Sunday, June 26, 2011

കോണ്‍ഗ്രസിന്റെ കുശിനിക്കാരായി മാറുന്ന ദളിത് വാദികള്‍

"സ്വാഭാവികമായ ഒരു തൊഴില്‍ വിഭജനത്തിന്റെവികസിത രൂപമാണ് ജാതിവ്യവസ്ഥയെന്ന് വെറുതെ പറയാനാവില്ല. അത് പരസ്പരം ഒറ്റപ്പെടുത്തിയും ശ്രേണീബദ്ധമായി വേര്‍തിരിച്ചും അധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ച് ചൂഷണം ചെയ്തിരുന്ന ഒരു സാമൂഹ്യ സംവിധാനമാണ്" എന്ന് ഇര്‍ഫാന്‍ഹബീബ് ജാതി വ്യവസ്ഥയെ നിര്‍വചിച്ചിട്ടുണ്ട്. അധികാരത്തിന്റെയ ചൂഷണത്തിന്റെയും ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒന്നാണ് ജാതി വ്യവസ്ഥ എന്നതിനാല്‍ അതിന്റെ മേല്‍ത്തട്ടിലിരിക്കുന്ന ബ്രാഹ്മണരുടെ മേധാവിത്വത്തിനെതിരായി ജാതി വ്യവസ്ഥ രൂപപ്പെട്ടകാലംമുതല്‍ സംഘടിതവും അസംഘടിതവുമായ ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും സംഘടിതവും വിപുലവുമായത് ബുദ്ധമതംതന്നെയാണ്. എന്നാല്‍ അതൊരു രാഷ്ട്രമതമായി മാറിയതോടെ ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്പ്രവണതകള്‍ മുഴുവന്‍ ബുദ്ധമതത്തിലേക്ക് കടന്നുവരികയും അതില്‍തന്നെ നിരവധി ചേരികള്‍ രൂപപ്പെടുകയും അവസാനമത് ഹിന്ദുമതത്താല്‍ കീഴ്പ്പെടുത്തപ്പെടുകയും ചെയ്തു.

ബ്രാഹ്മണ മേധാവിത്വത്തില്‍നിന്ന് രക്ഷനേടാന്‍വേണ്ടി സ്വയമേവയും അല്ലാതെയുമൊക്കെ മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങളിലേക്കുമുള്ള ഒഴുക്ക് അബ്രാഹ്മണ വിഭാഗങ്ങളില്‍നിന്നുമുണ്ടായി. ഭരണാധികാരികളുടെ കീഴില്‍ സൈനികരാവുന്നതിലൂടെ ക്ഷത്രിയര്‍ക്കു മാത്രം നീക്കിവെയ്ക്കപ്പെട്ട തൊഴിലിലേക്ക് അവശ ജാതിക്കാര്‍ എത്തിപ്പെടുകയായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ളതല്ലാത്ത തൊഴിലുകള്‍ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും മതം മാറിയവര്‍ക്ക് ലഭ്യമായിരുന്നു. ഇതെല്ലാം വരുമാനവും സാമൂഹിക അന്തസ്സും വര്‍ദ്ധിപ്പിക്കുന്നതിന് അവരെ സഹായിച്ചു. ബ്രിട്ടീഷ് അധിനിവേശകാലത്ത് ഉണ്ടായ മുതലാളിത്ത വളര്‍ച്ചയിലൂടെ ജാതിക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗ്ഗം രൂപപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂനിയമങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെഭാഗമായി അബ്രാഹ്മണ വിഭാഗങ്ങളില്‍ ചിലര്‍ ഭൂവുടമസ്ഥരായി മാറി. ഇതിന്റെയൊക്കെ അനുരണനങ്ങള്‍ സാമൂഹികരംഗത്തുമുണ്ടായി. അങ്ങനെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത്. അതില്‍ ഏറ്റവും പുരോഗനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു മഹാത്മാ ജോതിബാ ഫൂലെയുടെ നേതൃത്വത്തിലുള്ള സത്യശോധക് സമാജവും അത് പ്രചരിപ്പിച്ച ചിന്താധാരകളും.

ബ്രാഹ്മണര്‍ക്കും അവരുടെ മേധാവിത്വത്തിനുമെതിരെ മറ്റിതര ജനവിഭാഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നവിധത്തില്‍ "ശൂദ്രാതിശൂദ്രര്‍" എന്ന പ്രയോഗമാണ് ഫൂലെ നടത്തിയത്. മഹാബലിയുടെ ഭരണകാലത്തെ ആദര്‍ശാത്മകമായി അവതരിപ്പിക്കുകയും വാമനനെ അധിനിവേശത്തിന്റെ പ്രതീകമാക്കി ചിത്രീകരിക്കുകയും ചെയ്തു. ക്ഷത്രിയര്‍ മുതല്‍ ദളിതര്‍വരെയുള്ള എല്ലാ അബ്രാഹ്മണ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഫൂലെയുടെ പ്രസ്ഥാനം. എന്നാല്‍ ശത്രുവിന്റെ ശത്രുമിത്രം എന്ന അടിസ്ഥാനത്തില്‍ സാമ്രാജ്യത്വത്തിനോട് അയവേറിയ സമീപനമാണ് ഫൂലെ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ കാഴ്ചപ്പാടില്ലാതെ പോവുകയും വെറുമൊരു സാമൂഹിക പ്രസ്ഥാനം മാത്രമായി ഫൂലെയുടെ കാലാനന്തരം സത്യശോധക് സമാജം മാറിപ്പോവുകയും ചെയ്തു. എന്നു മാത്രമല്ല കാലാന്തരത്തില്‍ അത് നാമാവശേഷമാവുകയും ചെയ്തു.

ഫൂലെയെ ആത്മീയ ഗുരുവായി സ്വീകരിച്ചുകൊണ്ട് രംഗത്തുവന്ന ദളിത് നേതാവാണ് ഡോ. ബി ആര്‍ അംബേദ്കര്‍ . ദളിത് അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും പുതിയത് നേടുന്നതിനും വേണ്ടി നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ മുന്നേറുക എന്നതായിരുന്നു അംബേദ്കര്‍ പ്രസ്ഥാനത്തിന്റെരീതി. ഭരണ സ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി കിട്ടുന്ന സ്ഥാനലബ്ധിയിലൂടെ ദളിതന്റെ അവശതകള്‍ ഇല്ലായ്മചെയ്യാനാവും എന്നാണദ്ദേഹം കരുതിയിരുന്നത്. ഭരണകൂട സ്വഭാവത്തെ വര്‍ഗ്ഗപരമായി വിലയിരുത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഈ വീഴ്ച സംഭവിച്ചത്.

ബ്രാഹ്മണ മേധാവിത്വത്തിന്റെ അടിത്തറ ഭൂവുടമസ്ഥതയാണ്. ഭൂബന്ധങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടല്ലാതെ ബ്രാഹ്മണമേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കാനാവില്ല. സാമൂഹിക നീതി നേടിയെടുക്കാന്‍ സാമ്പത്തിക നീതി ആവശ്യമാണെന്ന് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമാക്കുന്നതിനായി പോരാടാന്‍ അദ്ദേഹം തയ്യാറായില്ല. ബുദ്ധമതത്തില്‍ ചേരുന്നതോടെ ദളിതന്റെ അവശതകള്‍ക്ക് അന്ത്യം കാണാനാവുമെന്ന് കരുതിയ അദ്ദേഹവും അനുയായികളും അവസാനം ബുദ്ധമതത്തില്‍ ചേര്‍ന്നു. പക്ഷേ ദളിതന്റെ സാമൂഹികനീതി ഇന്നുമൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. കമ്യൂണിസം മഹത്തായ ആശയമാണെന്നും എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കൊള്ളരുതാത്തവരാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നത്.

അംബേദ്കര്‍ അനുയായികളായി പിന്നീട് ദളിത് രാഷ്ട്രീയരംഗത്തുവന്നവരൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേട് അസ്പൃശ്യത വെച്ചുപുലര്‍ത്തുന്ന കാഴ്ചയാണ് കാണാനാവുക. ഉത്തര്‍പ്രദേശില്‍ ദളിത് രാഷ്ട്രീയമുന്നേറ്റത്തിന് തുടക്കംകുറിച്ച കന്‍ഷിറാമും ബിഎസ്പിയുടെ അധികാരാരോഹണത്തിനുശേഷം ദളിത് താത്വികരായി രംഗത്തുവന്ന ഗെയ്ല്‍ ഓംവേദും കാഞ്ച ഇളയ്യയുമൊക്കെ സംഘടിത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് എതിര്‍പ്പു പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സമാന മനസ്കരായിരുന്നു. ജാതി വിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിത്ത വളര്‍ച്ചമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് അബ്രാഹ്മണ വിഭാഗങ്ങളുടെയാകെ ഐക്യം എന്ന് അര്‍ത്ഥം വരുന്ന "ബഹുജന്‍" സിദ്ധാന്തം പ്രചരിപ്പിക്കപ്പെട്ടു. ഗെയ്ല്‍ ഓംവേദ് എഴുതിയ ദളിത് സമരചരിത്രത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ദളിത് ആദിവാസി പോരാട്ടങ്ങളൊക്കെ ബഹിഷ്കൃതമാക്കപ്പെട്ടു. കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഗോദാവരി പരുലേക്കര്‍ നയിച്ച മഹാരാഷ്ട്രയിലെ വര്‍ളി കലാപവും തമിഴ്നാട്ടിലെ കീഴ് വെണ്‍മണിയും കേരളത്തിലെ കുട്ടന്‍കുളം സമരവുമൊക്കെ മന:പൂര്‍വ്വം മറച്ചുവെയ്ക്കപ്പെട്ടു. അങ്ങനെ കമ്യൂണിസ്റ്റുകാര്‍ ദളിത് വിരുദ്ധരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തില്‍ ആദിവാസി ഗോത്ര മഹാസഭയും സാധൂജന വിമോചന മുന്നണിയും രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്. ആദിവാസികളുടെ ആദ്യത്തെ ആദിവാസി നേതാവായി സി കെ ജാനുവും ദളിതുകളുടെ ആദ്യത്തെ ദളിത് നേതാവായി ളാഹ ഗോപാലനുമൊക്കെ വാഴ്ത്തപ്പെട്ടു. യഥാര്‍ത്ഥ ഇടതുപക്ഷം ദളിത്-ആദിവാസി നേതൃത്വത്തിലായിരിക്കണം എന്ന പേരില്‍ എത്ര ടണ്‍ കടലാസാണ് അച്ചടിക്കപ്പെട്ടത്. തത്സമയ ചര്‍ച്ചയ്ക്ക് ദൃശ്യമാധ്യമങ്ങള്‍ എത്രയേറെ സമയമാണ് ചെലവഴിച്ചത്. അവസാനം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തുനിന്നുകൊണ്ട് ളാഹ ഗോപാലന്‍ പ്രഖ്യാപിച്ചു. ഞങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യില്ല; യുഡിഎഫിന് വോട്ടുചെയ്യരുതെന്ന് പറയില്ല." കാര്യം വ്യക്തം; "യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍" കോണ്‍ഗ്രസിന്റെ കുശിനിക്കാര്‍തന്നെ.

ആദിവാസികളുടെ സാര്‍വ്വദേശീയ നേതാവായി വാഴ്ത്തപ്പെട്ട ജാനുവിന് കോണ്‍ഗ്രസ് എംഎല്‍എ ആകാന്‍ മോഹം. രണ്ടുമാസം മുമ്പെ പറഞ്ഞിരുന്നെങ്കില്‍ കൊടുക്കാമായിരുന്നെന്ന് മുല്ലപ്പള്ളി. കാര്യം വ്യക്തം. സിപിഐ (എം) പരിപാടി വ്യക്തമാക്കുന്നതുപോലെ "വോട്ടുബാങ്കുകള്‍ ശക്തിപ്പെടുത്തുക എന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധ:സ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും അതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കുവേണ്ടി ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു" എന്ന് തെളിയിക്കുകയാണ് ജാനുവും ളാഹ ഗോപാലനും ചെയ്തത്.

