുമല്ല. കാരണം കഴിഞ്ഞ ബജറ്റില്‍ വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം കോടിയുടെ ഇളവാണ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് റിലയന്‍സ് കമ്പനിക്കുമാത്രം സര്‍ക്കാര്‍ നല്‍കിയ ഇളവ് 45,000 കോടി രൂപയുടേതാണ്.

ഒരു കമ്പനിക്കുവേണ്ടി 45,000 കോടി രൂപ ചെലവാക്കാമെങ്കില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി 70,000 കോടി ചെലവാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ജയതിഘോഷ് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാനിയമം പൊളിച്ചെഴുതേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം അനിവാര്യമാകും.

****

വി ബി പരമേശ്വരൻ

Tuesday, September 1, 2009

ഓണമായെന്ന് ചൊല്ലുവതെങ്ങനെ

അഞ്ചാം ക്ളാസുകാരി ആദിത്യ വൈകിട്ട് സ്കൂളില്‍നിന്നു വന്ന് പുസ്തകസഞ്ചി കട്ടിലിലേക്കെറിഞ്ഞു. നാളെ പരീക്ഷ അവസാനിക്കും. മറ്റന്നാള്‍ സ്കൂളില്‍ ഓണാഘോഷമാണ്. ക്ളാസ് ടീച്ചര്‍ ഡയറിയില്‍ കുറിച്ചുകൊടുത്തതെല്ലാം അവള്‍ അമ്മയ്ക്ക് വായിക്കാന്‍ നല്‍കി. മഞ്ഞജമന്തി (അര കിലോ), വാടാമല്ലി (അര കിലോ), പട്ടുപാവാടയും ബ്ളൌസും (ടൈറ്റ് ഷിമ്മി), മേക്കപ്പ്മാനു കൊടുക്കാന്‍ 100 രൂപ.... ഡയറിയിലെ വരികള്‍ അമ്മ ഒരുവട്ടംകൂടി വായിച്ചു. കാര്യം പിടികിട്ടി. സ്കൂളില്‍ ഓണാഘോഷമാണ്. പൂക്കളം ഒരുക്കാനുള്ളതെല്ലാം ടീച്ചര്‍ കുട്ടികള്‍ക്ക് വീതംവച്ചു നല്‍കിയതിന്റെ കുറിപ്പടിയാണിത്.

അമ്മയ്ക്ക് ആദ്യം അത്ഭുതമാണ് തോന്നിയത്. പിന്നെ അവര്‍ ഡയറിയിലെ കുറിപ്പടിയോട് പൊരുത്തപ്പെട്ടു. മാറിവന്ന കാലം കോറിയിട്ട കുറിപ്പടി. ഓര്‍മകളുടെ സുഗന്ധം പരത്തുന്ന നാട്ടിടവഴിയിലൂടെ അമ്മ സഞ്ചാരം തുടങ്ങി. കൈയില്‍ ചെറിയൊരു ചൂരല്‍ക്കൊട്ട. ഒപ്പം കൂട്ടുകാരികള്‍. അയലത്തെ വീട്ടിലെ പൊടിമീശക്കാരന്‍ അവള്‍ക്കു തൊട്ടുപിന്നില്‍. മണ്ണിരകള്‍ മാളംതേടുന്ന വയല്‍വരമ്പിലൂടെ നടക്കുകയാണവള്‍. മത്സരയോട്ടത്തിനുള്ള തുടക്കം മാത്രമാണീ നടത്തം. ചെത്തി -മന്താരം മുതല്‍ മുക്കുറ്റിവരെയുള്ള എന്തും പൂക്കളത്തിന് ശോഭയേറ്റും. നീര്‍ക്കോലിയോടും കുളക്കൂരനോടും കളിപറഞ്ഞും കഥപറഞ്ഞും ചളിവഴുതുന്ന പാടവരമ്പിലൂടെ അവള്‍. നടവഴിയിലെ തൊട്ടാവാടിയോടു പിണങ്ങാതെ വിരലില്‍ ചോരയുതിര്‍ക്കാതെ ഇളംചുവപ്പുള്ള പൂക്കള്‍ പിഞ്ഞിപ്പോവാതെ പറിച്ചെടുത്തു. വിരല്‍തൊട്ടാല്‍ പിണങ്ങുന്ന തൊട്ടാവാടിയോട് മൌനത്താല്‍ മാപ്പുപറഞ്ഞു. പൂക്കളോരോന്നും പൂക്കൂടയിലേക്കിട്ടു. പുലര്‍ച്ചെ വാടിയ തൊട്ടാവാടിയെപ്പോലെ അവളും ഒന്നു വാടി. പിന്നെ കണ്ണുതുറന്ന് തിളങ്ങുന്ന ചിരി സമ്മാനിച്ചു. അടുത്ത പൂക്കളിലേക്ക്...

