കബളിപ്പിക്കല്‍ നിറഞ്ഞ ഒരു നയപ്രഖ്യാപനം കേരളത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. വിശിഷ്യ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ അത്തരമൊരു പ്രകടനം നടത്തുമെന്ന് സാമാന്യേന ജനങ്ങള്‍ ചിന്തിക്കുകയും ഇല്ല. നേര്‍ത്ത ഭൂരിപക്ഷത്തോടെ അധികാരം സ്വന്തമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം അത്തരത്തിലൊന്നായിപോയതില്‍ ജനങ്ങള്‍ക്ക് അതിശയവും ദുഃഖവും ഉണ്ടാവുന്നത് സ്വാഭാവികമാണ്.
രണ്ടായിരത്തി ആറ് മുതല്‍ രണ്ടായിരത്തി പതിനൊന്ന്‌വരെ നിലവിലുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്ന കടമ മാത്രമാണ് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പരിപാടികളെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടാതിരിക്കുവാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.
സാധാരണ ഗതിയില്‍ അധികാരമാറ്റത്തിലൂടെ ഭരണം ഏറ്റെടുക്കുന്ന ഏതൊരു മുന്നണിക്കും അതിന്റേതായ നയവും സമീപനവും മൂന്നോട്ട് വയ്ക്കാന്‍ ഉണ്ടാവും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന പ്രകടന പത്രികയിലൂടെയായിരിക്കും. യു ഡി എഫിനും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ അവര്‍ അവതരിപ്പിച്ച പ്രകടന പത്രികയുടെ ലാഞ്ചനപോലും കാണാനില്ലായിരുന്നു. എല്‍ ഡി എഫ് തുടങ്ങിവയ്ക്കുകയും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതികളെ സംബന്ധിച്ച് വാചാലമാകാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യനയ പ്രഖ്യാപനത്തിലൂടെ യജ്ഞിച്ചത്.
വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, മെട്രോ റയില്‍ എന്നിവ ഉള്‍പ്പെടെ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതും പൂര്‍ത്തീകരണത്തിനായി ശ്രമിച്ചതുമായ പദ്ധതികളെ സംബന്ധിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയത്. ഈ കുറ്റബോധം കൊണ്ടാവാം, എല്‍ ഡി എഫ് സര്‍ക്കാരിനെ അപഹസിക്കാനും നയപ്രഖ്യാപനത്തെയും അത് നിയമസഭയില്‍ അവതരിപ്പിച്ച ഗവര്‍ണറെയും ഉപയോഗപ്പെടുത്തി. നിയമസഭയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച അതേ ഗവര്‍ണറെ തന്നെ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ പ്രസംഗം എഴുതി വായിപ്പിക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇടതു സര്‍ക്കാരിന്റെ നയങ്ങളെ നിയമസഭയില്‍ പ്രശംസിക്കുകയും ആ സര്‍ക്കാരിന്റെ നയങ്ങളെയും ലക്ഷ്യത്തേയും അവതരിപ്പിക്കുകയും ചെയ്ത ഗവര്‍ണറെക്കൊണ്ട് അതിന് വിരുദ്ധമായ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതമാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ പദവിയെ അപമാനിക്കുകയായിരുന്നു. നയപ്രഖ്യാപനമെന്ന സഭ ചട്ടങ്ങളിലെ സുപ്രധാനമായ സന്ദര്‍ഭത്തെ അവഹേളിക്കുകയുമാണ് ചെയ്തത്.
തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ തങ്ങള്‍ അവതരിപ്പിച്ച പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളൊക്കെ തങ്ങളുടെ സര്‍ക്കാരിന്റെ നയത്തില്‍ ഉള്‍പ്പെടുത്താത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പദ്ധതികളില്‍ അവകാശം സ്ഥാപിക്കുവാനാണ് നയപ്രഖ്യാപനത്തിലും യജ്ഞിച്ചത്. പ്രകടനപരതയുടെ ഓളപ്പരപ്പില്‍ മുങ്ങി നിവരുവാന്‍ നയപ്രഖ്യാപനത്തിലൂടെ ശ്രമിച്ച യു ഡി എഫ് സര്‍ക്കാര്‍, അവര്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് പിടിക്കുകയായിരുന്നു.
ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാരിന്റെ പിന്തുണയോടെ സൃഷ്ടിക്കപ്പെട്ട കടുത്ത പ്രതിസന്ധികളെ നയപ്രഖ്യാപനത്തില്‍ അഭിമുഖീകരിച്ചില്ലായെന്നത് തന്നെ നയപ്രഖ്യാപന പ്രസംഗത്തിലെ വ്യര്‍ഥത വെളിവാക്കുന്നുണ്ട്. ജനവിരുദ്ധമായ സാമ്പത്തിക നയം പിന്‍പറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓശാന പാടുകയാണ് തങ്ങളും ചെയ്യുകയെന്ന് ഭംഗ്യന്തരേണയാണെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
കാര്‍ഷിക-പൊതുമേഖല-പൊതുവിതരണ മേഖലകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആര്‍ജിച്ച നേട്ടങ്ങള്‍ കേരളീയ പൊതുസമൂഹം പരക്കെ സ്വാഗതം ചെയ്തിരുന്നു. ഗുണകരമായ ആ നയസമീപനം പിന്തുടരുവാനുള്ള ഒരു സമീപനവും യു ഡി എഫ് നയപ്രഖ്യാപനത്തില്‍ കാണാനില്ല. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിനോ, പൊതുമേഖലാ വ്യവസായങ്ങളുടെ അഭിവൃദ്ധിക്കോ ആവശ്യമായ നയസമീപനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പക്കലില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ നയപ്രഖ്യാപനം.
സര്‍ക്കാരുകള്‍ മാറിമാറി വരാം, പക്ഷേ നാടിനും ജനതയ്ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം സമ്മാനിക്കുന്ന നയങ്ങളും നടപടികളും പിന്തുടരുകയാണ് പ്രതിജ്ഞാബദ്ധതയുള്ള കക്ഷികളും മുന്നണികളും സ്വീകരിക്കുന്ന സമീപനം. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന, അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപനത്തിലൂടെ മേനിനടിക്കാന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ വിദ്യയാണ്. ഇത്തരം വിലകുറഞ്ഞ വിദ്യകളല്ല കേരളം ഇന്നാവശ്യപ്പെടുന്നത്. സാമൂഹ്യ ജീവിത രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അഭൂതപൂര്‍വമായ മുന്നേറ്റമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സാധ്യമായത്. ആ മുന്നേറ്റം തുടരുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യത്തോടെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.
*
മുഖപ്രസംഗം 28 ജൂണ്‍ 2011, ജനയുഗം
Tuesday, June 28, 2011
അഴിമതി ഇല്ലാതാക്കാന്‍ ബദല്‍ നയങ്ങള്‍ക്കേ കഴിയൂ
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന രണ്ട് പ്രധാന വിപത്തുകള്‍, അനുദിനം വര്‍ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയുമാണ്. വിലക്കയറ്റത്തിന് വന്‍തോതില്‍ ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവ്. ഇതിനെതിരെ രാജ്യവ്യാപകമായി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചിരിക്കുന്നു.