.

*****


കെ എ വേണുഗോപാലന്‍‍, കടപ്പാട്: ചിന്ത വാരിക

പെട്രോളിയം വിലക്കയറ്റവും നവലിബറല്‍ ഭാഷ്യങ്ങളും

പെട്രോളിയം ഉല്‍പന്നങ്ങളുടെ ചാക്രികമായ വിലക്കയറ്റത്തിന് പിന്നിലെ കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങളെ മറച്ചുപിടിക്കുന്ന നുണപ്രചരണങ്ങളാണ് കൗശിക്ബസുവും കേന്ദ്ര സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഉപഭോഗം നിയന്ത്രിക്കുവാനായി സബ്സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് നവലിബറല്‍ വാദികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ ഇന്ത്യയിലും വിലവര്‍ദ്ധനവിന് കമ്പനികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ , തങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂലനയങ്ങളെയും താല്‍പര്യങ്ങളെയും മറച്ചുപിടിക്കുവാനായി എഴുന്നെള്ളിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അങ്ങേയറ്റം യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന കാര്യംപോലും നവലിബറലിസത്തിന്റെ മത്ത് പിടിച്ച കൗശിക്ബസുവും അലുവാലിയയും ഓര്‍മ്മിക്കുന്നില്ല.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് ബാരലിന് (160 ലിറ്റര്‍) 147 ഡോളര്‍ വില ഉള്ളപ്പോള്‍ പെട്രോളിന് ഇന്ത്യയില്‍ 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 92 ഡോളറിനും 96 ഡോളറിനുമിടയിലായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. 92 രൂപ ബാരലിന് കണക്കാക്കിയാല്‍ ഇവിടെ ലിറ്ററിന് കമ്പനിയുടെ ലാഭമടക്കം പെട്രോള്‍ 26 രൂപക്ക് വില്‍ക്കാവുന്നതാണ്. എന്നാല്‍ , ഇപ്പോഴത്തെ വര്‍ദ്ധനവനുസരിച്ച് 65 രൂപയിലധികമായിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ഇത് ഒമ്പതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണരംഗത്തെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായത്.

തദ്ദേശീയ ഉപഭോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യത്യാസങ്ങള്‍ക്കനുസരിച്ച് അടിക്കടി എണ്ണ വില കൂട്ടേണ്ടി വരുമെന്നാണ് നവലിബറല്‍വാദികള്‍ ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്നത്തെ രീതിയില്‍ വിദേശ വിപണിയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയത് ഈ രംഗത്തെ സ്വകാര്യവല്‍ക്കരണ നയങ്ങളാണ്. 1976ലെ എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണവും 1948ലെ ഖനനനിയമവും അട്ടിമറിച്ചുകൊണ്ട് ഈ രംഗത്തേക്ക് നാടനും വിദേശിയുമായ സ്വകാര്യ കുത്തകകളെ കടത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകളുടെ ഉദാരവല്‍ക്കരണനയങ്ങളാണ് ഇറക്കുമതിയെ ആശ്രയിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ട പരാശ്രിതത്വം തീവ്രമാക്കിയത്.

1980കളില്‍ ഒഎന്‍ജിസി എണ്ണ പര്യവേഷണ, ഖനനരംഗത്തിലും ശുദ്ധീകരണ സാങ്കേതികവിദ്യയിലും വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് എണ്ണപര്യവേഷണ പദ്ധതികള്‍ വികസിപ്പിക്കുകയും എണ്ണ പമ്പ് ചെയ്തു എടുക്കാവുന്ന ഘട്ടത്തിലേക്ക് നിരവധി എണ്ണ ഖനന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം എണ്ണപ്പാടങ്ങള്‍ നാടന്‍ - വിദേശ കുത്തകകള്‍ക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇറക്കുമതിക്കുപകരം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതും, ദേശീയമായി ഗവൺ‌മെന്റ് ഉടമസ്ഥതയില്‍ പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണ ശൃംഖലകള്‍ പടുത്തുയര്‍ത്തുന്നതുമായ നയം ഉപേക്ഷിച്ച്, ഇന്ത്യയുടെ പെട്രോളിയം മേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ബ്രഹ്മപുത്രാതടത്തിലും കൃഷ്ണ - ഗോദാവരിതടത്തിലും മുംബൈ ഹൈയിലുമുള്ള നൂറുകണക്കിന് എണ്ണ പദ്ധതികള്‍ റിലയന്‍സടക്കമുള്ള കുത്തകകള്‍ക്ക് വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുക്ത-പന്ന എണ്ണപ്പാടം വെറും 12 കോടി രൂപയ്ക്കാണ് എൻ‌റോണ്‍ പോലുള്ള ഒരമേരിക്കന്‍ കുത്തകകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിറ്റത്. 1600 കോടി രൂപ ചെലവഴിച്ച് എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്ത മുക്ത-പന്ന എണ്ണക്കിണറുകള്‍ നക്കാപ്പിച്ചയ്ക്കാണ് അമേരിക്കന്‍ കുത്തക തട്ടിയെടുത്തത്. ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്ത നയങ്ങളാണ് എണ്ണ ആവശ്യത്തിന് പരിപൂര്‍ണ്ണമായി അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.
രാജ്യത്തിനകത്ത് ഖനനം നടത്തുന്ന സ്വകാര്യ എണ്ണകമ്പനികളില്‍നിന്നും അന്താരാഷ്ട്ര വിലയ്ക്ക് തന്നെ ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങിക്കൊള്ളാമെന്നാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും അന്താരാഷ്ട്ര വില നല്‍കണം! എണ്ണക്കമ്പനികള്‍ക്ക് വില തീരുമാനിക്കുവാന്‍ അധികാരം കൊടുത്തതാണ് തുടര്‍ച്ചയായ വിലക്കയറ്റത്തിന് കാരണമെന്ന് യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നുണ്ട്. കൊന്നു തിന്നുന്നവര്‍ തന്നെ കണ്ണീരൊഴുക്കുന്നു!

1976ല്‍ ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ (ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗ് സിസ്റ്റം) എടുത്തുകളഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സിസ്റ്റം കൊണ്ടുവന്നതാണ്. ഇത് വില നിശ്ചയിക്കുവാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നടപടിയായിരുന്നു. ഐഎംഎഫ് - ലോകബാങ്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കമ്പനികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കായി ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ പുനഃസ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എണ്ണക്കമ്പനികളുടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ കൊള്ളയ്ക്കുള്ള അനുമതി നല്‍കിയ നയങ്ങളെ മറച്ചുപിടിച്ച് സബ്സിഡി നല്‍കുന്നതാണ് ഉപഭോഗം കൂടാന്‍ കാരണമെന്നും ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ പ്രചരിപ്പിക്കുകയാണ്. ലോകബാങ്ക് മേധാവി റോബര്‍ട്ട് സ്വല്ലിക്കും അമേരിക്കന്‍ ഊര്‍ജ്ജകാര്യ സെക്രട്ടറിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ്ജക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം ഇന്ത്യക്കാരും ചൈനക്കാരും എണ്ണ ഉപഭോഗം വര്‍ദ്ധിപ്പിച്ചതാണെന്നാണ്. ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമായി ബുഷും കൊണ്ടലീസ റൈസും നേരത്തെ പറഞ്ഞത് ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷ്യോപഭോഗം കൂട്ടിയതാണെന്നാണല്ലോ. ലോകജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന അമേരിക്കയുടെ പെട്രോളിയം ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 30 ശതമാനത്തിലേറെയാണ്. എന്നാല്‍ , ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന ഇന്ത്യയുടെ എണ്ണ ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 5 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ്ഓയിലിന്റെ വിലക്കയറ്റത്തിന് മുഖ്യ ഉത്തരവാദി പെട്രോളിയം രംഗത്ത് കുത്തക സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകളാണ്. അന്താരാഷ്ട്രരംഗത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് എപ്പോഴും കാരണമായി എണ്ണക്കമ്പനികളും നവലിബറല്‍ പണ്ഡിതന്മാരും ചൂണ്ടിക്കാട്ടാറുള്ളത് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്ന പ്രതിഭാസത്തെയാണ്. എണ്ണസ്രോതസ്സിന്റെ ശേഷി കുറയുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പല എണ്ണ ഉല്‍പാദകരാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കാറുണ്ട്. എന്നാല്‍ ഒപ്പെക് രാജ്യങ്ങളുടെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് എണ്ണശേഖരങ്ങള്‍ക്കുവേണ്ടിയുള്ള അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് അമേരിക്കന്‍ ഭരണകൂടം എക്കാലവും നടത്തിപ്പോന്നത്. മുതലാളിത്ത ഉല്‍പാദനവും ഉപഭോഗവ്യവസ്ഥയും സൃഷ്ടിച്ച ലാഭാര്‍ത്തമായ വികസനമാണ് വിവേചനരഹിതമായ പ്രകൃതി വിഭവങ്ങളുടെയും എണ്ണസ്രോതസ്സുകളുടെയും ചൂഷണത്തിന് ഗതിവേഗം കൂട്ടിയത്.