ഡയറിയിലെ കുറിപ്പടി വായിച്ച് അമ്മ ചോദിച്ചു, മോളെ ജമന്തിപ്പൂവ് എങ്ങനെ തൂക്കിനോക്കും. അച്ഛന്‍ ഓഫീസില്‍നിന്നു വരുംമുമ്പ് പറഞ്ഞാല്‍ ഏതെങ്കിലും പൂക്കടയില്‍നിന്ന് വാങ്ങിവരും. നമ്മുടെ തൊടിയിലെ പൂക്കളില്‍ ഇത്രയും ജമന്തി ഉണ്ടാവുമോ?

തുമ്പയും മുക്കുറ്റിയും നിലാവുപെയ്യുന്ന ഒരു ഓണക്കാലത്തിലൂടെ അവള്‍ യാത്രതുടങ്ങി, പൊയ്പ്പോയ നല്ലകാലത്തിന്റെ ഓര്‍മകള്‍ക്ക് ശ്രാദ്ധമൂട്ടി.

മകള്‍ പറഞ്ഞു: ഓണം എന്തു രസമാണ്. കഴിഞ്ഞവര്‍ഷം എനിക്കു കിട്ടിയത് വര്‍ണംനിറഞ്ഞ എത്ര ഉടുപ്പുകളാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു, രണ്ട് കളര്‍ഡ്രസുകൂടി കൊണ്ടുപോണം. പൂക്കളം ഇടുമ്പോള്‍ ഒന്ന്, അതുകഴിഞ്ഞ് ഓണഗാനമാലപിക്കുമ്പോള്‍ മറ്റൊന്ന്.

അവള്‍ മകളോട് ചോദിച്ചു: മക്കളെ, ഇത്രയും പണമൊക്കെ ചെലവിട്ടുവേണോ ഈ ഓണാഘോഷം?

അഞ്ചാം ക്ളാസുകാരി പൊട്ടിത്തെറിച്ചു. അമ്മയ്ക്കെന്തറിയാം, ഞങ്ങളുടെ ക്ളാസുകള്‍ തമ്മില്‍ മത്സരമാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു എത്രത്തോളം പൂവുകിട്ടുമോ അത്രയും വേണമെന്ന്. പിന്നെ ചെമ്പരത്തി തുളസി തൊട്ടാവാടി, ഇങ്ങനെയുള്ള കണ്ട്രീസൊന്നും വേണ്ട. അതൊക്കെ സമയമാകുമ്പോള്‍ വാടിപ്പോകും. അരളി കിട്ടിയാല്‍ കൊള്ളാം. പൂക്കളം ഒരുക്കുംവരെ ടീച്ചറുടെ വീട്ടിലെ ഫ്രിഡ്ജില്‍ വെക്കാം. എടുക്കുമ്പോഴും ഒരു ഫ്രഷ്നെസ് ഉണ്ടാകുമല്ലോ.

അമ്മ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഏതു നിമിഷവും അവസാനിക്കുന്ന സ്വപ്നങ്ങളുടെ ലോകത്ത്. പണ്ടൊരാള്‍ നെന്മണി കണ്ടതും പിന്നാലെ ഗവേഷകര്‍ കൂടിയതും ഒട്ടേറെ പേരുകള്‍ അതിനു പറഞ്ഞതും അവസാനം പാളത്തൊപ്പിക്കാരന്‍ കര്‍ഷകന്‍ വന്ന് അത് നെല്ലാണെന്നു സ്ഥിരീകരിച്ചതുമൊക്കെ മനസ്സിലേക്ക് ഓടിയെത്തി അവള്‍ മകളോടു ചോദിച്ചു: മോളേ നിനക്കറിയുമോ മുക്കുറ്റിയെ, മണവും മധുരവും പ്രേമവും നല്‍കുന്ന നാട്ടുമുല്ലയെ?