അഴിമതിയുടെ കാര്യത്തില്‍ പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്. ഒന്ന്, വിദേശത്തേയ്ക്കുള്ള കള്ളപ്പണത്തിന്റെ കടത്ത്. രണ്ട്, ആഭ്യന്തരമായി സര്‍ക്കാര്‍ തലത്തിലുള്ള അഴിമതികള്‍. ഇത് രണ്ടും രാജ്യത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കുന്ന തരത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ അഴിമതി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും മുന്‍പന്തിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാജ്യത്തുനിന്നും വിദേശത്തേയ്ക്ക് കടത്തിയ കള്ളപ്പണത്തിന്റെ കണക്കുകള്‍ ഇതേ പംക്തിയില്‍ മുമ്പും പറഞ്ഞിട്ടുണ്ട്. എങ്കിലും ഒന്നുകൂടി അതിവിടെ ആവര്‍ത്തിക്കുന്നു. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടനുസരിച്ച് സ്വാതന്ത്ര്യത്തിനുശേഷം 2008 വരെ 50 ലക്ഷം കോടി രൂപ 77 രാജ്യങ്ങളിലേയ്ക്ക് കള്ളപ്പണമായി കടത്തിയിരിക്കുന്നു. ഇതില്‍ നാലില്‍ഒന്നും കടത്തിയത് 2000 - 2008 കാലത്താണ്. അതായത് പുത്തന്‍ സാമ്പത്തിക നയം ശക്തമായി നടപ്പിലാക്കിയ കാലഘട്ടത്തിലാണ് ഈ കള്ളപ്പണകടത്ത് നടന്നത്. ഈ കള്ളപ്പണം കണ്ടുപിടിക്കാന്‍ നേരിയ ശ്രമംപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ജര്‍മനിയില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടെ വിവരങ്ങളും കണക്കുകളും ജര്‍മന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഈ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവരില്‍ കേസ് എടുക്കുന്നവരുടെ പേര് വിവരങ്ങള്‍ അപ്പോള്‍ വെളിപ്പെടുത്താമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി പറയുന്നത്. സ്വിസ് ഗവണ്‍മെന്റ് അവരുടെ നയത്തില്‍ മാറ്റംവരുത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവിടെയുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനൊന്നും ഒരു ശ്രമവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.
അതുപോലെതന്നെയാണ് ഈയടുത്ത കാലത്ത് പുറത്തുവന്ന വന്‍ അഴിമതികളുടെ കഥയും. 2 ജി സ്‌പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചാണ്ടിക്കാണിച്ചിരിക്കുന്നു. എന്നാല്‍ ആ കണക്കുകള്‍ ശരിയല്ലെന്ന വാദമാണ് കേന്ദ്രമന്ത്രി കബില്‍ സിബാല്‍ ഉയര്‍ത്തുന്നത്. എന്നാല്‍ അദ്ദേഹത്തിനും കേന്ദ്ര മന്ത്രിയായിരുന്ന എ രാജയെ രക്ഷിക്കാനായില്ല. ആ കേസില്‍ സി ബി ഐയുടെ അന്വേഷണത്തിന്റെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തതിന് ശേഷമാണ് രാജ ജയിലിലായത്. രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയും ചില വന്‍കിട ബിസിനസുകാരും ഈ കേസില്‍ ജയിലിലാണ്. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ 80,000 കോടി രൂപയുടെ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴൊന്നും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ സുരേഷ് കല്‍മാഡി ജയിലിലാണ്. രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ച ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലാണ്. ഇസ്രായേലി വിമാനം വാങ്ങിയതില്‍ 450 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 600 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ഇപ്പോള്‍ വെളിവായിരിക്കുകയാണ്. 