പെട്രോളിയം വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് ലോകബാങ്ക് വിദഗ്ദ്ധര്‍ പറയുന്നത് ഇന്ത്യയും ചൈനയും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് മൂലമാണ് ആ രാജ്യങ്ങളില്‍ ഉപഭോഗം കൂടുന്നതെന്നാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ ഒഴിവാക്കി വികസ്വര രാജ്യങ്ങളിലെ ഉപഭോഗം കുറയ്ക്കണമെന്നാണ് ലോകബാങ്കും അമേരിക്കന്‍ ഭരണകൂടവും നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയുടെ ഉല്‍പാദനം അതിന്റെ പാരമ്യത്തിലെത്തിയെന്നും വരാന്‍ പോകുന്ന എണ്ണയുടെ ആവശ്യത്തെ നേരിടാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് ലോകമെന്നുമാണ് ലോകബാങ്ക് താക്കീത് ചെയ്യുന്നത്.
അന്താരാഷ്ട്രരംഗത്തെ എണ്ണ ഉപഭോഗം കൂട്ടിയതും വിലക്കയറ്റം സൃഷ്ടിച്ചതും എണ്ണ ഉല്‍പാദന വിതരണ രംഗത്തെ അന്താരാഷ്ട്ര കുത്തകകളാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് പെട്രോളിയത്തിന്റെ ലഭ്യതയിലെ കുറവ് കാണിച്ചുകൊണ്ടും വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടും വിലവര്‍ദ്ധനവ് അനിവാര്യമായൊരു കാര്യമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്‍റ്-സപ്ലൈ തിയറി അവതരിപ്പിച്ചുകൊണ്ട് വിലക്കയറ്റം അനിവാര്യമാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പിറകിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. സമ്പത്തുല്‍പാദനത്തിന്റെയും വിപണനത്തിന്റെയും മണ്ഡലങ്ങളിലെ കോര്‍പ്പറേറ്റ് മൂലധനാധിപത്യമാണ്
വിലക്കയറ്റത്തിനും ഉല്‍പാദന മാന്ദ്യത്തിനും കാരണമെന്ന സത്യത്തെയാണ് ലോകബാങ്ക് പഠനങ്ങളും നവലിബറല്‍ പണ്ഡിതന്മാരും ഒരേപോലെ മൂടിവെയ്ക്കുന്നത്. ആഗോള കോര്‍പ്പറേറ്റ് അധീശത്വത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് സാമ്രാജ്യത്വമൂലധന വ്യവസ്ഥ അതിന്റെ അതിജീവനവും കൊള്ളയും ലോകജനതയ്ക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെയും മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയുടെ നൈസര്‍ഗ്ഗികമായ ദൗര്‍ബല്യങ്ങളെയും മറച്ചുപിടിക്കുന്ന പ്രചരണ വിദ്യകളിലൂടെയാണ് ആഗോള എണ്ണ കുത്തകകള്‍ തങ്ങളുടെ ദുരമൂത്ത ലാഭതാല്‍പര്യങ്ങളുടെ ഫലമായ വിലവര്‍ദ്ധനയെ അനിവാര്യമായൊരു നടപടിയായി വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകജനതയുടെ ഊര്‍ജ്ജാവശ്യം പരിഹരിക്കുവാന്‍ കഴിയുന്ന രീതിയില്‍ ശാസ്ത്രീയമായ ഊര്‍ജ്ജ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സാമ്രാജ്യത്വ ഉല്‍പാദന വ്യവസ്ഥയാണ്. കമ്പോളോന്മുഖമായ ഉല്‍പാദനക്രമത്തിന്റെ അനിവാര്യമായൊരു സൃഷ്ടിയാണ് ഇന്നത്തെ പ്രതിസന്ധിയും വിലക്കയറ്റവും.
മുതലാളിത്തം സൃഷ്ടിച്ച വര്‍ദ്ധിച്ച ആവശ്യങ്ങളെയും ഉപഭോഗാസക്തിയെയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി അവസാനിപ്പിച്ചും ഉപഭോഗം കുറച്ചും നേരിടാമെന്ന് വാദിക്കുന്നവര്‍ ആഗോള കോര്‍പ്പറേറ്റ് ആധിപത്യത്തിന്റെ ക്രൂരന്മാരായ അഭിഭാഷകരോ മാപ്പുസാക്ഷികളോ മാത്രമാണ്. മുതലാളിത്ത ഉല്‍പാദന വിപണനവ്യവസ്ഥയുടെ അടിസ്ഥാനനിയമം തന്നെ ലഭ്യതയില്‍ കുറവ് കാണിച്ച് ഡിമാന്‍റ് സൃഷ്ടിച്ച് വില ഉയര്‍ത്തുകയും വില വര്‍ദ്ധിപ്പിച്ച് സപ്ലൈ കൂട്ടുകയുമാണ്. ആഗോള പെട്രോളിയം കുത്തകകള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലക്കയറ്റം സൃഷ്ടിച്ച് എണ്ണ വിപണനത്തിലൂടെയുള്ള ഒരാഗോള കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 135,000ത്തിലേറെ ആധുനിക ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മിതിയിലെ അസംസ്കൃത പദാര്‍ത്ഥവും അടിസ്ഥാന വിഭവവുമാണ് ക്രൂഡ്ഓയില്‍ . അതുകൊണ്ടുതന്നെ എണ്ണ വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വിലയും ചാര്‍ജ്ജും വര്‍ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുക. എണ്ണയ്ക്കും ആഗോള സാമ്പത്തികക്രമത്തിനുംമേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന മുതലാളിത്ത കോര്‍പ്പറേറ്റ് വൃന്ദത്തിന്റെ ലാഭമോഹങ്ങളും ചൂഷണതന്ത്രങ്ങളുമാണ് വിലക്കയറ്റത്തിനും അതിന്റെ പരിണതിയായ ജീവിത ദുരന്തങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയെന്നത് ലാഭപ്രചോദിതമായൊരു ഉല്‍പാദന - വിതരണ ക്രമമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ലഭ്യതയില്‍ (supply)കുറവ് കാണിച്ച് ആവശ്യം (Demand)സൃഷ്ടിച്ച് വില ഉയര്‍ത്തുകയെന്നതാണ് അതിന്റെ അടിസ്ഥാനനിയമം തന്നെ. കേം ബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേഷന്റെ 2006ലെ ഒരു പഠനം ചൂണ്ടിക്കാട്ടിയത് വരുംവര്‍ഷങ്ങളില്‍ എണ്ണ ഉല്‍പാദനം 15 ദശലക്ഷം ബാരലായി ഉയരുമെന്നാണ്. കഴിഞ്ഞ 125 വര്‍ഷം കൊണ്ട് 1000 കോടി ബാരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വരാന്‍ പോകുന്ന 30 വര്‍ഷംകൊണ്ട് 1000 കോടി ബാരലിന്റെ ഉപയോഗം ഉണ്ടാകുമെന്നാണ് ലോകബാങ്ക് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അറിയപ്പെടുന്ന വിഭവശേഖരം (proven reserves) എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമായ എണ്ണ സ്രോതസ്സ് എന്നത് മാത്രമല്ല. 1968ല്‍ അമേരിക്കയില്‍ കണ്ടെടുക്കപ്പെട്ട എണ്ണശേഖരം 4000 കോടി ബാരല്‍ ആണത്രേ. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനമനുസരിച്ച് യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ 15000 കോടി ബാരല്‍ എണ്ണ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ എണ്ണശേഖരത്തിലും അത് ഖനനം ചെയ്ത് എടുക്കുവാനുള്ള പര്യവേഷണ പരിപാടികളിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍റ് സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണ്.

വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ലോകത്തില്‍ ഇന്ന് ലഭ്യമായ എണ്ണയെന്നത് അത് കണ്ടെത്തുവാനുള്ള ഉപാധികളെയും ചെലവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമായ എണ്ണയുടെ അളവ് കണക്കാക്കുകയെന്ന പ്രയാസകരമായ സാഹചര്യത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുത്തകകള്‍ കുത്തനെയുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സമ്പദ്ഘടനയുടെ ജീവരക്തമെന്ന് വിശേഷിപ്പിക്കുന്ന എണ്ണ എന്ന രണ്ടക്ഷരമാണ് സാമ്രാജ്യത്വമൂലധനശക്തികളുടെ സാര്‍വ്വദേശീയ നയത്തെ തന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തിയായി അമേരിക്ക നിലനില്‍ക്കുന്നത് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണയൂറ്റി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റ് കിട്ടുന്ന വരുമാനത്തിന്റെ സമൃദ്ധികൊണ്ടാണ്. ഈ മഹാകൊള്ളയുടെ കഠിനമായ സാഹചര്യത്തെയാണ് നവലിബറല്‍ പണ്ഡിതന്മാര്‍ ഡിമാന്‍റ് സപ്ലൈ തിയറിപോലുള്ള ബൂര്‍ഷ്വാ പൊതുസിദ്ധാന്തങ്ങള്‍ എഴുന്നെള്ളിച്ച് മറച്ചുപിടിക്കുവാന്‍ ശ്രമിക്കുന്നത്.

സ്വതന്ത്രവിപണിവാദവും വിലക്കയറ്റവും

സ്വതന്ത്രവിപണിയുടെ മൗലികവാദിയായ വക്താവ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ 2002ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ കുറ്റസമ്മതം മന്‍മോഹന്‍സിംഗും അലുവാലിയയും കൗശിക്ബസുവും ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്ന് തോന്നുന്നു. വിപണിയെ സ്വതന്ത്രമാക്കുക വഴി വിലക്കയറ്റം തടയാമെന്നും സാമ്പത്തിക സുസ്ഥിരത കൈവരിക്കാമെന്നുമാണ് ഇന്ത്യയിലെ നവലിബറല്‍ വാദികള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. അലന്‍ഗ്രീന്‍സ്പാന്‍ തുറന്നുപറഞ്ഞത് വിപണിയുടെ സ്വയം നിയന്ത്രണക്ഷമതയിലും സേവനോല്‍സുകതയിലും വിശ്വാസമര്‍പ്പിക്കുക വഴി ഞാനൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ്.

വിലക്കയറ്റം നിയന്ത്രണക്ഷമമാക്കുവാന്‍ സര്‍ക്കാരിന്റെ വിപണി ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ആഗോള റീടെയില്‍ കുത്തകകള്‍ക്ക് ഇന്ത്യയിലെ ചില്ലറ വില്‍പനമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നുമാണല്ലോ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മുതലാളിത്ത ചരിത്രത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും അതിന്റെ ഫലമായ സാമൂഹ്യ ദുരന്തങ്ങളും സ്വതന്ത്രവിപണി വ്യവസ്ഥയെ സംബന്ധിച്ച എല്ലാ വ്യാമോഹങ്ങളും അവസാനിപ്പിക്കുവാന്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞരെപോലും നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സ്വതന്ത്രവിപണി എന്നത് നവലിബറല്‍ വാദികള്‍ അന്തസ്സാരശൂന്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ല. മല്‍സരവും സ്വതന്ത്രവിപണി പ്രവര്‍ത്തനവും പൊതുതാല്‍പര്യങ്ങളെ സേവിക്കുന്നതോ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ഉണ്ടാക്കുന്നതോ അല്ലെന്ന് ചരിത്രം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. മഹാനായ മാര്‍ക്സ് നിരീക്ഷിച്ചതുപോലെ സ്വതന്ത്രവിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യത്യസ്ത വ്യവസ്ഥയാണ്. അനിയന്ത്രിതവും സഹജസ്വഭാവം കൊണ്ടുതന്നെ അസ്ഥിരവുമായ ഒന്നാണത്. മുതലാളിത്ത ചരക്കുല്‍പാദന - വിപണന വ്യവസ്ഥയുടെ ആധാരങ്ങളായി വര്‍ത്തിക്കുന്ന സാമ്പത്തിക നിയമങ്ങളുടെ ദൗര്‍ബല്യങ്ങളെയാണ് മാര്‍ക്സ് വിശകലനം ചെയ്തത്. ചാക്രികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കും തന്മൂലമുണ്ടാകുന്ന തൊഴില്‍നഷ്ടത്തിനും ഉല്‍പാദന ഉപാധികളുടെ വിനാശത്തിനും വിധേയമായൊരു വ്യവസ്ഥയാണത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നത്; "അന്യലോകത്തില്‍നിന്നും താന്‍ വിളിച്ചു വരുത്തിയ അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നില്‍ക്കുന്ന മന്ത്രവാദിയെപ്പോലെയാണത്" എന്നാണ്. ഈയൊരു പ്രതിസന്ധിയെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് എപ്പോഴും മുതലാളിത്ത വ്യവസ്ഥ അതിജീവിക്കുവാന്‍ ശ്രമിക്കുന്നത്. "ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത്, ഉല്‍പാദനശക്തികളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികളെ കീഴ്പ്പെടുത്തിക്കൊണ്ടും പഴയ വിപണികളെ കുറെക്കൂടി ചൂഷണം ചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്". (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ).

യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്‍സരമെന്നത് എല്ലാറ്റിനും മുകളില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള കുത്തകകളുടെ സ്വാതന്ത്ര്യം മാത്രമാണ്. വികാസത്തിന്റെയും മാന്ദ്യത്തിന്റെയും ഒന്നിടവിട്ട പരമ്പരയിലൂടെ മുതലാളിത്ത വ്യവസ്ഥ കുത്തകവല്‍ക്കരണത്തിലേക്കും അഭൂതപൂര്‍വ്വമായ ദരിദ്ര - ധനിക അന്തരത്തിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്. മുതലാളിത്തം സാമ്രാജ്യത്വമായി പരിവര്‍ത്തനപ്പെടുന്നതോടെ മല്‍സരത്തെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീതിദമായ തോതിലുള്ള അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സമൃദ്ധിയില്‍ (കുമിള) ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്തില്‍ ഒരു ഭാഗം അടിത്തട്ടിലേക്ക് "കിനിഞ്ഞിറങ്ങു"മെന്നും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നുമൊക്കെയുള്ള സ്വതന്ത്രവിപണി സിദ്ധാന്തങ്ങള്‍ തീര്‍ത്തും പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്.