കുട്ടി മിണ്ടിയില്ല. അവള്‍ യാചനാസ്വരത്തില്‍ പറഞ്ഞു: "പ്ളീസ് അച്ഛനെ വിളിച്ചുപറ, ഹാഫ് കിലോ യെല്ലോ ജെമന്തി.... ''

അമ്മ അപ്പോഴും സ്വപ്നലോകത്താണ്. കവരംവീശി നില്‍ക്കുന്ന പുളിമരത്തിലെ ആടുന്ന ഊഞ്ഞാലില്‍ അവള്‍മാത്രം. ആരോ പിന്നില്‍നിന്ന് ഉന്തിവിടുന്നുണ്ട്. കാറ്റില്‍ മേലോട്ടുയരുന്ന പട്ടുപാവാട തിരുകിക്കയറ്റി പറക്കുകയാണ്. അടുത്ത കൊമ്പിലെ പച്ചിളംപുളിയില്‍ കാലൊന്നു തൊട്ട് കാല്‍വിരലുകളാല്‍ മുറുക്കിപ്പിടിച്ച് കൊച്ചൊരു പിച്ചപ്പുളിയും പറിച്ച് ഊഞ്ഞാലിലെ മടക്കയാത്ര. താഴെ നില്‍ക്കുന്നവര്‍ കാണാതെ വലതുകാല്‍ ഉയര്‍ത്തി വിരലുകള്‍ക്കിടയിലെ പിച്ചപ്പുളി ഇടതുകൈകൊണ്ടെടുത്തു കടിച്ച് വീണ്ടും തുടരുന്ന ആകാശയാത്ര.

"യു മീന്‍ ക്രാഡില്‍.....'' മകള്‍ ചോദിച്ചു. അല്ല മക്കളെ തൊട്ടിലല്ല. അത് ഊഞ്ഞാല്‍. അന്നു ഞങ്ങടെ മനസ്സുപോലെ ഉയര്‍ന്നുപാറിയ ഊഞ്ഞാല്‍. പുളിമരത്തിന്റെ ഇലകള്‍ മഴയായ് പെയ്തിറങ്ങിയ ഊഞ്ഞാല്‍ക്കാലം.

അമ്മ മകളോട് ചോദിച്ചു. നീ തലപ്പന്ത് കണ്ടിട്ടുണ്ടോ. കാലുമടക്കികുത്തി ആഞ്ഞടിക്കുമ്പോള്‍ ആകാശത്തേക്കുയരുന്ന തലപ്പന്ത്. ആര്‍പ്പുവിളികളുടെയും നിലയ്ക്കാത്ത കരഘോഷങ്ങളുടെയും നടുവില്‍ ആങ്ങളയുടെ പെരുവിരലില്‍ ചോരപൊടിഞ്ഞിട്ടും ആകാശത്തേക്കുയര്‍ന്ന് ഏതോ പൊന്തയില്‍ ആരും കാണാതെ മറഞ്ഞ കാല്‍പ്പന്ത്. നാട്ടിടങ്ങളിലെ കൊച്ചുപീടികയില്‍പോലും പല വര്‍ണങ്ങളില്‍ മോഹിപ്പിച്ചുകിടന്ന റബര്‍പ്പന്തുകള്‍.

ഉയര്‍ന്നുനില്‍ക്കുന്ന വഴുക്കന്‍ കവുങ്ങില്‍ തറ്റുടുത്ത് മേയ്ക്കരുത്തുകാട്ടി അയലത്തെ മുറിമീശക്കാരന്‍ കുതിച്ചും വഴുതിയും കയറിപ്പറ്റി പൊന്നിന്‍ പുടവയുമായി നിലംതൊട്ടത് ... അയാളന്ന് പടയാളിയായിരുന്നു. എന്നെപ്പോലെ പെണ്‍മനസ്സുകളില്‍ കിനാവിന്റെ കുളിരുനിറച്ച പടയാളി. മകള്‍ക്കൊന്നും മനസ്സിലായില്ല. എങ്കിലും പറഞ്ഞു, പറയൂ... അമ്മേ... പറയൂ.....
നീ കാണുന്ന മാബലിയല്ല അന്ന്. അദ്ദേഹത്തിന് കൂളിങ് ഗ്ളാസും കൈയില്‍ മൊബൈല്‍ഫോണുമൊന്നുമുണ്ടായിരുന്നില്ല. വട്ടത്തില്‍ മെടഞ്ഞെടുത്ത കുടപ്പനക്കുടയും ചന്ദനമെഴുതിയ കൈകളും പിഞ്ഞിത്തീരാറായ സാറ്റണ്‍വസ്ത്രവും ധരിച്ച് വരും.
അമ്മൂമ്മ പറഞ്ഞിരുന്നു ഏതോ രാത്രിയാമത്തില്‍ പ്രജാക്ഷേമം തിരക്കിയെത്തുന്ന പാവം രാജാവിനെക്കുറിച്ച്, കുടവയറനായ ഓണത്തപ്പനെപ്പറ്റി.