1973 ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ഖരി പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് മറിച്ച് വിറ്റതില്‍ 85,000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് ഈ മറിച്ച് വില്‍പ്പന നടന്നത്. റിലയന്‍സുമായുള്ള എണ്ണപ്പാട കരാറിലും ഗ്യാസ് വില്‍പ്പനയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ അഴിമതികള്‍ക്ക് കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്. അഴിമതിയുടെ പട്ടിക ഇനിയും ഏറെ നീളും. ഈ അഴിമതികളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണ്? അഴിമതിക്കാരെ സംരക്ഷിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എല്ലാ തലത്തിലുമുള്ള അഴിമതിക്കാരെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ ഡല്‍ഹിയിലെ മന്ത്രി രാജ്കുമാര്‍ ചൗഹാനെ കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം രാഷ്ട്രപതി കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രിംകോടതി കണ്ടെത്തിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്, ആദര്‍ശ് ഫ്‌ളാറ്റ് ഇടപാടില്‍ അനധികൃത നടപടികള്‍ സ്വീകരിച്ചുവെന്ന് സ്വയം സമ്മതിച്ചിട്ടും കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും അതിലൊരു പങ്ക് പറ്റാനുമാണ് യു പി എ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
ഇതിനെതിരെ ചില വ്യക്തികള്‍ സമരവുമായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ സ്വാഗതം ചെയ്തു. ആദ്യം ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ നിരാഹാരം നടത്തി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെയോ രാഷ്ട്രീയ കക്ഷികളെയോ വിശ്വാസത്തിലെടുക്കാതെ അന്നാ ഹസാരെ നിര്‍ദേശിച്ച അഞ്ച് പേരെയും അഞ്ച് കോണ്‍ഗ്രസ് മന്ത്രിമാരെയും ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്ലിന് രൂപം നല്‍കാനൊരു സമിതി രൂപീകരിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ഓഗസ്റ്റ് 16 മുതല്‍ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തയ്യാറാക്കിയ കരട് ബില്‍ പാര്‍ലമെന്റിലെ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതുപോലെ തന്നെയാണ് രാംദേവിന്റെ കാര്യവും. കള്ളപ്പണം കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു രാംദേവിന്റെ സമരം. ഇപ്പോള്‍ ഇയാള്‍ കള്ളനും കൊള്ളരുതാത്തവനുമാണെന്ന് പറയുന്ന കബില്‍ സിബാല്‍ ഉള്‍പ്പെടെ നാല് കേന്ദ്ര മന്ത്രിമാര്‍ പ്രത്യേക വിമാനത്തില്‍ അയാളെ സ്വീകരിക്കാന്‍ പോയി. മുന്തിയ ഹോട്ടലില്‍ വച്ചാണ് കേന്ദ്ര മന്ത്രിമാര്‍ ഇയാളുമായി ചര്‍ച്ച നടത്തിയത്. അത് കഴിഞ്ഞ് അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ശക്തമായ ഇടപെടലുകള്‍ നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരം വ്യക്തികളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്താണ്? ഈ പ്രശ്‌നങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത് എന്തുകൊണ്ടാണ്?
അഴിമതിയില്‍ മുങ്ങികുളിച്ച കോണ്‍ഗ്രസിന് ഈ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിയില്ല. കേന്ദ്രം ഭരിച്ചിരുന്ന ബ ജെ പിയും ഈ അഴിമതികള്‍ക്കെല്ലാം കൂട്ടുനിന്നവരാണ്. അവരുടെ ഭരണകാലത്തും രാജ്യത്ത് നിന്നും കള്ളപ്പണം വിദേശത്തേയ്ക്ക് ഒഴുകി. അന്നും അഴിമതികള്‍ നടന്നു. അവരെക്കൊണ്ടും അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ല. അഴിമതിയുടെ ഉറവിടം കണ്ടെത്തി പരിഹാരം കാണണം. അഴിമതികളിലെല്ലാം വന്‍തോതില്‍ ധനസമ്പാദനം നടത്തിയത് രാജ്യത്തെ കോര്‍പ്പറേറ്റ് മുതലാളിമാരാണ്. ഇവയിലെല്ലാം ഏജന്‍സി പണി നടത്തിയ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക് എന്തെങ്കിലുമൊക്കെ കൊടുത്തിട്ടുണ്ടാവും. ഈ അഴിമതിക്കും കള്ളപ്പണത്തിന്റെയും പ്രധാന കാരണം രാജ്യത്ത് ഇന്ന് നടപ്പിലാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയമാണ്. ആ പുത്തന്‍ സാമ്പത്തിക നയത്തിന് ബദല്‍ സംവിധാനത്തിന് മാത്രമേ ഈ ചൂഷണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാവൂ. ഇതിനായി തന്റേടത്തോടെ സമരം ചെയ്യാന്‍ ഇടതുപക്ഷകക്ഷികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.