1955ല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വില നിയന്ത്രിക്കുവാനുമായി നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യ സാധന നിയന്ത്രണ നിയമം കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മരവിപ്പിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഇത് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണവും. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം സംഭരണം നടത്തുവാന്‍ അവധിവ്യാപാരം നിയമവല്‍കരിച്ചത് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. 1962ലെ ഫോര്‍വേഡ് കോണ്‍ട്രാക്ട് റഗുലേഷന്‍സ് ആക്ട് കരിഞ്ചന്തയെയും പൂഴ്ത്തിവെപ്പിനെയും നിയമവല്‍ക്കരിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്തു. 1980ലെ കരിഞ്ചന്ത നിരോധനനിയമവും മരവിപ്പിച്ചു. അവധിവ്യാപാരവും അതുമൂലമുള്ള ഊഹക്കച്ചവടവുമാണ് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയത്. സര്‍ക്കാര്‍ പൊതുസംഭരണ - വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ രംഗം അവധിവ്യാപാരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കുത്തകകള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്.

അവധിവ്യാപാരത്തിന്റെ ഭീകരതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കില്‍ അതിനായി ഒഴുക്കുന്ന ഭീമമായ തുകയുടെ കണക്ക് പരിശോധിക്കണം. 2010ല്‍ 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് ഇന്ത്യയില്‍ നടന്നത്. 2009ല്‍ ഇത് 69 ലക്ഷം കോടിയായിരുന്നു. 2008ല്‍ 46.6 ലക്ഷം കോടിയും. കഴിഞ്ഞ വര്‍ഷത്തില്‍ 57% വര്‍ദ്ധനവാണ് അവധിവ്യാപാരരംഗത്തുണ്ടായത്. അവധിവ്യാപാരത്തിന്റെ ഭാഗമായി പച്ചക്കറി വിലവര്‍ദ്ധനവ് 70 - 73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലിപ്പോള്‍ ചില്ലറ വില്‍പനമേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ സംഭരിച്ച് ആഗോള സപ്ലൈ ശൃംഖലകളിലേക്ക് കൊടുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പല നഗരങ്ങളിലും കേന്ദ്രങ്ങള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. പൊതുസംഭരണ - വിതരണ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നതും ഇല്ലാതാക്കുന്നതുമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന നയതീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്.


*****


കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട്: ചിന്ത വാരിക

കാര്‍ഷിക മേഖലയിലെ സമകാലിക പ്രശ്നങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ചതും കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളില്‍ ശക്തിപ്രാപിച്ചതും ചില സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളായി കലാശിച്ചതുമായ കൃഷിക്കാരുടെയും ഗ്രാമീണരുടെയും നീണ്ട സമര പരമ്പരകളുടെ - കൃഷി ഭൂമി കൃഷിക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരായി നടത്തപ്പെടുന്ന സമരങ്ങളുടെ - ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഉത്തര്‍പ്രദേശിലെ കൃഷിക്കാരുടെ ഈയിടത്തെ പ്രക്ഷോഭം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്; അവയ്ക്ക് വളരെയേറെ മാനങ്ങളുമുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ തലങ്ങളിലുള്ള വിശകലനങ്ങളും ആവശ്യമാണ്. വികസന പദ്ധതികള്‍ക്കുവേണ്ടി സ്വാതന്ത്ര്യം ലഭിച്ച ആദ്യകാലത്ത് ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ , ഇപ്പോള്‍ ഇത്ര വലിയ എതിര്‍പ്പുണ്ടാകുന്നതെന്തുകൊണ്ടാണ്? ഇങ്ങനെ ഏറ്റെടുക്കപ്പെടുന്ന ഭൂമി എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണോ ഉപയോഗിക്കപ്പെടുന്നത് എന്നതിനെ ആസ്പദിച്ചാണോ എതിര്‍പ്പ് ഉയര്‍ന്നുവരുന്നത്? കാര്‍ഷിക ഉല്‍പാദനത്തില്‍ അതുണ്ടാക്കുന്ന ആഘാതം എന്താണ്? കൃഷിഭൂമി നഷ്ടപ്പെട്ട കൃഷിക്കാരും തൊഴിലാളികളും പിന്നീട് എങ്ങനെയാണ് ജീവിക്കുന്നത്? ഇന്നത്തെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ അവയുടെ വ്യവസായവല്‍ക്കരണത്തിനുമുമ്പ് കൃഷിക്കാര്‍ വമ്പിച്ച തോതില്‍ കുടിയിറക്കപ്പെടുകയുണ്ടായി. ചരിത്രപരമായ ഈ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, വികസനത്തിന് അനിവാര്യമായി കൊടുക്കേണ്ടിവരുന്ന വിലയാണ് ഇങ്ങനെയുള്ള കുടിയൊഴിപ്പിയ്ക്കല്‍ എന്ന് പലരും വാദിക്കുന്നത് ശരിയാണോ? അതോ അത്തരം ഉപരിതല സ്പര്‍ശിയായ സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ ഇന്ത്യയിലെ പരിതഃസ്ഥിതി അത്രമാത്രം വ്യത്യസ്തമാണോ?

കൂടുതല്‍ വലിയ ഒരു പ്രശ്നത്തില്‍നിന്ന് നമുക്ക് ആരംഭിയ്ക്കാം. അതൊരു സവിശേഷമായ കാഴ്ചപ്പാടാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ മുതലാളിത്ത വ്യവസായവല്‍ക്കരണംകൊണ്ട് ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്, ജനസംഖ്യയിലെ കൃഷിക്കാരുടെയും ഗ്രാമീണതൊഴിലാളികളുടെയും അനുപാതം കുറയ്ക്കുക എന്നതാണ്; ഈ പ്രക്രിയയില്‍ എല്ലായ്പ്പോഴും ബലം പ്രയോഗിച്ചുള്ള ഒഴിപ്പിയ്ക്കലും ഉള്‍പ്പെടുന്നുണ്ട്; ഈ പ്രക്രിയ "ആദിമ മൂലധനസഞ്ചയ"മാണ്; ഇത് വിപണിയിലെ സാധാരണ പ്രക്രിയകളിലൂടെയുള്ള ഒഴിപ്പിയ്ക്കലിന്, അഥവാ "ആദേശത്തി"ന് പുറമെയാണ് - ഇതാണ് അവരുടെ വാദം. അവരുടെ വാദം ഇങ്ങനെ തുടര്‍ന്നുപോകുന്നു - ഇങ്ങനെയുള്ള ഒഴിപ്പിയ്ക്കലും "ആദേശ"വും മൂലം തല്‍ക്കാലം ദുരിതമുണ്ടാകുന്നുണ്ടെങ്കിലും അതുവഴി ഉണ്ടാക്കപ്പെടുന്ന ഭൂരഹിതരായ തൊഴില്‍സേന, ക്രമേണ ഉല്‍പാദനപരമായ മറ്റ് തൊഴില്‍മേഖലകളില്‍ - പ്രധാനമായും വളര്‍ന്നുവരുന്ന ഉല്‍പാദനമേഖലകളിലും സേവനമേഖലകളിലും - ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് മുതലാളിത്തത്തിന്‍കീഴില്‍ സംഭവിക്കുന്ന "ആദിമ മൂലധന സഞ്ചയത്തി"ല്‍ അഥവാ "അപഹരണ"ത്തില്‍ അത്രയധികം അല്‍ഭുതപ്പെടാനൊന്നുമില്ല. ഭാവിയിലെ നന്മയ്ക്കുവേണ്ടിയാണത്.

ഉല്‍പാദനക്ഷമത കുറഞ്ഞ ഗ്രാമീണ തൊഴിലുകളില്‍നിന്ന്, കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലുകളിലേയ്ക്ക് ആളുകള്‍ മാറുകയാണെങ്കില്‍ അതു നല്ലതല്ലേ എന്നാണ് ഇന്നത്തെ ഔദ്യോഗിക കാഴ്ചപ്പാട്. ഇന്നത്തെ സംഭവവികാസങ്ങളെ, മുതലാളിത്തത്തിന്റെ ചരിത്രവുമായി ഇങ്ങനെ തുലനം ചെയ്യുന്ന മേല്‍പ്പറഞ്ഞ വീക്ഷണം, രണ്ട് കാരണങ്ങളാല്‍ വികലമാണ്. ചരിത്രപരമായിപ്പറഞ്ഞാല്‍ , ഏറ്റവും ശക്തമായ മുതലാളിത്ത രാജ്യങ്ങളില്‍ , സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍ത്തന്നെ ഇങ്ങനെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചവരുടെ സംഖ്യ, ഉള്ള തൊഴിലുകളില്‍നിന്ന് യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെട്ടവരുടെ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ , എത്രയോ കുറവാണ്. വിപ്ലവകരമായ രാഷ്ട്രീയ കലാപങ്ങളില്‍നിന്ന് ആ രാജ്യങ്ങളെ രക്ഷിച്ചത്, വമ്പിച്ച തോതില്‍, വിദേശങ്ങളിലേക്കുണ്ടായ കുടിയേറ്റമാണ്. മുതലാളിത്ത രാജ്യങ്ങളില്‍ വ്യവസായവല്‍ക്കരണത്തിനുവേണ്ടി, ഉള്ള ഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വന്‍തോതില്‍ അമേരിക്കന്‍ വന്‍കര, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറി, അവിടെയുണ്ടായിരുന്ന തദ്ദേശീയരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വന്തമാക്കിയതില്‍നിന്ന് വ്യത്യസ്തമായി, ഇന്ന് ഈ രാജ്യത്ത് ഭൂമി പിടിച്ചെടുക്കപ്പെടുന്നതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് പോകാന്‍ ഒരിടവുമില്ല - ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം ഇതാണ് - ശക്തമായ മുതലാളിത്ത രാജ്യങ്ങളിലെ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്റെ ഇരട്ടിയിലധികം ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയത്തക്ക വിധത്തില്‍ , അവിടങ്ങളിലെ ഉല്‍പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇങ്ങനെ അധികമുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ അവയ്ക്ക്, തങ്ങള്‍ക്കുവേണ്ടി പൂര്‍ണമായും തുറന്നിടപ്പെട്ടിരുന്ന തങ്ങളുടെ കോളണി രാജ്യങ്ങളില്‍ കൊണ്ടുചെന്ന് തള്ളാന്‍ കഴിഞ്ഞു; അതേ അവസരത്തില്‍ തങ്ങളുടെ ആഭ്യന്തര വിപണികളെ മുതലാളിത്ത രാജ്യങ്ങള്‍ സംരക്ഷണ വ്യവസ്ഥകളിലൂടെ ശക്തമായി സംരക്ഷിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇന്ന് ഉള്ള ഭൂമിയില്‍നിന്നും തൊഴിലുകളില്‍നിന്നും പുറത്താക്കപ്പെടുന്ന കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, മറ്റ് തൊഴിലവസരങ്ങള്‍ വര്‍ധിയ്ക്കുന്നില്ല - പ്രത്യേകിച്ചും ഇന്നത്തെ പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ . പുത്തന്‍ ഉദാരവല്‍ക്കരണത്തിന്‍കീഴില്‍ സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതും ഫിനാന്‍സ് മൂലധനത്തെ സംബന്ധിച്ച (ഏറെക്കാലമായി അവമതിയ്ക്കിരയായിക്കൊണ്ടിരിക്കുന്ന) സിദ്ധാന്തങ്ങളുടെ മേധാവിത്വവും ആണതിന് കാരണം. തൊഴിലില്ലായ്മ എത്ര തന്നെ വര്‍ധിച്ചാലും ശരി, സന്തുലിതമായ ബജറ്റ് ഉണ്ടാവണം എന്നാണല്ലോ ആ നയം ശഠിക്കുന്നത്.