മാവേലി നാടുവാണീടും കാലം..... അമ്മ അവള്‍ക്കറിയാവുന്ന താളത്തില്‍ നീട്ടിച്ചൊല്ലി. ഒന്നാംതുമ്പിയും അവള്‍ പെറ്റ മക്കളും പോയിട്ട് കാലമേറെയാവുന്നു. ലഹരിനുരയുന്ന കണ്ണുകളുമായി പാറിനടക്കുന്ന തുമ്പികളാണ് ചുറ്റും. അവള്‍ മകളെ മാറോടു ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. ആ മാവേലിനാടിന്റെ സ്വപ്നം. നാളെക്കഴിഞ്ഞാല്‍ ഇനി പത്തുദിവസം സ്കൂളില്‍ പോണ്ട. ഓണാവധി. പക്ഷേ, ട്യൂഷന്‍ ടീച്ചര്‍ എല്ലാദിവസവും ഫുള്‍ടൈം ക്ളാസുവെച്ചിട്ടുണ്ട്. ഈ ഗ്യാപ്പില്‍ റിവിഷന്‍ നടത്തിയാല്‍ അടുത്ത ടേമില്‍ കൂടുതല്‍ റിസ്ക് എടുക്കേണ്ട. മകള്‍ അമ്മയോടു പുലമ്പുന്നു... അമ്മേ, പ്ളീസ് ടീച്ചറോട് പറ. സ്കൂള്‍ തുറന്നിട്ട് ക്ളാസുമതി. അതുവരെ ഞാന്‍.....

അമ്മ പെട്ടെന്ന് സംസാരമെല്ലാം മാറ്റി. കളി വേറെ കാര്യം വേറെ. ലുക്ക് മോളേ, ഈ പത്തുദിവസം ശ്രദ്ധിച്ചു പഠിച്ചാല്‍ അടുത്ത ടേമില്‍ നീ ആകും ക്ളാസ് ഫസ്റ്റ്. അതില്‍ നമ്മള്‍ തമ്മില്‍ ക്രോംപ്രമൈസ് ഇല്ല. ഓണാവധിക്ക് അച്ഛന്റെ വീട്ടിലൊന്ന് പോകണമെന്നു പറഞ്ഞിട്ടും ഞാനെന്താ വില്ലിങ്ങാകാത്തത്? അതു ശരിയാവില്ല. അത് നിന്റെ കരിയര്‍ സ്പോയില്‍ചെയ്യും.

ഡീസന്റ് മുക്കിലെ ആര്‍ട്സ് ക്ളബ്ബുകാര്‍ പിരിവിനെത്തിയിട്ടുണ്ട്. അമ്പതു രൂപയുടെ നോട്ട് മടക്കി അവര്‍ക്കുനേരെ നീട്ടി അമ്മ പറഞ്ഞു: ഇത് സ്ഥിരം പിരിവാണല്ലോ. പിരിച്ചുപെറുക്കി പുട്ടടിയല്ലേ പണി. പിരിവുകാരന്‍ യുവാവിന്റെ നോട്ടം മറികടക്കാന്‍ മറുപടിയായി മൊബൈലില്‍ അവള്‍ ഭര്‍ത്താവിനെ വിളിച്ചു- "യെല്ലോ ജെമന്തി ഹാഫ്‌കിലോ, വാടാമല്ലി........''