അഴിമതിക്കെതിരായ സമരം കോര്‍പ്പറേറ്റ് ഭരണത്തിനെതിരായ സമരമാണ്. അഴിമതിക്കെതിരായ സമരവും പുത്തന്‍ സാമ്പത്തിക നയത്തിനെതിരായ സമരവും ഏകോപിപ്പിക്കണം. അടുത്ത മാസം രാജ്യത്ത് ആരംഭിക്കുന്ന ഇടതുപക്ഷ പ്രക്ഷോഭങ്ങള്‍ ആ ലക്ഷ്യത്തിലേയ്ക്ക് ഉയരണം.
*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 28 ജൂണ്‍ 2011

Monday, June 27, 2011
ഇരുണ്ട കാലം പീഡനപര്‍വം
1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ
പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.
വന്ന കാര്യം തിരക്കി- എന്താണ്?
അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.
എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.
ആരില്‍നിന്ന്?
എസ്പി ജോസഫ് തോമസില്‍നിന്ന്.
ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.
ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...
ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.
ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...
കൂത്തുപറമ്പ് സ്റേഷനിലെ രാത്രി
പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.
കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.
ലോക്കപ്പിനുള്ളില്‍
സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.
ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-
നിന്റെ പേരെന്താ.
വിജയന്‍.
എന്ത് വിജയന്‍?
പിണറായി വിജയന്‍.
ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.
കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.
നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.
രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.
പിറ്റേന്ന് പ്രഭാതം
രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.
ജയില്‍ദിനങ്ങള്‍
ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.
മുഖാമുഖം
രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.
ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...
അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.
സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.
വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.
സഹതടവുകാര്‍
അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.
കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.
വ്യായാമം
ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.
1977 മാര്‍ച്ച് 30
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.
വീണ്ടും കണ്ടപ്പോള്‍
അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.
അതിക്രമങ്ങളുടെ ഇരുണ്ട കാലം
യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...
*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ജൂണ്‍ 2011
കാലം- അടിയന്തരാവസ്ഥ
പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.
വന്ന കാര്യം തിരക്കി- എന്താണ്?
അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.
എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.
ആരില്‍നിന്ന്?
എസ്പി ജോസഫ് തോമസില്‍നിന്ന്.
ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.
ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...
ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.
ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...
കൂത്തുപറമ്പ് സ്റേഷനിലെ രാത്രി
പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.
ലോക്കപ്പിനുള്ളില്‍
സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.
ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-
നിന്റെ പേരെന്താ.
വിജയന്‍.
എന്ത് വിജയന്‍?
പിണറായി വിജയന്‍.
ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.
കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.
നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.
രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.
പിറ്റേന്ന് പ്രഭാതം
രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.
ജയില്‍ദിനങ്ങള്‍
ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.
മുഖാമുഖം
രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.
ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...
അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.
സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.
വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.
സഹതടവുകാര്‍
അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.
ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.
കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.
വ്യായാമം
ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.
1977 മാര്‍ച്ച് 30
ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.
വീണ്ടും കണ്ടപ്പോള്‍
അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.
അതിക്രമങ്ങളുടെ ഇരുണ്ട കാലം
യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...
*
സജീവ് പാഴൂര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 26 ജൂണ്‍ 2011
നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഭാവിയിലെ കടമകളും
അഞ്ചു സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം- നടന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന കമ്മിറ്റികള്‍ നാഷണല്‍ കൗണ്‍സിലിനു സമര്‍പ്പിച്ചിരുന്നു. യോഗം ഇവ പരിഗണിച്ചു.
ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സംബന്ധിച്ച് ചില നിഗമനങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ എത്തിച്ചേര്‍ന്നു. അവയുടെ പ്രധാന ഭാഗങ്ങള്‍ താഴെ ചുവടെ.
ഡി എം കെ-കോണ്‍ഗ്രസ് മുന്നണിയുടെ ഇരുണ്ട അഴിമതിയുടെ പശ്ചാത്തലത്തില്‍ ആ മുന്നണിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ നിരാകരിച്ചു. എ ഐ എ ഡി എം കെ മുന്നണിയുടെ ഭാഗമെന്ന നിലയില്‍ ചെറിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഇവിടെ ഇടതുപക്ഷത്തിനു കഴിഞ്ഞു.
പോണ്ടിച്ചേരിയിലും ജനങ്ങള്‍ തിരഞ്ഞെടുത്തത് താരതമ്യേന സത്യസന്ധനും കോണ്‍ഗ്രസ് പുറത്താക്കിയതുമായ ഒരു നേതാവ് രൂപീകരിച്ച പുതിയ പാര്‍ട്ടിയെയാണ്. പോണ്ടിച്ചേരി അസംബ്ലിയില്‍ സി പി ഐക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെട്ടു.
അസമില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉള്‍ഫ തീവ്രവാദികളുമായാരംഭിച്ച സമാധാന ചര്‍ച്ചയ്ക്ക് ലഭിച്ച പിന്തുണയാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ബി ജെ പിയും എ ജി പിയും ഒരു ഭാഗത്തും യു ഡി എഫ് മറുഭാഗത്തും നിന്നുകൊണ്ട് ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷ സമുദായത്തേയും രണ്ടു തട്ടുകളിലാക്കിയത് കോണ്‍ഗ്രസിനു ഗുണം ചെയ്തു. അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സി പി ഐക്ക് അസം നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടപ്പെട്ടു.
മുപ്പത്തി നാലു വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഇടതു മുന്നണിയുടെ പരാജയം പശ്ചിമബംഗാളില്‍ സംഭവിച്ചത് സുപ്രധാനമായൊരു സംഭവമാണ്. നേരത്തെ നടന്ന പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളിലുണ്ടായ വന്‍ തിരിച്ചടിയെ നേരിട്ട് പിടിച്ചു നില്‍ക്കാന്‍ ഒരു പരിധിവരെ ഇടതുപക്ഷത്തിനു കഴിഞ്ഞു. 41 ശതമാനം വോട്ടും ലഭിച്ചു. സീറ്റുകള്‍ കണ്ടമാനം നഷ്ടപ്പെട്ടു, ഭരണവും.
ഇതു കേവലമൊരു തിരഞ്ഞെടുപ്പു പരാജയമായി നാം കണ്ടുകൂടാ. 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതുപക്ഷത്തിനു നേരിട്ട ഒരു വലിയ രാഷ്ട്രീയ പരാജയമായിത്തന്നെ ഈ തിരഞ്ഞെടുപ്പു വിധി കണക്കാക്കപ്പെടണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം, സ്റ്റേറ്റിന്റെ വ്യവസായ വല്‍ക്കരണം സംബന്ധിച്ച് ജനഹിതം പൂര്‍ണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍, മത ഭാഷാ ന്യൂനപക്ഷങ്ങളുടെ തികച്ചും ന്യായമായ ആവശ്യങ്ങളവഗണിച്ചത്, മുന്നണിയിലെ മുഖ്യകക്ഷിയായ സി പി എം സ്വീകരിച്ച വലിയേട്ടന്‍ മനോഭാവം, ജനജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവര്‍ നടത്തിയിരുന്ന അവിഹിതമായ ഇടപെടലുകള്‍ ഇവയൊക്കെ ഭരണത്തിലിരിക്കുന്നവരെ ജനങ്ങളില്‍ നിന്ന് ക്രമേണ ഒറ്റപ്പെടുത്തി. ഇവ പരാജയത്തിനു വഴിവച്ച കാരണങ്ങളാണ്. ഇതിനും പുറമെ പാര്‍ട്ടിയുടെ താഴെതലങ്ങളിലും കുറേയൊക്കെ മിഡില്‍ ലീഡര്‍ഷിപ്പിലും കടന്നുചെന്ന അഴിമതിയുടെ വാസനയും പരാജയത്തിന്റെ മുഖ്യ കാരണമായി.