ഇതില്‍ ആദ്യത്തെ കാര്യമെടുക്കാം. കൃഷിയില്‍നിന്ന് കൃഷിക്കാരും തൊഴിലാളികളും പുറംതള്ളപ്പെടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടന്നതാണത്. ഒന്നാമത്തെ വ്യവസായ രാഷ്ട്രമായ ബ്രിട്ടന്റെ കാര്യം തന്നെയെടുക്കാം. വ്യവസായാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കപ്പെട്ടതിന്റെ ഫലമായി ഒഴിപ്പിയ്ക്കപ്പെട്ട ചെറുകിട കൃഷിക്കാരും യന്ത്രസാമഗ്രികള്‍ പ്രചാരത്തില്‍ വന്നതിന്റെ ഫലമായി തൊഴിലില്ലാതായിത്തീര്‍ന്ന കൈത്തൊഴില്‍ക്കാരും ഗതിയില്ലാതെ അലഞ്ഞുതിരിയേണ്ടിവന്നു. അവരില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ, വളര്‍ന്നുവരുന്ന ഫാക്ടറിമേഖലയില്‍ തൊഴില്‍ ലഭിച്ചുള്ളൂ. രണ്ടു നൂറ്റാണ്ട് മുമ്പത്തെ യന്ത്രങ്ങള്‍ വളരെ ലഘുവും ലളിതവുമായവയായിരുന്നുവെങ്കിലും, അവ, വന്‍തോതില്‍ തൊഴിലാളികളെ പുറത്താക്കിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് ഒരൊറ്റ സ്പിന്നിങ്ങ് "ജെന്നി"യില്‍ 80 സ്പിന്‍ഡിലുകള്‍ (തക്ലി) ഉണ്ടെന്നിരിയ്ക്കട്ടെ. അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരൊറ്റ തൊഴിലാളി മതി. യൂറോപ്പില്‍ പരമ്പരാഗതമായി നൂല്‍നൂല്‍പില്‍ ഏര്‍പ്പെട്ടിരുന്ന 79 തൊഴിലാളികള്‍ അതോടെ തൊഴിലില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇന്നത്തെ, കൂടുതല്‍ ഉയര്‍ന്ന സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും ഓട്ടോമേഷനും കാരണം തൊഴിലവസരങ്ങള്‍ വളരാതെ കണ്ടുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ഈ "തൊഴിലില്ലാ വളര്‍ച്ച" തന്നെ പല മേഖലകളിലും, ഉള്ള തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയായി (തൊഴില്‍ നഷ്ട - വളര്‍ച്ച) മാറുന്നു.

തൊഴിലില്ലായ്മയും അതുപോലെത്തന്നെ തൊഴിലുള്ളവര്‍ക്കുതന്നെ ലഭിക്കുന്ന നിസ്സാരമായ കൂലിയും കാരണം ബ്രിട്ടനില്‍ 1840കളില്‍ സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങളും കലാപങ്ങളും ഉയര്‍ന്നുതുടങ്ങി. അതൊരു വിപ്ലവമായി മാറുന്നതിനെ തടഞ്ഞത്, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം ഒരു സേഫ്ടി വാള്‍വ് ആയി പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ബ്രിട്ടനില്‍ ജനസംഖ്യ വളരെ കുറവായിരുന്നു. 1821ല്‍ 120 ലക്ഷം മാത്രം. എന്നാല്‍ 1821നും 1915നും ഇടയ്ക്ക് 160 ലക്ഷം ബ്രിട്ടീഷുകാരാണ് വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്! വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്തി, അവിടെയുള്ള തദ്ദേശീയരെ ആട്ടിപ്പായിച്ച് സ്ഥിരതാമസമാക്കിയ ആകെയുള്ള യൂറോപ്യന്മാരില്‍ അഞ്ചില്‍ രണ്ട് ഭാഗംവരുമിത്. (അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും നടന്നത്) ബ്രിട്ടനിലെ ജനസംഖ്യയില്‍ അക്കാലത്ത് പ്രതിവര്‍ഷം ഉണ്ടാകുന്ന വര്‍ധനയില്‍ ശരാശരി പകുതിപേര്‍ , ഇങ്ങനെ ഒരു നൂറ്റാണ്ടുകാലത്തേക്ക് അവിടെനിന്ന് പുറം രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം കുടിയേറ്റം നടത്തിയതായി കാണാം. ഇന്ത്യയില്‍ ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരേയും തൊഴിലാളികളേയും വിദേശങ്ങളിലേക്ക് ഇതേ നിരക്കില്‍ കയറ്റിയയയ്ക്കണമെങ്കില്‍ , ഓരോ വര്‍ഷവും ഓരോ കോടി ആളുകളെ സ്ഥിരമായി കയറ്റി അയയ്ക്കേണ്ടിവരും. ഇതിന്റെ പത്തിലൊന്നുപോലും സാധ്യമാകുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ.

അക്കാലത്ത് കോളണികള്‍ വെട്ടിപ്പിടിച്ചിരുന്ന യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങള്‍ , അഭൂതപൂര്‍വമായ തോതില്‍ ആഗോള ഭൂവിഭവങ്ങള്‍ കയ്യടക്കി; എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളില്‍ ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുന്ന കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും; ഇന്ന് പോകാന്‍ ഒരിടമില്ല. എന്നുതന്നെയല്ല, ഇങ്ങനെ ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുന്ന കൃഷിക്കാരും തൊഴിലാളികളും സമ്പദ് വ്യവസ്ഥയിലെ മറ്റെവിടെയെങ്കിലും സ്വാഭാവികമായും ജീവനോപാധി കണ്ടെത്തിക്കൊള്ളും എന്ന് അലംഭാവം കൊള്ളുന്നത് ശുദ്ധ ഭോഷ്കാണ്.

ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നതുകൊണ്ട്, വ്യാപാര പാര്‍പ്പിട നിര്‍മാണ മേഖലകളും ടൂറിസം മേഖലയും മാത്രമാണ് വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്, അവിടങ്ങളില്‍ മാത്രമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്, മറ്റിടങ്ങളിലെല്ലാം തൊഴില്‍രംഗം നിരാശാജനകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ സര്‍ക്കാരിന്റെ ചെലവ് ചുരുക്കുന്ന പണനയങ്ങളുടെയും സാങ്കേതികവിദ്യാ മാറ്റത്തിന്റെയും സംയുക്ത ഫലമായിട്ടാണ്, നിരാശാജനകമായ ഈ അവസ്ഥ സംജാതമായിട്ടുള്ളത്.

പൊതുചെലവുകള്‍

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ നാല് പതിറ്റാണ്ടുകളില്‍, പദ്ധതികളുടെ കീഴില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിട്ടതു കാരണം വമ്പിച്ച വളര്‍ച്ചാ വര്‍ധനയുണ്ടായി. സാമൂഹ്യമായി വിശാലാടിസ്ഥാനത്തിലുള്ളതായിരുന്നു ആ വളര്‍ച്ച. വികസനോന്മുഖമായ പണനയമാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. ഗ്രാമീണ വികസന പദ്ധതികളിലും പൊതുമേഖലയില്‍ നിര്‍മാണാടിത്തറ കെട്ടിപ്പടുക്കുന്നതിലും വളരെയേറെ പണം ചെലവിട്ടു.തൊഴില്‍മേഖലയില്‍ പങ്കെടുക്കുന്ന ജനസംഖ്യയിലെ വര്‍ധനയേക്കാള്‍ വളരെ കൂടിയ വേഗതയിലാണ് തൊഴിലവസരങ്ങള്‍ അക്കാലത്ത് വര്‍ധിച്ചിരുന്നതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ വ്യവസായങ്ങളില്‍പ്പോലും അക്കാലത്ത് ഉല്‍പാദനത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ആ മേഖലയില്‍ തൊഴില്‍ ലഭിച്ചവരുടെ സംഖ്യയില്‍ 3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍ , ഇന്നാകട്ടെ ഉല്‍പാദനം വര്‍ധിക്കുമ്പോഴും തൊഴിലാളികളുടെ സംഖ്യയിലെ വര്‍ധന ഏറെക്കുറെ പൂജ്യം തന്നെയാണ്. അതുകൊണ്ടാണ് വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആദ്യകാലത്ത്, ഇന്നത്തേതുപോലുള്ള കടുത്ത എതിര്‍പ്പ് ഉണ്ടാകാതിരുന്നത് എന്നാണ് എന്റെ അഭിപ്രായം. അന്ന് പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നല്ല അതിന്നര്‍ഥം. അന്നും ദുരിതങ്ങളുണ്ടായിരുന്നു - പ്രത്യേകിച്ചും ഗിരിവര്‍ഗക്കാരെ ഇറക്കിവിടുമ്പോള്‍, അവരുടെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കാതിരിക്കുമ്പോള്‍ . എന്നാല്‍ ഭൂമി നഷ്ടപ്പെട്ട മറ്റുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിച്ചിരുന്നു - പ്രധാനമായും കൂലിവേലകളില്‍. സംഘടിതമേഖലയിലും പൊതുമേഖലയിലും ഉള്ള ജോലികള്‍ക്ക് കൂടുതല്‍വിലയുണ്ടായിരുന്നു.ഉദാഹരണത്തിന്, ആന്ധ്രപ്രദേശിലെ ലംബാഡ ഗോത്രവിഭാഗക്കാര്‍ തങ്ങളുടെ ഭൂമി വിറ്റ്, അതുവഴി കിട്ടുന്ന പണം ഇടനിലക്കാര്‍ക്ക് കൈക്കൂലിയായി നല്‍കി, റെയില്‍വെയില്‍ ഗാംങ്മെന്‍ ആയി ജോലി നേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഭൂമി വില്‍ക്കുന്നത്, ഇങ്ങനെ കൈക്കൂലി നല്‍കുന്നതിനു തന്നെയായിരുന്നു. കാരണം റെയില്‍വെയിലെ ജോലി വഴി അവര്‍ക്ക് താമസിയ്ക്കാന്‍ ക്വാര്‍ട്ടേഴ്സും ആരോഗ്യസേവനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും ലഭിക്കുമായിരുന്നു. യാതൊരു വ്യവസ്ഥയും തീര്‍ച്ചയും ഇല്ലാത്ത കാര്‍ഷിക ഉപജീവനമാര്‍ഗത്തേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത്, ഗാംങ്മെന്‍ ജോലിയ്ക്കായിരുന്നു.

രണ്ടു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന്, പൊതുവായ തൊഴില്‍ അവസരസാഹചര്യം കൂടുതല്‍മോശമായിത്തീര്‍ന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതും കമ്പ്യൂട്ടര്‍വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും എല്ലാം, ജോലി നഷ്ടത്തിന് കാരണമായിത്തീര്‍ന്നു. ഇന്ത്യാ ഗവണ്‍മെന്റ് വികസനച്ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ചു - പ്രത്യേകിച്ചും ഗ്രാമീണമേഖലയിലെ ചെലവുകള്‍. അതിന്റെ ഫലം നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുകളില്‍ പ്രകടമായി കാണാം. തൊഴിലില്ലാത്ത സ്ത്രീ തൊഴിലാളികളുടെയും പുരുഷത്തൊഴിലാളികളുടെയും (ഗ്രാമീണമേഖലയിലും പട്ടണപ്രദേശങ്ങളിലും) അവസ്ഥ 1993-2005 കാലഘട്ടത്തില്‍ കൂടുതല്‍ പരിതാപകരമായിത്തീര്‍ന്നു. ഇങ്ങനെ ബദല്‍ തൊഴില്‍ അവസരങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇത്തരമൊരു സ്ഥിതിയില്‍, ഒരു തുണ്ടു ഭൂമിയുള്ള ഗ്രാമീണ ഉല്‍പാദകന്‍, സ്വാഭാവികമായും ആ ഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും; അത് പിടിച്ചെടുക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കും. അവന്റെ തൊഴിലില്ലായ്മയ്ക്കും ദുരിതാവസ്ഥയ്ക്കും എതിരായ സുരക്ഷിതത്വം എന്ന നിലയ്ക്കാണ്, ആ തുണ്ടു ഭൂമിയെ അവന്‍ കാണുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ കൃഷിയ്ക്കുമേല്‍ ഉണ്ടാക്കുന്ന ആഘാതവും ആഗോള വിലവര്‍ദ്ധനയും സംയുക്തമായി കടുത്ത കാര്‍ഷികത്തകര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൂടി, കൃഷിപ്പണി ആദായകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, പ്രത്യേകിച്ചും കയറ്റുമതി പ്രധാനമായ വിളകള്‍ ലാഭകരമല്ലാതായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൂടി, അവന്‍ തന്റെ തുണ്ടു ഭൂമിയില്‍ കടിച്ചു തൂങ്ങിക്കിടക്കും. കടം കാരണം ലക്ഷക്കണക്കിന് കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും (ആത്മഹത്യയും പ്രതിഷേധത്തിന്റെ സഹനസമര രൂപമാണല്ലോ) അതാണ് സ്ഥിതി.