***

കെ ആര്‍ അജയന്‍, ദേശാഭിമാനി വാരാന്തപ്പതിപ്പ്

ബിജെപിയിലെ പ്രതിസന്ധി

ബിജെപിയെ ഗ്രസിച്ച പ്രതിസന്ധിയും ഉന്നതതലത്തിലെ തമ്മിലടിയും പാര്‍ടിയുടെ അനുഭാവികളില്‍ ആകുലതയും എതിരാളികളില്‍ ആഹ്ളാദവും സൃഷ്ടിച്ചിരിക്കുന്നു. ആ പാര്‍ടിയെ ആപത്തിലെത്തിച്ച പ്രതിസന്ധിയുടെ യഥാര്‍ഥസ്വഭാവവും കാരണവും എന്താണ് ?

നേതൃപ്രശ്നത്തെച്ചൊല്ലി ബിജെപി ശക്തമായ ഉള്‍പ്പോരിന് സാക്ഷ്യംവഹിക്കുന്നുവെന്നതാണ് പൊതുവെയുള്ള വീക്ഷണം. ഓരോ നേതാവും അവരുടെ അനുയായികളും സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും നേതൃത്വത്തിനുവേണ്ടിയുള്ള ഈ വൈരത്തില്‍നിന്ന് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അങ്ങനെ തന്നെ ആയിരിക്കാം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിന്റെ ഇരുസഭയിലും പാര്‍ടിയുടെ നേതാവ് ആരായിരിക്കണമെന്നതിനെച്ചൊല്ലി രഹസ്യമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. പാര്‍ടിയുടെ അടുത്ത പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന വസ്‌തുത പരക്കെ ബോധ്യമുള്ളതാണ്. പക്ഷേ, പ്രതിസന്ധിയുടെ കാരണം നേതൃപ്രശ്‌നത്തില്‍ മാത്രമായി ഒതുങ്ങുന്നതല്ല, പാര്‍ടിയിലെ പ്രശ്‌നങ്ങളുടെ ലക്ഷണമാണ് നേതൃതര്‍ക്കമായി പുറത്തുവരുന്നത്.

ആര്‍എസ്എസ് നയിക്കുന്ന പാര്‍ടിയാണ് ബിജെപി. ഇത്തരം നേതൃപ്രശ്‌നങ്ങള്‍ ബിജെപി എല്ലാസമയത്തും ആര്‍എസ്എസിന്റെ സഹായത്തോടെയാണ് പരിഹരിച്ചിരുന്നത്, പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആര്‍എസ്എസ് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഭിന്നതയും ശണ്ഠയും പാര്‍ടിയുടെയും സംഘടനയുടെയും ചട്ടക്കൂട് ഭേദിച്ച് പുറത്തുവന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാകുന്നു. ലോൿസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട സമഗ്രപരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ടിയില്‍ പ്രതിസന്ധി രൂപമെടുത്തത്. തെരഞ്ഞെടുപ്പില്‍ തോറ്റതും ഗവൺമെന്റ് രൂപീകരിക്കാന്‍ കഴിയാതിരുന്നതും മാത്രമല്ല പ്രശ്‌നം. രാജ്യമെമ്പാടും പാര്‍ടിയുടെ പിന്തുണ ചോര്‍ന്നുപോയി. 28 സംസ്ഥാനത്ത് 26ലും 2004ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ടിക്ക് ലഭിച്ച വോട്ടിന്റെ ശതമാനം കുറഞ്ഞു. ഹിന്ദുത്വമുദ്രാവാക്യം മുറുകെപ്പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തില്‍ വെള്ളംചേര്‍ക്കില്ലെന്ന് അവരില്‍നിന്ന് ആര്‍എസ്എസ് ഉറപ്പ് വാങ്ങി. ഇക്കാരണത്താല്‍ അവര്‍ ദേശീയ ജനാധിപത്യസഖ്യത്തിനു പൊതുപരിപാടി തയ്യാറാക്കുന്നത് ഒഴിവാക്കുക പോലും ചെയ്‌തു. കുറെക്കാലമായി ഉറവപൊട്ടിയിരുന്ന പ്രതിസന്ധി വല്ലാതെ രൂക്ഷമായത് ഈ മുദ്രാവാക്യം ജനങ്ങള്‍ തിരസ്കരിച്ചതുകൊണ്ടാണ്.

തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നെങ്കില്‍ അദ്വാനി പ്രധാനമന്ത്രിയാവുകയും പാര്‍ടിയിലെ വിള്ളലുകള്‍ ശമിക്കുകയും ഹിന്ദുത്വമുദ്രാവാക്യത്തിന്റെ കാര്യശേഷിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാതിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, കാര്യങ്ങള്‍ അങ്ങനെ നടന്നില്ല. ജിന്നയെയും വിഭജനത്തെയുംകുറിച്ച് പുസ്‌തകമെഴുതിയതിന് ജസ്വന്ത് സിങ്ങിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് ബിജെപിയിലെ ആശയക്കുഴപ്പത്തിനും ഭിന്നതയ്‌ക്കും തെളിവായി. ഇന്ത്യാവിഭജനത്തിന് സംഘപരിവാര്‍ എല്ലാക്കാലത്തും കുറ്റപ്പെടുത്തിവന്നത് കോൺഗ്രസിനെയാണ്. യഥാര്‍ഥത്തില്‍, 1947മുതല്‍ ആര്‍എസ്എസ് പ്രചാരണത്തിന്റെ മുഖ്യവിഷയം ഇതാണ്. രാജ്യത്തെ വഞ്ചിച്ച കോൺഗ്രസ് 'മാതൃരാജ്യത്തിന്റെ ശരീരച്ഛേദനം' നടത്തിയെന്നാണ് കുറ്റപ്പെടുത്തല്‍. മുസ്ളിങ്ങള്‍ക്ക് പ്രത്യേകരാജ്യം എന്ന മുദ്രാവാക്യം ശക്തമാക്കുന്നതില്‍ ഹിന്ദു വര്‍ഗീയവാദികള്‍ വഹിച്ച പങ്ക് സൌകര്യപൂര്‍വം വിസ്‌മരിക്കുന്നു. മറിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വവും രണ്ട് പ്രമുഖ ബൂര്‍ഷ്വാ പാര്‍ടികളും-കോൺഗ്രസും മുസ്ളിംലീഗും-തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ ഫലമാണ് വിഭജനമെന്ന് കമ്യൂണിസ്റ് പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാറിനെത്തുടര്‍ന്ന് രാജ്യം വിഭജിക്കുകയും അതത് ബൂര്‍ഷ്വ-ഭൂവുടമ വര്‍ഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ട് സ്വതന്ത്രരാജ്യങ്ങള്‍ രൂപംകൊള്ളുകയുംചെയ്തു. കോൺഗ്രസ് നേതൃത്വത്തില്‍,പ്രത്യേകിച്ച് നെഹ്റുവില്‍, വിഭജനത്തിന്റെ ഉത്തരവാദിത്തം ആരോപിക്കുന്നത് ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തിന് നിരക്കുന്ന സമീപനമാണ്.

വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിന്നയെയോ അല്ലെങ്കില്‍ സര്‍ദാര്‍ പട്ടേലിനെയോ വസ്‌തുനിഷ്ഠമായി വിലയിരുത്തുന്നതിനോട് സംഘക്കൂട്ടത്തിന് വെറുപ്പു പോലെയാണ്. ജസ്വന്ത് സിങ്ങിന്റെ പുസ്‌തകം ഗുജറാത്തില്‍ നിരോധിച്ചത് ബിജെപിക്ക് അപമാനംമാത്രമാണ് വരുത്തിയത്. അവരുടെ സങ്കുചിത കാഴ്‌ചപ്പാടിന് വിരുദ്ധമായ എല്ലാ ചരിത്രഗവേഷണങ്ങളോടും ക്രിയാത്മകകലാസൃഷ്ടികളോടും ഹിന്ദുത്വശക്തികള്‍ കാട്ടുന്ന അസഹിഷ്‌ണുതയുടെ പശ്ചാത്തലത്തിലാണ് ഈ നിരോധനം. ബിജെപിയെ വിപല്‍ക്കരമായ അവസ്ഥയില്‍ എത്തിച്ച പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് തിരിച്ചുപോയാല്‍, ഇപ്പോള്‍ പാര്‍ടിയിലാകെ നടക്കുന്ന ഏറ്റുമുട്ടലിന്റെ കാതല്‍ പാര്‍ടിയുടെ സ്വഭാവവും പങ്കും എന്തായിരിക്കണമെന്ന പ്രശ്‌നമാണെന്ന് ബോധ്യമാകും. ഹിന്ദുത്വആശയത്തില്‍ അടിയുറച്ചുനിന്ന് 'സാംസ്‌ക്കാരിക ദേശീയത' പ്രചരിപ്പിക്കുന്ന പാര്‍ടിയാണ് ബിജെപിയെന്ന് പൊതുവെ കരുതുന്നു. ആര്‍എസ്എസിന്റെ രാഷ്‌ട്രീയ ഉപകരണമാണ് ബിജെപിയെന്ന വസ്‌തുതയുടെ പ്രതിഫലനമാണ് ഇത്. ആര്‍എസ്എസ് സാംസ്‌ക്കാരിക സംഘടനയാണെന്ന കെട്ടുകഥ അവര്‍ ആവര്‍ത്തിക്കുകയും തങ്ങളുടെ കേഡര്‍മാരെ രാഷ്‌ട്രീയ ഉപകരണമായ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുംചെയ്യുന്നു.