ഇതുപറയുമ്പോള്‍തന്നെ ബംഗാള്‍ സി പി ഐ ഘടകം അതിന്റെ സ്വന്തം പരാജയകാരണങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ അസംബ്ലിയില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന സി പി ഐക്ക് ഇത്തവണ രണ്ട് സീറ്റുമാത്രമേ ഉള്ളൂ. ഇതിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തില്‍ നടന്നതു മറ്റൊന്നാണ്. ഭരണത്തിലിരുന്ന എല്‍ ഡി എഫ് വിജയത്തിന്റെ വക്കോളമെത്തി പുതിയ ചരിത്രം സൃഷ്ടിക്കുമെന്നൊരു തോന്നല്‍ സൃഷ്ടിച്ചു. ആയിരത്തില്‍ താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറു സീറ്റുകള്‍ നഷ്ടപ്പെടാതിരുന്നെങ്കില്‍ ചരിത്രം മാറ്റി എഴുതപ്പെടുമായിരുന്നു. എന്തുകൊണ്ടിത് നഷ്ടപ്പെട്ടുവെന്നു ബന്ധപ്പെട്ടവര്‍, അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടതാവശ്യമാണ്. എല്‍ ഡി എഫ് മന്ത്രിമാര്‍ക്കെതിരെ ഒരഴിമതി ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അഴിമതിക്കാരായ വന്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച കര്‍ക്കശ നിലപാടിന് ജനങ്ങള്‍ അംഗീകാരം നല്‍കി. ആ നിലപാടുകളെ അവര്‍ അഭിനന്ദിച്ചു.
നവലിബറല്‍ സാമ്പത്തിക നയം നടപ്പാക്കപ്പെട്ടപ്പോള്‍ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ അതിന്റെ ദുരന്തങ്ങള്‍ സാധാരണഗതിയില്‍ ജനജീവിതം അസഹനീയമാക്കുമായിരുന്നു. സുശക്തമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിറുത്തുവാനും വിപുലമായ പൊതു വിതരണ ശൃംഖലയിലൂടെ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ജനങ്ങള്‍ക്കുറപ്പു വരുത്തുവാനും എല്‍ ഡി എഫ് ശ്രമിക്കുകയും. നന്നായി വിജയിക്കുകയും ചെയ്തു. പൊതുമേഖല വ്യവസായ ശൃംഖലയെ ശക്തമാക്കി, വികസിപ്പിച്ചു. ജനോപകാരപ്രദമായ നിരവധി നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചു.
അവ ഫലപ്രദമായി ജനങ്ങള്‍ക്കിടയില്‍ എല്‍ ഡി എഫ് ഒന്നിച്ചു നിന്നുകൊണ്ട് പ്രചരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ വീണ്ടും എല്‍ ഡി എഫിന്റെ പിന്നിലണിനിരന്നു. അതുകൊണ്ടാണ് വന്‍ തിരിച്ചടികള്‍, പാര്‍ലമെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍, ഏറ്റ എല്‍ ഡി എഫിന് അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് വലിയൊരു തിരിച്ചുവരവ് നടത്തുവാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തിനടുത്തെത്തി എല്‍ ഡി എഫ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ അധികാരം നഷ്ടപ്പെടുകയും ചെയ്തു.
രണ്ടു മുന്നണികള്‍ക്കും ലഭിച്ച സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും വളരെ ചെറിയ വ്യത്യാസമേ മുന്നണികള്‍ തമ്മിലുള്ളൂ.