തെറ്റായ നയങ്ങള്‍ എന്നാല്‍ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം കൃഷിപ്പണി ആദായകരമല്ലാതായിത്തീരുന്നത്, അവര്‍ കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടോ, പെട്ടെന്ന് അവരുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത കുറയുന്നതുകൊണ്ടോ അല്ല. മറിച്ച് തികച്ചും തെറ്റായ (സര്‍ക്കാരിനു ലഭിക്കുന്ന തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള) പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായിട്ടാണത്. അതു കാരണം സര്‍ക്കാരിന്റെ പൊതുനിക്ഷേപം കുത്തനെ കുറഞ്ഞു; വികസന സേവനങ്ങള്‍ പിന്‍വലിയ്ക്കപ്പെട്ടു; വായ്പ ലഭിയ്ക്കുന്നത് ഒട്ടുമില്ലാതായി; അല്ലെങ്കില്‍ അതിനുള്ള ചെലവ് കൂടി. വിപണി സംരക്ഷണവ്യവസ്ഥ സര്‍ക്കാര്‍ ഉപേക്ഷിയ്ക്കുകയും അതേ അവസരത്തില്‍ത്തന്നെ വില സ്ഥിരതാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചടുക്കുകയും ചെയ്തതുവഴി (കമ്മോഡിറ്റി ബോര്‍ഡുകള്‍ താങ്ങുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങുന്ന സമ്പ്രദായം ഇല്ലാതാക്കപ്പെട്ടു) ആഗോള വിപണിയിലെ വിലകളുടെ കടുത്ത കയറ്റിറക്കത്തിന് കൃഷിക്കാര്‍ വലിച്ചെറിഞ്ഞുകൊടുക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന നയനിര്‍മാതാക്കളുടെ ശമ്പളം 80 ശതമാനംവരെ വെട്ടിച്ചുരുക്കുകയാണെങ്കിലേ, അവര്‍ വരുത്തിവെച്ചിട്ടുള്ള ദുരന്തത്തിന്റെ സ്വാദ് അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.

കൃഷിക്കാരും ഗ്രാമീണരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമാണ്. ആത്മഹത്യ എന്ന സഹന സമരരൂപത്തില്‍നിന്ന് അവര്‍ സജീവമായ പ്രതിരോധ സമരരൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട് എന്നാണതിന്നര്‍ഥം. ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷിക പ്രതിസന്ധി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്, ഒരു പതിറ്റാണ്ടുമുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ , സ്ഥിതി അത്രത്തോളം മോശമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ കൃഷിക്കാര്‍ പ്രതിഷേധരംഗത്തിറങ്ങേണ്ടതല്ലേ, അവര്‍ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് പലരും ചോദിയ്ക്കുകയുണ്ടായി. കാര്‍ഷിക മേഖലയിലെ ദുരിതങ്ങളെ അവഗണിക്കുന്നതിന്, അത്തരമൊരു വാദമുഖം ഇന്ന് ആര്‍ക്കും ഉന്നയിയ്ക്കാന്‍ കഴിയുകയില്ല. കൃഷിക്കാര്‍ സമരരംഗത്തേക്ക് നീങ്ങുന്നത് പതുക്കെയായിരിയ്ക്കാം; എന്നാല്‍ അവര്‍ അങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍പ്പിന്നെ, അവരെ പിടിച്ചുനിര്‍ത്താന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ല.

നാം ഒരു കാര്യം മനസ്സിലാക്കണം. ഭൂമിയ്ക്ക് ഒരു പ്രത്യേക സവിശേഷതയുണ്ട്. അത് മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല. എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും തൊട്ടിലാണ് അതെങ്കിലും ഭൂമി വീണ്ടെടുക്കലിന്റെ അറ്റം കണ്ടു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വ്യാപ്തി ഒരളവിന്നപ്പുറം വര്‍ധിപ്പിയ്ക്കാന്‍ കഴിയില്ല. മാത്രമല്ല, വനങ്ങള്‍ കൂടുതല്‍ വെട്ടിനശിപ്പിക്കുന്നത് മാനവരാശിക്കുതന്നെ വളരെയേറെ ദോഷകരമാണുതാനും. ഈ അര്‍ഥത്തില്‍ നിശ്ചിതമായ അളവില്‍ മാത്രമുള്ള പ്രാഥമിക സ്രോതസ്സാണ് ഭൂമി. കാള്‍ മാര്‍ക്സ് ശ്രദ്ധേയമായ വിധത്തില്‍ എടുത്തുകാണിക്കുന്നപോലെ, മനുഷ്യാധ്വാനത്തിന്റെ ഉല്‍പന്നമല്ല ഭൂമി എന്നതിനാല്‍ "ഭൂമിയുടെ വില അയുക്തിപരമായ വിഭാഗത്തില്‍പ്പെട്ടതാണ്". അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്: അധ്വാനത്തിന്റെ ഉല്‍പന്നമാണ് ചരക്ക് എന്നതിനാല്‍ ആ ചരക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച പ്രത്യക്ഷവും പരോക്ഷവുമായ അധ്വാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായതാണ് ആ ചരക്കിന്റെ വില. എന്നാല്‍ ഭൂമി ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, അതിന്റെ വില വ്യത്യസ്തമാണ്. ഭൂമിയില്‍ നിന്നുണ്ടാക്കാന്‍ കഴിയുന്ന വരുമാനത്തിന്റെ വിപണിമൂല്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭൂമിയുടെ വില കണക്കാക്കപ്പെടുന്നത്. ഭൂമി എന്ത് ഉപയോഗത്തിനാണോ പ്രയോജനപ്പെടുത്തുന്നത്, ആ ഉപയോഗത്തിന്റെ പ്രത്യേകതയെ അടിസ്ഥാനപ്പെടുത്തിയാണ്, ആ ഭൂമിയില്‍നിന്നുള്ള വരുമാനം കണക്കാക്കപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ കൃഷിക്കാരില്‍ അസംതൃപ്തി ജനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇതാണ് - അവരില്‍ ചിലര്‍ ആദ്യഘട്ടത്തില്‍ അതിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചതാണെങ്കില്‍ക്കൂടി.

ഇക്കാര്യം മനസ്സിലാക്കുന്നതിന് നമുക്ക് വളരെ ലളിതമായ ഒരു ഉദാഹരണമെടുക്കാം. ഒരു കിലോഗ്രാം അരിയുടെ വില 20 രൂപ തൊട്ട് 2000 രൂപ വരെ വ്യത്യസ്തപ്പെട്ടതായിരിക്കാന്‍ വഴിയില്ല. എന്നാല്‍ , ഒരു ഹെക്ടര്‍ ഭൂമിയുടെ വില 2 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ വ്യത്യസ്തമായിരിയ്ക്കാന്‍ സാധ്യതയുണ്ടുതാനും - ഭൂമി എന്തിനാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ഒരു കൃഷിക്കാരന് ഒരു ഹെക്ടര്‍ ഭൂമിയുണ്ടെന്നും അതില്‍ അയാള്‍ കൃഷി ചെയ്യുന്നുവെന്നും അതില്‍നിന്ന് അയാള്‍ക്ക് വര്‍ഷത്തില്‍ 10,000 രൂപ അസ്സല്‍ വരുമാനമുണ്ടാകുന്നുവെന്നും കരുതുക. വിപണിയിലെ പലിശനിരക്ക് 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ , ആ ഒരു ഹെക്ടര്‍ ഭൂമിയ്ക്ക് 2 ലക്ഷം രൂപ വില കിട്ടുന്നത് ലാഭകരമാണെന്ന് ആ കൃഷിക്കാരന്‍ കരുതുന്നു. ഇങ്ങനെ ഹെക്ടറിന് 2 ലക്ഷം രൂപ വെച്ച് താന്‍ വില്‍ക്കുന്ന ഭൂമി വാങ്ങിച്ച ആള്‍ തുണ്ടം തുണ്ടമാക്കി മുറിച്ച്, പാര്‍പ്പിടാവശ്യത്തിനായോ വ്യാപാരാവശ്യത്തിനായോ പട്ടണങ്ങളിലെ നൂറുപേര്‍ക്ക് വില്‍ക്കുന്നതും അങ്ങനെ 2 കോടി രൂപ സമ്പാദിക്കുന്നതും ആണ് കൃഷിക്കാരന്‍ കാണുന്നത് - അതായത് നൂറിരട്ടി വിലയ്ക്ക് വില്‍ക്കുന്നു. തന്റെ വസ്തുവിന്റെ പേരില്‍ താന്‍ വഞ്ചിയ്ക്കപ്പെട്ടതായും തന്നെ പ്രേരിപ്പിച്ച് അത് വില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയപ്പോള്‍ തനിക്ക് അതിന്റെ വില അറിയാമായിരുന്നില്ല എന്നും തനിക്ക് തുച്ഛമായ വിലയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നതായും കൃഷിക്കാരന്‍ മനസ്സിലാക്കുന്നു. പണം നിക്ഷേപിച്ച്, അതിന്റെ പലിശ കൊണ്ട് ജീവിക്കുന്ന സ്വഭാവം ഗ്രാമീണ ഉല്‍പാദകന്നില്ല. അവന്റെ ആസ്തി സര്‍ക്കാര്‍ ഉല്‍സാഹത്തോടുകൂടി ഏറ്റെടുക്കുന്നുണ്ടെങ്കിലും അവന് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ കൃഷിക്കാരന് ലഭിക്കുന്ന 2 ലക്ഷം രൂപ നിസ്സാരമായ തുകയാണ്. ഒരു മോട്ടോര്‍ ബൈക്കും ടിവി സെറ്റും വാങ്ങിക്കഴിയുമ്പോള്‍ , അത്യാവശ്യ ജീവിതച്ചെലവുകള്‍ നിറവേറ്റുമ്പോള്‍ ആ തുക അപ്രത്യക്ഷമായിത്തീരുന്നു. ഉല്‍പാദനക്ഷമമായതോ സ്ഥിരമായ വരുമാനം ഉണ്ടാകുന്നതോ ആയ ആസ്തി അതില്‍നിന്നുണ്ടാകുന്നില്ല.