ബിജെപി നേരിടുന്ന വൈരുധ്യങ്ങളുമായി അവര്‍ മല്‍പ്പിടിത്തം തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. 1998ലും 1999ലും ബിജെപി നേടിയ വിജയം, അവര്‍ തങ്ങളുടെ ആകര്‍ഷകത്വം വിപുലമാക്കുകയും അവരുടെ സങ്കുചിതവീക്ഷണങ്ങളോട് യോജിക്കാത്ത പാര്‍ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്‌താലേ അവര്‍ക്ക് മുന്നേറ്റം ഉണ്ടാകൂ എന്ന സത്യത്തിന് അടിവരയിട്ടു. അവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും ഇടുങ്ങിയ ഹിന്ദുത്വകാഴ്‌ചപ്പാട് മറികടക്കുകയും ചെയ്‌താല്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയൂ എന്ന് 2004ലെ പരാജയം തെളിയിച്ചു. കടുത്ത ഹിന്ദുത്വമുദ്രാവാക്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ത്തന്നെ എന്‍ഡിഎയില്‍ കൂടുതല്‍ സഖ്യകക്ഷികളെച്ചേര്‍ത്ത് കപടമായ വിശാലപ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ബിജെപി ശ്രമിച്ചു. പക്ഷേ, ഹിന്ദുത്വത്തില്‍ മുറുകെ പിടിച്ചതും വര്‍ഗീയരാഷ്‌ട്രീയം പിന്തുടര്‍ന്നതും അവരുടെ വേദി വിപുലമാക്കാനും കൂടുതല്‍ സഖ്യകക്ഷികളെ കൂട്ടാനുമുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി.

ബിജെപിയുടെ സാമ്പത്തിക, വിദേശനയങ്ങള്‍ കോഗ്രസിന്റേതില്‍നിന്ന് ഭിന്നമല്ലാത്തതിനാല്‍ ഹിന്ദുത്വം ഒഴിച്ചുനിര്‍ത്തിയാല്‍ അവര്‍ക്ക് വ്യക്തിത്വമില്ല. രണ്ടായിരത്തിനാലിലെ പരാജയം ഈ വൈരുധ്യത്തെ ഒന്നാം സ്ഥാനത്തുകൊണ്ടുവന്നു. ജിന്നവിവാദത്തിനുശേഷം പാര്‍ടി പ്രസിഡന്റ്സ്ഥാനത്തുനിന്ന് അദ്വാനിയുടെ രാജി, വളര്‍ന്നുവരുന്ന വിമതസ്വരങ്ങള്‍, ഉമാഭാരതിയുടേയും കല്യാൺസിങ്ങിന്റെയും പുറത്താക്കലുകളോ രാജികളോ ഇതെല്ലാം ബിജെപിയില്‍ വളര്‍ന്നുവരുന്ന വ്യവസ്ഥയില്ലായ്‌മയുടെ ലക്ഷണങ്ങളാണ്. എന്‍ഡിഎ വിപുലമാക്കാനും പാര്‍ടിയുടെ ഭാവിപ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനും എല്‍ കെ അദ്വാനി ശ്രമിച്ചിട്ടും കുറെക്കഴിഞ്ഞപ്പോള്‍ ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ സങ്കുചിതമായ വര്‍ഗീയ അജന്‍ഡയിലേക്ക് തന്നെ അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. മലെഗാവ് ബോംബ് സ്‌ഫോടനക്കേസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന് ഇത് വ്യക്തമാണ്. സംഘപരിവാറിലെ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണമെന്നാണ് അദ്വാനി ആദ്യം പറഞ്ഞത്; പിന്നീട് അദ്ദേഹം ഇതിനെ ഹിന്ദുമത പുരോഹിതരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി വിശേഷിപ്പിക്കുകയും അപലപിക്കുകയുംചെയ്തു. വരുൺ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗങ്ങളുടെ കാര്യത്തിലും അദ്വാനി ഇതേ ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. രണ്ടായിരത്തി ഒന്‍പതിലുണ്ടായ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയം സ്ഥിതിഗതികൾ രൂക്ഷമാക്കി.