ഈ സന്ദര്‍ഭത്തില്‍ ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യം ആയിരത്തില്‍താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറ് സീറ്റുകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നതാണ്. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളുള്‍പ്പടെ ആഴത്തില്‍ പരിശോധിക്കണം.
ജയിക്കുമെന്നുറപ്പായി കരുതിയിരുന്ന വടക്കന്‍ പറവൂര്‍, നെടുമങ്ങാട്, പട്ടാമ്പി സീറ്റുകള്‍ എന്തുകൊണ്ട് സി പി ഐക്ക് നഷ്ടപ്പെട്ടുവെന്നതിനെ കുറിച്ച് ഒരു പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്ന തിരിച്ചടി മറികടക്കണമെങ്കില്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇടതുപക്ഷവും സി പി ഐയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബഹുജനാടിസ്ഥാനം വിപുലീകരിക്കുന്നതിനും ഇടതു ബഹുജന സംഘടനകള്‍ കെട്ടിപ്പടുത്ത് ബഹുജന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇന്നത്തേതിലും വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനം നിരന്തരം നടത്തിയേ മതിയാകൂ.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന പ്രാഥമിക വസ്തുത വിസ്മരിക്കരുത്. അവരെ സേവിക്കുന്നവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറിച്ച് അവരുടെ യജമാനന്‍മാരല്ലെ എന്ന തിരിച്ചറിവുണ്ടാകണം വേണ്ടുവോളം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരുടെ ജീവിത രീതിയിലും പ്രവര്‍ത്തന ശൈലിയിലുമൊക്കെ വിനയാന്വിതരായിരിക്കണം. അഴിമതിയുടെ കറപുരളാത്ത ജീവിതവും പ്രവര്‍ത്തനവും ഇടതുപക്ഷം കാഴ്ചവയ്ക്കണം.
ഈ പ്രശ്‌നങ്ങള്‍ ദേശീയ കൗണ്‍സില്‍ ചര്‍ച്ചയില്‍ സഖാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യം സി പി ഐ പ്രവര്‍ത്തകരും നേതാക്കളും തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കണമെന്നും ആഹ്വാനം ചെയ്തു.
ഈ തിരഞ്ഞെടുപ്പിലെ പരാജയം താല്‍ക്കാലികമാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന സങ്കല്‍പത്തിനും കാഴ്ചപ്പാടിനും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
അതു മനസ്സിലാക്കി ഇടതുപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ജനകീയ പ്രശ്‌നങ്ങളിലിടപെട്ടു പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വിശാലമായ ഇന്ത്യയിലെ ഹിന്ദി മേഖലയിലും നാട്ടിന്‍പുറങ്ങളില്‍ പൊതുവെയും ഇടതുപക്ഷം ഇന്നു ദുര്‍ബലാണ്. അതുപോലെ തന്നെ പരമ്പരാഗതമായി ഇടതുപക്ഷത്തെ ഉറ്റുനോക്കിയിരുന്ന ആദിവാസികളും ദലിത് ജനവിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളും ക്രമേണ ഇടതുപക്ഷത്തില്‍ നിന്നകലുന്നുണ്ട് എന്ന അപകടകരമായ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ കാലോചിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തനശൈലി പുനരാവിഷ്‌കരിക്കുകയും ചെയ്ത് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കണം.
ഈവിധ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രയാസകരമെങ്കിലും അനുപേക്ഷണീയമായ കടമ നിര്‍വഹിക്കുന്നതിന് സി പി ഐയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിരന്തരം പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോല്‍ ഇതല്ലാതെ മറ്റൊരു വഴി നമ്മുടെ മുമ്പിലില്ല.
*
സി കെ ചന്ദ്രപ്പന്‍ ജനയുഗം 27 ജൂണ്‍ 2011

Subscribe to:
Posts (Atom)