വിപണി അടിച്ചേല്‍പിക്കുന്ന വഞ്ചനയെക്കുറിച്ച്, ഒടുവില്‍ നമ്മുടെ കൃഷിക്കാര്‍ ബോധവാന്മാരായിത്തുടങ്ങിയിരിക്കുന്നു. വികസനത്തിന്റെ മറവില്‍ അവരുടെ വിലപ്പെട്ട ഭൂമി, അവരില്‍നിന്ന്, തുച്ഛമായ വിലയ്ക്ക് ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമ്പോള്‍ അവര്‍ രോഷാകുലരായിത്തീരുന്നു - പ്രത്യേകിച്ചും അത്തരത്തിലുള്ള "വികസനങ്ങള്‍" അവര്‍ക്ക് തൊഴില്‍അവസരങ്ങള്‍ പ്രദാനം ചെയ്യുകയോ വ്യവസായങ്ങള്‍ കൊണ്ടുവരുകയോ ചെയ്യുന്നില്ലെങ്കില്‍ . പ്രത്യേക സാമ്പത്തിക മേഖലകളും (ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള) മറ്റ് ചെറുകിട പദ്ധതികളും ഫ്ളാറ്റ് നിര്‍മാണത്തിനും വ്യാപാരാവശ്യത്തിനും വേണ്ടിയുള്ള ഭൂമിയുടെ ഊഹക്കച്ചവടമല്ലാതെ മറ്റൊന്നുമല്ല. കോര്‍പ്പറേറ്റ് മേഖലയ്ക്കോ വളരെ സമ്പന്നരായ ന്യൂനപക്ഷ കുടുംബങ്ങള്‍ക്കോ മാത്രമേ അതിന്റെ വില താങ്ങാന്‍ കഴിയൂ. തങ്ങള്‍ എന്തു വിലയ്ക്കാണോ കൃഷിഭൂമി വിറ്റത്, അതിന്റെ നൂറുകണക്കിന് മടങ്ങ് ലാഭം കോര്‍പ്പറേറ്റുകളും "ഭൂമി വികസന"ക്കാരും ഉണ്ടാക്കുന്നതായി കൃഷിക്കാര്‍ കാണുന്നു. ഭൂമി ഏറ്റെടുക്കുന്നതിനും അത് കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യവും പലപ്പോഴും കോര്‍പ്പറേറ്റുകള്‍ക്കും "ഭൂ വികസന"കാര്‍ക്കും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും അതിനേക്കാള്‍ വലിയ പ്രശ്നമാണ്. തന്നെയല്ല, ഭൂമിയില്‍നിന്ന് ഒഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് അവ്യക്തമായ ചില വാഗ്ദാനങ്ങളൊഴിച്ച്, ഉപജീവനമാര്‍ഗ്ഗത്തിന് മറ്റൊന്നും ലഭിക്കുന്നുമില്ല. ഇതിനേക്കാളൊക്കെ മോശമായ മറ്റൊരു കാര്യം കൂടിയുണ്ട് - നല്ല വിള കിട്ടുന്ന കൃഷിഭൂമി ഏറ്റെടുത്ത് തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനായി കൈമാറുമ്പോള്‍ , അങ്ങനെ ഉണ്ടാക്കപ്പെടുന്ന തുറമുഖങ്ങളിലൂടെ വിദേശകമ്പനികള്‍ നമ്മുടെ അമൂല്യമായ ഖനിജ വിഭവങ്ങള്‍ കയറ്റുമതി ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നു - കൊറിയന്‍ കമ്പനിയായ പോസ്ക്കോ അതാണ് ചെയ്യുന്നത്. രണ്ട് തരത്തില്‍ വിലപ്പെട്ട, തിരിച്ചു പിടിയ്ക്കാന്‍ കഴിയാത്ത വിഭവങ്ങളാണ്, അതായത് ഖനിജങ്ങളും കൃഷിഭൂമിയും, ഇങ്ങനെ കൊള്ള ചെയ്യപ്പെടുന്നത്.
യാതൊരു വിവേചനവുമില്ലാതെ ഇങ്ങനെ കൃഷിഭൂമി ഏറ്റെടുക്കുന്നത് നമ്മുടെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ ദോഷകരമായിരിക്കും. രാജ്യത്ത് ആകെ കൃഷി ചെയ്യപ്പെടുന്ന ഭൂമിയുടെ അളവ് 1990കളുടെ ആദ്യ വര്‍ഷങ്ങളോടെ വളര്‍ച്ചയില്ലാതെ മുരടിച്ചുപോയി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഗവണ്‍മെന്റിന്റെ പൊതുചെലവുകളും വികസനച്ചെലവുകളും വെട്ടിച്ചുരുക്കപ്പെട്ടതുകാരണം, വിളകളുടെ ഉല്‍പാദന - വര്‍ധനനിരക്ക് കുത്തനെ ഇടിഞ്ഞു. സുപ്രധാന വിളകളായ ഭക്ഷ്യധാന്യങ്ങളുടേതടക്കം പല വിളകളുടെയും പ്രതിശീര്‍ഷ ഉല്‍പാദനം കുറയുന്നതിനാണ് അതിടയാക്കിയത്. കൃഷിഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റി ഉപയോഗിച്ചാല്‍ , പ്രശ്നം വീണ്ടും ഗുരുതരമാകും. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ടുവരുന്ന അവഗണനയാണ് ഇന്നത്തെ ഭക്ഷ്യവിലക്കയറ്റത്തിന് കാരണം. സര്‍ക്കാരിന്റെ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുകാരണം ഉണ്ടായ ചോദനക്കുറവ് വളരെ ഉയര്‍ന്നതായിട്ടും ഭക്ഷ്യവിലക്കയറ്റം ഉണ്ടായിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി തൊഴിലില്ലായ്മയും ചോദനക്കുറവും സംഭവിക്കുന്നു.

എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, തൊഴില്‍ പ്രധാനമായ ചില തരത്തിലുള്ള വ്യവസായങ്ങള്‍ക്ക് ഭൂമി ആവശ്യമാണുതാനും. അതിന് പ്രോല്‍സാഹനം നല്‍കുകയും വേണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എക്കാലത്തേക്കും നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുകയില്ല. കൃഷിക്കാരുടെ കുട്ടികളെല്ലാം കൃഷിക്കാരായിത്തന്നെ ജീവിയ്ക്കണം എന്ന് ആവശ്യപ്പെടാനും കഴിയില്ല. ഓരോ സംസ്ഥാനത്തും കൃഷിയ്ക്ക് യുക്തമല്ലാത്ത ഭൂമി കണ്ടെത്തി ലാന്‍റ് ബാങ്ക് ഉണ്ടാക്കുക, അത്തരം ഭൂമികളില്‍ നിര്‍മാണ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം. എന്നാല്‍ കൃഷിയോഗ്യമല്ലാത്ത ഭൂമി വേണ്ടത്ര കിട്ടാനില്ലാത്ത അവസ്ഥയില്‍ , കുറച്ച് കൃഷിഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂമിമേലുള്ള അവകാശം നഷ്ടപ്പെടുന്നതിന് പകരം പണമായി മതിയായ നഷ്ടപരിഹാരം കൃഷിക്കാരന്ന് നല്‍കണം. അതിന്നുപുറമെ, നിര്‍ദ്ദിഷ്ട വ്യവസായസംരംഭത്തില്‍ കൃഷിക്കാരെ സഹകരണ പങ്കാളികളാക്കി കണക്കാക്കണം. ബന്ധപ്പെട്ട ആ സ്ഥാപനത്തില്‍ നേരിട്ട് ഓഹരി നല്‍കുകയും വേണം. പട്ടണ പ്രദേശങ്ങളില്‍ അത്തരം സമ്പ്രദായം പതിവുണ്ട്. ആ സമ്പ്രദായത്തിന്‍കീഴില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിയില്‍ വികസനക്കാരെ കെട്ടിടം നിര്‍മിക്കുന്നതിന് അനുവദിച്ചതു വഴിയുണ്ടാകുന്ന മെച്ചത്തില്‍ ഒരു വിഹിതം തങ്ങള്‍ക്കു ലഭിക്കുന്നതായി കൃഷിക്കാരന് ബോധ്യപ്പെടുന്നു. കാരണം പണമായി ലഭിക്കുന്ന നഷ്ടപരിഹാരത്തിന്നുപുറമെ മൊത്തം നിര്‍മിത വിസ്തൃതിയില്‍ മൂന്നിലൊന്നിന്റെ വരെ ഉടമസ്ഥാവകാശവും കൃഷിക്കാരന് ലഭിക്കുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ ഭൂമി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ സമരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഇവിടെ എടുത്തുപറയാവുന്നതാണ്. അന്തരിച്ച കെ ആര്‍ നാരായണന്റെ പേരിലുള്ള ഒരു പദ്ധതിയിന്‍കീഴില്‍ , ഒരു സഹകരണ പാര്‍പ്പിട -പ്രവര്‍ത്തന സമുച്ചയം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക്, സര്‍ക്കാര്‍ ചെലവില്‍ അവിടെ വീടുവെച്ചു കൊടുക്കുന്നതിനുപുറമെ ബദല്‍ തൊഴില്‍ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കും. ഇവിടെ സഹകരണ രീതി നിര്‍ണായകമാണ്. കാരണം തങ്ങള്‍ക്ക് ലഭിച്ച പുതിയ ആസ്തികള്‍ കയ്യൊഴിയാന്‍ വ്യക്തിഗത കുടുംബങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും അവര്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അങ്ങനെ വരുമാനം ഉണ്ടാക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിനും അത് ആവശ്യമാണ്. പുതിയ യുഡിഎഫ് ഗവണ്‍മന്റെ്, ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
ഈ കേരള മാതൃക മറ്റെവിടെയും ആവര്‍ത്തിയ്ക്കാന്‍ കഴിയില്ല എന്നു കരുതാനുള്ള കാരണങ്ങളൊന്നുമില്ല. ഇവിടെ അടിസ്ഥാനപരമായ തത്വം ഇതാണ് : കൃഷിഭൂമി വളരെ വിലപ്പെട്ട ആസ്തിയാണ്. അത് ഏറ്റെടുക്കുന്നത് ആകാവുന്നത്ര ഒഴിവാക്കണം. അത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ , ഉടമസ്ഥന് (അയാള്‍ക്ക് രേഖാമൂലമുള്ള അവകാശമുണ്ടായാലും പരമ്പരാഗതമായ കൈവശാവകാശമാണെങ്കിലും ശരി) നഷ്ടപരിഹാരമായി പണം മാത്രം നല്‍കിയാല്‍ പോര. മറിച്ച് അതേ സ്ഥലത്തുതന്നെ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള ആസ്തിയില്‍ ഒരു ഓഹരിയും നല്‍കണം.


*****


ഉല്‍സാ പട്നായിക്, കടപ്പാട് : ചിന്ത വാരിക

എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു...

ചരിത്രത്തിന്റെ സമൂര്‍ത്തതകള്‍ക്കിടയില്‍വച്ചാണ് മാര്‍ക്സിസം പിറവിയെടുത്തത്. ചരിത്രത്തെയും പ്രകൃതിയെയും വ്യാഖ്യാനിച്ചുകൊണ്ട് മാത്രമല്ല; മറിച്ച് അതിനെ മാറ്റിമറിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തവും അതിന്റെ പ്രയോഗവും മുന്നേറിക്കൊണ്ടിരിക്കുന്നത്. സമൂഹത്തെ പിടിച്ച് പിറകോട്ട് വലിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വവിധ ആധിപത്യശക്തികള്‍ക്കെതിരെയും പടവെട്ടിക്കൊണ്ടാണ് ഈ ലോകാവസ്ഥയില്‍ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാനവവിമോചനത്തിന്റെ ഉദാത്തതയെ സ്വപ്നംകാണുന്ന പ്രസ്തുത സൈദ്ധാന്തിക പദ്ധതിയെയും അതിന്റെ പ്രയോഗരൂപങ്ങളെയും അട്ടിമറിച്ച് തകര്‍ത്ത് തരിപ്പണമാക്കേണ്ടത് സാമൂഹ്യാധികാരം കൈയടക്കിവച്ചിരിക്കുന്ന ആധിപത്യശക്തികളുടെ ഒരിക്കലും അവസാനിക്കാത്ത ലക്ഷ്യമാണ്. ആ ലക്ഷ്യം നിറവേറുന്നതിനുവേണ്ടി, പ്രത്യയശാസ്ത്രപരവും ഉപകരണപരവുമായ വിവിധങ്ങളായ മര്‍ദ്ദക സാമഗ്രികളിലൂടെ അവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അതിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യമായ മാര്‍ക്സിസത്തെയും കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്.