ബിജെപി ഇപ്പോള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. അവര്‍ക്ക് ആര്‍എസ്എസുമായി വഴി പിരിയാനും ജസ്വന്ത് സിങ് ആഗ്രഹിക്കുന്നതുപോലെ സാധാരണ വലതുപക്ഷ പാര്‍ടിയായി മാറാനും കഴിയില്ല. അരുൺ ഷൂരി ആഗ്രഹിക്കുന്നതുപോലെ ആര്‍എസ്എസിന്റെ സുഖകരമായ പരിരക്ഷയിലേക്ക് തിരിച്ചുപോകുന്നതാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ കണ്ടെത്തും. പക്ഷേ, വ്യക്തമായ നിലയില്‍ വര്‍ഗീയ, സങ്കുചിത കക്ഷിയായി തുടരുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരും. ബിജെപിയുടെ ജനിതകഘടന പരിശോധിച്ചാല്‍ അവര്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിക്കുകയെന്ന് ബോധ്യമാകും.

തെരഞ്ഞെടുപ്പ് മോഹങ്ങള്‍ തകര്‍ന്നശേഷം നടത്തിയ 'ചിന്തന്‍ ബൈഠക്കില്‍' പാര്‍ടി എന്തൊക്കെ വിശകലനങ്ങള്‍ നടത്തിയാലും ഒരു കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. ഹിമാചല്‍പ്രദേശിനെ ഒഴിച്ചുനിര്‍ത്തിയാല്‍ കര്‍ണാടകം മാത്രമാണ് ബിജെപിയുടെ വോട്ടിങ് ശതമാനം ഉയര്‍ന്ന ഏകസംസ്ഥാനം. ഇതിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ടായി ആര്‍എസ്എസും അതിന്റെ അനുബന്ധസംഘടനകളും സംഘടിപ്പിച്ച വര്‍ഗീയസംഘര്‍ഷങ്ങള്‍, ലഹളകള്‍, വര്‍ഗീയ ധ്രുവീകരണം എന്നിവയുടെ ഫലമായാണ് ഇത് സാധ്യമായത്. ഇത്തരത്തില്‍ അടിത്തറ ഒരുക്കാതെ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായി വിജയം നേടാന്‍ ബിജെപിക്ക് കഴിയുമായിരുന്നില്ല. ഹിന്ദുത്വ പണ്ഡിതന്മാരും സഹയാത്രികരും എത്ര ബൌദ്ധികക്കസര്‍ത്ത് നടത്തിയാലും ഈ സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. ബിജെപി നേതൃത്വത്തിലെ ഇപ്പോഴത്തെ കലഹം താല്‍ക്കാലികമായി ശമിച്ചേക്കാം. എന്നാല്‍ ആര്‍എസ്എസ് കുറിപ്പടിപ്രകാരം ഉടച്ചുവാര്‍ക്കുന്ന ബിജെപി രാജ്യത്തിന് നല്ല ശകുനമാകില്ല. ഹിന്ദുത്വ വര്‍ഗീയ പ്രത്യയശാസ്‌ത്രത്തെയും രാഷ്‌ട്രീയത്തെയും നേരിടാനുള്ള ദൌത്യം പ്രസക്തവും അനിവാര്യവുമായി തുടരും.

***

പ്രകാശ് കാരാട്ട്