മാര്‍ക്സിസം മരിച്ചെന്നും ചരിത്രം അവസാനിച്ചെന്നും അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇത്തരം പ്രചാരവേലകളുടെ കഴുത്തറുക്കുന്നതരത്തിലാണ് ലോക മുതലാളിത്തക്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. മാര്‍ക്സ് മുഖ്യധാരയിലേക്ക് വീണ്ടും വരികയാണ്. എന്നാല്‍ എക്കാലത്തും മാര്‍ക്സ് ഇവിടെത്തന്നെയുണ്ടായിരുന്നു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അധീശത്വ പ്രത്യയശാസ്ത്രധാരകള്‍ തലച്ചോറിനെ മൂടാന്‍ അനുവദിക്കാത്ത മുഴുവന്‍ മനുഷ്യരും മാര്‍ക്സിനെ കാണുന്നുണ്ടായിരുന്നു. പുതിയ കാലഘട്ടത്തിന്റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് മാര്‍ക്സ് വീണ്ടും വായിക്കപ്പെടുകയാണ്. ആവേശകരമായ ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ ടെറി ഈഗിള്‍ട്ടന്റെ "Why Marx was Right"എന്ന പുസ്തകം പുറത്തുവരുന്നത്. മാര്‍ക്സിനും മാര്‍ക്സിസത്തിനും എതിരെ ലോകവ്യാപകമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായി പഴയതും പുതിയതുമായ പത്ത് സുപ്രധാന വിമര്‍ശനങ്ങളെയാണ് പ്രസ്തുത ഗ്രന്ഥത്തില്‍ ടെറി ഈഗിള്‍ട്ടണ്‍ ഇഴകീറി പരിശോധിക്കുന്നത്.

ടെറി ഈഗിള്‍ട്ടണ്‍ ഉജ്വലമായി കീറിപ്പിളര്‍ക്കുന്ന പ്രസ്തുത വാദഗതികള്‍ ഇവയാണ്.

1. മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞിരിക്കുന്നു. മുമ്പ് കാലങ്ങളില്‍ തൊഴിലാളികള്‍ക്കിടയിലും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും മാര്‍ക്സിസത്തിന് ചെറിയതരത്തിലുള്ള പ്രാധാന്യമുണ്ടായിരുന്നു. എന്നാലിന്ന് ലോകം ഒരുപാട് മാറിയിരിക്കുന്നു. സമൂഹം വര്‍ഗ്ഗരഹിതമായിരിക്കുന്നു. ഇന്നത്തെ പുതിയ വ്യവസായാനന്തര സമൂഹത്തില്‍ മാര്‍ക്സിസത്തിന് ഒരു പ്രസക്തിയുമില്ല.

2. മാര്‍ക്സിസം സൈദ്ധാന്തികതലത്തില്‍ അതിഗംഭീരമായിരിക്കാം. എന്നാല്‍ , പ്രായോഗികതലത്തില്‍ ജനങ്ങള്‍ക്കുമേല്‍ നിഷ്ഠൂരവാഴ്ചയാണ് അത് അടിച്ചേല്‍പ്പിച്ചത്. സോഷ്യലിസത്തില്‍ ജനാധിപത്യത്തിന് യാതൊരു സ്ഥാനവുമില്ല.

3. മാര്‍ക്സിസം ഒരു തരത്തിലുള്ള നിര്‍ണ്ണയവാദമാണ്. മാര്‍ക്സ് ചരിത്രത്തെ സംബന്ധിച്ച ചില ഉരുക്കുനിയമങ്ങളിലാണ് സ്വയം വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തിന്റെ ശാക്തികബലതന്ത്രങ്ങളെ പ്രതിരോധിക്കാനുള്ളശേഷി മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്യൂഡലിസം അനിവാര്യമായും മുതലാളിത്തത്തിലേക്കും മുതലാളിത്തം അതുപോലെ അനിവാര്യമായി സോഷ്യലിസത്തിലേക്കും വഴിമാറിക്കൊടുക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് വിധിവാദത്തിന്റെ സെക്കുലര്‍ പതിപ്പ് മാത്രമാണ്. ഇത് മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ്.

4. മാര്‍ക്സിസം ഒരു ഉട്ടോപ്യന്‍ സ്വപ്നമാണ്. സംഘര്‍ഷങ്ങളോ, കഷ്ടപ്പാടുകളോ, ബുദ്ധിമുട്ടുകളോ ശത്രുതയോ ഇല്ലാത്ത ഒരു സമ്പൂര്‍ണ്ണ സാമൂഹ്യവ്യവസ്ഥയെയാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്നം കാണുന്നത്. അവിടെ സ്വാര്‍ത്ഥതയ്ക്ക് ഒരു സ്ഥാനവുമുണ്ടായിരിക്കില്ല. ആരും ആര്‍ക്കും മുകളിലോ താഴെയോ ആയിരിക്കുകയുമില്ല. എല്ലാപേരും തുല്യരായിരിക്കും. എന്നാല്‍ ഇതൊന്നും നടപ്പിലാകാന്‍ പോകുന്നില്ല. കാരണം മനുഷ്യര്‍ അടിസ്ഥാനപരമായും സ്വാര്‍ത്ഥരാണ്.

5. മാര്‍ക്സിസം എല്ലാറ്റിനെയും സാമ്പത്തിക സംവര്‍ഗ്ഗങ്ങളിലേക്ക് വെട്ടിച്ചുരുക്കുന്നു. മാര്‍ക്സിസം ഒരു തരത്തിലുള്ള സാമ്പത്തിക നിര്‍ണ്ണയവാദമാണ്. കല, സാഹിത്യം, മതം, നിയമം, സംസ്കാരം തുടങ്ങി മാനവസമൂഹത്തിന്റെ എല്ലാ വ്യത്യസ്തമണ്ഡലങ്ങളെയും അത് സാമ്പത്തികാടിത്തറയുടെ അല്ലെങ്കില്‍ വര്‍ഗ്ഗസമരത്തിന്റെ കേവലങ്ങളായ പ്രതിഫലനങ്ങള്‍ മാത്രമാക്കി ചുരുക്കുന്നു. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ അത് തിരിച്ചറിയുന്നില്ല.

6. മാര്‍ക്സ് ഒരു കേവല ഭൗതികവാദിയാണ്. അദ്ദേഹം പദാര്‍ത്ഥങ്ങളെ മാത്രമേ കാണുന്നുള്ളൂ. മനുഷ്യരുടെ ആത്മീയതലങ്ങള്‍ക്ക് മാര്‍ക്സിസം ഒരു പരിഗണനയും നല്‍കുന്നില്ല. മതത്തോടും ധാര്‍മ്മിക വിചാരങ്ങളോടും മാര്‍ക്സിന് ക്രൂരമായ ശത്രുതയാണുണ്ടായിരുന്നത്. മനുഷ്യാവബോധത്തെ പദാര്‍ത്ഥലോകത്തിന്റെ കേവലമായ പ്രതിഫലനം മാത്രമായിട്ടാണ് മാര്‍ക്സ് കണ്ടിരുന്നത്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണം. ഇത്തരം സൈദ്ധാന്തിക വാദങ്ങളാണ് സ്റ്റാലിനെപ്പോലുള്ള മാര്‍ക്സിന്റെ ശിഷ്യന്മാരെക്കൊണ്ട് കൊടും ക്രൂരതകള്‍ ചെയ്യിച്ചത്.

7. വര്‍ഗ്ഗത്തെപ്പോലെ കാലഹരണപ്പെട്ട മറ്റൊരു പരികല്‍പനയും മാര്‍ക്സിസത്തിലില്ല. സാമൂഹ്യഭൂപടത്തില്‍നിന്നും വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമായത് മാര്‍ക്സിസ്റ്റുകള്‍ കാണുന്നില്ല. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മുന്നണിപോരാളികളെന്ന് മാര്‍ക്സ് വിശേഷിപ്പിച്ച തൊഴിലാളിവര്‍ഗ്ഗത്തിന്റെ പൊടിപോലും പുതിയ കാലഘട്ടത്തില്‍ നമുക്ക് കണ്ടെടുക്കാനാവില്ല. വര്‍ഗ്ഗമെന്നത് ഒരു പഴഞ്ചന്‍ വാക്കാണ്. തൊഴിലാളിവര്‍ഗ്ഗമെന്നത് മാര്‍ക്സിന്റെ വെറും ഭാവനയാണ്.

8. മാര്‍ക്സിസ്റ്റുകള്‍ അക്രമാസക്തമായ രാഷ്ട്രീയ പ്രയോഗങ്ങളിലാണ് വിശ്വസിക്കുന്നത്. അവര്‍ സമാധാനപരമായ രാഷ്ട്രീയ പരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല. രക്തരൂഷിതമായ നടപടികളിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കലാണ് അവരുടെ ലക്ഷ്യം. അവര്‍ ജനാധിപത്യത്തെ മാനിക്കുന്നില്ല.

9. മാര്‍ക്സിസം വിഭാവനം ചെയ്യുന്നത് സര്‍വ്വശക്തമായ ഒരു ഏകാധിപത്യഭരണകൂടത്തെയാണ്. മാര്‍ക്സിസ്റ്റുകള്‍ ജനങ്ങളെ പാര്‍ടിയുടെ ആധിപത്യത്തിനുകീഴില്‍ കൊണ്ടുവരുകയും പ്രസ്തുത പാര്‍ടി ഭരണകൂടത്തെ സൃഷ്ടിക്കുകയും പ്രസ്തുത ഭരണകൂടം ഒരു ഏകാധിപതിയെ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നു. സ്വകാര്യസ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനമെന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഉന്മൂലനംചെയ്യലാണ്. അതുകൊണ്ട് എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ലിബറല്‍ ജനാധിപത്യമാണ് ഉദാത്തം.

10. ഫെമിനിസം, പരിസ്ഥിതി രാഷ്ട്രീയം, സ്വവര്‍ഗ്ഗരതിക്കാരുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയം, ആഗോളവത്കരണവിരുദ്ധ പ്രസ്ഥാനങ്ങള്‍ , സമാധാന പ്രസ്ഥാനങ്ങള്‍ തുടങ്ങി കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ രംഗത്തുവന്ന റാഡിക്കല്‍ പ്രസ്ഥാനങ്ങളെല്ലാംതന്നെ മാര്‍ക്സിസത്തിന് വെളിയിലാണ് രൂപംകൊണ്ടിട്ടുള്ളത്. ഇവയെയൊന്നും പ്രചോദിപ്പിക്കാനോ അവയ്ക്ക് ബൗദ്ധികമായ ഊര്‍ജ്ജം സമ്മാനിക്കാനോ മാര്‍ക്സിസത്തിന് കഴിഞ്ഞിട്ടില്ല.

മാര്‍ക്സിത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പരിപ്രേക്ഷ്യങ്ങള്‍ക്കെതിരെ, ലോകനിലവാരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അസത്യങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്കുമെതിരെയുള്ള അതി ഗംഭീരമായ ഒരു ബൗദ്ധിക പ്രത്യാക്രാമണമാണ് "എന്തുകൊണ്ട് മാര്‍ക്സ് ശരിയായിരുന്നു" എന്ന പുസ്തകത്തിലൂടെ ടെറി ഈഗിള്‍ടണ്‍ നിര്‍വ്വഹിക്കുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലും മാര്‍ക്സിനെയും മാര്‍ക്സിസത്തെയുംകുറിച്ചുള്ള ഇത്തരം വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഒളിഞ്ഞും തെളിഞ്ഞും ശക്തിയായി നിലനില്‍ക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ അതിരൂക്ഷമായ ഒരു ബൗദ്ധിക സംവാദത്തിനുള്ള തിളച്ചുമറിയുന്ന ധൈഷണിക സാമഗ്രികള്‍ ഈ പുസ്തകം പ്രദാനംചെയ്യുന്നു. അതോടൊപ്പം മാര്‍ക്സിസത്തിന്റെ വിപ്ലവപരതയെ അതിന്റെ സമഗ്രാര്‍ത്ഥത്തില്‍ സ്വാംശീകരിച്ചെടുക്കാനും ഈ പുസ്തകം ആവേശം നല്‍കും.


*****


പി എസ് പൂഴനാട്, കടപ്പാട് : ചിന്ത വാരിക